Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 4

പുതിയ അന്വേഷണങ്ങള്‍ക്ക് വഴിതുറന്ന് ഇസ്‌ലാമിക് അക്കാദമിക് കോണ്‍ഫറന്‍സ്‌

ബഷീര്‍ തൃപ്പനച്ചി

കാലത്തിന്റെ സങ്കീര്‍ണതകളില്‍ നിലച്ചുപോയ കേരളീയ ഇസ്ലാമിക വിജ്ഞാനന്വേഷണത്തിന്റെ വീണ്ടെടുപ്പിനുള്ള ധീരമായ ശ്രമങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് എസ്.ഐ.ഒ സംഘടിപ്പിച്ച ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സ് സമാപിച്ചു. ഇസ്ലാമിക അക്കാദമിക ലോകത്ത് നടന്ന് കൊണ്ടിരിക്കുന്ന അന്വേഷണങ്ങളുമായി കേരളത്തെ കണ്ണിചേര്‍ക്കുന്ന ചരിത്രപരമായ ഇടപെടലായിരുന്നു ജനുവരി 14, 15 ദിവസങ്ങളില്‍ ശാന്തപുരം അല്‍ജാമിഅയില്‍ നടന്ന കോണ്‍ഫറന്‍സ്. കോളനി മുക്തമായ പുതിയ കാലത്തെ പ്രമാണങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും വായിക്കാനുള്ള ശ്രമത്തിനപ്പുറം സംഘടനാതീതമായ കൈമാറ്റങ്ങള്‍ക്കും പുതിയ അന്വേഷണങ്ങള്‍ക്കും വഴി തുറന്നുവെന്നതാണ് കോണ്‍ഫറന്‍സിനെ ശ്രദ്ധേയമാക്കിയത്.
കേരളത്തിലെ വൈജ്ഞാനിക സംരംഭങ്ങള്‍ സംഘടനാ പക്ഷപാതിത്തങ്ങളിലേക്ക് ശുഷ്കിച്ച് പോയിടത്തു നിന്നാണ് പ്രതീക്ഷാര്‍ഹമായ ഈ തിരിച്ചു നടത്തം. കേരളീയ മുസ്ലിം സമൂഹത്തില്‍ ക്രിയാത്മകമായ വൈജ്ഞാനിക സംസ്കാരം വളര്‍ത്തിയെടുക്കാന്‍ ഇതിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇസ്ലാമിക ജ്ഞാന ശാസ്ത്രം, വ്യാഖ്യാന ശാസ്ത്രം, പുതിയ സാമൂഹിക ചിന്താപദ്ധതികള്‍, രാഷ്ട്രീയ കര്‍മശാസ്ത്രം, കര്‍മശാസ്ത്ര നിദാനങ്ങള്‍, ഇസ്ലാമിക രാഷ്ട്രീയ സിദ്ധാന്തം തുടങ്ങി പത്തോളം വിഷയങ്ങളെ കേന്ദ്രീകരിച്ച് നൂറിലധികം പ്രബന്ധങ്ങള്‍ കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ടു. ഇസ്ലാമിക വിഷയങ്ങളില്‍ ഇത്രയധികം പ്രബന്ധം അവതരിപ്പിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ പരിപാടിയാണിത്.
ശാന്തപുരം അല്‍ജാമിഅയില്‍ പ്രത്യേകം സംവിധാനിച്ച ഇമാം ഗസാലി ഓഡിറ്റോറിയത്തില്‍ പ്രശസ്ത എഴുത്തുകാരനും ഇന്റര്‍നാഷ്നല്‍ ഇസ്ലാമിക് അസോസിയേഷന്‍ ഓഫ് സയന്‍സ് മെമ്പറുമായ ഡോ. എറിക് വിംഗിളാണ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തത്. എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് മുഹമ്മദ് അസ്ഹറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മാധ്യമം എഡിറ്റര്‍ ഒ. അബ്ദുര്‍റഹ്മാന്‍, ഡോ. നസീം റഫിയാബാദി, ശൈഖ് അഹ്മദ് കുട്ടി ടൊറണ്ടോ, ശൈഖ് മുഹമ്മദ് കാരകുന്ന്, ഡോ. ഹുസൈന്‍ രണ്ടത്താണി, കെ.കെ സുഹ്റ, ശിഹാബ് പൂക്കോട്ടൂര്‍, വി.കെ അലി, ഡോ. യൂസുഫ് നദ്വി, അബ്ദുശ്ശുക്കൂര്‍ ഖാസിമി, കടക്കയ്ല്‍ ജുനൈദ്, ടി.കെ ഫാറൂഖ് എന്നിവര്‍ ഉദ്ഘാടന സെഷനില്‍ സംസാരിച്ചു.
ഫിഖ്ഹ് പാരമ്പര്യവും നവോത്ഥാനവും, ഇസ്ലാമിക രാഷ്ട്രീയ സിദ്ധാന്തം: വികാസ പരിണാമങ്ങള്‍, ഇസ്ലാമിക ചിന്തയുടെ പുനഃസംവിധാനം എന്നീ വിഷയങ്ങളില്‍ പൊതുപ്രഭാഷണവും ചര്‍ച്ചയും കോണ്‍ഫറന്‍സിന്റെ ഭാഗമായി നടന്നു. വിഷയങ്ങള്‍ യഥാക്രമം വി.പി അഹ്മദ്കുട്ടി ടൊറണ്ടോ, ഉബൈദുല്ല ഫഹദ്, നസീം ഹാമിദ് റഫിയാബാദി എന്നിവര്‍ നിര്‍വഹിച്ചു.
രണ്ട് ദിവസം നീണ്ടുനിന്ന വൈജ്ഞാനിക ഉത്സവത്തിന് നിറവ് പകരുന്ന രൂപത്തില്‍ വ്യത്യസ്ത പ്രസാധകരുടെ പുസ്തക പവലിയന്‍, കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിചയപ്പെടുത്തുന്ന സ്റാളുകള്‍, കഴിഞ്ഞകാല വൈജ്ഞാനിക തലമുറകളെയും സംഭാവനകളെയും ഓര്‍മിപ്പിക്കുന്ന എക്സിബിഷന്‍ എന്നിവ സമ്മേളന നഗരിയില്‍ ഒരുക്കിയിരുന്നു. ആയിരത്തിനടുത്ത് സ്ഥിരം പ്രതിനിധികള്‍ പങ്കെടുത്ത കോണ്‍ഫറന്‍സ് ലോകത്തിന്റെ വ്യത്യസ്ത കോണുകളിലുള്ളവര്‍ക്ക് വീക്ഷിക്കാന്‍ ലൈവ് സ്ട്രീമിംഗ് സംവിധാനം ഒരുക്കിയിരുന്നു. 4000 പേര്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തി അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഫെയ്സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ വഴി രേഖപ്പെടുത്തി.
കേരളത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളും പൊതുജനങ്ങളുമടങ്ങിയ സമാപന പൊതുസമ്മേളനം ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ അധ്യക്ഷനായ സെഷനില്‍ അലീഗഢ് സര്‍വകലാശാല സീനിയര്‍ ഫാക്കല്‍റ്റി അംഗം ഡോ. ഉബൈദുല്ല ഫഹദ് മുഖ്യാതിഥിയായിരുന്നു. ടി.കെ അബ്ദുല്ല, സാദിഖ് അല്‍ മന്‍സിലി(യമന്‍), പി.എം സ്വാലിഹ്, പി.എന്‍ സഫിയ അലി, പി. മുജീബുര്‍റഹ്മാന്‍, പി.ഐ നൌഷാദ്, എം.കെ സുഹൈല എന്നിവര്‍ സംസാരിച്ചു. കെ.പി അബ്ദുസ്സലാം സ്വാഗതവും കെ.വി സഫീര്‍ഷാ നന്ദിയും പറഞ്ഞു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം