Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 17

3064

1439 ദുല്‍ഹജ്ജ് 05

വിമുക്തി പ്രഖ്യാപനം, ഗോത്രകലാപങ്ങള്‍

ഡോ. മുഹമ്മദ് ഹമീദുല്ല

[മുഹമ്മദുന്‍ റസൂലുല്ലാഹ്-67]

മുസ്‌ലിംകളും മറ്റു അറബ് ഗോത്രങ്ങളും തമ്മിലുണ്ടായിരുന്ന ബന്ധങ്ങളാണ് നാം ഇതുവരെ വിവരിച്ചത്. ഇസ്‌ലാമിനോട് അനുകൂല നിലപാട് സ്വീകരിക്കുകയും സഖ്യത്തിന് വരെ തയാറാവുകയും എന്നാല്‍ ഇസ്‌ലാം സ്വീകരിക്കാതെ ബഹുദൈവത്വപരമായ അനുഷ്ഠാനങ്ങളില്‍ തുടരുകയും ചെയ്ത ചില ഗോത്രങ്ങളുണ്ടായിരുന്നു. അവരുടെ കൂറും വിശ്വസ്തതയും ചോദ്യം ചെയ്യുന്ന ഒന്നും അവരില്‍നിന്ന് ഉണ്ടായിട്ടില്ല. മുദ്‌ലിജ്, ഖുസാഅ ഗോത്രങ്ങള്‍ ഉദാഹരണം. അതേസമയം ഒരു പരിധിവരെ ഈ ഗോത്രങ്ങളിലേക്ക് ഇസ്‌ലാം കടന്നു ചെല്ലുകയും ചെയ്തിരുന്നു. ബഹുദൈവാരാധകരാണെങ്കിലും നല്ല സഹവര്‍ത്തിത്വത്തിലായിരുന്നു ഇവരുമായി മുസ്‌ലിംകള്‍. അങ്ങനെയിരിക്കെയാണ് ഹിജ്‌റ ഒമ്പതാം വര്‍ഷം അവസാനം പ്രവാചകന് ഏതാനും ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിക്കുന്നത്. മറ്റു ജനവിഭാഗങ്ങളുമായുള്ള ബന്ധങ്ങളെ നിര്‍ണയിക്കുന്ന പല സുപ്രധാന തത്ത്വങ്ങളും ആ സൂക്തങ്ങളില്‍ അടങ്ങിയിരുന്നു. വിശുദ്ധ ഖുര്‍ആന്‍ ഒമ്പതാം അധ്യായത്തിലെ ഒന്നുമുതല്‍ 29 വരെയുള്ള സൂക്തങ്ങളാണവ. ഈ അധ്യായത്തിന് 'വിമുക്തി പ്രഖ്യാപനം' / 'ബാധ്യതാ നിരാകരണം' (ബറാഅത്ത്) എന്നാണ് പേര്.

ഇതിന് ഒരുവര്‍ഷം മുമ്പ് തന്നെ മക്ക മുസ്‌ലിംകള്‍ക്ക് കീഴടങ്ങിയിരുന്നു. ഹി. ഒമ്പതാം വര്‍ഷത്തെ ഹജ്ജ് കാലത്ത് ഈ സൂക്തങ്ങളിലടങ്ങിയ കാര്യങ്ങള്‍ അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഹജ്ജ് തീര്‍ഥാടകര്‍ക്ക് വിശദീകരിച്ചുകൊടുക്കുന്നതിനായി പ്രവാചകന്‍ തന്റെ മരുമകനായ അലിയെ മക്കയിലേക്ക് അയച്ചു. ഈ ഖുര്‍ആനിക സൂക്ത സമുച്ചയത്തിന്റെ പൊരുളുകള്‍ ഇങ്ങനെ സംഗ്രഹിക്കാം.

1) ആദര്‍ശാധിഷ്ഠിതമായാണ് മദീനയിലെ ഇസ്‌ലാമിക രാഷ്ട്രം നിലവില്‍ വന്നതെങ്കിലും, ആദര്‍ശ പ്രേരിതമായ ഒരു ലോകവീക്ഷണം പ്രചരിപ്പിക്കുകയാണ് ആ രാഷ്ട്ര സംവിധാനത്തിന്റെ നിലനില്‍പ്പിന്റെ ന്യായമെങ്കിലും എല്ലാ മതാനുയായികള്‍ക്കും അവിടെ ഇടം നല്‍കപ്പെടും (സൂക്തം: 29). അവരെല്ലാം രാഷ്ട്രത്തിലെ പ്രജകളും പൗരന്മാരുമാണ്. പ്രവാചകന്‍ തന്നെയാണ് തന്റെ രാഷ്ട്രാതിര്‍ത്തിക്കുള്ളില്‍ ജീവിക്കുന്ന ജൂതന്മാര്‍ക്കും സാബിയന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മാഗിയന്മാര്‍ക്കും ഈ വിശ്വാസ സ്വാതന്ത്ര്യം ഉറപ്പ് നല്‍കിയത്. പ്രവാചകന്റെ സച്ചരിതരായ അനുചരന്മാര്‍ അവര്‍ ഖലീഫമാരായിരുന്ന കാലത്ത് ഈ സ്വാതന്ത്ര്യം ബര്‍ബറുകള്‍ക്കും ബുദ്ധമതക്കാര്‍ക്കും ബ്രാഹ്മണന്മാര്‍ക്കും നല്‍കുന്നതിന് തടസ്സം നിന്നിരുന്നില്ല.1 അബ്ബാസി കാലത്തെ നിയമജ്ഞരുടെ എഴുത്തുകളില്‍നിന്ന്, ബിംബാരാധകര്‍ക്കും നിരീശ്വരവാദികള്‍ക്കുമെല്ലാം ഈ നിയമത്തിന്റെ പ്രയോജനം ലഭിച്ചിരുന്നു എന്ന് വ്യക്തമാവുന്നുണ്ട്.2

2) മുസ്‌ലിംകളല്ലാത്തവരുമായി, അവര്‍ ബിംബാരാധകരോ ബഹുദൈവ വിശ്വാസികളോ, ആരാവട്ടെ, ഉണ്ടാക്കിയ എല്ലാ കരാറുകളും പാലിക്കാന്‍ മുസ്‌ലിംകളോട് കര്‍ശനമായി ആജ്ഞാപിക്കുന്നു (സൂക്തങ്ങള്‍ 4,7).

3) കരാറുകള്‍ എല്ലാ കാലത്തേക്കുമുള്ളതല്ല; സമയ ബന്ധിതമാണ്. സ്വാഭാവികമായും അവ കാലഹരണപ്പെടും. അപ്പോള്‍ നിശ്ചിത കാലയളവിലേക്ക് വീണ്ടും കരാറുകളുണ്ടാക്കാം. കരാറുകള്‍ പുതുക്കാനായി അറേബ്യന്‍ ഗോത്രങ്ങള്‍ക്ക് ഖുര്‍ആന്‍ അനുവദിച്ച സമയം നാല് മാസമാണ്. അതിനകം പുതിയ കരാറുകളിലേര്‍പ്പെടാം. പത്ത് വര്‍ഷം വരെ ദൈര്‍ഘ്യമുള്ള കരാറുകളില്‍ പ്രവാചകന്‍ ഒപ്പ് വെച്ചിരുന്നു.

4) ഇസ്‌ലാമും ഇസ്‌ലാമല്ലാത്തതും ഒരിക്കലും സമമാവുകയില്ലെങ്കിലും, ഈയൊരു വ്യതിരിക്തത ഇസ്‌ലാം സ്വീകരിച്ചവരെയും അല്ലാത്തവരെയും ഭൗതിക വ്യവഹാരങ്ങളില്‍ ഒരേപോലെ കാണാന്‍ തടസ്സമാവുകയില്ല. സിവില്‍-സൈനിക ഭരണസംവിധാനത്തിലും നീതിന്യായ കോടതികളിലുമൊക്കെ ഈ നിഷ്പക്ഷത തെളിഞ്ഞ് കാണണം. നമ്മള്‍ വ്യാഖ്യാനിച്ച് വരുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ തൊട്ട് മുമ്പ് അവതരിച്ച അഞ്ചാം അധ്യായത്തിലെ രണ്ടാം സൂക്തം, മുസ്‌ലിംകളല്ലാത്തവരുമായി നന്മയില്‍ സഹകരണം ഉണ്ടാവണമെന്ന് നിര്‍ദേശിക്കുന്നു.

5. ഇനിപ്പറയുന്ന നിര്‍ദേശവും (സൂക്തം 6) പാലിക്കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്: ''ബഹുദൈവ വിശ്വാസികളില്‍ ആരെങ്കിലും താങ്കളോട് അഭയം തേടിയാല്‍ അയാള്‍ക്ക് അഭയം നല്‍കണം; ദൈവ വചനം അയാള്‍ കേള്‍ക്കുന്നതിന് വേണ്ടി. പിന്നെ അയാളുടെ അഭയ സ്ഥാനത്ത് അയാളെ എത്തിക്കുകയും ചെയ്യുക.''

6) ഇനി മുതല്‍ കഅ്ബയില്‍ നടക്കുക ഇസ്‌ലാമിക വിശ്വാസ പ്രകാരമുള്ള അനുഷ്ഠാനങ്ങളാണ്. ബഹുദൈവത്വപരമായ അനുഷ്ഠാനങ്ങളൊന്നും ഇനി അവിടെ അനുവദിക്കപ്പെടുകയില്ല (സൂക്തം 28). മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ഇസ്‌ലാമിക രാഷ്ട്രസംവിധാനത്തിന്റെ രാഷ്ട്രീയ തലസ്ഥാനം മദീനയായി തുടരുമ്പോഴും അതിന്റെ ആധ്യാത്മിക കേന്ദ്രം എക്കാലത്തും മക്ക തന്നെയായിരിക്കും.

കരാറുകള്‍ റദ്ദാക്കിയത് സംബന്ധിച്ച ഈ ഖുര്‍ആന്‍ പരാമര്‍ശങ്ങളെക്കുറിച്ച് അബൂ ഉബൈദ് കൃത്യമായി എഴുതിയിട്ടുണ്ട്. മുസ്‌ലിംകളുമായി സൗഹൃദത്തിലായിരുന്ന ഖുദാഅ, മുദ്‌ലിജ് പോലുള്ള ചില ഗോത്രങ്ങള്‍ക്കും ഇത് ബാധകമായിരുന്നു (ആ ഗോത്രങ്ങളില്‍ ഇസ്‌ലാമിന് വ്യാപക സ്വീകാര്യത ലഭിച്ചിരുന്നില്ല). ഈ പ്രഖ്യാപനത്തെ ഒരു സമ്മര്‍ദ തന്ത്രമായും കാണാവുന്നതാണ്. കരാര്‍ റദ്ദാക്കുന്നുവെന്ന ഈ പ്രഖ്യാപനം അറേബ്യക്ക് പുറത്ത് മുസ്‌ലിം അധീന പ്രദേശങ്ങളില്‍ താമസിക്കുന്ന മുസ്‌ലിമേതര വിഗ്രഹാരാധക ഗോത്രങ്ങള്‍ക്ക് ബാധകമായിരുന്നില്ല എന്ന് മനസ്സിലാക്കണം. അറേബ്യക്കകത്തു തന്നെയുള്ള ജൂത, ക്രൈസ്തവ വിശ്വാസികള്‍ക്കും അത് ബാധകമായിരുന്നില്ല. ഒരു കുടുംബത്തില്‍ വികൃതി കാട്ടുന്ന കുട്ടികള്‍ക്ക് നേരെ ഗൃഹനാഥന്‍ സമ്മര്‍ദ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നത് പോലെയാണിത്.

 

ഗോത്രകലാപങ്ങള്‍

അരാജക ജീവിതം നയിച്ചിരുന്ന അറബ് ഗോത്രങ്ങള്‍ക്കിടയില്‍ മുഹമ്മദ് നബി ധാര്‍മിക മൂല്യങ്ങളുടെ അടിത്തറയില്‍ ഒരു സുശക്തമായ രാഷ്ട്രീയ സംവിധാനം കെട്ടിപ്പടുത്തത് പ്രവാചകന്റെ ജീവിതകാലത്ത് തന്നെ പലരുടെയും അസൂയക്ക് കാരണമായി. ചിലര്‍ കലിതുള്ളുക മാത്രം ചെയ്തു. മറ്റു ചിലരാകട്ടെ തങ്ങളും ദൈവപ്രവാചകന്മാരാണെന്ന നാട്യവുമായി ഇറങ്ങിക്കളിച്ചു. നജ്ദുകാരനായ ഹൗദ ബ്‌നു അലി തന്റെ മതംമാറ്റത്തിന് ഉപാധിയായി ആവശ്യപ്പെട്ടത്, ഭരണാധികാരത്തിലെ പങ്കാളിത്തമായിരുന്നു. അയാളുടെ ബന്ധുവായ മുസൈലിമ കുറച്ചു കൂടി മുമ്പോട്ട് പോയി താന്‍ ദിവ്യവെളിപാടുകള്‍ ലഭിക്കുന്ന ദൈവപ്രവാചകന്‍ തന്നെയാണെന്ന് അവകാശപ്പെട്ടു.

വിളകള്‍ക്കും കന്നുകാലികള്‍ക്കും സകാത്തും നികുതിയുമൊക്കെ നല്‍കണമെന്ന് -അതൊന്നും ഗ്രാമീണരായ ബദുക്കള്‍ക്ക് പരിചയമുണ്ടായിരുന്നില്ല- അനുശാസിക്കപ്പെട്ടതാവാം ഇത്തരം കലാപശ്രമങ്ങള്‍ക്ക് ഒന്നാമത്തെ കാരണമായിട്ടുണ്ടാവുക. ഇസ്‌ലാം വേണ്ടപോലെ ഉള്‍ക്കൊണ്ടിട്ടില്ലാത്ത നജ്ദുകാര്‍ക്കിടയില്‍ മുസൈലിമക്ക് നല്ല സ്വാധീനവുമുണ്ടായിരുന്നു. കലാപക്കൊടി ഉയര്‍ത്തിയവരില്‍ യമനിലെ മദ്ഹിജ് ഗോത്രവുമുണ്ടായിരുന്നു. അവരില്‍പെട്ട അല്‍ അസ്‌വദു ബ്‌നുല്‍ അന്‍സി (യഥാര്‍ഥ പേര് ദുല്‍ഹിമാര്‍ അബ്ഹല) സന്‍ആ നഗരം കീഴ്‌പ്പെടുത്തുകയും പ്രവാചകന്‍ നിയോഗിച്ച ഉദ്യോഗസ്ഥരെ അവിടെനിന്ന് ആട്ടിയോടിക്കുകയും ചെയ്തു. പ്രവാചകത്വ വാദവുമായി വന്ന മറ്റൊരാള്‍ അറേബ്യയുടെ വടക്ക്-കിഴക്കന്‍ മേഖലയില്‍ നിന്നുള്ള ത്വുലൈഹതു ബ്‌നുല്‍ അസദിയാണ്. സമൈറാഇലാണ് അയാള്‍ തന്റെ സൈന്യത്തെ സജ്ജീകരിച്ചത്. ഗത്വ്ഫാന്‍ കാരിയായ ഉമ്മു ഖിര്‍ഫയെപ്പറ്റി നാം നേരത്തെ പറഞ്ഞിട്ടുണ്ട്. ഉമ്മു ഖിര്‍ഫയുടെ മകള്‍ സമീല്‍ മദീനക്കെതിരെ പടയൊരുക്കങ്ങള്‍ നടത്തുകയുണ്ടായി.3 ഇതെല്ലാം നടക്കുന്നത് ഹിജ്‌റ പതിനൊന്നാം വര്‍ഷം.

കലാപത്തിനിറങ്ങിയ ഗോത്രങ്ങളുടെ തൊട്ടടുത്ത് താമസിക്കുന്ന വിശ്വാസികളായ ഗോത്രത്തലവന്മാര്‍ക്ക് പ്രവാചകന്‍ ഉടനടി കത്തെഴുതി, വ്യാജന്മാരെ നേരിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്. തമീം, ഹിംയര്‍, ഖൈസ്, ഹനീഫ തുടങ്ങിയ ഗോത്രങ്ങളിലെ പ്രമുഖര്‍ക്ക് പ്രവാചകന്‍ എഴുതിയ ഇത്തരം 19 കത്തുകള്‍ ത്വബ്‌രി4 നമുക്ക് വേണ്ടി സൂക്ഷിച്ച് വെച്ചിട്ടുണ്ട്. പേര്‍ഷ്യന്‍ വംശജരും മുസ്‌ലിംകളുമായ ഫൈറൂസ്, ദാദൂയേഹ് എന്നിവര്‍ക്കും തുമാമതുബ്‌നു ഉസാല്‍, സിബ്‌രീഖാനു ബ്‌നു ബദ്ര്‍ തുടങ്ങിയവര്‍ക്കും കത്തുകള്‍ എഴുതിയിട്ടുണ്ട്. 'തന്റെ ഗുരുതരമായ രോഗാവസ്ഥ പ്രവാചകനെ മതകാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നതില്‍നിന്ന് പിന്തിരിപ്പിച്ചില്ല' എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രവാചക വിയോഗത്തിന് തൊട്ടുമുമ്പ് യമനിലെ അല്‍ അസ്‌വദുല്‍ അന്‍സി വധിക്കപ്പെട്ടു. അയാളെ പിടികൂടിയത് പേര്‍ഷ്യന്‍ വനിതയായ അസാദ്. അവരുടെ ആസൂത്രണത്തില്‍ ഭരണകൂടത്തിന്റെ ഏജന്റുമാര്‍ അസ്‌വദിന്റെ കൊട്ടാരത്തില്‍ കയറിപ്പറ്റുകയും അയാളെ വകവരുത്തുകയുമായിരുന്നു. ഹദറമൗത്ത് മുതല്‍ ത്വാഇഫ് വരെ വലിയൊരു ഭൂവിഭാഗം ഇയാള്‍ പിടിച്ചെടുത്തിരുന്നു.

മുസൈലിമയെപ്പോലെ ത്വുലൈഹയും പ്രവാചകന്ന് ഒരു കത്തയച്ചിരുന്നു, 'താനുമായി ഒരു കരാര്‍ ഉണ്ടാക്കാന്‍.' അപ്പോഴും ഈ രണ്ടാളുകളും കലാപം കുത്തിയിളക്കാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. പ്രവാചകന്റെ ദേഹ വിയോഗത്തോടെ കൂടുതല്‍ കൂറുമാറ്റങ്ങളുണ്ടായി. ഉമാനില്‍ ദൂത്താജ് ലഖീതു ബ്‌നു മാലിക്, യമനില്‍ അല്‍ അശ്അസ് അല്‍ കിന്ദി, ഗത്വ്ഫാനികളില്‍ ഉമ്മു ഖിര്‍ഫയുടെ മകള്‍ ഉമ്മു സമീല്‍ (അല്ലെങ്കില്‍ ഉമ്മു സിംല്), തമീം ഗോത്രക്കാരിയായ സജാഹ് ബിന്‍ത് അല്‍ ഹാരിസ തുടങ്ങിയവരാണ് കൂറുമാറിയത്. സജാഹ് തനിക്ക് പ്രവാചകത്വം ലഭിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ടിരുന്നു.

കിതാബുരിദ്ദ (മതപരിത്യാഗ പുസ്തകം) എന്ന കൃതിയില്‍ അല്‍വാഖിദി പറയുന്നത്, നികുതി ചുമത്തിയത് മാത്രമായിരുന്നില്ല ഈ കൂറുമാറ്റത്തിന് കാരണം എന്നാണ്. വ്യക്തിതാല്‍പര്യങ്ങളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇത് സംബന്ധമായി ഒട്ടേറെ സംഭവങ്ങളുണ്ട്. പ്രവാചക വിയോഗത്തിന് ശേഷം ഭരണച്ചുമതലയേറ്റ അബൂബക്ര്‍ സിദ്ദീഖ് അവ എങ്ങനെ കൈകാര്യം ചെയ്തു എന്നതും വിശദമായി പഠിക്കേണ്ടതാണ്. പക്ഷേ, അതൊന്നും പ്രവാചക ചരിത്രത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരാന്‍ നിവൃത്തിയില്ല. അതേസമയം, വിടവാങ്ങുന്നതിന് മുമ്പ് തന്നെ പ്രവാചകന്‍ ഈ പ്രശ്‌നത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുകയും ഒരു രൂപരേഖ തയാറാക്കുകയും ചെയ്തിരുന്നു. അബൂബക്കര്‍ സിദ്ദീഖ് അത് നടപ്പാക്കുക മാത്രമാണ് ചെയ്തത്. അബ്‌നാഅ് തലവന്‍ (യമനിലെ പേര്‍ഷ്യന്‍ വംശജരാണ് അബ്‌നാഅ്) ജശൈശ് ദൈലമിക്ക് പ്രവാചകന്‍ എഴുതിയ കത്ത് ഇപ്രകാരമാണ്: 'ആദര്‍ശത്തില്‍ അടിയുറച്ച് നില്‍ക്കുക. പോരാട്ടത്തിന് തയാറാവുക. അസ്‌വദിനെ ഉന്മൂലനം ചെയ്യുക, അയാളെ വകവരുത്തിയോ അല്ലെങ്കില്‍ അയാളുടെ സൈന്യത്തെ നേരിട്ടാക്രമിച്ചോ. കഴിവുകളുള്ള എല്ലാ വിശ്വാസികളുടെയും സഹായം സ്വീകരിക്കുക. പ്രവാചകന്റെ പേരില്‍ അവരെ സഹായത്തിന് വിളിക്കുക.'

അരാജക സ്വഭാവമുള്ള അറേബ്യന്‍ സമൂഹത്തെ ഒരു ഭരണത്തിന്നു കീഴില്‍ കൊണ്ടു വരികയെന്ന ശ്രമകരമായ ദൗത്യമാണ് നിര്‍വഹിക്കാനുണ്ടായിരുന്നത്. ഈ ഭരണക്രമത്തിനെതിരെ പ്രതിലോമശക്തികള്‍ വെല്ലുവിളിയുയര്‍ത്തുമെന്നത് ഒട്ടും അപ്രതീക്ഷിതമല്ല. പൂര്‍ണമായി വിധേയപ്പെട്ടാല്‍ മാത്രമേ അവരിത് അംഗീകരിക്കാന്‍ കൂട്ടാക്കൂ. പ്രവാചക  ജീവിതത്തിന്റെ അവസാന മാസങ്ങളില്‍ ഇത്തരം ശക്തികളെ നേരിടുന്നതിനുള്ള നീക്കങ്ങളാണ് കാണാനുണ്ടായിരുന്നത്. പ്രവാചകനും അദ്ദേഹത്തിന്റെ പിന്‍ഗാമിയും വളരെ ശാന്തമായി, എന്നാല്‍ ഒട്ടും ജാഗ്രത കൈവിടാതെ ഈ സാഹചര്യത്തെ മറികടന്നു. ഈ മഹത്തായ വിപ്ലവ സംരംഭത്തെ ഒരു ദുരന്തത്തില്‍നിന്ന് രക്ഷപ്പെടുത്തിയതും അതിനെയൊരു ആഗോള പ്രസ്ഥാനമാക്കി മാറ്റാന്‍ നിമിത്തമായതും വിജയകരമായ ഈ കരുനീക്കങ്ങളായിരുന്നു.  

(തുടരും)

 

കുറിപ്പുകള്‍

1. തിര്‍മിദി - 19:31, ഇബ്‌നുമാജ 17:41,

ശാഫിഈ - ഉമ്മ് IV, 96

2. അബൂയൂസുഫ്: ഖറാജ് പേ: 73

സറക്ശി - മബ്‌സ്വൂത്വ X, 119

3. ത്വബരി I, 1901

4. അതേകൃതി I, 1798

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (8 - 11)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസിയുടെ സുരക്ഷിതത്വം
പി.എ സെനുദ്ദീന്‍