Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 17

3064

1439 ദുല്‍ഹജ്ജ് 05

സമീര്‍ അമീന്റെ സാമ്രാജ്യത്വ സേവ

സോഷ്യലിസ്റ്റ് ജിഹ്വയായ മന്‍ത്‌ലി റിവ്യൂയില്‍ 2007 ഡിസംബര്‍ ഒന്നിന് വന്ന ഈജിപ്ഷ്യന്‍ കമ്യൂണിസ്റ്റ് ചിന്തകന്‍ സമീര്‍ അമീന്റെ 'രാഷ്ട്രീയ ഇസ്‌ലാമിന്റെ സാമ്രാജ്യത്വ സേവ' എന്ന ലേഖനം 2018 ജൂലൈ 27-ലെ ചിന്ത വാരിക കവര്‍ സ്റ്റോറി ആക്കിയത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. അതിനു ശേഷം നൈലിലൂടെ എത്രയധികം വെള്ളം ഒഴുകിപ്പോയി! ഇദ്ദേഹത്തിന്റെ പുതിയ രചനകളൊന്നും കണ്ടുകിട്ടാത്തതുകൊണ്ടാവും. 2014-ല്‍ സമീര്‍ അറബിയില്‍ 'ഈജിപ്ഷ്യന്‍ കമ്യൂണിസത്തിന്റെ പ്രശ്‌നങ്ങള്‍' (ഖദായാ അശ്ശുഊഇയ്യ അല്‍ മിസ്വ്‌രിയ്യ) എന്ന പേരില്‍ ഒരു പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. അതിലെ വൈരുധ്യങ്ങളും വിശകലന വൈകല്യങ്ങളും അറബ് കോളമിസ്റ്റുകള്‍ കുടഞ്ഞ് പുറത്തിട്ടുകൊണ്ടിരിക്കുകയാണ്. സമീറിന്റെ 'സാമ്രാജ്യത്വ ബാധ' വിശകലനങ്ങളില്‍ അങ്ങോളമുണ്ട്. 1952-ല്‍ ജമാല്‍ അബ്ദുന്നാസിര്‍ നടത്തിയ സൈനിക അട്ടിമറിയെയും സാമ്രാജ്യത്വ പദ്ധതിയായാണ് അദ്ദേഹം കാണുന്നത്. നമ്മുടെ നാട്ടിലെ കമ്യൂണിസ്റ്റുകാര്‍ അംഗീകരിച്ചുതരുമോ ആവോ! അതേസമയം, ഈജിപ്തിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായ മുഹമ്മദ് മുര്‍സിയെ അബ്ദുല്‍ ഫത്താഹ് സീസി എന്ന സൈനിക ഏകാധിപതി അട്ടിമറിച്ചതില്‍ ഒരു പന്തികേടും ഇദ്ദേഹം കാണുന്നില്ല. അത് അങ്ങനെത്തന്നെയാണ് വേണ്ടിയിരുന്നത് എന്ന നിലപാടിലാണ് ഇപ്പോഴും. ഈ സൈനിക അട്ടിമറിയെ ഈജിപ്ഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സകല മിത-തീവ്ര ഗ്രൂപ്പുകളും പടക്കം പൊട്ടിച്ച് ആഘോഷിച്ചത് നാം കണ്ടതാണ്. സോഷ്യലിസ്റ്റുകളെയും കമ്യൂണിസ്റ്റുകളെയും വരെ സീസി ജയിലില്‍ പിടിച്ചിടാന്‍ തുടങ്ങിയതോടെ ഇപ്പോള്‍ മിണ്ടാട്ടം മുട്ടി എന്നേയുള്ളൂ. മുര്‍സിയെ അട്ടിമറിച്ചത് ഇസ്രയേലും അമേരിക്കയും മേഖലയിലെ ഏകാധിപത്യ ഭരണകൂടങ്ങളും ചേര്‍ന്നാണെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. അമേരിക്ക ഈജിപ്തിന് നല്‍കുന്ന സഹായങ്ങളെല്ലാം പോകുന്നത് ഈജിപ്ഷ്യന്‍ സൈന്യത്തിനാണെന്നതും തര്‍ക്കമറ്റ വസ്തുത. നാസറിന്റെ കാലം മുതല്‍ സൈന്യത്തിന്റെ സര്‍വാധിപത്യത്തിനു കീഴിലാണ് ഈജിപ്ത്. അമേരിക്ക നല്‍കുന്ന സഹായത്തിനു ഒറ്റ ഉപാധിയേയുള്ളൂ-ഇസ്രയേലിനും അമേരിക്കക്കും സഹായകമാകുന്ന നിലപാടേ ഏതു സമയത്തും സ്വീകരിക്കാവൂ. ഇതിന് വിഘാതമാവുമെന്ന് കണ്ടാണ് മുര്‍സിയെ അട്ടിമറിച്ചത്. ഈ സാമ്രാജ്യത്വ അജണ്ടക്ക് ഇപ്പോഴും ഹലേലുയ്യ പാടിക്കൊണ്ടിരിക്കുന്ന സമീര്‍ അമീനും അവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുമാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മേല്‍ 'സാമ്രാജ്യത്വ സേവ' ആരോപിക്കുന്നത്!

കൊളോണിയലിസത്തിനെതിരെയുള്ള സ്വാതന്ത്ര്യ സമരപോരാട്ടങ്ങളുടെ ഭാഗമായാണ് മുസ്‌ലിം ലോകത്തുടനീളം ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ആവിര്‍ഭവിച്ചത് എന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല. ഇന്നും ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയാണ് സാമ്രാജ്യത്വം ഏറ്റവും വലിയ ഭീഷണിയായി കാണുന്നത്. ഭീകരത, മതമൗലികവാദം, രാഷ്ട്രീയ ഇസ്‌ലാം എന്നെല്ലാം അധിക്ഷേപിച്ച് നീതിക്കു വേണ്ടിയുള്ള ആ പോരാട്ടങ്ങളെ അവമതിക്കേണ്ടത് സാമ്രാജ്യത്വ ശക്തികളുടെ ആവശ്യമാണ്. അതേ ആരോപണങ്ങളും പദാവലികളുമാണ് കമ്യൂണിസ്റ്റ് ജിഹ്വകളിലും പ്രത്യക്ഷപ്പെടുന്നത്. ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയല്ല, ഇസ്‌ലാമിനെതന്നെയാണ് സമീര്‍ അമീനെപ്പോലുള്ള ഇസ്‌ലാംവിരുദ്ധര്‍ ലക്ഷ്യം വെക്കുന്നത് എന്ന് കണ്ടെത്താന്‍ അതിബുദ്ധിയുടെ ആവശ്യവുമില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (8 - 11)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസിയുടെ സുരക്ഷിതത്വം
പി.എ സെനുദ്ദീന്‍