ഇസ്‌ലാമിക പ്രസ്ഥാന ചിന്തയുടെ വികാസവും പുതിയ കര്‍മപരിപാടിയും
ഇസ്‌ലാമിക ചിന്തയില്‍ സ്ഥിരമായതും (Stable) മാറുന്നതുമായ (Dynamic) ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഇസ്‌ലാമിക ചിന്തയുടെ ഈ സവിശേഷത മനുഷ്യപ്രകൃതത്തിന് നന്നായി ഇണങ്ങും. മനുഷ്യപ്രകൃതത്തില്‍ ഇത് രണ്ടും ഉണ്ടല്ലോ- മാറുന്നതും മാറാത്തതും. മനുഷ്യപ്രകൃതത്തിന്റെ മിക്കതും എല്ലാ കാലത്തും എല്ലായിടത്തും ഒരുപോലെ തന്നെയാണ്. ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ച മനുഷ്യന് വിശപ്പും ദാഹവും ലൈംഗിക വികാരവും ഉണ്ടായിരുന്നു. പണവും പെണ്ണും മണ്ണും അവന്റെ ഇഷ്ടഭാജനങ്ങളായിരുന്നു. നന്മയും തിന്മയും തമ്മില്‍ സംഘട്ടനങ്ങള്‍ നടന്നിരുന്നു. ഇതിലൊന്നും ഇന്നും യാതൊരു മാറ്റവുമില്ല. ഇനിയൊരു ആയിരം വര്‍ഷം കഴിഞ്ഞുള്ള മനുഷ്യനും ഇങ്ങനെത്തന്നെയായിരിക്കും. ഇതുപോലുള്ള കാര്യങ്ങളില്‍ ആഫ്രിക്കയിലും അമേരിക്കയിലും ജീവിക്കുന്ന മനുഷ്യര്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ല. മനുഷ്യപ്രകൃതത്തിന്റെ വലിയൊരു ഭാഗം സാര്‍വലൗകിക സ്വഭാവം പുലര്‍ത്തുന്നതാണ് എന്നര്‍ഥം. ഒരു സാര്‍വലൗകിക ദര്‍ശനത്തിന്റെ/ മതത്തിന്റെ സ്വഭാവവും ഇങ്ങനെത്തന്നെയായിരിക്കും. ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം അതിന്റെ അടിസ്ഥാന കാര്യങ്ങള്‍ക്കെല്ലാം ഈ സാര്‍വലൗകിക സ്വഭാവം ഉണ്ടായിരിക്കും. മാറ്റമില്ലാത്ത ഈ അടിസ്ഥാനങ്ങള്‍ സ്വീകരിക്കുക, സ്ഥലകാലങ്ങള്‍ ബാധകമല്ലാത്ത ഖുര്‍ആന്‍, സുന്നത്ത് എന്നീ രണ്ട് സ്രോതസ്സുകളില്‍നിന്നായിരിക്കും. ഈ സാര്‍വലൗകികമായ അടിസ്ഥാനങ്ങളാണ് മനുഷ്യജീവിതത്തിന് സ്ഥിരത (Stability) പ്രദാനം ചെയ്യുക.
അതോടൊപ്പം, മാറിക്കൊണ്ടിരിക്കുന്ന ഘടകങ്ങളും മനുഷ്യപ്രകൃതത്തില്‍ തന്നെയുണ്ട്. ചിലത് കാലത്തിനനുസരിച്ച് മാറുന്നവയായിരിക്കും, ചിലത് സ്ഥലത്തിനനുസരിച്ചും. ഒരു അമേരിക്കക്കാരന്റെ ജീവിത പ്രശ്‌നങ്ങളും ഒരു ആഫ്രിക്കന്‍ ഗ്രാമീണന്റെ ജീവിത പ്രശ്‌നങ്ങളും തമ്മില്‍ വലിയ അന്തരമുണ്ടായിരിക്കും. അതുപോലെ, ഒരായിരം വര്‍ഷം മുമ്പ് മനുഷ്യന്‍ ഉണ്ടാക്കിയ നാഗരിക സംവിധാനങ്ങളും ഇന്നുള്ള നാഗരിക സംവിധാനങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇതിലൊന്നും ഒരു മാറ്റവും വന്നുകൂടാ എന്ന കാഴ്ചപ്പാട് സ്വീകാര്യമല്ല. ഇസ്‌ലാമിക ദര്‍ശനത്തിന്റെ പ്രത്യേകത, മാറുന്ന കാര്യങ്ങളെക്കുറിച്ച് നിയതമായ ഒരു ചട്ടക്കൂട് അത് നിര്‍ദേശിക്കുന്നില്ല എന്നതാണ്. അത്തരം കാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശം നല്‍കുക അടിസ്ഥാന പ്രമാണങ്ങളായിരിക്കും. അവയുടെ അടിസ്ഥാനത്തില്‍ മാറ്റങ്ങളുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുക ധിഷണാശാലികളായ പണ്ഡിതന്മാരും ഗവേഷകരുമായിരിക്കും. അതിന് ഇസ്‌ലാം സമര്‍പ്പിക്കുന്ന ടൂള്‍ ആണ് ഇജ്തിഹാദ്. ഓരോ ഘട്ടത്തിലും വരുത്തേണ്ട മാറ്റമെന്ത് എന്ന് ഇജ്തിഹാദിന്റെ/ അന്വേഷണത്തിന്റെ പിന്‍ബലത്തില്‍ നിജപ്പെടുത്താന്‍ കഴിയും. ഇസ്‌ലാമിക ചിന്തകരും പരിഷ്‌കര്‍ത്താക്കളും തങ്ങള്‍ ജീവിച്ച കാലത്തെ സൂക്ഷ്മമായി വായിക്കുകയാണ് ചെയ്തത്. അങ്ങനെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ഇജ്തിഹാദീ ചിന്തയോടുകൂടി അവര്‍ ഇസ്‌ലാമിന്റെ ആവിഷ്‌കാരവും ആഖ്യാനവും നിര്‍വഹിച്ചു.
ഏതൊരു ഇസ്‌ലാമിക ചിന്തകനെയും പരിഷ്‌കര്‍ത്താവിനെയും അദ്ദേഹം ജീവിക്കുന്ന കാലഘട്ടം സ്വാധീനിക്കാതിരിക്കുകയില്ല. തന്റെ കാലത്തെ ദര്‍ശനങ്ങളെയും ചിന്തകളെയും നാഗരിക വികാസങ്ങളെയും ഇസ്‌ലാമിന്റെ ആത്മാവിനെ മനസ്സില്‍ ആവാഹിച്ച് അഭിസംബോധന ചെയ്യുകയാണ് ആ പരിഷ്‌കര്‍ത്താവ്. അതിനാല്‍ ഏതൊരു ചിന്തകനെ മനസ്സിലാക്കണമെങ്കിലും അദ്ദേഹം തന്റെ ജീവിതകാലത്ത് നേരിട്ട പ്രശ്‌നങ്ങളെയും ചിന്താപരവും കര്‍മപരവുമായ വെല്ലുവിളികളെയും അടുത്തറിയണം. ഈയൊരു ജീവിതസന്ദര്‍ഭത്തെ (Context) മനസ്സിലാക്കാതെ അദ്ദേഹത്തിന്റെ ചിന്തയെ ശരിയായി മനസ്സിലാക്കാനാവില്ല.
മറ്റൊരു കാര്യവും ഇവിടെ മനസ്സിലാക്കണം. തന്റെ കാലത്ത് നിലയുറപ്പിച്ചുകൊ് നിയമദാതാവായ അല്ലാഹു നല്‍കിയ പ്രമാണപാഠങ്ങളെ മനസ്സിലാക്കാനും വ്യാഖ്യാനിക്കാനുമുള്ള ശ്രമമാണ് ഓരോ ഇസ്‌ലാമിക ചിന്തകനും നടത്തുന്നത്. അതൊരു മനുഷ്യയത്‌നമാണ്. ഈ അന്വേഷണത്തിന്റെ ഏതു ഘട്ടത്തിലും പിഴവുകള്‍ പറ്റാവുന്നതാണ്. ഓരോ ഇസ്‌ലാമിക ചിന്തകന്റെയും അടിസ്ഥാന സ്രോതസ്സുകള്‍ ഖുര്‍ആനും സുന്നത്തുമാണെങ്കിലും, ആ രണ്ട് പ്രമാണങ്ങളെയും അപ്പടി പകര്‍ത്തിവെക്കുകയല്ലല്ലോ അവര്‍ ചെയ്യുന്നത്. അവര്‍ വ്യാഖ്യാനിക്കുകയാണ്. അതിനാല്‍ തന്റെ വ്യാഖ്യാനങ്ങള്‍ സകല പിഴവുകളില്‍നിന്നും മുക്തമാണെന്ന് ഒരു ചിന്തകനും കരുതിക്കൂടാത്തതാണ്. ഖുര്‍ആന്റെയും സുന്നത്തിന്റെയും യഥാര്‍ഥ വ്യാഖ്യാനം തന്റേതു മാത്രമാണെന്ന് അദ്ദേഹം അവകാശപ്പെടാന്‍ പാടില്ല. വ്യാഖ്യാനത്തില്‍ തെറ്റു പറ്റില്ലെന്ന് ഉറപ്പുള്ള ഈ പദവി ദൈവപ്രവാചകന്മാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. കാരണം അവരുടെ എല്ലാ കാര്യങ്ങളും ദിവ്യവെളിപാടിന്റെ അടിസ്ഥാനത്തിലുള്ളവയാണ്. അതിനാല്‍ ദൈവത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെന്ത് എന്ന് തെറ്റുവരാതെ വിശദീകരിക്കാന്‍ കഴിയുക അവര്‍ക്കു മാത്രമാണ്. ഏതെങ്കിലുമൊരു ഇസ്‌ലാമിക ചിന്തകന് നാം ഈ സ്ഥാനം വകവെച്ചുകൊടുത്താല്‍-നഊദുബില്ലാഹ്-അദ്ദേഹത്തെ പ്രവാചകത്വപദവിയിലേക്ക് ഉയര്‍ത്തുന്നു എന്നല്ലേ അതിന്റെ അര്‍ഥം?
ഈയൊരു ആമുഖത്തിനു ശേഷം നാം മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദിയുടെ ചില ചിന്തകളെ അദ്ദേഹം ജീവിച്ച കാലവുമായി ചേര്‍ത്തുവെച്ചുകൊണ്ട് വായിക്കാന്‍ ശ്രമിക്കുകയാണ്. മാത്രമല്ല കഴിഞ്ഞ എഴുപത് വര്‍ഷമായി പ്രസ്ഥാനത്തിനകത്ത് ഉായിട്ടുള്ള ചിന്താ വികാസങ്ങളിലേക്കും സൂചന നല്‍കും. പ്രസ്ഥാന നായകരുടെയും ചിന്തകരുടെയും രചനകളില്‍നിന്നും പ്രസ്ഥാനം സ്വീകരിക്കുന്ന സാമൂഹിക നയനിലപാടുകളില്‍നിന്നും ആ ചിന്താവികാസം മനസ്സിലാക്കിയെടുക്കാനാവും.
മൗദൂദിചിന്തയുടെ ചരിത്ര പശ്ചാത്തലം
മൗലാനാ മൗദൂദി തന്റെ നാവോത്ഥാന ചിന്തകള്‍ക്ക് തുടക്കമിടുകയും ഇസ്‌ലാമിക ചരിത്രത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുകയും ചെയ്ത ആ ചരിത്ര ഘട്ടത്തിന്റെ സവിശേഷതകളെ നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം:
1. ആധുനികത യൂറോപ്പിനു പുറത്ത് കടന്ന് മുഴുലോകത്തും പിടിമുറുക്കിയ ഘട്ടമായിരുന്നു അത്. യൂറോപ്പില്‍ ചര്‍ച്ചുമായി ഏറ്റുമുട്ടിയതിന്റെ ഫലമായി പൊട്ടിമുളച്ച ചിന്തകളും ദര്‍ശനങ്ങളും കൊളോണിയല്‍ ശക്തികള്‍ തങ്ങളുടെ സൈനിക ബലത്തില്‍ ലോകമെങ്ങും പ്രചരിപ്പിക്കുകയായിരുന്നു. നവോത്ഥാനത്തിനു ശേഷം യൂറോപ്പില്‍ ഉയര്‍ന്നുവന്ന മൊത്തം ദര്‍ശനങ്ങളെയും ചിന്തകളെയും കുറിക്കുന്നതാണ് ആധുനികത എന്ന സംജ്ഞ. ഈ ചിന്തകളുടെ ദാര്‍ശനിക അടിത്തറ എന്നു പറയുന്നത് ഫ്രാന്‍സിസ് ബേക്കണ്‍, റെനെ ദെക്കാര്‍ത്ത്, തോമസ് ഹോബ്‌സ് തുടങ്ങിയവരുടെ വീക്ഷണങ്ങളുടെ ആകത്തുകയാണ് എന്നു പറയാം. മനുഷ്യധിഷണയും അവന്റെ പഞ്ചേന്ദ്രിയങ്ങളും മാത്രം മതി സകലതും നിരീക്ഷിക്കാനും കണ്ടെത്താനും എന്നാണ് ആധുനികത ഉദ്‌ഘോഷിക്കുന്നത്. അതിനാല്‍ അറിവിനപ്പുറത്തുള്ള അറിവുകള്‍ (അദൃശ്യലോകത്തെക്കുറിച്ച അറിവുകള്‍ ഉദാഹരണം) നേടാനും മറ്റുമായി മതങ്ങളോ അത്തരം ചിന്തകളോ നിലനില്‍ക്കേണ്ട കാര്യമില്ല. എല്ലാത്തരം അറിവുകളും ശാസ്ത്രം നല്‍കും. ശാസ്ത്രത്തില്‍ പോസിറ്റീവിസം എന്ന ആശയഗതി ശക്തിപ്പെടുന്നത് ഈ ഘട്ടത്തിലാണ്. ശാസ്ത്രം കൊണ്ടോ ധിഷണ കൊണ്ടോ പരീക്ഷണം കൊാേ കണ്ടെത്താനാവാത്ത ഒന്നും സ്വീകാര്യമല്ല എന്ന വാദമാണ് പോസിറ്റീവിസം ഉയര്‍ത്തിയത്. ലോകം മുഴുക്കെ നിരീശ്വരവാദവും സന്ദേഹവാദവും ശക്തിപ്പെടാന്‍ ഈ ചിന്താഗതി നിമിത്തമായി. ഈയൊരു അടിത്തറയിലാണ് ശാസ്ത്രവും കലയും സാഹിത്യവും ആധുനിക വിദ്യാഭ്യാസവുമൊക്കെ കെട്ടിപ്പടുക്കപ്പെട്ടിട്ടുള്ളത്.
ചര്‍ച്ചുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ആധുനികതാ പ്രസ്ഥാനം ഉദയം കൊള്ളുന്നത്. ശാസ്ത്ര പുരോഗതിയുടെ വഴിയിലെ ഏറ്റവും വലിയ തടസ്സമായി നിന്നത് ചര്‍ച്ചായിരുന്നു. അതിനാല്‍ മതം സാമൂഹിക ജീവിതത്തില്‍ ഇടപെടുന്നതാണ് മനുഷ്യന്റെ എല്ലാ പ്രശ്‌നങ്ങളുടെയും നാരായ വേര് എന്ന് മനസ്സിലാക്കപ്പെട്ടു. ആധുനികതയുടെ രാഷ്ട്രീയാവിഷ്‌കാരമായാണ് സെക്യുലരിസത്തിന്റെ ആവിര്‍ഭാവം. അതേക്കുറിച്ച് വിശദമായി മറ്റൊരു പ്രബന്ധത്തില്‍ എഴുതിയിട്ടുണ്ടല്ലോ. മതത്തിന്റെ പങ്ക് പരിമിതപ്പെടുകയും വ്യവസായവത്കൃത സമൂഹത്തില്‍ പരമ്പരാഗത ഗോത്ര പ്രതിബദ്ധതകള്‍ ദുര്‍ബലമാവുകയും ചെയ്തപ്പോള്‍ സമൂഹത്തെ ഒന്നിപ്പിച്ചുനിര്‍ത്താനുള്ള ഒരു ആശയം തേടിയുള്ള അന്വേഷണത്തിലായിരുന്നു യൂറോപ്പ്. അങ്ങനെയാണ് ദേശീയതയില്‍ എത്തിച്ചേര്‍ന്നത്. യൂറോപ്പിന്റെ പ്രത്യേക സാമൂഹിക- രാഷ്ട്രീയ സാഹചര്യത്തില്‍ ദേശീയത അതിന്റെ ബീഭത്സ രൂപം പ്രാപിക്കുകയാണുണ്ടായത്. അതാണ് ഫാഷിസം. മൗലാനാ മൗദൂദിയുടെ കാലം ഫാഷിസം ശക്തിപ്പെട്ട കാലം കൂടിയായിരുന്നു.
മതത്തിന്റെ റോള്‍ പരിമിതപ്പെട്ടതോടുകൂടി പരമാധികാരം ആര്‍ക്ക് എന്ന ചോദ്യവും രാഷ്ട്രീയ മണ്ഡലങ്ങളില്‍ ശക്തമായി ഉയര്‍ത്തപ്പെട്ടു. ഈ ഘട്ടത്തിലാണ് പരമാധികാരം ജനങ്ങള്‍ക്ക് എന്ന വാദവുമായി നവജനാധിപത്യം രംഗത്തു വരുന്നത്. ജനങ്ങള്‍ തീരുമാനിക്കുന്നതുപോലെയാണ് നിയമനിര്‍മാണം എന്നും അത് വാദിച്ചു. തങ്ങള്‍ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികളിലൂടെയാണ് പൊതുജനത്തിന് അധികാരം കൈവരിക. ആധുനികതയുടെ തന്നെ ഗര്‍ഭാശയത്തില്‍നിന്നാണ് സ്ത്രീവാദ(Feminism)വും പുറത്തുവരുന്നത്. സര്‍വ കാര്യങ്ങളിലും സ്ത്രീ- പുരുഷ സമത്വം എന്നതാണ് അതുയര്‍ത്തിയ മുദ്രാവാക്യം.
2. യൂറോപ്പിലെ പുതിയ മനുഷ്യന് ആധുനികതാ ദര്‍ശനം 'നവീനമായ അന്വേഷണ' പാതകളും തുറന്നുകൊടുത്തിരുന്നു. അവിടത്തുകാര്‍ ഉറച്ചുവിശ്വസിച്ചത് തങ്ങളുടെ ഈ ദര്‍ശനത്തിലാണ് മനുഷ്യന്റെ സകല പുരോഗതിയും ഉള്‍ച്ചേര്‍ന്നു നില്‍ക്കുന്നത് എന്നാണ്. ആ ഘട്ടത്തില്‍ യൂറോപ്പിലെ പുതിയ മനുഷ്യനും അവന്‍ കൈയാളുന്ന ഭരണകൂടങ്ങളും ഒരു തീരുമാനമെടുത്തു: ഈ ദര്‍ശനം ലോകമൊട്ടുക്ക് പ്രചരിപ്പിക്കണം. മൂന്നാം ലോകത്ത് അടിഞ്ഞുകൂടിക്കിടക്കുന്ന 'പാരമ്പര്യങ്ങളുടെ ഇരുട്ട്' വകഞ്ഞുമാറ്റി ആധുനികതയുടെ പ്രകാശം പ്രസരിപ്പിക്കണം. അങ്ങനെ അവരുടെ 'പുരോഗതി' ഉറപ്പാക്കണം. മൂന്നാം ലോകത്തെ 'അധഃസ്ഥിത' രാഷ്ട്രങ്ങളെ കീഴ്‌പ്പെടുത്താന്‍ കൊളോണിയല്‍ ശക്തികള്‍ ഉന്നയിച്ച ന്യായം, അതുവഴി തങ്ങള്‍ പുരോഗതിക്ക് വഴിതുറക്കുകയാണ് എന്നായിരുന്നല്ലോ (ഇംഗ്ലീഷ് കവി റുഡ്‌യാര്‍ഡ് കിപ്ലിംഗിന്റെ 'വെള്ളക്കാരന്റെ ഭാരം' -White Man's Burden- എന്ന പ്രയോഗം നമുക്കിവിടെ ഓര്‍ക്കാം). യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഏഷ്യയിലും ആഫ്രിക്കയിലുമുള്ള ഏതാണ്ടെല്ലാ മുസ്‌ലിം രാഷ്ട്രങ്ങളെയും കീഴ്‌പ്പെടുത്തുകയും അവയെ അടിമപ്പെടുത്തുകയും ചെയ്തു. ഇത് കേവലം രാഷ്ട്രീയ അടിമപ്പെടുത്തല്‍ മാത്രമായിരുന്നില്ല. മുഴുവന്‍ അധികാരവും സംവിധാനങ്ങളുമുപയോഗിച്ച് തങ്ങളുടെ ദര്‍ശനങ്ങള്‍ കൊളോണിയല്‍ ശക്തികള്‍ അടിച്ചേല്‍പിച്ചുകൊണ്ടുമിരുന്നു. ഈ ചിന്തകളുടെ അടിസ്ഥാനത്തിലാണ് കോളനിവത്കരിക്കപ്പെട്ട മുസ്‌ലിം നാടുകളില്‍ നിയമപരിഷ്‌കാരങ്ങള്‍ ഉണ്ടാകുന്നത്, പുതിയ വിദ്യാഭ്യാസ രീതികള്‍ക്ക് രൂപം കൊടുക്കുന്നത്. മുസ്‌ലിം നാടുകളില്‍ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍തന്നെ 'മതപരിഷ്‌കരണങ്ങള്‍'ക്കും തുടക്കമായി. മുസ്‌ലിം ലോകത്ത് മുഴുവനും ഇതിന്റെ പ്രതിഫലനങ്ങള്‍ വളരെ പ്രകടമായിരുന്നു.
3. മൗലാനാ മൗദൂദിയുടെ കാലം വരേക്കും ഭരണകൂടങ്ങളുടെ ആ ആധുനീകരണ പ്രക്രിയകള്‍ വിജയകരമായിത്തന്നെയാണ് മുന്നോട്ടുപോയത്. ചിന്താപരമായി യൂറോപ്യര്‍ തന്നെയായ ഒരു കുലീന വര്‍ഗം എല്ലാം മുസ്‌ലിം നാടുകളിലും ഉയര്‍ന്നുവന്നു. മുസ്‌ലിം ലോകത്ത് സാമ്പത്തികമായി മെച്ചപ്പെട്ട നിലയില്‍ കഴിയുന്നവരും വിവിധ മേഖലകളില്‍ സ്വാധീനം ചെലുത്തുന്നവരുമായ ആളുകളില്‍ വലിയൊരു വിഭാഗം വിദ്യാഭ്യാസം നേടിയത് പാശ്ചാത്യ നാടുകളില്‍നിന്നായിരുന്നു. അവര്‍ വിവാഹം കഴിച്ചതും പാശ്ചാത്യ വനിതകളെത്തന്നെ. വീട്ടിലും നാട്ടിലുമൊക്കെ പാശ്ചാത്യ സംസ്‌കൃതിയേ കാണാനുള്ളൂ. ആധുനികതയുടെ സര്‍വ കാഴ്ചപ്പാടുകളും മതവിശ്വാസം പോലെ ഏറ്റുവാങ്ങിയ ഒരു വിഭാഗം. സമൂഹത്തെ ഏറ്റവുമധികം സ്വാധീനിച്ചത് ഈ വിഭാഗമായിരുന്നു. ഫലത്തില്‍ സമൂഹത്തെ നയിച്ചിരുന്നതും അവര്‍ തന്നെ. മുസ്‌ലിം നാടുകളില്‍ കൊളോണിയല്‍വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുന്ന ഘട്ടത്തില്‍ ഈ വരേണ്യവര്‍ഗം തങ്ങളുടെ യൂറോപ്യന്‍ തമ്പുരാക്കന്മാര്‍ക്കൊപ്പമായിരുന്നു. പിന്നെ കാറ്റ് മാറി വീശുന്നതു കണ്ട് ഈ വര്‍ഗം സ്വാതന്ത്ര്യ പ്രക്ഷോഭകര്‍ക്കൊപ്പം ചേരുകയായിരുന്നു. ഇവര്‍ ഇംഗ്ലീഷുകാരുടെ (മറ്റു നാടുകളില്‍ അതത് യൂറോപ്യന്‍ കൊളോണിയല്‍ ശക്തികളുടെ) ഭരണത്തിന് എതിരായിരുന്നുവെങ്കിലും, ജീവിത കാഴ്ചപ്പാടുകളില്‍ പൂര്‍ണമായും യൂറോപ്യര്‍ക്കൊപ്പമായിരുന്നു. ഒരെതിര്‍പ്പും അക്കാര്യത്തില്‍ ഉണ്ടായിരുന്നില്ല. ആധുനികതയുടെ ദര്‍ശനങ്ങളാണ് എല്ലാറ്റിനും പരിഹാരം എന്ന് ഈ വരേണ്യവര്‍ഗം ചിന്തിക്കുക സ്വാഭാവികമാണല്ലോ. യൂറോപ്യന്മാരില്‍നിന്ന് രാഷ്ട്രീയാധികാരം നേടിയെടുത്ത ശേഷം അവരുടെ കാഴ്പ്പാടുകളുടെയും ജീവിത വ്യവസ്ഥയുടെയും വക്താക്കളും പ്രയോക്താക്കളുമായി മാറുകയായിരുന്നു ഈ വരേണ്യവര്‍ഗം.
4. ഇന്ത്യയില്‍ സ്വാതന്ത്ര്യസമരത്തിന് തുടക്കമിട്ടത് മതവിഭാഗങ്ങളാണ് എന്നതാണ് സത്യം. മുസ്‌ലിംകള്‍ ഇങ്ങനെ ചിന്തിച്ചു: ഇംഗ്ലീഷുകാര്‍ വന്നാ
ണ് ഇവിടത്തെ മുസ്‌ലിം ഭരണത്തിന് അന്ത്യം കുറിച്ചത്, ഇസ്‌ലാമിക നിയമവ്യവസ്ഥ റദ്ദാക്കിയത്. ആയതിനാല്‍ ഇംഗ്ലീഷുകാരെ ഇവിടെ നിന്ന് കെട്ടുകെട്ടിച്ചാല്‍ റദ്ദാക്കപ്പെട്ട നിയമങ്ങള്‍ പുനഃസ്ഥാപിക്കാം. ആ സമരം ഖിലാഫത്ത് പ്രക്ഷോഭത്തിലേക്ക് എത്തുമ്പോഴേക്ക്, ഇംഗ്ലീഷുകാര്‍ നാടുവിടേണ്ടിവരുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞിരുന്നു. ബ്രിട്ടീഷുകാരോടുള്ള വെറുപ്പ് അതിന്റെ ഉച്ചിയിലെത്തിയിരുന്നു. സ്വാതന്ത്ര്യ പ്രസ്ഥാനം നാടുമുഴുക്കെ വ്യാപിച്ചു. ഇംഗ്ലീഷുകാരുടെ സാമൂഹിക സംവിധാനങ്ങളുമായി ഏതെങ്കിലും തരത്തില്‍ സഹകരിക്കുന്നത് ഊര്‍ധശ്വാസം വലിക്കുന്ന അവരുടെ ഭരണത്തിന് ആയുസ്സ് നീട്ടിക്കൊടുക്കലാകും. അതിനാല്‍തന്നെ സ്വാതന്ത്ര്യസമര നേതാക്കള്‍ കൊളോണിയല്‍ ഭരണത്തിന് അവസാന പ്രഹരം നല്‍കാനുള്ള ഒരുക്കത്തിലായിരുന്നു. ഈ ഘട്ടത്തിലാണ്, ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല(1920 ആഗസ്റ്റ്)ക്കു ശേഷം, മഹാത്മാ ഗാന്ധി നിസ്സഹകരണ പ്രസ്ഥാനവുമായി രംഗത്തു വരുന്നത്. ഈ ഘട്ടത്തില്‍ തന്നെയാണ് ഇംഗ്ലീഷുകാരുടെ തൊഴില്‍ സ്വീകരിക്കുന്നതും അവരുടെ അസംബ്ലികളിലേക്ക് മത്സരിക്കുന്നതും ബ്രിട്ടീഷ് സൈന്യത്തില്‍ ചേരുന്നതും അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതും അനുവദനീയമല്ല എന്ന ശൈഖുല്‍ ഹിന്ദ് മൗലാനാ മഹ്മൂദുല്‍ ഹസന്റെ പ്രസിദ്ധമായ ഫത്‌വ പുറത്തുവരുന്നതും. ഇതില്‍ 500 പണ്ഡിതന്മാര്‍ ഒപ്പിട്ടിരുന്നു. പണ്ഡിതന്മാരെല്ലാം ഒന്നായിച്ചേര്‍ന്ന് ഇംഗ്ലീഷുകാരുടെ അസംബ്ലികളില്‍ പങ്കാളിത്തം നേടുന്നതും അതിനു വേണ്ടി വോട്ട് രേഖപ്പെടുത്തുന്നതും വിലക്കുകയുണ്ടായി.
5. ഈയൊരു ചോദ്യം രാജ്യത്തിന്റെ മുമ്പിലുണ്ടായിരുന്നു. ഇംഗ്ലീഷുകാര്‍ പോയാല്‍ ഇന്ത്യയില്‍ ഏതു ഭരണമായിരിക്കും? അതിനെക്കുറിച്ച് ചര്‍ച്ചകളും നടക്കുന്നുണ്ടായിരുന്നു. ഒന്നാം ലോകയുദ്ധം വരെ മുസ്‌ലിംകള്‍ കരുതിയത്, ബ്രിട്ടീഷുകാര്‍ പോകുമെന്നും ഭരണം തിരിച്ചുകിട്ടുമെന്നുമായിരുന്നു. പിന്നെയാണ് ആധുനിക വിദ്യാഭ്യാസം നേടിയ വിഭാഗത്തിന്റെ കൈകളിലേക്ക് നേതൃത്വം നീങ്ങുന്നത്. യൂറോപ്പിലെ സെക്യുലര്‍ ഭരണത്തിന്റെ അതേ അടിസ്ഥാനങ്ങള്‍ തന്നെയാണ് ഇവിടെയും സ്വീകരിക്കേണ്ടത് എന്നവര്‍ വാദിച്ചു. ഈ ഘട്ടത്തില്‍ തന്നെയാണ് മുസ്‌ലിംകള്‍ക്ക് വേറൊരു രാഷ്ട്രം വേണമെന്ന് ചിലര്‍ വാദമുയര്‍ത്തിയതും. അത് രാജ്യമാകെ പടരുകയും ചെയ്തു. മുസ്‌ലിംകള്‍ക്ക് ഒരു ദേശരാഷ്ട്രം വേണമെന്നായിരുന്നു ഇക്കൂട്ടരുടെയും നിലപാട്; ആധുനികതയുടെതന്നെ അടിത്തറയിലാണ് ആ ദേശരാഷ്ട്രം നിലവില്‍ വരേണ്ടതും.
ഈ അഞ്ച് സവിശേഷ ചരിത്ര സന്ദര്‍ഭങ്ങളുടെ പശ്ചാത്തലത്തിലാണ് മൗലാനാ മൗദൂദി തന്റെ ചിന്തകളും ദര്‍ശനങ്ങളും സമര്‍പ്പിക്കുന്നത്. ഈ ചരിത്ര പശ്ചാത്തലം മുന്നില്‍ വെച്ച് മൗദൂദിചിന്തകളെ വായിച്ചാല്‍, അത്തരമൊരു സന്ദര്‍ഭത്തില്‍ ഒരു നവോത്ഥാന നായകന്‍ എന്താണോ ചെയ്യേണ്ടിയിരുന്നത് അതുതന്നെയാണ് മൗലാനാ മൗദൂദിയും ചെയ്തത് എന്ന് മനസ്സിലാക്കാനാവും. ആ ചരിത്ര ഘട്ടത്തെ ആഴത്തില്‍ പഠിച്ച ശേഷം ഒരു വിശ്വാസിയുടെ ഉള്‍ക്കാഴ്ചയോടുകൂടി അത്ര പരിചിതമല്ലാത്ത ഒരു വ്യവഹാരം (ഡിസ്‌കോഴ്‌സ്) ഉയര്‍ത്തിക്കൊണ്ടുവരികയാണ് അദ്ദേഹം ചെയ്തത്. മൗലാനാ മൗദൂദി രൂപകല്‍പന ചെയ്ത ആ വ്യവഹാര(Discourse)ത്തിന്റെ പ്രത്യേതകള്‍ താഴെ പറയുന്നവയാണ്:
1. പാശ്ചാത്യ ദര്‍ശനത്തെയും സംസ്‌കാരത്തെയും വളരെ ശക്തമായിത്തന്നെയാണ് മൗലാന നിരൂപണം ചെയ്തത്. ആ ദര്‍ശനത്തിന്റെ അടിത്തറ വളരെ ദുര്‍ബലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വസ്തുതകളെ ഉപരിപ്ലവമായ രീതിയില്‍ വിശകലനം ചെയ്താണ് ആ ദര്‍ശനം രൂപപ്പെട്ടതും. ആധുനികതയുടെ മുഴുവന്‍ വ്യവഹാരങ്ങളും മതത്തിന് എതിരായിരുന്നു. അതിനാല്‍ മൗലാന സര്‍വശക്തിയുമെടുത്ത് മതത്തിനു വേണ്ടി പ്രതിരോധം തീര്‍ത്തു. ആധുനികത വളരെ വേഗം അഭ്യസ്തവിദ്യരായ മുസ്‌ലിംകളെ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. ആ ഇന്ദ്രജാല വലയം തകര്‍ത്ത് ഇസ്‌ലാമിന്റെ ആളുകളെ ഇസ്‌ലാമില്‍ പ്രതീക്ഷയര്‍പ്പിക്കാന്‍ പ്രാപ്തരാക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ആധുനികതയുടെ അവതരണത്തില്‍ ഈ അപകടകാരിത ഇത്രത്തോളം തീവ്രമായി നാം കാണുന്നില്ല. അതുപോലെ സെക്യുലരിസം, നാഷ്‌നലിസം പോലുള്ള ദര്‍ശനങ്ങളും വലിയ മാറ്റങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ഈ ദര്‍ശനങ്ങള്‍ കടന്നുപോന്ന പരിവര്‍ത്തന ദശകള്‍ മനസ്സിലാക്കിയിട്ടില്ലാത്ത ആളുകള്‍, മൗലാനാ മൗദൂദിയുടെ വിമര്‍ശനങ്ങള്‍ അതിരൂക്ഷമാണെന്നും സന്തുലിതത്വം പാലിക്കുന്നില്ലെന്നും ആക്ഷേപിക്കാറുണ്ട്. എന്നാല്‍, പത്തൊമ്പതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിലെ ആദ്യ പാദങ്ങളിലെയും പാശ്ചാത്യ ചിന്തകളെ സൂക്ഷ്മമായി പഠിച്ചവര്‍ക്കറിയാം, അവ അക്കാലത്ത് എത്രമാത്രം തീവ്രവും രണോത്സുകവുമായിരുന്നുവെന്ന്, ആധുനിക എത്രമാത്രം മതവിരുദ്ധമായിരുന്നുവെന്ന്. മതത്തെ പിഴുതുമാറ്റുകയായിരുന്നു അക്കാലത്ത് സെക്യുലരിസത്തിന്റെ ലക്ഷ്യം. സ്വന്തം സമൂഹത്തെ ദൈവത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയായിരുന്നു അന്നത്തെ നാഷ്‌നലിസം. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെടാത്തതൊക്കെ നിഷേധിക്കുക എന്നതായിരുന്നു ശാസ്ത്രത്തിന്റെ രീതിശാസ്ത്രം. ഇപ്പോള്‍ അത്തരം നിലപാടുകളിലൊക്കെ വലിയ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. ഇസ്‌ലാമിക ചിന്തകര്‍ ഈ മാറ്റങ്ങളെ കൃത്യമായി അടയാളപ്പെടുത്തണം. അന്ന് ഈ ദര്‍ശനങ്ങളൊക്കെ അവയുടെ തീവ്ര സ്വഭാവം കാരണം വിമര്‍ശിക്കപ്പെടേണ്ടതു തന്നെയായിരുന്നു. അതാണ് മൗലാന ചെയ്തതും. മൗലാനാ മൗദൂദിയെപ്പോലുള്ള ഇസ്‌ലാമിക ചിന്തകര്‍ നടത്തിയ ധൈഷണിക പോരാട്ടങ്ങളുടെ ഫലമായാണ് മേല്‍പ്പറഞ്ഞ പാശ്ചാത്യ ദര്‍ശനങ്ങള്‍ അവയുടെ മതവിരുദ്ധ തീവ്ര ശൈലി ഉപേക്ഷിച്ച് മിതത്വത്തിലേക്ക് വന്നത് എന്നുപോലും നമുക്ക് വിലയിരുത്താവുന്നതാണ്. തീവ്രത മൗലാനാ മൗദൂദിക്കായിരുന്നില്ല, അദ്ദേഹം വിമര്‍ശനവിധേയമാക്കിയ ദര്‍ശനങ്ങള്‍ക്കായിരുന്നു എന്നര്‍ഥം.
2. ഇസ്‌ലാമിനു വേണ്ടി ഒരു പുതിയ വചനശാസ്ത്രം (ഇല്‍മുല്‍ കലാം) രൂപകല്‍പന ചെയ്യുകയായിരുന്നു മൗലാനാ മൗദൂദി. അനിഷേധ്യ തെളിവുകളുടെ പിന്‍ബലത്തോടെ അദ്ദേഹം പുതിയ തലമുറയോട് പറഞ്ഞുകൊണ്ടിരുന്നത് ഇസ്‌ലാം സമ്പൂര്‍ണ ജീവിത വ്യവസ്ഥയാണ്, പുതിയ കാലത്തും അതിന്റെ പ്രയോഗവത്കരണം സാധ്യമാണ് എന്നു മാത്രമായിരുന്നില്ല. ലോകം അഭിമുഖീകരിക്കുന്ന നീറുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ഇസ്‌ലാം മാത്രമാണെന്ന് അദ്ദേഹം സമര്‍ഥിക്കുക കൂടി ചെയ്തു. ഇസ്‌ലാമിന്റെ മുഴുവന്‍ അധ്യാപനങ്ങളും പ്രാവര്‍ത്തികമാക്കാന്‍ സാധ്യമല്ലെന്ന് ആദരണീയരായ പണ്ഡിതന്മാര്‍ വരെ പറഞ്ഞുകൊണ്ടിരുന്നു/സാമൂഹിക ജീവിതത്തില്‍ മുസ്‌ലിം പുതുതലമുറ ഇസ്‌ലാമികാധ്യാപനങ്ങളില്‍നിന്ന് വഴിതെറ്റിപ്പോയ ഒരു കാലഘട്ടത്തില്‍ ഇസ്‌ലാമിനെക്കുറിച്ച് ഇങ്ങനെയൊരു ആത്മവിശ്വാസം പകര്‍ന്നു നല്‍കാന്‍ കഴിഞ്ഞു എന്നതു തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന.
3. മേല്‍ വിവരിച്ച സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യയിലെ മുസ്‌ലിംകള്‍ ഇസ്‌ലാമിക വ്യവസ്ഥക്കു വേണ്ടി നിലകൊള്ളുന്നവരാകണമെന്നും അതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും മൗലാനാ മൗദൂദി വാദിച്ചു. കാരണം സ്വാതന്ത്ര്യലബ്ധിയുടെ സന്ദര്‍ഭത്തില്‍ ഇന്ത്യയില്‍ ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരുന്ന വിഷയം, പുതിയ രാഷ്ട്രത്തിന്റെ ഭരണവ്യവസ്ഥ എന്തായിരിക്കണം എന്നതായിരുന്നു. അങ്ങനെയൊരു സന്ദര്‍ഭത്തില്‍ ആ വിഷയം പ്രബോധന(ദഅ്‌വത്തീ) സ്വഭാവത്തോടുകൂടി അവതരിപ്പിക്കുക സ്വാഭാവികമാണല്ലോ. ചരിത്ര നിര്‍ണായകമായ ആ ഘട്ടത്തില്‍ അനാവശ്യമായ വാദകോലാഹലങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു മുസ്‌ലിംകള്‍. ചില മുസ്‌ലിം നേതാക്കള്‍ സ്വന്തമായി ഒരു രാഷ്ട്രം വേണമെന്ന് വാദിച്ചു. അവിടത്തെ ഭരണവ്യവസ്ഥ എന്തായിരിക്കും? അതിനെക്കുറിച്ച് യാതൊരു ധാരണയുമില്ല. അവിടെയും ഇംഗ്ലീഷുകാരുടെ ഭരണവ്യവസ്ഥ തന്നെയായിരിക്കും എന്നാണ് സന്ദര്‍ഭത്തില്‍നിന്ന് മനസ്സിലാക്കാനാവുമായിരുന്നത്. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് വേണ്ടത് ഇസ്‌ലാമിക ഭരണവ്യവസ്ഥ അല്ലെങ്കില്‍ ഹുകൂമത്തെ ഇലാഹിയ്യ എന്ന് മൗലാനാ മൗദൂദി ശബ്ദമുയര്‍ത്തിയത്.
4. സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യയിലെ മുസ്‌ലിംകള്‍ ഇസ്‌ലാമിക ഭരണവ്യവസ്ഥക്കു വേണ്ടി നിലകൊള്ളണമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍, അതിന്റെ സ്വാഭാവിക തേട്ടമാണ് അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തെ പൂര്‍ണമായും ബഹിഷ്‌കരിക്കണമെന്നത്. ഇംഗ്ലീഷുകാര്‍ നാടുവിട്ടാലും അവര്‍ക്കു ശേഷം 'കറുത്ത ഇംഗ്ലീഷുകാര്‍' കൊളോണിയല്‍ ഭരണത്തിന് പുനര്‍ജന്മം നല്‍കില്ലെന്നും ഉറപ്പു വരുത്തേണ്ടതുണ്ടായിരുന്നു. ഈ ഘട്ടത്തില്‍ കൊളോണിയല്‍ സ്ഥാപനങ്ങളുമായി ഏതെങ്കിലും വിധത്തില്‍ സഹകരിക്കുന്നത് കൊളോണിയലിസത്തിന് ജീവന്‍ കൊടുക്കുന്നതിനു തുല്യമായിരുന്നു. ഈ നിസ്സഹകരണ പ്രഖ്യാപനം നടത്തിയത് മൗലാനാ മൗദൂദി മാത്രമായിരുന്നില്ല. നിരവധി മുസ്‌ലിം പണ്ഡിതന്മാരും നേതാക്കളും ഈ ചിന്താഗതിക്കാരായിരുന്നു. ഹിന്ദുക്കളും മുസ്‌ലിംകളും ഒരുപോലെ സര്‍ക്കാര്‍ ജോലികള്‍ വലിച്ചെറിഞ്ഞുകൊണ്ടിരുന്നു. രാജ്യമൊന്നടങ്കം നിസ്സഹകരണ പ്രസ്ഥാനം ശക്തിപ്പെട്ടു. മുസ്‌ലിം വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഉപേക്ഷിച്ച് പുറത്തേക്കിറങ്ങി. ജാമിഅ മില്ലിയ്യ പോലുള്ള സ്വാതന്ത്ര്യ സമര സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നു. അതിനാല്‍തന്നെ കൊളോണിയല്‍ ഇന്ത്യയില്‍ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുന്നതില്‍നിന്നും സര്‍ക്കാര്‍ ജോലികള്‍ സ്വീകരിക്കുന്നതില്‍നിന്നും ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതില്‍നിന്നും വിട്ടുനില്‍ക്കണമെന്ന് മൗലാനാ മൗദൂദി ആഹ്വാനം നല്‍കി. ഇംഗ്ലീഷുകാരുമായി ഒരു സഹകരണവും പാടില്ലെന്ന് പ്രഖ്യാപിച്ചു. അതൊരു പൂര്‍ണ നിസ്സഹകരണം തന്നെയായിരുന്നു. വ്യവസ്ഥ മാറുന്ന ഒരു സംക്രമണ ഘട്ടത്തില്‍ യുക്തിപൂര്‍ണം തന്നെയായിരുന്നു ഈ ആഹ്വാനം.
ഈ ബന്ധവിഛേദനം ഒരു പ്രത്യേക ചരിത്രഘട്ടത്തിലെ നിലപാടാണ് എന്നര്‍ഥം. ആദ്യ ഘട്ടങ്ങളില്‍ ഇന്ത്യയിലെയും മറ്റു നാടുകളിലെയും മുസ്‌ലിംകളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രഭാഷണങ്ങളിലും ആഹ്വാനങ്ങളിലുമാണ് ഇത് കാണാന്‍ സാധിക്കുക. പക്ഷേ, പിന്നീട് അവിഭക്ത ഇന്ത്യയില്‍തന്നെ അവസ്ഥകള്‍ മാറാന്‍ തുടങ്ങി. ബ്രിട്ടീഷുകാര്‍ നാടു വിട്ടാലും ഇസ്‌ലാമിക നിയമങ്ങള്‍ പെട്ടെന്ന് നടപ്പാക്കുക എളുപ്പമായിരിക്കില്ലെന്ന് മൗലാനാ മൗദൂദിക്ക് ബോധ്യമായി. അങ്ങനെയാണ് ഒരു 'അര്‍ധ ദാറുല്‍ ഇസ്‌ലാം' (ശിബ്ഹു ദാറുല്‍ ഇസ്‌ലാം) സാഹചര്യം കൊണ്ടുവരാന്‍ അദ്ദേഹം ആഹ്വാനം നല്‍കുന്നത്. മുസ്‌ലിംകള്‍ക്ക് മതപരമായ സ്വയംനിര്‍ണയാവകാശം ലഭിക്കുന്ന ഒരു സംവിധാനം എന്നാണ് അതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്.1 സ്വതന്ത്രമാവുന്ന ഇന്ത്യക്കു മുമ്പാകെ മൂന്ന് ഭരണ മാതൃകകള്‍ അദ്ദേഹം സമര്‍പ്പിച്ചിരുന്നു. അതില്‍ ഒന്നാമത്തേത്, 'ഒന്നിച്ച് നില്‍ക്കുന്ന ദേശീയ വിഭാഗങ്ങളുടെ ഒരു രാഷ്ട്രം' എന്ന മാതൃകയായിരുന്നു.2 ഹൈദരാബാദ് -ദക്കാന്‍ മുസ്‌ലിംകള്‍ക്ക് അദ്ദേഹം നല്‍കിയ ഉപദേശം ഇതായിരുന്നു: ''ഈ സന്ദര്‍ഭത്തില്‍ സംഘര്‍ഷത്തിലേര്‍പ്പെടുകയല്ല ബുദ്ധിപരം. ഇന്ത്യന്‍ യൂനിയനുമായി ഒരു ധാരണയിലെത്താന്‍ ശ്രമം നടത്തുക. ഏറ്റവും അപകടം കുറഞ്ഞ വഴിയാണിത് എന്നതു മാത്രമല്ല കാരണം. ഭാവിയില്‍ തങ്ങളുടെ സമൂഹത്തെ വളര്‍ത്തിക്കൊണ്ടുവരാന്‍ സഹായകമാവുംവിധത്തിലുള്ള സ്ഥാനങ്ങള്‍ ആര്‍ജിച്ചെടുക്കാനും ഇതുവഴി സാധിക്കും.'' ഈ ധാരണക്ക് അഞ്ച് പോയിന്റുകളും മൗലാന സമര്‍പ്പിച്ചിരുന്നു.3 ദക്ഷിണാഫ്രിക്കയിലെ മുസ്‌ലിംകളെ അദ്ദേഹം ഉപദേശിച്ചത്, അവിടത്തെ വര്‍ണവിവേചനം അവസാനിപ്പിക്കുന്നതിന് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കണമെന്നും വര്‍ണവെറിയന്‍ സ്വേഛാധിപത്യ ഭരണകൂടത്തിനെതിരെ പൊരുതുന്ന അമുസ്‌ലിം വിഭാഗങ്ങളെ പിന്തുണക്കണമെന്നുമാണ്.4 സ്വാതന്ത്ര്യലബ്ധിക്കും ഇന്ത്യാ വിഭജനത്തിനും മുമ്പു തന്നെ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കു മുന്നില്‍ അദ്ദേഹം നാലിന പരിപാടി അവതരിപ്പിച്ചിരുന്നുവല്ലോ.5
(തുടരും)
കുറിപ്പുകള്‍
1. മൗലാനാ മൗദൂദി-തഹ്‌രീക് ആസാദി ഹിന്ദ് ഔര്‍ മുസല്‍മാന്‍, ഒന്നാം ഭാഗം, ഇസ്‌ലാമിക് പബ്ലിക്കേഷന്‍സ് ലിമിറ്റഡ്, ലാഹോര്‍ (1983), പേജ് 67-70
2 അതേ പുസ്തകം പേജ് 485-494
3. ഖാസിം രിളവിക്ക് മൗലാനാ മൗദൂദി അയച്ച കത്ത്. സലീം മന്‍സൂര്‍ ഖാലിദും റഫീഉദ്ദീന്‍ ഹാശിമിയും എഡിറ്റ് ചെയ്ത 'മൗദൂദിയുടെ കത്തുകള്‍' (ഖുത്വൂത്വ് മൗദൂദി) എന്ന പുസ്തകം, രണ്ടാം ഭാഗം, മന്‍ശൂറാത്ത് ലാഹോര്‍ (1995) പേജ് 306-315
4. ശംസ് പീര്‍സാദ- മുല്‍ക് കാ മൗജൂദ നിസാം ഔര്‍ തഹ്‌രീകെ ഇഖാമത് ദീന്‍ (കേന്ദ്ര കൂടിയാലോചനാ സമിതി അംഗങ്ങളുടെ ലേഖനങ്ങള്‍), ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പ്രസിദ്ധീകരണ വിഭാഗം (1977). പേജ് 129. ഉദ്ധരണം: Criterion ഡിസംബര്‍ 1969
5. മൗലാനാ മൗദൂദി- മദ്രാസ് പ്രഭാഷണം, മര്‍കസി മക്തബ ഇസ്‌ലാമി, ന്യൂദല്‍ഹി (2016)
Comments