Prabodhanm Weekly

Pages

Search

2018 നവംബര്‍ 30

3078

1440 റബീഉല്‍ അവ്വല്‍ 21

തുടിക്കുന്ന ഓര്‍മകള്‍

അബ്ദുര്‍റഹ്മാന്‍ ചെറുവാടി

1979-ലാണ്  തികച്ചും യാദൃഛികമായി  ഞാന്‍ ശാന്തപുരത്ത് എത്തുന്നത്. അപരിചിതമായ ഒരു ലോകം. അവിടെ നിന്നേ പറ്റു. തിരിച്ചുപോയാല്‍ മറ്റെവിടെ ചേരും? ആ സംഘര്‍ഷങ്ങള്‍ ചവച്ചിറക്കുന്നതിനിടയില്‍ എപ്പോഴോ ആണ് പി.ടി എന്ന റഹ്മാന്‍ മുന്നൂരിനെ പരിചയപ്പെടുന്നത്. ശാന്തപുരത്ത് നാലു വര്‍ഷമായി അദ്ദേഹമുണ്ട്. ആ പ്രതിഭയെ തിരിച്ചറിയും മുമ്പെ 'മുന്നൂര്' ഞങ്ങള്‍ക്കിടയില്‍ ചെറിയൊരു അടുപ്പം സൃഷ്ടിച്ചു. തൊട്ടടുത്താണെങ്കിലും അതെനിക്ക് സുപരിചിതമായിരുന്നില്ല. എപ്പോഴും സുഖാന്വേഷണം നടത്തുമെങ്കിലും ഒരുപാട് ഞങ്ങള്‍ സംസാരിച്ചിരുന്നില്ല. കൂടുതല്‍ സംസാരിക്കാന്‍ എനിക്കും മടിയായിരുന്നു. 

ശാന്തപുരത്ത് എത്തിയ കൊല്ലം തന്നെ കുസുമത്തില്‍ എഴുതാന്‍ പി.ടി ആവശ്യപ്പെട്ടു. ഇറാന്‍ വിപ്ലവമായിരുന്നു വിഷയം. വി.എ റസാഖ് ആയിരുന്നു കുസുമത്തിന്റെ എഡിറ്റര്‍ എന്നാണ് ഓര്‍മ. എഴുതുകയും ചെയ്തു. പിന്നെയാണ് പി.ടിയെ അടുത്തറിയുന്നത്. അക്കൊല്ലം സന്ദേശത്തിന്റെ എഡിറ്റര്‍ പി.ടിയായിരുന്നു. സന്ദേശത്തിലെ മുഴുവന്‍ എഴുത്തും അക്കൊല്ലം പി.ടി സ്വന്തം കൈപ്പടയിലാണ് നിര്‍വഹിച്ചത്. കൈയെഴുത്ത് നന്നാക്കാനായിരുന്നു അത്. വെറുതെ ഇരിക്കുന്ന പി.ടിയെ ഒരിക്കലും കണ്ടിട്ടില്ല. എന്തെങ്കിലും ജോലിയിലായിരിക്കും അദ്ദേഹം. വായന, എഴുത്ത് എന്തെങ്കിലും. 

അക്കാലത്തെ സാഹിത്യ സമാജങ്ങളില്‍ പി.ടി എഴുതി പി.എ മുഹമ്മദ് (വടക്കാഞ്ചേരി) കഥനം ചെയ്ത് അവതരിപ്പിച്ച കഥാപ്രസംഗങ്ങള്‍ ഇന്നും കാതില്‍ മുഴങ്ങുന്ന പോലെ. ആസിയ ബീവിയെ വര്‍ണിച്ചുകൊണ്ട് വള്ളിക്കുടിലിന്നോടുന്ന മാനോ.... എന്നു തുടങ്ങുന്ന മനോഹര ഗാനത്തിന്റെ ശ്രുതിമാധുര്യം ഇന്നും മനസ്സില്‍ കുളിര്‍മഴ പെയ്യിക്കുന്നു. മറ്റൊരു സമാജത്തിലാണ് അഫ്ഗാന്‍ ജിഹാദിനെ പിന്തുണക്കുന്ന മനോഹരമായ ചെറുകഥ പി.ടി അവതരിപ്പിച്ചത്. പാത്രസൃഷ്ടി കൊണ്ടും ഭാഷാശൈലി കൊണ്ടും വേറിട്ടൊരു അനുഭവമായിരുന്നു അത്. അഭയം തേടി അലയുന്ന വിധവ, പട്ടിണിയും ദാഹവും സഹിക്കാതെ അകാലത്ത് മരണപ്പെടുന്ന അരുമപ്പൈതലിനെ ഒറ്റക്ക് കുഴിയെടുത്ത് പാല്‍ക്കുപ്പിയോടൊപ്പം ഖബ്‌റടക്കുന്ന കഥയുടെ അവസാന ദൃശ്യം ശിലാഹൃദയത്തെ പോലും ആര്‍ദ്രമാക്കാന്‍ പോന്നതായിരുന്നു.

ശാന്തപുരം മഹല്ലിലെ മുഴുവന്‍ മദ്‌റസകളുടെയും വാര്‍ഷികാഘോഷം അക്കാലത്ത് കോളേജ് അങ്കണത്തില്‍ നടക്കുകയുായി. അമ്മ മരിച്ചുപോയ പറക്കമുറ്റാത്ത കുഞ്ഞുമക്കളോടുള്ള ചിറ്റമ്മയുടെ ക്രൂരത ആരുടെയും ഉള്ളു പൊള്ളുംവിധം, ഒരു ഉര്‍ദു ചെറുകഥയെ അവലംബിച്ച് ആവിഷ്‌കരിച്ച പി.ടിയുടെ നാടകം, ശാന്തപുരം - കാഞ്ഞിരപ്പളളി മദ്‌റസയിലെ കുട്ടികളാണ് അവിടെ ആദ്യമായി അവതരിപ്പിക്കുന്നത്. പിന്നീട് എത്രയോ വേദികളില്‍ ഈ അടുത്ത കാലത്തുവരെ അത് അവതരിപ്പിച്ചിട്ടുണ്ട്. 

ഡോ. യൂസുഫുല്‍ ഖറദാവിയുടെ ഹജ്ജാജുബ്‌നു യൂസുഫ് നാടകം അന്നത്തെ ശാന്തപുരം ടീം പുനരാവിഷ്‌കരിക്കുകയും ധാരാളം കോളേജ്-മദ്‌റസാ വാര്‍ഷികാഘോഷ പരിപാടികളില്‍ അവതരിപ്പിക്കുകയും ചെയ്തതും പി.ടിയുടെ നേതൃത്വത്തിലായിരുന്നു. എന്റെ ജ്യേഷ്ഠന്‍  ഇ.എന്‍ മുഹമ്മദ് മൗലവിയുടെ പുസ്തക ശേഖരത്തില്‍നിന്നും പ്രബോധനത്തില്‍ വിവര്‍ത്തനം ചെയ്തുവന്ന പ്രസ്തുത നാടകം തപ്പിയെടുത്ത് പി.ടിയെ ഏല്‍പ്പിച്ചത് ഈയുള്ളവനായിരുന്നു. കാലത്തിനൊത്തവണ്ണം തന്റെ ഭാവന കൂടി ചേര്‍ത്ത് അതൊരു അനുഭവമാക്കിയത് പി.ടിയുടെ മിടുക്ക് തന്നെ. പിന്നീട് ഖത്തറില്‍ വെച്ച് ഖറദാവി അടക്കം പങ്കെടുത്ത ഒരു വേദിയില്‍ വെച്ച്  ഖത്തരീ കലാകാരന്മാര്‍ അവതരിപ്പിച്ച അതേ നാടകം അറബിയില്‍ കണ്ടപ്പോള്‍ അവസാന രംഗത്ത് പി.ടി വരുത്തിയ മാറ്റത്തിന്റെ മാറ്റ് ഒന്നുകൂടി ബോധ്യപ്പെട്ടു. ഹാമിദലി ചുങ്കത്തറയുടെ ഹജ്ജാജ് കഥാപാത്രം ഇന്നും പലരുടെയും ഓര്‍മച്ചെപ്പില്‍ ഉടലോടെ ജീവിക്കുന്നുണ്ടാവും.

പിന്നീട് പഠനം കഴിഞ്ഞ് ശാന്തപുരം വിട്ടുപോയ പി.ടിയുടെ നിസ്സീമമായ പിന്തുണയോടെയാണ് രജതജൂബിലി ഉപഹാരം അന്നത്തെ എഡിറ്റോറിയല്‍ ബോര്‍ഡ് അണിയിച്ചൊരുക്കിയത്. പി.ടിയെ കൂടാതെ വി. എം ബശീര്‍ സാഹിബും അതില്‍ സജീവമായുണ്ടായിരുന്നു.

പഠനശേഷം ഖത്തറില്‍ ചേക്കേറിയതിനാല്‍ ബന്ധങ്ങളൊന്നും വേണ്ട പോലെ തുടരാനായില്ല. ഖത്തറില്‍നിന്നും മടങ്ങിവന്ന ആദ്യ പെരുന്നാളിനു തന്നെ പി.ടിയുടെ ക്ഷണപ്രകാരം ജമാഅത്തിന്റെ മേല്‍നോട്ടത്തിലുള്ള പാഴൂര്‍ പള്ളിയില്‍ ഖുത്വ്ബക്ക് ചെന്നാണ് ആ ബന്ധം വീണ്ടും പുതുക്കുന്നത്. പിന്നെ വാട്‌സ്ആപ്പിലൂടെ പി.ടിയുടെ ചില മെസേജുകളും പുതിയ ഗാനങ്ങളും ലഭിച്ചുകൊണ്ടിരുന്നു. റിയാലിറ്റി ഷോയില്‍ ഹിറ്റായ മഅ്ശൂഖിന്റെ പൊള്ളുമോര്‍മകളുടെ ഗാനാവിഷ്‌കാരം അങ്ങനെയാണ് കേള്‍ക്കാനിടയായത്. 

ഒരിക്കല്‍ ജ്യേഷ്ഠന്‍ ഇ.എന്‍ ജലീല്‍ വിളിച്ചു: പി.ടി അത്യാസന്ന നിലയിലാണ്. ശാന്തിയിലേക്ക് കൊണ്ടുപോവുകയാണ്. വീട്ടില്‍ പോയാല്‍ കാണാം. പക്ഷേ, ഞാന്‍ പോയില്ല. പി.ടിയുടെ ജീവന്‍ തുടിക്കുന്ന ഓര്‍മകളെ താലോലിച്ചുനിര്‍ത്താന്‍ അതാണ് നല്ലതെന്ന് തോന്നുകയാല്‍, ആശുപത്രിയില്‍ ചെന്നു കണ്ടുകൊള്ളാം എന്ന്  ഞാനൊഴിഞ്ഞു. സ്വുബ്ഹിന് ആ തൂലിക എന്നെന്നേക്കുമായി നിശ്ചലമായതും വിളിച്ചറിയിച്ചത് അദ്ദേഹം തന്നെ. 

ജനാസ നമസ്‌കാരത്തിനു മുമ്പ് മുന്നൂര്‍ ജുമാ മസ്ജിദ് ഇമാം പി.ടിയെ അനുസ്മരിച്ചപ്പോള്‍ അത്ര പെട്ടെന്നൊന്നും കണ്ണീരിന് വഴങ്ങാത്ത എന്റെ നയനങ്ങള്‍ സജലങ്ങളായത് ആ രണ്ടക്ഷരം മനസ്സില്‍ അത്രമേല്‍ സ്ഥിരസ്ഥായിയായൊരു സ്ഥാനം നേടിയിരുന്നതിനാലാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. നാഥാ, നിന്റെ പറുദീസയില്‍ ഉന്നത സ്ഥാനം നല്‍കി പി.ടിയെ നീ ആദരിക്കേണമേ.

 

 

മനുഷ്യജീവന്‍ തുടിക്കുന്ന വാഹന വളയങ്ങള്‍

വയലിന്‍ കൊണ്ട് വിസ്മയം തീര്‍ത്തവരായതുകൊണ്ടോ മറ്റേതെങ്കിലും കാര്യത്തില്‍ പ്രാഗത്ഭ്യം തെളിയിച്ചതുകൊണ്ടോ മരണം ആര്‍ക്കും നിഷിദ്ധമാകുന്നില്ല. മരണം എന്ന അലംഘനീയ വിധിക്ക് കീഴടങ്ങാന്‍ അപകടം ഒരു കാരണം മാത്രമാണ്. ഇതുവരെ മരിച്ചവരും ഇനി മരിക്കാനിരിക്കുന്നവരും അറിയപ്പെടുന്നവരായാലും അറിയപ്പെടാത്തവരായാലും അവരവരുടെ മേഖലയില്‍ പ്രാവീണ്യമുള്ളവര്‍ തന്നെയായിരിക്കാം. അപകടത്തില്‍ പെട്ടാലും പെട്ടില്ലെങ്കിലും എന്തെങ്കിലുമൊരു കാരണത്താല്‍ എല്ലാവരും മരണപ്പെടുക തന്നെ ചെയ്യും. വയലിന്‍ നന്നായി വായിച്ചതുകൊണ്ടോ വളയം ശരിയായി പിടിച്ചതുകൊണ്ടോ മരണത്തില്‍നിന്ന് രക്ഷപ്പെടാനാവില്ലെന്ന സത്യത്തെപ്പറ്റി ഉദ്‌ബോധിപ്പിക്കേണ്ടവര്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ച് അത്ഭുതം കൂറുന്നത് നന്നായി തോന്നുന്നില്ല. അദ്ദേഹത്തെ കുറിച്ച ഒരു അനുസ്മരണക്കുറിപ്പായിരുന്നെങ്കില്‍ ഉള്‍ക്കൊള്ളാമായിരുന്നു.

അബ്ദുസ്സലാം, നോര്‍ത്ത് ബേപ്പൂര്‍

 

 

 

അവഹേളിക്കപ്പെടുന്ന സ്ത്രീസ്വാതന്ത്ര്യവും പരിഹാസ്യമാകുന്ന നിയമങ്ങളും

സുപ്രീം കോടതിയില്‍നിന്ന് അടുത്ത കാലത്ത് പുറത്തുവന്ന ചില വിധികള്‍ മതവിശ്വാസികളെ സംബന്ധിച്ചേടത്തോളം ആശ്വാസകരമല്ല. സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര വിരമിക്കുന്നതിന്റെ തലേനാളുകളില്‍ പുറപ്പെടുവിച്ച സുപ്രധാന വിധികളിലൊന്നാണ് കേരളത്തില്‍ വിവാദ വിഷയമായി ആളിക്കത്തിക്കൊണ്ടിരിക്കുന്ന ശബരിമലയിലെ  യുവതീ  പ്രവേശം. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ഒരു ഭാഗത്ത് സര്‍ക്കാരും 'വിശ്വാസ'ത്തെ വോട്ട് ബാങ്കാക്കി മാറ്റാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന സംഘ്പരിവാര്‍ മറുഭാഗത്തും നിലയുറപ്പിച്ചിരിക്കുന്നു. ഹൈന്ദവ വിശ്വാസിയായ ഒരു യുവതി ശബരിമലക്ക് പോവണമോ വേണ്ടയോ എന്നത് അവളുടെ സ്വാതന്ത്ര്യമാണ്. ഒരു നിര്‍ബന്ധ തീര്‍ഥാടനത്തിനല്ല കോടതി ഉത്തരവിട്ടിരിക്കുന്നത്. അതേസമയം വിശ്വാസ കാര്യങ്ങളില്‍ എന്തിന് കോടതി ഇടപെടുന്നുവെന്ന് ചോദിച്ചാല്‍ പോലും അത് കോടതിയലക്ഷ്യമായിപ്പോവുന്ന സാഹചര്യവും ഉണ്ടായിരിക്കുന്നു. 

അല്ലെങ്കിലും ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് ഇവിടെ ആര്‍ക്കും ഒരു തിടുക്കവുമുണ്ടായിരുന്നില്ലല്ലോ. 

എന്നാല്‍, വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ പോയ ഒന്നായിരുന്നു ഭര്‍തൃമതികളായ  സ്ത്രീകളുടെ  അന്യപുരുഷബന്ധത്തെ സാധൂകരിക്കുന്ന തരത്തിലുള്ള സുപ്രീം കോടതിയുടെ മറ്റൊരു വിധി.  സ്ത്രീ ഭര്‍ത്താവിന്റെ മാത്രം സ്വത്താണ് എന്ന നിലവിലെ നിയമം  സെക്ഷന്‍ 497  റദ്ദു ചെയ്തുകൊണ്ട്, അന്യപുരുഷനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാമെന്നതായിരുന്നു ആ വിധിയുടെ സാരാംശം.  ദൂരവ്യാപകമായ ഏറെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാവുന്നതാണ് ഇത്. ഇതിനെതിരെ വലിയ ബഹളങ്ങളൊന്നും ഉണ്ടായില്ല. പകരം ശബരിമല  യുവതീ പ്രവേശം വിവാദമാക്കി കത്തിച്ചുനിര്‍ത്തുകയാണ്. ബ്രേക്കിംഗ് ന്യൂസുകള്‍ക്കായി  ലേഖകന്മാരും ക്യാമറാമാന്മാരും രാവും പകലും അവിടെ കെട്ടിക്കിടക്കുന്നു. ന്യൂസ് റൂമുകളില്‍  സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സന്ധിയില്ലാ പോരാട്ടം നടത്തുമ്പോള്‍, ഇതേ സ്ത്രീകളുടെ നഗ്നപരസ്യം വിറ്റും സിനിമയില്‍ നഗ്നത പ്രദര്‍ശിപ്പിച്ചും ചാനലുകാരും പത്രക്കാരും ലാഭം കൊയ്യുന്നുവെന്നത് വേറെ കാര്യം. 

കുടുംബത്തിന്റെ കെടാവിളക്കായ സ്ത്രീയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും വാചാലരാവുന്നതില്‍ നാം മത്സരിക്കുകയാണ്. അതേസമയം സ്ത്രീകള്‍ നമ്മുടെ സമൂഹത്തില്‍ എത്രത്തോളം അരക്ഷിതരാണെന്ന് സമീപകാല സംഭവങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു. 

സ്ത്രീ കുടുംബത്തിന്റെ വിളക്കാണെന്ന് പറയുമ്പോള്‍തന്നെ ആ വിളക്ക്  ഊതിക്കെടുത്തുമ്പോള്‍ തകര്‍ന്നു തരിപ്പണമാകുന്നത് കുടുംബം തന്നെയല്ലേ? കുടുംബമില്ലെങ്കില്‍ പിന്നെയെന്ത് സമൂഹം? സമൂഹമില്ലങ്കില്‍ നാടുമില്ല, രാജ്യവുമില്ല. 

മൂല്യബോധവും  ധാര്‍മികാടിത്തറയുമുള്ള ഒരു സമൂഹത്തില്‍നിന്ന് മാത്രമേ സംസ്‌കാരബോധമുള്ള ഭാവി തലമുറയെ വളര്‍ത്തിയെടുക്കാനാവുകയുള്ളൂ. അതിന് വേണ്ടത് മനുഷ്യഭാവനകളില്‍ ചുട്ടെടുക്കുന്ന സങ്കല്‍പങ്ങളല്ല, മറിച്ച് തികച്ചും ദൈവികമായ ദര്‍ശനത്തിന്റെ വെളിച്ചമാണെന്ന് കാലം സാക്ഷ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പരിധികളില്ലാത്ത ദുരാഗ്രഹങ്ങള്‍  മനുഷ്യന്റെ  ദൗര്‍ബല്യമാവുമ്പോള്‍ സ്വന്തം വിശ്വാസങ്ങളും ദൈവഭയവും പാടേ മാറ്റിനിര്‍ത്തപ്പെടുന്നു. സൃഷ്ടിയാര്, സ്രഷ്ടാവാര് എന്നത് സൗകര്യപൂര്‍വം മാറ്റിവെക്കപ്പെടുന്നു. ദൈവവും വിശ്വാസവും ആരാധനാലയങ്ങള്‍ക്കകത്ത് മതിയെന്ന തീരുമാനത്തിലെത്തുമ്പോള്‍ പിന്നെ ആരെ ഭയക്കണം? നാം എഴുതിവെച്ച നിയമങ്ങള്‍ നാം തന്നെ സൗകര്യപൂര്‍വം മാറ്റിയെഴുതിക്കൊണ്ടിരിക്കുമ്പോള്‍ അതിന് അന്ത്യമില്ലാതെയും അന്തമില്ലാതെയും പോയതിന്റെ പരിണിത ഫലങ്ങളാണ് സമൂഹം ഇന്ന്  അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

ധാര്‍മികതയിലും സദാചാര മൂല്യങ്ങളിലും അധിഷ്ഠിതമായ ഒരു സാമൂഹിക നിര്‍മിതിക്ക് മാത്രമേ മൂല്യബോധമുള്ള ഒരു ആദര്‍ശസമൂഹത്തെ കെട്ടിപ്പടുക്കാന്‍ സാധിക്കുകയുള്ളൂ. സ്ത്രീസ്വാതന്ത്ര്യത്തിന്റെയും  ലിംഗസമത്വത്തിന്റെയും പേരു പറഞ്ഞ് ഇനിയും സ്ത്രീകളെ അവഹേളിക്കുന്ന നിയമങ്ങള്‍ പടച്ചുവിടുന്നതിനു മുമ്പ് അവള്‍ എത്രമാത്രം സുരക്ഷിതയാണെന്നുകൂടി   പരിശോധിക്കേണ്ടിയിരിക്കുന്നു.

ടി.എ ജുനൈദ്, പയ്യോളി, കോഴിക്കോട്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (01-04)
എ.വൈ.ആര്‍