Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 4

അക്കാദമിക് കോണ്‍ഫറന്‍സ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ശിഹാബ് പൂക്കോട്ടൂര്‍

സ്‌ലാമിക വിഷയങ്ങളില്‍ വിപുലമായ രീതിയില്‍ ചര്‍ച്ചകളും സംവാദങ്ങളും പുതിയ കാഴ്ചപ്പാടുകളും അവതരിപ്പിക്കപ്പെട്ട വൈജ്ഞാനിക പരിപാടിയായിരുന്നു ഇസ്‌ലാമിക് അക്കാദമിക് കോണ്‍ഫറന്‍സ്. എസ്.ഐ.ഒവിന്റെ പതിറ്റാണ്ടുകള്‍ നീണ്ട ചരിത്രത്തില്‍ സവിശേഷമായൊരിടം ഇതിനുണ്ടാവുമെന്ന് തീര്‍ച്ച. നിരവധി സാഹചര്യങ്ങള്‍ ഇത്തരമൊരു കോണ്‍ഫറന്‍സിന്റെ രൂപപ്പെടലിന് കാരണമായിട്ടുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടത് സെപ്റ്റംബര്‍ 11-ന് ശേഷം ലോകമെങ്ങും ഇസ്‌ലാമിക സമൂഹത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും നടന്ന പുതിയ പഠനങ്ങളാണ്. രണ്ടാമത്തേത് ഈ കാലയളവില്‍ തന്നെ ഇന്ത്യക്കകത്തും പുറത്തും രൂപപ്പെട്ട മുസ്‌ലിം വിദ്യാര്‍ഥികളുടെയും ഗവേഷകരുടെയും കാമ്പസുകളിലുള്ള വലിയ അളവിലെ സാന്നിധ്യമാണ്. ഈ രണ്ട് ഘടകങ്ങളും ഇസ്‌ലാമിനെക്കുറിച്ചും ലോകത്തെ പിന്നണി സമുദായങ്ങളെക്കുറിച്ചും നിലവിലുണ്ടായിരുന്ന ജ്ഞാനശാസ്ത്രഹിംസ(Epistemological violence )യെ പ്രശ്‌നവത്കരിക്കുകയുണ്ടായി. ഇസ്‌ലാമിക പഠനങ്ങളെക്കുറിച്ചും പുതിയ പ്രവണതകളെക്കുറിച്ചും ക്ലിന്റണ്‍ ബെന്നറ്റിനെപ്പോലുള്ളവരുടെ പഠനങ്ങള്‍ ഈ മാറ്റങ്ങളെ സവിശേഷമായി അടയാളപ്പെടുത്തുന്നുണ്ട്.
ഇന്ത്യയില്‍ തന്നെ ഇസ്‌ലാമിനെക്കുറിച്ച് ഓറിയന്റലിസ്റ്റ്-ദേശീയവാദചട്ടക്കൂടിലുള്ള പഠനങ്ങളായിരുന്നു കാലാകാലങ്ങളായി മേല്‍ക്കോയ്മ നേടിയിരുന്നത്. ഇങ്ങനെ രൂപപ്പെട്ട സെക്യുലര്‍ കാമ്പസുകളിലെ ഇസ്‌ലാമിക് സ്റ്റഡീസ്, ചരിത്രം, സാമൂഹികശാസ്ത്രം, നരവംശശാസ്ത്രം തുടങ്ങിയ അക്കാദമിക് ഡിപ്പാര്‍ട്ട്‌മെന്റുകളും മുഖ്യധാര മാധ്യമങ്ങളും ചേര്‍ന്ന് മുസ്‌ലിംകളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ നിര്‍മിച്ചുകൊണ്ടിരുന്നു. കൊളോണിയല്‍ കാലഘട്ടത്തില്‍ തന്നെയാണ് ഇസ്‌ലാമിനെക്കുറിച്ചുള്ള വിജ്ഞാനനിര്‍മിതികള്‍ (ഓറിയന്റലിസം എന്ന് വിളിക്കുന്ന) വ്യാപകമായി പുറത്തുവരുന്നത്. ഇതിനോട് എതിരിടാന്‍ 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് ശേഷം രൂപപ്പെട്ട ദയൂബന്ദ് പ്രസ്ഥാനമടക്കമുള്ള ദീനീകലാലയങ്ങള്‍ പല രീതിയില്‍ ശ്രമിച്ചെങ്കിലും വേണ്ടരീതിയില്‍ വിജയിക്കുകയുണ്ടായില്ല. മാത്രമല്ല, ദയൂബന്ദ് വിദ്യാഭ്യാസ പരിപാടികള്‍ പോലും പിന്നീട് വളരെ ലളിതമായ മാധ്യമനിര്‍മിത ഫത്‌വകളുടെ അജണ്ടകളിലേക്ക് ചുരുങ്ങുകയുണ്ടായി. ഇന്ത്യയിലെമ്പാടും മുസ്‌ലിം മതകലാലയങ്ങള്‍ നിര്‍വഹിച്ച വൈജ്ഞാനിക ദൗത്യത്തിന്റെ ആഴവും പരപ്പും ഇതുവരെ ആരും സമഗ്രമായി വിലയിരുത്തിയിട്ടില്ല എന്നും കൂട്ടത്തില്‍ ഓര്‍ക്കേണ്ടതാണ്. യോഗീന്ദര്‍ സിക്കന്ദിനെപ്പോലുള്ളവരുടെ തീരെ പരിമിതമായ ശ്രമങ്ങളാണ് ഈ മേഖലയിലുള്ളത്.

കേരളത്തിലെ മുസ്‌ലിം വിജ്ഞാന രാഷ്ട്രീയം: ചില വിശകലനങ്ങള്‍
കേരളത്തില്‍ തന്നെ സൈനുദ്ദീന്‍ മഖ്ദൂമിന്റെ കാലം മുതല്‍ക്കു തന്നെ സവിശേഷമായ വൈജ്ഞാനിക രാഷ്ട്രീയവും ജീവിതവീക്ഷണവും രൂപപ്പെട്ട് തുടങ്ങിയിരുന്നു. തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഒരു ചരിത്രഗ്രന്ഥമോ രാഷ്ട്രീയ ഗ്രന്ഥമോ എന്നതിലപ്പുറം മുസ്‌ലിംകളുടെ ജീവിതവീക്ഷണത്തെ തന്നെ പ്രതിഫലിപ്പിക്കുന്നതായി സൂക്ഷ്മമായി വായിച്ചാല്‍ മനസ്സിലാവുന്നതാണ്. സൈനുദ്ദീന്‍ മഖ്ദൂമിന് അഞ്ഞൂറ് വര്‍ഷത്തിന് ശേഷം മമ്പുറം തങ്ങള്‍, ഖാദി മുഹമ്മദ് അടക്കമുള്ള ഒരു ഡസന്‍ പണ്ഡിതന്മാരുടെ വലിയ വൈജ്ഞാനികവും ചിന്താപരവുമായ നേതൃത്വം ഉണ്ടായിരുന്നു. ഈയര്‍ഥത്തിലുള്ള വൈജ്ഞാനികമായ സ്വയംപര്യാപ്തത അവസാനിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതികളിലാണ്. കേരളത്തില്‍ ആധുനികവത്കരണവും ജാതി-മതരഹിത സമൂഹവും രൂപപ്പെട്ടുവെന്ന് പറയുന്ന ഈ കാലയളവില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചത് മുസ്‌ലിംകളുടെയും മറ്റു പിന്നാക്കസമുദായങ്ങളുടെയും സ്വയം നിര്‍ണയവും തിരിച്ചറിവും സവിശേഷമായ അധീശഹിന്ദു ജാതി മേല്‍ക്കോയ്മക്ക് കീഴില്‍ കൊണ്ടുവരലായിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ കേരളത്തില്‍ രൂപപ്പെട്ട പലതരത്തിലുള്ള ആധുനികവത്കരണ (modernisation) യത്‌നങ്ങള്‍ ഒരു സമുദായമെന്ന നിലക്ക് വൈജ്ഞാനികമായി മുസ്‌ലികളെ പുറംപോക്കിലേക്ക് തള്ളിമാറ്റുന്ന പ്രക്രിയ കൂടിയായിരുന്നു. മലബാറിലെ മുസ്‌ലിം സമുദായത്തെ മാത്രം എടുത്ത് പരിശോധിച്ചാല്‍ ഒന്നര നൂറ്റാണ്ടോളം ഏറനാട് കേന്ദ്രമാക്കി രൂപപ്പെട്ട മാപ്പിളപ്പോരാട്ടങ്ങള്‍ പര്യവസാനിക്കുന്നത് 1920കളിലാണ്. ഈ കാലഘട്ടത്തിലാണ് ദേശീയവാദികളും കൊളോണിയല്‍ ഭരണാധികാരികളും സമുദായ വരേണ്യരും ചേര്‍ന്ന് രൂപപ്പെടുത്തിയ ആധുനിക കേരളമെന്ന സങ്കല്‍പ്പം മുസ്‌ലിംകളുടെ മതപരവും സാംസ്‌കാരികവുമായ അന്യവത്കരണത്തിന് ആക്കം കൂട്ടിയത്. കേരളത്തിന്റെ ആധുനികവത്കരണം സൃഷ്ടിച്ച അന്യവത്കരണത്തിലാണ് പ്രദേശമെന്ന നിലയില്‍ മലബാര്‍ പൊതുവെയും സമുദായമെന്ന നിലയില്‍ മുസ്‌ലിംകള്‍ സവിശേഷമായും അനുഭവിക്കുന്ന വിവേചനത്തിന്റെയും അദൃശ്യതയുടെയും വേരുകള്‍ കിടക്കുന്നത്. മുസ്‌ലിംകള്‍ വിവേചനഭീകരതക്ക് ഇരയാകുന്നത് ഗുജറാത്തിന് ശേഷമോ ബാബരിയുടെ തകര്‍ച്ചക്ക് ശേഷമോ ആണെന്ന നവഇടതുപക്ഷ തിസീസുകള്‍ പാളുന്നതും ഇവിടെയാണ്. ആധുനിക നവോത്ഥാന കേരളം എന്ന സങ്കല്‍പ്പം തന്നെ 'ദേശദ്രോഹി'യായി മുസ്‌ലിമിനെ കാണുന്നതിലൂടെയാണ് രൂപപ്പെടുന്നത്.
അമ്പതുകളിലും അറുപതുകളിലും മുസ്‌ലിം ചോദ്യങ്ങളെ സ്വാംശീകരിച്ചൊതുക്കുകയായിരുന്നു. അതുകൊണ്ട് തന്നെയാണ് ദേശീയ മുസ്‌ലിംകളും അല്ലാത്തവരുമെന്ന വിഭജനം രൂപപ്പെടുന്നത്. സ്വാംശീകരണത്തിന് വഴങ്ങാത്തവരായിരുന്നു അക്കാലത്തെ 'തീവ്രവാദി'കളും 'ഭീകരവാദി'കളും. ഇന്നത്തെ ലീഗ് നേതൃത്വം മറന്നുപോയാലും '50കളിലെയും '60കളിലെയും തീവ്രവാദ പാര്‍ട്ടിയായിരുന്നു ലീഗ് എന്നത് ഇന്നോര്‍ക്കുമ്പോള്‍ ഏറെ കൗതുകം തോന്നാം.

സാമൂഹിക വിജ്ഞാനവും
സാമൂഹിക ഇടപെടലും
1950-'60 കളിലെ സ്വാംശീകരണവും അതിന്റെ നിരാകരണവും (assimilation and rejection) എന്ന അജണ്ടക്കപ്പുറം 1970-80-90 കളില്‍ സ്വതന്ത്ര അസ്തിത്വവും നിലനില്‍പ്പും(identity and existence) എന്ന പ്രശ്‌നത്തെ മുന്‍നിര്‍ത്തിയാണ് മുസ്‌ലിം സംഘടനകളും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെ സ്വതന്ത്രമായ അസ്തിത്വവും നിലനില്‍പ്പുമുള്ള നിരവധി വിദ്യാര്‍ഥി സംഘടനകള്‍ ഇക്കാലയളവില്‍ കേരളത്തില്‍ തന്നെ നിലവില്‍ വരുന്നുണ്ട്. പലപ്പോഴും സാമുദായികവും മതപരവുമായ അസ്തിത്വത്തിന്റെ പ്രശ്‌നങ്ങള്‍ തന്നെയാണ് ഇത്തരം പ്രസ്ഥാനങ്ങളുടെ ഇടപെടലുകളെ നിര്‍ണയിച്ചത്. ശരീഅത്ത് വിവാദം, മണ്ഡല്‍ കമ്മീഷന്‍ പ്രക്ഷോഭം തുടങ്ങിയ മുസ്‌ലിം സമുദായത്തിന്റെ ദേശീയ സ്വഭാവമുള്ള പ്രശ്‌നങ്ങളും സോവിയറ്റ് യൂനിയന്റെ അഫ്ഗാന്‍ കടന്നുകയറ്റവും ഇക്കാലയളവില്‍ മുസ്‌ലിം വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ നിലനില്‍പ്പിനെ ന്യായീകരിക്കുന്ന സംഭവവികാസങ്ങളാണ്. ഗള്‍ഫ് നല്‍കിയ സാമ്പത്തിക-സാംസ്‌കാരിക മൂലധനം ഇന്ന് കാണുന്ന മുസ്‌ലിം പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയെ സ്വാധീനിച്ചിട്ടുണ്ട്. ഗള്‍ഫ് എന്നത് കേരളത്തിന്റെ സാംസ്‌കാരിക തകര്‍ച്ചക്ക് ഉത്തരവാദിയാണ് (കെ.പി നിര്‍മല്‍കുമാര്‍) എന്ന അധീശകാഴ്ചപ്പാടുകള്‍ അടിസ്ഥാനപരമായി മുസ്‌ലിം സാമുദായിക ജീവിതത്തെ അദൃശ്യമാക്കിയും കേരളമെന്ന സവര്‍ണദേശത്തെ മുന്‍നിര്‍ത്തിയുമുള്ള നിരീക്ഷണങ്ങളാണ്.
ഇവിടെ ചര്‍ച്ച ചെയ്യുന്നത് സാമൂഹിക വിജ്ഞാനത്തെ ഉല്‍പാദിപ്പിക്കുന്ന പുതിയ മുസ്‌ലിം വൈജ്ഞാനിക ഇടപെടലുകളെയാണ്. ഗള്‍ഫിലേക്ക് കുടിയേറിയ മുസ്‌ലിംകളുടെ രണ്ടാം തലമുറയാണ് യഥാര്‍ഥത്തില്‍ ഇത്തരമൊരു വൈജ്ഞാനിക ഇടപെടലുകളെ ത്വരിപ്പിക്കുന്നത്. ഗള്‍ഫിലേക്ക് ആവശ്യമായ ഒരു കേവല അസംസ്‌കൃതവസ്തു മാത്രമായിരുന്ന ഒന്നാം തലമുറ ഗള്‍ഫ് കുടിയേറ്റക്കാരനാണ് വിദ്യാഭ്യാസമില്ലാത്തവനായും സംസ്‌കാരമില്ലാത്തവനായും മുഖ്യധാര സിനിമകളിലും സാഹിത്യത്തിലും ധാരാളമായി കടന്നുവരുന്നത്. അതിനാല്‍ തന്നെ ഒന്നാം തലമുറ കുടിയേറ്റക്കാരന്‍ തന്റെ സാമുദായിക ജീവിതത്തെ പുതിയ രീതിയില്‍ മാറ്റിപ്പണിയുന്നതാണ് രണ്ടാം തലമുറയിലെ വിദ്യാഭ്യാസപരമായ ഉണര്‍വും മുന്നേറ്റവും എന്ന് കാണാം. ഇന്നു മുസ്‌ലിംകള്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ കേവലം സോഷ്യല്‍ ആക്ടിവിസത്തിന്റെ അതിപ്രസരം കൊണ്ടോ ഗള്‍ഫിലേക്കുള്ള സാങ്കേതിക വിദഗ്ധരുടെ ഒഴുക്കുകൊണ്ടോ മാത്രമോ പരിഹരിക്കാമെന്ന ധാരണയെത്തന്നെയാണ് പുതിയ മുസ്‌ലിം വിജ്ഞാന രാഷ്ട്രീയം ചോദ്യം ചെയ്യുന്നത്. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് എസ്.ഐ.ഒ ഇസ്‌ലാമിക് അക്കാദമിക് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.

ഇസ്‌ലാമിക് അക്കാദമിക്
കോണ്‍ഫറന്‍സിന്റെ സമകാലികത
കേരളത്തില്‍ നിരവധി വിജ്ഞാനപരിപാടികള്‍ നടക്കാറുണ്ട്. കേരളത്തിലെ കാമ്പസുകള്‍ മുതല്‍ ദീനീമദാരിസുകള്‍ വരെ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നു. എന്നാല്‍ നിലവിലുള്ള വൈജ്ഞാനിക രാഷ്ട്രീയ പ്രവണതകളെയും മേല്‍ക്കോയ്മ (hegemony) നിലപാടുകളെയും ചോദ്യം ചെയ്യാനും വിശകലനം ചെയ്യാനും ഇത്തരം സംവിധാനങ്ങള്‍ തയാറാവുന്നില്ല. എസ്.ഐ.ഒവിന്റെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായുള്ള അജണ്ടയുടെ ഭാഗമാണ് മുഖ്യധാര അക്കാദമിക് വിജ്ഞാനത്തെ തന്നെ സാധ്യമാകുന്ന അളവില്‍ ഒരു വിദ്യാര്‍ഥി പ്രസ്ഥാനമെന്ന നിലയില്‍ വിമര്‍ശിക്കാനും തിരുത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍.
ഇസ്‌ലാമിക് അക്കാദമിക് കോണ്‍ഫറന്‍സ് ഇങ്ങനെ പുതുതായി രൂപപ്പെട്ടുവരുന്ന മുസ്‌ലിം വിദ്യാര്‍ഥികളുടെയും മറ്റു സാമൂഹിക വിഭാഗങ്ങളുടെയും സമ്മേളനം കൂടിയായിരുന്നു. നമ്മുടെ വിജ്ഞാനത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും ദേശത്തെക്കുറിച്ചും നിലവിലുണ്ടായിരുന്ന ധാരണകളെ പല രീതിയില്‍ ചോദ്യം ചെയ്യുന്ന ഒരു കൂടിച്ചേരലായിരുന്നു ഇത്. കേവലം ഡോക്ടറേറ്റ് തിസീസെഴുത്തില്‍ പരിമിതമാവുന്ന അക്കാദമിക് എന്ന വാക്കിനെ തന്നെ പുനര്‍വായിക്കാനും രാഷ്ട്രീയ, സാമൂഹിക ജീവിതത്തിലെ അനുഭവങ്ങളെ മുന്‍നിര്‍ത്തിയുള്ള വിശകലനങ്ങള്‍ക്ക് തുടക്കമിടാനും കോണ്‍ഫറന്‍സ് സഹായകമായിട്ടുണ്ട്. അടിസ്ഥാനപരമായി ഈ കോണ്‍ഫറന്‍സ് ലക്ഷ്യം വെച്ചതും ഇതുതന്നെയാണ്. ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തിയ ചിന്താപരവും ആശയപരവുമായ അടിത്തറകളെ പുനര്‍വായിക്കാനുള്ള ഒരു എളിയ സംരംഭം എന്ന നിലയില്‍ തന്നെയാണ് അക്കാദമിക് കോണ്‍ഫറന്‍സ് പ്രസക്തമാവുന്നത്. വിജ്ഞാനത്തെ നിയന്ത്രിക്കുകയും തങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് അത് ഉല്‍പാദിപ്പിക്കുയും ഉപഭോഗിക്കുകയും ചെയ്യുന്ന നമ്മുടെ വലിയ പ്രഫസര്‍മാര്‍, വിജ്ഞാനവിശാരദന്മാര്‍, മാധ്യമങ്ങളിലെ അഭിപ്രായരൂപീകരണക്കാര്‍ ഇവരൊക്കെ ചേര്‍ന്ന് കേരളത്തെക്കുറിച്ച് വാര്‍ത്തുണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ധാരണകള്‍ വരും കാലത്തെ വിദ്യാര്‍ഥി രാഷ്ട്രീയം പൊളിച്ചെഴുതുമെന്ന ശുഭപ്രതീക്ഷ കോണ്‍ഫറന്‍സ് നമുക്ക് പകര്‍ന്നു നല്‍കുന്നു.
ഇത്തരമൊരു മുന്നോട്ടുപോക്ക് തീര്‍ച്ചയായും വലിയ വെല്ലുവിളികളെ തന്നെയാണ് അഭിമുഖീകരിക്കാന്‍ പോകുന്നത്. അക്കാദമിക് കോണ്‍ഫറന്‍സിന്റെ മുഖ്യാതിഥികളില്‍ ഒരാളായിരുന്ന അസ്സാം തമീമിയെ നമ്മുടെ ഭരണകൂടം തടഞ്ഞ് വെക്കുന്നത് ഇത്തരം പ്രവണതകളുടെ ഭാഗമാണ്. ഇംഗ്ലണ്ടിലെ 'സ്വയാസ്'(SOAS) അടക്കമുള്ള വന്‍കിട കലാലയങ്ങളില്‍ അധ്യാപകനായ അസ്സാം തമീമി ഓറിയന്റലിസവും നവ കൊളോണിയലിസവും ചേര്‍ന്ന് ഇസ്‌ലാമിക പ്രസ്ഥാനങ്ങളെക്കുറിച്ച് രൂപപ്പെടുത്തിയ കാഴ്ചപ്പാടുകളെ തിരുത്തിയ രാഷ്ട്രീയ ചിന്തകനാണ്. ലോകത്ത് കൊളോണിയല്‍ വിജ്ഞാനീയങ്ങള്‍ക്കപ്പുറത്ത് ഇസ്‌ലാമിനെക്കുറിച്ച പുതിയ വിജ്ഞാനം '90കള്‍ക്ക് ശേഷം തമീമിയെപ്പോലുള്ള മുസ്‌ലിം ബുദ്ധിജീവികള്‍ സാധ്യമാക്കുന്നു. തമീമിക്ക് വിസ നിഷേധിക്കുന്നതിലൂടെ ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു പ്രത്യേക തരത്തിലുള്ള വിജ്ഞാനത്തെ തന്നെയാണ് നിഷേധിക്കുന്നത്. യൂറോ കേന്ദ്രീകൃതമായ സെക്യുലര്‍ വിജ്ഞാനത്തിന് മാത്രമേ സമ്പൂര്‍ണ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് അര്‍ഹതയുള്ളൂ എന്ന വംശീയ ധാരണ(racist understanding) ഇത്തരം നിലപാടുകളെ നിര്‍ണയിക്കുന്നുണ്ട്. അതുകൊണ്ടാണ് ഒരിക്കലുമൊടുങ്ങാത്ത ആവിഷ്‌കാര സ്വാതന്ത്ര്യ വ്യവഹാരങ്ങളില്‍ മുസ്‌ലിംകള്‍ പ്രതികള്‍ മാത്രമായി ഒടുങ്ങിപ്പോവുന്നത്. വിജ്ഞാനത്തെയും അത് രൂപീകരിക്കപ്പെടുന്ന ഘടനകളെയും പരിഗണിക്കുന്ന ഒരു നവീന വിശകലന പരിപാടി തന്നെ ഇന്നത്തെ ലോകത്തെ വയലന്‍സിനെയും കടന്നാക്രമണങ്ങളെയും വിശദീകരിക്കാന്‍ മുസ്‌ലിം വിജ്ഞാനരാഷ്ട്രീയം വികസിപ്പിച്ചെടുക്കേണ്ടതുണ്ട്.
പലപ്പോഴും പുതിയ വിജ്ഞാനമേഖലകളില്‍ എത്തുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ സ്വാംശീകരിക്കപ്പെടുകയോ തിരസ്‌കരിക്കപ്പെടുകയോ ചെയ്യുന്ന അനുഭവങ്ങള്‍ ധാരാളമായി ഉണ്ടാകുന്നുണ്ട്. 2000ത്തിന് ശേഷം ഹൈദരാബാദിലും ദല്‍ഹിയിലുമൊക്കെ പഠിക്കാന്‍ പോയ മുസ്‌ലിം വിദ്യാര്‍ഥികള്‍ ഒതുക്കപ്പെടുന്നത് അമേരിക്കന്‍ അധിനിവേശ നിഘണ്ടുവിലെ മുന്തിയപദമായ 'തീവ്രവാദം' എന്ന വാക്കുകൊണ്ടാണ്. കേരളത്തില്‍ നിലവിലുള്ള സാംസ്‌കാരിക സമ്മിതി(cultural consensus)കളെ ചോദ്യം ചെയ്യുന്ന എം.ടി അന്‍സാരിയുടെ അനുഭവം മുതല്‍ സാധാരണ ജനങ്ങളുടെ തീവണ്ടികളിലെ യാത്രാനുഭവങ്ങള്‍ വരെ ഇതിന്റെ സാക്ഷ്യപത്രമാണ്. ഇത്തരം പോലീസിങ്ങിനെ മറികടക്കുന്ന പുതിയ മുസ്‌ലിം വിദ്യാര്‍ഥി പലപ്പോഴും ഇന്നത്തെ അക്കാദമികളുടെ പലതരത്തിലുള്ള അന്ധമേഖല(blind spot)കള്‍ പലപ്പോഴും കാണാതെ പോകുന്നുണ്ടെന്നതും ശരിയാണ്.
പുതിയ മുസ്‌ലിം വിദ്യാര്‍ഥിക്ക് തന്റെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെ ഇന്ത്യയിലെ കാമ്പസുകള്‍ക്ക് പുറത്ത് വികസിച്ചുവരുന്ന പുതിയ സാമൂഹിക രാഷ്ട്രീയ മുന്നേറ്റങ്ങളുമായി കണ്ണിചേര്‍ത്തും അരനൂറ്റാണ്ടുകാലത്തെ ഇന്ത്യയിലെ സവര്‍ണവത്കരിക്കപ്പെട്ട കാമ്പസുകളുടെ വൈജ്ഞാനിക മുന്‍ഗണനകളെ കണിശമായി ചോദ്യം ചെയ്തും മാത്രമേ വികസിപ്പിക്കാന്‍ കഴിയൂ. അല്ലാത്ത വിജ്ഞാന പ്രവര്‍ത്തനങ്ങള്‍ മുഖ്യധാരയുടെ കൈയടി നേടാന്‍ താല്‍കാലികമായി ഉപകരിക്കുമെങ്കിലും ഇന്ത്യയിലെ പിന്നണി ജനവിഭാഗങ്ങളുടെ ജീവിതാനുഭവങ്ങളെയും അതുണ്ടാക്കുന്ന വിജ്ഞാനത്തെയും പ്രതിഫലിപ്പിക്കാന്‍ കഴിയാതെ പരാജയപ്പെടും. സൂചിപ്പിക്കുന്നത്, കേവല അക്കാദമിക് അടയാഭരണങ്ങള്‍ അല്ല ഈ വൈജ്ഞാനിക രാഷ്ട്രീയം ലക്ഷ്യം വെക്കുന്നത് എന്നതാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വികസിച്ചുവന്ന വലിയ രാഷ്ട്രീയ ചോദ്യങ്ങളൊക്കെയും മുഖ്യധാര കാമ്പസിനെക്കൂടി ചോദ്യം ചെയ്യുന്നതായിരുന്നു എന്ന പാഠം മുസ്‌ലിം വിദ്യാര്‍ഥികള്‍ ഒരിക്കലും മറന്നുപോകാന്‍ പാടില്ലാത്തതാണ്.

അക്കാദമിക് കോണ്‍ഫറന്‍സിന് ശേഷം
കേരളീയ മുസ്‌ലിം സമൂഹത്തിനകത്ത് അക്കാദമികമായ ഒരു സൗഹൃദം രൂപപ്പെടുത്തിയെടുക്കാന്‍ കോണ്‍ഫറന്‍സിന് സാധിച്ചിട്ടുണ്ട്. മുസ്‌ലിം സമൂഹത്തിനകത്തു തന്നെ വിവരകൈമാറ്റങ്ങള്‍ക്കും സംവാദങ്ങള്‍ക്കും തടസ്സമായി നിന്നിരുന്ന വേലികള്‍ പൊളിച്ചുനീക്കാനും ഇതിലൂടെ സാധിച്ചു. സംഘടനാതീതമായി സഹകരിക്കാനും വിജ്ഞാനോല്‍പാദനത്തിന് ഒന്നിച്ചു നില്‍ക്കാനും വിയോജിപ്പുകളെ ധനാത്മകമായി വീക്ഷിക്കുന്ന ഒരു സൗഹൃദ വൈജ്ഞാനിക മണ്ഡലം (engaged scholarship) മുസ്‌ലിം സമൂഹത്തിനകത്ത് രൂപപ്പെടുത്തിയെടുക്കാനും കോണ്‍ഫറന്‍സിന് സാധിച്ചു. മുസ്‌ലിം സംഘടനകളും അവരുടെ പത്രപ്രസിദ്ധീകരണങ്ങളും വരും കാലങ്ങളില്‍ ഇതിനെ എത്രത്തോളം മുന്നോട്ടുകൊണ്ടുപോകും എന്നതിനനുസരിച്ചാണ് ഇവയുടെ നിലനില്‍പ്പ്. സുന്നി-മുജാഹിദ്-തബ്‌ലീഗ്-ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകളില്‍ പെടുന്നവരും അല്ലാത്തവരുമായ വ്യത്യസ്ത ധാരകളില്‍ നിന്നുള്ള യുവ പണ്ഡിതരുടെ ഒരു പ്ലാറ്റ്‌ഫോമിന് അടിത്തറയിടാന്‍ ഈ കോണ്‍ഫറന്‍സിന് ആയിട്ടുണ്ട്. ഇതിനെ ഒന്നിച്ചേറ്റെടുക്കാന്‍ കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ക്ക് സാധ്യമായാല്‍ അക്കാദമിക്ക് കോണ്‍ഫറന്‍സ് സല്‍ക്കര്‍മമായിത്തീരും. തുടര്‍പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ കോണ്‍ഫറന്‍സിന്റെ ചരിത്ര ദൗത്യം പൂര്‍ത്തിയാവുകയുള്ളൂ. അവതരിപ്പിക്കപ്പെട്ട മുഴുവന്‍ പ്രബന്ധങ്ങളുടെയും സമാഹാരം പുറത്തിറങ്ങുന്നതിലൂടെ കേരളീയ സമൂഹത്തിന് അവലംബനീയമായ ഒരു ജ്ഞാനസ്രോതസ്സ് ലഭ്യമാകും. പ്രത്യേകിച്ച്, ഇസ്‌ലാമിക സമൂഹത്തെക്കുറിച്ച് നിലവില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ബിംബനിര്‍മിതികളില്‍ നിന്നും വാര്‍പ്പ്മാതൃകളില്‍ നിന്നും മുക്തമായ ചരിത്രരേഖയും വൈജ്ഞാനിക ഇടപെടലുമായിരിക്കുമിത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം