എ.കെ ഖദീജ മോങ്ങം
ബന്ധങ്ങള്‍ക്ക് വലിയ വിലകല്‍പിച്ച, രോഗപീഡകളിലും ജീവിതം സാര്‍ഥകമാക്കിയ മഹതിയായിരുന്നു എന്റെ ഉമ്മ എ.കെ ഖദീജ മോങ്ങം. അനാരോഗ്യാവസ്ഥയിലും പരിഭവങ്ങളില്ലാതെ ജീവിതത്തെ മുന്നോട്ട് നയിക്കാന്‍ അസാധാരണമായ ഇഛാശക്തി ഉമ്മക്കുണ്ടായിരുന്നു. ബന്ധങ്ങള്‍ വൈകാരികമായിരുന്നു ഉമ്മക്ക്. അതുകൊണ്ടുതന്നെ അതിനേല്‍ക്കുന്ന മുറിവ് അസഹനീയവും. കുടുംബത്തിലും നാട്ടിലും അയല്‍പക്കത്തുമൊക്കെ ബന്ധങ്ങള്‍ക്ക് മുറിവേല്‍ക്കുന്നത് ഉമ്മയുടെ സ്വന്തം പ്രശ്‌നമായിരുന്നു. അത് പരിഹരിക്കുന്നതുവരെ അസ്വസ്ഥതയായിരുന്നു. ആനുകാലികങ്ങള്‍ നന്നായി വായിച്ചു മനസ്സിലാക്കും. പ്രാഥമിക വിദ്യാഭ്യാസം മാത്രമേ ഉള്ളൂ എങ്കിലും സ്വന്തമായ വായനയിലൂടെയും പഠനത്തിലൂടെയും ഖുര്‍ആനിനെയും ഇസ്‌ലാമിക പാഠങ്ങളെയും മനസ്സിലാക്കിയെടുക്കാന്‍ ശ്രമിച്ചിരുന്നു. ആത്മീയ കാര്യങ്ങള്‍ പങ്കുവെക്കും. ആത്മീയതയുടെ ഹാവഭാവങ്ങളോ പ്രകടനപരതയോ ഇല്ലെങ്കിലും ആന്തരിക കരുത്തുള്ളതായി അനുഭവപ്പെട്ടിട്ടുണ്ട്. ഉപ്പയും ഉമ്മയുമൊത്തുള്ള തഹജ്ജുദ് നമസ്‌കാരവും ഖുര്‍ആന്‍ പാരായണവും ഞങ്ങള്‍ക്കെന്നും പ്രചോദനമായിരുന്നു. ഉമ്മക്ക് വഴിവെളിച്ചമായതും ഇതില്‍നിന്നുള്ള കരുത്താവും. ഉമ്മയുടെയും ഉപ്പയുടെയും വേര്‍പിരിയാത്ത ജീവിതം ഞങ്ങള്‍ക്ക് വലിയ ആനന്ദമായിരുന്നു. ചെറുപ്പത്തിലേ ഉപ്പയുടെ ജീവിത സഖിയായി കടന്നുവന്ന ഉമ്മയുടെ വേര്‍പാട് ഉപ്പക്ക് വലിയ ശൂന്യതയാണ് ഉണ്ടാക്കിയത്. ഉപ്പയുടെ പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്കും കോളേജിലെ അധ്യാപന വൃത്തിക്കും ഉമ്മ എന്നും താങ്ങും തണലുമായിരുന്നു. പ്രസ്ഥാന പ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു. മോങ്ങം ഏരിയ നിലവിലുള്ള കാലത്ത് ഏരിയാ വനിതാ കണ്‍വീനറായിരുന്നു. കുറേ കാലം ചെറുപുത്തൂര്‍ വനിതാ ഹല്‍ഖ നാസിമത്തായിരുന്നു. ഖുര്‍ആന്‍ സ്റ്റഡി സെന്ററിലെ സ്ഥിരം പഠിതാവായിരുന്നു. പാലിയേറ്റീവ് ഹോം കെയറില്‍ സാധ്യമാകുന്ന രീതിയില്‍ വളന്റിയറായി സേവനമനുഷ്ഠിച്ചു.
പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കും പാലിയേറ്റീവ് വളന്റിയര്‍മാര്‍ക്കും മറ്റും ഭക്ഷണം വിളമ്പി സല്‍ക്കരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. അതുകൊണ്ടുതന്നെ ഉമ്മയുടെ ഭക്ഷണം കഴിക്കാത്തവര്‍ പ്രാദേശിക വൃത്തങ്ങളില്‍ കുറവായിരിക്കും. വല്യുപ്പ എ.കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ ഒരുപാട് ഗുണങ്ങള്‍ ഉമ്മ സ്വായത്തമാക്കിയിരുന്നു. അസുഖങ്ങളെ നിസ്സാരവല്‍ക്കരിക്കാനുള്ള കഴിവ് ഒരുദാഹരണം. കുടുംബ ബന്ധങ്ങള്‍, അയല്‍പ്പക്ക ബന്ധങ്ങള്‍, രോഗീ സന്ദര്‍ശനം എന്നിവയില്‍ കണിശത പുലര്‍ത്തി.
ഭര്‍ത്താവ്: പ്രഫ. മുഹമ്മദ്. മക്കള്‍: താഹിറ, ജലീല്‍, ബുശ്‌റ. മരുമക്കള്‍: സഹ്‌ല മൊറയൂര്‍, ഇ. അബ്ബാസ് പറപ്പൂര്‍, കെ. അബ്ദുല്ല അത്താണിക്കല്‍.
ബിയ്യാത്തു ഹജ്ജുമ്മ
എ.ആര്‍ നഗറില്‍ കുറ്റൂരിലെ പണ്ഡിത കുടുംബമായ കമ്മിണി മുസ്‌ലിയാരുടെ മകന്‍ മുഹമ്മദ് മുസ്‌ലിയാരുടെ മകളായി ജനിച്ച ഞങ്ങളുടെ ഉമ്മ ബിയ്യാത്തു ഹജ്ജുമ്മ, ഖുറാഫാത്തുകളുടെ നടുവിലായിരുന്നു. കുടുംബത്തില്‍നിന്നും പാരമ്പര്യ മതാചാരങ്ങളില്‍നിന്നും മാറിച്ചിന്തിക്കുന്നത് ഭര്‍ത്താവ് ആലസന്‍ ഹാജിയുടെ പ്രേരണ മൂലമാണ്. ഹിറാ നഗര്‍ സമ്മേളനത്തിന് വേദിയായത് കുറ്റൂര്‍ പാടങ്ങളായിരുന്നു. സമ്മേളനത്തിന് സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതില്‍ ആലസന്‍ ഹാജി മുന്നിലുണ്ടായിരുന്നു. സ്വന്തം പറമ്പില്‍ ഇരുന്ന് സമ്മേളനം വീക്ഷിച്ച ബാപ്പയെ സിദ്ദീഖ് ഹസന്‍ സാഹിബ് പോലെയുള്ളവരുടെ പ്രസംഗങ്ങള്‍ മാറിച്ചിന്തിപ്പിച്ചു. അങ്ങനെ ബാപ്പ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സഹചാരിയായി. കുടുംബാംഗങ്ങള്‍ പലരും മുഷിപ്പ് പ്രകടിപ്പിച്ചപ്പോഴും സ്വന്തം ഭര്‍ത്താവ് വിളിച്ചപ്പോള്‍ ഉമ്മയും അതിന്റെ അനുഭാവിയായി.
ഖുര്‍ആനെ അതിരറ്റ് സ്‌നേഹിച്ച ഉമ്മക്ക് അര്‍ഥം പഠിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. അക്ഷരാഭ്യാസമില്ലാത്ത ഉമ്മക്ക് സ്വുബ്ഹ് നമസ്‌കാരശേഷം ഉപ്പ അര്‍ഥം വായിച്ചുകേള്‍പ്പിക്കും. ബാപ്പയുടെ മരണശേഷം മൊബൈലില്‍നിന്നും അര്‍ഥം കേള്‍ക്കല്‍ പതിവാക്കിയിരുന്നു. തന്നെ സന്ദര്‍ശിക്കാന്‍ വരുന്ന കുടുംബങ്ങളോടും കുട്ടികളോടും ഖുര്‍ആനെക്കുറിച്ച് വാചാലയാകും.
മകന്റെ വീട്ടില്‍ വെച്ച് ഹല്‍ഖായോഗം നടക്കുമ്പോള്‍ ആവേശപൂര്‍വം പങ്കെടുക്കുമായിരുന്നു. യതീമിനെ അതിരറ്റ് സ്‌നേഹിച്ച ഉമ്മ ദാനം നല്‍കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. കുടുംബബന്ധം ചേര്‍ക്കുന്നതില്‍ വലിയ തല്‍പരയായ അവര്‍ പല അകന്ന ബന്ധങ്ങളും അടുപ്പിച്ചിട്ടുണ്ട്. മാരകമായ രോഗം പിടികൂടിയപ്പോഴും അതെല്ലാം ക്ഷമയോടെ ഒരു രോഗമല്ല എന്ന് പറയുമായിരുന്നു.
പി. സുഹ്‌റ, കൊളപ്പുറം
ശരീഫ്
ചങ്ങരംകുളം കാളാച്ചാല്‍ തെക്കേമുക്കിലെ കക്കിടി വളപ്പില്‍ ശരീഫ് ബാംഗ്ലൂരിലെ ഇന്ദ്രാനഗര്‍ സ്വദേശിയാണ്. കൃഷ്ണന്‍ പാലിയയുടെ മകനായി ജനിച്ച ശരീഫിന്റെ ആദ്യ പേര് രമേഷ് എന്നായിരുന്നു. 25 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആലങ്കോട് പഞ്ചായത്തിലെ പന്താവൂരിനടുത്ത കക്കിടിപ്പുറത്ത് പ്രശസ്ത മതപണ്ഡിതന്‍ കക്കിടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാരുടെ അടുത്ത ബന്ധു കുന്നുംപാടത്ത് മുഹമ്മദ് മുസ്‌ലിയാരുടെ വീട്ടില്‍ സഹായിയായി ജോലിക്കെത്തിയത്. പിന്നീട് ഇസ്ലാമില്‍ ആകൃഷ്ടനായി, ശരീഫ് എന്ന പേര് സ്വീകരിച്ചു. കാളച്ചാലിലെ പൊതുപ്രവര്‍ത്തകനായ പരുവിങ്ങല്‍ ഹനീഫയുടെ സഹോദരി ഷെമീറയെ വിവാഹം കഴിച്ചു.
ബാംഗ്ലൂരിലെ തന്റെ മാതാപിതാക്കളും സഹോദരങ്ങളും മറ്റുമായി കുടുംബ, സ്‌നേഹ ബന്ധങ്ങള്‍ ശരീഫ് നിലനിര്‍ത്തുകയും അവരെ സഹായിക്കുകയും ചെയ്തിരുന്നു. മാതാപിതാക്കളും ബന്ധുക്കളും മരണംവരെ ആ ബന്ധം നിലനിര്‍ത്തുകയുായി. അതിന് കാളാച്ചാല്‍, കക്കിടിപ്പുറം മഹല്ലിലെ മതപണ്ഡിതന്മാര്‍ ശരീഫിന് പ്രോത്സാഹനവും നല്‍കി. മരണവിവരം അറിഞ്ഞ ബന്ധുക്കള്‍ മയ്യിത്ത് കാണാനും മറ്റും താല്‍പര്യപ്പെട്ടു. അവര്‍ ബാംഗ്ലൂരില്‍നിന്ന് വരുന്നത് വരെ മഹല്ലിലെ പണ്ഡിതന്മാരടക്കമുള്ളവരും ബന്ധുക്കളും കാത്തിരിക്കാനും തയാറായി. മരണാനന്തര ചടങ്ങുകളില്‍ പൂര്‍ണമായി പങ്കെടുക്കാന്‍ ശരീഫിന്റെ ബന്ധുക്കള്‍ക്ക് അവസരം ഒരുക്കുകയും ചെയ്തു. ശരീഫിന്റെ സഹോദരങ്ങളും ബന്ധുക്കളുമായ ബാംഗ്ലൂരിലെ കൃഷ്ണന്‍ പാലിയ ഇന്ദ്രാനഗറിലെ സഹോദരന്‍ കൊണ്ടയ്യ, മറ്റു ബന്ധുക്കളായ സിദ്ദയ്യ, വെങ്കട്ടരാമന്‍, യേശു, മോഹനന്‍, പ്രശാന്ത്, വെങ്കേഷ്, ഗോപി, കൊണ്ടയ്യയുടെ ഭാര്യ സമ്പൂര്‍ണ്ണ എന്നിവര്‍ മയ്യിത്ത് സംസ്‌കരണ ചടങ്ങുകളില്‍ പങ്കെടുത്താണ് തിരിച്ചുപോയത്. തുടര്‍ന്നും കുടുംബ ബന്ധങ്ങള്‍ നിലനിര്‍ത്തണമെന്നും ശരീഫിന്റെ മകള്‍ മിസ്രിയയുടെ പഠനവും മറ്റ് ഭാവി കാര്യങ്ങളും ഒരുമിച്ച് തന്നെ നടത്താമെന്നും തീരുമാനിച്ചാണ് ഇരു കുടുംബങ്ങളും പിരിഞ്ഞത്.
കാളച്ചാല്‍ മഹല്ല് പ്രസിഡന്റ് സി.വി അബ്ദുല്‍ ജലീല്‍ അഹ്‌സനി, സെക്രട്ടറി കെ.സി മൂസക്കുട്ടി, ഖത്വീബ് ശരീഫ് അഹ്‌സനി, കക്കിടിപ്പുറം കുന്നത്ത് പള്ളി മഹല്ല് പ്രസിഡന്റ് തലാപ്പില്‍ മൊയ്തുണ്ണി മൗലവി, സെക്രട്ടറി കെ.വി ആലിക്കുട്ടി ഹാജി, ഖത്വീബ് കക്കിടിക്കല്‍ സ്വാലിഹ് മുസ്ലിയാര്‍ എന്നിവര്‍ ജനാസനമസ്‌കാരത്തിനും ഖബ്‌റടക്കത്തിനും നേതൃത്വം നല്‍കി.
ടി.വി മുഹമ്മദ് അബ്ദുര്‍റഹ്മാന്‍
ആസിയ ഉമ്മ
തമിഴ്‌നാട് സ്വദേശിനി ആസിയ ബീവി ഔപചാരിക വിദ്യാഭ്യാസവും ദീനീ പഠനവും ഇല്ലാതെയാണ് തിരുവനന്തപുരത്തെ അസീസ് സാഹിബിന്റെ ഭാര്യയാവുന്നത്. ഭര്‍ത്താവിന്റെ ശിക്ഷണത്തില്‍ മലയാളവും തമിഴും അവര്‍ പഠിച്ചു. ഇസ്‌ലാമിക സേവനപ്രവര്‍ത്തനങ്ങളില്‍ ഭര്‍ത്താവില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സജീവമാവുകയും ചെയ്തു.
ഉപജീവനത്തിനായി തിരുവനന്തപുരം കരിമഠം കോളനിയില്‍ ചായക്കട നടത്തിയ അസീസ് സാഹിബിന്റെ ശ്രമഫലമായാണ് അവിടെ ഒരു മദ്‌റസ സ്ഥാപിതമായത്. അവിടേക്കെത്തുന്ന അതിഥികളെ സന്തോഷപൂര്‍വം സ്വീകരിക്കുകയും, പാചകം ചെയ്തു ഭക്ഷണം വിളമ്പുകയും ചെയ്തു ആസിയാ ബീവി.
കരിമഠം കോളനിയിലെ അന്തരീക്ഷം അത്ര സുഖകരമായിരുന്നില്ല. ഇസ്‌ലാമികപ്രവര്‍ത്തകരുടെ ആത്മാര്‍ഥമായ സഹകരണവും പ്രാര്‍ഥനയും അവിടെനിന്നും പരുത്തിക്കുഴിയിലേക്ക് താമസം മാറാന്‍ സഹായിച്ചു. അത് ആസിയാ ബീവിക്ക് വിശാലമായ ഇസ്‌ലാമികബന്ധത്തിന് അവസരമൊരുക്കി. പരുത്തിക്കുഴിയിലെ ഹല്‍ഖാ യോഗത്തില്‍ സജീവമാവുകയും പിന്നീട് കാര്‍കുന്‍ ആവുകയും ചെയ്തു.
പ്രമേഹം കാഴ്ചകളെ കീഴ്‌പ്പെടുത്തിയപ്പോഴും പരസഹായമില്ലാതെ മരണംവരെ ഭര്‍ത്താവിനെ ശുശ്രൂഷിച്ചു. വാര്‍ധക്യവും ആണ്‍മക്കളുടെ അഭാവവും അലോസരപ്പെടുത്തിയിട്ടും ഇരുവരും തളര്‍ന്നില്ല. ഭര്‍ത്താവ് അസീസ് സാഹിബ് വാര്‍ധക്യ സഹജമായ അസുഖംമൂലം നാലു മാസത്തോളം കിടപ്പിലായി ഇഹലോകവാസം വെടിഞ്ഞു. അത് ആസിയ ബീവിയെ തളര്‍ത്തി. ഭര്‍ത്താവിനൊപ്പം പരലോകത്ത് ഒന്നിക്കണമെന്ന് ഇദ്ദാകാലയളവില്‍ മക്കളോട് വിതുമ്പുമായിരുന്നു അവര്‍. ദാമ്പത്യ ബന്ധം ഹൃദയത്തില്‍ എത്രമാത്രം ദൃഢമായിരുന്നു എന്ന് വരച്ചുകാട്ടുന്നതായിരുന്നു ഇത്. ദൈവനിശ്ചയം, അവരുടെ ആഗ്രഹംപോലെ ഇദ്ദ അവസാനിക്കുന്നതിനു മുമ്പുതന്നെ ആസിയ ബീവിയും പരലോകത്തേക്ക് യാത്രയായി.
പ്രദേശത്തെ സ്ത്രീകള്‍ മരണപ്പെടുമ്പോള്‍ മയ്യിത്ത് കുളിപ്പിക്കാനും മറ്റും അവര്‍ മുന്നിട്ടിറങ്ങുമായിരുന്നു. പരിസരവാസികള്‍ തമ്മില്‍ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിലും അത് കാത്തുസൂക്ഷിക്കുന്നതിലും അതിഥികളെ സല്‍ക്കരിക്കുന്നതിലും തല്‍പരയായിരുന്ന ആസിയ ബീവിയുടെ വിയോഗം പ്രദേശവാസികള്‍ക്കും നാല് പെണ്‍മക്കള്‍ക്കും മരുമക്കള്‍ക്കും തീരാനഷ്ടമാണ്.
സലീം ഇബ്‌റാഹീം, ഞാറയില്‍കോണം, തിരുവനന്തപുരം
Comments