Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 4

പുതിയ പ്രതീക്ഷകളുമായി 'D4 മീഡിയ'

വി.കെ അബ്ദു

ഡിജിറ്റല്‍ മീഡിയയുടെ വിവിധ തലങ്ങളിലേക്ക് ശക്തമായൊരു കാല്‍വെപ്പ്. ഇസ്ലാമിക പ്രവര്‍ത്തനങ്ങളില്‍ ഇന്റര്‍നെറ്റിന്റെയും ഡിജിറ്റല്‍ മീഡിയയുടെയും സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള തീവ്രമായൊരു ശ്രമം. അതാണ് ഡി 4 മീഡിയ. 'ധര്‍മധാര ഡിവിഷന്‍ ഫോര്‍ ഡിജിറ്റല്‍ മീഡിയ' എന്ന് പൂര്‍ണരൂപം.
ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്നിന്റെ നേതൃത്വത്തില്‍ എന്‍.എം അബ്ദുര്‍റഹ്മാന്‍ (സെക്ര., ജമാഅത്തെ ഇസ്ലാമി), സി. ദാവൂദ് (മിഡിയാ ആന്റ് പബ്ളിക് റിലേഷന്‍ സെക്രട്ടറി), എം.എ റഹീം (ജനറല്‍ മാനേജര്‍, മാധ്യമം), എം. സാജിദ് (ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍, മീഡിയ വണ്‍), പി.ഐ നൌഷാദ് (പ്രസിഡന്റ്, സോളിഡാരിറ്റി), വി.കെ അബ്ദു (ഡയറക്ടര്‍, ഡി 4 മീഡിയ), കെ.എ നാസര്‍ (അസി. ഡയറക്ടര്‍) എന്നിവരുള്‍ക്കൊള്ളുന്ന സമിതിയാണ് ഇതിനെ നിയന്ത്രിക്കുന്നത്.
ഡി 4 മീഡിയയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആധുനിക രീതിയിലുള്ള ഓഫീസ് സംവിധാനവും അനുബന്ധമായി ഓഡിയോ, വീഡിയോ സ്റുഡിയോയും ഹിറാ സെന്ററില്‍ സജ്ജമായി. പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ചതാണ് ഓഫീസ് സംവിധാനം. ഡയറക്ടര്‍, അസി. ഡയറക്ടര്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍, വെബ് ഡിസൈനര്‍മാര്‍, ലേഔട്ട് ആര്‍ട്ടിസ്റുകള്‍, ഓഡിയോ, വീഡിയോ എഡിറ്റര്‍മാര്‍, ന്യൂസ് എഡിറ്റര്‍മാര്‍, കോ-ഓര്‍ഡിനേറ്റര്‍മാര്‍, ക്യാമറാമെന്‍ എന്നിങ്ങനെ വിവിധ തസ്തികകളിലായി ഇരുപതോളം പേര്‍ ജോലി ചെയ്യുന്ന സംവിധാനം. കൂടാതെ ബിസിനസ് വിഭാഗത്തില്‍ ജനറല്‍ മാനേജറുടെ കീഴില്‍ ബിസിനസ് എക്സിക്യൂട്ടീവുള്‍പ്പെടെയുള്ള സ്റാഫും ഉണ്ടാവും.
ആധുനിക വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കാലഘട്ടത്തിന്റെ ഭാഷയില്‍ പൊതു സമൂഹത്തിന് ഇസ്ലാമിന്റെ സന്ദേശമെത്തിക്കുക എന്നതാണ് ഡി 4 മീഡിയയുടെ മുഖ്യ ലക്ഷ്യം. അനുദിനം മാറിക്കൊണ്ടിരിക്കുന്ന പുതിയ സാഹചര്യങ്ങളില്‍ വിപുലമായ തലങ്ങളിലേക്ക് ദൌത്യമെത്തിക്കാന്‍ കഴിയേണ്ടതുണ്ട്. ഡിജിറ്റല്‍ മീഡിയയുടെ വിവിധ രൂപങ്ങളാണ് പുതിയ തലമുറക്ക് പഥ്യം. എന്തിനും എപ്പോഴും ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന ഒരു തലമുറയാണ് വളര്‍ന്നു വരുന്നത്. വെബ് അധിഷ്ഠിത ജീവിതമെന്ന് വരെ വിശേഷിപ്പിക്കാവുന്ന അവസ്ഥ. അതിനാല്‍ തന്നെ ഡിജിറ്റല്‍ മീഡിയാ രംഗത്തും ഇന്റര്‍നെറ്റിലും ശക്തമായ സാന്നിധ്യം ആവശ്യമായി വന്നിരിക്കുന്നു.
ഡിജിറ്റല്‍ മീഡിയയുടെ വ്യത്യസ്ത മേഖലകളിലേക്കാണ് ഡി 4 മീഡിയ കടന്നുചെല്ലുന്നത്. അതിവിപുലമായൊരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന് അത് രൂപം നല്‍കുകയാണ്. ഇസ്ലാമുമായി ബന്ധപ്പെട്ട് ലോകത്ത് നടക്കുന്ന ചലനങ്ങളും സംഭവങ്ങളും അതതു സമയത്ത് അതിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് തന്നെ സംഘടിപ്പിച്ച് പോര്‍ട്ടലിലെത്തിക്കുന്നതോടൊപ്പം സംഘടനാ ഭേദമില്ലാതെ പ്രാദേശിക വാര്‍ത്തകളും സാധ്യമായ വിധത്തില്‍ ന്യൂസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്നു. ലോക ഇസ്ലാമിക ചലനങ്ങള്‍ നിരീക്ഷിക്കുന്നവര്‍ക്ക് സമ്പൂര്‍ണമായൊരു ഇന്റര്‍നെറ്റ് റഫറന്‍സ് എന്നാണ് ന്യൂസ് പോര്‍ട്ടല്‍ കൊണ്ടുദ്ദേശിക്കുന്നത്. വാര്‍ത്താ കൈമാറ്റത്തിന് പുറമെ ഡിജിറ്റല്‍ പുസ്തകങ്ങളുടെ ഡൌണ്‍ലോഡിംഗ്, വീഡിയോ ഡൌണ്‍ലോഡിംഗ് തുടങ്ങിയ ഒട്ടേറെ സേവനങ്ങളും ന്യൂസ് പോര്‍ട്ടലില്‍ ലഭ്യമാക്കും. മലയാളത്തില്‍ തുടക്കം കുറിക്കുന്ന ന്യൂസ് പോര്‍ട്ടലിന് ഇംഗ്ളീഷിലും ക്രമേണ ഇതര ഇന്ത്യന്‍ ഭാഷകളിലും പ്രത്യേകം പതിപ്പുകളുണ്ടാവും.
സോഫ്റ്റ്വെയര്‍ വികസനമാണ് മറ്റൊരു മേഖല. നാല് വര്‍ഷം മുമ്പ് ധര്‍മധാരയുടെ ആഭിമുഖ്യത്തില്‍ വികസിപ്പിച്ച തഫ്ഹീമുല്‍ ഖുര്‍ആന്റെ മലയാളം ഡിജിറ്റല്‍ വേര്‍ഷന് കേരളത്തിലും ഗള്‍ഫ് നാടുകളിലെ മലയാളികള്‍ക്കിടയിലും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ടെക്നോളജിയുടെ അമിത വേഗം കാരണമായി ആ പതിപ്പ് ഇന്ന് ഏതാണ്ട് കാലഹരണപ്പെട്ടിരിക്കുന്നു. അതിനാല്‍ തന്നെ വിന്‍ഡോസ് 7-ന്റെ വ്യത്യസ്ത പതിപ്പുകളിലും ഈ വര്‍ഷം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന വിന്‍ഡോസ് 8-ലും സുഗമമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധ്യമാകുന്ന വിധത്തില്‍ തഫ്ഹീമിന് പുതിയ പതിപ്പ് അനിവാര്യമായിരിക്കുകയാണ്. ആയത്തുകളുടെ അര്‍ഥം, തഫ്ഹീം കുറിപ്പുകള്‍ എന്നിവയുടെ സമ്പൂര്‍ണ ഓഡിയോ ക്ളിപ്പുകള്‍ സോഫ്റ്റ്വെയര്‍ രൂപത്തിലും mp3 രൂപത്തിലും ലഭ്യമാകുമെന്നതാണ് പുതിയ പതിപ്പിന്റെ സവിശേഷത. കമ്പ്യൂട്ടറിന് പുറമെ ആധുനിക മനുഷ്യന്റെ സന്തത സഹചാരിയായി മാറിയ സ്മാര്‍ട്ട് ഫോണുകളിലും ടാബ്ലെറ്റ് പിസികളിലും ഇന്‍സ്റാള്‍ ചെയ്തു പ്രവര്‍ത്തിപ്പിക്കാനാവുമെന്നതും ഇതിന്റെ സവിശേഷതയാണ്. പദ്ധതിക്ക് പ്രതീക്ഷിക്കുന്ന കാലാവധി ഒരു വര്‍ഷമാണ്. ഡി 4 മീഡിയ ആസ്ഥാനത്തെ സജ്ജീകരണങ്ങള്‍ക്ക് പുറമെ ടെക്നിക്കല്‍ രംഗത്തെ വിദഗ്ധ നിര്‍ദേശങ്ങള്‍ ലഭ്യമാക്കാനായി ബാംഗ്ളൂരില്‍ ഐ.ടി. വിദഗ്ധരായ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഒരു കണ്‍സള്‍ട്ടിംഗ് ടീമിനും രൂപം നല്‍കിയിരിക്കുന്നു.
ഫെയ്സ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കുകളും ബ്ളോഗ് പോലുള്ള സ്വയം പ്രസാധന മീഡിയയും യുട്യൂബ് പോലുള്ള വീഡിയോ ഷെയറിംഗ് സംവിധാനങ്ങളും വിക്കിപിഡിയ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ വിജ്ഞാന ശേഖരങ്ങളും പുതിയ തലമുറയെ വന്‍തോതില്‍ സ്വാധീനിച്ചു വരികയാണ്. പരമ്പരാഗത രീതിയിലെ വാര്‍ത്താ അവതരണങ്ങളില്‍ ഇവര്‍ തല്‍പരരല്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതേസമയം ഫെയ്സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ യുവതലമുറയെ പ്രവര്‍ത്തനനിരതരും സമര സജ്ജരുമാക്കുന്നുവെന്നും പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അറബ് രാജ്യങ്ങളില്‍ ഇരമ്പിയ പ്രതിഷേധം മുതല്‍ ദല്‍ഹിയില്‍ അണ്ണാ ഹസാരെയും സംഘവും നടത്തിയ സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള സന്ദേശങ്ങളുടെ പ്രവാഹം വരെയുള്ള സംഭവങ്ങള്‍ മാറിയ സാഹചര്യത്തില്‍ ഇന്‍ര്‍നെറ്റിന്റെയും സോഷ്യല്‍ നെറ്റ്വര്‍ക്കുകളുടെയും വര്‍ധിതമായ ഉപയോഗത്തിലേക്ക് സൂചന നല്‍കുന്നു. 80 കോടി അംഗസംഖ്യയുള്ള ഫെയ്സ്ബുക്കും ഇരുപത് കോടിയിലേറെ അംഗങ്ങളുമുള്ള ട്വിറ്റര്‍ സൌഹൃദക്കൂട്ടായ്മയുമൊക്കെ പുതിയ തലമുറയുടെ ഹരമായിരിക്കുന്നു. ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ അപകടക്കെണികളില്‍ വീഴാനുള്ള സാധ്യത ഏറെയാണെന്നത് ഇവയുടെ ദോഷവശമാണ്. അതിനാല്‍ തന്നെ യുവതലമുറക്ക് ഈ പ്രവര്‍ത്തനങ്ങളില്‍ വ്യക്തമായ ദിശാബോധവും മാര്‍ഗനിര്‍ദേശവും നല്‍കേണ്ടിയിരിക്കുന്നു. ഇതിനായി ഐ.ടി. മേഖലയിലെ ഇത്തരം വിഷയങ്ങളില്‍ ബോധവല്‍ക്കരണവും പരിശീലനവും നടത്താനും ഡി 4 മീഡിയ പദ്ധതികളാവിഷ്ക്കരിക്കുന്നുണ്ട്.
വിപുലമായ തോതില്‍ സി.ഡി, ഡിവിഡി പ്രോഗ്രാമുകളുടെ നിര്‍മാണമാണ് മറ്റൊരു പ്രവര്‍ത്തന രംഗം. സാമാന്യ ജനത്തിന് വിജ്ഞാനം പകര്‍ന്നു നല്‍കാനുപകരിക്കുന്ന വിധത്തില്‍ സാങ്കേതികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന പ്രോഗ്രാമുകള്‍ വളരെ കുറഞ്ഞ വിലക്ക് ലഭ്യമാക്കാനാണ് പദ്ധതി. പണ്ഡിതന്മാര്‍ നയിക്കുന്ന പൊതു വിഷയങ്ങളിലുള്ള സ്റഡി ക്ളാസ്സുകള്‍, വിഷയാധിഷ്ഠിതമായ ഖുര്‍ആന്‍-ഹദീസ് പഠന ക്ളാസ്സുകള്‍, പ്രഭാഷണ പരമ്പരകള്‍ എന്നിങ്ങനെ ഓഡിയോ-വീഡിയോ പ്രോഗ്രാമുകളുടെ നിര്‍മാണം ഒരു വെല്ലുവിളിയായിത്തന്നെ ഡി 4 മീഡിയ ഏറ്റെടുക്കുകയാണ്.
ഓണ്‍ലൈന്‍ ടി.വി ചാനലാണ് മറ്റൊരു മേഖല. തുടക്കത്തില്‍ ഇന്റര്‍നെറ്റിലൂടെ ദിനംപ്രതി ആറ് മണിക്കൂര്‍ പരിപാടിയാണ് ലക്ഷ്യമാക്കുന്നത്. മതപരവും പ്രാസ്ഥാനികവുമായ വിഷയങ്ങള്‍ക്ക് പുറമെ ആനുകാലിക വിഷയങ്ങളില്‍ പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടുകള്‍, നേതൃത്വത്തിന്റെ അഭിപ്രായ പ്രകടനങ്ങള്‍ തുടങ്ങിയവ ഓണ്‍ലൈന്‍ ചാനലില്‍ അതത് സമയത്ത് ലഭ്യമാക്കും. അതോടൊപ്പം തന്നെ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തന നിരതമായ ഓണ്‍ലൈന്‍ റേഡിയോ, ചാറ്റ് റൂമുകള്‍, ഇന്റര്‍നെറ്റ് ക്ളാസ്സ് റൂമുകള്‍ തുടങ്ങിയ പുതിയ ആശയവിനിമയ രീതികളും പരമാവധി പ്രയോജനപ്പെടുത്തുന്നതാണ്. പ്രസ്ഥാനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.jihkerala.org, റിപ്പോര്‍ട്ട് സൈറ്റായ www.jihkerala.info ഉള്‍പ്പെടെയുള്ള എല്ലാ വെബ്സൈറ്റുകളുടെയും നിയന്ത്രണവും പരിപാലനവും ഡി 4 മീഡിയയുടെ പ്രവര്‍ത്തന പരിധിയിലുള്‍പ്പെടുന്നു. പുതിയ വെബ്സൈറ്റുകള്‍ രൂപകല്‍പന നടത്താനും വികസിപ്പിക്കാനും പ്രാപ്തരായ ടീമിനെ വളര്‍ത്തിയെടുക്കലും മറ്റൊരു ലക്ഷ്യമാണ്.
മുന്നോട്ടുള്ള പ്രയാണത്തില്‍ പുതിയൊരു ചുവടുവെപ്പായി പ്രസ്ഥാനം ഏറെ പ്രതീക്ഷകളര്‍പ്പിക്കുന്ന ഡി 4 മീഡിയ ഉദ്ഘാടനം ചെയ്യുന്നത് ജനുവരി 31-ന് ജമാഅത്തെ ഇസ്ലാമി കേരളാ അമീര്‍ ടി. ആരിഫലിയാണ്. ഡിജിറ്റില്‍ മീഡിയയുടെ അനന്തവിഹായസ്സ് വെട്ടിപ്പിടിച്ച് ഡി 4 മീഡിയ വളരട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം. 
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം