തീവ്രവാദി ജനിക്കുന്നത്
മതതീവ്രതക്ക് നിരവധി കാരണങ്ങളുണ്ട്. ഉഗ്രവാദങ്ങളും കര്‍ക്കശ സമീപനങ്ങളും അടക്കിവാഴുന്ന പരിസരങ്ങള്‍ക്ക് തീവ്രവാദികളെ സൃഷ്ടിക്കുന്നതില്‍ വലിയ പങ്കുണ്ട്. പിറന്നു വീഴുന്ന കുടുംബം, വളരുന്ന സാഹചര്യം, ഇടപെടുന്ന സമൂഹം, നിരന്തരം ബന്ധപ്പെടുന്ന സുഹൃദ് വൃന്ദം തുടങ്ങി പല ഘടകങ്ങളും തീവ്രവാദ നിര്‍മിതിയില്‍ രാസത്വരകമായി വര്‍ത്തിക്കുന്നുണ്ട്. ദീര്‍ഘദൃഷ്ടിയും വിശാല മനസ്‌കതയും ഉള്‍ക്കാഴ്ചയും ഉള്ള വ്യക്തിത്വങ്ങളുടെ മാര്‍ഗദര്‍ശനം നിഷേധിക്കപ്പെട്ട ഹതഭാഗ്യര്‍ അതിവാദങ്ങളുടെ പടുകുഴിയില്‍ വീണുപോയ ധാരാളം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും. ഓരോ കാര്യത്തിന്റെയും ആന്തര സത്ത ഗ്രഹിക്കാതെ പുറന്തൊലിയില്‍ അഭിരമിച്ച് കാലം കഴിക്കും അക്കൂട്ടര്‍. ചിലര്‍ ബുദ്ധിസാമര്‍ഥ്യത്താല്‍ അനുഗൃഹീതരായിരിക്കും. ജന്മസിദ്ധ സവിശേഷതയായിരിക്കും കൂര്‍മബുദ്ധി. തന്റെ ബുദ്ധിപരവും ധിഷണാപരവുമായ കഴിവുകളും സിദ്ധികളും വിനിയോഗിക്കാനിടം തേടി നടക്കുന്ന അവര്‍ മുന്നില്‍ കാണുന്നത് ശൂന്യതയാണ്. മുന്‍ഗണനാക്രമങ്ങളെക്കുറിച്ച അറിവോ ധാരണയോ ഇല്ലാത്ത മതനാമധാരികളുടെ ഇരകളായിത്തീരാനാണ് അവരുടെ യോഗം. ബുദ്ധി പ്രയോജനകരമായി വിനിയോഗിച്ചില്ലെങ്കില്‍ നിഷ്പ്രയോജന രംഗങ്ങളില്‍ അത് മേഞ്ഞു നടക്കും.
ചിലര്‍ക്ക് അറിവ് നേടാനുള്ള അദമ്യമായ ആഗ്രഹം കാണും. അവര്‍ പുസ്തകങ്ങളെ ആശ്രയിക്കും. ചിലപ്പോള്‍ ഈ ഗ്രന്ഥങ്ങള്‍ തീവ്രതയിലേക്കും കാര്‍ക്കശ്യത്തിലേക്കും നയിക്കുന്നവയാവാം. വായനക്കിടയില്‍ ഉളവാകുന്ന സംശയങ്ങള്‍ തീര്‍ത്തുകൊടുക്കാന്‍ അറിവും യോഗ്യതയുമുള്ള വ്യക്തികളെ കിട്ടാതാവുമ്പോള്‍, സംശയങ്ങള്‍ ഉള്ളില്‍ നീറിക്കത്തുകയും ക്രമേണ അവ സത്യമാണെന്ന ധാരണ വേരുറക്കുകയും ചെയ്യും. യോഗ്യനായ ശിക്ഷകനോ ഗുരുവര്യനോ ഉണ്ടെങ്കില്‍ ഗ്രന്ഥങ്ങളില്‍ അവതരിപ്പിക്കപ്പെടുന്ന ആശയങ്ങളുടെ അപകടം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞേനെ. വിവരദോഷികളുടെ കൈയില്‍ അകപ്പെടുന്ന നിഷ്‌കളങ്കരായ സത്യാന്വേഷികള്‍ വഞ്ചിക്കപ്പെടുന്ന അനുഭവങ്ങള്‍ ധാരാളം നിരത്താനുണ്ട്. സമൂഹത്തില്‍ 'പണ്ഡിതന്‍' ചമഞ്ഞും ഫത്‌വകള്‍ നല്‍കിയും വിലസുന്ന ചില അല്‍പന്മാരുണ്ട്. അജ്ഞതയും അവിവേകവുമാണ് അവരുടെ കൈമുതല്‍. അല്‍പജ്ഞരായ ആ വഞ്ചകപ്പരിഷകള്‍ ദീനിനെ സംബന്ധിച്ച് പറയുന്നതും പ്രചരിപ്പിക്കുന്നതും ആധികാരികമാണെന്ന് ധരിക്കുന്ന നിഷ്‌കളങ്കര്‍ അവരുടെ വേഷഭൂഷാദികളില്‍ വീണുപോകുന്നു. നബി (സ) മുന്നറിയിപ്പു നല്‍കി: ''അല്ലാഹു വിജ്ഞാനത്തെ ജനങ്ങളില്‍നിന്ന് ഒറ്റയടിക്ക് എടുത്തുമാറ്റുകയല്ല ചെയ്യുന്നത്. പണ്ഡിതന്മാരെ പിടികൂടിക്കൊണ്ടാണ് വിജ്ഞാനം ഇല്ലാതാക്കുന്നത്. അങ്ങനെ ഒരു പണ്ഡിതനും അവശേഷിക്കാതിരിക്കുമ്പോള്‍ ജനങ്ങള്‍ അറിവില്ലാത്ത ചിലരെ പണ്ഡിതന്മാരായി അവരോധിക്കും. ഒരറിവുമില്ലാതെ അവര്‍ ഫത്‌വകള്‍ പുറപ്പെടുവിച്ചു തുടങ്ങും. അവര്‍ സ്വയം വഴിപിഴക്കുകയും മറ്റുള്ളവരെ വഴികേടില്‍ അകപ്പെടുത്തുകയും ചെയ്യും'' (ബുഖാരി). ഈ നബിവചനത്തില്‍ അറിവില്ലാത്തവര്‍ എന്നു പറഞ്ഞത് കേവല 'അജ്ഞത' ഉദ്ദേശിച്ചല്ല. അറിവിന്റെ ഉറവിടങ്ങളില്‍നിന്ന് ഗവേഷണവും ഇജ്തിഹാദും നടത്താന്‍ കെല്‍പില്ലാത്ത ആളുകളെ കുറിച്ചാണ്. അവരുടെ തെറ്റായ പഠനങ്ങളും ഗവേഷണങ്ങളുമാണ് തീവ്രതയിലേക്കും ഉഗ്രവാദങ്ങളിലേക്കും വഴിവെട്ടുന്നത്.
ചിന്താശേഷിയും കാഴ്ചപ്പാടും അവബോധവുമുള്ള പണ്ഡിതന്മാര്‍ സജീവ പ്രവര്‍ത്തന-വിജ്ഞാന മണ്ഡലങ്ങളില്‍നിന്ന് പിന്‍വാങ്ങുന്നതും തീവ്രവാദം വളരാനുള്ള കാരണങ്ങളിലൊന്നാണ്. കര്‍മാവേശവും കരുത്തും കഴിവുമുള്ള യുവാക്കള്‍ പ്രവര്‍ത്തനരംഗത്ത് സജീവ സാന്നിധ്യമായി തിരയിളക്കി വരുമ്പോള്‍, തങ്ങള്‍ക്ക് ദിശാബോധം നല്‍കാന്‍ പ്രാപ്തിയുള്ള പണ്ഡിതന്മാരെ അവര്‍ക്ക് രംഗത്തു കാണാന്‍ കഴിയുന്നില്ല. ഒന്നുകില്‍ ആ പണ്ഡിതന്മാര്‍ തങ്ങളുടെ സൗകര്യവും സൗഖ്യവും കണക്കിലെടുത്ത് പ്രവര്‍ത്തനമണ്ഡലത്തില്‍നിന്ന് സ്വയം പിന്‍വാങ്ങിയവരാവും. ഇത്തരം ഒരു സാഹചര്യത്തില്‍ യുവാക്കള്‍ സ്വയം തന്നെ ഇജ്തിഹാദും ഗവേഷണവും നടത്തി തങ്ങളുടെ മാര്‍ഗം തെരഞ്ഞെടുക്കും. ഫലം അനഭിലഷണീയമായ അതിവാദങ്ങളുടെ അഗാധഗര്‍ത്തങ്ങളിലേക്കുള്ള വീഴ്ചയാണ്. ഇടക്കാലങ്ങളില്‍ ഇസ്‌ലാമിക പ്രവര്‍ത്തന രംഗത്തെ ചില യുവാക്കള്‍ക്ക് സംഭവിച്ചത് ഇതിനോട് ചേര്‍ത്തു വായിക്കണം.
രാജ്യത്ത് ദൈവിക നിയമങ്ങള്‍ക്ക് സ്വാധീനം ലഭിക്കാതിരിക്കുകയും രംഗം ദൈവേതര ശക്തികള്‍ കൈയടക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് കാണുമ്പോള്‍ ക്ഷമയറ്റ യുവാക്കള്‍ തങ്ങളാലാവുന്നത് ചെയ്ത് മാറ്റങ്ങള്‍ക്ക് നാന്ദി കുറിക്കണമെന്ന് ചിന്തിക്കും. ദീര്‍ഘദൃഷ്ടിയോ വീുവിചാരമോ ഇല്ലാതെ എടുത്തുചാടുന്ന അത്തരം യുവാക്കള്‍ തീവ്രവാദത്തിലാണ് എത്തിപ്പെടുക. നാട്ടില്‍ നടമാടുന്ന അധാര്‍മികതക്കെതിരായ പ്രതിപ്രവര്‍ത്തനം എന്ന നിലക്കായിരിക്കും ഇത്തരം ഒരു നിലപാടില്‍ അവര്‍ എത്തിച്ചേര്‍ന്നിട്ടുണ്ടാവുക.
ഇസ്‌ലാമിക സമൂഹത്തിന്റെ പൊതു ചിന്താധാരയില്‍നിന്ന് വേര്‍പെട്ട് വ്യത്യസ്തമായ പാത തെരഞ്ഞെടുക്കാന്‍ ചിലര്‍ക്ക് പ്രേരകമായിത്തീരുന്നത് പ്രശസ്തിവാഞ്ഛയും ഭൗതിക നേട്ടങ്ങളുമായിരിക്കും. തീവ്രസമീപനങ്ങളുടെയും വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും ആകര്‍ഷണ വലയത്തില്‍ അകപ്പെടുന്നവരില്‍ പലരും സമൂഹ മധ്യത്തില്‍നിന്ന് പല കാരണങ്ങളാലും പരിത്യക്തരായി കഴിയുന്നവരോ അരികുവത്കരിക്കപ്പെട്ടവരോ ആയിരിക്കും. വേറിട്ട വഴി സ്വീകരിച്ചാല്‍ തങ്ങള്‍ അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും നേട്ടങ്ങളുണ്ടാവുകയും ചെയ്യും എന്ന കണക്കുകൂട്ടലാണ് അവരെ ഇത്തരം കഥകെട്ട, വിവേകശൂന്യമായ വിധ്വംസക പ്രവര്‍ത്തനങ്ങളിലേക്ക് തെളിക്കുന്നത്.
സര്‍വസംഗ പരിത്യാഗികളായും പരിവ്രാജകരായും ജീവിക്കുകയാണ് ദൈവ സാമീപ്യം നേടാനുള്ള വഴിയെന്ന് ചിന്തിക്കുന്നവര്‍ വിശ്വാസത്തിലും ജീവിതരീതിയിലും തീവ്രസമീപനം കൈക്കൊള്ളുകയും കഠിന മാര്‍ഗം സ്വീകരിക്കുകയും ചെയ്യും. അവര്‍ ചിന്തിക്കുന്നത് ആത്മപീഡനമാണ് ദൈവത്തിലേക്കുള്ള വഴി എന്നാണ്. സന്യാസ ജീവിതം നയിക്കാന്‍ തീരുമാനിച്ചുറച്ച യുവാക്കളുടെ വികലധാരണകള്‍ നബി (സ) തിരുത്തിയ സംഭവം സുവിദിതമാണ്. ഒടുവില്‍ നബി പറഞ്ഞ വാക്കുകള്‍ പ്രത്യേകം ശ്രദ്ധാര്‍ഹമാണ്: ''നിങ്ങളില്‍ ഏറ്റവും അല്ലാഹുവിനെ ഭയപ്പെടുന്നവനും ഭക്തനുമാണ് ഞാന്‍. അതേ ഞാന്‍ തന്നെ നോമ്പു നോല്‍ക്കും, നോമ്പ് ഒഴിവാക്കും, നമസ്‌കരിക്കും, ഉറങ്ങും, ദാമ്പത്യ ബന്ധത്തില്‍ ഏര്‍പ്പെടും. എന്റെ ഈ ജീവിതരീതിയോട് ആഭിമുഖ്യം ഇല്ലാത്തവര്‍ എന്നില്‍ പെട്ടവരല്ല'' (ബുഖാരി, മുസ്‌ലിം). വിശ്വാസ-കര്‍മ മേഖലയിലെ തീവ്രതയെ മുച്ചൂടും നിരാകരിച്ച നബി(സ)യുടെ അസന്ദിഗ്ധ പ്രഖ്യാപനം.
തീവ്രതയോട് ആഭിമുഖ്യമുള്ള യുവാക്കളെ ഭരണകൂടം തെരഞ്ഞുപിടിച്ച് ചില ഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്തുന്ന രീതികളുമുണ്ട്. ചിന്താഭദ്രതയും വിവേകവുമില്ലാത്ത യുവാക്കള്‍ ഭരണകൂടങ്ങളുടെ പ്രലോഭനങ്ങളിലും പ്രേരണകളിലും അറിയാതെ ചെന്നു വീഴും. തങ്ങള്‍ ഭരണകൂടത്തിന്റെ കൈകളിലെ ഉപകരണങ്ങളാണെന്നോര്‍ക്കാതെയാവും അപകടക്കെണികളില്‍ അവര്‍ ചെന്നുവീഴുക. ഈ വസ്തുതയാണ് ഉമര്‍ തിലിംസാനി സൂചിപ്പിച്ചത്: ''സന്തുലിതത്വവും മധ്യമ രീതിയും പ്രവര്‍ത്തന രീതിയായി സ്വീകരിച്ച വലിയ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ പോലും അട്ടിമറിക്കാനും അപകീര്‍ത്തിപ്പെടുത്താനും തീവ്ര സ്വഭാവമുള്ള യുവാക്കളെ വിലയ്‌ക്കെടുത്ത് ഉപയോഗപ്പെടുത്താന്‍ ഭരണകൂടങ്ങള്‍ ശ്രമിച്ചു വിജയിച്ച അനുഭവങ്ങളുണ്ട്.''
ഇസ്‌ലാമിനോട് സ്‌നേഹവും കൂറുമുണ്ടെന്ന നാട്യത്തില്‍ കുഫ്‌റിന് ഒളിസേവ ചെയ്യുന്നവരും തീവ്രവാദികളിലുണ്ട്. ജൂതനായ അബ്ദുല്ലാഹിബ്‌നു സബഅ് അലി(റ)യുടെ കാര്യത്തില്‍ ചെയ്തത് അതാണ്. അലി ദൈവാവതാരമാണ്, അല്ല ദൈവം തന്നെയാണ്, അലി മരിച്ചിട്ടില്ല, ആകാശത്തിലേക്ക് ഉയര്‍ത്തപ്പെട്ടതാണ്, ഇടി അലിയുടെ ശബ്ദമാണ്, മിന്നല്‍ അലിയുടെ വെളിച്ചമാണ് തുടങ്ങിയ വാദഗതികള്‍ അയാള്‍ ഉയര്‍ത്തിയല്ലോ. മഹാന്മാരായ ഇമാമുമാരെ ഈ വിധത്തില്‍ വാഴ്ത്തുന്നവരും പുകഴ്ത്തുന്നവരും അവരില്‍ അമാനുഷികത ആരോപിക്കുന്നവരും ചെയ്യുന്നത് മറ്റൊന്നല്ല.
ലോകത്തെങ്ങും ഇസ്‌ലാം അവമതിക്കപ്പെടുന്നതും മുസ്‌ലിംകള്‍ നിര്‍ദയം പീഡിപ്പിക്കപ്പെടുന്നതുമായ അനുഭവ പര്‍വങ്ങളിലൂടെ കടന്നുപോകുന്ന യുവാക്കള്‍ ഹതാശരായി, മോഹഭംഗത്തിനടിപ്പെട്ട് തീവ്രതയുടെ വഴി തെരഞ്ഞെടുക്കുന്നതും അപൂര്‍വമല്ല.
സംഗ്രഹം: പി.കെ ജമാല്‍
Comments