യേശുവിന്റെ ജീവിതവും സന്ദേശവും
യേശുവിന്റെ ചെറുപ്രായത്തിലുള്ള ജീവിതത്തെക്കുറിച്ച് വളരെ കുറച്ച് മാത്രമേ അറിയാന്‍ കഴിഞ്ഞിട്ടുള്ളൂ. കന്യാമറിയം അദ്ദേഹത്തിന് ജന്മം നല്‍കുന്നത് ഫലസ്ത്വീനില്‍ വെച്ചാണ്. എല്ലാ മുസ്‌ലിംകളും യേശുവില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്യുന്നത് ഖുര്‍ആനില്‍ അദ്ദേഹം പരാമര്‍ശിക്കപ്പെടുന്നതുകൊണ്ടും സമുന്നതരായ ദൈവദൂതന്മാരിലൊരാളായി മുഹമ്മദ് നബി അദ്ദേഹത്തെ വിശേഷിപ്പിച്ചതുകൊണ്ടുമാണ്.
മറ്റൊന്നുമായും സമാനതകളില്ലാത്ത ഏകദൈവത്തിലുള്ള വിശ്വാസം, അവനെ മാത്രമേ വണങ്ങാനും ആരാധിക്കാനും പാടുള്ളൂ- ഇതായിരുന്നു യേശുവിന്റെ അധ്യാപനങ്ങളുടെ സത്ത. സ്‌നേഹവും സമാധാനവും അദ്ദേഹം ഉപദേശിക്കുകയും ചെയ്തു. അദ്ദേഹം നിരവധി അത്ഭുതങ്ങള്‍ കാണിച്ചു. പക്ഷേ, അവയുടെയൊന്നും ക്രെഡിറ്റ് അദ്ദേഹം സ്വയം അവകാശപ്പെട്ടില്ല. എല്ലാം ദൈവേഛയാല്‍ സംഭവിക്കുന്നു എന്നാണ് പറഞ്ഞത്.1
യോഹന്നാന്‍ സുവിശേഷത്തില്‍ (5:30) യേശു ഇങ്ങനെ പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നുണ്ട്: ''എനിക്ക് സ്വമേധയാ ഒന്നും ചെയ്യാന്‍ കഴിയുന്നതല്ല'' ലൂക്കോസിന്റെ സുവിശേഷത്തില്‍ (11:20) ഇങ്ങനെ വായിക്കാം: ''ദൈവത്തിന്റെ ശക്തികൊണ്ട് ഞാന്‍ ഭൂതങ്ങളെ പുറത്താക്കുന്നുവെങ്കില്‍....'' ആകാശഭൂമികളുടെ സ്രഷ്ടാവായ ദൈവത്തോടാണ് യേശു പ്രാര്‍ഥിക്കാറുണ്ടായിരുന്നത്. ലാസറസിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന സന്ദര്‍ഭത്തെക്കുറിച്ച് യോഹന്നാന്റെ സുവിശേഷത്തില്‍ വന്ന വിവരണം (11: 41-42) ഇപ്രകാരമാണ്: ''യേശു തന്റെ കണ്ണുകള്‍ മേലോട്ട് ഉയര്‍ത്തി പറഞ്ഞു: പിതാവേ, നീ എന്റെ അപേക്ഷ കേട്ടതിനാല്‍ ഞാന്‍ നിന്നെ വാഴ്ത്തുന്നു. നീ എപ്പോഴും എന്റെ അപേക്ഷ കേള്‍ക്കുന്നു എന്ന് ഞാന്‍ അറിഞ്ഞിരിക്കുന്നു. എങ്കിലും നീ എന്നെ അയച്ചു എന്ന് ചുറ്റും നില്‍ക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിനായി അവര്‍ക്കു വേണ്ടി ഞാനിത് പറയുന്നു.'' ഒരു പ്രധാന ശിഷ്യനായ സൈമണ്‍ (പീറ്റര്‍) പറയുന്നു: ''യിസ്രായേല്‍ പുരുഷന്മാരേ, ഈ വചനം കേട്ടുകൊള്‍വിന്‍. നിങ്ങള്‍ തന്നെ അറിയും പോലെ, ദൈവം അവനെക്കൊണ്ട് നിങ്ങളുടെ നടുവില്‍ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ട് ദൈവം നിങ്ങള്‍ക്ക് കാണിച്ചുതന്ന പുരുഷനായി നസറായനായ യേശുവിനെ...'' (അപ്പോസ്തല പ്രവൃത്തികള്‍ 2:22). ഈ അത്ഭുതങ്ങള്‍ക്കൊക്കെ ദൃക്‌സാക്ഷികളായ ജനത്തിനും അറിയാമായിരുന്നു, അവയൊക്കെ ദൈവാംഗീകാരം ലഭിച്ചതുകൊണ്ട് സംഭവിക്കുന്നതാണെന്നും, ദൈവപ്രവാചകനാണ് യേശു എന്നും. വിധവയുടെ മകന്റെ കാര്യത്തില്‍, യേശു അവന് ജീവന്‍ തിരിച്ചുനല്‍കിയപ്പോള്‍ അവിടെ സന്നിഹിതരായവര്‍ പ്രഖ്യാപിക്കുന്നത് ഇങ്ങനെയാണ്: ''ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ എഴുന്നേറ്റിരിക്കുന്നു; ദൈവം തന്റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു'' (ലൂക്കോസ് 7:16).
ഖുര്‍ആനില്‍ 'ഈ വലിയ പ്രവാചകന്‍' ഈസബ്‌നു മര്‍യം (മേരിയുടെ മകന്‍ യേശു) എന്നാണ് പരാമര്‍ശിക്കപ്പെടുന്നത്; 25 തവണ. അതേസമയം മുഹമ്മദ് നബിയുടെ പേര് അഞ്ചു തവണ മാത്രമേ ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നുള്ളൂ എന്നുമോര്‍ക്കണം. 'ഇംറാന്‍ കുടുംബം' (ആലുഇംറാന്‍) എന്ന വിശുദ്ധ ഖുര്‍ആനിലെ മൂന്നാം അധ്യായത്തില്‍ നാമിങ്ങനെ വായിക്കുന്നു (45-62).
മലക്കുകള്‍ പറഞ്ഞതോര്‍ക്കുക: ''മര്‍യം,(1) അല്ലാഹു തന്നില്‍ നിന്നുള്ള ഒരു വചനത്തെ സംബന്ധിച്ച് നിന്നെയിതാ ശുഭവാര്‍ത്ത(2) അറിയിക്കുന്നു. അവന്റെ പേര്‍ മര്‍യമിന്റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. അവന്‍ ഈ ലോകത്തും പരലോകത്തും ഉന്നതസ്ഥാനീയനും ദിവ്യസാമീപ്യം സിദ്ധിച്ചവനുമായിരിക്കും.
തൊട്ടിലില്‍വെച്ചുതന്നെ അവന്‍ ജനത്തോടു സംസാരിക്കും. പ്രായമായ ശേഷവും. അവന്‍ സദ്വൃത്തനായിരിക്കും.''
അവള്‍ ചോദിച്ചു: ''എന്റെ നാഥാ, എനിക്കെങ്ങനെ പുത്രനുണ്ടാകും? എന്നെ ഒരു പുരുഷനും തൊട്ടിട്ടുപോലുമില്ല!'' അല്ലാഹു അറിയിച്ചു: ''അത് ശരിതന്നെ. എന്നാല്‍, അല്ലാഹു അവനിഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അതിനോട് 'ഉണ്ടാവുക' എന്നു പറയുകയേ വേണ്ടൂ. അപ്പോഴേക്കും അതുണ്ടാവുന്നു.''
അവനെ അല്ലാഹു വേദവും യുക്തിജ്ഞാനവും(4) തൗറാത്തും ഇഞ്ചീലും പഠിപ്പിക്കും.
ഇസ്രയേല്‍ മക്കളിലേക്കു ദൂതനായി നിയോഗിക്കും. അവന്‍ പറയും: ''ഞാന്‍ നിങ്ങളുടെ നാഥനില്‍ നിന്നുള്ള തെളിവുമായാണ് നിങ്ങളുടെ അടുത്തു വന്നിരിക്കുന്നത്. ഞാന്‍ നിങ്ങള്‍ക്കായി കളിമണ്ണുകൊണ്ട് പക്ഷി(5)യുടെ രൂപമുണ്ടാക്കും. പിന്നെ ഞാനതിലൂതിയാല്‍ അല്ലാഹുവിന്റെ അനുമതിയോടെ അതൊരു പക്ഷിയായിത്തീരും. ജന്മനാ കണ്ണില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തും. ദൈവഹിതമനുസരിച്ച് മരിച്ചവരെ ജീവിപ്പിക്കും. നിങ്ങള്‍ തിന്നുന്നതെന്തെന്നും വീടുകളില്‍ സൂക്ഷിച്ചുവെച്ചത് ഏതൊക്കെയെന്നും ഞാന്‍ നിങ്ങള്‍ക്കു വിവരിച്ചു തരും. തീര്‍ച്ചയായും അതിലെല്ലാം നിങ്ങള്‍ക്ക് അടയാളങ്ങളുണ്ട്; നിങ്ങള്‍ വിശ്വാസികളെങ്കില്‍!
''എനിക്കു മുമ്പ് അവതീര്‍ണമായ തൗറാത്തിനെ ശരിവെക്കുന്നവനായാണ് എന്നെ അയച്ചത്; നിങ്ങള്‍ക്ക് നിഷിദ്ധമായിരുന്ന ചിലത് അനുവദിച്ചുതരാനും. നിങ്ങളുടെ നാഥനില്‍നിന്നുള്ള തെളിവുമായാണ് ഞാന്‍ നിങ്ങളിലേക്ക് വന്നത്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. എന്നെ അനുസരിക്കുക.
''നിശ്ചയമായും അല്ലാഹു എന്റെയും നിങ്ങളുടെയും നാഥനാണ്. അതിനാല്‍ അവന്നുമാത്രം വഴിപ്പെടുക. ഇതാണ് നേര്‍വഴി.''
പിന്നീട് ഈസാക്ക് അവരുടെ സത്യനിഷേധഭാവം ബോധ്യമായപ്പോള്‍ ചോദിച്ചു: ''ദൈവമാര്‍ഗത്തില്‍ എനിക്കു സഹായികളായി ആരുണ്ട്?'' ഹവാരികള്‍ പറഞ്ഞു: ''ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാണ്. ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ അല്ലാഹുവെ അനുസരിക്കുന്നവരാണെന്ന് അങ്ങ് സാക്ഷ്യം വഹിച്ചാലും.
''ഞങ്ങളുടെ നാഥാ, നീ ഇറക്കിത്തന്നതില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. നിന്റെ ദൂതനെ ഞങ്ങള്‍ പിന്തുടരുകയും ചെയ്തിരിക്കുന്നു. അതിനാല്‍ സത്യത്തിന് സാക്ഷ്യം വഹിക്കുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളെയും നീ രേഖപ്പെടുത്തേണമേ.''
സത്യനിഷേധികള്‍ ഗൂഢതന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. തന്ത്രപ്രയോഗങ്ങളില്‍ മറ്റാരേക്കാളും മികച്ചവന്‍ അല്ലാഹു തന്നെ.
അല്ലാഹു പറഞ്ഞതോര്‍ക്കുക: ഈസാ, ഞാന്‍ നിന്നെ പൂര്‍ണമായി ഏറ്റെടുക്കും(6). നിന്നെ എന്നിലേക്ക് ഉയര്‍ത്തും. സത്യനിഷേധികളില്‍നിന്ന് നിന്നെ നാം രക്ഷപ്പെടുത്തും. നിന്നെ പിന്‍പറ്റിയവരെ ഉയിര്‍ത്തെഴുന്നേല്‍പുനാള്‍വരെ സത്യനിഷേധികളേക്കാള്‍ മീതെയാക്കും. പിന്നെ നിങ്ങളുടെയൊക്കെ തിരിച്ചുവരവ് എന്റെ അടുത്തേക്കാണ്. നിങ്ങള്‍ ഭിന്നിച്ചിരുന്ന കാര്യങ്ങളില്‍ അപ്പോള്‍ ഞാന്‍ തീര്‍പ്പു കല്‍പിക്കും.
എന്നാല്‍ സത്യനിഷേധികളെ നാം ഇഹത്തിലും പരത്തിലും കഠിനമായി ശിക്ഷിക്കും. അവര്‍ക്ക് സഹായികളായി ആരുമുണ്ടാവില്ല.
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോ അവര്‍ക്കുള്ള പ്രതിഫലം അല്ലാഹു പൂര്‍ണമായും നല്‍കും. അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.
നിനക്കു നാം ഈ ഓതിക്കേള്‍പ്പിക്കുന്നത് ദൈവവചനങ്ങളില്‍പ്പെട്ടതാണ്. യുക്തിപൂര്‍വമായ ഉദ്ബോധനത്തില്‍നിന്നുള്ളവയും.
സംശയമില്ല. അല്ലാഹുവിന്റെ അടുത്ത് ഈസായുടെ ഉപമ ആദമിന്റേതുപോലെയാണ്. അല്ലാഹു ആദമിനെ മണ്ണില്‍നിന്ന് സൃഷ്ടിച്ചു. പിന്നെ അതിനോട് 'ഉണ്ടാവുക' എന്ന് കല്‍പിച്ചു. അപ്പോളതാ അദ്ദേഹം ഉണ്ടാകുന്നു.
ഇതെല്ലാം നിന്റെ നാഥനില്‍നിന്നുള്ള സത്യസന്ദേശമാണ്. അതിനാല്‍ നീ സംശയാലുക്കളില്‍പെടാതിരിക്കുക.
നിനക്ക് യഥാര്‍ഥ ജ്ഞാനം വന്നെത്തിയശേഷം ഇക്കാര്യത്തില്‍ ആരെങ്കിലും നിന്നോട് തര്‍ക്കിക്കാന്‍ വരുന്നുവെങ്കില്‍ അവരോടു പറയുക: ''നിങ്ങള്‍ വരൂ! നമ്മുടെ ഇരുകൂട്ടരുടെയും മക്കളെയും സ്ത്രീകളെയും നമുക്കു വിളിച്ചുചേര്‍ക്കാം. നമുക്ക് ഒത്തുചേര്‍ന്ന്, കൂട്ടായി അകമഴിഞ്ഞ് പ്രാര്‍ഥിക്കാം: ''കള്ളം പറയുന്നവര്‍ക്ക് ദൈവശാപം ഉണ്ടാവട്ടെ!''
ഇത് സത്യസന്ധമായ സംഭവവിവരണമാണ്; തീര്‍ച്ച. അല്ലാഹു അല്ലാതെ ദൈവമില്ല. ഉറപ്പായും അല്ലാഹു തന്നെയാണ് പ്രതാപിയും യുക്തിമാനും.
ഖുര്‍ആനിലെ 19-ാം അധ്യായമായ മര്‍യമില്‍ ദൈവത്തിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ (19: 16-36):
ഈ വേദപുസ്തകത്തില്‍ മര്‍യമിന്റെ കാര്യം വിവരിക്കുക. അവര്‍ തന്റെ സ്വന്തക്കാരില്‍നിന്നകലെ കിഴക്കൊരിടത്ത് കഴിഞ്ഞുകൂടിയ കാലം.
സ്വന്തക്കാരില്‍നിന്നൊളിഞ്ഞിരിക്കാന്‍ അവരൊരു മറയുണ്ടാക്കി. അപ്പോള്‍ നാം നമ്മുടെ മലക്കിനെ മര്‍യമിന്റെ അടുത്തേക്കയച്ചു. മലക്ക് അവരുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷമായി.
അവര്‍ പറഞ്ഞു: ''ഞാന്‍ നിങ്ങളില്‍നിന്ന് പരമകാരുണികനായ അല്ലാഹുവില്‍ അഭയം തേടുന്നു. നിങ്ങള്‍ സൂക്ഷ്മതയുള്ളവനെങ്കില്‍?''
മലക്ക് പറഞ്ഞു: ''നിനക്ക് പരിശുദ്ധനായൊരു പുത്രനെ പ്രദാനം ചെയ്യാന്‍ നിന്റെ നാഥന്‍ നിയോഗിച്ച ദൂതന്‍ മാത്രമാണ് ഞാന്‍.''
അവര്‍ പറഞ്ഞു: ''എനിക്കെങ്ങനെ പുത്രനുണ്ടാകും? ഇന്നോളം ഒരാണും എന്നെ തൊട്ടിട്ടില്ല. ഞാന്‍ ദുര്‍നടപ്പുകാരിയുമല്ല.''
മലക്ക് പറഞ്ഞു: ''അതൊക്കെ ശരിതന്നെ. എന്നാലും അതുണ്ടാവും. നിന്റെ നാഥന്‍ പറയുന്നു: നമുക്കത് നന്നേ നിസ്സാരമാണ്. ആ കുട്ടിയെ ജനങ്ങള്‍ക്കൊരടയാളവും നമ്മില്‍നിന്നുള്ള കാരുണ്യവുമാക്കാനാണ് നാം അങ്ങനെ ചെയ്യുന്നത്. അത് തീരുമാനിക്കപ്പെട്ട കാര്യമാണ്.''
അങ്ങനെ അവര്‍ ആ കുഞ്ഞിനെ ഗര്‍ഭം ധരിച്ചു. ഗര്‍ഭം ചുമന്ന് അവര്‍ അകലെ ഒറ്റക്കൊരിടത്ത് മാറിത്താമസിച്ചു.
പിന്നെ പേറ്റുനോവ് അവളെ ഒരീന്തപ്പനയുടെ അടുത്തെത്തിച്ചു. അവര്‍ പറഞ്ഞു: ''അയ്യോ കഷ്ടം! ഇതിനു മുമ്പേ തന്നെ ഞാന്‍ മരിച്ചിരുന്നെങ്കില്‍! എന്റെ ഓര്‍മപോലും മാഞ്ഞുപോയിരുന്നെങ്കില്‍!''
അപ്പോള്‍ താഴ്ഭാഗത്തുനിന്ന് അവരോട് വിളിച്ചുപറഞ്ഞു: ''നീ ദുഃഖിക്കേണ്ട. നിന്റെ നാഥന്‍ നിന്റെ താഴ്ഭാഗത്ത് ഒരരുവി ഉണ്ടാക്കിത്തന്നിരിക്കുന്നു.
''നീ ആ ഈന്തപ്പനമരമൊന്നു പിടിച്ചുകുലുക്കുക. അത് നിനക്ക് പഴുത്തു പാകമായ പഴം വീഴ്ത്തിത്തരും
''അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്‍കുളിര്‍ക്കുകയും ചെയ്യുക. അഥവാ, നീയിനി വല്ലവരെയും കാണുകയാണെങ്കില്‍ അവരോട് ഇങ്ങനെ പറഞ്ഞേക്കുക: ''ഞാന്‍ പരമകാരുണികനായ അല്ലാഹുവിനു വേണ്ടി നോമ്പെടുക്കാമെന്ന് നേര്‍ച്ചയാക്കിയിട്ടുണ്ട്. അതിനാല്‍ ഞാന്‍ ഇന്ന് ആരോടും സംസാരിക്കുകയില്ല.''
പിന്നെ അവര്‍ ആ കുഞ്ഞിനെയെടുത്ത് തന്റെ ജനത്തിന്റെ അടുത്തു ചെന്നു. അവര്‍ പറഞ്ഞുതുടങ്ങി: ''മര്‍യമേ, കൊടിയ കുറ്റമാണല്ലോ നീ ചെയ്തിരിക്കുന്നത്.
''ഹാറൂന്റെ സോദരീ, നിന്റെ പിതാവ് ദുര്‍വൃത്തനായിരുന്നില്ല. നിന്റെ മാതാവ് പിഴച്ചവളുമായിരുന്നില്ല.''
അപ്പോള്‍ മര്‍യം തന്റെ കുഞ്ഞിനു നേരെ വിരല്‍ ചൂണ്ടി. അവര്‍ ചോദിച്ചു: ''തൊട്ടിലില്‍ കിടക്കുന്ന കുട്ടിയോട് ഞങ്ങളെങ്ങനെ സംസാരിക്കും?''
കുഞ്ഞ് പറഞ്ഞു: ''ഞാന്‍ അല്ലാഹുവിന്റെ ദാസനാണ്. അവനെനിക്കു വേദപുസ്തകം നല്‍കിയിരിക്കുന്നു. എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു.
''ഞാന്‍ എവിടെയായിരുന്നാലും അവനെന്നെ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്നേടത്തോളം കാലം നമസ്‌കരിക്കാനും സകാത്ത്(7) നല്‍കാനും അവനെന്നോട് കല്‍പിച്ചിരിക്കുന്നു.
''അല്ലാഹു എന്നെ എന്റെ മാതാവിനോട് നന്നായി വര്‍ത്തിക്കുന്നവനാക്കിയിരിക്കുന്നു. അവനെന്നെ ക്രൂരനും ഭാഗ്യംകെട്ടവനുമാക്കിയിട്ടില്ല.
''എന്റെ ജനനദിനത്തിലും മരണദിവസത്തിലും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നാളിലും എനിക്ക് സമാധാനം!''
അതാണ് മര്‍യമിന്റെ മകന്‍ ഈസാ. ജനം തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന കാര്യത്തിലുള്ള സത്യസന്ധമായ വിവരണമാണിത്.
പുത്രനെ സ്വീകരിക്കുകയെന്നത് അല്ലാഹുവിനു ചേര്‍ന്നതല്ല. അവനെത്ര പരിശുദ്ധന്‍. അവനൊരു കാര്യം തീരുമാനിച്ചാല്‍ അതിനോട് 'ഉണ്ടാവുക' എന്ന വചനമേ വേണ്ടൂ. അതോടെ അതുണ്ടാവുന്നു.
ഈസാ പറഞ്ഞു: ''സംശയമില്ല; അല്ലാഹു എന്റെയും നിങ്ങളുടെയും നാഥനാണ്. അതിനാല്‍ അവനു വഴിപ്പെടുക. ഇതാണ് നേര്‍വഴി.''
കൂടാതെ പ്രവാചക വചനങ്ങളിലും യേശുവിനെക്കുറിച്ച പരാമര്‍ശങ്ങള്‍ കാണാം. ഒരിക്കല്‍ മുഹമ്മദ് നബി പറഞ്ഞു: ''ഈ ലോകത്തും പരലോകത്തും മേരിയുടെ പുത്രന്‍ യേശുവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്നത് ഞാനായിരിക്കും. പിതൃപരമ്പരയില്‍ പ്രവാചന്മാരെല്ലാം സഹോദരന്മാരാണ്. അവരുടെ മാതാക്കള്‍ക്ക് മാത്രമാണ് മാറ്റമുള്ളത്. എല്ലാവരുടെയും മതം ഒന്നാണ്.''8
മറ്റൊരു പ്രവാചകവചനം കാണുക: ''ഓരോ മനുഷ്യക്കുഞ്ഞും പിറന്നുവീഴുമ്പോഴും പിശാച് ആ കുഞ്ഞിന്റെ ഇരു പാര്‍ശ്വങ്ങളും തന്റെ വിരലുകള്‍കൊണ്ട് സ്പര്‍ശിക്കും; മേരിയുടെ പുത്രന്‍ യേശുവിനെ ഒഴിച്ച്. പിശാച് യേശുവെ തൊടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിശാച് തൊട്ടത് മറുപിള്ളയിലായിരുന്നു.''9 ഇംറാന്റെ ഭാര്യയുടെ, അഥവാ യേശുവിന്റെ മുത്തശ്ശിയുടെ പ്രാര്‍ഥനയുടെ ഫലമായിരുന്നു ഇത്. ''ആ കുഞ്ഞിന് ഞാന്‍ മര്‍യം എന്ന് പേരിട്ടിരിക്കുന്നു. അവളെയും അവളുടെ സന്താനപരമ്പരകളെയും ശപിക്കപ്പെട്ട പിശാചില്‍നിന്ന് രക്ഷിക്കാനായി ഞാനിതാ നിന്നില്‍ അഭയം തേടുന്നു.''10
വിശുദ്ധ ഖുര്‍ആന്‍ യേശുവിനെയും മുഹമ്മദിനെയും ഒരുപോലെ വിശുദ്ധരും നിര്‍മലഹൃദയരുമായ മഹാത്മാക്കളായിട്ടാണ് കാണുന്നത്. കാരണം രണ്ടു പേരും സര്‍വശക്തനായ ഒരേ ദൈവത്തിന്റെ ദൂതന്മാരാണ്.
(തുടരും)
കുറിപ്പുകള്‍
1. വസ്തുത ഇതാണെങ്കിലും, യേശുവിന്റെ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായ രീതിയിലാണ് ക്രൈസ്തവ പ്രഭാഷകര്‍ സംസാരിക്കാറുള്ളത്. ആ അത്ഭുത സംഭവങ്ങളെ യേശുവിന്റെ ദിവ്യത്വത്തില്‍ വിശ്വസിക്കാനുള്ള ന്യായമായി അവര്‍ വിശദീകരിക്കുന്നു. അവരോടൊന്ന് ചോദിക്കട്ടെ: അങ്ങനെയെങ്കില്‍ മോസസിനെയും ദൈവമായി കാണേണ്ടതല്ലേ? വടികൊണ്ടടിച്ച് കടല്‍ പിളര്‍ത്തിയ ആളല്ലേ അദ്ദേഹം (പുറപ്പാട് 14:16-29)? അദ്ദേഹത്തിന്റെ വടി ഒരു ഇഴ ജന്തുവായി മാറുകയും ചെയ്തിരുന്നുവല്ലോ (പുറപ്പാട് 4:2-5). യോശുവ (Joshua) സൂര്യനോടും ചന്ദ്രനോടും നില്‍ക്കൂ എന്ന് ആവശ്യപ്പെടുകയും അവ നില്‍ക്കുകയും ചെയ്യുന്നുണ്ടല്ലോ. എങ്കില്‍ എന്തുകൊണ്ട് യോശുവയെ ദൈവമാക്കിക്കൂടാ (യോശുവ 10:12-13)? മരിച്ച കുട്ടിക്ക് ജീവന്‍ തിരിച്ചു നല്‍കിയ ഏലിയാവ് (Elijah) എന്തുകൊണ്ട് ദൈവമായിക്കൂടാ (രാജാക്കന്മാര്‍, ഒന്നാം ഭാഗം 17:20-22)? അതേ അത്ഭുതവൃത്തി കാണിച്ച എലീശയെയും (രാജാക്കന്മാര്‍, രണ്ടാം ഭാഗം 4:32-35)? മരിച്ച എലീശയുടെ അസ്ഥിയില്‍ തൊട്ടപ്പോള്‍ പോലും മരിച്ചയാള്‍ പുനര്‍ജനിച്ചു എന്ന് പറയുന്നില്ലേ (രാജാക്കന്മാര്‍, രണ്ടാം ഭാഗം 13:20-21)? യെഹെസ്‌കേല്‍ (Ezekiel) പ്രവാചകന്‍ ആയിരക്കണക്കിന് സൈനികര്‍ക്ക് ജീവന്‍ തിരിച്ചുനല്‍കിയതായി പറയുന്നു (യെഹസ്‌കേല്‍ 37:7-10). ഇവരൊന്നും യഥാര്‍ഥ ദൈവം പോയിട്ട് സാദാ ദൈവം പോലുമായി പരിഗണിക്കപ്പെടുന്നില്ലല്ലോ.
2. വിശുദ്ധ ഖുര്‍ആന്‍ പേരെടുത്തു പറഞ്ഞ ഏകവനിതയാണ് യേശുവിന്റെ മാതാവ് മര്‍യം (മേരി). അവരുടെ പേര് 34 തവണ വന്നിരിക്കുന്നു ഖുര്‍ആനില്‍. ബൈബിളില്‍ മേരിയുടെ പേരില്‍ ഒരു അധ്യായമില്ല; ഖുര്‍ആനില്‍ ഒരു അധ്യായം മുഴുവന്‍ അവരുടെ പേരിലാണ് അറിയപ്പെടുന്നത്. ഖുര്‍ആനികാധ്യായങ്ങളില്‍ ഒരിടത്തും മുഹമ്മദ് നബിയുടെ മാതാവിനെയോ പെണ്‍മക്കളെയോ ഭാര്യമാരെയോ ഒന്നും പേരെടുത്ത് പരാമര്‍ശിക്കുന്നില്ല. ആ മഹതിയോടുള്ള ആദരസൂചകമായാണ് മുസ്‌ലിംകള്‍ തങ്ങളുടെ പെണ്‍മക്കള്‍ക്ക് മര്‍യം എന്ന് പേരിടുന്നത്.
3. സൂചന പ്രവാചകന്‍ യേശുവിലേക്ക്. ദൈവത്തില്‍നിന്നുള്ള 'ഉണ്ടാവൂ' എന്ന ആജ്ഞാവാക്യമാണ് അദ്ദേഹത്തിന്റെ ജന്മത്തിന് നിദാനം.
4. പ്രവാചകന്മാരുടെ അധ്യാപനങ്ങള്‍
5. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഈ അത്ഭുതവും അല്‍ മാഇദയില്‍ പറയുന്ന ഒന്നും (ഭക്ഷണം നിരത്തിവെച്ച ഒരു മേശ ആകാശത്തു നിന്ന് ഇറങ്ങിവരിക) മറ്റു ചില അത്ഭുതങ്ങളും ബൈബിളില്‍ കാണുകയില്ല.
6. ദൈവം യേശുവിനെ രക്ഷപ്പെടുത്തുകയും ജീവനോടെ ആകാശത്തേക്കുയര്‍ത്തുകയുമാണുണ്ടായത്; ശരീരവും ആത്മാവുമൊന്നിച്ച്. പരിക്കോ വേദനയോ ഒന്നും അദ്ദേഹത്തിന് ഉണ്ടായില്ല.
7. സകാത്ത് ഇസ്‌ലാമിന്റെ സ്തംഭങ്ങളിലൊന്നാണ്. സ്വത്തിന്റെയും വരുമാനത്തിന്റെയും നിശ്ചിത വിഹിതം പാവപ്പെട്ടവര്‍ക്കും പ്രയാസപ്പെടുന്നവര്‍ക്കും നല്‍കലാണത്.
8. ബുഖാരി ഉദ്ധരിച്ചത്. ഹദീസ് നമ്പര്‍: 3370
9. ബുഖാരി, No. 3216
10. 3:36. ഖുര്‍ആനും മുഹമ്മദ് നബിയും, പിശാചുബാധയില്‍നിന്ന് യേശു സുരക്ഷിതനായിരുന്നു എന്ന് പറയുന്നതിലൂടെ അദ്ദേഹത്തെ ആദരിക്കുകയാണ് ചെയ്യുന്നത്. ബൈബിളില്‍ (ലൂക്കോസ് 4:2) യേശു പിശാചിന്റെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി എന്ന് പറയുന്നുണ്ട്.
Comments