Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 4

മുസ്‌ലിം സംവരണം എന്ന മരീചിക

യു.പി ഉള്‍പ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ അസംബ്ലി തെരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തില്‍, കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ മുസ്‌ലിംകള്‍ക്ക് റിസര്‍വേഷന്‍ എന്ന യു.പി.എയുടെ പഴയ തെരഞ്ഞെടുപ്പ് വാഗ്ദാനം യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ നടപടികളാരംഭിച്ചതായി വന്ന വാര്‍ത്ത ഏറെ പ്രതീക്ഷയുളവാക്കിയിരുന്നു. ഒ.ബി.സി റിസര്‍വേഷനില്‍ 6.4 ശതമാനം മുസ്‌ലിംകള്‍ക്ക് നീക്കിവെക്കുന്നു എന്നാണ് കഴിഞ്ഞ ഡിസംബര്‍ ആദ്യവാരങ്ങളില്‍ കേട്ടിരുന്നത്. രംഗനാഥ് മിശ്ര കമീഷന്‍ ശിപാര്‍ശ ചെയ്ത 15 ശതമാനം റിസര്‍വേഷന്‍ എന്ന ആവശ്യത്തില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ അതിന്റെ ആദ്യ ഗഡുവെന്നോണം 6.4 ശതമാനത്തെ മുസ്‌ലിം സംഘടനകള്‍ സ്വാഗതം ചെയ്യുകയുണ്ടായി. ജനുവരിയില്‍ പുറത്തുവന്ന ഔദ്യോഗിക പ്രസ്താവനകളില്‍ സംവരണശതമാനം 4.5 ആയി ചുരുങ്ങിയിരിക്കുന്നു. അതിലേറെ സമുദായത്തെ ഇഛാഭംഗപ്പെടുത്തുന്നത് ഈ 4.5 ശതമാനവും മുസ്‌ലിം സംവരണമല്ല എന്നുള്ളതാണ്. മുസ്‌ലിം റിസര്‍വേഷനു പകരം കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത് ന്യൂനപക്ഷ സംവരണമാണ്. ഈ സംവരണം കൊണ്ട് മുസ്‌ലിംകള്‍ക്ക് കാര്യമായി ഒന്നും കിട്ടാനില്ല.
നേരത്തെ 27 ശതമാനം സംവരണം അനുവദിക്കപ്പെട്ട ഒ.ബി.സിയില്‍ ചില മുസ്‌ലിം വിഭാഗങ്ങളുമുണ്ട്. ഒ.ബി.സി ളുടെ സംവരണാവകാശം 4.5 ശതമാനമായി നിജപ്പെടുക എന്നതാണ് പുതിയ നടപടിയിലൂടെ സംഭവിക്കാന്‍ പോകുന്നത്. മൊത്തം മുസ്‌ലിം സമുദായത്തിന് അതുകൊണ്ട് പ്രയോജനമുണ്ടാവില്ല. ഇതല്ല മുസ്‌ലിംകള്‍ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സംവരണം. മൊത്തം മുസ്‌ലിംകളെ ഒരു പിന്നാക്ക വിഭാഗമായി പരിഗണിച്ച് സമുദായത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ സംവരണമേര്‍പ്പെടുത്തുകയാണാവശ്യം. സച്ചാര്‍ കമ്മിറ്റിയും മിശ്ര കമീഷനും മുഴുവന്‍ മുസ്‌ലിംകളെയും പിന്നാക്ക വിഭാഗമായി കണക്കാക്കുകയും പൊതുവായ സംവരണം ശിപാര്‍ശ ചെയ്യുകയും ചെയ്തിട്ടുള്ളതാണ്. ഈ ശിപാര്‍ശകളെ ആരും ചോദ്യം ചെയ്യുകയോ തള്ളുകയോ ചെയ്തിട്ടില്ല. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് പ്രശ്‌നം. കമീഷന്‍ ശിപാര്‍ശകള്‍ നടപ്പിലാക്കി ഭൂരിപക്ഷ സമുദായത്തെ അതൃപ്തരാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഭൂരിപക്ഷ സമുദായത്തിന്റെ ആനുകൂല്യങ്ങള്‍ക്ക് കുറവ് വരാതെ, സംവരണം അനുവദിച്ചുവെന്ന് വരുത്തി മുസ്‌ലിംകളെ സന്തോഷിപ്പിക്കുക എന്ന തന്ത്രമാണ് ഗവണ്‍മെന്റ് സ്വീകരിച്ചിരിക്കുന്നത്.
സച്ചാര്‍ -മിശ്ര കമീഷന്‍ ശിപാര്‍ശകളെ സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിഗണിക്കുന്നുണ്ടെങ്കില്‍ ചെയ്യേണ്ടത് അവരുടെ ശിപാര്‍ശകള്‍ നേരെ ചൊവ്വെ നടപ്പിലാക്കുകയാണ്. മുസ്‌ലിം സമുദായത്തിന് ജനസംഖ്യാനുപാതികമായ സംവരണമനുവദിക്കണം. സമുദായത്തിലെ ഏതെങ്കിലും വിഭാഗത്തില്‍ പരിമിതമാകരുത് സംവരണാനുകൂല്യം. ഒരു ജനവിഭാഗമെന്ന നിലയില്‍ മുസ്‌ലിം സമുദായം പൊതുവില്‍ തന്നെ ദയനീയമായ പിന്നാക്കാവസ്ഥയിലാണെന്നാണ് രണ്ട് റിപ്പോര്‍ട്ടുകളും വസ്തുതകളുടെ വെളിച്ചത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
ഒരു മതവിഭാഗം എന്ന അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ക്ക് സംവരണം നല്‍കാന്‍ ഭരണഘടന അനുവദിക്കാത്തതുകൊണ്ടാണ് ന്യൂനപക്ഷം എന്ന നിലയില്‍ സംവരണം നല്‍കുന്നതെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം. ഇതൊരു തട്ടിപ്പാണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങളായതും മതാടിസ്ഥാനത്തിലാണ്. സംവരണാനുകൂല്യമുള്ള വിഭാഗത്തില്‍ നിന്നൊരാള്‍ മതം മാറിയാല്‍ അയാള്‍ക്ക് സംവരണാര്‍ഹത നഷ്ടപ്പെടുന്നതെന്തടിസ്ഥാനത്തിലാണ്? മതാടിസ്ഥാനത്തിലല്ലാതുള്ള ന്യൂനപക്ഷങ്ങള്‍ ഏതൊക്കെയാണ് ഇന്ത്യയിലുള്ളത്? ഭരണഘടനയിലെ ഏതെങ്കിലും വാക്ക് നീതിയുമായി ഇടയുന്ന സാഹചര്യങ്ങളുണ്ടാകുമ്പോള്‍ ഭരണഘടനയെ നൈതികമായി വ്യാഖ്യാനിക്കുകയോ ഭേദഗതി ചെയ്യുകയോ ആണ് വേണ്ടത്. രാജ്യത്തെ പതിനഞ്ച് കോടി വരുന്ന ഒരു ജനവിഭാഗത്തിന്റെ ന്യായമായ അവകാശങ്ങള്‍ തടയാന്‍ ജനാധിപത്യ-മതേതര പ്രതിബദ്ധതയുള്ള സര്‍ക്കാറിന് ഭരണഘടന ഒരു മറയായിക്കൂടാ.
സ്വാതന്ത്ര്യാനന്തരം ഇന്നോളം അധികാരത്തില്‍ വന്ന ഗവണ്‍മെന്റുകളൊന്നും മുസ്‌ലിം സമുദായത്തോട് നീതിപുലര്‍ത്തിയിട്ടില്ല. വാഗ്ദാനങ്ങള്‍ മാത്രമാണ് എല്ലാവരും നല്‍കിയത്. മുസ്‌ലിം വോട്ടുകളായിരുന്നു അവര്‍ക്കാവശ്യം. മുസ്‌ലിം ക്ഷേമം ആരുടെയും അജണ്ടയിലില്ല. ആരെങ്കിലും വല്ലതും ചെയ്യാന്‍ ശ്രമിച്ചാല്‍ തന്നെ പ്രതിപക്ഷങ്ങള്‍ മുസ്‌ലിം പ്രീണനം എന്ന മുറവിളി കൂട്ടുകയായി. സമുദായത്തിന് കാര്യമായി ഒന്നും കിട്ടാനില്ലാത്ത ഇപ്പോഴത്തെ 4.5 ശതമാനം സംവരണ നിര്‍ദേശത്തിനെതിരെ പോലും മുസ്‌ലിം പ്രീണനമാരോപിച്ച് ഒച്ച വെക്കുന്നുണ്ട് ചിലര്‍. ഈ ദുരവസ്ഥക്കു കാരണം സര്‍ക്കാറുകളോ പാര്‍ട്ടികളോ മാത്രമാണെന്ന് പറഞ്ഞുകൂടാ. മുസ്‌ലിം സമുദായത്തിന്റെ അശ്രദ്ധക്കും അലസതക്കും കൂടി അതില്‍ വലിയ പങ്കുണ്ട്. ഒരു പ്രബുദ്ധ സമൂഹമായി നിലകൊള്ളാന്‍ അവര്‍ക്കാവുന്നില്ല. അനൈക്യത്തിന്റെയും ശൈഥില്യത്തിന്റെയും ഇരകളാണവര്‍. രാഷ്ട്രീയമായ ശാക്തീകരണം അവര്‍ക്കന്യമാണ്. വോട്ടവകാശം ഒരു ശക്തിയാകണമെങ്കില്‍ അത് ഏകോപിതമാകണം. സമുദായത്തിന്റെ പൊതുവായ ഏതെങ്കിലും താല്‍പര്യം സംരക്ഷിക്കുന്നതിനു വേണ്ടി ദേശീയതലത്തില്‍ വോട്ടുകള്‍ ഏകീകരിക്കാന്‍ സ്വാതന്ത്ര്യാനന്തരം ഇന്നുവരെ മുസ്‌ലിംകള്‍ക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തെരഞ്ഞെടുപ്പ് വേളയില്‍ മാത്രം പാര്‍ട്ടികള്‍ അവരെ പരിഗണിക്കുകയും മോഹന വാഗ്ദാനങ്ങള്‍ ചൊരിയുകയും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എല്ലാം മറന്ന് അവഗണിക്കുകയും ചെയ്യുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം