Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 17

3064

1439 ദുല്‍ഹജ്ജ് 05

വി.പി കുഞ്ഞിമൊയ്തീന്‍കുട്ടി മൗലവി മറക്കാനാവാത്ത സ്‌നേഹ വിസ്മയം

ഡോ. കൂട്ടില്‍ മുഹമ്മദലി

ശിഷ്യന്മാര്‍ ബഹുമാനപുരസ്സരം വി.പി എന്നും നാട്ടുകാര്‍ സ്‌നേഹപൂര്‍വം ഇപ്പാക്ക എന്നും വിളിച്ചിരുന്ന വി.പി കുഞ്ഞിമൊയ്തീന്‍ കുട്ടി മൗലവി 2018 ആഗസ്റ്റ് 5-ന് ഇഹലോകത്തോട് വിടപറഞ്ഞപ്പോള്‍ മനുഷ്യസ്‌നേഹത്തിന്റെയും ജീവകാരുണ്യത്തിന്റെയും ഹൃദയഹാരിയായ ഒരു അധ്യായമാണ് അവസാനിച്ചത്. നിറഞ്ഞ സംതൃപ്തിയോടെ മരണത്തിന്റെ മാലാഖയെ ഇരുകരങ്ങള്‍ നീട്ടി സ്വീകരിക്കാനാവശ്യമായ സമ്പാദ്യം അദ്ദേഹത്തിനു സ്വന്തമായിരുന്നു. രണ്ട് വിദ്യാഭ്യാസ സമുച്ചയങ്ങള്‍ -വാടാനപ്പള്ളിയിലും എടയൂരിലും- അല്ലാഹുവിങ്കല്‍ അദ്ദേഹത്തിനു സാക്ഷ്യപത്രങ്ങളായുണ്ട്. പരലോകത്തേക്കുള്ള വി.പിയുടെ കരുതല്‍ ശേഖരം വളരെ വലുതാണ്. ആദര്‍ശപ്രചോദിതരായി ഇസ്‌ലാമിക മാര്‍ഗത്തില്‍ കഠിനപ്രയത്‌നം ചെയ്യുന്ന പരശ്ശതം ശിഷ്യന്മാര്‍.... തന്റെ സ്‌നേഹസ്പര്‍ശത്താല്‍ ജീവിതം പച്ചപിടിച്ച അനേകം അഗതികള്‍, അനാഥകള്‍... താന്‍ താങ്ങും തണലുമായിരുന്ന നൂറുകണക്കിന് നിരാലംബര്‍... അശരണര്‍ക്കു മീതെ തണല്‍ വിരിച്ച ഒരു വന്‍മരമായിരുന്നു വി.പി. പാവങ്ങളോടുള്ള അഗാധസ്‌നേഹം അദ്ദേഹത്തെ ഒരു മുഴുസമയ ജനസേവകനാക്കി. ജീവിതം മുഴുവന്‍ അദ്ദേഹം അനാഥകളുടെയും അഗതികളുടെയും വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി ചെലവഴിച്ചു.

ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി നേരെ കര്‍മ ഭൂമിയിലേക്ക്. മദ്‌റസകളിലും കോളേജുകളിലും അധ്യാപകവേഷം. മിമ്പറുകളിലെ ഇടിമുഴക്കം. മതപ്രഭാഷണ വേദികളിലെ ഗര്‍ജനം. ഈ ഓട്ടം അധികകാലം നീണ്ടില്ല. യൗവനത്തില്‍ തന്നെ വി.പി വാടാനപ്പള്ളിയെ തന്റെ തട്ടകമാക്കി. മദ്‌റസ, ഓര്‍ഫനേജ്, കോളേജ്.... വിദ്യാഭ്യാസരംഗത്ത് വാടാനപ്പള്ളി സ്വന്തം പേര് അടയാളപ്പെടുത്തി.

1986-ല്‍ വാടാനപ്പള്ളിയില്‍നിന്ന് ജന്മനാടായ എടയൂരിലേക്ക്. മൂന്നു പതിറ്റാണ്ടിനിടയില്‍ മുപ്പതേക്കര്‍ സ്ഥലത്ത് ഒരു വിദ്യാഭ്യാസ വിസ്മയം- സഫാ എജുക്കേഷന്‍ കോംപ്ലക്‌സ്. കെ.ജി മുതല്‍ പി.ജി വരെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. എല്ലാറ്റിന്റെയും മുഖമുദ്ര അനാഥ-അഗതി വിദ്യാഭ്യാസം. പാവപ്പെട്ടവന്റെ വിദ്യാഭ്യാസ സാമ്രാജ്യം. അശരണര്‍ക്കും നിരാലംബര്‍ക്കും എപ്പോഴും കയറിച്ചെല്ലാനുള്ള സ്ഥലം. ഒരുതരം അവകാശം പോലെ അവരങ്ങോട്ട് കയറിച്ചെന്നു. അതേ മനസ്സോടെ അദ്ദേഹം അവരെ സ്വീകരിച്ചു. ആശ്വാസ വാക്കുകള്‍, സഹായങ്ങള്‍..... ആരുടെയും സഞ്ചാരം വെറുതെയായില്ല. ഇല്ല എന്ന വാക്ക് ആ മനുഷ്യന്റെ നിഘണ്ടുവിലുണ്ടായിരുന്നില്ല. ഇല്ലാത്തത് അദ്ദേഹം ഉണ്ടാക്കിക്കൊടുത്തു. ആരെയും വിസ്മയിപ്പിക്കുന്ന സ്‌നേഹവും കാരുണ്യവും ഇഛാശക്തിയുമായിരുന്നു അദ്ദേഹത്തിന്റെ മൂലധനം. ഈ മൂലധനം കൊണ്ട് തന്റെ ചുറ്റുമുള്ള നിരാലംബര്‍ക്ക് അദ്ദേഹം ആശ്വാസത്തിന്റെ കുടപിടിച്ചു. സ്‌നേഹവും കാരുണ്യവും പൂത്തുലഞ്ഞ അര നൂറ്റാണ്ട്!

മൂന്ന് പതിറ്റാണ്ടു മുമ്പ്, വി.പി വാടാനപ്പള്ളിയോട് വിടപറയുന്നത് നൂറുകണക്കിന് ശിഷ്യന്മാരെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കര്‍മഭൂമിയിലേക്ക് ഒരുക്കി അയച്ച ശേഷമാണ്. അവരില്‍ അധികപേരും ഇന്ന് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളാണ്. വാടാനപ്പള്ളിയിലെ ദിനരാത്രങ്ങള്‍ സാക്ഷി- പ്രസ്ഥാനം വി.പിയുടെ ആവേശമായിരുന്നു. എന്തും ഏതും പ്രസ്ഥാനത്തിലേക്ക് ബന്ധിപ്പിക്കാനുള്ള അനിതരസാധാരണമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന് വാടാനപ്പള്ളി ഒരു പ്രസ്ഥാന വിദ്യാലയമായിരുന്നു. പ്രസ്ഥാനം പഠിപ്പിക്കാനും പരിശീലിപ്പിക്കാനുമുള്ള കളരി. വിദ്യാര്‍ഥികളോടുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ഒരു സാമ്പ്രദായിക പ്രിന്‍സിപ്പലിന്റേതായിരുന്നില്ല, പ്രത്യുത, ഇരുത്തം വന്ന ഒരു പ്രസ്ഥാന നായകന്റേതായിരുന്നു. ഖുര്‍ആനും ഹദീസും ചരിത്രവും ആ പ്രഭാഷണങ്ങളില്‍ വഴിഞ്ഞൊഴുകി; മലയാളം, അറബി കവിതകളും. ആദര്‍ശത്തിന്റെ ആകാശത്തേക്ക് അദ്ദേഹം കുട്ടികളെ അവരറിയാതെ ആനയിക്കുകയായിരുന്നു.

പഠനം അക്കാലത്ത് ക്ലാസ് മുറികളിലൊതുങ്ങിയില്ല. അത് പലപ്പോഴും കര്‍മഭൂമിയിലേക്ക് പരന്നൊഴുകി. കഴിവുറ്റ ഗുരുനാഥന്മാരെ അദ്ദേഹം തേടിപ്പിടിച്ചു. മഹാഗുരുക്കന്മാരെ അതിഥികളായി കൊണ്ടുവന്നു. ഇങ്ങോട്ട് വരാന്‍ കഴിയാത്തവരുടെ അടുത്തേക്ക് കുട്ടികളെ കൊണ്ടുപോയി. പ്രസ്ഥാനനായകരെ സ്ഥാപനത്തിലെ നിത്യസന്ദര്‍ശകരാക്കി. ഇതിന്റെയെല്ലാം ഫലമായി ആദര്‍ശപ്രചോദിതരും ആവേശഭരിതരുമായ ഒരു തലമുറ ജന്മംകൊണ്ടു. അവരുടെ വാക്കും വരയും കര്‍മഭൂമിയില്‍ വിസ്മയം സൃഷ്ടിച്ചു. ഗുരു ഇതെല്ലാം നോക്കി മന്ദഹസിച്ചു. മരണം വരെ അദ്ദേഹം തന്റെ ശിഷ്യന്മാരെ പ്രതി അഭിമാനം കൊണ്ടു. നിരന്തരം അവരെ ആവേശം കൊള്ളിച്ചു.

വി.പി അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ക്ക് എന്നും വറ്റാത്ത പ്രചോദനമായിരുന്നു. അദ്ദേഹത്തിന്റെ നോട്ടം പോലും അവര്‍ക്ക് ആവേശമായിരുന്നു. നിരാശ അദ്ദേഹത്തിന്റെ പരിസരത്തുണ്ടായിരുന്നില്ല. പ്രത്യാശ എന്നും അദ്ദേഹത്തെ ചൂഴ്ന്നുനിന്നു. അതിനാല്‍ അദ്ദേഹം എപ്പോഴും പോസിറ്റീവ് എനര്‍ജി പ്രസരണം ചെയ്തുകൊണ്ടിരുന്നു.

വി.പി ഒരു ഒറ്റയാള്‍ പട്ടാളമായിരുന്നു. സേനയും സൈന്യാധിപനുമെല്ലാം അദ്ദേഹം തന്നെ. തന്റെ ദൗത്യങ്ങളുടെ കഥയും തിരക്കഥയും സംവിധാനവും നിര്‍മാണവുമെല്ലാം അദ്ദേഹം സ്വയം നിര്‍വഹിച്ചു. തന്റെ സ്വപ്‌നങ്ങള്‍ വേഗത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ അതാണ് നല്ലതെന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവണം. ലക്ഷ്യം നേടാനുള്ള വ്യഗ്രതക്കിടയില്‍ കീഴ്‌വഴക്കങ്ങളും നടപടിക്രമങ്ങളും ചിലപ്പോഴൊക്കെ അദ്ദേഹം മറന്നുപോയി. അദ്ദേഹത്തിനു ഉത്തരമായിരുന്നു എപ്പോഴും പ്രധാനം. അതിലേക്ക് എത്തുന്നതിനുള്ള പരമ്പരാഗതമായ നീണ്ട വഴികള്‍ അദ്ദേഹത്തില്‍ എന്നും മുഷിപ്പുളവാക്കി. അതിനാല്‍ അദ്ദേഹം സ്വന്തം യുക്തിയും ബുദ്ധിയും ഉപയോഗിച്ച് ഉത്തരം കണ്ടെത്താനുള്ള എളുപ്പവഴികള്‍ തേടി. സ്വതഃസിദ്ധമായ ഒരു ശൈലി എന്നും വി.പിയോടൊപ്പമുണ്ടായിരുന്നു. പെട്ടെന്ന് വിഷയത്തിന്റെ മര്‍മം മനസ്സിലാക്കാനുള്ള കഴിവ്, കുറിക്കു കൊള്ളുന്ന ഒരു വാക്കു കൊണ്ടോ പ്രയോഗം കൊണ്ടോ എതിരാളികളെ നിലംപരിശാക്കാനുള്ള മിടുക്ക്, കൂര്‍മബുദ്ധി, അസാധാരണമായ ഇഛാശക്തി ഇതെല്ലാം അദ്ദേഹത്തിന് കൈമുതലായുണ്ടായിരുന്നു.

സ്‌നേഹം, കാരുണ്യം, പ്രത്യാശ, തളരാത്ത ആവേശം, വിശ്രമമില്ലാത്ത അധ്വാനം- വി.പിയുടെ ജീവിതം സഫലമാക്കിയത് ഈ ചേരുവയാണ്. അദ്ദേഹത്തിന്റെ കലണ്ടറില്‍ ചുവന്ന അക്കങ്ങളില്ലായിരുന്നു. അദ്ദേഹത്തിന് സമയബോധമില്ലായിരുന്നു. ആത്മാര്‍ഥതയും കഠിനാധ്വാനവും അദ്ദേഹത്തിന്റെ ജീവിതം സംഭവബഹുലമാക്കി. ലാളിത്യം അതിനെ വര്‍ണാഭമാക്കി. എല്ലാ ദിവസങ്ങളിലും അദ്ദേഹം തന്റെ ഓഫീസിലെത്തി. അദ്ദേഹത്തിന്റെ പകലുകള്‍ അവിടെ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്തു. അവസാന കാലത്ത് മരുന്നുപെട്ടിയുമായാണ് അദ്ദേഹം ഓഫീസില്‍ പോയിരുന്നത്. ഭക്ഷണം വീട്ടില്‍നിന്ന് അങ്ങോട്ട് വരുത്തിച്ചു. ഡയാലിസിസ്‌പോലും അദ്ദേഹത്തിന്റെ ആവേശം കെടുത്തിയില്ല. ആശുപത്രി കിടക്കയിലായിരിക്കുമ്പോഴും അദ്ദേഹം പുതിയ സ്വപ്‌നങ്ങള്‍ കണ്ടു. ആ സ്വപ്‌നങ്ങളിലൊന്നായിരുന്നു 'ഹാജി സാഹിബ് ഇന്‍സ്റ്റിറ്റ്യൂട്ട്.'

എടയൂരിലെ സഫാ വിദ്യാലയ സമുച്ചയത്തില്‍ ഒരു ഉന്നത ഇസ്‌ലാമിക പഠനകേന്ദ്രം എന്ന തന്റെ സ്വപ്‌നം നാലു വര്‍ഷം മുമ്പാണ് വി.പി ഞങ്ങള്‍ അദ്ദേഹത്തിന്റെ ആദ്യകാല ശിഷ്യന്മാരുമായി പങ്കുവെക്കുന്നത്. അതിനുവേണ്ടി അദ്ദേഹം പലതവണ ഞങ്ങളെ സഫാ കുന്നില്‍ ഒരുമിച്ചുകൂട്ടി. അവിടെനിന്ന് ഉരുത്തിരിഞ്ഞ ആശയം പ്രഗത്ഭരുമായി പങ്കുവെച്ചു. അതിനുവേണ്ടി അദ്ദേഹം ആദ്യം സമീപിച്ചത് ടി.കെ അബ്ദുല്ല സാഹിബിനെയായിരുന്നു. ടി.കെ എന്നും അദ്ദേഹത്തിന്റെ ആവേശമായിരുന്നു. ടി.കെയുടെ സ്‌നേഹവും ശാസനയും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. ഹാജി സാഹിബ് ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിടാന്‍ വേണ്ടി അദ്ദേഹം തെരഞ്ഞെടുത്തതും ടി.കെയെ തന്നെ!

നിരവധി പണ്ഡിതരുടെ അഭിപ്രായങ്ങള്‍ ശേഖരിച്ച ശേഷമാണ് ഹാജി സാഹിബ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിലബസ് തയാറാക്കുന്നത്. തന്റെ സഹോദരന്‍ വി.പി അഹ്മദ് കുട്ടി നാട്ടില്‍ വന്ന സന്ദര്‍ഭത്തില്‍ അദ്ദേഹവുമായും സിലബസ് വിശദമായി ചര്‍ച്ച ചെയ്തു. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് സാഹിബും ഈ പുതിയ കേന്ദ്രത്തിനു നിര്‍ലോഭമായ പിന്തുണ നല്‍കി. സഫ എജുക്കേഷന്‍ കോംപ്ലക്‌സിന്റെ ദിശ നിര്‍ണയിക്കാന്‍ പോന്ന ഒരു ലൈറ്റ് ഹൗസിന്റെ സ്ഥാനത്താണ് വി.പി, ഹാജിസാഹിബ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ വിഭാവനം ചെയ്തിരുന്നത്.

തന്റെ കുടുംബത്തെ മുഴുവന്‍ പങ്കെടുപ്പിച്ചുകൊണ്ടുള്ള സേവനപ്രവര്‍ത്തനങ്ങളാണ് വി.പി നിര്‍വഹിച്ചത്. മൂത്ത ജ്യേഷ്ഠന്‍ വി.പി അഹ്മദ് കുട്ടി സാഹിബ് മുതല്‍ ചെറിയ അനുജന്‍ അബ്ദുശ്ശുകൂര്‍ വരെ ഏത് കാര്യത്തിലും വി.പിയോടൊപ്പം നിന്നു. മക്കളും ഭാര്യയും അദ്ദേഹത്തെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഹാജി സാഹിബിന്റെ കുടുംബം, വലിയപറമ്പില്‍ തറവാട്, കേരളീയ സമൂഹത്തിന് ദാനമായി നല്‍കിയ സ്‌നേഹജീവിതമാണ് വി.പി കുഞ്ഞിമൊയ്തീന്‍ കുട്ടി മൗലവി. അശരണര്‍ക്കു വേണ്ടി ജീവിതം ബലികൊടുത്ത ഈ സ്‌നേഹ വിസ്മയത്തെ കരുണാമയനായ അല്ലാഹു സ്വര്‍ഗത്തില്‍ സ്വീകരിക്കുമാറാകട്ടെ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (8 - 11)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസിയുടെ സുരക്ഷിതത്വം
പി.എ സെനുദ്ദീന്‍