Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 17

3064

1439 ദുല്‍ഹജ്ജ് 05

അസം ആ നാല്‍പ്പതു ലക്ഷം വംശവെറിയുടെ ഇരകളാണ്

എസ്.ആര്‍ ദാരാപുരി

ഇന്ന് ദേശീയതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ് എന്‍.ആര്‍.സി അഥവാ ദേശീയ പൗരത്വ രജിസ്റ്റര്‍. 1951-ലാണ് ഇത് അസമില്‍ നടപ്പിലാക്കപ്പെടുന്നത്. ഇപ്പോള്‍ മേഖലയില്‍ 40 ലക്ഷത്തോളം പേര്‍ ഇരകളാക്കപ്പെടുന്ന പ്രശ്നമായി അത് വളര്‍ന്നിരിക്കുന്നു. 

വിഭജനത്തോടടുത്ത കാലത്ത് വിവിധ പ്രശ്നങ്ങള്‍ ഈ മേഖലയിലുണ്ടായിരുന്നു. പുതിയ അതിര്‍ത്തി വരക്കപ്പെട്ടതോടെ അങ്ങോട്ടുമിങ്ങോട്ടുമെല്ലാം ഇടകലര്‍ന്നാണ് ജനവിഭാഗങ്ങളുണ്ടായിരുന്നത്. ചിലര്‍ പിന്നീട് ബംഗ്ലാദേശായി മാറിയ കിഴക്കന്‍ പാകിസ്താനിലേക്ക് പോയി. ചിലര്‍ തിരിച്ചിങ്ങോട്ടു വന്നു. അങ്ങനെ പലതും സംഭവിച്ചു. 1946-നും 1951-നും ഇടക്ക് ധാരാളം ആളുകള്‍ അസമില്‍നിന്ന് ബംഗ്ലാദേശിലേക്ക് പോയിരുന്നു. തങ്ങളുടെ സ്വത്തും വീടുമെല്ലാം ഉപേക്ഷിച്ചാണവര്‍ പോയത്. അതുകൊണ്ടുതന്നെ അവരില്‍ ചിലര്‍ ഉടനെ തിരിച്ചുവന്നു. എന്നാല്‍ ബാക്കിയുള്ളവരുടെ സ്വത്തും മറ്റും പലവഴിക്കായി. പിന്നീട് തിരിച്ചുവന്നവര്‍ക്ക് അത് തിരിച്ചുകിട്ടിയില്ലെങ്കിലും വീണ്ടും തിരിച്ചുവരവുകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. 

ഇത്തരം തിരിച്ചുവരവുകള്‍ക്കെതിരെ ചിലര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഈ പ്രതിഷേധങ്ങള്‍ ശക്തമായതും സംഘടിതമായതും 1979-മുതലാണ്. ആസു (ആള്‍ അസാം സ്റ്റുഡന്‍സ് യൂനിയന്‍) ആയിരുന്നു അതിന് നേതൃത്വം നല്‍കിയത്. അസമികളല്ലാത്തവര്‍ അസമില്‍നിന്ന് പുറത്തുപോകണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. ബംഗാളി സംസാരിക്കുന്ന മുസ്ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും എതിരായിരുന്നു ആദ്യ ഘട്ടത്തില്‍ പ്രക്ഷോഭങ്ങള്‍. യു.പിയില്‍നിന്നും ബിഹാറില്‍നിന്നും കുടിയേറിയവരെയും ഹിന്ദി സംസാരിക്കുന്നവരെയും പുറത്താക്കണമെന്ന് അവരാവശ്യപ്പെട്ടു. എന്നാല്‍, അത് കാലക്രമത്തില്‍ മുസ്ലിംകള്‍ക്കെതിരായ പ്രക്ഷോഭമായി രൂപപ്പെട്ടുവന്നു.

അസമിലെ ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കള്‍ ഭൂരിപക്ഷവും ദലിതുകളായിരുന്നു. പട്ടികജാതിക്കാരായാണ് അവരെ കണക്കാക്കിയത്. അവര്‍ക്ക് പട്ടിക വര്‍ഗത്തിന്റെ പദവി നല്‍കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. അത് ഇതുവരെ നടന്നിട്ടില്ല. 

1983-ല്‍ അസമില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ ഇത്തരം പ്രശ്നങ്ങള്‍ രൂക്ഷമായി. ആ സമയത്ത് ഔദ്യോഗിക ദൗത്യ നിര്‍വഹണത്തിന്റെ ഭാഗമായി ഞാന്‍ അസമില്‍ പോയിരുന്നു. അക്കാലത്ത് നടന്ന ധാരാളം കൂട്ടക്കൊലകള്‍ക്ക് ഞാന്‍ സാക്ഷിയായിട്ടുണ്ട്. നാഗോണ്‍ ജില്ലയുടെ അതിര്‍ത്തിയില്‍ നടന്ന കുപ്രസിദ്ധമായ കൂട്ടക്കൊലയില്‍ ഔദ്യോഗിക കണക്കനുസരിച്ച് 2000-ലധികവും അനൗദ്യോഗിക കണക്കനുസരിച്ച് പതിനായിരത്തിനടുത്തും ബംഗാളി സംസാരിക്കുന്ന മുസ്ലിംകളാണ് കൊല്ലപ്പെട്ടത്. ആറ് മണിക്കൂറിനുള്ളില്‍ ഇത്രയും പേര്‍ കൊല്ലപ്പെട്ടു. പിന്നീട് നടന്ന അന്വേഷണത്തില്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും അധികാരികള്‍ക്കും അക്രമത്തെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിരുന്നെന്നും ഒരു നടപടിയും അവര്‍ എടുക്കാതിരുന്നതാണ് പ്രശ്നം ഇത്ര വഷളാക്കിയതെന്നും തെളിഞ്ഞിരുന്നു. ഈ കൂട്ടക്കൊലയുടെ പേരില്‍ ആരും പ്രതിചേര്‍ക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തില്ല. ഇന്ത്യയിലുണ്ടായ ഏറ്റവും വലിയതെന്ന് പറയാവുന്ന കൂട്ടക്കൊല ഇപ്രകാരം ഒരു നടപടിയുമില്ലാതെ മാഞ്ഞുപോയി. 

ഈ സംഭവങ്ങളുടെ തുടര്‍ച്ചയെന്നോണം 1985-ല്‍ അസം അക്കോഡ് എന്ന് അറിയപ്പെടുന്ന ത്രികക്ഷി കരാര്‍ നിലവില്‍വന്നു. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി, അസം സംസ്ഥാന സര്‍ക്കാര്‍, ആസു (ഇവരാണ് പിന്നീട് അസം ഗണപരിഷത്ത് -എ.ജി.പി- ആയി മാറിയത്) എന്നിവരായിരുന്നു ഈ മൂന്ന് കക്ഷികള്‍. ഈ കരാറിലൂടെ അസമികളെയും അസമികളല്ലാത്ത നിയമവിരുദ്ധ കുടിയേറ്റക്കാരെയും തിരിച്ചറിയാനുള്ള ചില നടപടിക്രമങ്ങള്‍ തീരുമാനിക്കപ്പെട്ടു. എന്നാല്‍, ഈ തീരുമാനം കാലങ്ങളോളം കാര്യമായി നടപ്പിലാക്കിയിരുന്നില്ല. ആസുവിന്റെ സ്ഥാപക നേതാവും പിന്നീട് രണ്ട് തവണ അസമിന്റെ മുഖ്യമന്ത്രിയുമായ പ്രഫുല്ല കുമാര്‍ മഹന്തയുടെ കാലത്തും കാര്യമായ നടപടികള്‍ ഉണ്ടായില്ല. 

2005-ല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് അസമികളല്ലാത്തവരെ പുറത്താക്കുകയെന്ന ആവശ്യം വീണ്ടും ഉയര്‍ന്നുവന്നു. അതിന്റെ അടിസ്ഥാനത്തില്‍ ചില നടപടികള്‍ ഉണ്ടായെങ്കിലും അത് വളരെ സാവധാനം മാത്രമായിരുന്നു. വീണ്ടും സമ്മര്‍ദങ്ങള്‍ കൂടിവന്നതോടെ ബര്‍പേട്ട ജില്ലയെ കേന്ദ്രീകരിച്ച് ഒരു മാതൃകാ പ്രൊജക്റ്റ് നടപ്പാക്കാന്‍ തുടങ്ങി. അതിനെതിരെ ആള്‍ അസം മുസ്ലിം സ്റ്റുഡന്‍സ് യൂനിയന്‍ (ആംസു) എന്ന സംഘടന പ്രതിഷേധങ്ങള്‍ നടത്തി. അവര്‍ക്കെതിരെ പോലീസ് നടപടിയും വെടിവെപ്പുമുണ്ടായി. കുറച്ചാളുകള്‍ കൊല്ലപ്പെട്ടു. നടപടികള്‍ നിര്‍ത്തിവെക്കേണ്ടി വരികയും ചെയ്തു. 

അസം വാദികള്‍ സുപ്രീംകോടതിയില്‍ കേസുമായി മുന്നോട്ടുപോയി. അവസാനം കോടതിയുടെ കൃത്യമായ മേല്‍നോട്ടത്തില്‍ എന്‍.ആര്‍.സി അസമില്‍ നടപ്പിലാക്കണമെന്ന് വിധിച്ചു. 2015-ല്‍ കോണ്‍ഗ്രസിലെ തരുണ്‍ ഗഗോയ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഈ നടപടികള്‍ ആരംഭിച്ചു. അതിന്റെ ഭാഗമായി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും എന്‍.ആര്‍.സി സേവാ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ഇത് വളരെ പ്രയാസമേറിയ കാര്യമായിരുന്നു. അങ്ങനെ 3.9 കോടി ജനങ്ങള്‍ തങ്ങളുടെ പൗരത്വം തെളിയിക്കാനുള്ള നടപടികളിലേക്ക് കടക്കുകയായിരുന്നു. 2016-ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെയാണ് നടപടികള്‍ക്ക് വേഗതയുണ്ടായത്. അവര്‍ക്ക് എന്‍.ആര്‍.സി എത്രയും പെട്ടെന്ന് നടപ്പാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കണമായിരുന്നു. അതവരുടെ പ്രകടന പത്രികയിലെ വാഗ്ദാനവുമായിരുന്നു. അതോടെ എന്‍.ആര്‍.സിയുടെ പ്രവര്‍ത്തനങ്ങള്‍ പുതിയ സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചായി. ഉദ്യോഗസ്ഥര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഭരിക്കുന്ന സര്‍ക്കാറിനനുസരിച്ച് മാറ്റുന്നത് പതിവാണ്. അസമിലും അതാണ് സംഭവിച്ചത്. കോണ്‍ഗ്രസിന്റെ കാലത്ത് എന്‍.ആര്‍.സി വളരെ സാവധാനമാണ് നടന്നതെങ്കില്‍, ബി.ജെ.പി അത് ത്വരിതപ്പെടുത്തി. അതോടെ ഉദ്യോഗസ്ഥരും അതേ നയമാണ് സ്വീകരിച്ചത്. 

ബി.ജെ.പി സര്‍ക്കാറിന് പരമാവധി ആളുകളെ പൗരത്വ പട്ടികയില്‍നിന്ന് പുറംതള്ളുകയാണ് വേണ്ടിയിരുന്നത്. അതിനായി അവര്‍ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി. സാങ്കേതിക പിഴവുകളുടെ പേരില്‍ പോലും ആളുകളെ ടാര്‍ഗറ്റ് ചെയ്തുതുടങ്ങി. രണ്ട് രേഖകള്‍ തമ്മില്‍ അക്ഷരത്തെറ്റുകളുന്നെ് പറഞ്ഞ് ആളുകളെ പൗരത്വ പട്ടികയുടെ കരടില്‍നിന്ന് ഉദ്യോഗസ്ഥര്‍ പുറത്താക്കി. 

അസമില്‍ തെരഞ്ഞെടുപ്പ് കമീഷനും പൗരന്മാരെ തരംതിരിക്കുന്നതില്‍ പങ്കുവഹിക്കുന്നുണ്ട്. അതിനുദാഹരണമാണ്, അസമില്‍ മാത്രം നിലനില്‍ക്കുന്ന ഡി-വോട്ടര്‍ എന്ന സംവിധാനം. ആരുടെയെങ്കിലും പൗരത്വത്തെ കുറിച്ച് സംശയമുണ്ടെങ്കില്‍ വോട്ടര്‍ പട്ടികയില്‍ അവരുടെ പേരിന് മുന്നില്‍ ഡി എന്ന് രേഖപ്പെടുത്തും. ഡി എന്നാല്‍ 'ഡൗട്ട്ഫുള്‍', സംശയാസ്പദം. 1997-ലാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ഈ വിഭജനം കൊണ്ടുവന്നത്. ഡി-വോട്ടര്‍മാര്‍ക്ക് വോട്ടവകാശം തടയപ്പെടും. 

ഡി മാര്‍ക്കുള്ള വോട്ടര്‍മാര്‍ക്ക് അസം ബോര്‍ഡര്‍ പോലീസ് നോട്ടീസ് നല്‍കും. അവരുടെ കുടുംബത്തിനും കിട്ടും ചിലപ്പോള്‍ നോട്ടീസ്. രേഖകള്‍ തൃപ്തിയായില്ലെങ്കില്‍ അവര്‍ ഫോറിനേഴ്സ് ട്രിബ്യൂണലിന് കേസ് കൈമാറും. ഇത്തരം 100 ട്രിബ്യൂണലുകള്‍ അസമില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ട്രിബ്യൂണലിന് മുമ്പിലും സംശയിക്കപ്പെടുന്ന പൗരന് പൗരത്വം തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ അവനെ വിദേശിയായി പ്രഖ്യാപിക്കും. പോലീസ് അവനെ പ്രത്യേക തടവറയിലാക്കും. ഡിറ്റന്‍ഷന്‍ ക്യാമ്പ് എന്ന പേരിലുള്ള തടവറയിലേക്കാണ് അവരെ അയക്കുക. 

ആറ് പ്രധാന ഡിറ്റന്‍ഷന്‍ ക്യാമ്പുകളാണ് അസമിലുള്ളത്. പേര് മാറ്റിയെങ്കിലും അത് യഥാര്‍ഥത്തില്‍ ജയിലുകള്‍ തന്നെയാണ്. ജില്ലാ ജയിലുകളോട് ചേര്‍ന്നുതന്നെയാണ് ഇവ സ്ഥിതി ചെയ്യുന്നത്. ഇവിടെ വലിയ പ്രയാസങ്ങളാണ് തടവുകാര്‍ നേരിടുന്നത്. ഭക്ഷണം വരെ കൃത്യമായി ലഭിക്കില്ല. രണ്ട് നേരമാണ് ഭക്ഷണം ലഭിക്കുക. കൂടിയിരുന്ന് കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനും അനുവദിക്കില്ല. അവര്‍ക്ക് ഉറങ്ങാനോ മറ്റോ വേണ്ട സൗകര്യങ്ങളില്ല. ഇപ്രകാരം ഡിറ്റന്‍ഷന്‍ സെന്ററിലുണ്ടായിരുന്ന ചിലര്‍ക്ക് ഇപ്പോള്‍ സുപ്രീംകോടതി ജാമ്യം നല്‍കിയിട്ടുണ്ട്. അവരിലൊരാളാണ് രോഷ്മിനാരാ ബീഗം. സ്വാതന്ത്ര്യസമര സേനാനിയുടെ പേരമകളായ അവര്‍ ഡി-വോട്ടറായി പ്രഖ്യാപിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഡിറ്റന്‍ഷന്‍ സെന്ററില്‍ എത്തിയത്. അവര്‍ അപ്പോള്‍ നാല് മാസം ഗര്‍ഭിണിയായിരുന്നു. അവര്‍ പ്രസവിച്ചതും അവിടെയായിരുന്നു. ഗര്‍ഭിണിക്ക് ലഭിക്കേണ്ട വൈദ്യസഹായങ്ങളോ ഭക്ഷണമോ മറ്റു പരിഗണനകളോ ഒന്നും അവര്‍ക്ക് അവിടെ ലഭിച്ചിരുന്നില്ല. 

ഇപ്പോള്‍ 1900-ലധികം ഡി-വോട്ടര്‍മാരാണ് 6 ഡിറ്റന്‍ഷന്‍ സെന്ററുകളിലായുള്ളത്. അതില്‍ പകുതിയിലധികവും സ്ത്രീകളാണ്. വിവാഹിതരായ സ്ത്രീകള്‍. അവര്‍ ഡി-വോട്ടര്‍മാരായി പ്രഖ്യാപിക്കപ്പെടാന്‍ പ്രത്യേക കാരണമുണ്ട്. തങ്ങളുടെ പൗരത്വം തെളിയിക്കാന്‍ ഫാമിലി ട്രി എന്ന പേരില്‍ തങ്ങളുടെ പാരമ്പര്യം തെളിയിക്കണം. അതിന് മുന്‍ഗാമികളോടുള്ള കൃത്യമായ ബന്ധം തെളിയിക്കുന്ന രേഖകള്‍ വേണം. എന്നാല്‍ വിവാഹം കഴിയുന്നതോടെ വേറെ ഗ്രാമങ്ങളിലേക്ക് എത്തിപ്പെടുന്ന സ്ത്രീകള്‍ക്ക് പലപ്പോഴും അത് അസാധ്യമാണ്. ലോക്കല്‍ പഞ്ചായത്തുകളും മറ്റും നല്‍കുന്ന രേഖകളായിരുന്നു അവര്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ അവ മാത്രമായി ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നില്ല. മാത്രമല്ല, അസമിലെ ഗ്രാമങ്ങള്‍ വെള്ളപ്പൊക്കം കാരണവും കലാപങ്ങള്‍ കാരണവും പലപ്പോഴും നശിപ്പിക്കപ്പെടും. അപ്പോള്‍ ഉള്ള രേഖകളും നഷ്ടമാകും. നിരക്ഷരതയുടെ തോതാണെങ്കില്‍ ഈ മേഖലയില്‍ വളരെ കൂടുതലുമാണ്. അസമിന്റെ ഈ മേഖലയിലെ സാക്ഷരത വെറും 20 ശതമാനമാണ്. ഇവരോടാണ് പൗരത്വം തെളിയിക്കാന്‍ 16 രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുന്നത്. എങ്ങനെ അവര്‍ക്കത് സാധിക്കുമെന്ന് ആലോചിച്ചുനോക്കുക! താല്‍ക്കാലികമായി ലഭിക്കുന്ന റേഷന്‍ കാര്‍ഡുകളും മറ്റും മാത്രമാണ് പലര്‍ക്കും ഉണ്ടാവുക. 

രോഷ്നാരാ ബീഗത്തിന്റെ കാര്യത്തില്‍ പ്രൈമറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലും അപ്പര്‍ പ്രൈമറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലും ജനന തീയതികള്‍ തമ്മിലുള്ള വ്യത്യാസമാണ് അവര്‍ ഡി-വോട്ടറായി പ്രഖ്യാപിക്കപ്പെടാന്‍ കാരണമായത്. അതോടെ അവര്‍ ഡിറ്റന്‍ഷന്‍ ക്യാമ്പിലെത്തി. ഇത്തരം തടവറകളില്‍ ധാരാളം സ്ത്രീകളുണ്ട്. അവരില്‍ പലരും മാനസിക രോഗികളായിരിക്കുന്നു. അവരുടെ കൂടെ പലപ്പോഴും അവരുടെ ചെറിയ മക്കളുമുണ്ടാവും. അവരെയും ഇത് ബാധിക്കുന്നുണ്ട്. രോഷ്നാരയോടുള്ള സംസാരത്തിനിടെ അവര്‍ പങ്കുവെച്ച കാര്യങ്ങളാണിതൊക്കെ. 

ഡി-വോട്ടര്‍ എന്ന സങ്കല്‍പം നമ്മുടെ ഭരണഘടനക്കു തന്നെ എതിരാണ്. കാരണം ഇവിടെ പൗരന്മാരുണ്ട്. പൗരന്മാരല്ലാത്തവരുണ്ട്. എന്നാല്‍ സംശയിക്കപ്പെടുന്ന പൗരന്‍ എന്നൊന്നില്ല. അത് 1997-ല്‍ അസമില്‍ മാത്രം തെരഞ്ഞെടുപ്പ് കമീഷന്‍ കൊണ്ടുവന്ന കാര്യമാണ്. എന്‍.ആര്‍.സിയെ പല തരത്തില്‍ രാഷ്ട്രീയ കക്ഷികളും സമുദായങ്ങളും അംഗീകരിച്ചിട്ടുണ്ട്. കാരണം അതിലൂടെ സംശയിക്കപ്പെടുന്നവര്‍ക്കും കുടിയേറ്റക്കാരായി ആരോപിക്കപ്പെടുന്നവര്‍ക്കും തങ്ങളുടെ യഥാര്‍ഥ പൗരത്വം തെളിയിക്കാനാവുമല്ലോ. പക്ഷേ, പിന്നീട് ഭരണത്തിലേറിയവരുടെ താല്‍പര്യപ്രകാരമാണ് എന്‍.ആര്‍.സി പ്രവര്‍ത്തിച്ചത്. എന്‍.ആര്‍.സിയുടെ നടത്തിപ്പാണ് ഇപ്പോള്‍ വലിയ പ്രതിസന്ധിയായി രൂപപ്പെട്ടിരിക്കുന്നത്. പലതരത്തില്‍ പക്ഷപാതപരവും അനീതികള്‍ നിറഞ്ഞതുമാണ് അതിന്റെ നടത്തിപ്പ്. 

വസ്തുതാന്വേഷണത്തിന്റെ ഭാഗമായി ഞങ്ങള്‍ അസമിന്റെ പല മേഖലകളും സന്ദര്‍ശിച്ചിട്ടുണ്ട്. അപ്പോഴൊക്കെ പൗരത്വം സംശയിക്കപ്പെട്ടവരും അവരുടെ കുടുംബങ്ങളും ഞങ്ങളുടെ അടുത്തേക്ക് ഓടിവരികയായിരുന്നു. സര്‍ക്കാര്‍ ആവശ്യപ്പെട്ട രേഖകളൊക്കെ അവര്‍ ഞങ്ങളെ കാണിക്കുന്നുണ്ട്. പക്ഷേ, ചെറിയ പ്രശ്നങ്ങള്‍ പറഞ്ഞ് അവയെല്ലാം തള്ളുകയാണ് ട്രിബ്യൂണല്‍ ചെയ്യുന്നത്. മാത്രമല്ല, സേവാ സെന്ററുകളുടെയും അവയിലെ ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനങ്ങള്‍ പക്ഷപാതപരവും ചിലര്‍ക്ക് മാത്രം പരിഗണന നല്‍കുന്നതുമാണ്. പൗരത്വം തെളിയിക്കാനായി പിന്നീട് പോകാനുള്ളത് ട്രിബ്യൂണലുകളിലേക്കാണ്. അവരും നീതിക്ക് ഒരു പരിഗണനയും നല്‍കാത്ത നിലപാടുകളുമായാണ് മുന്നോട്ടു പോകുന്നത്. പലപ്പോഴും ഒറ്റ ആളാണ് ട്രിബ്യൂണല്‍ ഉത്തരവാദിത്തത്തില്‍ ഉണ്ടാവുക. അയാള്‍ തന്റെ താല്‍പര്യത്തിനനുസരിച്ച് ആളുകളെ പൗരന്മാരായും അല്ലാത്തവരായും പ്രഖ്യാപിക്കുകയാണ്. 

മാത്രമല്ല, ട്രിബ്യൂണല്‍ വിഷയത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ പുതിയൊരു മാറ്റവും വരുത്തിയിട്ടുണ്ട്. അതും പ്രശ്നത്തെ സങ്കീര്‍ണമാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ജുഡീഷ്യല്‍ പരിചയമുള്ള, അതായത് ജില്ലാ ജഡ്ജിയെങ്കിലുമായി 5 വര്‍ഷത്തെ പരിചയമുള്ളവരെ മാത്രമേ ട്രിബ്യൂണല്‍ അംഗമാക്കാവൂ എന്നതായിരുന്നു കോടതി വിധി. ഇപ്പോഴത്തെ സര്‍ക്കാര്‍ അത് മാറ്റി. 5 വര്‍ഷം പ്രവൃത്തി പരിചയമുള്ള ഏത് അഭിഭാഷകനും ട്രിബ്യൂണല്‍ മെമ്പറാകാമെന്നാണ് ഇപ്പോഴത്തെ ചട്ടം. ഈ സര്‍ക്കാര്‍ അത്തരം മുപ്പതിലധികം ആളുകളെയാണ്  നിയമിച്ചത്. അവരെല്ലാം കൃത്യമായ ആര്‍.എസ്.എസ് ബന്ധമുള്ളവരായിരുന്നെന്ന് ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ തന്നെ ഞങ്ങളോട് പറയുകയുണ്ടായി.

പൗരത്വം തെളിയിക്കാനുള്ള അവസാന ശ്രമം നടത്തേണ്ടത് ഗുവാഹത്തി ഹൈക്കോടതിയില്‍ ഇതിനായുള്ള പ്രത്യേക ബെഞ്ചിലാണ്. അവിടെ ഈ ബെഞ്ചിന്റെ ചാര്‍ജ് ദിവസങ്ങള്‍ക്ക് മുമ്പു വരെ ദീര്‍ഘകാലമായി വഹിച്ചിരുന്നത് ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ ആയിരുന്നു. അദ്ദേഹത്തെ കുറിച്ചും പൗരത്വ പ്രശ്നവുമായി ബന്ധപ്പെട്ട് സമീപിച്ചവര്‍ക്ക് വ്യാപക പരാതിയാണുള്ളത്. ആളുകളെ പുറത്താക്കാനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്. നിയമവിദഗ്ധര്‍ മറ്റൊരു പ്രശ്നവും ചൂണ്ടിക്കാണിക്കുന്നുണ്ട്. സാധാരണ എല്ലാ കോടതികളിലും ബെഞ്ചുകളുടെ ഉത്തരവാദിത്തം റൊട്ടേഷന്‍ സിസ്റ്റത്തിലാകും ഉണ്ടാവുക. എന്നാല്‍ ഉജ്ജ്വല്‍ ഭുയാന്‍ ദീര്‍ഘകാലം ഈ ചട്ടങ്ങള്‍ അട്ടിമറിച്ച് ഒരേ ബെഞ്ചിന്റെ ചാര്‍ജ് വഹിച്ചു. ഇത് സര്‍ക്കാറിന്റെയും മറ്റു തല്‍പരകക്ഷികളുടെയും ആവശ്യപ്രകാരമായിരുന്നു. 

ഹൈക്കോടതി ബെഞ്ചിനെ കുറിച്ചും ട്രിബ്യൂണലിനെ കുറിച്ചും പല അഭിഭാഷകരും ഉന്നയിക്കുന്ന പരാതിയും ഗൗരവമുള്ളതാണ്. പൗരത്വ പ്രശ്നത്തില്‍ പുറപ്പെടുവിക്കുന്ന വിധിയുടെ പകര്‍പ്പുകള്‍ ലഭിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നതാണത്. തുടര്‍ നടപടിക്കോ, കേസിന്റെ മുന്നോട്ടുപോക്കിനോ സഹായകമാകുന്ന രീതിയില്‍ വിധിപ്പകര്‍പ്പ് നല്‍കാതിരിക്കാനാണ് അധികാരികള്‍ ശ്രമിക്കുന്നത്. അഭ്യസ്തവിദ്യര്‍ക്കും കേസുകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നവര്‍ക്കുമാണ് ഈ പ്രശ്നം. ഇതൊന്നും തിരിയാത്ത നിരക്ഷരരും അവിടെയുണ്ടല്ലോ. 

മറ്റൊന്ന് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് അയക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. പൗരത്വം തെളിയിക്കാന്‍ നോട്ടീസുകള്‍ അയക്കുന്നതില്‍ ഒരു കൃത്യതയും പാലിക്കുന്നില്ല. പലപ്പോഴും അത് ആളുകള്‍ക്ക് എത്തുന്നില്ല. മേല്‍വിലാസത്തിലെ പ്രശ്നങ്ങളും മറ്റും അതിന് കാരണമാണ്. എന്നാല്‍ ഒരു ഏജന്‍സിയും ഈ നോട്ടീസ് എത്തിക്കുകയെന്ന ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല. എന്‍.ആര്‍.സിയുടെ നടത്തിപ്പ് വലിയ പ്രശ്നമാണെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരോടും ട്രിബ്യൂണലുകളോടും ഇതിനെ കുറിച്ച് അന്വേഷിക്കുമ്പോള്‍ അവര്‍ പറയുന്നത്, 'ഞങ്ങള്‍ക്ക് മേല്‍ സമ്മര്‍ദമുണ്ട്' എന്നാണ്. ആളുകളെ പുറത്താക്കാന്‍ ടാര്‍ജറ്റ് നിശ്ചയിച്ചുകൊടുത്തതുപോലെയാണ്. ബി.ജെ.പി സര്‍ക്കാറിന്റെ സ്വാധീനഫലമാണിത്. ഇടവേളകളില്‍ ദല്‍ഹിയിലേക്ക് എത്ര പേരുടെ പൗരത്വം പരിശോധിച്ചു, അതില്‍ എത്ര പേരെ പുറത്താക്കി എന്നെല്ലാം കണക്ക് നല്‍കണം. ഇതാണ് എന്‍.ആര്‍.സി നടത്തിപ്പിലെ ബാഹ്യസ്വാധീനം. 

ഇപ്പോള്‍ 40 ലക്ഷത്തോളം ആളുകള്‍ കരട് പട്ടികയില്‍നിന്ന് പുറത്തായിരിക്കുകയാണ്. പ്രശ്നത്തെ ലഘൂകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാവര്‍ക്കും പൗരത്വം തെളിയിക്കാന്‍ മതിയായ അവസരം നല്‍കുമെന്ന് പറയുന്നുണ്ട്. എന്നാല്‍, മതിയായ കാരണങ്ങളില്ലാതെ പൗരന്മാരുടെ രേഖകള്‍ തള്ളിയ അതേ ആളുകളുടെ അടുത്തേക്ക് തന്നെയാണ് ഇനിയും ഇവര്‍ ആ രേഖകള്‍കൊണ്ട് പൗരത്വം തെളിയിക്കാന്‍ പോകേണ്ടതെന്നതാണ് പ്രശ്നം. അവര്‍ ഇനിയും ഇതേ നിലപാട് തന്നെയല്ലേ സ്വീകരിക്കുക? അതുകൊണ്ടാണ് പുനഃപരിശോധനക്ക് മറ്റൊരു ഘടന ആവശ്യമാണെന്ന് പറയുന്നത്. അനീതിക്ക് കൂട്ടുനില്‍ക്കാത്ത, പക്ഷപാതമില്ലാത്ത ഒരു നടപടിക്രമം അതിനുണ്ടാകണം. 

ഒരു ഭാഗത്ത് പൗരത്വം തെളിയിക്കാന്‍ എല്ലാവര്‍ക്കും അവസരം നല്‍കുമെന്ന് പ്രഖ്യാപിച്ച ആഭ്യന്തരമന്ത്രി, എന്‍.ആര്‍.സി പട്ടിക പുറത്തുവന്ന് രണ്ട് ദിവസം കഴിഞ്ഞ് മറ്റൊരു പ്രസ്താവനയും നടത്തി. രാജ്യത്തെ ഏറ്റവും വലിയ ജയില്‍ അസമില്‍ സ്ഥാപിക്കുമെന്നായിരുന്നു അത്. എന്താണ് ഇതിന്റെ അര്‍ഥം? ഈ സംഭവങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ എന്താണ് നമുക്ക് മനസ്സിലാവുക? മാത്രമല്ല, ആഭ്യന്തരമന്ത്രി ഒരാളെയും ഇപ്പോള്‍ പുറത്താക്കില്ലെന്ന് പറയുമ്പോള്‍തന്നെ, ബി.ജെ.പി നേതാക്കളായ അമിത്ഷായും മറ്റും പാര്‍ലമെന്റില്‍ വരെ ഇവര്‍ പുറത്താക്കപ്പെടേണ്ടവരാണെന്നും, ആ പ്രക്രിയ തങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും പ്രഖ്യാപിക്കുന്നു. ബി.ജെ.പി രണ്ട് ഭാഷയിലാണ് ഇവിടെ സംസാരിക്കുന്നത്. 

ഇപ്പോള്‍ തന്നെ അസമില്‍നിന്ന് ആളുകള്‍ പലായനം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ബംഗാള്‍, ത്രിപുര പോലുള്ള സ്ഥലങ്ങളിലേക്കും പലരും പോയിത്തുടങ്ങി. യഥാര്‍ഥത്തില്‍ ഇത് ഒരു രാഷ്ട്രീയ അജണ്ടയാണ്. ആസുവിനും ബി.ജെ.പിക്കും ഇത് വലിയ രാഷ്ട്രീയ നേട്ടവും വോട്ടും നേടിക്കൊടുക്കും. അതുതന്നെയാണ് അവര്‍ ലക്ഷ്യമിടുന്നത്. പൗരന്മാരുടെ പ്രയാസങ്ങളെ രാഷ്ട്രീയ നേട്ടമാക്കുകയാണിവിടെ. അസമിനെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കുന്നത് തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. എന്നാല്‍ അതൊരു പ്രചാരണം മാത്രമാണ്. 

അസമിന്റെ ബംഗ്ലാദേശ് അതിര്‍ത്തിക്കടുത്ത്  കാലങ്ങളായി മുസ്ലിംകളും ബംഗാളി സംസാരിക്കുന്ന ജനങ്ങളും തന്നെയാണ് ഭൂരിപക്ഷം. അതിന് പല കാരണങ്ങളുണ്ട്. അവരില്‍ ഭൂരിപക്ഷവും അവിടെ തന്നെ കാലങ്ങളായി വസിക്കുന്നവരാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് സര്‍ക്കാര്‍ ജോലിക്കും മറ്റു ഉപജീവനത്തിനുമായി കുടിയേറിയവരുണ്ട്. അസമില്‍ ധാരാളം ഭൂമി വെറുതെ കിടക്കുന്നുണ്ടായിരുന്നു. ഇപ്പോഴും അതുണ്ട്. ഇത്തരം ഭൂമി ഉപയോഗപ്പെടുത്തി കൃഷി ആവശ്യങ്ങള്‍ക്കായി എത്തിയവരുമുണ്ട്. ഈ മേഖലയിലെ തേയിലത്തോട്ടങ്ങളിലും ഫാക്ടറികളിലും ജോലിക്കെത്തിയ ഇന്ത്യയുടെ തന്നെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരുമുണ്ട്. എന്നാല്‍ ഇവരെല്ലാം പൗരത്വത്തിന് അവകാശമില്ലാത്തവരാണെന്നാണ് വാദിച്ചുകൊണ്ടിരിക്കുന്നത്. 

ഇനി 1971-ലെ യുദ്ധകാലത്ത് ധാരാളം ആളുകള്‍ അസമിലേക്ക് എത്തിയെന്നാണ് വാദമെങ്കില്‍, അതിലും പ്രശ്നങ്ങളുണ്ട്. കാരണം അന്ന് ബംഗ്ലാദേശില്‍നിന്ന് എത്തിയവരെയെല്ലാം സൈന്യം പിടികൂടി പ്രത്യേക ക്യാമ്പില്‍ പാര്‍പ്പിച്ച് തിരിച്ചയക്കുകയാണ് ചെയ്തത്. അതിനു ശേഷവും ഇത്തരം കുടിയേറ്റങ്ങള്‍ തുടരുന്നു എന്നാണ് വാദമെങ്കില്‍, കാലങ്ങളായി ഈ അതിര്‍ത്തിയില്‍ സുരക്ഷാ സേനക്ക് പുറമെ അസം അതിര്‍ത്തി സേനയെന്ന പേരില്‍ വേറെതന്നെ പോലീസുമുണ്ടല്ലോ. ഇവരെല്ലാം ഇവിടെ എന്താണ് ചെയ്യുന്നത്? ഇവരും അവിടെയുള്ള ഗ്രാമവാസികളും അറിയാതെ ആളുകളെങ്ങനെയാണ് ഇവിടെയെത്തുന്നത്? ഇനി വേറെയും പ്രശ്നമുണ്ട്. അസമില്‍ ബംഗ്ലാദേശിനേക്കാള്‍ മികച്ച ജീവിത സാഹചര്യമൊന്നുമില്ല. പിന്നെ എന്തിനാണ് പട്ടിണി കിടക്കാന്‍ ആളുകള്‍ അതിര്‍ത്തി കടന്നുവരുന്നത്?

പ്രധാനമായും ടാര്‍ജറ്റ് ചെയ്യപ്പെടുന്നത് ബംഗാളി സംസാരിക്കുന്ന മുസ്ലിംകള്‍ തന്നെയാണ് എന്നാണ് മനസ്സിലാവുന്നത്. പിന്നെ ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കളും ഹിന്ദി സംസാരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ളവരും. മറ്റൊരു പ്രശ്നം കൂടി. ഇന്ത്യയുടെ ഭാഗമായ ബംഗാളില്‍നിന്ന് അസമിലെത്തിയവര്‍ എങ്ങനെയാണ് കുറ്റക്കാരാവുക? കാരണം ഇന്ത്യയില്‍ എവിടേക്കും പലായനം ചെയ്യാനും അവിടെ താമസിക്കാനും എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും അവകാശമുണ്ട്. അത് മൗലികാവകാശമാണ്. അത് നിഷേധിക്കാന്‍ പാടില്ലല്ലോ. ഇവിടെ ബി.ജെ.പിയുടെ വാദം കോണ്‍ഗ്രസ്സിന് ഈ വിഷയത്തില്‍ ഒന്നും ചെയ്യാന്‍ ധൈര്യമില്ലായിരുന്നു എന്നാണ്. അവര്‍ ഇപ്പോള്‍ എല്ലാം ശരിയാക്കുകയാണത്രെ. ഇതവര്‍ തങ്ങളുടെ വലിയ നേട്ടമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു. 

40 ലക്ഷത്തില്‍ കുറച്ചു പേര്‍ തങ്ങളുടെ പൗരത്വം തെളിയിക്കാന്‍ സാധ്യതയുണ്ട്. അവര്‍ ഇന്ത്യന്‍ പൗരന്മാരായി പ്രഖ്യാപിക്കപ്പെടും. പക്ഷേ, ബാക്കിയുള്ള വലിയ വിഭാഗത്തിന്റെ പൗരത്വം നഷ്ടമാവുകയും അവരുടെ അവകാശങ്ങള്‍ ഇല്ലാതാവുകയും ചെയ്യും.  ഇനിയുള്ളവരുടെ അപ്പീല്‍ പരിഗണിക്കേണ്ടത് ഒരു സ്വതന്ത്ര സംവിധാനമാകണമെന്നാണ് നാം ആവശ്യപ്പെടേണ്ടത്. കാരണം നിലവിലുള്ള സംവിധാനം പല രേഖകളും നിയമാനുസൃതമല്ലെന്നു പറഞ്ഞ് തള്ളുന്നുണ്ട്. ഉദാഹരണത്തിന്, ഗ്രാമ പഞ്ചായത്തുകളും പഞ്ചായത്ത് സെക്രട്ടറിയും നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പൗരത്വത്തിന് പരിഗണിക്കണമെന്ന് സുപ്രീംകോടതി വിധിയുണ്ട്. എന്നാല്‍ ട്രിബ്യൂണല്‍ അംഗങ്ങള്‍ അത് നിരസിക്കുകയും കൂടുതല്‍ രേഖകള്‍ അതിന് പിന്‍ബലമായി വേണമെന്ന് ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്. നിയമാനുസൃതമായ  എല്ലാ രേഖകളെയും പരിഗണിക്കുന്ന ഒരു സംവിധാനമാകണം ഇവരുടെ അപ്പീല്‍ പരിഗണിക്കേണ്ടത്. മാത്രമല്ല, ട്രിബ്യൂണല്‍ ഒരു അംഗം മാത്രമുള്ളതായാല്‍ പോരാ, രണ്ടോ അതിലധികമോ അംഗങ്ങള്‍ അതിലുാകണം. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാകണം. സര്‍ക്കാറിന്റെയും മറ്റു ബാഹ്യശക്തികളുടെയും സ്വാധീനത്തില്‍നിന്ന് മുക്തവുമാകണം ഈ പ്രക്രിയ. 

ഈ വിഷയം കൈകാര്യം ചെയ്യേണ്ടത് മനുഷ്യത്വത്തോടെയാവണം എന്നതാണ് അടുത്ത കാര്യം.  നമ്മുടെ രാജ്യത്ത് ജീവിച്ചുവരുന്ന ആരും ചില രേഖകളില്ലാത്തതിന്റെ പേരില്‍ മാത്രം ശിക്ഷിക്കപ്പെടാന്‍ പാടില്ല. ഇവിടെ തെളിവു കൊണ്ടുവരികയെന്നത് ഇരയുടെ ബാധ്യതയായി മാറുകയാണ്. അത് മനുഷ്യത്വവിരുദ്ധമാണ്. കാരണം ആരോപണം ഉന്നയിക്കുന്നവരാണ് തെളിവ് കൊണ്ടുവരേണ്ടത്. അല്ലാതെ ഇരകളല്ല. ഞങ്ങള്‍ വസ്തുതാന്വേഷണത്തിന്റെ ഭാഗമായി അസമില്‍ കുറച്ചു ദിവസങ്ങള്‍ ചെലവഴിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രിമാര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, അഭിഭാഷകര്‍, ബുദ്ധിജീവികള്‍, അക്കാദമീഷ്യന്മാര്‍, ഇരകള്‍ എന്നിവരുമായെല്ലാം ഞങ്ങള്‍ സംസാരിച്ചു. അതില്‍നിന്ന് മനസ്സിലായത് വളരെ കുറച്ചാളുകള്‍ മാത്രമാണ് പുറത്തുനിന്ന് വന്നവരായി അസമിലുള്ളത് എന്നാണ്. അവര്‍ തന്നെയും പലതരത്തില്‍ കാലങ്ങളായി ഇവിടെ താമസിക്കുന്നവരുമാണ്. 

എന്‍.ആര്‍.സിയുടെ നടത്തിപ്പിലെ മേല്‍സൂചിപ്പിച്ച പ്രശ്നങ്ങള്‍ക്ക് തെളിവായി ധാരാളം സംഭവങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഒരു മുന്‍ രാഷ്ട്രപതിയുടെ കുടുംബം പൗരത്വ പട്ടികയില്‍നിന്ന് പുറത്തായി, മുന്‍ മുഖ്യമന്ത്രിയുടെ പേര് ലിസ്റ്റിലില്ല, രാജ്യത്തിനായി യുദ്ധം ചെയ്ത് ജീവന്‍ ത്യജിച്ചരും ലിസ്റ്റിന് പുറത്താണ്. ഇതെല്ലാം നടത്തിപ്പിലെ പ്രശ്നങ്ങളെയാണല്ലോ കാണിക്കുന്നത്. 2016-ല്‍ ബി.ജെ.പി പൗരത്വ നിയമം ഭേദഗതി ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നല്ലോ. അതനുസരിച്ച് അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ പ്രദേശങ്ങളില്‍നിന്ന് കുടിയേറിയ ഹിന്ദു, ജൈന്‍, സിഖ്, പാര്‍സി, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാമെന്നും മുസ്ലിംകളെ മാത്രം പുറത്താക്കണമെന്നുമാണ് നിര്‍ദേശിക്കുന്നത്. ഇത് ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതക്കുള്ള അവകാശത്തിന് എതിരാണ്. അതിനാല്‍ ശക്തമായി എതിര്‍ക്കപ്പെടണം. ബി.ജെ.പിയുടെ സഖ്യകക്ഷികള്‍ തന്നെ ഇതിനെ എതിര്‍ക്കുന്നുണ്ടെന്നത് പ്രതീക്ഷയാണ്. 

ഇന്ത്യയില്‍ ജീവിച്ചിരുന്ന ആളുകളുടെ ഭാവിയെന്താകുമെന്ന് നാം ആലോചിക്കണം. അഭയാര്‍ഥികള്‍ ഇന്നൊരു വലിയ പ്രശ്നം തന്നെയാണല്ലോ. അസമില്‍നിന്ന് പുറത്താക്കപ്പെടുന്നവര്‍ ഇന്ത്യന്‍ പൗരന്മാരാണെന്നും തങ്ങള്‍ അവരെ സ്വീകരിക്കില്ലെന്നും ബംഗ്ലാദേശ് പറഞ്ഞുകഴിഞ്ഞു. മാത്രമല്ല, അഭയാര്‍ഥികള്‍ക്ക് അവകാശങ്ങള്‍ നല്‍കുന്ന യു.എന്‍ കരാറില്‍ ഇന്ത്യ ഒപ്പിടാത്തതിനാല്‍ ഇവരെ അഭയാര്‍ഥികളായി പരിഗണിച്ച് സംരക്ഷിക്കാനും സാധിക്കില്ല. അതിനാല്‍ ആളുകളെ പുറത്താക്കുന്ന നടപടി നിര്‍ത്തിവെക്കുകയാണ് ചെയ്യേണ്ടത്. 40 ലക്ഷം ആളുകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാമെപ്പോഴും നിലയുറപ്പിക്കണം. 

(മുന്‍ ഉത്തര്‍പ്രദേശ് പോലീസ് ഐ.ജിയായ എസ്.ആര്‍ ദാരാപുരി ഐ.എ.എസ്. എന്‍.ആര്‍.സിയുമായി ബന്ധപ്പെട്ട് യുനൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹേറ്റിന്റെ കീഴില്‍ അസമില്‍ വസ്തുതാന്വേഷണ സംഘത്തെ നയിക്കുകയും റിപ്പോര്‍ട്ട് തയാറാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്തിരുന്നു. 'അസം: സംശയിക്കപ്പെടുന്ന പൗരത്വവും നിഷേധിക്കപ്പെടുന്ന അവകാശങ്ങളും' എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി മലയാളത്തില്‍ പുറത്തിറക്കിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത് നടത്തിയ പ്രഭാഷണം)

തയാറാക്കിയത്: പി.പി ജസ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (8 - 11)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസിയുടെ സുരക്ഷിതത്വം
പി.എ സെനുദ്ദീന്‍