Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 17

3064

1439 ദുല്‍ഹജ്ജ് 05

ഈസാ നബിയുടെ താക്കീത്

അബ്ദുര്‍റസ്സാഖ് മുന്നിയൂര്‍

മാര്‍ഗദര്‍ശകരുടെ മാര്‍ഗഭ്രംശങ്ങള്‍ സാമൂഹിക ജീവിതത്തില്‍ സൃഷ്ടിക്കുന്ന അനുരണനങ്ങള്‍ ഭയാനകമാണ്. അരമനകളിലും കുമ്പസാരക്കൂടുകളിലും നടക്കുന്ന അത്യാചാരങ്ങള്‍ വമിപ്പിക്കുന്ന കറുത്ത പുക ഇത് തെളിയിക്കുന്നുണ്ട്.

മഹാനായ ഈസാ നബി പുരോഹിതന്മാരെ ചാട്ടവാര്‍ കൊണ്ട് അടിച്ചു പുറത്താക്കുകയും ഉപദേശിക്കുകയും ചെയ്തുകൊണ്ട് പറയുന്നു: ''അവര്‍ ചെയ്യുന്നതെല്ലാം മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയാണ്. തങ്ങള്‍ വിശുദ്ധരെന്ന് കാണിക്കാന്‍ വേണ്ടി വേദവാക്യങ്ങള്‍ എഴുതികെട്ടിയിട്ടുള്ള പ്രാര്‍ഥനാ പേടകങ്ങള്‍ അവര്‍ കൈയില്‍ കെട്ടുകയും, തങ്ങളുടെ അങ്കികളുടെ തൊങ്ങലിന് വീതി കൂട്ടുകയും ചെയ്യുന്നു. വിരുന്നുശാലകളില്‍ മുഖ്യാസനത്തിലും ആരാധനാ മന്ദിരങ്ങളില്‍ വിശേഷപ്പെട്ട ഇരിപ്പിടങ്ങളിലും ഇരിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. വഴിയില്‍ വെച്ച് മറ്റുള്ളവരുടെ ആദരപൂര്‍വമായ പെരുമാറ്റവും റബ്ബി എന്നും ഗുരോ എന്നുമുള്ള സംബോധനയും അവര്‍ക്ക് എത്ര സന്തോഷകരം... കപട ഭക്തന്മാരായ പരീശന്മാരേ, മറ്റു നേതാക്കളേ, നിങ്ങള്‍ക്ക് ഹാ കഷ്ടം! നിങ്ങള്‍ സ്വയം സ്വര്‍ഗരാജ്യത്തില്‍ കടക്കുകയില്ല. മറ്റുള്ളവരെ കടക്കാന്‍ അനുവദിക്കുകയുമില്ല. തെരുവുകളില്‍ വെച്ച് പരസ്യമായ നീണ്ട പ്രാര്‍ഥനകള്‍ നടത്തി നിങ്ങള്‍ സ്വയം വിശുദ്ധരെന്ന് നടിക്കുന്നു. അതേസമയം നിങ്ങള്‍ വിധവമാരെ അവരുടെ വീടുകളില്‍ കുടിയിറക്കുകയും ചെയ്യുന്നു. കപട ഭക്തരേ, നിങ്ങള്‍ക്ക് ഹാ കഷ്ടം! ഒരുത്തനെ മതത്തില്‍ ചേര്‍ക്കാനായി കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ത്ത ശേഷം അവനെ നിങ്ങളേക്കാള്‍ ഇരട്ടി നരകയോഗ്യനാക്കുകയും ചെയ്യുന്നു.... പാത്രത്തിന്റെ പുറം വെടിപ്പാക്കുന്നതില്‍ നിങ്ങള്‍ വളരെ ശ്രദ്ധയുള്ളവരാണ്. എന്നാല്‍ അകമാകട്ടെ കവര്‍ച്ച, അത്യാഗ്രഹം എന്നിങ്ങനെയുള്ള സകല അശുദ്ധിയും കൊണ്ട് നിറഞ്ഞിരിക്കുന്നു.... പരീശന്മാരേ, മതനേതാക്കന്മാരേ, നിങ്ങള്‍ക്ക് ഹാ കഷ്ടം! പുറമെ മനോഹരങ്ങളായ ശവകുടീരങ്ങളെപ്പോലെയാണ് നിങ്ങള്‍. എന്നാല്‍ അവക്കുള്ളിലോ ചത്തവരുടെ അസ്ഥികളും അശുദ്ധിയും ജീര്‍ണതയും നിറഞ്ഞിരിക്കുന്നു. വിശുദ്ധന്മാരായി കാണപ്പെടാന്‍ നിങ്ങളാഗ്രഹിക്കുന്നു. എന്നാല്‍ നിങ്ങളുടെ ഭക്തിവേഷത്തിനുള്ളില്‍ എല്ലാവിധ കാപട്യവും പാപവും കൊണ്ട് മലിനമായ ഹൃദയങ്ങളാണുള്ളത്'' (മത്തായി 23). ഇന്ന് എത്രമാത്രം പ്രസക്തമാണ് ഈ വചനങ്ങള്‍!

 

 

പറയാതെ പോകരുത്

പി.ടി സണ്ണി തോമസിന്റെ 'പൗരോഹിത്യത്തിന്റെ പാപവഴികളാണ് എന്നെ സന്മാര്‍ഗത്തിലേക്ക് നയിച്ചത്' എന്ന ലേഖനം (ലക്കം 3061) വായിച്ചു. ക്രൈസ്തവ പുരോഹിതന്മാരുടെ സദാചാരലംഘന വാര്‍ത്തകള്‍ പത്രത്താളുകളിലും ചാനലുകളിലും അലയടിക്കുന്ന നേരത്ത് സ്വന്തം അനുഭവങ്ങള്‍ പങ്കുവെക്കാന്‍ മനസ്സ് കാണിച്ച സണ്ണി തോമസിന് നന്ദി.

സ്വന്തം അനുഭവങ്ങള്‍ മാത്രമേ അദ്ദേഹം പങ്കുവെച്ചിട്ടുള്ളൂ. എന്നാല്‍ മറ്റുള്ളവരുടെ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വായിച്ചാലോ! ക്രൈസ്തവ പുരോഹിതന്മാരില്‍തന്നെ വിശുദ്ധ ജീവിതം നയിക്കുന്ന മാതൃകാ വ്യക്തിത്വങ്ങള്‍ ഒരുപാടുണ്ടെന്നും സണ്ണി തോമസ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ലേഖനത്തിലെ ചില പരാമര്‍ശങ്ങളാണ് ഈ കുറിപ്പിനു കാരണം.

അതിങ്ങനെ; 'ഒരുപക്ഷേ പില്‍ക്കാലത്ത് ഇസ്‌ലാമിലേക്ക് വഴിനടക്കാന്‍ എന്നെ പ്രേരിപ്പിച്ചവയിലൊന്നായ ഈ ദുരനുഭവങ്ങള്‍ ഒരര്‍ഥത്തില്‍ എന്റെ സൗഭാഗ്യമാണെന്നു പറയാം. നാട്ടിലേക്ക് വണ്ടികയറി പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇസ്‌ലാമിലേക്കുള്ള എന്റെ യാത്ര.' അതേക്കുറിച്ച് മറ്റൊരിക്കല്‍ എഴുതാമെന്ന് സണ്ണി തോമസ് പറഞ്ഞുവെക്കുന്നുണ്ട്. ഇത് പറയാതെ പോകരുതെന്ന് സവിനയം താല്‍പര്യപ്പെടുന്നു. അടുത്തുതന്നെ പ്രബോധനത്തില്‍ അത് വായിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

മമ്മൂട്ടി കവിയൂര്‍

 

 

 

ഉപ്പിനെക്കുറിച്ച് നബി പറഞ്ഞത്

ഡോ. അലി അശ്‌റഫ് ഉപ്പിനെക്കുറിച്ച് എഴുതിയ ലേഖനം (2018 ജൂലൈ 13) ശ്രദ്ധേയമായി. വൈദ്യശാസ്ത്ര മേഖലയില്‍നിന്നും ഇടക്കിടെ അസംബന്ധങ്ങള്‍ പൊന്തിവരാറുണ്ട്. ഇതില്‍ പെട്ട ഒന്നാണ് 'ഉപ്പ് കുറക്കൂ, ആരോഗ്യം നേടൂ' എന്നത്. ഈ പ്രഖ്യാപനം തിരുസുന്നത്തിന് വിരുദ്ധമാണ്. ഉപ്പിനെക്കുറിച്ച് അലി (റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് കാണുക: നബി (സ) എന്നോട് പറഞ്ഞു: ''അലീ! നീ ഭക്ഷിക്കുമ്പോള്‍ ഉപ്പ് കൊണ്ടാരംഭിക്കുകയും ഉപ്പ് കൊണ്ടവസാനിപ്പിക്കുകയും ചെയ്യുക. ഉപ്പ് അനേകം അസുഖങ്ങള്‍ക്ക് ശമനമാണ്'' (മുസ്‌നദ് അല്‍ ഹാരിസ്, ഇത്ഹാഫുല്‍ ഖിയറത്തില്‍ മഹറ). അനസ് (റ) റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു ഹദീസ്. നബി (സ) പറഞ്ഞു: ''ഉപ്പ് ഭക്ഷണക്കൂട്ടാനുകളുടെ നേതാവാകുന്നു'' (ഇബ്‌നുമാജ, ത്വബറാനി, ബൈഹഖി). ഇങ്ങനെ പരിചയപ്പെടുത്തിയ ഉപ്പ് രോഗഹേതുവാണെന്നു പറഞ്ഞ് നിരുത്സാഹപ്പെടുത്തുകയും, രോഗഹേതുവായ മദ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വൈരുധ്യങ്ങള്‍ക്കിടയിലാണ് ഡോ. അലി അശ്‌റഫിന്റെ ലേഖനം പ്രസക്തമാകുന്നത്.

മുഖ്യ ഭക്ഷ്യമൂല്യങ്ങളായ അന്നജം, കൊഴുപ്പ്, മാംസ്യം എന്നിവ ആമാശയത്തിലും കുടലുകളിലും വെച്ച് ദഹിക്കാനും ഊര്‍ജം പകരുന്നതിന് അവ കോശങ്ങളില്‍ എത്തിപ്പെടാനും സോഡിയം ക്ലോറൈഡ് (ഉപ്പ്) അത്യന്താപേക്ഷിതമാണ്. ഉപ്പിന്റെ അപര്യാപ്തത ഭക്ഷ്യമൂല്യങ്ങളുടെ ദഹനത്തെ സാരമായി ബാധിച്ച് ലേഖനത്തില്‍ സൂചിപ്പിച്ച അസുഖങ്ങള്‍ക്കു പുറമെ ദഹനക്കേട്, ഗ്യാസ്ട്രബ്ള്‍ മുതലായ ഉദര രോഗങ്ങള്‍ക്കും കാരണമാവും.

വി. നിസാര്‍ പൂക്കയില്‍, നടുവിലങ്ങാടി

 

 

 

സംസമും കാരക്കയും

'വെറും സംസം വെള്ളവും കാരക്കയും മാത്രമായാണോ ഒരാള്‍ ഹജ്ജില്‍നിന്ന് മടങ്ങിവരുന്നത്? അതോ ശിഷ്ട ജീവിതത്തിലേക്കും ഒടുവിലത്തെ മീഖാത്തിലേക്കും കരുതിവെക്കാവുന്ന ജീവിതവിശുദ്ധിയുമായാണോ?' - പ്രസന്നന്റെ ലേഖനം അവസാനിക്കുന്നത് ഈ വാചകത്തോടെയാണ്. ഒരു വലിയ സമൂഹത്തിന്റെ വ്യഥ പങ്കുവെക്കുന്നു ആ വാചകം. തീയിലിട്ടു ശുദ്ധീകരിച്ചാലും ശുദ്ധിയാകാന്‍ മടിക്കുന്ന മനസ്സാണ് ഏറ്റവും വലിയ ദൗര്‍ഭാഗ്യം. ജീവിതത്തില്‍ അനുഭവിക്കാവുന്ന ഏറ്റവും മഹത്തായ യാത്ര നടത്തി യാത്രികന്‍ തിരിച്ചുകൊണ്ടുവരുന്നത് ഏതാനും കാരക്കയും കുറച്ചു വെള്ളവും മാത്രമാണെങ്കില്‍ ചെലവഴിച്ച പണത്തിനും അനുഭവിച്ച പ്രയാസത്തിനും ഇബ്‌റാഹീമും ഹാജറയും സമ്മാനിച്ച ജീവിതവിശുദ്ധിക്കും അര്‍ഥമെന്താണ്? മനുഷ്യന്‍ എത്രവേഗം എല്ലാം മറന്നുപോകുന്നു എന്നും എത്ര ആഴത്തില്‍ ഭൗതികാസക്തനാകുന്നുവെന്നും നമ്മള്‍ പലപ്പോഴും കാണേണ്ടിവന്നിട്ടുണ്ട്.

ഇബ്‌റാഹീം കുടുംബത്തിന്റെ ത്യാഗവും കണ്ണീരുമാണ് ഹജ്ജിന്റെ ചടങ്ങുകള്‍ തീര്‍ഥാടകന് നല്‍കുന്നത്. ഭൗതിക സമ്പാദ്യങ്ങള്‍ക്കോ അലങ്കാരങ്ങള്‍ക്കോ അവിടെ സ്ഥാനമില്ല. ശരീരം പൊതിഞ്ഞ രണ്ടു കഷ്ണം വെള്ളത്തുണികള്‍ ഓര്‍മിപ്പിക്കുന്നത് ഈ ലാളിത്യമാണ്. വഴിതേടുന്നവന്റെ അഭയമാണ് ഹജ്ജ്. എല്ലാ സൗഭാഗ്യങ്ങളും സൗകര്യങ്ങളും വലിച്ചെറിഞ്ഞുകൊണ്ടാണ് ഹാജി മക്കയിലെത്തുന്നത്. അവിടെ അവന്‍ കണ്ടെത്തേണ്ടത് ഇബ്‌റാഹീമിന്റെ ദൈവത്തെയാണ്. 'ലബ്ബൈകല്ലാഹുമ്മ' എന്ന മന്ത്രം ഓര്‍മിപ്പിക്കുന്നത് ഈ ദൗത്യമാണ്. ഹൃദയത്തില്‍നിന്ന് ഉറവെടുക്കുന്ന മുദ്രവാക്യമാണത്. ഹജ്ജ് ഹൃദയത്തിന്റെ തേട്ടമാകുമ്പോഴാണ് ഇബ്‌റാഹീമിന്റെയും ഹാജറയുടെയും വിശുദ്ധി ഹജ്ജിന്റെ തുടിപ്പായി മാറുന്നത്. 'യാത്രാ സാമഗ്രികള്‍ ഒരുക്കിക്കൊള്ളുക; യഥാര്‍ഥ പാഥേയം തഖ്‌വയത്രെ' എന്ന ഖുര്‍ആന്‍ വാക്യമാണ് യഥാര്‍ഥ ഹജ്ജിന്റെ കാമ്പ്.

കെ.പി ഇസ്മാഈല്‍, കണ്ണൂര്‍

 

 

 

ആ കഥക്ക് അടിസ്ഥാനമുണ്ടോ?

'ഇബ്‌ലീസിന്റെ സന്തതികള്‍' എന്ന ഹദീസ് പഠനത്തില്‍ (ആഗസ്റ്റ് 3) ഉദ്ധരിച്ച കഥ നിലവാരമില്ലാത്തതായിരുന്നു. ഇത്തരം കഥകള്‍ ഗൗരവപ്പെട്ട ഒരു പംക്തിയില്‍ ഉദ്ധരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഈ കഥ അവസരോചിതമല്ല എന്നു മാത്രമല്ല നിലവാരമില്ലാത്തതു കൂടിയാണ്. ഇങ്ങനെ അശ്ലീലമായ കഥ പ്രസിദ്ധീകരിച്ചത് എന്ത് ആധികാരികതയുടെ അടിസ്ഥാനത്തിലാണ്? ഒരു വ്യക്തി പിശാചിന്റെ പ്രേരണക്ക് അടിപ്പെട്ട് വല്ല തിന്മയിലും ഏര്‍പ്പെട്ടുപോയാല്‍ ഖുര്‍ആനും സുന്നത്തും അടിവരയിട്ടു പറയുന്നത് എത്രയും പെട്ടെന്ന് പശ്ചാത്തപിച്ചു മടങ്ങുക എന്നതാണ്.

ഹദീസ് കഥയുടെ സാരാംശമാകട്ടെ; പിശാചിന്റെ പ്രേരണക്ക് അടിപ്പെട്ട് വല്ല തിന്മയും ചെയ്തുപോയാല്‍ ഒരിക്കലും തിരിച്ചുകയറാന്‍ സാധിക്കില്ല എന്നും! 99 പേരെ കൊന്നതിനു ശേഷം പശ്ചാത്താപം സ്വീകരിക്കാമോ എന്ന് ചോദിച്ച ഒരു വ്യക്തിക്ക് ഇല്ലാ എന്ന് മറുപടി കൊടുത്ത പുരോഹിതനെയും കൊന്ന വ്യക്തിയുടെ കഥ മറ്റൊരു ഹദീസില്‍ വന്നത് ഓര്‍ക്കുന്നു. അയാള്‍ നടന്ന പശ്ചാത്താപത്തിന്റെ വഴിദൂരവും മനസ്സും പരിഗണിച്ച് അയാള്‍ സ്വര്‍ഗത്തിലാണ് എന്നാണ് ആ ഹദീസ് പഠിപ്പിക്കുന്നത്. നിലവാരവും ആധികാരികതയും ഇല്ലാത്ത ഇത്തരം കഥകള്‍, അതും ഹദീസ് പംക്തിയില്‍ പ്രസിദ്ധീകരിക്കുന്നത് പ്രബോധനത്തിന് ഒട്ടും യോജിച്ചതല്ല.

പി. സുഹൈര്‍

 

 

 

പാദപൂജയുടെ പ്രശ്‌നം

മതനിരപേക്ഷതയില്‍ മുന്നില്‍ നില്‍ക്കുന്നുവെന്ന് വീമ്പു പറയുന്ന കേരളീയ സമൂഹത്തില്‍ കാവി രാഷ്ട്രീയം വളരുന്നതിന്റെ അടയാളമാണ് പൊതു വിദ്യാലയത്തില്‍ നടന്ന ഗുരുപൂജ. മറ്റുള്ളവര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഞങ്ങള്‍ കല്‍പിച്ചാല്‍ നിങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്ന മുന്നറിയിപ്പാണ് ഈ പരിപാടി കേരളത്തിന് നല്‍കുന്നത്. ആരാധനാ സ്വാതന്ത്ര്യവും ആശയപ്രചാരണവും എല്ലാ മതങ്ങള്‍ക്കും ഭരണഘടന ഉറപ്പു നല്‍കുന്നു. ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായ പാദപൂജ ഇതര മതവിശ്വാസികളില്‍ അടിച്ചേല്‍പിക്കുകയോ പൊതു ഇടങ്ങളില്‍ നടപ്പാക്കുകയോ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഈ വിദ്യാലയത്തില്‍ പാദപൂജ മാത്രമല്ല ആര്‍.എസ്.എസ്സിന്റെ ആയുധപരിശീലനവും നടക്കുന്നുണ്ട് എന്നത് ഇതിനു പിന്നിലെ സംഘ് പരിവാര്‍ അജണ്ടക്ക് അടിവരയിടുന്നു. 

എ. മുഹമ്മദ് ഷാനിഫ് ബുസ്താനുല്‍ ഉലൂം അറബിക് കോളേജ്, മാണിയൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (8 - 11)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസിയുടെ സുരക്ഷിതത്വം
പി.എ സെനുദ്ദീന്‍