Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 4

ഓര്‍ക്കാപ്പുറത്ത് ഒരടി

ടി.കെ അബ്ദുല്ല / സദ്‌റുദ്ദീന്‍ വാഴക്കാട്‌

1950 കളുടെ മധ്യത്തില്‍ നടന്നതാണ്, സ്റഡി ക്ളാസിന് പോയി അടികൊണ്ട സംഭവം.
എന്റെ ജന്മദേശമായ ആയഞ്ചേരിക്കും വടകരക്കും മധ്യേ മുസ്ലിംകള്‍ക്ക് സ്വാധീനമുള്ള ഒരു പ്രദേശമാണ് വില്യാപള്ളി. ചെറിയ അങ്ങാടിയാണെങ്കിലും തുണിക്കച്ചവടവും മത്സ്യമാര്‍ക്കറ്റും മറ്റുകച്ചവടങ്ങളും സജീവമാണ്. മുസ്ലിംകള്‍ പൊതുവെ മറ്റു പ്രദേശങ്ങളെപോലെ തന്നെ വിദ്യാഭ്യാസമുള്ളവരായിരുന്നില്ല. ഭൂരിഭാഗവും ജന്മനാ സുന്നികളും ലീഗുകാരും. സഖാവ് കെ.കെ അബ്ദുല്ലയുടെ നേതൃത്വത്തില്‍ ഏതാനും മുസ്ലിം കമ്യൂണിസ്റുകാര്‍ ഉണ്ടായിരുന്നെങ്കിലും പില്‍കാലത്ത് ലീഗിലേക്ക് മാറുകയാണു ചെയ്തത്. ലീഗും സുന്നിയും ഒന്നായി വിദ്യാഭ്യാസത്തില്‍ പിന്നാക്കം നില്‍ക്കുന്ന ഏതുപ്രദേശത്തും ജമാഅത്തെ ഇസ്ലാമിയെപ്പോലൊരു ബൌദ്ധിക പ്രസ്ഥാനത്തിന് കടന്നുചെല്ലുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് വില്യാപള്ളി എന്ന പ്രദേശത്ത്, ക്ഷണിക്കപ്പെട്ട ഏതാനും പേര്‍ക്ക് വേണ്ടി പ്രസ്ഥാനത്തിന്റെ ഒരു സ്റഡിക്ളാസ് നിശ്ചയിക്കുന്നത്.
എന്റെ അകന്ന ബന്ധുവായ കരിങ്കീരിയില്‍ മൊയ്തുവിന്റെ വീട്ടിലാണ് പരിപാടി. വില്യാപള്ളിയില്‍ അന്ന് ജമാഅത്തിന് ഹല്‍ഖയോ ഘടനയോ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും പ്രസ്ഥാനത്തോട് ഉള്ളില്‍ അനുഭാവമുള്ള ഏതാനും ചെറുപ്പക്കാര്‍ ഉണ്ടായിരുന്നു. അതിലൊരാള്‍ മൊയ്തുവാണ്. മഗ്രിബ് നമസ്കാരാനന്തരമാണ് പരിപാടി. എന്റെ കൂടെ കെ. അബ്ദുല്ല ഹസനും ഉണ്ടായിരുന്നു. അന്ന് അബ്ദുല്ല ഹസന്‍ കെ.എന്‍ അബ്ദുല്ല മൌലവിയുടെ കീഴില്‍ പൈങ്ങോട്ടായി മദ്റസയില്‍ പഠിക്കുന്ന ചെറിയ വിദ്യാര്‍ഥിയാണ്. കെ.എന്‍ മഞ്ചേരിക്കാരനായതുകൊണ്ട് അബ്ദുല്ല ഹസന്റെ എളാപ്പ കെ.കെ അലി സാഹിബ് കെ.എന്നിന്റെ അടുത്തേക്ക് പഠിക്കാന്‍ അയച്ചതായിരിക്കണം. മഗ്രിബ് നമസ്കാരം കഴിഞ്ഞതേയുള്ളൂ. ക്ഷണിക്കപ്പെട്ട ആളുകള്‍ വന്നു തുടങ്ങിയിട്ടില്ല. തികച്ചും അപ്രതീക്ഷിതമായി മുതിര്‍ന്ന രണ്ടുപേര്‍ കയറിവന്നു. അറുപത് വയസിനുമേല്‍ പ്രായം. കൈയില്‍ ഊന്നു വടിയുണ്ട്. രണ്ടുപേരും മൊയ്തുവിന്റെ അമ്മാവന്‍മാര്‍; എനിക്കും എന്നെയും നല്ലപോലെ അറിയുന്നവര്‍. മുഖവുരയൊന്നുമില്ലാതെ പരുഷമായി ഒരു ചോദ്യം, 'ആരാണ് നിന്നോട് ഇവിടെ വരാന്‍ പറഞ്ഞത്?' 'മൊയ്തു ക്ഷണിച്ചിട്ട് വന്നതാണ്' - എന്റെ മറുപടി തീരുന്നതിന് മുമ്പേ അടി വീണു കഴിഞ്ഞു. അബ്ദുല്ലഹസന് അടികൊള്ളാത്തത് ഭാഗ്യം. പ്രായമുള്ളവരായതുകൊണ്ട് അടിക്ക് ചൂട് പോരാ. ശാരീരിക വേദന പ്രശ്നമായില്ലെങ്കിലും അപമാനബോധം നല്ലപോലെ ഉണ്ടായി. സംഭവത്തിന് ആവര്‍ത്തന സ്വഭാവമുണ്ടായില്ല. വന്നവര്‍ ഉടന്‍ പോയിക്കഴിഞ്ഞു. പറമ്പത്ത് കുഞ്ഞിമൂസ ഹാജി എന്ന നാട്ടുകാരണവരും വെങ്ങോറ ഇബ്റാഹീം മുസ്ലിയാരുമായിരുന്നു ആ രണ്ടുപേര്‍. വീട്ടുകാരന്‍ മൊയ്തു തീര്‍ത്തും പരവശനായിരുന്നു. എന്നെ ക്ഷണിച്ചുവരുത്തി കാരണവന്മാരുടെ അടി കൊള്ളുന്നത് കാണേണ്ടി വന്ന മനോവേദന മൊയ്തുവെ വല്ലാതെ തളര്‍ത്തിക്കളഞ്ഞിരുന്നു. അല്‍പം കഴിഞ്ഞ് ഇതിനെക്കാള്‍ യാദൃശ്ചികമായി, ക്ഷണിക്കപ്പെടാത്ത മറ്റൊരു അതിഥി കയറിവന്നു; യുവപ്രായം മാറിയിട്ടില്ലാത്ത കല്ലുള്ളതില്‍ മൊയ്തു ഹാജി. ആളെ എനിക്ക് മുന്‍പരിചയമില്ല. ഇത്രപെട്ടെന്ന് എങ്ങനെ വിവരമറിഞ്ഞു എന്നും നിശ്ചയമില്ല. ഇദ്ദേഹവും സുന്നിയുമൊക്കെ തന്നെയാണെങ്കിലും മഹല്ല് കാരണവരുടെ പ്രതിയോഗി എന്ന നിലയില്‍ സന്ദര്‍ഭം ഉപയോഗപ്പെടുത്താന്‍ വന്നതാണെന്ന് അപ്പോള്‍ മനസിലായിരുന്നില്ല.
'ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല. കുറ്റ്യാടിയിലെ നിങ്ങളുടെ ജമാഅത്ത് നേതാക്കളുടെ അടുത്തേക്ക് ഇപ്പോള്‍ തന്നെ പോകണം' എന്ന് പറഞ്ഞുകൊണ്ട് മൊയ്തുഹാജി ഞങ്ങളെയും കൂട്ടി സ്വന്തം കാറില്‍ കുറ്റ്യാടിയിലേക്ക് പുറപ്പെട്ടു. പിന്നീട് എന്റെ ഭാര്യാപിതാവായിത്തീര്‍ന്ന ഒ.കെ മമ്മദ് സാഹിബിനെയും കൂട്ടി ബാവാച്ചി ഹാജിയുടെ വീട്ടിലേക്കാണ് ഞങ്ങള്‍ ചെന്നത്. ബാവാച്ചി ഹാജിയെ വിളിച്ചുണര്‍ത്തിയപ്പോള്‍ സ്ഥലത്ത് കച്ചവടാവശ്യാര്‍ഥം താമസമാക്കിയ പി.സി മാമുഹാജിയും വീട്ടില്‍ ഉണ്ടായിരുന്നു. മൊയ്തു ഹാജി എരിവും പുളിയും ചേര്‍ത്ത് സംഭവം ഭംഗിയായി അവതരിപ്പിച്ചു. ഉടനെ കേസും പോലീസ് ഇടപെടലും മറ്റും വേണമെന്നായിരുന്നു അദ്ദേഹം പറഞ്ഞതിന്റെ ധ്വനി. എന്തു സഹായത്തിനും മൊയ്തുഹാജി സന്നദ്ധനുമായിരുന്നു. എല്ലാം കേട്ട് കഴിഞ്ഞ് ആദ്യം പ്രതികരിച്ചത് മാമുഹാജിയാണ്; 'നിങ്ങള്‍ക്ക് ഞങ്ങളെ മനസിലായിട്ടില്ല, അല്ലേ. ഞങ്ങളുടെ പ്രസ്ഥാനം അടിയും ഇടിയുമൊക്കെ കൊള്ളാനുള്ളതാണ്. അതിനൊക്കെ കേസ് പോകാനുള്ളതല്ല. നിങ്ങള്‍ ഇതിനായി ഇത്രയും ദൂരെ ടി.കെയെയും കൂട്ടി വന്നതില്‍ ഖേദമുണ്ട്- മാമുഹാജി മൊയ്തുഹാജിയോട് പറഞ്ഞു. ഇത്രയും കേട്ടതോടെ മൊയ്തുഹാജിക്ക് മതിയായി. ഉദ്ദേശിച്ച കാര്യം നടക്കാതെ അദ്ദേഹം തീര്‍ത്തും നിരാശനായി തിരിച്ചുപോയി.
സംഭവത്തോടുള്ള പ്രതികരണത്തില്‍ എനിക്കും യോജിപ്പു തന്നെ. എങ്കിലും അപമാനബോധം നിലനിന്നു.
ഈ സംഭവം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ തീര്‍ത്തും അപ്രതീക്ഷിതമായി വേറെ രണ്ട് സംഭവങ്ങള്‍ ഉണ്ടായി. 1960കളുടെ മധ്യത്തിലാണ് ആദ്യസംഭവം. ഞാന്‍ കോഴിക്കോട് വെള്ളിമാട്കുന്നിലെ പ്രബോധനം ഓഫീസില്‍ ഇരിക്കുന്നു. എന്നെ അന്വേഷിച്ചു ഒരാള്‍ പുറത്തു നില്‍ക്കുന്നതായി ആരോ വന്ന് പറഞ്ഞു. ഞാന്‍ വന്നു നോക്കുമ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്, എന്നെ അടിച്ച സംഘത്തിലെ വെങ്ങോറ ഇബ്റാഹീം മുസ്ലിയാരാണ്. സ്വന്തം കണ്ണുകളെ അവിശ്വസിക്കാന്‍ എനിക്ക് പറ്റുമായിരുന്നില്ല. ഞാന്‍ ഇബ്റാഹീം മുസ്ലിയാരെ ക്ഷണിച്ചിരുത്തുന്നതിന് മുമ്പ് അദ്ദേഹം എന്നെ കെട്ടിപ്പിടിച്ച് കഴിഞ്ഞിരുന്നു. കണ്ണുകള്‍ ഈറനണിഞ്ഞതും കാണായി. ഞാനും വികാരാധീനനായി. പിന്നെ കൂടുതലൊന്നും സംസാരിക്കണമെന്ന് തോന്നിയില്ല. കഴിഞ്ഞതെല്ലാം പൊറുക്കണമെന്ന് ഇബ്റാഹീം മുസ്ലിയാര്‍ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. ഞാന്‍ അദ്ദേഹത്തെ ആദരപൂര്‍വം യാത്രയാക്കുകയും ചെയ്തു.
ഇത് കേവലം ഒരു പശ്ചാതാപം മാത്രമല്ല, വ്യക്തമായ ഒരുദ്ദേശ്യം അതിനു പിന്നിലുണ്ടെന്ന് അടുത്ത മാസങ്ങള്‍ക്കകം എനിക്ക് ബോധ്യമായി. ഇബ്റാഹീം മുസ്ലിയാരുടെ മകന്‍ വെങ്ങോറ മൊയ്തുവിന്റെ മകള്‍ക്കുവേണ്ടി, എന്റെ അനുജന്‍ മമ്മുവിന് വിവാഹാന്വേഷണം വരാന്‍ പോകുന്നതിന്റെ ആദ്യ സൂചനയായിരുന്നു അത്. അടിപ്രശ്നം മാറ്റിനിര്‍ത്തിയാല്‍ മറ്റെല്ലാ നിലക്കും അത് ഫിറ്റായ വിവാഹാലോചനയായിരുന്നു. മൊയ്തുവാകട്ടെ പ്രസ്ഥാനത്തിന്റെ അനുഭാവിയും. വിവാഹാന്വേഷണത്തിന് അനുകൂല മറുപടിയാണ് നല്‍കേണ്ടതെന്ന് ഞാനും കുടുംബാംഗങ്ങളും സന്തോഷപൂര്‍വം തീരുമാനത്തിലെത്തി. വളരെ നല്ല ബന്ധമായിരുന്നു അതെന്ന് അനുഭവം സാക്ഷ്യപ്പെടുത്തുകയും ചെയ്തു. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള അകല്‍ച്ചകള്‍ മറന്ന് കൂടുതല്‍ അടുക്കാന്‍ മാത്രമല്ല പ്രസ്ഥാന ബന്ധം വളരാനും അത് സഹായകമായി.
രണ്ടാമത്തെ സംഭവം നടക്കുന്നത് ഞാന്‍ കേരള ജമാഅത്ത് ഇമാറത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഘട്ടത്തിലാണ്. ഗള്‍ഫ് നാടുകളും അറബികളുമായി ജമാഅത്തെ ഇസ്ലാമിക്ക് വളരെ നല്ല ബന്ധം വളര്‍ന്നു വരുന്ന കാലമായിരുന്നു അത്. വില്യാപള്ളി പ്രദേശത്ത് യതീംഖാന, മദ്റസ, ആസ്പത്രി ഉള്‍പ്പെടെ ദീനീസ്വഭാവമുള്ള സേവന സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഇതേ കാലത്തായിരുന്നു. സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം ഗള്‍ഫ് മേഖലയില്‍ നിന്ന് ലഭിക്കേണ്ടത് വളരെ അത്യാവശ്യം. ജമാഅത്തെ ഇസ്ലാമി കേരള അമീറിന്റെ ശിപാര്‍ശക്കത്ത് ലഭിച്ചാല്‍ സംഗതി വിജയിക്കുമെന്ന് ഭാരവാഹികള്‍ക്ക് അറിയാമായിരുന്നു. മേല്‍പറഞ്ഞ മഹല്ല് കാരണവര്‍ കുഞ്ഞിമൂസ ഹാജിയുടെ മക്കളും ബന്ധപ്പെട്ടവരുമൊക്കെ ഉള്‍പ്പെട്ടതാണ് സ്ഥാപന നടത്തിപ്പുകാര്‍. കഴിഞ്ഞതെല്ലാം മറന്നുകൊണ്ടോ മാറ്റിവെച്ചുകൊണ്ടോ ആകണം, അവരുടെ ഒരു പ്രതിനിധിസംഘം കുറ്റ്യാടിയില്‍ എന്നെവന്ന് കണ്ടു; അതേസമയം കുറ്റ്യാടിയിലെ ചില പ്രസ്ഥാന ബന്ധുക്കള്‍ക്കും അഭ്യുദയ കാംക്ഷികള്‍ക്കും വേറെ ചില വിചാരങ്ങള്‍ ഉണ്ടായി. അങ്ങനെയങ്ങ് കത്ത് കൊടുക്കാനും മറ്റും വരട്ടെ; ഇവരോട് രണ്ട് ചോദിക്കണം എന്നിങ്ങനെ യുവാക്കളില്‍ അടക്കിപിടിച്ച വര്‍ത്തമാനം നടക്കുന്നതായി എന്റെ ശ്രദ്ധയില്‍ പെട്ടു. ഞാന്‍ അവരെ വിളിപ്പിച്ച് ശക്തമായി ഗുണദോഷിച്ചു. 'അവരുടെ നാട്ടില്‍ ഞാന്‍ ചെന്നപ്പോള്‍ അവര്‍ കാണിച്ചത് അറിവില്ലായ്മയാണ്. അതേ അറിവില്ലായ്മ നമ്മുടെ നാട്ടില്‍ അവരോട് നമ്മളും ചെയ്യണമെന്ന പ്രതികാര ചിന്ത തീര്‍ത്തും തെറ്റാണെന്നും കൂടുതല്‍ ഉയര്‍ന്ന പെരുമാറ്റമാണ് ഇസ്ലാം പഠിപ്പിക്കുന്നതെന്നും യുവാക്കളെ പറഞ്ഞുബോധ്യപ്പെടുത്താന്‍ കഴിഞ്ഞു.
ശിപാര്‍ശ കത്തിന് വേണ്ടി വന്നവര്‍ വ്യക്തിപരമായി എനിക്ക് പരിചയമുള്ളവരാണ്. കഴിഞ്ഞ ഒരു കാര്യവും ഞാന്‍ സൂചിപ്പിച്ചതേയില്ല. വളരെ പ്രോത്സാഹജനകമായ മറുപടി നല്‍കുകയും നിശ്ചിത ദിവസത്തിനകം നല്ല ഒരു ശിപാര്‍ശകത്ത് തയാറാക്കി എത്തിച്ചുകൊടുക്കുകയും ചെയ്തു. ഈ കത്തുമായി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ച വില്യാപള്ളി പ്രതിനിധികള്‍ക്ക് അവരുടെ പ്രതീക്ഷയില്‍ കവിഞ്ഞ- അന്നത്തെ സ്ഥിതിക്ക് എത്രയോ മെച്ചപ്പെട്ട ഒരു സംഖ്യ ലഭിക്കുകയും നന്ദി സൂചകമായി എന്നെ വന്നു കാണുകയും ചെയ്തു. തുടര്‍ന്ന്, അറബി പ്രതിനിധികള്‍ പങ്കെടുത്ത, സ്ഥാപനങ്ങളുടെ വലിയ ഒരു വാര്‍ഷിക സമ്മേളനവും വില്യാപള്ളിയില്‍ നടന്നു. അതിലേക്ക് കേരളത്തില്‍നിന്ന് പ്രാസംഗകരായി പ്രത്യേകം ക്ഷണിച്ചത് രണ്ടു പേരെയാണ്; സി.എച്ച് മുഹമ്മദ് കോയയെയും എന്നെയും. എന്നുമാത്രമല്ല അറബികളുടെ പ്രസംഗം 'ഉള്ളതുപോലെ' തര്‍ജമചെയ്യാന്‍ ഒരു പണ്ഡിതനെ ഏര്‍പ്പാടു ചെയ്തു തരണമെന്ന് അവര്‍ ആവശ്യപ്പെട്ടതിനാല്‍ മര്‍ഹൂം മുഹമ്മദ് ശരീഫ് മൌലവിയെ(തിരൂര്‍ക്കാട്) അയച്ചുകൊടുത്തതായും ഓര്‍ക്കുന്നു.
ഈ സംഭവങ്ങള്‍ ഭൌതികവീക്ഷണത്തില്‍ യാദൃഛികങ്ങളാകാം. എന്നാല്‍ ഇസ്ലാമിക പ്രവര്‍ത്തകരെ സംബന്ധിച്ചേടത്തോളം തിന്മയെ നന്മകൊണ്ട് നേരിടുകയെന്ന ഖുര്‍ആനികാധ്യാപനത്തിന്റെ സല്‍ഫലങ്ങളായി മാത്രമായേ ഇതിനെ വിലയിരുത്താനാവുകയുള്ളൂ.
(തുടരും)
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം