Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 4

അനുസ്മരണം

പുത്തുപ്രക്കാട്ട് ഫാത്തിമ
കൊടിഞ്ഞിയിലെ പൊറ്റാനിക്കല്‍ കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഭാര്യ പുത്തുപ്രക്കാട്ട് ഫാത്തിമ നിര്യാതയായി(96). ജമാഅത്തെ ഇസ്ലാമി അംഗമായിരുന്നു.
1950കളില്‍ തന്നെ ജമാഅത്തെ ഇസ്ലാമിയുടെ ശബ്ദം കൊടിഞ്ഞിയില്‍ എത്തിയിരുന്നു. ഈ കാലഘട്ടത്തില്‍ തന്നെ ടി. മുഹമ്മദ് സാഹിബിന്റെ ഭാര്യ കദിയുമ്മ, സഹോദരിയും ജമാഅത്ത് അംഗവുമായ ആമിനക്കുട്ടി എന്നിവരോടൊപ്പം അവര്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുകൊണ്ടു.
1974ലാണ് ജമാഅത്തെ ഇസ്ലാമിയില്‍ അംഗമായത്. കേരള ജമാഅത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ അംഗമായിരുന്നു അവര്‍. പഴയ കാലത്തെ പ്രാസ്ഥാനിക ചരിത്രത്തിലെ പല ഏടുകളും ഓര്‍മയില്‍നിന്ന് എടുത്ത് പറഞ്ഞു തരുമായിരുന്നു. പ്രായമേറെ ചെന്നിട്ടും പഠനത്തില്‍ താല്‍പര്യം കാണിക്കുകയും വ്യക്തി റിപ്പോര്‍ട്ട് യഥാസമയം ഇഹ്തിസാബി യോഗങ്ങളില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
രണ്ടാം ക്ളാസ് വരെയുള്ള വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന അവര്‍ പ്രബോധനം പ്രതിപക്ഷ പത്രത്തിന്റെ വായനയിലൂടെയാണ് മലയാളം പഠിച്ചത്. ഖുര്‍ആന്‍ പാരായണവും ഇസ്ലാമിക പ്രസിദ്ധീകരണങ്ങളും ദിനപത്രവും വായിക്കുന്നതും ദിനചര്യയുടെ ഭാഗമായിരുന്നു. കാഴ്ചക്ക് മങ്ങലേറ്റത് മുതല്‍ വായിച്ചു കൊടുക്കുന്നതിനായി മക്കളെയും പേരക്കുട്ടികളെയും നിര്‍ബന്ധിക്കും.
ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സഹചാരികളായ നാല് ആണ്‍ മക്കളെ ബാക്കിയാക്കി ഭൌതിക ജീവിതത്തിന്റെ കെട്ടുപാടുകളില്ലാതെ ജിവിതത്തിന്റെ അവസാന നാളുകളിലും പ്രസ്ഥാനത്തെ സ്നേഹിച്ച ആ മഹതി യാത്രയായി. രണ്ട് ആണ്‍മക്കളും രണ്ട് മരുമക്കളും ജമാഅത്ത് അംഗങ്ങളാണ്. ഇസ്ലാമിന്റെയും ഇസ്ലാമിക പ്രസ്ഥാനത്തിന്റെയും മാര്‍ഗത്തില്‍ നിലകൊള്ളുന്ന പേരക്കുട്ടികളും അവരുടെ പേരക്കുട്ടികളും അടങ്ങുന്ന വലിയ കുടുംബമാണ് അവരുടേത്.
ഫാത്തിമ സലാം കൊടിഞ്ഞി
വി.വി മുഹമ്മദ് മാസ്റര്‍

ചങ്ങരംകുളത്ത് മുത്തഫിഖ് ഹല്‍ഖ നിലവില്‍ വന്നപ്പോള്‍ അതിനു നേതൃത്വം കൊടുത്തത് മുഹമ്മദ് മാസ്ററായിരുന്നു. മൂക്കുതല ഹൈസ്കൂളിലെ അധ്യാപകനായിരുന്നു അദ്ദേഹം. ചെറുപ്പത്തില്‍ ദര്‍സുകളില്‍ പഠിച്ചിട്ടുണ്ട്. എടപ്പാള്‍ ഏരിയയിലെ കാളാച്ചാല്‍ പ്രാദേശിക ജമാഅത്തിന് നേതൃത്വം നല്‍കുമ്പോഴാണ് അല്ലാഹു അദ്ദേഹത്തെ തിരിച്ചു വിളിച്ചത്. പ്രസ്ഥാനത്തോട് അനുഭാവമുള്ളവരാണ് അഞ്ച് മക്കളും ഭാര്യ ഫാത്തിമയും.
പി.പി ഉമ്മര്‍കുട്ടി ചങ്ങരംകുളം

നഫീസ
മാള ഏരിയയിലെ ചാലക്കുടി ഹല്‍ഖ പ്രവര്‍ത്തകര്‍ക്ക് എന്നും മാതൃതുല്യമായ സ്നേഹം നിര്‍ലോഭം പകര്‍ന്ന് നല്‍കിയിരുന്ന, പരേതനായ ജൈനി സാഹിബിന്റെ ഭാര്യ നഫീസ(65) അല്ലാഹുവിലേക്ക് യാത്രയായി. പ്രാസ്ഥാനിക ഇടപെടലുകള്‍ക്ക് സഹായം ആവശ്യമുള്ളപ്പോഴൊക്കെ ഹല്‍ഖ പ്രവര്‍ത്തകര്‍ ആദ്യം സമീപിക്കുക ആ മഹതിയെയായിരിക്കും. രോഗം കലശലായ അന്ത്യനാളുകളിലും വാര്‍ഷിക സംഭാവനകള്‍ക്ക് മുടക്കം വരാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. പ്രദേശത്തെ വനിതകള്‍ക്കിടയില്‍ ദീനീ പ്രബോധന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിക്കാനും കുടുംബത്തെ ദീനീമാര്‍ഗത്തില്‍ വഴിനടത്താനും അവര്‍ക്ക് കഴിഞ്ഞു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്റെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന അന്‍വര്‍ഷ, പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തകനായ റഫീഖ് എന്നീ ആണ്‍മക്കളും 5 പെണ്‍മക്കളുമുണ്ട്.
നാസിം ചാലക്കുടി ഹല്‍ഖ

അബ്ദുസ്സമദ്
കാഞ്ഞിരപ്പള്ളി, തേനമ്മാക്കല്‍ ഹാജി. അബ്ദുസ്സമദു(സമദണ്ണ) വട്ടകപ്പാറ നിര്യാതനായി. കാഞ്ഞിരപ്പള്ളി, പൂതക്കുഴി ജുമുഅത്തുപള്ളി ഭാരവാഹി ആയിരുന്നു അദ്ദേഹം ലളിത ജീവിതത്തിന്റെ ഉടമയായിരുന്നു. ഇസ്ലാമിക പ്രസ്ഥാനത്തെയും അദ്ദേഹം ഉള്‍ക്കൊണ്ടിരുന്നു. പ്രസ്ഥാന പ്രവര്‍ത്തകരുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വളരെ ഊഷ്മളമായിരുന്നു. പത്രമാധ്യമങ്ങളുടെ കാമ്പയിനുകളില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം മുന്നില്‍ നടന്നു വരിക്കാരെ ചേര്‍ക്കുന്നതില്‍ അദ്ദേഹം കാണിച്ചിരുന്ന ശുഷ്കാന്തി മാതൃകാപരമായിരുന്നു.
കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ ജമാഅത്തു നൈനാര്‍ പള്ളി, ഹിദായത്തുല്‍ ഇസ്ലാം അറബികോളേജ്, ദാറുസ്സലാം മദ്റസ തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃതലങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകനും മുസ്ലിംലീഗ് അംഗവുമായിരുന്നു.
പി.ഐ.എ മജീദ് കാഞ്ഞിരപ്പള്ളി


 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം