Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 4

അഴീക്കോട് മാഷ് മലയാളിയെ പഠിപ്പിച്ച വിധം

ജമീല്‍ അഹ്മദ്‌

സുകുമാര്‍ അഴീക്കോട് വളരെ ഫോട്ടോജനിക്കായിരുന്നു. അദ്ദേഹം പ്രസംഗിക്കുന്ന ചിത്രങ്ങള്‍ അതിനു തെളിവാണ്. വേദി മുഴുവന്‍ ആ ആകാരം നിറഞ്ഞുനില്‍ക്കുന്നതുപോലെ തോന്നും. ആ ശബ്ദം ചിത്രത്തിലും മുഴങ്ങുന്നതുപോലെ തോന്നും. രണ്ടു തോന്നലുകളും തെറ്റായിരുന്നുവെന്ന് ബോധ്യമായത് അദ്ദേഹത്തെ നേരില്‍ കണ്ടു സംസാരിച്ചപ്പോഴാണ്. ദുര്‍ബലമായ കുറിയ ആകാരം, പതിഞ്ഞ ശബ്ദം.
2006 ഫെബ്രുവരിയില്‍ മദ്രാസ് സര്‍വകലാശാലയിലെ മലയാളം വകുപ്പില്‍ ആശാന്‍ സ്മാരക പ്രഭാഷണത്തിനെത്തിയതായിരുന്നു അദ്ദേഹം. അഭിമുഖം നടത്താമെന്ന ആശയം കൂട്ടുകാരന്‍ രമേശനാണ് പങ്കുവെച്ചത്. അത് സാഹിത്യ വിദ്യാര്‍ഥികളുമായുള്ള ഒരു സംവാദമാക്കി മാറ്റാമെന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. ഞങ്ങള്‍ വിദ്യാര്‍ഥികളുടെ അപേക്ഷ വളരെ സന്തോഷപൂര്‍വം അഴീക്കോട് മാഷ് സമ്മതിക്കുകയും ചെയ്തു. കേരളത്തിലെ സാഹിത്യാധ്യാപകരുടെ അധ്യാപകനെ പുതിയ തലമുറയിലെ സാഹിത്യ വിദ്യാര്‍ഥികള്‍ കേള്‍ക്കുന്നു എന്ന മട്ടില്‍ അതേ വര്‍ഷത്തെ മാതൃഭൂമി വാര്‍ഷികപ്പതിപ്പ് പ്രസ്തുത അഭിമുഖത്തെ വേണ്ടത്ര ഭംഗിയാക്കി അച്ചടിക്കുകയും ചെയ്തു.
ആ ഫെബ്രുവരി കഴിഞ്ഞ് ആറുവര്‍ഷമാകുമ്പോള്‍ അഴീക്കോട്മാഷ് ഇല്ല. തനിക്ക് കേരളത്തില്‍ തന്റേതായ സര്‍ക്കുലേഷന്‍ ഉണ്ട് എന്ന് 'അഹങ്കരിച്ചിരുന്ന' ഒരു വിജ്ഞാന - വിനോദ പ്രസാധനം തന്റെ വരിക്കാരെ മുഴുവന്‍ അനാഥരാക്കി പിന്‍വാങ്ങിയിരിക്കുന്നു. അദ്ദേഹം ബാക്കിവെച്ചതെന്ത് എന്ന് തിരയാനുള്ള ശ്രമമാണ് ഇവിടെ. ഒരാളും തന്റെ സ്ഥാനത്ത് മറ്റൊരാളെ പകരമിരുത്തി പിരിഞ്ഞുപോകുന്നില്ല എന്നത് സാര്‍വലൗകിക സത്യം. അതിനാല്‍ ഏതൊരു സഹജീവിയുടെയും വേര്‍പാട് നഷ്ടം തന്നെയാണ്. മലയാളത്തിന്റെ പ്രതികരണത്തെ അടിക്കടി ഉണര്‍ത്തിക്കൊണ്ടിരുന്ന ഒരാള്‍ ഇല്ലാതാകുന്നു എന്നത് കുറേ വലിയ നഷ്ടം തന്നെ, പ്രത്യേകിച്ച് അത്യധികം പരിക്ഷീണമായ ആനുകാലിക കേരളാവസ്ഥയില്‍. അല്‍പകാലത്തേക്കെങ്കിലും കേരളത്തിലെ ജനങ്ങള്‍ ഏതൊരു വിവാദത്തിലും അഴീക്കോട് എന്തുപറയുന്നു എന്ന് അറിയാതെ കാതോര്‍ക്കും. മരിച്ചുപോയ പ്രിയപ്പെട്ടവര്‍ ഉമ്മറത്തുനിന്ന് വിളിക്കുന്നുണ്ടോ എന്ന് പലര്‍ക്കും തോന്നാറുള്ളതുപോലെ. അത്രയും സജീവമായിരുന്നു അഴീക്കോടിന്റെ ശബ്ദം. അത്രയും കാര്യക്ഷമമായിരുന്നു ആ പ്രതികരണ ശേഷി.
പ്രഭാഷണം തികച്ചും ഒരു ജനകീയ കലയാണ്. കാരണം എഴുത്തിനെക്കാള്‍ വേഗത്തില്‍ അത് ഫലം തരും. കവിതയെക്കാള്‍ ആഴത്തില്‍ അത് ഇളക്കിമറിക്കും. കവിതപോലും ജനപ്രിയമാവുക അതില്‍ പ്രസംഗം കൂടുമ്പോഴാണ്. ചരിത്രത്തിലങ്ങുനിന്നോളം പ്രഭാഷകര്‍ സമൂഹങ്ങളെ നയിച്ചിട്ടുണ്ട്. അല്ലങ്കില്‍ സമൂഹങ്ങളെ നയിച്ചവരില്‍ ഭൂരിപക്ഷവും പ്രഭാഷകരായിരുന്നു. എഴുത്തുകാര്‍ക്ക് അത്രയും ശക്തി വരില്ല. എഴുത്തുകാരുടെ ശക്തിപോലും സാമൂഹികമാവുന്നത് പ്രഭാഷകര്‍ അതിനെ ഉപകരണമാക്കുമ്പോഴാണ്. അഴീക്കോടിന്റെ മാസ്മരികമായ വാഗ്വിലാസത്തില്‍ മലയാള കേള്‍വിക്കാര്‍ കുഴഞ്ഞുപോയി. പ്രസംഗം തുടങ്ങി മിനിറ്റുകള്‍കൊണ്ട് കേള്‍വിക്കാരെ തനിക്കു കീഴിലാക്കുന്ന ഇന്ദ്രജാലം വശമുണ്ടായിരുന്നു ആ സൂത്രശാലിക്ക്. അധ്യാപനത്തെ പ്രസംഗവും പ്രസംഗത്തെ അധ്യാപനവുമാക്കിയ അഴീക്കോട് മാഷ് പ്രസംഗത്തെ പ്രണയിക്കുകയും പരിണയിക്കുകയും ചെയ്തു എന്നു പറയുന്നതായിരിക്കും ശരി. തന്റെ പ്രഭാഷണം കേള്‍ക്കുന്ന ജനക്കൂട്ടത്തെ സ്വന്തം മക്കളെപ്പോലെ അദ്ദേഹം വിശ്വാസത്തിലെടുത്തു.
തന്റെ ഏകാംഗ സൈന്യത്തിന്റെ എതിര്‍ ചേരിയില്‍ ശത്രുക്കളുടെ അക്ഷൗഹിണിപ്പടയെ അഴീക്കോട് പടച്ചെടുത്തു. അവര്‍ക്കൊക്കെയും എഴുതാനും പറയാനും കാര്യമാത്രപ്രസക്തമായ കുറ്റങ്ങളുമുണ്ടായിരുന്നു. എം.കെ സാനു, കെ.പി അപ്പന്‍, വി.സി ശ്രീജന്‍, എം.എ റഹ്മാന്‍, കെ.എം ചുമ്മാര്‍, വിജു വി നായര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങി പലരും അഴീക്കോടിനെതിരെ എഴുതിയവരാണ്. വെള്ളാപ്പള്ളി നടേശന്‍ മുതല്‍ മോഹന്‍ലാല്‍ വരെ ആ പോരാട്ടത്തില്‍ അണിനിരന്നവരാണ്. കാര്യമെന്തൊക്കെയാകട്ടെ അസാമാന്യമായ ധീരതയോടെ തന്റെ ഭാഗം അദ്ദേഹം അവസാനം വരെ വാദിച്ചുനിന്നു. പലപ്പോഴും ഏകപക്ഷീയമായി ജയിക്കുകയും ചെയ്തു.
ജീവിതം മുഴുവന്‍ അധ്യാപകനായിരുന്ന അഴീക്കോട് സ്വന്തം ജീവിതം കൊണ്ട് നമുക്ക് പഠിപ്പിച്ചു തന്ന പാഠങ്ങള്‍ ഇതാണ്:
സാംസ്‌കാരിക പ്രവര്‍ത്തനത്തിന് പേടിയില്ല. നിലനില്‍ക്കുന്ന ഏത് സ്ഥാപനത്തെയും ധീരമായി നേരിടാന്‍ ചങ്കൂറ്റമുള്ള ഒരാള്‍ അജയ്യനായി വാഴും. കേരളം മുഴുവന്‍ ആസ്ഥാന കവിയായി ആദരിച്ച് ദേശീയതയുടെ ജ്ഞാനപീഠത്തിലേറ്റിയ ജി. ശങ്കരക്കുറുപ്പിനെ തകര്‍ത്തുകൊണ്ടാണ് അദ്ദേഹം അഴീക്കോടായത്. കേരളം മുഴുവന്‍ ആരാധകരുള്ള മോഹന്‍ലാലിനെ കിളവനെന്നു വിളിച്ചാണ് അദ്ദേഹം വിടവാങ്ങിയത്. സ്വന്തം നിലപാടുകളെപ്പോലും ഭയക്കരുത് എന്ന സന്ദേശമാണ് അഴീക്കോട് പഠിപ്പിച്ച ഒന്നാമത്തെ പാഠം.
അപാരമായ വായന, നിരന്തരം വായിക്കുകയും അതുമുഴുവന്‍ പ്രസംഗിക്കുകയും ചെയ്ത് കേള്‍വിയെ വായനക്കുമേല്‍ പ്രതിഷ്ഠിച്ച വാഗ്മിയായിരുന്നു അദ്ദേഹം. അഴീക്കോടിന്റെ വായനയുടെ സ്വര്‍ഗലോകം പരോക്ഷമായി നമുക്കു നല്‍കുന്ന പാഠവും അതാണ്. വായിക്കൂ, നിലപാടുകളില്ലാത്ത കേള്‍വികളില്‍ നിന്ന് രക്ഷപ്പെടൂ. ഇത് രണ്ടാം പാഠം.
ഊര്‍ജ്വസ്വലത. അമ്പത്തിയഞ്ചാം വയസ്സില്‍ റിട്ടയറാകുന്ന മലയാളി എണ്‍പത്തിയഞ്ചാം വയസ്സില്‍ അര്‍ബുദക്കിടക്കയില്‍ പോലും ശബ്ദംകൊണ്ട് സജീവമായ അഴീക്കോടിനെ അതിനാല്‍ സ്‌നേഹിച്ചേ തീരൂ. ഇത് മൂന്നാം പാഠം.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം