Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 4

'യഥാര്‍ഥ മഹാന്‍ മറ്റുള്ളവരെ മഹാനാക്കുന്നവനാണ്.'

ഇമാം ഗസാലിയില്‍ ഒതുങ്ങരുത്
ഉസ്മാന്‍ പാടല, കാസര്‍കോട്
'യഥാര്‍ഥ മഹാന്‍ മറ്റുള്ളവരെ മഹാനാക്കുന്നവനാണ്.' ഈ വാക്യം എന്തുകൊണ്ടും ഇമാം ഗസാലിക്ക് വളരെ ചേരും. ഇമാം ഗസാലി ജീവിതകാലത്ത് 'വിജ്ഞാനകോശ'മെന്ന് വിളിക്കപ്പെട്ടത് പണ്ഡിതന്‍ ആയതുകൊണ്ട് മാത്രമല്ല, വിജ്ഞാന സാഗരത്തെ സമൂഹമധ്യേ തുറന്നിട്ടത് കൊണ്ടുകൂടിയാണ്. കാലഘട്ടം ദാഹിക്കുന്ന ദാര്‍ശനിക വ്യക്തിത്വമാണ് അദ്ദേഹം. അതുകൊണ്ട് പ്രബോധനം ഗസാലി വിശേഷാല്‍ പതിപ്പ് അത്യധികം ശ്ലാഘനീയമായ ഉദ്യമമാണ്.
അറബ് വസന്തം ഇസ്‌ലാമിക ചിന്താധാരയുടെ ലോകത്ത് സൃഷ്ടിച്ച, സൃഷ്ടിക്കാനിരിക്കുന്ന സ്വാധീനത്തിന്റെ പങ്ക് വെളിപ്പെടുത്തുന്നതിനുള്ള ആദ്യ ശ്രമം മാത്രമായിട്ടാണ് ഈ പതിപ്പിനെ വിശേഷിപ്പിക്കുന്നുള്ളൂ. അതിനാല്‍ ഇമാം ഗസാലിക്ക് തുല്യം ഇമാം ഗസാലി മാത്രം എന്ന് മദ്ഹ് പാടുന്നതിന് പകരം ഇസ്‌ലാമിക പണ്ഡിതരും നവോത്ഥാന നായകരുമായ സയ്യിദ് ഖുത്വ്ബ്, ഹസനുല്‍ ബന്നാ, മൗലാനാ മൗദൂദി, ഡോ. മുസ്ത്വഫ സ്സിബാഇ, ശൈഖ് ഹസനുല്‍ ഹുദൈബി, ഉമറുത്തില്‍മസാനി, മൗലാനാ മുഹമ്മദലി, അബ്ദുല്‍ ഖാദിര്‍ ജസാഇരി, ഉമര്‍ മുഖ്താര്‍, അമീര്‍ മുഹമ്മദ് അബ്ദുല്‍ കരീം ഖത്താബി തുടങ്ങിയവരും അനുസ്മരിക്കപ്പെടുകയും അവരുടെ ചിന്തകള്‍ ആഴത്തില്‍ വിശകലനം ചെയ്യപ്പെടുകയും വേണം.
---- 
"ശൈഖ് മുഹമ്മദ് കാരകുന്ന് എഴുതിയ 'തുളവീണ മനസ്സുകള്‍' (ലക്കം 27)എന്ന ലേഖനം മികവുറ്റതായിരുന്നു. മനുഷ്യ മനസ്സിന്റെ യാഥാര്‍ഥ്യം ഇവിടെ വെളിപ്പെടുന്നു. ദൈവവിശ്വാസമില്ലെങ്കില്‍ മനുഷ്യന്റെ അവസ്ഥ എന്താകുമെന്ന് വരച്ചു കാണിക്കുന്നു ലേഖകന്‍.
അബ്ദുര്‍റഹീം/ പേരാമ്പ്ര

---- 
രതി സര്‍വേകള്‍ അതിരുവിടുമ്പോള്‍
മജീദ് കുട്ടമ്പൂര്‍

ഇന്ത്യാ ടുഡേ ഡിസംബര്‍ ആദ്യലക്കത്തിലും ഔട്ട് ലുക്ക് ഡിസംബര്‍ അവസാന ലക്കത്തിലും പ്രസിദ്ധീകരിച്ച സെക്‌സ് സര്‍വേകള്‍ ധാര്‍മികബോധമുള്ളവരെ അമ്പരപ്പിക്കുന്നതാണ്. വര്‍ഷങ്ങളായി ചടങ്ങുപോലെ നടത്തിവരുന്ന സര്‍വേകളുടെ തുടര്‍ച്ചയാണിത്. കുടുംബത്തിന് പുറത്തെ രതി സാമ്രാജ്യം, നവ യൗവ്വനം കാമോദ്ദീപനം, ഫാന്റസികള്‍ക്കും കാപട്യത്തിനുമിടയില്‍ തുടങ്ങിയ രതികേന്ദ്രീകൃത അനുബന്ധ ലേഖനങ്ങളുമുണ്ട് മേമ്പൊടിയായി. വസ്ത്രധാരണത്തെക്കുറിച്ചും വിവാഹപൂര്‍വ-വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ക്കെതിരായി സമൂഹം വെച്ചുപുലര്‍ത്തുന്ന 'ധാര്‍മിക പരിഭ്രാന്തികളെ'ക്കുറിച്ചും ചില ലേഖകര്‍ അസ്വസ്ഥപ്പെടുന്നുണ്ട്.
വാണിഭം മുതലാളിത്ത സംസ്‌കൃതിയുടെ ആണിക്കല്ലാണ്. അതിന്റെ സ്വതന്ത്ര വിപണി അവര്‍ക്കനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിന് വളരെ ആസൂത്രിതമായാണ് പ്രവര്‍ത്തിക്കുന്നത്. അഭിരുചികളെയും ആസ്വാദനങ്ങളെയും അവര്‍ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. മറ്റേതൊരു വസ്തുവും പോലെ സ്ത്രീശരീരത്തിന്റെ കമ്പോള സാധ്യതകളെയും ലൈംഗിക വിചാരങ്ങളെയും പരമാവധി ചൂഷണം ചെയ്ത് ലാഭമുണ്ടാക്കുകയാണ് ഇത്തരം പ്രസിദ്ധീകരണങ്ങള്‍ ചെയ്യുന്നത്. പരസ്പരം മത്സരിച്ച് കമ്പോളത്തിലിറങ്ങുന്ന ഇവ വിപണി പിടിക്കാന്‍ വേണ്ടിയാണ് ഇടക്കിടെ സര്‍വേകള്‍ എന്ന പേരില്‍ ഇത്തരം മസാലക്കൂട്ടുകളുമായി പുറത്തിറങ്ങുന്നത്.
സ്ത്രീകളും കുട്ടികളും കുടുംബത്തിനകത്തും സമൂഹത്തിലും ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ലൈംഗികാക്രമണങ്ങള്‍ വര്‍ധിക്കുകയും ചെയ്യുമ്പോള്‍ അവയെ സംബന്ധിച്ച ചര്‍ച്ചകളില്‍ ഇത്തരം പ്രസിദ്ധീകരണങ്ങളുടെ പങ്ക് വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. വായനക്കാര്‍ക്ക് ഇവ പലതരം സന്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. പകുതിയോളം പുരുഷന്മാര്‍ക്ക് തങ്ങളിഷ്ടപ്പെടുന്ന കിടപ്പറ പങ്കാളി ഭാര്യയല്ലെന്ന് സര്‍വെ ഫലം പറയുമ്പോള്‍ (അത് തെറ്റോ ശരിയോ എന്നാര്‍ക്കറിയാം!) അതുയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ അത്ര നിസ്സാരമല്ല. വായനക്കാരന്റെ മനസ്സില്‍ ചപല വികാരങ്ങള്‍ ഉണര്‍ത്തുക മാത്രമാണ് ഇവയുടെ ലക്ഷ്യം.
വിവാഹപൂര്‍വ -വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ പാപമല്ലെന്നും അത് സാര്‍വത്രികമായി നടക്കുന്നതാണെന്നുമുള്ള 'കണക്കുകള്‍' അവതരിപ്പിക്കുന്നതിലൂടെ അസാന്മാര്‍ഗികതകള്‍ക്ക് പ്രോത്സാഹനം ലഭിക്കുകയാണ്. പ്രണയത്തിനും സൗഹൃദത്തിനും ലൈംഗിക ബന്ധങ്ങള്‍ക്കും ഇന്ന് നേര്‍ത്ത അതിര്‍ വരമ്പുകളേ ഉള്ളൂ എന്നും ഈ സ്വതന്ത്ര ലൈംഗിക വാദികള്‍ സമര്‍ഥിക്കുന്നു. യുവത്വത്തെ വഴിതെറ്റിക്കാനും അവരില്‍ അസാന്മാര്‍ഗിക ചിന്തകള്‍ കടത്തിവിടാനും കുടുംബബന്ധങ്ങളില്‍ വിള്ളലുകളുണ്ടാക്കാനും സര്‍വെ ലോബികള്‍ ശ്രമിക്കുന്നുണ്ട്. സെക്‌സ് സര്‍വെ മാത്രമല്ല, ഈ പ്രസിദ്ധീകരണങ്ങളുടെ ഏത് ലക്കമെടുത്താലും അതിലൊക്കെ സ്ത്രീ ശരീരം വില്‍പനക്ക് വെച്ചതായി കാണാം.
മാഗസിനുകള്‍ കൂടുതല്‍ രതികേന്ദ്രീകൃതവും അശ്ലീലവുമായി മാറുന്നതും എതിര്‍ ശബ്ദങ്ങള്‍ ഉയരാതിരിക്കുന്നതും സര്‍വ നാശത്തിന്റെ മുന്നറിയിപ്പുകളാണ്. ലോകചരിത്രത്തിലെ നൂറ് നാഗരികതകളെ പഠനവിധേയമാക്കിയ ചരിത്രകാരന്മാര്‍ പറയുന്നത് ലൈംഗിക അരാജകത്വം നിലനിന്ന സമൂഹങ്ങള്‍ക്ക് ഒന്നോ രണ്ടോ തലമുറകള്‍ മാത്രമേ നിലനില്‍പുണ്ടായിട്ടുള്ളൂ എന്നാണ്.
---- 

ഗസാലി പതിപ്പില്‍ ഞാന്‍ എഴുതിയ ലേഖനത്തില്‍ 'ബിദായത്തുല്‍ ഹിദായക്ക്' The Beginning of Happiness എന്ന് തെറ്റായ ഇംഗ്ലീഷ് പരിഭാഷയാണ് നല്‍കിയിരിക്കുന്നത് (പേജ് 144). അത് Beginning of Guidance (മാര്‍ഗദര്‍ശനത്തിന്റെ തുടക്കം) എന്ന് തിരുത്തി വായിക്കുക. തൊട്ടടുത്ത പേജില്‍ കൊടുത്ത ഹദീസ് 'ഇസ്‌നാനി വ സബ്ഈന ഫില്‍ ജന്ന വ വാഹിദ് ഫിന്നാര്‍' എന്നും തിരുത്തണം.
അഹ്മദ് കുട്ടി ശിവപുരം
---- 

ടി.പി ഹസന്‍ മാസ്റ്റര്‍ അനുസ്മരണ(2012 ജനുവരി 21)ത്തില്‍ രണ്ട് പിശകുകള്‍ പറ്റിയിട്ടുണ്ട്. മരണപ്പെട്ടത് 18-11-2011 വെള്ളിയാഴ്ചയാണ്; 11-11-2011 അല്ല. ജനനം 1-7-1936-ല്‍ ആണ്. 1-7-1963 എന്നെഴുതിയത് തെറ്റാണ്.
കുഞ്ഞഹമ്മദ് പറമ്പാടന്‍
----
പ്രവചനങ്ങള്‍ പൂക്കുന്ന കാലം
കെ.പി ഇസ്മാഈല്‍ കണ്ണൂര്‍

സാമ്രാജ്യശക്തികളുടെ മാനസ പുത്രന്മാരായിരുന്നു അറബ് ദേശത്തെ ഏകാധിപതികള്‍. ആ വിഗ്രഹങ്ങള്‍ ജനരോഷത്തില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ഞെട്ടിയത് സാമ്രാജ്യത്വമായിരുന്നു. പോരാളിയുടെ വാള്‍ ചോരയില്‍ മുങ്ങുന്നതിന് മുമ്പ് സാഹിത്യകാരന്റെ പേന മഷിയില്‍ മുങ്ങിയിരിക്കും എന്ന മഹദ്വചനം അറബ് വസന്തത്തിന്റെ കാര്യത്തില്‍ അന്വര്‍ഥമാണ്. രജാ ഗരോഡി, മുറാദ് ഹോഫ്മന്‍, ഡോ. ഹസന്‍ തുറാബി, അബുല്‍ ഹസന്‍ അലി നദ്‌വി തുടങ്ങിയവര്‍ ഇസ്‌ലാമിന്റെ രണ്ടാമുദയം പ്രവചിച്ചവരായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അവര്‍ നടത്തിയപ്രവചനം ഇപ്പോള്‍ പുലരുകയാണ്.
ഡോ. ഹസന്‍ തുറാബി എഴുതി: ''മറ്റേതൊരു നാഗരികതയേക്കാളും പ്രചാരവും ജനകീയതയും ലഭിച്ചത് ചരിത്രത്തില്‍ ഇസ്‌ലാമിക നാഗരികതക്കാണ്. ഇനി ഊഴം നമ്മുടേതാണ്. നമ്മുടെ പരിശ്രമവും അല്ലാഹുവിന്റെ ഇഛയും ഒത്തുചേരുമ്പോള്‍ മാനവികതയിലൂന്നിയ ഇസ്‌ലാമിക നാഗരികതയുടെ പുനരാഗമനം സമീപഭാവിയില്‍ ഉണ്ടാകുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.''
മുറാദ് ഹോഫ്മന്‍ എഴുതി: ''മനുഷ്യന്റെ വ്യക്തിസത്തയിലേക്ക് നങ്കൂരം പോലെ ആണ്ടിറങ്ങിയ ഒരു ജീവിക്കുന്ന മതം സമര്‍പ്പിക്കുന്ന ധാര്‍മിക ബദലുകള്‍ക്കേ തിരുത്താനുള്ള ശക്തിയുണ്ടാകൂ. മുസ്‌ലിം ലോകത്ത് എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാവട്ടെ, ഇസ്‌ലാമിന് അത് കഴിയും.''
അബുല്‍ഹസന്‍ അലി നദ്‌വി രേഖപ്പെടുത്തുന്നു: ''മുസ്‌ലിം ലോകത്ത് നടക്കുന്ന മറ്റൊരു അസാധാരണ സംഘട്ടനം ഭരണകര്‍ത്താക്കളും ജനങ്ങളും തമ്മിലുള്ളതാണ്. പാശ്ചാത്യ സംസ്‌കാരവും മൂല്യങ്ങളും ഇറക്കുമതി ചെയ്യാനാണ് ഭരണകര്‍ത്താക്കള്‍ക്ക് താല്‍പര്യം. പക്ഷേ, ജനങ്ങള്‍ ഇസ്‌ലാമിനോടൊപ്പമാണ്. അതുല്യമായ ഒരു ഇതിഹാസ വിജയത്തിന് കളമൊരുക്കാന്‍ കഴിയും സമൂഹത്തില്‍ മറഞ്ഞുകിടക്കുന്ന ഈ ഊര്‍ജത്തിന്. പാശ്ചാത്യ നാഗരികതയുടെ നല്ല വശങ്ങള്‍, അതായത് ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍, കാര്യക്ഷമമായ സംഘാടനം, കൈകാര്യം എന്നിവ സ്വീകരിക്കാനും ധാര്‍മികാടിത്തറയില്‍ അത് പണിതുയര്‍ത്താനും മുസ്‌ലിം സമൂഹം തയാറാകണം.''
അറബ് ദേശത്തെ പുതിയ ഭരണ സാരഥികള്‍ക്ക് രജാഗരോഡി നല്‍കുന്ന സന്ദേശം ഇതാണ്: ''സാങ്കേതിക പുരോഗതിയില്‍ ഉച്ചകോടിയിലെത്തിയ നമ്മുടെ ലോകത്തിന് ഇസ്‌ലാം നല്‍കുന്ന ഏറ്റവും വലിയ സംഭാവന 'യഥാര്‍ഥ ആധുനികത'യാണ്. ധാര്‍മികമായ ഔന്നിത്യം, പരസ്പര സഹകരണം എന്നീ രണ്ട് തത്ത്വങ്ങളിലാണ് ആ ആധുനികത നിര്‍മിക്കപ്പെടുക'' (പുതുനൂറ്റാണ്ടില്‍ നമ്മുടെ നാഗരിക ദൗത്യം).
---- 
'അറബ് വസന്തവും വേദ ദൗത്യങ്ങളും'
എ.വി ഫിര്‍ദൗസ്


അറബ് വസന്തത്തെ ഖുര്‍ആന്റെ വിമോചന വായനകളുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള പി. സുരേന്ദ്രന്‍ മാഷിന്റെ പ്രഭാഷണം (2011 ഡിസംബര്‍ 31) ശ്രദ്ധേയമായ ചിന്തകളാണ് അവതരിപ്പിക്കുന്നത്. ഇസ്‌ലാമിന്റെ വിമോചനാത്മകവും സക്രിയവുമായ ആശയ നിര്‍മാണ സാധ്യതകളെയും പുനര്‍വായനകളെയും കുറിച്ച് പല മുസ്‌ലിം ചിന്തകര്‍ ഇന്നും നിസ്സംഗതയുടെ സുഖാലസ്യങ്ങളിലാണ്. പ്രവാചക ദൗത്യ നിര്‍വഹണത്തെ പാരമ്പര്യ ജഡിലമായ ജീര്‍ണ പാരായണങ്ങളില്‍ തളച്ചിട്ട് കാലം കഴിക്കുന്നവര്‍ക്കു മുന്നിലേക്ക് മാഷ് നല്‍കുന്ന സൂചനകള്‍ വിശദമായി ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്. ജനാധിപത്യ പോരാട്ടങ്ങളിലും മാനവതയെ സ്വാധീനിക്കുന്ന ജീവല്‍ പ്രശ്‌നങ്ങളിലുമൊക്കെ ഇസ്‌ലാം നിശ്ശബ്ദമാണെന്ന ധാരണ തിരുത്തപ്പെടേണ്ടതുണ്ട്. അറബ് വസന്തത്തെ ഇത്തരം ഒരു തരത്തില്‍ വിശകലനം ചെയ്യാന്‍ ഒരു സുരേന്ദ്രന്‍ മാഷെങ്കിലും മുന്നോട്ടു വന്നത് നല്ല കാര്യം.
---- 

ഇസ്രയേല്‍ ബാന്ധവം ആപത്കരം
വി. ഹശ്ഹാശ് കണ്ണൂര്‍ സിറ്റി

പിതൃത്വം തന്നെ ആഗോളതലത്തില്‍ ചോദ്യം ചെയ്യപ്പെട്ട്, ജാരസന്തതിയായി പിറന്ന ലോകത്തിലെ ഏറ്റവും വലിയ അക്രമി രാഷ്ട്രമായ ഇസ്രയേലുമായി, ഇന്ത്യ ഭീകരക്കെതിരെ യോജിച്ച മുന്നേറ്റം നടത്തണമെന്ന വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയുടെ പ്രസ്താവന വിരോധാഭാസം നിറഞ്ഞതും ഇന്ത്യ ഇതുവരെ പുലര്‍ത്തിപ്പോന്ന വിദേശ നയതന്ത്ര ബന്ധത്തിന്റെ വിരുദ്ധ ധ്രുവം വെളിപ്പെടുത്തുന്നതുമാണ്. പശ്ചിമേഷ്യയുടെ സമാധാനം കെടുത്താനും ഇന്ത്യ ഇതുവരെ പുലര്‍ത്തിപോന്ന ചേരിചേരാനയം കുഴിച്ചുമൂടപ്പെടാനും മാത്രമേ ഈ അവിശുദ്ധ ബന്ധം കാരണമാവുകയുള്ളൂ.
---- 

 

 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം