വിസ്മയിപ്പിച്ച വ്യക്തിത്വങ്ങള്‍
[എടയൂരില്‍നിന്ന് ടൊറണ്ടോയിലേക്ക് എന്റെ വൈജ്ഞാനിക യാത്ര - അഞ്ച്]
മദീന സര്‍വകലാശാലയുടെ പാഠ്യപദ്ധതിക്കും കലാലയ അന്തരീക്ഷത്തിനും അധ്യാപകസമീപനങ്ങള്‍ക്കും പല നന്മകളും ഉണ്ടായിരുന്നതോടൊപ്പം, ചില പരിമിതികളും അനുഭവപ്പെട്ടിരുന്നു. ഇസ്‌ലാമിക സമൂഹത്തിനകത്തെ വീക്ഷണ ബഹുത്വത്തെ അംഗീകരിച്ച്, വിദ്യാര്‍ഥികളില്‍ വിശാല മനസ്‌കതയും നിരൂപണ ചിന്തയും വളര്‍ത്തുന്നതിന് പകരം കാര്യങ്ങളെ കറുത്തതും വെളുത്തതുമായ രണ്ട് അറകളില്‍ മാത്രം കാണാന്‍ പഠിപ്പിക്കുന്നതായിരുന്നു പൊതുവെ അവിടത്തെ മതബോധനം. വിഷയങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കി വ്യാഖ്യാനിക്കാന്‍ പഠിപ്പിക്കുന്നതിന് പകരം, അക്ഷരങ്ങളിലും വരികളിലും വായിക്കുകയും ഉപരിപ്ലവമായി മനസ്സിലാക്കുകയും ചെയ്തുവെന്നതാണ് പ്രധാന പരിമിതി. വരികളില്‍ നിന്ന് വരികള്‍ക്കിടയിലേക്കും അക്ഷരങ്ങളില്‍ നിന്ന് ആശയങ്ങളിലേക്കും വളരാന്‍ കഴിയാത്ത ദൗര്‍ബല്യങ്ങള്‍ ആ പാഠ്യക്രമത്തിന് സമ്മാനിച്ചത് അവിടത്തെ പ്രത്യേക മതവീക്ഷണം തന്നെയാകണം.
ശാന്തപുരത്തിന്റേതില്‍ നിന്ന് വ്യത്യസ്തമായിരുന്നു മദീനയിലെ ഈ അനുഭവം. ശാന്തപുരത്തിന് ര് സവിശേഷതകളുായിരുന്നു. അന്ന്, കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനനായകരെ പ്രചോദിപ്പിച്ചിരുന്ന ദാര്‍ശനിക കാഴ്ചപ്പാടുകളും ലക്ഷ്യബോധവും സവിശേഷമായിരുന്നുവെന്നതാണ് ഒന്നാമത്തേത്. രണ്ടാമതായി, ശാന്തപുരത്തെ സിലബസ് രൂപപ്പെടുത്തിയത് മൂന്നു വിജ്ഞാന ധാരകളെ ഉള്‍ക്കൊണ്ടും പഴയതും പുതിയതുമായ കാഴ്ചപ്പാടുകള്‍ സമന്വയിപ്പിച്ചുമായിരുന്നു. ഒന്ന്, പരമ്പരാഗതമായി ഇന്ത്യയിലും മറ്റും തുടര്‍ന്ന് പോന്നിരുന്ന നിസാമിയ്യ സിലബസ്. അതില്‍ ഇല്‍മുല്‍ കലാം, മന്‍ത്വിഖ് തുടങ്ങിയ വിഷയങ്ങള്‍ക്കു പുറമെ തസ്വവ്വുഫിലും ഫല്‍സഫയിലും അധിഷ്ഠിതമായ ഇമാം ഗസാലിയുടെ ഇഹ്യായും ഇബ്ന്‍ ഖല്‍ദൂന്റെ മുഖദ്ദിമയും ഉള്‍പ്പെടുത്തിയിരുന്നു. രണ്ട്, മുഹമ്മദ് അബ്ദു, റശീദ് രിദ എന്നിവരുടെ പുരോഗമന സലഫി ചിന്തകള്‍ ഉള്‍ക്കൊള്ളുന്ന രിസാലതുത്തൗഹീദും തഫ്‌സീറുല്‍ മനാറും. കുറച്ചു കാലമെങ്കിലും നസഫിയുടെ ശറഹുല്‍ അഖാഇദും സിലബസിലുണ്ടായിരുന്നു. മൂന്ന്, സോഷ്യല്‍ സയന്‍സ് പരിചയപ്പെടുത്താനായി ഇക്കണോമിക്സും പൊളിറ്റിക്കല്‍ സയന്‍സും ചെറിയ തോതിലെങ്കിലും പഠിപ്പിച്ചിരുന്നു.
ഇതെല്ലാം പഠിപ്പിച്ചിരുന്ന രീതി തികച്ചും ശാസ്ത്രീയമായിരുന്നുവെന്ന് എനിക്കഭിപ്രായമില്ല. പല പോരായ്മകളും ഉണ്ടായിരുന്നെങ്കിലും ശാന്തപുരം സിലബസും അവിടത്ത പാര്‍ലമെന്റ് സംവാദങ്ങളും അവിടെ നിന്ന് ശീലിപ്പിച്ചെടുത്ത വായനാ രീതിയും മറ്റും മനസ്സ് തുറക്കാനും വിവിധ മദ്ഹബുകളെയും ചിന്താധാരകളെയും കുറിച്ച് വിശാല വീക്ഷണം വളര്‍ത്താനും സഹായകമായിരുന്നു. എന്നാല്‍, ഇതിന് വിരുദ്ധമായി ഏകശിലാരൂപമുള്ളതായിരുന്നു മദീന യുനിവേഴ്‌സിറ്റിയുടെ സിലബസ്. ഒരു വിമര്‍ശനാത്മക പഠന വിശകലന രീതി ഇസ്‌ലാമിക സര്‍വകലാശാലയില്‍ കാണാനായിരുന്നില്ല. അതുകൊണ്ട് വിദ്യാര്‍ഥികള്‍ പലപ്പോഴും ഇടുങ്ങിയ ആശയങ്ങളും വ്യാഖ്യാനങ്ങളും ഉള്‍ക്കൊണ്ടാണ് അവിടെ നിന്ന് പഠിച്ചിറങ്ങിയിരുന്നത്. രണ്ടു അനുഭവങ്ങള്‍ ഉദാഹരിക്കാം. ടോറാേയില്‍ ക്രിസ്ത്യാനിയായി ജനിച്ചു വളര്‍ന്ന, ഇറാഖി വേരുള്ള ഒരാള്‍ ഇസ്‌ലാം സ്വീകരിച്ചു. മദീനയില്‍ പഠനം പൂര്‍ത്തിയാക്കി ടോറാേയില്‍ തിരിച്ചെത്തിയ അദ്ദേഹം ഒരു പള്ളിയില്‍ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു തുടങ്ങി. സ്ത്രീകള്‍ക്ക് ക്ലാസ്സ് എടുക്കുമ്പോള്‍ അവരിലേക്ക് മുഖം തിരിക്കുന്നതിന് പകരം അവരില്‍ നിന്ന് മുഖം തിരിച്ച്, തന്റെ പിന്‍ഭാഗം അവരെ കാണിച്ചാണ് അദ്ദേഹം ക്ലാസെടുത്തിരുന്നത്. മാത്രമല്ല, ബഹുഭാര്യാത്വത്തെ കുറിച്ച പല സുഊദി പണ്ഡിതന്മാരുടെയും അഭിപ്രായം അദ്ദേഹം സ്വയം പ്രാവര്‍ത്തികമാക്കുകയും അത് പിന്തുടരാന്‍ പലരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഈ തീവ്ര മനോഭാവവും ജീവിത രീതികളും കാരണം സ്വന്തം മക്കള്‍ ഇസ്‌ലാമില്‍ നിന്നു തന്നെ തെറ്റിപ്പോയി എന്ന ദുഃഖകരമായ വാര്‍ത്ത ഒരാള്‍ ഈയിടെ എന്നോട് പങ്കുവെക്കുകയുണ്ടായി. ഒന്നിലധികം ഭാര്യമാരുണ്ടാകുന്നതാണ് ഇസ്‌ലാമിന്റെ അടിസ്ഥാന അധ്യാപനം എന്നാണു അദ്ദേഹം ധരിച്ചത്. ഇതിനു ഭിന്നമായി ബഹുഭാര്യാത്വ വിഷയത്തില്‍ മുഹമ്മദ് അബ്ദുവെപ്പോലുള്ള പരിഷ്‌കര്‍ത്താക്കളുടെ അഭിപ്രായങ്ങള്‍ അദ്ദേഹവും സമാന മനസ്‌കരും പാടെ തള്ളിക്കളഞ്ഞിരുന്നു. ഇത്തരം ഫത്വകള്‍ നോര്‍ത്ത് അമേരിക്കയിലും പാശ്ചാത്യ നാടുകളിലും പ്രചരിപ്പിക്കുകയും പിന്തുടരുകയും ചെയ്താല്‍ അതുകാരണം കുടുംബങ്ങള്‍ തകരുന്നതിനു പുറമെ ഇസ്‌ലാമിന് വലിയ തിരിച്ചടിയുാവുകയുമായിരിക്കും ഫലം. പക്ഷേ, ഇതൊന്നും അവര്‍ക്കു മനസ്സിലാക്കാനേ കഴിയുന്നില്ല.
ശാന്തപുരത്ത് രിസാലതുത്തൗഹീദും നസഫിയുടെ ശറഹുല്‍ അഖാഇദും പഠിപ്പിച്ചിരുന്നുവെന്ന് പറഞ്ഞല്ലോ. ഇസ്‌ലാമികവിശ്വാസധാരകളിലെ, മാതുരീദി അശ്അരി ആശയങ്ങള്‍ വിശദീകരിക്കുന്ന കൃതിയാണ് ശറഹുല്‍ അഖാഇദ്. രിസാലതുത്തൗഹീദ് ആവട്ടെ, ഇസ്‌ലാമിക ഫിലോസഫിക്കല്‍ തിയോളജിയെ (കഹെമാശര ജവശഹീീെുവശരമഹ ഠവലീഹീഴ്യ) അടിസ്ഥാനമാക്കി, ആധുനിക ചിന്തകള്‍ മുന്നില്‍ കണ്ടുകൊണ്ട് വിശ്വാസ കാര്യങ്ങള്‍ ലളിതമായി വിവരിക്കുന്ന വിധത്തില്‍ എഴുതിയതാണ്. ഇത്തരം ഗ്രന്ഥങ്ങള്‍ വായിച്ചും പഠിച്ചും വളര്‍ന്നവര്‍ വിശ്വാസപരമായ വിഷയങ്ങളില്‍ തീവ്ര അഭിപ്രായങ്ങള്‍ പുലര്‍ത്തുകയില്ല. മദീനയില്‍ പഠിപ്പിച്ചിരുന്നത് അഖീദത്തുത്ത്വഹാവിയ്യ ആയിരുന്നു. ഈ ഗ്രന്ഥം രചിച്ചത് ഹനഫി മദ്ഹബിലെ പ്രമുഖ പണ്ഡിതനും ഹദീസ് വ്യാഖ്യാതാവുമായ ഇമാം അബു ജഅ്ഫര്‍ ത്വഹാവിയാണ്. പൊതുവെ എല്ലാ മദ്ഹബുകാരും മാതുരീദി, അശ്അരി വിഭാഗത്തില്‍പെട്ട പണ്ഡിതന്മാരും അംഗീകരിക്കുന്ന ഗ്രന്ഥമാണിത്. പക്ഷേ, ഈ കൃതിക്കു പല വിശദീകരണങ്ങളും നിലവിലുണ്ട്. മദീനാ യൂനിവേഴ്‌സിറ്റിയില്‍ ടെക്സ്റ്റ് ബുക്ക് ആയി തെരഞ്ഞെടുത്തത് പൂര്‍ണമായും സലഫി ധാരയില്‍ അധിഷ്ഠിതമായ ഇബ്‌നു അബില്‍ ഇസ്സിന്റെ വ്യാഖ്യാനമാണ്. തൗഹീദില്‍ വിശ്വസിക്കുന്നതിന്റെ ഒരു പ്രധാന വശം, അല്ലാഹുവിനു മുഖവും കൈയും കാലും മറ്റും ഉണ്ടെന്നു മനസ്സിലാക്കലും അത് ഒരു വിധത്തിലും വ്യാഖ്യാനിക്കാതെ വിശ്വസിക്കലുമാണെന്നാണ് ഈ കൃതി പഠിപ്പിക്കുന്നത്. ഒരിക്കല്‍ നോര്‍ത്ത് അമേരിക്ക സന്ദര്‍ശിച്ച ഒരു സലഫി പണ്ഡിതന്‍ അല്ലാഹുവിന്റെ നാമത്തെയും ഗുണവിശേഷങ്ങളെയും പറ്റിയുള്ള ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കാനായി എത്രയോ സമയം ചെലവഴിച്ചു തയാറാക്കിയ പ്രഭാഷണ പരമ്പരയുടെ ആല്‍ബം അദ്ദേഹത്തിന്റെ ഒരു വിദ്യാര്‍ഥി എനിക്ക് സമ്മാനിക്കുകയുണ്ടായി. എന്നാല്‍, നന്ദിപൂര്‍വം ഞാനത് തിരസ്‌കരിക്കുകയായിരുന്നു. അതെല്ലാം കേട്ടും ചിന്തിച്ചും എന്തിന് നമ്മുടെ വിലപ്പെട്ട സമയം പാഴാക്കണം! ഇവര്‍ മുഹമ്മദ് അബ്ദുവിന്റെ രിസാലത്തുത്തൗഹീദും തഫ്‌സീറുല്‍ മനാറും ഇമാം ഗസാലിയുടെ ഇഹ്‌യാ ഉലൂമിദ്ദീനും മറ്റും വായിച്ചിരുന്നെങ്കില്‍ ഇത്തരത്തില്‍ നിലവാരം കുറഞ്ഞ അനാവശ്യ ചര്‍ച്ചകളില്‍ സമയം കളയുമായിരുന്നില്ല.
തസ്വവ്വുഫും ഇല്‍മുല്‍ കലാമും ഇസ്‌ലാമിക് ഫിലോസഫിയും മദീനാ യൂനിവേഴ്‌സിറ്റിയില്‍ വിലക്കപ്പെട്ട പഴങ്ങളായതിനാല്‍ അതിന്റേതായ ഭാഷയില്‍ എഴുതിയ ഗ്രന്ഥങ്ങള്‍ വായിക്കാനും മനസ്സിലാക്കാനും മദീനയില്‍നിന്ന് പഠനം പൂര്‍ത്തീകരിച്ച പലര്‍ക്കും കഴിഞ്ഞിരുന്നില്ല. മദീനയില്‍ നിന്ന് പഠിച്ചിറങ്ങി, 'ആഫ്രിക്കന്‍ ഇസ്‌ലാമിക് ഹിസ്റ്ററി'യില്‍ ടോറണ്ടോ യൂനിവേഴ്‌സിറ്റിയില്‍ ജവഉ ക്കു ചേര്‍ന്ന ഒരു പണ്ഡിതന്‍ ഷാ വലിയ്യുല്ലയെ കുറിച്ച് ഒരു റിസര്‍ച്ച് പേപ്പര്‍ എഴുതാനായി ഹുജ്ജത്തുല്ലാഹില്‍ ബാലിഗ വായിക്കാന്‍ ശ്രമിച്ചു. പക്ഷേ, അദ്ദേഹത്തിന് ഹുജത്തുല്ലാഹില്‍ ബാലിഗയിലെ ഭാഷ അപരിചിതമായിരുന്നു. അതിന്റെ ചുരുളഴിക്കാന്‍ അദ്ദേഹം എന്റെയടുത്ത് വന്നു. ഇതു മദീനാ യൂനിവേഴ്‌സിറ്റിയുടെ മാത്രം പരിമിതിയാണെന്നു ധരിക്കുന്നതും തെറ്റാണ്. ദയൂബന്ദടക്കം ഇന്നത്തെ മിക്ക സ്ഥാപനങ്ങളില്‍ നിന്നും പുറത്തു വരുന്ന പല പണ്ഡിതന്മാരും ഇത്തരം വിഷയങ്ങളില്‍ ദുര്‍ബലരാണെന്നാണ് എന്റെ ധാരണ. ഷാ വലിയ്യുല്ലയുടെ ചിന്ത ഉള്‍ക്കൊണ്ടിരുന്ന പണ്ഡിതന്മാര്‍ നിര്‍മിച്ച ദയൂബന്ദില്‍ തന്നെ ഹുജ്ജത്തുല്ലാഹില്‍ ബാലിഗ പഠിപ്പിക്കാന്‍ കഴിയുന്ന പണ്ഡിതന്മാരെ കിട്ടാന്‍ പ്രയാസമായിരുന്നുവെന്ന് വായിച്ചതോര്‍ക്കുന്നു.
ആധുനിക ഇസ്‌ലാമിക ചിന്ത നേരിടുന്ന ബൗദ്ധിക പാപ്പരത്തത്തിന്റെ ഒരു കാരണം ഇതില്‍ നിന്നു നമുക്ക് മനസ്സിലാക്കാന്‍ കഴിയും. ആധുനിക മുസ്‌ലിം ലോകത്തിന്റെ ചിന്താപരമായ നേതൃത്വത്തില്‍ നമുക്കാവശ്യം ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയുടെ തലപ്പത്തിരിക്കാന്‍ കഴിയുന്ന ഒരു ഗസാലിയെയാണെന്ന് പ്രസിദ്ധ ഇസ്‌ലാമിക ഫിലോസഫറും നോര്‍ത്ത് അമേരിക്കന്‍ പ്രഫസറുമായ ഡോ. ഹുസൈന്‍ നസ്വ്ര്‍ ഒരിക്കല്‍ പറയുകയുണ്ടായി. എന്നാല്‍ ഗസാലിയെ സൃഷ്ടിച്ചത് തഫ്സീറും ഹദീസും ഇല്‍മുല്‍ കലാമും തസ്വവ്വുഫും ഇസ്‌ലാമിക ഫിലോസഫിയും ഉള്‍ക്കൊണ്ട ഒരു സമഗ്ര പാഠ്യ പദ്ധതിയായിരുന്നുവെന്ന് നാമോര്‍ക്കണം. അത്തരം പാഠ്യ പദ്ധതികള്‍ ഒഴിവാക്കി ഖുര്‍ആനിന്റെയും ഹദീസിന്റെയും ഫിഖ്ഹിന്റെയും ശുഷ്‌കമായ ചര്‍ച്ചകളും വായനകളും പരിശീലിപ്പിക്കുന്ന സിലബസാണ് പലരും തെരഞ്ഞടുക്കുന്നത്. മുസ്‌ലിം ലോകത്ത് ഞാന്‍ ക പ്രമുഖ കലാലയങ്ങളിലെ പാഠ്യപദ്ധതികള്‍ താരതമ്യം ചെയ്തുകൊണ്ടു കുറച്ചു കൂടി കാര്യങ്ങള്‍ പറയാനുണ്ട്. നോര്‍ത്ത് അമേരിക്കന്‍ യൂനിവേഴ്‌സിറ്റികളിലെ അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ അത് വിശദീകരിക്കുന്നതാകും ഉചിതം.
മദീനയില്‍ നല്ലതൊന്നും പഠിക്കാനുണ്ടായിരുന്നില്ല എന്ന് ഈ വിവരണത്തില്‍ നിന്ന് ധരിക്കരുത്. ചില പുതിയ വിഷയങ്ങള്‍ അവിടെ സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇസ്‌ലാമിക ലോകം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, ഓറിയന്റലിസം, ഇസ്‌ലാമിക പ്രബോധനത്തിന്റെ രീതികള്‍ തുടങ്ങിയ വിഷയങ്ങളും പഠിപ്പിച്ചിരുന്നു. പക്ഷേ, അവയുടെ അവതരണ രീതി അത്ര തൃപ്തികരമായിരുന്നില്ല. കാരണം, ക്ഷമാപണ (അപോളജിറ്റിക്) ശൈലിയിലായിരുന്നു അവയുടെ അവതരണം പലപ്പോഴും.
മദീനയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇബ്ന്‍ റുശ്ദിന്റെ 'ബിദായത്തുല്‍ മുജ്തഹിദ്' എന്ന ഫിഖ്ഹ് ഗ്രന്ഥത്തിന്റെ അധ്യാപനമാണ്. ഇതു വളരെ വിലപ്പെട്ട ഒന്നാണ്. ഫിഖ്ഹിന്റെ ഒരു ട്രെയ്‌നിംഗ് മാന്വല്‍ ആയി ഈ കൃതി പരിഗണിക്കാം. പക്ഷേ അത് പഠിച്ചപ്പോഴും ആ വിലപ്പെട്ട ഗ്രന്ഥം എഴുതിയ പ്രസിദ്ധ തത്ത്വചിന്തകന്‍ ഇബ്ന്‍ റുശ്ദിനെ ശരിക്കും അറിയാനായത് ടൊറണ്ടോ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോഴാണ്. കാരണം അദ്ദേഹത്തിന്റെ മണ്ഡലമായ ഫല്‍സഫയും ഇല്‍മുല്‍ കലാമും മദീനയില്‍ വിലക്കപ്പെട്ട പഴങ്ങളായിരുന്നല്ലോ! ഇങ്ങനെ പലതും വിലക്കപ്പെട്ട കുടുസ്സായ പഠന സമീപന രീതികള്‍ കാരണമാകാം, അവിടെ നിന്ന് പുറത്തു വരുന്ന വിദ്യാര്‍ഥികള്‍ പലപ്പോഴും പല വിഷയങ്ങളിലും അത്തരം നിലപാടുകള്‍ പ്രകടിപ്പിച്ചത്. ഉദാഹരണമായി, ഫോട്ടോഗ്രാഫി ഇസ്ലാമില്‍ തികച്ചും ഹറാമാണെന്നാണ് ഞങ്ങള്‍ പഠിച്ചിരുന്നത്. വിദ്യാര്‍ഥികള്‍ ഇത് അപ്പടി വിശ്വസിച്ചു. വേണ്ടിവന്നാല്‍ സ്റ്റുഡിയോ അടിച്ചുപൊളിക്കാന്‍ പോലും പലരും തയാറായിരുന്നു. പക്ഷേ, ഫോട്ടോഗ്രാഫി ഹറാമാണെന്ന് പ്രഖ്യാപിച്ച ഇബ്‌നു ബാസിന്റെ തന്നെ ഫോട്ടോകള്‍ പിന്നീട്, അദ്ദേഹം മരിക്കുന്നതിന് മുമ്പ് തന്നെ പത്രങ്ങളിലും പുസ്തകങ്ങളിലും സാര്‍വത്രികമായിരുന്നു. സ്ത്രീകളുടെ ഡ്രൈവിംഗ് ഉള്‍പ്പെടെ ഇത്തരം പല വിഷയങ്ങളിലും പിന്നീടുണ്ടായ മാറ്റങ്ങളെ കുറിച്ചും നാം ചിന്തിക്കണം.
ഈ അനുഭവങ്ങളെല്ലാം മുന്നില്‍ വെച്ച് ഒരു കാര്യം സൂചിപ്പിക്കേണ്ടതുണ്ട്; നമ്മുടെ മനസ്സ് തുറക്കുമ്പോഴാണ് നമ്മുടെ ബുദ്ധിപരമായ വളര്‍ച്ച സാധ്യമാകുന്നത്. ഹൃദയങ്ങള്‍ തുറക്കാനും വസ്തുതകള്‍ നിരീക്ഷിക്കാനും അപഗ്രഥിക്കാനും ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നത് വെറുതെയല്ല; ''ഇവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കില്‍ ചിന്തിച്ച് മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ കേട്ടറിയാനുതകുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്; നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ് അന്ധത ബാധിക്കുന്നത്'' (ഖുര്‍ആന്‍ - 22: 46). യാത്രകളും അനുഭവങ്ങളും മറ്റുള്ളവരിലേക്ക് തുറക്കുന്ന വാതിലുകളാണ്. അത് നമുക്കകത്തേക്കും വെളിച്ചം വീശും. നമ്മോടു വിയോജിപ്പുള്ളവരില്‍ നിന്നും നമ്മള്‍ സ്‌നേഹിക്കുന്നവരില്‍ നിന്നും നമുക്ക് പഠിക്കാനുണ്ട്. വീക്ഷണ വ്യത്യാസമുള്ളവരില്‍ നിന്ന് എത്രയോ കാര്യങ്ങള്‍ മനസ്സിലാക്കാനുണ്ട്. അതിനു പക്ഷേ, അവരിലേക്ക് വാതിലുകള്‍ തുറന്ന് വെക്കണം. ആത്മീയ വളര്‍ച്ചക്കു ഇമാം ഗസാലി പറഞ്ഞ പല മാര്‍ഗങ്ങളിലൊന്ന്, നമ്മുടെ എതിരാളികളാണ് നമ്മുടെ കുറവുകള്‍ അറിയാനുള്ള വലിയ മാര്‍ഗമെന്നാണ്. കാരണം, നമ്മുടെ മിത്രങ്ങള്‍ നമ്മുടെ കുറ്റങ്ങളും കുറവുകളും മറച്ചുവെക്കാന്‍ ശ്രമിക്കും. ശത്രുക്കളാവട്ടെ നമ്മുടെ കുറവുകള്‍ പര്‍വതീകരിച്ചു കാണിക്കും. അതിനാല്‍ അവരുടെ വിമര്‍ശനങ്ങള്‍ നമ്മുടെ ആത്മീയവും ചിന്താപരവുമായ വളര്‍ച്ചക്ക് ഉപയോഗപ്പെടുത്താം. ഈ തിരിച്ചറിവ് ചിന്താപരമായ വളര്‍ച്ചക്ക് ഏറെ അനിവാര്യമാണ്. ഈ തത്ത്വം ഉള്‍ക്കൊണ്ടാല്‍ വിവിധ മുസ്‌ലിം ചിന്താധാരകളില്‍ നിന്നും മദ്ഹബുകളില്‍ നിന്നും മാത്രമല്ല മറ്റു സംസ്‌കാരങ്ങളില്‍ നിന്നും മതങ്ങളില്‍ നിന്ന് പോലും നമുക്ക് പലതും പഠിക്കാന്‍ കഴിയും. നേരെ മറിച്ചു വിഷയങ്ങളെ കറുത്തതും വെളുത്തതുമായ അറകളില്‍ മാത്രം കണ്ടാല്‍ അതു ഒരു വലിയ മെന്റല്‍ ബ്ലോക്കായി (ങലിമേഹ ആഹീരസ) മാറുകയാണുണ്ടാവുക.
മദീനാ യൂനിവേഴ്‌സിറ്റിയുടെ സിലബസ്സിന്റെ പോരായ്മകള്‍ ഒരു ഭാഗത്തുണ്ടായിരിക്കെത്തന്നെ, അവിടെ പല പ്രഗത്ഭ പണ്ഡിതന്മാരും അധ്യാപകരായിരുന്നുവെന്നത് സന്തോഷം തന്നു. അവരില്‍ പലരും പഴയ ആലിം ട്രെയ്‌നിംഗ് നേടിയവരായിരുന്നു. പക്ഷേ സിലബസിന്റ പരിമിതികള്‍ കാരണം വിദ്യാര്‍ഥികള്‍ക്ക് അവരെ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. ശാന്തപുരത്തെയും മദീനയിലെയും അധ്യാപകരെ താരതമ്യം ചെയ്യുന്നത് ശരിയല്ല. കാരണം, മദീനയിലെ പണ്ഡിതന്മാരില്‍ പ്രമുഖര്‍ പൊതുവെ തങ്ങളുടെ വിഷയങ്ങളില്‍ ഗ്രന്ഥങ്ങള്‍ രചിച്ചവരാണ്. കേരളത്തിലെ അധ്യാപകരായ പണ്ഡിതന്മാര്‍ക്കിടയില്‍ ഗ്രന്ഥരചന താരതമ്യേന വിരളമായിരുന്നു. വളരെ കുറച്ചു മാത്രമേ അതില്‍ ശ്രദ്ധ ചെലുത്തിയിരുന്നുള്ളൂവെന്നാണ് എന്റെ ധാരണ. ഉത്തരേന്ത്യയിലാവട്ടെ പേരുകേട്ട പല ഗ്രന്ഥകര്‍ത്താക്കളും ഉണ്ടായിരുന്നു. ഷാ വലിയ്യുല്ലാഹ്, മുബാറക് പുരി, അന്‍വര്‍ ഷാ കശ്മീരി പോലുള്ള പണ്ഡിതന്മാര്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. ഇതു വലിയൊരു വൈജ്ഞാനിക ശൂന്യത തന്നെയാണ്.
മദീനയിലെ പണ്ഡിതന്മാരെ രണ്ടു വിഭാഗമായി തിരിക്കാം. പൊതുവെ എല്ലാവരും സലഫി ചിന്താധാര ഉള്‍ക്കൊണ്ടവരായിരുന്നെങ്കിലും അവരെല്ലാം ഒരേ അച്ചില്‍ വാര്‍ക്കപ്പെട്ടവരായിരുന്നില്ല. ഓരോ പണ്ഡിതനും വളരുന്നത് വ്യത്യസ്തമായ അനുഭവങ്ങളും ആശയങ്ങളും ചിന്താധാരകളും ഉള്‍ക്കൊണ്ടു കൊണ്ടാണ്. അതുകൊണ്ടുതന്നെ ഓരോരുത്തരും പ്രശ്‌നങ്ങളെ സമീപിക്കുന്നതും വ്യത്യസ്ത രൂപത്തിലാണ്. കഴിഞ്ഞ അധ്യായത്തില്‍ ശൈഖ് ഇബ്‌നു ബാസിനെ കുറിച്ച് പറയുകയുണ്ടായി. അദ്ദേഹത്തിന്റെ വിശാലമനസ്സും അഭിപ്രായവ്യത്യാസങ്ങളുായിരിക്കെത്തന്നെ മറ്റുള്ളവരെ സ്വീകരിക്കാനുള്ള സന്മനസ്സും സൂചിപ്പിച്ചു.
എന്നാല്‍ ഇതില്‍നിന്ന് വിഭിന്നമായ വ്യക്തിത്വമായിരുന്നു മദീനയിലെ മറ്റൊരു സലഫി പണ്ഡിതന്‍ ഹമ്മാദുല്‍ അന്‍സാരി (1924-1997). ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ജനിച്ച അദ്ദേഹം പല ആഫ്രിക്കന്‍ രാജ്യങ്ങളിലും പഠിച്ച ശേഷം സുഊദി അറേബ്യയില്‍ വന്നു, പല പണ്ഡിതന്മാരില്‍ നിന്നും വിജ്ഞാനം നേടി. ശേഷം മദീന യൂനിവേഴ്‌സിറ്റിയില്‍ ഹദീസ് പ്രഫസറും ഗവേഷകനുമായി വര്‍ഷങ്ങളോളം സേവനം ചെയ്തു. ഇമാം ഖത്ത്വാബി ചില പണ്ഡിതന്മാരെ പറ്റി പറഞ്ഞ പോലെ, ഹമ്മാദുല്‍ അന്‍സാരി ഹദീസിനെ ബാഹ്യമായി വ്യാഖ്യാനിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്ത വ്യക്തിയായിരുന്നു. അദ്ദേഹം ഹദീസ് സംബന്ധിയായി പല ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. 'തഖ്രീജ് അഹാദീസി ബിദായത്തില്‍ മുജ്തഹിദ്' അദ്ദേഹത്തിന്റെ പ്രധാന കൃതിയാണ്. തീര്‍ച്ചയായും ഇതൊരു നല്ല വൈജ്ഞാനിക സംഭാവന തന്നെ. വെളിച്ചം കാണാത്ത പല ഗ്രന്ഥങ്ങളുടെയും കൈയെഴുത്തു കോപ്പികള്‍ മറ്റും അദ്ദേഹം ശേഖരിച്ചിരുന്നു. മദീന യൂനിവേഴ്സിറ്റിക്ക് അത്തരം നാനൂറോളം കൈയെഴുത്തു പ്രതികള്‍ സംഭാവനയായി നല്‍കിയിട്ടുണ്ടെന്നു അദ്ദേഹം പറയുകയുണ്ടായി. വര്‍ഷങ്ങളെടുത്ത് സ്വന്തം കൈകൊണ്ട് ഗ്രന്ഥങ്ങള്‍ കോപ്പി ചെയ്തു ശേഖരിച്ചിട്ടുമുണ്ട്. ഇതെല്ലാം വളരെ പ്രശംസനീയമായ സേവനമാണെന്നതില്‍ യാതൊരു സംശയവുമില്ല. ശൈഖ് ഹമ്മാദ് വിദ്യാര്‍ഥികള്‍ക്കു നല്‍കിയിരുന്ന പല ഉപദേശങ്ങളും അര്‍ഥവത്തായിരുന്നു. പക്ഷേ, ചിലതെല്ലാം സങ്കുചിതമായിരുന്നു, അദ്ദേഹത്തിന്റെ ഇടുങ്ങിയ ചിന്തയില്‍ നിന്ന് ഉടലെടുത്തവ. ഏതൊരു വിദ്യാര്‍ഥിയും പ്രമുഖ ശാഫിഈ പണ്ഡിതന്‍ ഇബ്‌നു ജമാഅയുടെ (1825 1915) 'തദ്കിറത്തുസ്സാമിഇല്‍ വല്‍ മുതകല്ലിം ഫീ അദബില്‍ ആലിമി വല്‍ മുതഅല്ലിം' എന്ന കൃതി വായിക്കുകയും പഠിക്കുകയും ചെയ്യണം എന്നതാണ് അദ്ദേഹത്തില്‍ നിന്ന് എനിക്ക് ലഭിച്ച വിലപ്പെട്ട ഉപദേശം. എന്നാല്‍ അദ്ദേഹത്തിന്റെ മറ്റു ചില ഉപദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ്. രണ്ട് ഉദാഹരണങ്ങള്‍ പറയാം. ഒന്ന്, ഇഖ്വാനികളോട് അടുക്കരുതെന്ന് അദ്ദേഹം വിദ്യാര്‍ഥികളോട് പറയുമായിരുന്നു. കാരണം അവര്‍ മനസ്സില്‍ ആശയക്കുഴപ്പങ്ങളും സംശയങ്ങളും സൃഷ്ടിക്കുക മാത്രമേ ചെയ്യൂ എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. രണ്ട്, പ്രമുഖ ഇന്‍ഡോ പാക് പണ്ഡിതനായ സഫര്‍ അഹ്മദ് ഉസ്മാനി (1892-1974) രചിച്ചതും തകി ഉസ്മാനി എഡിറ്റ് ചെയ്തതുമായ 22 വാള്യങ്ങളുള്ള ഹദീസ് വിജ്ഞാന കോശത്തെ അദ്ദേഹം വിശേഷിപ്പിച്ചത് ഹാദിമുസ്സുന്നന്‍ (സുന്നയെ തകര്‍ക്കുന്നത്) എന്നാണ്. എന്നാല്‍ അതിന്റെ യഥാര്‍ഥ പേര് ഇഅ്‌ലാഉസ്സുനന്‍ (സുന്നത്തിനെ ഉദ്ധരിക്കല്‍) എന്നാണ്. ഈ ഗ്രന്ഥത്തെ അദ്ദേഹം ഇങ്ങനെ വിശേഷിപ്പിക്കാന്‍ കാരണം അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അത് രചിച്ചത് 'തെറ്റായ' ഹനഫീ അഭിപ്രായങ്ങളെ ന്യായീകരിക്കുകയെന്ന ലക്ഷ്യത്തോടെ മാത്രമാണ്.
തികച്ചും വ്യത്യസ്തനായിരുന്നു ഞങ്ങളുടെ മറ്റൊരു പ്രഫസര്‍ ഡോ. തഖിയുദ്ദീന്‍ ഹിലാലി (1893-1987). അദ്ദേഹം മൊറോക്കോയിലാണ് ജനിച്ചത്. അറബ് നാടുകളിലും ഇന്ത്യയിലും യൂറോപ്പിലും വിജ്ഞാനം തേടി വര്‍ഷങ്ങളോളം യാത്ര ചെയ്തു. അദ്ദേഹത്തിന്റെ സലഫിസവും ശൈഖ് ഹമ്മാദിന്റെ സലഫിസവും തമ്മില്‍ വളരെ അന്തരമുണ്ട്. അദ്ദേഹം ശഹീദ് ഹസനുല്‍ ബന്നയുടെ ആവശ്യ പ്രകാരം ഇഖ്വാനുല്‍ മുസ്‌ലിമീന്റെ മുഖപത്രത്തില്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു. റശീദ് രിദായുടെയും അമീര്‍ ശകീബ് അര്‍സലാന്റെയും സുഹൃത്തായിരുന്നു അദ്ദേഹം. താന്‍ അറിവു സമ്പാദിച്ച നാല് പ്രമുഖ പണ്ഡിതന്മാരില്‍ ഒരാളായി റശീദ് രിദയെ അദ്ദേഹം എണ്ണിയിരുന്നു. അതുകൊണ്ടുതന്നെ പല വിഷയങ്ങളിലും അദ്ദേഹത്തിന്റെ സമീപനരീതിയും അദ്ദേഹത്തിന്റെ ലോക വീക്ഷണവും മറ്റു പലരില്‍ നിന്നും വ്യത്യസ്തമായിരുന്നു.
ഹിലാലിയുടെ വൈജ്ഞാനിക യാത്ര എന്നെ വല്ലാതെ ആകര്‍ഷിച്ചു. അതെനിക്ക് വലിയ പ്രചോദനമായി. അദ്ദേഹം ആദ്യം തീജാനി സൂഫി തരീഖത്തിന്റെ അനുയായി ആയിരുന്നു. പിന്നീട് അവരുടെ പല ആചാരങ്ങളും വിശ്വാസങ്ങളും തെറ്റാണെന്നു അദ്ദേഹത്തിന് ബോധ്യമായി. അവരുടെ വാദഗതികളുടെ പൊള്ളത്തരം തുറന്നു കാണിക്കുന്ന ഒരു ഗ്രന്ഥമെഴുതി അദ്ദേഹം. പിന്നീട് സലഫി ആശയം സ്വീകരിച്ചു. ആ ഘട്ടത്തിലാണത്രെ അദ്ദേഹമൊരിക്കല്‍ പുണ്യ റസൂലിനെ സ്വപ്‌നം കണ്ടത്. സ്വപ്‌നത്തില്‍ അദ്ദേഹം റസൂലിനോട് ഇപ്രകാരം ചോദിച്ചു: 'ഞാന്‍ എന്താണ് ചെയ്യേണ്ടത്; ഇബാദത്തില്‍ മുഴുകുകയോ വിജ്ഞാനം തേടുകയോ?' റസൂല്‍ പറഞ്ഞു: 'വിജ്ഞാനം നേടുക.' 'ഏത് തരത്തിലുള്ള വിജ്ഞാനമാണ് ഞാന്‍ പഠിക്കേണ്ടത്? ഗൂഢജ്ഞാനമോ (ഈസോട്ടറിക്- ഇല്‍മുല്‍ ബാതിന്‍), ബാഹ്യജ്ഞാനമോ (എക്‌സോട്ടറിക് -ഇല്‍മുല്‍ ളാഹിര്‍)?' പ്രവാചകന്‍ പറഞ്ഞു: 'ഇല്‍മുളളാഹിര്‍.' 'അറബ് നാടുകളില്‍നിന്നോ അന്യ നാടുകളില്‍നിന്നോ?' റസൂല്‍ പറഞ്ഞു: 'എല്ലാ നാടുകളും അല്ലാഹുവിന്റേതാണ്.'
ഈ മറുപടിയില്‍ നിന്ന് തഖിയുദ്ദീന്‍ ഹിലാലി മനസ്സിലാക്കിയത്, 'വിജ്ഞാനം തേടി അമുസ്‌ലിം നാടുകളിലേക്ക് യാത്ര ചെയ്യുന്നതില്‍ തെറ്റില്ല' എന്നാണ്. അതദ്ദേഹം പ്രാവര്‍ത്തികമാക്കി. ഫാസിലെ പ്രസിദ്ധമായ ഖൈറുവാന്‍ യൂനിവേഴ്‌സിറ്റിയിലും അസ്ഹറിലും മറ്റും പഠിച്ച ശേഷം ഇറാഖിലെയും ഇന്ത്യയിലെയും ചില പണ്ഡിതന്മാരില്‍ നിന്നും വിജ്ഞാനം തേടി അദ്ദേഹം യാത്ര ചെയ്തു. പിന്നീട് അദ്ദേഹം ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും സാമ്പത്തിക പ്രയാസം കാരണം നടന്നില്ല. അവസാനം അമീര്‍ ശകീബ് അര്‍സലാന്റെ ശിപാര്‍ശയോടെ ജര്‍മനിയിലെ ബോണ്‍ യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് പഠിച്ചു, ഡോക്ടറേറ്റ് നേടി. പാശ്ചാത്യരെ അടുത്തുനിന്ന് നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്ത ശേഷം അവരെ കുറിച്ച പല മുന്‍ധാരണകളും അദ്ദേഹം തിരുത്തുകയും അവരുടെ വളര്‍ച്ചയുടെയും പുരോഗതിയുടെയും കാരണങ്ങള്‍ മനസ്സിലാക്കുകയും അത് തുറന്ന് പറയുകയും ചെയ്തു. ഇത് മുസ്‌ലിം ലോകത്തെ മറ്റു പല പണ്ഡിതന്മാരുടേതില്‍ നിന്നും വ്യത്യസ്തമായ നിലപാടായിരുന്നു. പാശ്ചാത്യരെ അദ്ദേഹം വിലയിരുത്തിയത് ഇങ്ങനെയാണ്; 'പാശ്ചാത്യര്‍ക്കു പല ഉത്തമ മൂല്യങ്ങളുമുണ്ട്. അതുകൊണ്ടാണ് അവര്‍ പുരോഗതി പ്രാപിക്കുന്നത്. ഉദാഹരണമായി ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ അവര്‍ വലിയ കൃത്യനിഷ്ഠയും കഠിനാധ്വാനവും അടുക്കും ചിട്ടയും ശീലിച്ചവവരാണ്. ഈ ഗുണം മുമ്പ് അവര്‍ക്കുണ്ടായിരുന്നില്ല. അവരത് പഠിച്ചത് മുസ്‌ലിംകളില്‍ നിന്നാണ്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന കുരിശു യുദ്ധങ്ങളില്‍ അവര്‍ക്കു മുസ്‌ലിംകളുമായി നേരിട്ട് ഇടപഴകാന്‍ അവസരം ലഭിച്ചു. അങ്ങനെയാണ് ഇത്തരം മൂല്യങ്ങള്‍ അവര്‍ പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തത്. മുസ്ലിംകളാവട്ടെ അത്തരം മൂല്യങ്ങള്‍ കൈയൊഴിയുകയാണുായത്. ഉദാഹരണമായി മുസ്‌ലിം ലോകത്തെ ബ്യൂറോക്രസിയെ നോക്കു. ഓരോ ഉദ്യോഗസ്ഥനും വിചാരിക്കുന്നത് താന്‍ ഇരിക്കുന്നതു മേഘങ്ങള്‍ക്കും മീതെയാണെന്നാണ്. അതുകൊണ്ട് തന്നെ അവര്‍ ജനങ്ങളോട് അടുപ്പമോ, നീതി പൂര്‍വമായ ഇടപെടലോ നടത്തുന്നില്ല. ജനങ്ങളോട് നീതി കാണിക്കാത്ത നേതാക്കളും ഓഫീസര്‍മാരും അവസാനം അല്ലാഹു താക്കീത് ചെയ്ത പോലെ നാശത്തിലേക്കാണ് കുപ്പുകുത്തുന്നത്. അല്ലാഹുവിന്റെ സുന്നത്താണത്.' ഇതു വായിച്ചപ്പോള്‍ ഇബ്‌നു തൈമിയ്യയുടെ ഒരു മറുപടിയാണ് എനിക്ക് ഓര്‍മ വരുന്നത്. അദ്ദേഹത്തോട് ഒരാള്‍ ചോദിച്ചു; 'എന്തുകൊണ്ടാണ് സത്യനിഷേധികള്‍ക്കു മുസ്‌ലിംകളുടെ മേല്‍ ആധിപത്യം കിട്ടുന്നത്?' അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: 'നീതി പാലിക്കുന്നവര്‍ക്കു അനീതി കാണിക്കുന്നവരുടെ മേല്‍ അല്ലാഹു അധികാരം കൊടുക്കും; നീതി പാലിക്കുന്നവര്‍ ആരായിരുന്നാലും ശരി!'
പുതിയ പുതിയ കാര്യങ്ങള്‍ അറിയാനും പഠിക്കാനുമുള്ള ഹിലാലിയുടെ ജിജ്ഞാസക്കു ഒരു ഉദാഹരണം കൂടി പറയാം. സൂര്യന്‍ അസ്തമിക്കാത്ത നാടുകള്‍ ലോകത്തുണ്ടെന്നു കേട്ടപ്പോള്‍ അവ നേരില്‍ കാണണമെന്ന് തീരുമാനിച്ച അദ്ദേഹം, സുഹൃത്തിനോടൊപ്പം നോര്‍വെയിലേക്കു യാത്ര ചെയ്തു. അവിടെ അദ്ദേഹം ഇരുപത്തിനാലു മണിക്കൂര്‍ സൂര്യന്‍ അസ്തമിക്കാത്ത കാഴ്ച കണ്ടു. നോര്‍വേയില്‍ മെയ് മുതല്‍ ജൂലൈ അവസാനം വരെ 76 ദിവസം സൂര്യന്‍ അസ്തമിക്കുകയില്ല. ഇങ്ങനെ ദിവസങ്ങളോളമോ മാസങ്ങളോളമോ സൂര്യന്‍ അസ്തമിക്കാത്ത ആറു രാജ്യങ്ങളില്‍ ഒന്ന് കാനഡയാണ്. കാരണം കാനഡയിലെ ഇന്വിക് (കിൗ്ശസ), വടക്കുപടിഞ്ഞാറന്‍ പ്രവിശ്യകളില്‍ വേനല്‍ക്കാലത്ത് 50 ദിവസങ്ങളോളം സൂര്യന്‍ പ്രകാശിച്ചുകൊയേിരിക്കും.
ഇത് പറയുമ്പോള്‍ ഇമാം അബൂയൂസുഫിന്റെ രസകരമായ ഒരു കഥയാണ് ഓര്‍മ വരുന്നത്. അദ്ദേഹത്തിന്റെ ക്ലാസില്‍ പതിവായി വന്നിരുന്ന ഒരു ശിഷ്യന്‍ ഒരിക്കലും ഒരു ചോദ്യവും ചോദിക്കുമായിരുന്നില്ല. അത്ഭുതം തോന്നിയ അബൂയൂസുഫ് ഒരിക്കല്‍ ആ ശിഷ്യനോട് ചോദിച്ചു: 'എന്താണ് താങ്കള്‍ ഒരിക്കലും ഒരു ചോദ്യവും ചോദിക്കാത്തത്?' ശിഷ്യന്‍ തിരിച്ചു ചോദിച്ചു: 'എപ്പോഴാണ് ഒരു നോമ്പുകാരന്‍ നോമ്പ് മുറിക്കേണ്ടത്?' അബൂയൂസുഫ്: 'സൂര്യന്‍ അസ്തമിക്കുമ്പോള്‍!' ഉടന്‍ ശിഷ്യന്റെ അടുത്ത ചോദ്യം: 'സൂര്യന്‍ അസ്തമിക്കാതിരുന്നാല്‍ എന്ത് ചെയ്യും?' ഇതു കേട്ടപ്പോള്‍ ശിഷ്യനോട് ചോദ്യം ചോദിക്കാന്‍ പറഞ്ഞത് തെറ്റായി എന്ന് അബൂയൂസുഫ് ധരിച്ചു. എന്നാല്‍ സൂര്യന്‍ അസ്തമിക്കാത്ത പല സ്ഥലങ്ങളും ലോകത്തുണ്ടെന്ന വസ്തുത അന്ന് അബൂയൂസുഫിനോ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ക്കോ മറ്റു പല പണ്ഡിതന്മാര്‍ക്കോ അറിയുമായിരുന്നില്ലത്രെ.
വിദ്യാര്‍ഥിയും അധ്യാപകനുമായി ഹിലാലി ഇന്ത്യയില്‍ വന്നിട്ടുണ്ട്. അദ്ദേഹം ആദ്യമായി ഇന്ത്യയില്‍ വന്നത് ഹദീസില്‍ പ്രത്യേക പഠനം നടത്താനാണ്. ഹിലാലി അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോള്‍ അദ്ദേഹത്തോട് 'ഹദീസ് വിഷയത്തില്‍ കാര്യമായ ഒരു പഠനവും അസ്ഹറില്‍ നടക്കുന്നില്ല' എന്ന് അവിടത്തെ ഒരു പണ്ഡിതന്‍ പറഞ്ഞു. അപ്പോഴാണ് അദ്ദേഹം ഔനുല്‍ മഅ്ബൂദ് അലാ ശറഹി സുനനി അബീ ദാവൂദ് എന്ന കൃതി വായിച്ചത്. അങ്ങനെയാണ് അദ്ദേഹം ഹദീസ് വിജ്ഞാനം തേടി ഇന്ത്യയിലെത്തി ശൈഖ് അബ്ദുര്‍റഹ്മാന്‍ ബിന്‍ അബ്ദുര്‍റഹീം ബിന്‍ മുബാറക്പുരിയുടെ അടുത്ത് വന്ന് ഹദീസ് ഗ്രന്ഥങ്ങള്‍ പഠിച്ചത്. മുബാറക്പുരിയെ തന്റ നാല് പ്രധാന ഉസ്താദുമാരില്‍ ഒരാളായി അദ്ദേഹം ഗണിച്ചിരുന്നു. മുബാറക് പൂരിയെ പ്രശംസിച്ചു കൊണ്ട് അദ്ദേഹം ഒരു കവിതയും രചിക്കുകയുണ്ടായി.
ഹിലാലി രണ്ടാം പ്രാവശ്യം ഇന്ത്യയിലേക്കു വന്നത് സയ്യിദ് സുലൈമാന്‍ നദ്വിയുടെ ക്ഷണമനുസരിച്ച് നദ്‌വയില്‍ അധ്യാപകനായാണ്. അവിടെ അദ്ദേഹം അറബി ഭാഷാ വിഭാഗത്തിന്റെ തലവനായി വര്‍ഷങ്ങള്‍ സേവനം ചെയ്തു. പല പണ്ഡിതന്മാര്‍ക്കും അറബി ഭാഷയില്‍ മികച്ച പരിശീലനം നല്‍കി. അദ്ദേഹത്തിന്റെ ശിഷ്യന്മാരില്‍ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി, മസ്ഊദ് ആലം നദ്വി എന്നീ പ്രമുഖ പണ്ഡിതന്മാര്‍ ഉള്‍പ്പെടും. അറബി ഭാഷയില്‍ നദ്വയിലെ വിദ്യാര്‍ഥികള്‍ക്കുള്ള മേന്മ അദ്ദേഹത്തിന്റെ സംഭാവനയുടെ ഫലമാണെന്ന് പറയാം. ഞാന്‍ ടൊറാേയിലേക്കു ഉപരിപഠനത്തിന് അപേക്ഷിച്ചപ്പോള്‍ അദ്ദേഹമാണ് എനിക്ക് നല്ലൊരു ശിപാര്‍ശക്കത്ത് എഴുതി തന്നത്. എനിക്ക് പ്രവേശനം കിട്ടാന്‍ ആ കത്ത് ഏറെ ഉപകാരപ്പെടുകയുണ്ടായി. മറ്റു ചില പണ്ഡിതന്മാര്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നപോലെ, പാശ്ചാത്യ രാജ്യങ്ങളില്‍ ഗവേഷണ പഠനങ്ങള്‍ നടത്തുന്നതില്‍ അദ്ദേഹം ഒരു തെറ്റും കണ്ടിരുന്നില്ലെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.
ഹിലാലി പ്രഗത്ഭനായ അറബി ഭാഷാ വിദഗ്ധനും കവിയും എഴുത്തുകാരനും നിരവധി പുസ്തകങ്ങളുടെ രചയിതാവുമായിരുന്നു. 'കിതാബുദ്ദഅ്‌വാ ഇലല്ലാഹ് ഫീ അഖ്താരിന്‍ മുഖ്തലിഫ' എടുത്തു പറയേതാണ്. എന്നാല്‍ അദ്ദേഹം കൂടുതല്‍ അറിയപ്പെടുന്നത് അദ്ദേഹവും ഡോ. അബ്ദുല്‍ മുഹ്‌സിനും ചേര്‍ന്ന് രചിച്ച 'നോബ്ള്‍ ഖുര്‍ആന്‍' എന്ന പേരിലുള്ള ഖുര്‍ആന്റെ ഇംഗ്ലീഷ് പരിഭാഷയുടെയും സ്വഹീഹുല്‍ ബുഖാരിയുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തിന്റെയും പേരിലാണ്. ഈ ര് കൃതികളിലും ഹിലാലിയുടെ അഭിപ്രായങ്ങള്‍ എത്രത്തോളം അടങ്ങിയിട്ടുണ്ടെന്ന് എനിക്ക് പറയാന്‍ വയ്യ. ഹിലാലിയുടെ പാണ്ഡിത്യം സുഊദിയിലെ പ്രമുഖ പണ്ഡിതന്മാരെല്ലാം അംഗീകരിച്ചിരുന്നു. ശൈഖ് ഇബ്നു ബാസ് അദ്ദേഹത്തെ ഈ നൂറ്റാണ്ടിലെ ഒരു മുജദ്ദിദായി കണക്കാക്കിയിരുന്നു.
മദീന യൂനിവേഴ്‌സിറ്റിയിലെ ഞങ്ങളുടെ മറ്റൊരു പ്രമുഖ പ്രഫസര്‍ അല്ലാമാ മുഹമ്മദ് അമീന്‍ ശന്‍ഖീത്വി (1905-1974) ആയിരുന്നു. അദ്ദേഹം ജാമിഅയില്‍ ഉസ്വൂലുല്‍ ഫിഖ്ഹ്, ആദാബുല്‍ ബഹ്‌സ്, തഫ്സീര്‍ എന്നീ വിഷയങ്ങളാണ് പഠിപ്പിച്ചിരുന്നത്. സുഊദിയില്‍ വന്ന ശേഷമാണ് അദ്ദേഹം സലഫി ആശയം സ്വീകരിച്ചത്. അതിനുമുമ്പ് അദ്ദേഹം മൗറിത്താനിയയില്‍ പാരമ്പര്യമായി പിന്തുടര്‍ന്ന് വന്നിരുന്ന മാലികീ മദ്ഹബും അവരുടെ അഖീദയുമാണ് സ്വീകരിച്ചിരുന്നത്. പക്ഷേ, അദ്ദേഹത്തിന്റെ പല അഭിപ്രായങ്ങളും സുഊദിയിലെ പ്രമുഖ പണ്ഡിതന്മാരുടേതില്‍നിന്നും തികച്ചും വ്യത്യസ്തമായിരുന്നു.
അദ്ദേഹത്തെ കുറിച്ച് രസകരമായ ഒരു സംഭവം ഓര്‍മയിലുണ്ട്. മദിന യൂനിവേഴ്‌സിറ്റിയില്‍ അദ്ദേഹത്തെ പ്രഫസറായി നിയമിക്കാന്‍ തീരുമാനിച്ചപ്പോള്‍ സര്‍ട്ടിഫിക്കറ്റുകളുടെ (ശഹാദ) കോപ്പി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ''എന്റെ കൈയില്‍ ഉള്ള ഏക ശഹാദ 'ശഹാദത്തു അല്ലാ ഇലാഹ ഇല്ലല്ലാഹ്' ആണ്'' - ഇതായിരുന്നു മറുപടി. ഇതുകേട്ട് എന്തു ചെയ്യണമെന്നറിയാതെ യൂനിവേഴ്‌സിറ്റി അധികൃതര്‍ രാജാവിനെ വിവരമറിയിച്ചു. അദ്ദേഹം ഉടനെ ശന്‍ഖീത്വിയെ പ്രഫസറായി നിയമിക്കാന്‍ ഉത്തരവിടുകയായിരുന്നു.
മന്‍ത്വിഖ്, ഇല്‍മുല്‍ മുനാസറ, ഉസ്വൂലുല്‍ ഫിഖ്ഹ്, അറബിക് ലിംഗിസ്റ്റിക്‌സ്, ഫിഖ്ഹ്, ഉസ്വൂലുല്‍ ഫിഖ്ഹ് തുടങ്ങിയ വിഷയങ്ങളില്‍ അവഗാഹമുള്ള പണ്ഡിതനായിരുന്നു ശന്‍ഖീത്വി. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളില്‍ പലതും സുഊദി അറേബ്യയില്‍ പണ്ഡിതന്മാര്‍ പിന്തുടര്‍ന്നു വന്നിരുന്ന നിലപാടുകളില്‍നിന്നും വ്യത്യസ്തമായിരുന്നു. അദ്ദേഹത്തിന്റെ വിജ്ഞാന സദസ്സുകളില്‍ വലിയ പണ്ഡിതന്മാര്‍ സന്നിഹിതരാവുകയും പഠിക്കുകയും ചെയ്തിരുന്നു. അദ്ദേഹം ഒരു സാധാരണ മുഫസ്സിര്‍ എന്നതിനപ്പുറം ഖുര്‍ആന്‍ ആഴത്തില്‍ മനസ്സിലാക്കിയ പണ്ഡിതനായിരുന്നു. ഖുര്‍ആനില്‍ നിന്ന് വ്യക്തമായി തെളിഞ്ഞ കാര്യങ്ങള്‍ക്ക് എതിരായ, ആഹാദായ ഹദീസുകള്‍ അദ്ദേഹം പരിഗണിക്കുമായിരുന്നില്ല. 'നരകം എന്നെന്നും നിലനില്‍ക്കുകയില്ല' എന്ന മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബും ഇബ്ന്‍ തൈമിയ്യയും പറഞ്ഞ അഭിപ്രായത്തിനെതിരായി, 'നരകം ഒരിക്കലും കെട്ടടങ്ങുകയില്ല' എന്ന അഭിപ്രായക്കാരനായിരുന്നു ശന്‍ഖീത്വി. മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബിനെ തഖ്ലീദ് ചെയ്തിരുന്ന ആളുകള്‍ക്കിടയില്‍ വെച്ച് അദ്ദേഹത്തെ മുട്ടുകുത്തിക്കാനായി ഒരു അസ്ഹര്‍ പണ്ഡിതന്‍ അദ്ദേഹത്തോട് ഇപ്രകാരം ചോദിച്ചു; 'ശൈഖ്, താങ്കളുടെ അഭിപ്രായപ്രകാരം നരകം ഒരിക്കലും കെട്ടടങ്ങുകയില്ലല്ലോ. ഇത് മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബിന്റെ അഭിപ്രായത്തിന് വിരുദ്ധമാണ്!' ഇതുകേട്ടപ്പോള്‍ ശൈഖ് അദ്ദേഹത്തോട് ചോദിച്ചു: 'ഓ മിസ്‌രീ, അല്ലാഹു തന്റെ ദൂതനായി അയച്ചതു മുഹമ്മദ് ഇബ്നു അബ്ദില്ലയെ അല്ല, മുഹമ്മദ് ബിന്‍ അബ്ദുല്‍വഹാബിനെയാണ് എന്ന് ആരാണ് നിങ്ങളെ പഠിപ്പിച്ചത്? ഞാന്‍ വിശ്വസിക്കുന്നത് അല്ലാഹു റസൂലായി അയച്ചത് മുഹമ്മദ് ബിന്‍ അബ്ദുല്ലയെയാണ്, മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബിനെ അല്ല. അദ്ദേഹം ജനിച്ചത് മക്കത്തും മരിച്ചു മണ്‍മറഞ്ഞത് മദീനയിലുമാണ്. അല്ലാഹു അദ്ദേഹത്തിന് നല്‍കിയ കിതാബ് ഖുര്‍ആനാണ്. അതു പിന്തുടരാനാണ് എനിക്ക് ബാധ്യതയുള്ളത്. മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബിനെ പിന്തുടരാനല്ല. ഞാന്‍ ഖുര്‍ആന്‍ ആദ്യം മുതല്‍ അവസാനം വരെ വിശകലനം ചെയ്തിട്ടും എനിക്ക് ഉറപ്പായ കാര്യം ഇതാണ്: നരകം എന്നെന്നും നില നില്‍ക്കുന്നതാണ്!' ഇതിനു വിപരീതമായി പല ഹദീസുകളും ഉദ്ധരിച്ചപ്പോള്‍ അതെല്ലാം ഒന്നൊന്നായി അപഗ്രഥിച്ചു തള്ളിക്കളയുകയായിരുന്നു അദ്ദേഹം. അപാരമായ ഖുര്‍ആനിക പരിജ്ഞാനം വഴി തന്റെ അഭിപ്രായം ഖുര്‍ആനിന്റെ വ്യക്തമായ തെളിവുകളിലൂടെ സ്ഥാപിക്കാന്‍ അദ്ദേഹത്തിന് പ്രയാസമുണ്ടായില്ല. അവസാനം സുഊദി മുഫ്തി മുഹമ്മദ് ബിന്‍ ഇബ്‌റാഹീം ഇപ്രകരം പറഞ്ഞു: സത്യത്തിലേക്ക് മടങ്ങലാണ് തെറ്റുകളില്‍ ഉറച്ചു നില്‍ക്കുന്നതിനേക്കാള്‍ ഉത്തമം. ഇന്ന് മുതല്‍ നാം ശന്‍ഖീത്വിയുടെ അഭിപ്രായമാണ് സ്വീകരിക്കേണ്ടത്; 'നരകം എന്നേക്കും ഉള്ളതാണ്. ഒരിക്കലുമത് കേട്ടടങ്ങുകയില്ല. ഇതിനെതിരായ ഉദ്ധരിക്കപ്പെട്ട എല്ലാ ഹദീസുകളും പാപികളായ വിശ്വാസികളെ മാത്രം ബാധിക്കുന്നതാണ്.'
സുഊദി പണ്ഡിതന്മാര്‍ പരമ്പരാഗതമായി വിശ്വസിച്ചിരുന്നത് മുഹമ്മദ് നബിയുടെ മാതാപിതാക്കള്‍ നരകത്തിലാണെന്നാണ്. ശന്‍ഖീത്വി ഈ അഭിപ്രായത്തോട് യോജിച്ചിരുന്നില്ല. പ്രഗത്ഭരായ സുഊദി പണ്ഡിതന്മാരുടെ മുന്നില്‍, ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിച്ച്, അവരുടെ വീക്ഷണം ശരിയല്ലെന്ന് അദ്ദേഹം സ്ഥാപിച്ചു. അവര്‍ ഉദ്ധരിച്ച ഓരോ ഹദീസും അദ്ദേഹം വിശദമായി അപഗ്രഥിച്ചു തള്ളിക്കളഞ്ഞു. ഇത്തരം വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ സംവാദങ്ങള്‍ വായിക്കുമ്പോള്‍ ഇമാം അബു ഹനീഫയെ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല.
ഇമാം അബു ഹനീഫയുടെ സംവാദങ്ങള്‍ വായിക്കുന്നവര്‍ അദ്ദേഹത്തെ കുറിച്ച് ഇമാം ഷാ വലിയ്യുല്ലാഹ് പറഞ്ഞത് അംഗീകരിക്കും; 'ഇമാം അബു ഹനീഫ ഖുര്‍ആനിക സമുദ്രത്തിന്റെ ആഴങ്ങളില്‍ മുങ്ങി വിലപ്പെട്ട മുത്തുകള്‍ കണ്ടെടുക്കുന്നതില്‍ നിപുണനായിരുന്നു'. ഈ വാക്യമാണ് ശന്‍ഖീത്വിയുടെ സംവാദങ്ങള്‍ വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ തെളിഞ്ഞത്. ഇമാം അബൂഹനീഫയെ പോലെ പല വിഷയങ്ങളിലും ഖുര്‍ആനികമായി തെളിഞ്ഞ കാര്യങ്ങള്‍ക്കു വിപരീതമായ 'ഖബര്‍ ആഹാദു ഹദീസുകള്‍' അദ്ദേഹം സ്വീകരിക്കുമായിരുന്നില്ല. ഖണ്ഡിതമായ തെളിവുകള്‍ സംശയാസ്പദമായ റിപ്പോര്‍ട്ടുകള്‍ കൊണ്ട് ദുര്‍ബലപെടുത്താന്‍ പറ്റുകയില്ല എന്നാണു അദ്ദേഹത്തിന്റെ വാദം. ഇതിന് ഇമാം മാലികിന്റെ മാതൃകയും അദ്ദേഹത്തിന് ആധാരമായിരുന്നു. ഇമാം മാലിക് സംശയം തോന്നുന്ന ഹദീസുകള്‍ സ്വീകരിക്കുമായിരുന്നില്ല. ഇതുകൊണ്ടാണ്, എത്രയോ ഹദീസുകള്‍ ശേഖരിച്ചു വെച്ചിരുന്നെങ്കിലും അതില്‍ ചെറിയൊരു ശതമാനം മാത്രം തന്റെ പ്രസിദ്ധ ഗ്രന്ഥമായ മുവത്വയില്‍ ഇമാം മാലിക് ഉള്‍ക്കൊള്ളിച്ചത്. മുവത്വ രചിക്കാന്‍ അദ്ദേഹം 40 വര്‍ഷമെടുത്തതും ഈ സൂക്ഷ്മത കാരണമാണ്.
ശന്‍ഖീത്വിയോട് വിയോജിപ്പുള്ളവര്‍ പോലും അദ്ദേഹത്തിന്റെ പാണ്ഡിത്യം സര്‍വാത്മനാ അംഗീകരിക്കുമായിരുന്നു. തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍ അദ്ദേഹം ആരെയും ഭയപ്പെട്ടിരുന്നില്ല. ശന്‍ഖീത്വി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന ഖുര്‍ആന്‍ വ്യാഖ്യാനമാണ്. അത് പൂര്‍ത്തീകരിക്കുന്നതിനു മുമ്പ് അദ്ദേഹം മരണപ്പെട്ടതിനാല്‍ അദ്ദേഹത്തിന്റെ ദീര്‍ഘകാല ശിഷ്യനായ അതിയ്യ സാലിമാണ് രചന മുഴുമിച്ചത്. അദ്ദേഹം മസ്ജിദുന്നബവിയില്‍ ഖുര്‍ആന്‍ പഠന ക്ലാസ് നടത്തുമായിരുന്നു. ഖുര്‍ആന്‍ ആദ്യാവസാനം രണ്ടു പ്രാവശ്യം തഫ്സീര്‍ ചെയ്തു പൂര്‍ത്തിയാക്കി. മൂന്നാം തവണ പൂര്‍ത്തിയാകും മുമ്പ് അദ്ദേഹം മരണപ്പെടുകയായിരുന്നു. അദ്ദേഹം ഖുര്‍ആന്‍ വിശദീകരിക്കുമ്പോള്‍ ഓരോ ആയത്തിന്റെയും ഭാഷയും വ്യാകരണവും ചര്‍ച്ച ചെയ്യുന്നതിനോടൊപ്പം ബന്ധപ്പെട്ട മൗലിക (ഉസ്വൂല്‍) പ്രശ്‌നങ്ങളും ദൈവശാസ്ത്ര, കര്‍മശാസ്ത്ര വിഷയങ്ങളും വിശദമായി കൈകാര്യം ചെയ്യുമായിരുന്നു. പലപ്പോഴും ഖുര്‍ആന്‍ സൂക്തങ്ങള്‍ വിശദീകരിക്കുമ്പോള്‍ അദ്ദേഹം വികാര നിര്‍ഭരനായി വിറക്കുമായിരുന്നു. പല കാര്യത്തിലും അദ്ദേഹം കഴിഞ്ഞകാലത്തെ സാത്വികരായ പണ്ഡിതന്മാരെ ഓര്‍മപ്പെടുത്തി. അദ്ദേഹത്തിന് സുഊദി പണ്ഡിതന്മാര്‍ക്കിടയിലും ഭരണ വൃത്തത്തിലുമുണ്ടായിരുന്ന ആദരവ് മനസ്സിലാക്കാനുതകുന്ന ഒരു സംഭവം കൂടി പറഞ്ഞ് നമുക്ക് ഈ അധ്യായം അവസാനിപ്പിക്കാം: സഊദ് രാജാവിനെ ഒഴിവാക്കി, സുഊദി ശുറാ കൗണ്‍സില്‍ ഫൈസല്‍ രാജാവിനെ തെരഞ്ഞെടുത്തപ്പോള്‍ ആ തീരുമാനം അദ്ദേഹത്തെ അറിയിക്കാന്‍ ചുമതലപ്പെടുത്തിയത് സുഊദി പണ്ഡിതന്മാരില്‍ ആരെയുമായിരുന്നില്ല. ശന്‍ഖീത്വിക്കായിരുന്നു ആ ഉത്തരവാദിത്തം. അദ്ദേഹം അത് സഊദ് രാജാവിനെ അറിയിച്ചപ്പോള്‍, തീരുമാനം സ്വീകരിക്കുകയും ഫൈസല്‍ രാജാവിനെ അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. അങ്ങേയറ്റത്തെ വിനയവും ലാളിത്യവും ഐഹിക വിരക്തിയുമുള്ള അദ്ദേഹത്തിന്റെ പാണ്ഡിത്യം സര്‍വാംഗീകൃതമായിരുന്നു. സുഊദിയിലും പുറത്തും അദ്ദേഹത്തിന് എത്രയോ ശിഷ്യന്മാരുണ്ട്. സുഊദിയിലെ പ്രമുഖ പണ്ഡിതനും മദീന യൂനിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറുമായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ ശിഷ്യന്‍ ബകര്‍ അബൂ സൈദ് ശന്‍ഖീത്വിയെ കുറിച്ച് പറഞ്ഞത്; ഈ തലമുറയില്‍ 'ശൈഖുല്‍ ഇസ്‌ലാം' എന്ന പേരിന് അര്‍ഹതയുള്ള ഏക വ്യക്തി മുഹമ്മദ് അമീന്‍ ശന്‍ഖീത്വിയാണ് എന്നത്രെ.
(തുടരും)
Comments