Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 4

സന്താനങ്ങള്‍ നമ്മുടെ ശത്രുക്കളല്ല

ടി. ആരിഫലി

നാം സമൂഹത്തില്‍ പല പദവികളും അലങ്കരിച്ചുകൊണ്ടിരിക്കുന്നവരാണ്. കുടുംബത്തില്‍ തന്നെ ഓരോരുത്തര്‍ക്കുമുണ്ട് വ്യത്യസ്ത പദവികള്‍. ഒരു സ്ത്രീയാണെങ്കില്‍ ഒരു മകളോ സഹോദരിയോ ഭാര്യയോ ഉമ്മയോ മരുമകളോ ആയിരക്കും. സമൂഹത്തിലിറങ്ങിയാല്‍ ഡോക്ടറോ എഞ്ചിനീയറോ അധ്യാപികയോ ഭരണാധികാരിയോ ആയിരിക്കും. ഇപ്രകാരം വ്യത്യസ്തമായ മേഖലകളില്‍ വിവിധ പദവികള്‍ അലങ്കരിക്കുന്നവരായിരിക്കും സ്ത്രീകളും പുരുഷന്മാരും. സ്ത്രീകളെ സംബന്ധിച്ചേടത്തോളം അവര്‍ വഹിച്ചു കൊണ്ടിരിക്കുന്ന പദവികളില്‍ ഏറ്റവും പ്രധാനപ്പെട്ടതും മഹത്വമേറിയതുമായ പദവി മാതാവ് എന്നതാണ്. അതിനേക്കാള്‍ മഹത്വമേറിയ ഒരു ഒരു പദവി ഈ ലോകത്ത് സ്ത്രീക്ക് ലഭിക്കാനില്ല. മറ്റെല്ലാ സ്ഥാനങ്ങളും മാതാവ് എന്ന സ്ഥാനത്തേക്കാള്‍ താഴെയാണ്. പുരുഷനെ സംബന്ധിച്ചേടത്തോളം പിതാവ് എന്നതാണ് അവന് ഈ ദുനിയാവില്‍ ലഭിക്കുന്ന ഉയര്‍ന്ന പദവി.
ഈ ലോകത്ത് നാം പലതും വികസിപ്പിച്ചെടുക്കുന്നുണ്ട്. ലേഖനം, പുസ്തകം, കവിത, ചിത്രരചന, സിനിമ തുടങ്ങി പലതും. ഇങ്ങനെ ഒരാള്‍ തന്റെ ജീവിതകാലത്ത് എന്തെല്ലാം ഉണ്ടാക്കിയെടുക്കുന്നുവോ അതിനേക്കാളെല്ലാം പ്രധാനം താന്‍ ജന്മം നല്‍കിയ സന്താനങ്ങളാണ്.
താന്‍ ഉണ്ടാക്കിയെടുക്കുന്ന വ്യാപാര ശൃംഖലകളിലോ വ്യവസായ സ്ഥാപനങ്ങളിലോ, താന്‍ രചിക്കുന്ന ചിത്രങ്ങളിലോ, ലേഖനങ്ങളിലോ, പുസ്തകങ്ങളിലോ, സിനിമകളിലോ ഒന്നും തന്റെ ശരീരത്തിന്റെ അംശം കൈമാറ്റം ചെയ്യുന്നില്ല. തന്റെ സന്താനത്തിലേക്ക് മാത്രമാണ് തന്റെ ശരീരത്തിന്റെ അംശം കൈമാറ്റം ചെയ്യുന്നത്. എന്നില്‍ നിന്നാണ് ആ ബീജം സ്രവിച്ചിട്ടുള്ളത്. എനിക്ക് ശാരീരികവും മാനസികവും ബുദ്ധിപരവും സ്വഭാവപരവുമായ എന്തൊക്കെ സവിശേഷതകളുണ്ടോ അതെല്ലാം ഉള്‍ക്കൊള്ളുന്ന എന്റെ ഒരു ഭാഗത്തെയാണ് എന്റെ ബീജം നല്‍കുക വഴി എന്റെ സന്താനത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. എന്റെ ഇണയുടെ അണ്ഡവും കൂടിച്ചേര്‍ന്നാണ് ആ കുഞ്ഞുണ്ടായിട്ടുള്ളത്. ആ അണ്ഡത്തിലൂടെ മാതാവിന്റെ ശരീരത്തിലെ ഒരംശം, മാതാവിന്റെ സകലമാന സവിശേഷതകളുടെയും ഒരാകത്തുക ആ ജീനിന്റെ കൈമാറ്റത്തിലൂടെ പകര്‍ന്നു നല്‍കുന്നുണ്ട്. തന്റെ അംശം കൈമാറ്റം ചെയ്യപ്പെട്ട യാതൊരു ഉല്‍പന്നവും വേറെയില്ല. നാം നിര്‍മിക്കുന്ന മറ്റു സാധനങ്ങളെല്ലാം നമ്മുടെ പ്രൗഡിയുടെയും യുക്തിയുടെയും ബുദ്ധിയുടെയും ഭാവനയുടെയും സര്‍ഗബോധത്തിന്റെയും കലാ വാസനയുടെയും ഉല്‍പന്നമായേക്കാം. പക്ഷേ അവയിലൊന്നും നമ്മുടെ ജൈവാംശമില്ല. അതുകൊണ്ട് മറ്റുള്ള എന്തിനേക്കാളും മഹത്തരമായിട്ടുള്ളത് നമ്മുടെ സന്താനങ്ങള്‍ തന്നെയാണ്. അതിനാല്‍ നാം നിര്‍വഹിക്കുന്ന ഒരായിരം ജോലികളേക്കാളും ഉത്തരവാദിത്വങ്ങളേക്കാളും പ്രധാനമാണ് സ്വന്തം ചോരയില്‍ ജനിച്ചിട്ടുള്ള നമ്മുടെ കുഞ്ഞുങ്ങളുടെ ഉത്തരവാദിത്വം.
കുഞ്ഞുങ്ങള്‍ നമുക്ക് ശല്യമുണ്ടാക്കുന്നവരല്ല. അവര്‍ ഭാവിയുടെ ശത്രുക്കളാണെന്ന് നമ്മെ ആരോ പറഞ്ഞു പറ്റിച്ചിട്ടുണ്ട്. അതാണ് മാല്‍ത്തൂസിയന്‍ തിയറി. വളര്‍ന്നു വരുന്ന തലമുറ നമ്മുടെ രാജ്യത്തെയും ലോകത്തെയും തിന്നു മുടിക്കാന്‍ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണ് എന്നാണ് തിയറി. മാല്‍ത്തൂസിയന്‍ വങ്കത്തം എന്നേ അതിനെ വിശേഷിപ്പിക്കാനാവൂ. ഭാവി തലമുറ നമ്മുടെ രാജ്യത്തെയും ലോകത്തെയും നിയന്ത്രിക്കാനും പടുത്തുയര്‍ത്താനും കഴിവുള്ള മാനവ വിഭവശേഷിയാണ്. വളരെ വലിയ ഒരു യാഥാര്‍ഥ്യത്തെ മറച്ചുകളയുക മാത്രമാണ് മേല്‍ തിയറിയിലൂടെ ചെയ്തിട്ടുള്ളത്.
കുഞ്ഞുങ്ങളെ കുറിച്ച് ഖുര്‍ആന്‍ പല പരാമര്‍ശങ്ങളും നടത്തിയിട്ടുണ്ട്. നാം ധരിച്ചു വെച്ചിരിക്കുന്നത് പോലെ സമ്പത്തും സമ്പത്തിനാല്‍ ഉണ്ടാക്കിയെടുക്കുന്നതും മാത്രമല്ല ജീവിതത്തിന്റെ അലങ്കാരം. സന്താനങ്ങള്‍ കൂടി അതില്‍ ഉള്‍പ്പെടുന്നു എന്ന് ഖുര്‍ആന്‍ പറയുന്നു. സന്താനങ്ങളെ സംബന്ധിച്ച് ഖുര്‍റത്ത് ഐന്‍ എന്നാണ് ഖുര്‍ആനിന്റെ വിശേഷണം. കണ്‍കുളിര്‍മയും നയനാനന്ദവും നിര്‍വൃതിയും ആസ്വാദനവും അനുഭൂതിയുമാണ് സന്താനങ്ങള്‍.
നിങ്ങളാലോചിച്ചു നോക്കൂ. കുഞ്ഞുങ്ങളോടുള്ള നമ്മുടെ സമീപനം എന്തായിക്കഴിഞ്ഞിരിക്കുന്നു?
മൂന്ന് വയസ്സായ ഒരു കുട്ടിയുമായി മാതാപിതാക്കള്‍ ഒരു മനശ്ശാസ്ത്രജ്ഞനെ കാണാന്‍ വരുന്നു. എന്റെ കുട്ടി ഒന്നും സംസാരിക്കുന്നില്ല. ഒരു കാര്യത്തിലും ഒരു താല്‍പര്യവുമെടുക്കുന്നില്ല. എല്ലാറ്റിനോടും പുറംതിരിഞ്ഞ് മാത്രം നില്‍ക്കുന്നു. ഞങ്ങളോട് ക്രിയാത്മകമായി ഈ കുട്ടി പ്രതികരിക്കുന്നില്ല. കുട്ടിയെ വിശദമായി പരിശോധിച്ച ശേഷം മനശ്ശാസ്ത്രജ്ഞന്‍ ആ യുവദമ്പതികളെ വിളിച്ച് പറഞ്ഞു: നിങ്ങള്‍ മൂന്ന് വര്‍ഷവും പത്ത് മാസവും മുമ്പ് എന്റെ അടുത്ത് വരണമായിരുന്നു. ആ സമയത്ത് നിങ്ങളില്‍ സംഭവിച്ച ഒരു തകരാറിന്റെ ലക്ഷണം ഈ കുട്ടിയില്‍ കാണാന്‍ കഴിയുന്നുണ്ട്. അന്ന് നിങ്ങള്‍ വന്നിരുന്നുവെങ്കില്‍ ഈ കുട്ടിയുടെ അവസ്ഥ ഇതാകുമായിരുന്നില്ല. മാതാപിതാക്കള്‍ക്ക് കാര്യം മനസ്സിലായില്ല. അവര്‍ ഡോക്ടറോട് പലതും ചോദിച്ചുകൊണ്ടിരുന്നു. കാര്യം മനസ്സിലാക്കാന്‍ വേണ്ടി ഈ മനശ്ശാസ്ത്രജ്ഞന്‍ ഒരു സര്‍വേ അനുഭവം ഈ ദമ്പതികള്‍ക്ക് പറഞ്ഞുകൊടുത്തു. 159 ദമ്പതിമാരുടെ മക്കളിലാണ് ആ പഠനം നടത്തിയത്.
മാതാപിതാക്കളുടെ, വിശിഷ്യാ അമ്മമാരുടെ മനോഭാവം വെച്ച് അവരെ നാലായി തിരിച്ചു. ഒരു വിഭാഗം മാതാക്കള്‍ അവര്‍ ഗര്‍ഭിണികളായി എന്ന വിവരം ആഹ്ലാദഭരിതരായി സ്വീകരിച്ചവരാണ്. അത് മനസ്സിലാക്കിയ ആദ്യ നിമിഷം തന്നെ ഓഫീസിലുള്ള ഭര്‍ത്താവിനോട് ആ സന്തോഷം പങ്കുവെക്കുകയാണ്. ഭര്‍ത്താവും ആ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് വീട്ടില്‍ നേരത്തെ എത്തി മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നു. ആഹ്ലാദത്തിന്റെ അലയൊലികള്‍ കുടുംബാന്തരീക്ഷത്തില്‍ പരക്കുന്നു. ഇതാണ് ഒന്നാമത്തെ വിഭാഗം.
രണ്ടാം വിഭാഗത്തിലെ മാതാപിതാക്കള്‍ ഒരു തരം ആശയക്കുഴപ്പത്തിലാണ്. ചിലപ്പോള്‍ അവര്‍ക്ക് സന്തോഷം തോന്നും. ഞാനൊരു സ്ത്രീയെന്നും അയാളൊരു പുരുഷനെന്നും തെളിയിക്കപ്പെട്ടല്ലോ. തൊട്ടുടനെതന്നെ ആശങ്കയും ഉടലെടുക്കും. ഡിഗ്രി സെക്കന്റ് ഇയറല്ലേ ആയിട്ടുള്ളൂ. എങ്ങനെ ഡിഗ്രി പൂര്‍ത്തിയാക്കാന്‍ കഴിയും. ഒരു മാസമല്ലേ കല്യാണം കഴിഞ്ഞ് ആയിട്ടുള്ളൂ. സുഹൃത്തുക്കളും കൂട്ടുകാരികളുമെന്ത് പറയും? കല്യാണം കഴിഞ്ഞ് ഒരു മാസമായി എന്ന് പറഞ്ഞിട്ടെന്താ ഫലം. ഇതുവരെ ഹണിമൂണിനായി ഒരു യാത്രയും നടത്തിയിട്ടില്ല. ഇപ്പോള്‍ വലിഞ്ഞു കേറി വന്നിരിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ പെരുമാറ്റം ഇങ്ങനെയായിരിക്കും. ഇതാണ് രണ്ടാം വിഭാഗത്തിലെ മാതാക്കളുടെ രീതി.
മൂന്നാം വിഭാഗത്തിലെ മാതാക്കള്‍ക്ക് ഗര്‍ഭസ്ഥശിശുവിനോട് ഒരു തണുപ്പന്‍ പ്രതികരണമായിരിക്കും. വരട്ടെ, കാണട്ടെ എന്നിങ്ങനെ.
നാലാമത്തെ വിഭാഗം തീര്‍ത്തും ഇതിനെ നിരാകരിക്കാന്‍ ശ്രമിക്കുന്നവരാണ്. എന്നാല്‍ അതിനുള്ള മാര്‍ഗം അവലംബിക്കാന്‍ സാധിച്ചതുമില്ല. കുട്ടി എങ്ങനെയോ ജനിച്ചു പോയി. ഗര്‍ഭിണിയായതും അതിന്റെ പ്രയാസാവസ്ഥയും കുട്ടി ജനിച്ചതും കുട്ടിയെ നോക്കാനുള്ള ഭാരവുമെല്ലാം കൂടി ആലോചിച്ച് കുട്ടി എന്ന അസ്ഥിത്വത്തോട് തന്നെ നിഷേധാത്മക സമീപനം.
ഈ മാതാപിതാക്കളെ എങ്ങനെയാണോ തരം തിരിച്ചിട്ടുള്ളത് ഏതാണ്ട് അതു പോലെതന്നെ മക്കളെയും തരം തിരിക്കാനായി. ആദ്യത്തെ വിഭാഗത്തില്‍ പെട്ട മക്കള്‍ക്ക് എല്ലാറ്റിനോടും പോസിറ്റീവായ സമീപനമായിരുന്നു. രണ്ടാമത്തെ വിഭാഗത്തില്‍ പെട്ടവരുടെ മക്കള്‍ക്ക് ആശങ്കയും സംശയവും നീങ്ങുമായിരുന്നില്ല. മൂന്നാമത്തെ വിഭാഗത്തില്‍ പെട്ട സന്താനങ്ങള്‍ക്ക് എല്ലാറ്റിനോടും ഒരു തണുപ്പന്‍ പ്രതികരണമായിരുന്നു. നാലാമത്തെ വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്കാവട്ടെ എല്ലാറ്റിനോടും നിഷേധാത്മക സമീപനമാണ് ഉണ്ടായിരുന്നത്.
ഇനി യുവാക്കളായ മാതാപിതാക്കളും ദമ്പതിമാരും ഒന്നു ആലോചിച്ചു നോക്കുക. ഗര്‍ഭസ്ഥ ശിശുവിനോടുള്ള നമ്മുടെ സമീപനമെന്താണ്? ഒരു കുഞ്ഞ് ജനിച്ചിട്ടുണ്ടെങ്കില്‍ അതിന് രണ്ടോ മൂന്നോ വയസ്സായി വരുമ്പോള്‍ ജനിക്കുന്ന രണ്ടാമത്തെ കുഞ്ഞിനോടുള്ള നമ്മുടെ സമീപനമെന്താണ്? രണ്ട് കുഞ്ഞുങ്ങളുണ്ടെങ്കില്‍ മൂന്നാമത്തെ കുഞ്ഞിനോടുള്ള നമ്മുടെ സമീപനമെന്താണ്? വളരെ മൗലികമായി, നമ്മുടെ കുട്ടികളുടെ ഭാവി ആലോചിച്ച് നമ്മുടെ ഈ ലോകത്തെയും പരലോകത്തെയും ഭാവി ആലോചിച്ച് സമീപന രീതിയില്‍ നാം മാറ്റം വരുത്തണം.
കുട്ടികള്‍ക്ക് നല്ല ഭക്ഷണം കൊടുക്കുക. വ്യത്യസ്ത രുചികളില്‍ പാചകം ചെയ്ത ഭക്ഷണം അവര്‍ക്ക് നല്‍കുക. അവര്‍ അതിനായി പുറത്ത് പോവാന്‍ ഇടവരരുത്. നാം കുട്ടികള്‍ക്ക് വീടുകളില്‍ നല്ല വിനോദാവസരങ്ങള്‍ നല്‍കുക. വിനോദത്തിനായി അവര്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരരുത്. നാം നമ്മുടെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്‌നേഹം നിറച്ചു നല്‍കുക. നാം ഹൃദയം തുറന്ന് അവരുടെ ഹൃദയങ്ങളിലേക്ക് സ്‌നേഹം പ്രവഹിപ്പിക്കുക. സ്‌നേഹത്തിന്റെ തിരി അന്വേഷിച്ച് സ്വന്തം ശരീരവും ജീവിതവും മറ്റുള്ളവര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നുന്നവരുടെ എണ്ണം കൂടികൂടി വരുന്നുണ്ടെങ്കില്‍, സ്വന്തം വീടുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്‌നേഹം നിഷേധിക്കപ്പെടുന്നതാണ് കാരണമെന്ന് തിരിച്ചറിയുക. സ്‌നേഹവും കാരുണ്യവും വിനോദവും ഭക്ഷണവും നല്‍കുന്നിടത്ത് നമുക്ക് സംഭവിക്കുന്ന കുറവുകള്‍ പുറമേനിന്ന് അവര്‍ നികത്താന്‍ ശ്രമിക്കും. അതാവട്ടെ അവരുടെ ഭാവിയെയും ശരീരത്തെയും മനസ്സിനെയും ബുദ്ധിയെയും ബാധിക്കും. സര്‍വോപരി നമ്മുടെ കുടുംബാന്തരീക്ഷത്തെ അപകടത്തിലേക്ക് നയിക്കും. അതുകൊണ്ട് നമ്മുടെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പരിഗണനയുടെയും ചിറകുകള്‍ മക്കള്‍ക്ക് വിരിച്ചു കൊടുക്കുക.
(കോഴിക്കോട് മസ്ജിദു ലുഅ്‌ലുഇല്‍ നടത്തിയ ഖുത്വ്ബയുടെ സംഗ്രഹം.
തയാറാക്കിയത്: ശാഹിദാ സുഹൈര്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം