ശബരിമലയിലെ കാടിളക്കം പറയുന്നു നവോത്ഥാന കേരളം ഒരന്ധവിശ്വാസമാണ്
അപരിഹാര്യമായ ഒട്ടെറെ കെടുതികള്‍ വിതച്ചെങ്കിലും ഈയിടെ കേരളത്തിലുണ്ടായ മഹാപ്രളയം സാമൂഹികമായ ചില നേട്ടങ്ങളും ഉണ്ടാക്കിയിരുന്നു. കേരളത്തിന്റെ മാനവികത ഏറ്റവും ഉയര്‍ന്നുനിന്ന സന്ദര്‍ഭമായിരുന്നല്ലോ അത്. ജാതിയോ മതമോ നോക്കാതെ എല്ലാവരും ഒറ്റക്കെട്ടായി പ്രളയത്തില്‍ മുങ്ങിത്താണ കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ കൈകോര്‍ത്തതിന് മാത്രമല്ല പ്രളയം സാക്ഷിയായത്, മറിച്ച് കേരളത്തിലെ മനുഷ്യവിരുദ്ധപക്ഷം ആരാണെന്നുകൂടി പ്രളയം കേരളീയര്‍ക്ക് വ്യക്തമാക്കിക്കൊടുക്കുകയുണ്ടായി. തങ്ങളുടെ വിഭാഗീയ അജണ്ടകള്‍ വിജയിപ്പിച്ചെടുക്കുന്നതിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയായാണ് പ്രളയത്തില്‍ ഉയര്‍ന്നുവന്ന മാനവികതയെ ആ മനുഷ്യവിരുദ്ധപക്ഷം കണ്ടത്. അതിനാല്‍ വളരെ അടക്കിപ്പിടിച്ചാണെങ്കിലും അപ്പോള്‍തന്നെ ആ മാനവികതക്കെതിരായ പ്രവര്‍ത്തനങ്ങള്‍ അവര്‍ ആരംഭിച്ചിരുന്നു. പ്രളയകാലത്ത് സോഷ്യല്‍ മീഡിയയിലും മറ്റും സംഘ്പരിവാറിന്റെ വക്താക്കള്‍ നടത്തിയ കേരളവിരുദ്ധ പ്രചാരണം ഓര്‍ക്കുക.
എന്നാല്‍ ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വളരെ പരസ്യമായിതന്നെ കേരളത്തിന്റെ മാനവികതക്കെതിരായ ഭീകര യുദ്ധപ്രഖ്യാപനത്തിനാണ് കേരളത്തിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ മനുഷ്യവിരുദ്ധപക്ഷമായ സംഘ് പരിവാറിന് അവസരമൊരുക്കിക്കൊടുത്തത്. ആ യുദ്ധം അവര്‍ ഭംഗിയായി മുന്നോട്ടു കൊണ്ടുപോകുമ്പോള്‍ കേളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം കഥയറിയാതെ ആട്ടം കാണുക മാത്രമല്ല, മറിച്ച് ആ ആട്ടത്തില്‍ പങ്കെടുക്കുക കൂടിയാണ് ചെയ്യുന്നത്.
തീര്‍ത്തും നിരപേക്ഷമായ ഒന്നാണെന്ന് കരുതാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ശബരിമലയുമായി ബന്ധപ്പെട്ട ഈ കോടതിവിധി വരുന്നത്. കാരണം ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കെ ഹിന്ദു ഏകീകരണമല്ലാതെ മറ്റൊരു അജണ്ടയും ബി.ജെ.പിയുടെ കൈയിലില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. ഹിന്ദുത്വ അജണ്ടകള്‍ പതുക്കെ മാത്രം പറഞ്ഞ് വികസനം, അഴിമതിവിരുദ്ധത, മെച്ചപ്പെട്ട ഭരണം എന്നതായിരുന്നല്ലോ മോദിയെ അധികാരത്തിലെത്തിച്ച കഴിഞ്ഞ തെരഞ്ഞെടുപ്പിലെ അവരുടെ അജണ്ട. നാലര വര്‍ഷത്തിനു ശേഷം ഇതിലേതെങ്കിലും ഒന്ന് പറഞ്ഞാല്‍ ജനം ചൂലെടുക്കുമെന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത് എന്ന് മറ്റാരേക്കാളും ബി.ജെ.പിക്ക് തന്നെ നന്നായറിയാം. അപ്പോള്‍ പിന്നെ ഹിന്ദു ഏകീകരണം മാത്രമേ, ജയിക്കാന്‍ പറ്റിയില്ലെങ്കിലും നാണംകെട്ട പരാജയത്തില്‍നിന്നെങ്കിലും തങ്ങളെ രക്ഷിക്കൂ എന്ന വസ്തുത അമിത് ഷാ- മോദി ടീമിനെ ആരും പഠിപ്പിക്കേണ്ടതില്ല. അതിനു പറ്റിയ ഏറ്റവും നല്ല ഉരുപ്പടി അയോധ്യ തന്നെ. അയോധ്യാ വിഷയത്തില്‍ ഹിന്ദുത്വത്തിന് അനൂകൂലമോ പ്രതികൂലമോ ആയ ഒരു വിധി സുപ്രീം കോടതിയില്‍നിന്ന് ഉണ്ടാകണം എന്നായിരുന്നു ബി.ജെ.പി ആഗ്രഹിച്ചിരുന്നത്. കോടതിവിധി അനുകൂലമായാല്‍ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ച് അത് തങ്ങളുടെ വിജയമായി കൊണ്ടാടി ഹിന്ദു വോട്ട് പെട്ടിയിലാക്കാം. പ്രതികൂലമായാല്‍ വിശ്വാസത്തിന്റെ പേരില്‍ വീണ്ടും തെരുവിലിറങ്ങാം. പക്ഷേ അയോധ്യാ കേസ് പരിഗണിക്കുന്നത് 2019 ജനുവരി വരെയെങ്കിലും കോടതി നീട്ടിവെച്ചത് തല്‍ക്കാലം അവര്‍ക്ക് ഒന്നും ചെയ്യാനാകാത്ത സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചത്. അങ്ങനെയാണ് ശബരിമല പ്രശ്‌നത്തില്‍ ഹിന്ദു ഏകീകരണത്തിന്റെ സാധ്യത ബി.ജെ.പി തേടുന്നത്.
ശബരിമല സമരത്തിന്റെ ഫലപ്രാപ്തിയെ കുറിച്ച് തുടക്കത്തില്‍ സംഘ് പരിവാറിന് തന്നെ സംശയമുണ്ടായിരുന്നു. കാരണം ശബരിമല സമരത്തില്‍ അയോധ്യയെ പോലെ മറുഭാഗത്ത് ന്യൂനപക്ഷങ്ങള്‍ ഇല്ലാത്തതിനാല്‍ ധ്രുവീകരണം അത്ര എളുപ്പമല്ല. ശബരിമല വിഷയത്തിലെ ആചാര സംരക്ഷണം എന്ന വാദത്തിലും അവരെ സംബന്ധിച്ചേടത്തോളം പ്രശ്നങ്ങളുണ്ട്. കാരണം ഹിന്ദുമത ആചാരങ്ങളും നിയമങ്ങളുമെല്ലാം നിരന്തരം മാറിക്കൊണ്ടിരുന്നതാണ്. അതിലധികവും മാറിയത് ഭരണകൂട ഇടപെടല്‍ കൊണ്ടു തന്നെയാണ്. ആര്‍. എസ്. എസ് തുടക്കത്തില്‍ ശബരിമലയിലെ സ്ത്രീപ്രവേശത്തെ അനുകൂലിച്ചതും കേന്ദ്ര ഗവണ്‍മെന്റ് കോടതിയില്‍ സ്ത്രീപ്രവേശനത്തിനെതിരെ നിലപാട് സ്വീകരിക്കാതിരുന്നതും അതുകൊണ്ടാണല്ലോ. പക്ഷേ മുല്ലപ്പള്ളിയുടെയും രമേശ് ചെന്നിത്തലയുടെയും സുധാകരന്റെയും നേത്യത്വത്തിലുള്ള കോണ്‍ഗ്രസും സുകുമാരന്‍ നായരുടെ എന്‍.എസ്.എസ്സം ഇവിടെ ബി.ജെ.പിക്ക് വഴികാണിച്ചുകൊടുക്കുകയായിരുന്നു. വിശ്വാസ സംരക്ഷണം എന്ന മുദ്രാവാക്യം ഉയര്‍ത്തി ശബരിമല കോടതിവിധിയെ പിണറായി വിജയനെതിരായ സമരമാക്കി മാറ്റുന്നതിന് തുടക്കം കുറിച്ചത് അവരാണ്. എണ്‍പതുകളുടെ തുടക്കത്തില്‍ അയോധ്യാ പ്രശ്നം പൊടിതട്ടിയെടുക്കാന്‍ വി.എച്ച്.പിയെ ആദ്യമായി പ്രേരിപ്പിച്ചതും ഒരു കോണ്‍ഗ്രസ് നേതാവാണെന്ന് പറയപ്പെടുന്നുണ്ട്.
കോടതിവിധി വന്നപ്പോള്‍ അത് നടപ്പാക്കുന്നതില്‍ സമവായം ഉണ്ടാകുന്നതുവരെ ധൃതി കാണിക്കരുതെന്ന് പിണറായി സര്‍ക്കാറിനോട് ആവശ്യപ്പെടുകയോ കോടതിവിധിക്കെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയോ ആണ് കോണ്‍ഗ്രസ് ചെയ്തിരുന്നതെങ്കില്‍ അത് മനസ്സിലാക്കാമായിരുന്നു. പക്ഷേ ലിംഗനീതിയുടെ പ്രശ്നം ഉള്ളടങ്ങിയ ഒരു കോടതിവിധിക്കെതിരെ വിശ്വാസ സംരക്ഷണവുമായി ഒരു മതേതര പാര്‍ട്ടി തെരുവിലിറങ്ങുന്നതിന്റെ സാംഗത്യം പോലും അവര്‍ ആലോചിച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ആദ്യം വരുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പാണെന്നും അതില്‍ തങ്ങളുടെ മുഖ്യ എതിരാളി ബി.ജെ.പിയാണെന്നും മനസ്സിലാക്കി ബി.ജെ.പി വിരുദ്ധമായ ഒരു സ്ട്രാറ്റജി കേരളത്തിലും കോണ്‍ഗ്രസ് രൂപപ്പെടുത്തിയാല്‍ കേരളത്തില്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ മറികടക്കാവുന്ന ഒരു സാഹചര്യം സംജാതമായിവരുന്ന ഘട്ടത്തില്‍ തന്നെ കേരളത്തിലെ കോണ്‍ഗ്രസ് ശബരിമല വിഷയത്തില്‍ സംഘ് പരിവാര്‍ അജണ്ടയില്‍ വീണുപോയതിനെക്കുറിച്ച് എന്തു പറയാനാണ്!
ബി.ജെ.പിക്ക് ആവശ്യം തെരുവില്‍ ഒരു കലാപമായിരുന്നു. അതില്‍ ഭരണഘടനയോ കോടതിവിധിയോ ഒന്നും അവര്‍ക്ക് പ്രശ്നമല്ല. ഭരണഘടനയുടെ മഹത്വവും കോടതിവിധിയും അവരെ സംബന്ധിച്ചേടത്തോളം ന്യൂനപക്ഷങ്ങളെ ദേശവിരുദ്ധരാക്കാന്‍ മാത്രമുള്ളതാണ്. അല്ലാതെ അംബേദ്കര്‍ രൂപകല്‍പന ചെയ്ത ഭരണഘടനയോട് അവര്‍ക്ക് യാതൊരു ആഭിമുഖ്യവും ഇല്ല. കേരളത്തിന്റെ പൊതുബോധവും ഏറക്കുറെ അതുതന്നെയാണ്, അതുകൊണ്ടാണല്ലോ ശബരിമലയില്‍ കലാപം അഴിച്ചുവിടുന്ന സംഘ് പരിവാര്‍ തീവ്രവാദികള്‍ നമ്മുടെ മീഡിയക്ക് ഭക്തരാകുന്നത്. ഈ പൊതുബോധം ഇവിടെ വളര്‍ത്തിയതില്‍ ആര്‍.എസ്.എസ്സിനെ പോലെ ഒരു പങ്ക് ഇടതുപക്ഷത്തിനുമുണ്ട്. ആ പൊതുബോധത്തെ കുറച്ചെങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍ കോടതിവിധിയുടെ കാര്യത്തില്‍ കുറേകൂടി അവധാനതയോടു കൂടിയ നിലപാടേ പിണറായി സര്‍ക്കാര്‍ കൈക്കൊള്ളുമായിരുന്നുള്ളൂ. കോടതിവിധി നടപ്പാക്കാന്‍ തീര്‍ച്ചയായും ഗവണ്‍മെന്റിന് ബാധ്യതയുണ്ട്. പക്ഷേ അതിന് കാലപരിധിയൊന്നും കോടതി വെച്ചിരുന്നില്ലല്ലോ. കോടതിവിധി വന്ന ഉടനെ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്ത് ഒരു സമവായത്തിന് ഗവണ്‍മെന്റ് ശ്രമിച്ചിരുന്നുവെങ്കില്‍ പിണറായി തന്നെ മറ്റു ചിലരെ ഓര്‍മപ്പെടുത്തിയ പോലെ സംഘ് പരിവാറിന് മരുന്നിട്ടു കൊടുക്കുന്ന പണി ഗവണ്‍മെന്റില്‍നിന്നുണ്ടാകുമായിരുന്നില്ല.
സ്ത്രീകളെ നിര്‍ബന്ധമായും ഒരു ആരാധനാലയത്തില്‍ കയറ്റുക എന്നത് ഒരു മതേതര സര്‍ക്കാറിന്റെ ആവശ്യമാകാന്‍ പാടില്ലാത്തതാണ്. ഈ കേസ് കോടതിയിലേക്ക് കൊണ്ടുപോയത് സര്‍ക്കാറല്ല. സര്‍ക്കാര്‍ അതില്‍ എതിര്‍പ്പില്ല എന്ന് പറയുക മാത്രമാണ് ചെയ്തത്. ആ നിലക്ക് കോടതിവിധി വന്നപ്പോള്‍ സ്ത്രീകളെ ശബരിമല കയറ്റാന്‍ സര്‍ക്കാര്‍ ധൃതി പിടിക്കേണ്ടിയിരുന്നില്ല. ഭക്തി ലക്ഷ്യം വെച്ച് ഏതെങ്കിലും സ്ത്രീ മല കയറുന്നുവെങ്കില്‍ അവര്‍ക്ക് സംരക്ഷണം ഒരുക്കുന്ന ചുമതലയേ സര്‍ക്കാറിനുള്ളൂ. അവിടെ പോര്‍വിളി നടത്തി മതകേന്ദ്രങ്ങളെ ആക്റ്റിവിസത്തിന്റെ കേന്ദ്രമാക്കുന്ന നടപടിക്ക് കൂട്ടുനില്‍ക്കാനുള്ള ബാധ്യത സര്‍ക്കാറിനില്ല. ലിംഗസമത്വം നടപ്പാക്കേണ്ട ചുമതല സര്‍ക്കാറിനില്ലേ എന്ന് ചോദിക്കാം. ശരിയാണ്, തങ്ങളുടെ അധികാര പരിധിയിലുള്ള സ്ഥാപനങ്ങളിലും മേഖലകളിലും അത് നടപ്പാക്കാന്‍ തീര്‍ച്ചയായും സര്‍ക്കാറിന് ബാധ്യതയുണ്ട്. അവിടെ സമവായം നോക്കി നില്‍ക്കേണ്ട യാതൊരു കാര്യവുമില്ല. പിന്നാക്ക സംവരണം നടപ്പിലാക്കല്‍ മുന്നാക്കക്കാരുമായി സമവായം നടത്തിയിട്ട് മതി എന്ന് ഒരു സര്‍ക്കാറിനും തീരുമാനിക്കാനാവില്ല. ലിംഗസമത്വത്തിന്റെ കാര്യവും അങ്ങനെത്തന്നെ.
എന്നാല്‍ ആരാധനാലയങ്ങളുടെ മേലുള്ള മതേതര സര്‍ക്കാറിന്റെ അധികാരത്തിന് പരിധിയുണ്ട്. വിശ്വാസവുമായോ ആചാരവുമായോ ബന്ധപ്പെട്ട് അവിടെ എന്തെങ്കിലും നടപ്പിലാക്കേണ്ടിവരുമ്പോള്‍ വിശ്വാസികളുടെ വികാരം പരിഗണിച്ചുകൊണ്ട് സാവധാനത്തിലേ എന്തെങ്കിലും ചെയ്യാനാവൂ. പൗരന്മാരുടെ വിശ്വാസാചാരങ്ങളില്‍ സ്റ്റേറ്റ് ഇടപെടില്ല എന്നതാണ് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനം. ഇവിടെ കോടതിവിധിയുടെ ചുവടൊപ്പിച്ച് പിണറായി സര്‍ക്കാര്‍ ധൃതി കാണിച്ചതാണ് ബി.ജെ.പിക്ക് തങ്ങളുടെ ധ്രുവീകരണ അജണ്ട അക്രമാത്മകമായി പുറത്തെടുക്കാന്‍ അവസരം സൃഷ്ടിച്ചത് എന്ന് പറയേണ്ടിവരും. ഈ ധൃതിക്ക് പിന്നില്‍ തീര്‍ച്ചയായും രാഷ്ട്രീയമുണ്ട്, ഇടതുപക്ഷം അവകാശവാദം ഉയര്‍ത്തുന്ന കേരളീയ നവോത്ഥാനത്തെ കുറിച്ച തെറ്റിദ്ധാരണയുമുണ്ട്. രാഷ്ട്രീയം മുമ്പ് സൂചിപ്പിച്ച സമരത്തിലെ കോണ്‍ഗ്രസ് പങ്കാളിത്തം തന്നെ. കോണ്‍ഗ്രസും ബി.ജെ.പിയുടെ ഭാഷയില്‍ സംസാരിച്ചു തുടങ്ങിയാല്‍ ക്രമേണ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും അതോടെ ഗോദയില്‍ തങ്ങളെ എതിരിടാന്‍ ബി.ജെ.പി മാത്രമേ ഉണ്ടാകൂ എന്നും സി.പി.എം കണക്കുകൂട്ടിയിട്ടുാവും. അങ്ങനെ വന്നാല്‍ ബി.ജെ.പിക്കെതിരെ തങ്ങളെ പിന്തുണക്കാന്‍ നിര്‍ബന്ധിതമാകുന്ന ന്യൂനപക്ഷങ്ങളുടെ സഹായത്തോടെ അധികാരം സ്ഥിരമായി നിലനിര്‍ത്താനാകുമെന്ന് സി.പി.എം സ്വപ്‌നം കാണുന്നു.
ശബരിമലയില്‍ പോര്‍വിളി നടത്താന്‍ പിണറായിയെ പ്രേരിപ്പിച്ച രണ്ടാമത്തെ കാര്യം ഇടതുപക്ഷം ഉഴുതുമറിച്ചുവെന്ന് അവകാശപ്പെടുന്ന 'നവോത്ഥാന കേരള'ത്തെ കുറിച്ച പിണറായിയുടെ തെറ്റായ ആത്മവിശ്വാസമാണ്. ക്ഷേത്ര പ്രവേശനത്തിനും വഴിനടക്കാനുമുള്ള അവകാശസമരം വിജയിപ്പിച്ച നവോത്ഥാന കേരളം ശബരിമലയിലെ സ്ത്രീവിരുദ്ധത പൊറുപ്പിക്കില്ല എന്നാണ് പിണറായി വിജയന്‍ കണക്കുകൂട്ടുന്നത്. പക്ഷേ അയ്യപ്പനെ ആയുധമാക്കി ഒരു മാസമായി കേരളത്തെ കലാപഭൂമിയാക്കാന്‍ ഇമ്മട്ടില്‍ സംഘ് പരിവാര്‍ കാപാലികര്‍ ശ്രമിച്ചിട്ടും അതിനെതിരെ കേരളത്തിലെ ഹിന്ദുക്കളില്‍നിന്ന് കാര്യമായ പ്രതിഷേധം ഉയര്‍ന്നുവരാത്തതില്‍നിന്നെങ്കിലും നവോത്ഥാന കേരളം എന്നത് പൊള്ളയായ അവകാശവാദം മാത്രമാണെന്ന് സി.പി.എം മനസ്സിലാക്കണം.
ഇടതുപക്ഷവും സഹയാത്രികരും അവകാശപ്പെടും പോലെ, നവോത്ഥാന കേരളത്തിന്റെ മതേതര മനസ്സോ പ്രബുദ്ധതയോ ഒന്നുമല്ല ഇലക്ഷന്‍ രാഷ്ട്രീയത്തില്‍ കേരളത്തില്‍ ഇതുവരെ ബി.ജെ.പിയെ പച്ചതൊടീക്കാത്തത്, മറിച്ച് കേരള ജനതയുടെ പകുതിയോളം വരുന്ന മുസ്‌ലിംകളും ക്രിസ്ത്യാനികളും ചേര്‍ന്ന് ജനസംഖ്യയില്‍ സൃഷ്ടിക്കുന്ന സാമുദായിക സന്തുലിതത്വമാണ്. ഇതില്‍ ഏതെങ്കിലും ഒരു വിഭാഗം ബി.ജെ.പിയുടെ കൂടെ പോകാന്‍ തയാറായാല്‍ സി.പി.എമ്മിന്റെ കണക്കുകൂട്ടലുകള്‍ തെറ്റും. കോണ്‍ഗ്രസ് ഒരു ഓപ്ഷനേ അല്ലെന്നു വന്നാല്‍ കേരളത്തിലെ ക്രൈസ്തവ സമൂഹം സി.പി.എമ്മിനേക്കാള്‍ ഇഷ്ടപ്പെടുക ബി.ജെ.പിയെ ആയിരിക്കുമെന്നാണ് കരുതേത്. കാരണം മനോരമയും ദീപികയും കൂടി അത്രമേല്‍ അവരെ കമ്യൂണിസ്റ്റ്‌വിരുദ്ധരാക്കി മാറ്റിയിട്ടുണ്ട്. കാന്തപുരം വിഭാഗത്തെ മുന്നില്‍ നിര്‍ത്തി മുസ്‌ലിം സമുദായത്തിലും ബി.ജെ.പി ഒരു കളി കളിച്ചുകൂടായ്കയില്ല. അധികാരം എവിടെയാണോ അതിനോട് ഒട്ടിനില്‍ക്കുന്ന ഒരു മനോഘടന താന്‍ പ്രതിനിധാനം ചെയ്യുന്ന സുന്നി വിഭാഗത്തില്‍ വളര്‍ത്തുന്നതില്‍ ഇതിനകം തന്നെ കാന്തപുരം വിജയിച്ചിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയോളം നിര്‍ഭാഗ്യവാനായ മറ്റൊരു രാഷ്ട്രീയ നേതാവും ഉണ്ടാകില്ല. രമേശും മുല്ലപ്പള്ളിയും സുധാകരനും മുരളിയും അടക്കുള്ള സ്വന്തം ആളുകളാണല്ലോ, ആ നേതാവിന്റെ അജണ്ടകളെ അട്ടിമറിച്ച് ഫലത്തില്‍ ബി.ജെ.പിക്ക് വിടുവേല ചെയ്യുന്നത്. ഏതായാലും ശബരിമല കോണ്‍ഗ്രസിന്റെ വാട്ടര്‍ലൂ ആകാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുക മാത്രം ചെയ്യുന്നു.
വിശ്വാസ സംരക്ഷണമോ?
ശബരിമല കോടതിവിധിക്കെതിരെ വിശ്വാസം സംരക്ഷിക്കാനെന്ന വ്യാജേന നടത്തുന്ന സമരം ഒരിക്കലും വിശ്വാസ സംരക്ഷണ സമരമേയല്ല. വാസ്തവത്തില്‍ അത് മേല്‍ജാതികളുടെ സവര്‍ണ താല്‍പര്യം സംരക്ഷിക്കാനുള്ള സമരം മാത്രമാണ്. സ്ത്രീകള്‍ക്ക് യാതൊരു വിലക്കുമില്ലാത്ത അയ്യപ്പ ക്ഷേത്രങ്ങള്‍ തന്നെ വേറെയുമുണ്ട്. സ്ത്രീകളുടെ വിലക്കിനെ സാധൂകരിക്കുന്ന യാതൊരുവിധ ഹൈന്ദവ പ്രമാണങ്ങളുമില്ല എന്ന് ഹിന്ദുമത പണ്ഡിതന്മാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിലെ ചില സമുദായങ്ങളുടെ ആധിപത്യവും പന്തളം രാജകൊട്ടാരത്തിന്റെയും തന്ത്രിമാരുടെയും ശബരിമലയുടെ മേലുള്ള അന്യായമായ പിടിയും വെല്ലുവിളിക്കപ്പെടുമോ എന്ന ഭീതിയില്‍നിന്ന് അവരാണ് ഈ സമരം ആരംഭിച്ചത്. രമേശ് ചെന്നിത്തലയെപ്പോലുള്ളവരുടെ എന്‍.എസ്.എസ് വിധേയത്വമാണ് കോണ്‍ഗ്രസ്സിനെ കൊണ്ട് ഈ സമരം ഏറ്റെടുപ്പിച്ചത്. എങ്ങനെയെങ്കിലും ഇതുപയോഗിച്ച് ഒരു കലാപം സംഘടിപ്പിക്കാനാകുമോ എന്നത് മാത്രമാണ് ബി.ജെ.പി ലക്ഷ്യം. ബി.ജെ.പിയുടെ ഈ നികൃഷ്ട ലക്ഷ്യം പുറത്തുവന്നതിനു ശേഷമെങ്കിലും ഈ സമരത്തിലെ അപകടം കോണ്‍ഗ്രസ് തിരിച്ചറിയേണ്ടതല്ലേ?
ഭരണഘടനയും കോടതിവിധിയുമെല്ലാം ന്യൂനപക്ഷങ്ങളെ വിരട്ടാനുള്ളത് മാത്രമാണെന്ന്, കോടതിവിധിക്കെതിരായ സംഘ് പരിവാറിന്റെ അക്രമാസക്ത സമരത്തോടുള്ള കേരളീയ പൊതുസമൂഹത്തിന്റെ നിസ്സംഗത ക് ഒരാള്‍ക്ക് തോന്നിപ്പോവുന്നുവെങ്കില്‍ അയാളെ കുറ്റപ്പെടുത്താനാവില്ല. മുമ്പ് ശാബാനു കേസിലെ സുപ്രീം കോടതി വിധിയോട് മുസ്‌ലിംകള്‍ സമാധാനപരമായി പ്രതികരിച്ചപ്പോള്‍ നമ്മുടെ മതേതര സമൂഹത്തിന് അത് വര്‍ഗീയതയായിരുന്നല്ലോ. എന്തിനേറെ തൊണ്ണൂറുകളുടെ ആദ്യത്തില്‍ ഹിന്ദുത്വ കൈവരിച്ച അഭൂതപൂര്‍വമായ വളര്‍ച്ചക്കു പിന്നില്‍ ശാബാനു കേസിനെ മുന്‍നിര്‍ത്തി മതേതര സമൂഹം അഴിച്ചുവിട്ട മുസ്‌ലിംവിരുദ്ധ പ്രചാരണം പങ്കുവഹിച്ചതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
കേരളീയ നവോത്ഥാനത്തെ കുറിച്ചും അതിന്റെ ഉള്ളടക്കത്തെ കുറിച്ചും ഗൗരവമായ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും തുടക്കം കുറിക്കാന്‍ ശബരിമല കോടതിവിധിയും അതിനോടുള്ള പ്രതികരണവും നിമിത്തമായിട്ടുള്ളത് നല്ല കാര്യമാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യന്‍ നവോത്ഥാനത്തില്‍നിന്ന് ഭിന്നമായി ശ്രീനാരായണ ഗുരുവിലൂടെയും അയ്യങ്കാളിയിലൂടെയുമെല്ലാം രൂപപ്പെട്ടതെന്ന് കരുതപ്പെടുന്ന കേരളീയ നവോത്ഥാനത്തിന് ഒരു കീഴാള ഉള്ളടക്കമുണ്ടായിരുന്നുവെന്നത് ശരിയാണ്. രാജാറാം മോഹന്‍ റോയിയെയും സ്വാമി ദയാനന്ദ സരസ്വതിയെയും വിവേകാന്ദനെയും പോലുള്ള സവര്‍ണരായിരുന്നല്ലോ ഇന്ത്യന്‍ നവോത്ഥാനത്തിന്റെ മുന്നണിപ്പോരാളികള്‍. അതുകൊണ്ടുകൂടിയാണ് ഉത്തരേന്ത്യ വളരെ പെട്ടെന്നു തന്നെ ഹിന്ദുത്വ രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണായിത്തീര്‍ന്നത്.
എന്നാല്‍ കേരളീയ നവോത്ഥാനത്തിന് ഒരു കീഴാള ഉള്ളടക്കമുണ്ട് എന്ന് അംഗീകരിക്കുന്നവര്‍ തന്നെ ആ നവോത്ഥാനത്തിന് പ്രചോദനമായി മാറിയ ടിപ്പു സുല്‍ത്താന്റെ സാമൂഹിക പരിഷ്‌കരണം, മലബാര്‍ സമരത്തിന്റെ സാമൂഹിക പരിഷ്‌കരണപരവും കീഴാളവുമായ മാനം തുടങ്ങിയവയെ കാണാതെപോയി. അതിനാല്‍ കീഴാള ഉള്ളടക്കമുള്ളതായി കരുതപ്പെടുന്ന കേരളീയ നവോത്ഥാനത്തെ പില്‍ക്കാലത്ത് സവര്‍ണര്‍ക്ക് റാഞ്ചാന്‍ എളുപ്പമായിരുന്നു. ഇന്ന് ശബരിമല സമരത്തിന്റെ മുന്നണിയിലുള്ള എന്‍.എസ്.എസ് ആണ് നവോത്ഥാനത്തെ റാഞ്ചാന്‍ മുന്നില്‍ നിന്നത്. ശ്രീനാരായണ ഗുരുവിനു ശേഷം സ്ഥാപനവല്‍ക്കരിക്കപ്പെട്ട എസ്.എന്‍.ഡി. പി ഇക്കാര്യത്തില്‍ സവര്‍ണരുടെ ഒപ്പം നില്‍ക്കുകയാണ് ചെയ്തത്. കേരളീയ നവോത്ഥാനത്തെ ഏറ്റവും കൂടുതല്‍ രാഷ്ട്രീയമായി പ്രയോജനപ്പടുത്തിയ ഇടതുപക്ഷമാകട്ടെ സവര്‍ണ താല്‍പര്യത്തിനു തന്നെയാണ് മുന്‍ഗണന നല്‍കിയത്. ആര്‍ത്തവം അശുദ്ധമാണ്, അതിനാല്‍ സ്ത്രീകളെ അടുപ്പിക്കരുത് എന്ന പെരുമ്പറ മുഴക്കുന്ന, തീര്‍ത്തും സ്ത്രീവിരുദ്ധമായ ഒരു സമരം നവോത്ഥാന കേരളത്തില്‍ സാധ്യമായത് അതിന്റെ അകം ശൂന്യമായിരുന്നുവെന്നതിന്റെ തെളിവാണ്.
Comments