ആ ഗൂഢാലോചന വിജയിക്കില്ല
കഴിഞ്ഞ നവംബര്‍ പതിനൊന്നിന് ഇസ്രയേല്‍ ഗസ്സയില്‍ നടത്തിയ ആക്രമണത്തിനു പിന്നില്‍ പലതരം രാഷ്ട്രീയ താല്‍പര്യങ്ങള്‍ ചൂിക്കാട്ടപ്പെടുന്നുണ്ട്. ഒരുപരിധിവരെ അത്തരം രാഷ്ട്രീയ വ്യാഖ്യാനങ്ങളില്‍ ശരിയുമുണ്ട്. പക്ഷേ ആര്‍ക്കും തര്‍ക്കമില്ലാത്ത കാര്യം, ഇത്തവണത്തെ ഗസ്സ ആക്രമണം, മുന്‍ ആക്രമണങ്ങളില്‍നിന്ന് ഭിന്നമായി, വമ്പന്‍ പരാജയമായിരുന്നു എന്നതാണ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്‍യാമിന്‍ നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി ശരിക്കും അപകടത്തിലാക്കിയിട്ടുണ്ട് കാര്യമായ പ്രകോപനമൊന്നുമില്ലാതെ നടത്തിയ ഈ ആക്രമണം. യഥാര്‍ഥത്തിലിത് ഒരു തുറന്ന യുദ്ധമായി പ്ലാന്‍ ചെയ്തതായിരുന്നില്ല. ഫലസ്ത്വീന്‍ ചെറുത്തുനില്‍പ് സംഘങ്ങളുടെ നേതൃനിരയെ ടാര്‍ഗറ്റ് ചെയ്യുന്ന ഒരു ഇസ്രയേലി ഇന്റലിജന്‍സ് ഓപ്പറേഷനായിരുന്നു. അത്തരം ഓപ്പറേഷനുകള്‍ വിജയകരമായി നടത്തിയിട്ടുമുണ്ട് അവര്‍. ഫലസ്ത്വീനിലെ ഡ്രോണ്‍ വിദഗ്ധന്‍ മുഹമ്മദ് സവാരിയെ 2016 ഡിസംബറില്‍ തുനീഷ്യയില്‍ വെച്ചും എഞ്ചിനീയറും പണ്ഡിതനുമായ ഫാദി ബത്വ്ശിനെ 2018 ഏപ്രിലില്‍ മലേഷ്യയില്‍ വെച്ചും വകവരുത്തിയത് ഉദാഹരണം.
ഇതുപോലൊരു ഓപ്പറേഷനാണ് ഇസ്രയേല്‍ ഗസ്സയില്‍ പ്ലാന്‍ ചെയ്തതെങ്കിലും, ഗസ്സയിലെ രഹസ്യാന്വേഷണ വിഭാഗം അത് നേരത്തേ മണത്തറിഞ്ഞ് ഇസ്രയേലീ ഏജന്റുമാരെ പിന്തുടര്‍ന്നു. ഗസ്സയില്‍ ബോംബെറിഞ്ഞുകൊണ്ട് ഈ ഏജന്റുമാര്‍ക്ക് രക്ഷപ്പെടാന്‍ രക്ഷാകവചമൊരുക്കുകയായിരുന്നു ഇസ്രയേലീ ജറ്റ് വിമാനങ്ങള്‍. അതിലാണ് ഏഴ് ഫലസ്ത്വീനികള്‍ കൊല്ലപ്പെട്ടത്. കമാന്റര്‍ നൂര്‍ ബറകയും ഉള്‍പ്പെടും. ഗസ്സ പടയാളികളുടെ തിരിച്ചടിയില്‍ ഒരു ഇസ്രയേലീ ലഫ്റ്റനന്റ് കേണലും വധിക്കപ്പെട്ടു. മാത്രമല്ല നൂറുകണക്കിന് റോക്കറ്റുകളാണ് അവര്‍ ഇസ്രയേലിലേക്ക് തൊടുത്തുവിട്ടത്. ഇസ്രയേല്‍ വലിയ പണച്ചെലവില്‍ നിര്‍വഹിച്ച പ്രതിരോധ സംവിധാനമായ 'ഇരുമ്പ് കുംഭ'(Iron Dome) ത്തിന് ചില റോക്കറ്റുകളെ മാത്രമേ നിര്‍വീര്യമാക്കാനായുള്ളൂ. ബാക്കിയൊക്കെ സിവിലിയന്‍ മേഖലകളിലാണ് പതിച്ചത്. അതിലൊരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രയേല്‍ സൈനിക ബസിനു നേരെ Kornet റോക്കറ്റ് തൊടുത്തുവിടുക പോലുമുണ്ടായി ഗസ്സയിലെ മിലിട്ടറി വിഭാഗം.
ഇതെല്ലാം ഇസ്രയേലില്‍ നെതന്യാഹുവിനെതിരെ ജനകീയ രോഷം ആളിപ്പടരാന്‍ ഇടയാക്കി. നേരത്തേ തന്നെ നിരവധി സാമ്പത്തിക ക്രമേക്കടുകള്‍ കാരണം ജനകീയ കോടതിയില്‍ നെതന്യാഹു പ്രതിക്കൂട്ടിലാണ്. ഗസ്സയിലെ പോരാളികള്‍ സായുധ നീക്കം നിര്‍ത്തിയില്ലെങ്കില്‍ തന്റെ നില കൂടുതല്‍ വഷളാകുമെന്നു കണ്ടാണ് നെതന്യാഹു ഗസ്സയുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ഈജിപ്തിലേക്ക് ഓടിയത്. ആയുധം വെച്ചുള്ള ഈ കീഴടങ്ങലില്‍ പ്രതിഷേധിച്ച് ഇസ്രയേല്‍ പ്രതിരോധമന്ത്രി അവിഗ്‌ദോര്‍ ലിബര്‍മാന്‍ രാജിവെക്കുക പോലുമുണ്ടായി. പുതിയൊരു ഗസ്സ ആക്രമണത്തിന് അടുത്ത കാലത്തൊന്നും ഇസ്രയേല്‍ മുതിരില്ലെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. എന്തായാലും ഫലസ്ത്വീന്‍ പ്രതിരോധ പ്രസ്ഥാനങ്ങള്‍ക്ക് ഇത് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ഫലസ്ത്വീന്‍ പ്രതിരോധ പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്താനും ആഗോള മുസ്‌ലിം അജണ്ടയില്‍നിന്ന് ഫലസ്ത്വീന്‍ വിഷയം എടുത്തുകളയാനും ആരൊക്കെ ഗൂഢാലോചന നടത്തിയാലും അത് നടപ്പില്ലെന്ന് ബോധ്യപ്പെടുത്തുന്ന മറ്റൊരു സംഭവം കൂടി.
Comments