ആരാണ് സഖാവേ സാമ്രാജ്യത്വസേവ നടത്തുന്നത്?
സാമ്രാജ്യത്വവുമായുള്ള പോരാട്ടത്തില്‍ ഇസ്‌ലാമിസ്റ്റുകളും കമ്യൂണിസ്റ്റുകളും ഒരുമിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകത ഇടതുപക്ഷ ചിന്തയായി വികസിച്ചുപോകരുതെന്ന് വാശിയുള്ള ചിലര്‍ 'രാഷ്ട്രീയ ഇസ്‌ലാം' വലിയൊരു അപരാധമായി അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്‌ലാമിക രാഷ്ട്ര സങ്കല്‍പത്തിന്റെ പിന്നാമ്പുറത്ത് മുളച്ചു പൊങ്ങിയ കള്ളക്കനികളായ 'തീവ്രവാദം' ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണീ കോലാഹലം. ഇസ്‌ലാമിന്റെ യഥാര്‍ഥ രാഷ്ട്രീയ വിമോചന പാത എന്താണെന്ന് അറിയാതെയോ, തീവ്രരാഷ്ട്രവാദം എവിടെ നിന്ന് മുളച്ചുവെന്ന് മനസ്സിലാക്കാതെയോ അല്ല അവരിത് പ്രചരിപ്പിക്കുന്നത്. ഇസ്‌ലാമിനെ തീവ്രവാദ രാഷ്ട്രീയത്തോടൊപ്പം കൂട്ടിക്കുഴച്ച് അവതരിപ്പിച്ചാല്‍ ഇസ്‌ലാമിക ചിന്തയെ ആശയക്കുഴപ്പത്തിലാക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. പക്ഷേ, ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത് തങ്ങളുടെ പ്രായോഗിക രാഷ്ട്രീയത്തെ എത്രത്തോളം ശിഥിലമാക്കും എന്നവര്‍ തിരിച്ചറിയുന്നില്ല. പ്രത്യേകിച്ചും ഫാഷിസ്റ്റ് മേല്‍ക്കോയ്മയോടുള്ള പോരാട്ടത്തില്‍ ദേശീയതലത്തില്‍ ഒരുമിച്ചുചേരേണ്ട പ്രബലമായ ഒരു സമുദായത്തെ രാഷ്ട്രീയമായി ഷണ്ഡീകരിക്കാന്‍ സംഘ്പരിവാര്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കെ. യഥാര്‍ഥത്തില്‍ സംഘ്പരിവാര്‍ താല്‍പര്യത്തെ പ്രമോട്ട് ചെയ്യുകയാണ് ഇടതുപക്ഷ ചിന്തയുടെ പേരില്‍ ചില തീവ്രകമ്യുണിസ്റ്റുകള്‍ ചെയ്യുന്നത്.
ഡോ. സമീര്‍ അമീന്‍ മന്‍ത്‌ലി റിവ്യൂവില്‍ 2007-ല്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷാക്കുറിപ്പ് 'ചിന്ത' വാരികയില്‍ തുടര്‍ ലേഖനമായി വരുന്നുണ്ട്. ഇതിന്റെ ഉള്ളടക്കം വിചിത്രമാണ്. രാഷ്ട്രീയ ഇസ്‌ലാം സാമ്രാജ്യത്വ സേവ ചെയ്യുകയാണെന്നാണ് ലേഖനത്തിന്റെ രത്‌നച്ചുരുക്കം. ഇസ്‌ലാമിനെ കരിവാരിത്തേക്കുന്നതിന് സാമ്രാജ്യത്വം പടച്ചുവിട്ട ഇസ്‌ലാമിന്റെ പേരിലുള്ള ഭീകരപ്രവര്‍ത്തനത്തെയാണ് 'രാഷ്ട്രീയ ഇസ്‌ലാം' സാമ്രാജ്യത്വത്തെ താലോലിക്കുന്നു എന്ന നിലയില്‍ ഇവര്‍ അവതരിപ്പിക്കുന്നത്. ഇസ്‌ലാമിന്റെ രാഷ്ട്രീയ ചാരുതയും സ്ഥലകാല മേന്മയും പൊളിച്ചടുക്കാന്‍ രൂപം നല്‍കിയ സാമ്രാജ്യത്വ അജണ്ടയാണ് രാഷ്ട്രീയ ഇസ്‌ലാംപേടി. ഈ ആയുധം സാക്ഷാല്‍ ഇസ്‌ലാമിന് നേരെ തന്നെ വലിയൊരു തൊണ്ടിമുതലായി വരച്ചുകാട്ടുകയാണ് ഇടതുപക്ഷ ജിഹ്വകളും ചില പ്രഭാഷകരും.
അന്തര്‍ദേശീയമായ ഇസ്‌ലാമിക നവജാഗരണത്തിന്റെയും തീവ്രവാദത്തിന്റെയും വിശകലന ചേരുവ ചേര്‍ത്തു വെച്ചാണ് ഡോ. സമീര്‍ അമീന്‍ വിഷയത്തെ സമീപിക്കുന്നത്. അതുകൊണ്ടുതന്നെ ആധികാരികമായ ഒരു ഇസ്‌ലാമിക വിശകലനമെന്ന നിലയിലാണ് ചിന്ത വാരിക ഈ ലേഖനപരമ്പരയെ അവതരിപ്പിക്കുന്നത്. സി.പി.എമ്മിനകത്തെയും, ഓരത്തെയും ചില മുസ്‌ലിം എഴുത്തുകാരും നേതാക്കളും ഇത്തരം അവതരണത്തിന്റെ മറപിടിച്ച് തങ്ങള്‍ വലിയ 'ഇസ്‌ലാം നിരൂപകരാണ്' എന്ന നാട്യേന വിഷയം പൊലിപ്പിച്ചു നടക്കുന്നുമുണ്ട്. ഡി.വൈ.എഫ്.െഎ. ചിലേടത്ത് രാഷ്ട്രീയ ഇസ്‌ലാം വിഷയകമായി പൊതുപരിപാടികളും നടത്തുന്നു. അഭിമന്യു വധവുമായി ബന്ധപ്പെട്ട് തീവ്രവാദ രാഷ്ട്രീയത്തിനെതിരായി തുടങ്ങിയ കാമ്പയിനാണ് ഇസ്‌ലാമിന്റെ തന്നെ മുഖ്യധാരയെ കടന്നാക്രമിക്കുന്ന തരത്തില്‍ ട്വിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. അഭിമന്യു വധത്തെ മുസ്‌ലിം സമുദായം ഒന്നടങ്കം അപലപിച്ചതാണ്. എന്നിട്ടും, അതിന്റെ പേരിലുള്ള തീവ്രവാദത്തെ മറ്റെന്തോ ലാക്കോടെ പര്‍വതീകരിച്ചുകൊണ്ടിരിക്കുന്നു.
മുസ്‌ലിം സഖാക്കളുടെ ആത്മഗതം
കഴിഞ്ഞ ദിവസം ഒരു മലയാളം വോയ്‌സ് ക്ലിപ്പ് വാട്‌സാപ്പുകളില്‍ പാറിപ്പറന്നു. ഏറനാടന്‍ ചുവയുള്ള ഒരു മുസ്‌ലിം സഖാവിന്റേതെന്ന് സ്വയം പറയുന്നതാണ് വോയ്‌സ്. അതില്‍ ചോദിക്കുന്നത് ഇത്രയും കാര്യമാണ്: 'അല്ല സഖാവേ! ഹിന്ദു സഖാവിന് ക്ഷേത്രാചാര പ്രകാരം കല്യാണം നടത്താം. നമ്മള്‍ മുസ്‌ലിം സഖാക്കളായതുകൊണ്ട് പള്ളിയില്‍നിന്ന് നികാഹ് ചെയ്യാന്‍ പാടില്ലെന്ന് ശഠിക്കുന്നതെന്തിനാണ്...?' പള്ളിക്കമ്മിറ്റികളില്‍ പങ്കാളിയായാലും നമസ്‌കരിക്കാതെ നടന്നാലേ താന്‍ പ്രാദേശിക സഖാവാകൂ എന്ന് ധരിച്ചുപോയ പാരമ്പര്യ മുസ്‌ലിംസഖാവിനോടാണ് വോയ്‌സ് ക്ലിപ്പിലെ ചോദ്യം. അടിത്തട്ടില്‍ എങ്ങനെയാണ് കമ്യുണിസ്റ്റ് കുടുംബത്തിന്റെ വര്‍ഗീയവല്‍ക്കരണം നടന്നുകൊണ്ടിരിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് ഈ വോയ്‌സ് ക്ലിപ്പ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍. വോയ്‌സ് ക്ലിപ്പിന്റെ പിന്നില്‍ സി.പി.എം വിരുദ്ധ രാഷ്ട്രീയക്കാരുടെ കൈയുണ്ടെന്ന് സമ്മതിക്കാം. പക്ഷേ, ഇത്തരം അവസരങ്ങള്‍ നുരഞ്ഞുപതയുന്ന വിധത്തിലേക്ക് കാര്യങ്ങളെ തീവ്രമായി പുകയിച്ചുവിടുന്നവരാണ് ഇത് തിരിച്ചറിയേണ്ടത്.
ഇസ്‌ലാമിന്റെ വ്യതിരിക്തത കുറ്റമാണോ?
രാഷ്ട്രീയ ഇസ്‌ലാമിനോട് ചേര്‍ന്നുനില്‍ക്കുന്ന എല്ലാ ധാരകളും 'ഇസ്‌ലാമിന്റെ വ്യതിരിക്തത' പ്രഖ്യാപിക്കുന്നു എന്നാണ് 'ചിന്ത' ലേഖനത്തിലെ ആരോപണം. ഇസ്‌ലാം രാഷ്ട്രീയമായി വ്യതിരിക്തത പുലര്‍ത്തുന്നുവെന്നത് കുറ്റകരമാവുന്നത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാവുന്നില്ല. കമ്യൂണിസം പോലൊരു പ്രത്യയശാസ്ത്രത്തിന് അന്തര്‍ദേശീയമായ കൂട്ടായ്മകളും രാഷ്ട്രീയ നിലപാടുകളും ഉണ്ട്. രാഷ്ട്രീയത്തിന് തദ്ദേശീയ ചാപ്റ്ററുകളുമുണ്ട്. ഇസ്‌ലാമിന് അതിന്റേതായ സാമൂഹിക നിലപാടും സദാചാര സ്വത്വവും സാമ്പത്തിക വീക്ഷണവും പാര്‍ലമെന്ററി നടപടികളും പാലിക്കാന്‍ വിശ്വാസപരമായി ബാധ്യതയുള്ളിടത്തോളം അതെങ്ങനെയാണ് അപരാധമാവുന്നത്? അത് ഇസ്‌ലാമില്‍ പുതുതായി തുടങ്ങിയ ഒരു സംവിധാനമാണെന്ന് കണ്ടുപിടിച്ചുകൊണ്ടാണ് വിമര്‍ശനം തൊടുത്തുവിടുന്നത്. എന്നാല്‍, പ്രവാചകന്‍ സ്ഥാപിച്ച രാഷ്ട്രവും ഖലീഫമാരുടെ കാലഘട്ടവും ഒന്നും ഇവര്‍ അറിയാതിരുന്നിട്ടില്ല. കണ്ണൂരില്‍ പ്രസംഗിച്ച ഒരാള്‍ ഇതേക്കുറിച്ച് പറഞ്ഞതാണ് രസകരം. മുഹമ്മദ് നബി സ്ഥാപിച്ച മാതൃകാ രാജ്യം യഥാര്‍ഥത്തില്‍ ഒരു സോഷ്യലിസ്റ്റ് സമൂഹത്തിന്റെ ആദ്യത്തെ പതിപ്പായിരുന്നുവത്രെ! അത്രത്തോളം കിടക്കുന്നു വിഷയത്തില്‍ ബുദ്ധിപരമായ വികാസം....!
കമ്യൂണിസ്റ്റ് മതം
കമ്യുണിസ്റ്റ് പാര്‍ട്ടികള്‍ക്കുള്ളിലെ മതവിശ്വാസികളുടെ പങ്കാളിത്തത്തിന്റെ വിഷയം പരിശോധിച്ചാലേ അവര്‍ ഇസ്‌ലാമിന്റെ കാര്യം വരുേമ്പാള്‍ പുലര്‍ത്തുന്ന തീവ്രനിലപാടിന്റെ മുഖം വെളിപ്പെടുകയുള്ളു. രാഷ്ട്രീയ വ്യതിരിക്തതകളില്ലാത്ത സാമൂഹിക നിലപാടും, സ്വകാര്യ ജീവിതത്തില്‍ തീവ്രമതാചാരങ്ങളും പാലിക്കുന്ന നിരവധി 'മതവിശ്വാസികള്‍' കമ്യൂണിസ്റ്റ് പാര്‍ട്ടികളിലുണ്ട്. പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രമുള്‍പ്പെടെ പല ആരാധനാ കേന്ദ്രങ്ങളിലും പാര്‍ട്ടിയുടെ ലോക്കല്‍ നേതൃത്വം സജീവമായി പങ്കാളികളാണ്. ക്രൈസ്തവ മതാചാരങ്ങള്‍ വരുേമ്പാഴും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിലക്കില്ല. ക്രൈസ്തവ സമൂഹത്തിന് നേരെ നടക്കുന്ന ഗൂഢനീക്കങ്ങളെ കരുതിയിരിക്കണമെന്നാവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്ണന്‍ ദീര്‍ഘമായ ലേഖനം തന്നെ എഴുതിയത് ഈയിടെയാണ്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് മാര്‍ക്‌സ് പറഞ്ഞതിന്റെ പൊരുള്‍ മതനിരാസപരമല്ല എന്ന് വ്യാഖ്യാനിക്കുന്ന വലിയൊരു ലേഖന പരമ്പര പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ പിണറായി വിജയന്‍ എഴുതിയത് സ്മരണീയമാണ്. മറുഭാഗത്ത് ഇസ്‌ലാമിന്റെ കാര്യം വരുേമ്പാള്‍ ഈ സൂക്ഷ്മതയൊന്നും കമ്യൂണിസ്റ്റ് ചേരിയില്‍നിന്ന് കാണപ്പെടുന്നില്ല. പണ്ടുമുതലേ ഇതാണ് നിലപാട്. മുസ്‌ലിംകള്‍ അവരുടെ മതരാഷ്ട്രീയം ഉപേക്ഷിച്ച് വേണം മതനിരപേക്ഷ പാര്‍ട്ടികളില്‍ ചേരേണ്ടത് എന്ന് ഇ.എം.എസ് നമ്പൂതിരിപ്പാട് പലതവണ തുറന്നു പറഞ്ഞിട്ടുണ്ട്. ഇസ്‌ലാമില്‍ രാഷ്ട്രീയ വ്യതിരിക്തത ഉള്ളതുകൊണ്ട് അതിന്റെ ആരാധനകള്‍ പോലും അനുഷ്ഠിക്കുന്നത് ഒരു തരം അപകര്‍ഷതാബോധമാക്കി ചിത്രീകരിച്ച് പാര്‍ട്ടിയിലെ മുസ്‌ലിം സഖാക്കള്‍ക്ക് മുന്നില്‍ പുകമറയുണ്ടാക്കുന്നു. പാര്‍ട്ടിയില്‍ അറിയാതെ ഒരു തരം വര്‍ഗീയത കയറിവരികയല്ലേ ഇതുവഴി സംഭവിക്കുന്നത്? മതപരതയിലെ വ്യതിരിക്തത ഇല്ലാത്തിടത്ത് രാഷ്ട്രീയമില്ല എന്നതുകൊണ്ട് അത്തരം മതാചാരങ്ങള്‍ മുറുകെ പിടിക്കാമെന്നും, വ്യതിരിക്ത രാഷ്ട്രീയമുള്ള മതത്തെ തങ്ങളുടെ രാഷ്ട്രീയ ഭൂമികയില്‍ ഉള്‍ക്കൊള്ളാനാവാത്തതിനാല്‍ അതിന്റെ ആരാധനകളും 'തീവ്രതയാണ്' എന്ന് പ്രചരിപ്പിക്കാമെന്നും വന്നാല്‍ അത് ഒരുതരം പക്ഷപാതമാണ്. ഏതാണ്ട് ഇതിന്റെ ആധുനിക ഭാഷ്യങ്ങളാവുകയാണ് ഇപ്പോഴത്തെ ചില ലേഖനങ്ങളും പ്രസംഗങ്ങളും.
ചൈനയിലെ സമ്പന്ന പാര്‍ട്ടിയും ഈജിപ്തിലെ സ്വകാര്യ സ്വത്തും
ഡോ. സമീര്‍ അമീന്‍ എഴുതിയ ലേഖന പരമ്പരയില്‍ ഇങ്ങനെയൊരു പരാമര്‍ശമുണ്ട്:
'.......യഥാര്‍ഥ സാമൂഹിക പ്രശ്നങ്ങളുടെ മണ്ഡലങ്ങളിലാകട്ടെ ആശ്രിതത്വ മുതലാളിത്തത്തോടും അധീശത്വ സാമ്രാജ്യത്വത്തോടുമാണ് രാഷ്ട്രീയ ഇസ്‌ലാം ഇഴുകിച്ചേര്‍ന്നിട്ടുള്ളത്. സ്വത്തിന്റെ പരിപാവനത്വത്തെ സംബന്ധിക്കുന്ന തത്ത്വങ്ങളുടെ സംരക്ഷകരാണ് രാഷ്ട്രീയ ഇസ്‌ലാമിസ്റ്റുകള്‍. അസമത്വത്തെ അവര്‍ നിയമവിധേയമായി കാണുന്നു. അങ്ങനെ മുതലാളിത്ത പുനരുല്‍പ്പാദനത്തിന്റെ എല്ലാ താല്‍പര്യ പരിസരങ്ങളുടെയും വാഹകരായി രാഷ്ട്രീയ ഇസ്‌ലാമിസ്റ്റുകള്‍ മാറുന്നു. ചെറുകിട കര്‍ഷകത്തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി സ്വത്തുടമകളുടെ അവകാശങ്ങളെ പുനരുജ്ജീവിപ്പിച്ചുകൊണ്ട് അടുത്തകാലത്ത് ഈജിപ്ഷ്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ പ്രതിവിപ്ലവ നിയമങ്ങളെ യാതൊരു സങ്കോചവും കൂടാതെ മുസ്‌ലിം ബ്രദര്‍ഹുഡ് പിന്താങ്ങിയത് ഒരു ഉദാഹരണമാണ്.....' സ്വകാര്യസ്വത്ത് ഇവര്‍ക്കാര്‍ക്കും ഇല്ലെന്ന് തോന്നും ഇത് വായിച്ചാല്‍. സാക്ഷാല്‍ ചൈനയില്‍ പോലും വന്‍കിട മൂലധന ശക്തികളായ സ്വകാര്യ ഉടമകളെ പാര്‍ട്ടി അംഗങ്ങളാക്കി വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടാണ് പോലും ഈജിപ്തിലെ പാര്‍ലമെന്റ് നടപടി ഈ കമ്യൂണിസ്റ്റിനെ അസ്വസ്ഥനാക്കുന്നത്! ഇസ്‌ലാമില്‍ സ്വകാര്യ സ്വത്ത് ഉണ്ട്. പക്ഷേ, എല്ലാ സമ്പത്തിന്റെയും യഥാര്‍ഥ ഉടമ അല്ലാഹുവാണ് എന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍, സമ്പത്തിന്റെ കൈകാര്യകര്‍ത്താവെന്ന നിലയിലാണ് മനുഷ്യന്റെ സ്ഥാനം. മുതലാളിത്തം ആര്‍ത്തിയാണ്. എല്ലാം തന്റേതെന്ന ആര്‍ത്തിയാണ് വെട്ടിപ്പിടിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും മുഖമായി മുതലാളിത്തത്തെ മാറ്റിയത്. കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ സ്റ്റേറ്റാണ് പരമാധികാരി. സ്റ്റേറ്റ് എന്നാല്‍ ആരാണ്? ഭരിക്കുന്നവര്‍, അവരുടെ പോളിറ്റ് ബ്യൂറോ. മുതലാളിത്തത്തില്‍ വ്യക്തിയുടെ ആര്‍ത്തിയുടെ സ്ഥാനത്ത് ഇവിടെ സ്റ്റേറ്റിന്റെ ആര്‍ത്തി എന്ന വ്യത്യാസമേ ഉള്ളു. സ്റ്റേറ്റിന് എത്ര വേണമെങ്കിലും വെട്ടിപ്പിടിക്കാം. സോവിയറ്റ് റഷ്യ അതാണല്ലോ ചെയ്തത്. അതുകൊണ്ടാണല്ലോ റുമാനിയയെ ഊറ്റിക്കുടിച്ച് കൊഴുത്ത ചെഷസ്‌ക്യുവിനെയും ഭാര്യ എലീനയെയും സ്വന്തം അനുയായികള്‍ കൊന്നുതള്ളി കമ്യൂണിസ്റ്റ് പതാകയുടെ നിറം തന്നെ മാറ്റിക്കളഞ്ഞത്.
ഇത്തരമൊരു മുതലാളിത്ത വരേണ്യത ഇസ്‌ലാമിലില്ല. മുസ്‌ലിം രാജ്യങ്ങളിലും രാജാക്കന്മാരിലുമുണ്ടാവും. അത് ഇസ്‌ലാമികവുമല്ല. ഇസ്‌ലാം രൂപപ്പെടുത്തിയ സാമൂഹിക പശ്ചാത്തലങ്ങളിലെല്ലാം 'ആശ്രിതത്വ മുതലാളിത്തവും അധീശത്വ സാമ്രാജ്യത്വവുമാണ് വാഴുന്നത്' എന്നു പറയാന്‍ അവര്‍ക്ക് ഉദാഹരണം മുസ്‌ലിം രാജ്യങ്ങളുടെ വ്യതിയാനങ്ങള്‍ മാത്രമാണ്. ഇസ്‌ലാമികമായ ഒരു മാതൃകയുമല്ല. സ്വന്തത്തിലേക്ക് വരുേമ്പാള്‍ മാതൃകാ കമ്യൂണിസ്റ്റ് രാജ്യം ലോകത്തില്ല എന്ന് പറയുകയും, ഇസ്‌ലാമിന്റെ കാര്യം വരുമ്പോള്‍ മുസ്‌ലിം രാജാക്കന്മാരെയും രാജ്യങ്ങളെയും ചൂണ്ടിക്കാട്ടി ഇസ്‌ലാമിനെ അധിക്ഷേപിക്കുകയും ചെയ്യുന്ന പൊരുത്തക്കേട് കുറേയായി സി.പി.എം തൂലികകളില്‍നിന്ന് നിര്‍ഗളിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ആവര്‍ത്തനം മാത്രമാണിത്. ഈജിപ്തില്‍ സമ്പൂര്‍ണ ഇസ്‌ലാമിക ഭരണമല്ലെന്ന് അറിയാമായിരുന്നിട്ടും, അതിന്റെ പാര്‍ലമെന്റില്‍ പാസ്സാക്കിയ ഒരു നിയമത്തെ ആ സാഹചര്യത്തിനനുസരിച്ച് പിന്തുണച്ച മുസ്‌ലിം ബ്രദര്‍ഹുഡ് ചെയ്തത് വലിയ അപരാധമായത് അന്ധമായ ഇസ്‌ലാമിക വിരോധത്തിന്റെ ഭാഗം മാത്രമാണ്. വര്‍ഗ രാഷ്ട്രീയത്തിന്റെ പൊതു തീസീസ് ഉണ്ടാവുേമ്പാഴും വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നയനിലപാടുകളില്‍ വ്യത്യസ്തത ഉണ്ടാവുന്നുണ്ട്. അത് ആ പാര്‍ട്ടിയുടെ ദേശീയമായ നിലപാടാണ് എന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്ന കമ്യൂണിസ്റ്റിനെങ്ങനെയാണ് ബ്രദര്‍ഹുഡിന്റെ ഏതോ നിലപാടിനെ മാത്രം ആശ്രയിച്ച് മൊത്തം ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ അളക്കാനാവുക?
ആശ്രിതത്വ മുതലാളിത്തം പിന്തുടരുന്നവര്‍
ആശ്രിതത്വ മുതലാളിത്തത്തോടും അധീശത്വ സാമ്രാജ്യത്വത്തോടുമാണ് ഇസ്‌ലാമിന് ആഭിമുഖ്യം എന്ന് പറയുന്നവര്‍ ആശ്രിതത്വ മുതലാളിത്തവും അധീശത്വ സാമ്രാജ്യത്വവും എത്രത്തോളം പിന്തുടരുന്നവരാണെന്ന് പരിശോധിക്കുന്നത് നല്ലതാണ്. 2012 ഏപ്രില്‍ നാല് മുതല്‍ ഒമ്പത് വരെ കോഴിക്കോട്ട് ചേര്‍ന്ന സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ് സാര്‍വദേശീയ സ്ഥിതിഗതികളെക്കുറിച്ച് പുതിയൊരു രേഖ അംഗീകരിച്ചിരുന്നു. സോവിയറ്റ് യൂനിയന്റെ പതനത്തോടെയുള്ള ലോക സാഹചര്യം വിലയിരുത്തുന്ന പ്രത്യയശാസ്ത്ര പ്രമേയമാണത്. അത് ഒരാവൃത്തി വായിച്ചാല്‍ ലോക മുതലാളിത്തം വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെപോലും എത്രത്തോളമാണ് പ്രതികൂലമായി ബാധിക്കുന്നത് എന്ന് വ്യക്തമാണ്. പ്രത്യയശാസ്ത്ര പ്രമേയത്തില്‍ 'സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ സംഭവവികാസങ്ങള്‍'എന്ന അധ്യായത്തില്‍ ചൈനയെക്കുറിച്ച പാര്‍ട്ടി വിലയിരുത്തല്‍ ഇങ്ങനെയാണ്:
'......ഒരു പരിധിവരെ പരിഷ്‌കരണാനന്തര സോഷ്യലിസ്റ്റ് ചൈനയില്‍ നാം കാണുന്നത് പുത്തന്‍സാമ്പത്തികനയ കാലഘട്ടത്തിലെ സ്റ്റേറ്റ് മുതലാളിത്തത്തെക്കുറിച്ച് ലെനിന്‍ കൈക്കൊണ്ട സൈദ്ധാന്തിക നിലപാടുകളുടെ പ്രതിഫലനമാണ്......' നൂറ് വര്‍ഷമെങ്കിലും എടുത്താലും ചൈന വിഭാവിത കമ്യൂണിസ്റ്റ് രാഷ്ട്രമാവില്ല എന്നും ഇതില്‍ വിവരിക്കുന്നുണ്ട്. പരിഷ്‌കാരങ്ങളേറെ നടന്നിട്ടും വളര്‍ന്നു വരുന്ന അസമത്വങ്ങള്‍, തൊഴിലില്ലായ്മ, അഴിമതി എന്നിവ ചൈനയെ പിടിച്ചുകുലുക്കുന്നു. ഇക്കാര്യം വിവരിച്ച ശേഷം തുടര്‍ന്ന് പാര്‍ട്ടി രേഖ ചൈനയുടെ ദൗര്‍ബല്യങ്ങള്‍ എണ്ണിപ്പറയുന്നത് എന്തൊക്കെയാണെന്ന് നോക്കുക:
'......അസമത്വങ്ങളുടെ കാര്യത്തില്‍ നഗരവും ഗ്രാമവുമടക്കം രാജ്യത്തെ മൊത്തത്തിലെടുത്താല്‍, 2002 ആയപ്പോഴേക്ക് ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള 10 ശതമാനത്തിന്റെ ശരാശരി വരുമാനം ഏറ്റവും താഴെ തട്ടിലുള്ള 10 ശതമാനത്തിന്റെ 22 ഇരട്ടിയായി. കഴിഞ്ഞ 18 വര്‍ഷത്തിനിടയില്‍ കേവലമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ നഗര്രഗാമ വരുമാന വിടവ് 13 ഇരട്ടി വര്‍ധിച്ചു. അമേരിക്കയൊഴികെ മറ്റേതൊരു രാജ്യത്തുമുള്ളതിനേക്കാള്‍ അധികം ശതകോടീശ്വരന്മാര്‍ ഇന്നുള്ളത് ചൈനയിലാണ്. 1997 മുതലുള്ള പത്ത് വര്‍ഷക്കാലയളവില്‍, സാമ്പത്തിക രംഗത്ത് നിര്‍ണായകമായ തോതില്‍ ഉണ്ടായ കുതിച്ചുചാട്ടത്തിന്റെ കാലത്ത്, ദേശീയ വരുമാനത്തില്‍ തൊഴിലാളികളുടെ വേതനത്തിന്റെ പങ്ക് 53 ശതമാനത്തില്‍നിന്ന് 40 ശതമാനത്തിലേക്ക് കുറഞ്ഞു........' ആശ്രിത മുതലാളിത്തത്തിന്റെ വഴിയില്‍ ഇസ്‌ലാമിക രാഷ്ട്രീയമാണോ അതോ കമ്യുണിസ്റ്റ് രാജ്യമാണോ കുതിക്കുന്നത് എന്ന് ഈ വിലയിരുത്തലില്‍നിന്ന് വ്യക്തമാവും.
സാമ്രാജ്യത്വ അജണ്ട നടപ്പിലാക്കുന്നവര്‍
യഥാര്‍ഥത്തില്‍ സാമ്രാജ്യത്വത്തിനെതിരെ കൈകോര്‍ത്ത് നില്‍ക്കേണ്ട രണ്ട് വിപ്ലവശക്തികളെന്ന നിലയില്‍ ഇസ്‌ലാമിക സംഘടനകളും കമ്യുണിസ്റ്റ് പാര്‍ട്ടികളും സൈദ്ധാന്തികമായ അകലമുള്ളപ്പോഴും ഒന്നിച്ചുനില്‍ക്കേണ്ടതിന്റെ ആവശ്യകത അന്തര്‍ദേശീയ തലത്തില്‍ പലരും ഊന്നിപ്പറഞ്ഞിട്ടു്. ഇറാഖ് അധിനിവേശമുള്‍പ്പെടെ ഇതിന് ധാരാളം തെളിവുകളുമുണ്ട്. പാര്‍ലമെന്ററി സംവിധാനം പരീക്ഷിക്കുന്ന ഈജിപ്തിലും ഇറാനിലുമെല്ലാം ഈ ഐക്യം രൂപപ്പെടുകയും ചെയ്തു. ഈ ഐക്യം തകര്‍ക്കുക എന്നത് സാമ്രാജ്യത്വത്തിന്റെ താല്‍പര്യമാണ്. ഏത് ഐക്യശ്രമങ്ങള്‍ക്കിടയിലും അസ്വാരസ്യങ്ങളുണ്ടാവും. സംഘ് പരിവാര്‍ രാഷ്ട്രീയത്തിനെതിരെ ഇന്ത്യയില്‍ ഉരുത്തിരിയേണ്ട മതനിരപേക്ഷ ഐക്യത്തിന് പോലും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സിദ്ധാന്തവാശി തടസ്സമായിട്ടുണ്ട്. പക്ഷേ, അത്തരം ചെറിയ ചെറിയ കാര്യങ്ങള്‍ എടുത്തു പറഞ്ഞ് പൊതുനിലപാടിനെ നിസ്സാരവല്‍ക്കരിച്ചുകൂടാ. അത് ഊതിവീര്‍പ്പിക്കുക എന്നത് എതിരാളികളുടെ കടമയാണ്. ഈ കടമയാണ് ഇപ്പോള്‍ രാഷ്ട്രീയ ഇസ്‌ലാമിന്റെ പേരില്‍ കമ്യുണിസ്റ്റുകളില്‍ ചിലര്‍ ചെയ്യുന്നത്. ഒരുമിച്ചു നിന്നേടത്തെല്ലാം ഇടതുപക്ഷത്തെ വഞ്ചിച്ച നിലപാടാണ് ഇസ്‌ലാമിക സംഘടനകള്‍ക്കുള്ളതെന്ന് ഡോ. സമീര്‍ അമീന്‍ പറയുന്നു. പൊറുപ്പിക്കാനാവാത്ത നിലപാടായാണ് അദ്ദേഹം ഇത് ഊന്നിപ്പറയുന്നത്: '.......വലിയൊരു വിഭാഗം ജനങ്ങളെ രാഷ്ട്രീയ ഇസ്‌ലാം സംഘടിപ്പിക്കുന്നുണ്ട് എന്ന കാരണത്താല്‍ രാഷ്ട്രീയ ഇസ്‌ലാമിസ്റ്റ് സംഘടനകളെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ - സാമൂഹ്യ സമരങ്ങളില്‍ ഉള്‍പ്പെടുത്താമെന്നും അവരുമായി സഖ്യങ്ങള്‍ ഉണ്ടാക്കാമെന്നുമുള്ള ന്യായവാദങ്ങളെ ന്യായീകരിക്കാനാവുമോ? രാഷ്ട്രീയ ഇസ്‌ലാം ജനങ്ങളെ സംഘടിപ്പിക്കുന്നുണ്ട് എന്നത് ലളിതമായ ഒരു വസ്തുത തന്നെയാണ്. അതുകൊണ്ടുതന്നെ, ക്രിയാത്മകമായ ഒരു രാഷ്ട്രീയ തന്ത്രത്തിന് ഇത്തരമൊരു അവസ്ഥയെ അതിന്റെ പരിഗണനാവിഷയങ്ങളില്‍ കൊണ്ടുവരേണ്ടിവരുമെന്നതും വസ്തുതയാണ്. എന്നാല്‍ രാഷ്ട്രീയ ഇസ്‌ലാം വലിയ അളവില്‍ ജനങ്ങളെ സംഘടിപ്പിക്കുന്നുണ്ടെന്ന വെല്ലുവിളിയെ രാഷ്ട്രീയ ഇസ്‌ലാമുമായി സഖ്യത്തിലേര്‍പ്പെട്ടുകൊണ്ട് ഒരു തരത്തിലും നേരിടാനാവില്ല. രാഷ്ട്രീയ ഇസ്‌ലാമിന്റെ ഭാഗമായിട്ടുള്ള സംഘടനകളാകട്ടെ ഇടതുപക്ഷവുമായിട്ടുള്ള സഹകരണം ആഗ്രഹിക്കുന്നില്ല എന്നു മാത്രമല്ല അതിനെ തള്ളിക്കളയുകയും ചെയ്യുന്നവരാണെന്ന വസ്തുതയും മനസ്സിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് മുസ്‌ലിം ബ്രദര്‍ഹുഡിനെപ്പോലുള്ള ഇസ്‌ലാമിസ്റ്റ് സംഘടനകള്‍.......ദൗര്‍ഭാഗ്യവശാല്‍, ഏതെങ്കിലും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ തങ്ങളെ രാഷ്ട്രീയ ഇസ്‌ലാം അംഗീകരിക്കുന്നുണ്ടെന്നും അതുകൊണ്ട് അവരുമായി സഖ്യമുണ്ടാക്കുന്നതില്‍ തെറ്റില്ലെന്നും കരുതുന്നുണ്ടെങ്കില്‍, അധികാരത്തിലേറിയതിനുശേഷം രാഷ്ട്രീയ ഇസ്‌ലാമിസ്റ്റുകള്‍ ആദ്യം അടിച്ചുതകര്‍ക്കുന്നത് അതുമായി സഖ്യമുണ്ടാക്കിയ ഇടതുപക്ഷ പ്രസ്ഥാനത്തെയായിരിക്കുമെന്നും ചരിത്രം നമ്മോട് പറയുന്നുണ്ട്. ഇറാനില്‍ മുജാഹിദീനുകളും ഇടതുപക്ഷ സംഘടനയായ ഫിദയീന്‍ ഖല്‍ഖിനുമിടയില്‍ സംഭവിച്ചത് ഇതായിരുന്നു.' ഇറാനിലെ രാഷ്ട്രീയ സഖ്യത്തില്‍ ഇടതുപക്ഷത്തിനുണ്ടായ അനുഭവവും അവിടെയുള്ള സുന്നി ശീഈ വേര്‍തിരിവിന്റെ വംശീയതയുമെല്ലാം വേറെ തന്നെ വിശകലനം ചെയ്യേണ്ട വിഷയങ്ങളാണ്. സദ്ദാം ഹുസൈനോടുള്ള ഇടതുപക്ഷ നിലപാടുകളും, ഇറാനിലും പാകിസ്താനിലും ഈജിപ്തിലും തുര്‍ക്കിയിലുമെല്ലാം ഇടതുപക്ഷ പാര്‍ട്ടികള്‍ സ്വീകരിച്ച നിലപാടുകളും ഇതിനോട് ചേര്‍ത്തുവെച്ച് വിലയിരുത്തണം. ഒരു കാര്യം ഉറപ്പാണ്, ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളെല്ലാം അവയുടെ ദേശീയ സാഹചര്യങ്ങളെ ചേര്‍ത്തുപിടിച്ച് സാമ്രാജ്യത്വത്തിനെതിരെയാണ് പടയണി തീര്‍ക്കുന്നത്. ഇസ്‌ലാമിക സംഘടനകള്‍ക്ക് ആരെങ്കിലും കൊടിയ ശത്രുവായി നിലവിലുണ്ടെങ്കില്‍ അത് അമേരിക്ക പ്രതിനിധാനം ചെയ്യുന്ന സാമ്രാജ്യത്വം മാത്രമാണ്.
സാമ്രാജ്യത്വം മുതലാളിത്തവും കമ്യുണിസവും ചേര്‍ന്നത്
അടിസ്ഥാനപരമായി ഇസ്‌ലാം സാമ്രാജ്യത്വത്തെ ഒരിക്കലും അംഗീകരിച്ചിട്ടില്ല. മതപരമായ സാമ്രാജ്യവാദം തെറ്റായ പ്രയോഗമാണ്. ഒരു ജനതയെ ബലം പ്രയോഗിച്ച് ഇംഗിതം അടിച്ചേല്‍പിക്കുന്ന മതവ്യാപനം കടുത്ത അന്യായവും ഇസ്‌ലാമിക വിരുദ്ധവുമാണ്. ഒരു ജനതയുടെ മര്‍ദനത്തില്‍നിന്നുള്ള മോചനത്തിന് മാത്രമേ ബലപ്രയോഗം അനുവദിച്ചിട്ടുള്ളു. വിഭിന്ന ഭാഷകളെയും സംസ്‌കാരങ്ങളെയും ഗോത്രങ്ങളെയും വര്‍ഗങ്ങളെയും ജാതികളെയും മാനവികമായി ഉള്‍ക്കൊള്ളാനും അവയുടെ സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വം ഉറപ്പാക്കാനും ഇസ്‌ലാം വിശാലമാണ്.
നവ കോളനീകരണത്തിനും പടിഞ്ഞാറിന്റെ സാമ്രാജ്യത്വ മേല്‍ക്കോയ്മക്കും എതിരെയുള്ള ആഴത്തിലുള്ള പ്രതികരണമാണ് ഇവര്‍ വിശേഷിപ്പിക്കുന്ന 'രാഷ്ട്രീയ ഇസ്ലാം.' അത് സ്വയം ഒരു പ്രശ്നമല്ല. എന്നാല്‍, സാമ്രാജ്യത്വം സ്വയം തന്നെ ഒരു പ്രശ്നമാണ്. അത് കമ്യൂണിസ്റ്റുകള്‍ തിരിച്ചറിയുന്നതിനേക്കാള്‍ ആഴത്തില്‍ ഇസ്‌ലാമിസ്റ്റുകള്‍ തിരിച്ചറിയുന്നു. സാമ്രാജ്യത്വവും കൊളോണിയല്‍ ചൂഷണവും കൊണ്ട് ചില രാജ്യങ്ങള്‍ ചില കാലത്തേക്ക് പുരോഗതി പ്രാപിച്ചിരുന്നുവെങ്കിലും രണ്ടാം ലോകയുദ്ധം അവസാനിച്ചതോടുകൂടി ആ സ്ഥിതി മാറി. കൊളോണിയലിസത്തിനും സാമ്രാജ്യത്വത്തിനും അന്ത്യം കുറിച്ചുകൊണ്ടാണ് രണ്ടാം ലോകയുദ്ധം പര്യവസാനിച്ചത്. എന്നാല്‍ അതിനു ശേഷവും നാല്‍പ്പത് വര്‍ഷത്തോളം അതായത് 1989 വരെ ലോകത്ത് ഒരു സാമ്രാജ്യം നിലനിന്നിരുന്നു. അതായിരുന്നു സോവിയറ്റ് യൂനിയന്‍. ഈ യാഥാര്‍ഥ്യം കമ്യൂണിസ്റ്റുകാരുടെ പ്രചണ്ഡപ്രചാരണം മൂലം അധികമാരും മനസ്സിലാക്കിയിരുന്നില്ല. ഇന്നും കമ്യൂണിസ്റ്റുകാര്‍ക്ക് അമേരിക്കയാണ് സാമ്രാജ്യത്വം. പക്ഷേ, അത് ഇന്നലെകളിലെ ശത്രുവീക്ഷണം മാത്രമായി ഇപ്പോള്‍ നേര്‍ത്തുവരുന്നു. കേരള സര്‍ക്കാര്‍ പോലും പദ്ധതികള്‍ക്കും ചികിത്സക്കും അമേരിക്കയെ സ്വര്‍ഗരാജ്യമായി കാണുന്ന കാലമാണിത്. സാമ്രാജ്യത്വം എന്നത് ഒരു ബിംബമല്ല, അനുഭവമാണ്. അനുഭവങ്ങളിലേറെയും മുതലാളിത്തവും കമ്യൂണിസവും കൈകോര്‍ത്ത് നില്‍ക്കുമ്പോള്‍ സംഭവിച്ചിട്ടുള്ളതുമാണ്. രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച് പരമാധികാരം വിസ്തൃതമാക്കുക എന്നതാണ് സാമ്രാജ്യത്വം. റഷ്യ അതിന്റെ ചുറ്റുപാടുമുള്ള രാജ്യങ്ങളെ കൈവശപ്പെടുത്തി വിപുലപ്പെടുത്തിയതായിരുന്നു സോവിയറ്റ് യൂനിയന്‍ എന്ന സാമ്രാജ്യം. കൂടാതെ രണ്ടാം ലോക യുദ്ധാനന്തരം ഒട്ടേറെ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സോവിയറ്റ് യൂനിയന്റെ ചൊല്‍പ്പടിയിലായിരുന്നു. അവിടങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട സ്വാതന്ത്ര്യപ്രക്ഷോഭങ്ങളെ സോവിയറ്റ് പട്ടാളം അപ്പപ്പോള്‍ അടിച്ചമര്‍ത്തിയിരുന്നു. ആ സാമ്രാജ്യമാണ് 1989 അവസാനത്തില്‍ അല്‍പം പോലും ചോര ചിന്താതെ തകര്‍ന്നു തരിപ്പണമായത്.
ശതകോടീശ്വരന്മാരെ പോറ്റുന്ന ചൈനീസ് പാര്‍ട്ടി
കാലഗതി പ്രാപിച്ച സോവിയറ്റ് യൂനിയനില്‍ സമ്പത്ത് ദേശസാല്‍ക്കരിച്ചിരുന്നെങ്കിലും അവിടെ പാര്‍ട്ടി ഭാരവാഹികളും ബ്യൂറോക്രാറ്റുകളും പുത്തന്‍ മുതലാളി വര്‍ഗമായി ഉയര്‍ന്നുവരികയാണുായത്. ചൈനയില്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ കോടീശ്വരന്മാര്‍ അംഗങ്ങളായുണ്ട്. കേരളത്തിലും സ്ഥിതി മോശമൊന്നുമല്ല. ചൈനയിലെ പാര്‍ട്ടിയെപ്പറ്റി പറയുന്നത് മറ്റാരുമല്ല. സി.പി.എം. അന്തര്‍ദേശീയ ഗവേഷണ രേഖയായ പ്രത്യയശാസ്ത്ര പ്രമേയത്തില്‍ തന്നെ ഇങ്ങനെ വായിക്കാം: '.......ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മറ്റൊരു കാര്യം കൂടി തീരുമാനിച്ചു. പാര്‍ട്ടിയിലേക്ക് മുതലാളിമാരെ കൊുവരുന്നതിനുള്ള തീരുമാനമെടുത്തതാണ് അത്. 2002-ല്‍ ആണ് ഈ പരിഷ്‌കാരം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നടപ്പിലാക്കിയത്. നിരവധി വ്യവസായ സംരംഭകരും ബിസിനസ്സുകാരും ഇപ്പോള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്. ഇത് പാര്‍ട്ടിയുടെ നയരൂപവല്‍ക്കരണത്തെ എത്രത്തോളം ബാധിക്കുമെന്ന് പറയേണ്ടതില്ല. പാര്‍ട്ടിയുടെ ഘടനയില്‍ മാറ്റം വരുന്നതിനനുസരിച്ച് പാര്‍ട്ടിയുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ദിശാബോധം പുതിയ സമ്മര്‍ദങ്ങള്‍ക്ക് വിധേയമായിത്തീരാവുന്നതാണ്.......' (ഏതാനും പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളെപ്പറ്റിയുള്ള പ്രമേയം 6.20, 6.21).
ലോകത്ത് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാര്‍ ഇന്നുള്ളത് ചൈനയിലാണ് എന്ന് പാര്‍ട്ടി രേഖയില്‍ എഴുതിവെച്ചിട്ടാണ് ഇസ്‌ലാമിക രാഷ്ട്രീയം ആശ്രിതത്വ മുതലാളിത്തവും അധീശത്വ സാമ്രാജ്യത്വവുമാണ് എന്ന് ഇവര്‍ എഴുതിവിടുന്നത്! എല്ലാറ്റിലുമുപരി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ധാരണയില്‍നിന്ന് സാമ്രാജ്യത്വം എന്ന സങ്കല്‍പനം വിട്ടുകളയുന്നു എന്ന വൈചിത്ര്യം കൂടി സി.പി.എം പ്രത്യശാസ്ത്ര പ്രമേയം എടുത്തു പറയുന്നുണ്ട്. 'ഇത് സാമ്രാജ്യത്വവിരുദ്ധ ദിശാബോധത്തിന്റെ അഭാവത്തില്‍ തൊഴിലാളിവര്‍ഗ സാര്‍വദേശീയതയുടെ 'നേര്‍പ്പിക്കല്‍' സംഭവിച്ചേക്കാം.......' (ഏതാനും പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളെപ്പറ്റിയുള്ള പ്രമേയം 6.21) എന്നാണ് പ്രമേയത്തിന്റെ മുന്നറിയിപ്പ്. മാതൃകാ സ്വരാജ്യത്തില്‍ സാമ്രാജ്യത്വത്തിന്റെ സങ്കല്‍പനം തന്നെ നേര്‍പ്പിച്ചുകളയുമെന്ന ഭീഷണി ഉണ്ടായിരിക്കെ ഇസ്‌ലാമിക ലോകത്തെ നോക്കി 'നിങ്ങളാണ് ആശ്രിതത്വ മുതലാളിയും അധീശത്വ സാമ്രാജ്യത്വവും' എന്നു പറയാന്‍ എന്തുമാത്രം തൊലിക്കട്ടി വേണം!
ഒരു ഗ്രാമ മേധാവിത്വം കിട്ടിയാല്‍ എതിര്‍ പാര്‍ട്ടികളുടെ കൊടിപോലും നാട്ടാന്‍ അനുവദിക്കാത്ത അധീശത്വ സാമ്രാജ്യത്വ മനസ്സ് സൂക്ഷിച്ച് നടക്കുന്ന കേരളത്തിലെ സി.പി.എമ്മാണ് തങ്ങളിലുള്ള കടുത്ത സാമ്രാജ്യത്വ ബാധ മറ്റുള്ളവരില്‍ ആരോപിക്കുന്നത്!
സാമ്രാജ്യത്വവും സമഗ്രാധിപത്യവും
ഇസ്‌ലാം സാമ്രാജ്യത്വവിരുദ്ധമാണ്. സാമ്രാജ്യത്വമാണ് കമ്യൂണിസമെങ്കില്‍ അതിനും എതിരാണ് ഇസ്‌ലാം. സാമ്രാജ്യത്വത്തിന് സമഗ്രാധിപത്യത്തോടാണ് കനിവ്. അവ രും പരസ്പരം പുണര്‍ന്നു നില്‍ക്കുന്നു. സമഗ്രാധിപത്യം ചര്‍ച്ച ചെയ്യപ്പെടുന്നത് കമ്യൂണിസ്റ്റ് ഭരണക്രമങ്ങളിലാണ്. അത് മൂടിവെക്കാന്‍ 'രാഷ്ട്രീയ ഇസ്‌ലാം' എന്ന തുരുപ്പുശീട്ട് കൊണ്ടൊന്നും കഴിയില്ല. ലോകത്ത് ഇപ്പോള്‍ തുടര്‍ന്നു വരുന്ന സംഘര്‍ഷങ്ങളെ വിവിധ മത ദേശീയ സമൂഹങ്ങള്‍ തമ്മിലുളള ആഭ്യന്തര-വിഭാഗീയ യുദ്ധങ്ങള്‍ എന്ന രീതിയിലാണ് മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത്. പക്ഷേ, ഈ യുദ്ധങ്ങളെല്ലാം തന്നെ, അധികാരഭ്രാന്ത് മൂത്ത, ലാഭാര്‍ത്തി പൂണ്ട, തത്ത്വദീക്ഷയേതുമില്ലാത്ത, മനുഷ്യവംശത്തിന്റെ കൊടിയ ശത്രുവായ സാമ്രാജ്യത്വ ശക്തികള്‍ മനുഷ്യരാശിക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന ക്രൂരമായ കടന്നാക്രമണങ്ങളാണെന്നതാണ് സത്യം.
അല്‍ഖാഇദയാവട്ടെ, ഐ.എസ് ആവട്ടെ അവയെല്ലാം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അധിനിവേശത്തെ ന്യായീകരിക്കാന്‍ അവര്‍ തന്നെ സൃഷ്ടിച്ചെടുത്ത തുരുപ്പുശീട്ടുകളാണ്. ഇസ്‌ലാമിക രാഷ്ട്രീയവും അതിന്റെ സര്‍ഗാത്മക പ്രയോഗവും അന്വേഷിക്കേണ്ടത് ചരിത്രത്തിലാണ്. പ്രവാചകനും അനുയായികളും സ്ഥാപിച്ച സമാധാന ഗേഹത്തിലാണ്. മാര്‍ക്‌സ് സങ്കല്‍പിച്ച വ്യാവസായിക രാജ്യങ്ങളിലല്ല തൊഴിലാളിവര്‍ഗ വിപ്ലവം അരങ്ങേറിയത്. മാര്‍ക്‌സ് വിഭാവനം ചെയ്ത സോഷ്യലിസവും കമ്യൂണിസ്റ്റ് രാജ്യവും ഒരിക്കലും യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. ചരിത്രത്തില്‍ ഇതു വരെയും അത് സിദ്ധാന്തപരമായ ഒരു മോഹഭംഗം മാത്രമാണ് കമ്യൂണിസ്റ്റുകള്‍ക്ക്. എന്നാല്‍, ഇസ്‌ലാം മുന്നോട്ടു വെച്ച രാഷ്ട്രീയത്തിന്റെ പ്രയോഗ മാതൃകകള്‍ മുഹമ്മദ് നബിയുടെയും അനുയായികളുടെയും കൈകളാല്‍ പല സന്ദര്‍ഭങ്ങളില്‍ സംഭവിച്ചുകഴിഞ്ഞതാണ്. ഇസ്‌ലാമിക സംഘടനകള്‍ അത് തൊട്ടുകാണിക്കുന്നു. അവിടെയാണ് ഇസ്‌ലാമിക രാഷ്ട്രീയത്തെ പരതേണ്ടത്, അല്ലാതെ വഴിതെറ്റി അലയുന്ന തീവ്രവാദ ഗ്രൂപ്പുകളിലല്ല.
Comments