Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 17

3064

1439 ദുല്‍ഹജ്ജ് 05

'രാഷ്ട്രീയ ഇസ്‌ലാം' ആരുടെ അജണ്ട?

കെ.ടി ഹുസൈന്‍

ദൈവത്തിന്റെ പരമാധികാരം ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയുടെയും  അടിസ്ഥാനമാണെങ്കിലും ഇസ്‌ലാമിക രാഷ്ട്രീയത്തില്‍ ചരിത്രപരമായി അത് നടപ്പിലായത്  ആധുനിക ദേശരാഷ്ട്രങ്ങളെ പോലെ സ്റ്റേറ്റിന്റെ പരമാധികാരമായിട്ടല്ലെന്ന് വാഇല്‍ ഹല്ലാഖ്  നിരീക്ഷിക്കുന്നുണ്ട്. അതായത് ആധുനിക ദേശരാഷ്ട്രത്തില്‍ നിയമം ഉണ്ടാക്കുന്നതും അത്  നടപ്പിലാക്കുന്നതും സ്റ്റേറ്റ് തന്നെയാണ്. എന്നാല്‍ ഇസ്‌ലാമിക രാഷ്ട്രീയത്തില്‍ നിയമം നിര്‍മിക്കുന്നതിലും അത് നടപ്പിലാക്കേണ്ട കര്‍മ പദ്ധതി രൂപപ്പെടുത്തുന്നതിലും സ്റ്റേറ്റിന് ഒരു പങ്കുമില്ല. മറിച്ച് ഇസ്‌ലാമിക ഭരണത്തില്‍ പരമാധികാരമുള്ളത് ഇസ്‌ലാമിക ശരീഅത്തിനാണ്. രാഷ്ട്രീയത്തിലടക്കം ദൈവത്തിന്റെ  പരമാധികാരം ആവിഷ്‌കരിക്കാന്‍ ആദ്യ നൂറ്റാണ്ടുകളിലെ ഫുഖഹാക്കള്‍ ഖുര്‍ആനും നബിചര്യയും  മുന്നില്‍ വെച്ച് മനന ഗവേഷണത്തിലൂടെ  രൂപപ്പെടുത്തിയ ഒരു ചട്ടക്കൂടാണ് ഇസ്‌ലാമിക ശരീഅത്ത്. ആ ചട്ടക്കൂടില്‍ നിയമം മാത്രമല്ല അത് നടപ്പാക്കാനുള്ള രീതിയും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. ആധുനിക ദേശരാഷ്ട്രങ്ങള്‍ ഭരണഘടനയും നിയമവും ഉണ്ടാക്കാന്‍ വ്യക്തികളെയോ സമിതികളെയോ ചുമതലപ്പെടുത്തുന്നതുപോലെ ഏതെങ്കിലും ഖലീഫയോ സുല്‍ത്താനോ രാജാവോ ചുമതലപ്പെടുത്തിയവരായിരുന്നില്ല ഇങ്ങനെ ഗവേഷണം നടത്തി ഇസ്‌ലാമിക ശരീഅത്ത് ക്രോഡീകരിച്ച ഫുഖഹാക്കള്‍. മറിച്ച്, ഭരണകൂടത്തിന്റെ യാതൊരു സ്വാധീനത്തിനും വഴങ്ങാതെ തീര്‍ത്തും സ്വതന്ത്രമായാണ് അവര്‍ ശരീഅത്ത് ക്രോഡീകരിച്ചത്. ആ ശരീഅത്ത് ഉണ്ടാക്കുന്നതിലോ അത് നടപ്പാക്കുന്ന കര്‍മ പദ്ധതി രൂപപ്പെടുത്തുന്നതിലോ   ഖലീഫക്കോ സുല്‍ത്താനോ രാജാവിനോ യാതൊരു പങ്കുമുണ്ടായിരുന്നില്ല. ഭരണാധികാരി ശരീഅത്ത് അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്. ഇപ്രകാരം രൂപം കൊണ്ട ദൈവത്തിന്റെ പരമാധികാരത്തില്‍ അധിഷ്ഠിതമായ ഇസ്‌ലാമിക ശരീഅത്ത് വ്യത്യസ്ത സ്ഥല കാലങ്ങളില്‍ നടപ്പിലാക്കുന്ന ഏജന്‍സി മാത്രമാണ് ഭരണകൂടം. അതിനാല്‍ ദേശരാഷ്ട്രങ്ങളെ പോലെ ഭരണകൂടത്തിന്റെയോ സ്റ്റേറ്റിന്റെയോ പരമാധികാരം എന്ന സങ്കല്‍പം തന്നെ ഇസ്‌ലാമിലില്ല എന്നാണ് വാഇല്‍ ഹല്ലാഖ് ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍, ദൈവത്തിന്റെ പരമാധികാരം ജീവിതത്തില്‍ നടപ്പിലാക്കുന്ന ഉപകരണമായ ഇസ്‌ലാമിക ശരീഅത്ത് കാലോചിതമായി പ്രയോഗവത്കരിക്കാത്തതുമൂലം പില്‍ക്കാലത്ത് ചിലപ്പോഴെങ്കിലും  നാഗരികതയെ അഭിമുഖീകരിക്കുന്ന കാര്യത്തില്‍ മുസ്‌ലിം സമുദായം സ്തംഭിച്ചുപോയ അവസരങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോഴും ആ സ്തംഭനാവസ്ഥ പൂര്‍ണമായും മറികടന്നുവെന്ന് പറയാനാവില്ല. പക്ഷേ അത് ഇസ്‌ലാമിന്റെയോ  ഇസ്‌ലാമിക ശരീഅത്തിന്റെയോ കുഴപ്പമല്ല, സമുദായമാണ് അതിലെ പ്രതി. ദൈവകേന്ദ്രീകൃതമായ  പ്രപഞ്ച വ്യവസ്ഥക്ക് പകരം അതിനെ വെല്ലുവിളിക്കുന്ന മനുഷ്യകേന്ദ്രീകൃതമായ ഒരു പ്രപഞ്ച വ്യവസ്ഥ ആധുനിക മനുഷ്യനു മുന്നില്‍ അവതരിച്ചപ്പോഴാണ് ഇസ്‌ലാമിക സമൂഹത്തിന്റെ ചരിത്രാനുഭവങ്ങളില്‍ ഈ സ്തംഭനാവസ്ഥ ഏറ്റവും  രൂക്ഷമായത്. എങ്കിലും ആധുനിക ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും ധൈഷണികവും പ്രായോഗികവുമായ ഇടപെടലുകള്‍ കാരണം തത്ത്വത്തിലെങ്കിലും ഇസ്‌ലാമിക സമൂഹം ആ സ്തംഭനാവസ്ഥയെ ഒരു പരിധിയോളം മറികടന്നിട്ടുണ്ട്. അതിനാല്‍തന്നെ ഇസ്‌ലാമിക സമൂഹത്തില്‍, അത് വ്യക്തിജീവിതത്തിലാകട്ടെ സാമൂഹിക ജീവിതത്തിലാകട്ടെ, ശരീഅത്തിനെയും തദ്വാരാ ദൈവത്തിന്റെ പരമാധികാരത്തെയും താത്ത്വിക തലത്തില്‍ നിരാകരിക്കുന്നവര്‍ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിലോ ശീഈകളിലോ ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഈ വിഭാഗങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന അഖീദാ ഗ്രന്ഥങ്ങളും കര്‍മശാസ്ത്ര കൃതികളും പരിശോധിച്ചാല്‍ ആര്‍ക്കും വ്യക്തമാകുന്ന കാര്യങ്ങളാണിത്. മനുഷ്യന്റെ സ്ഥൂലവും സൂക്ഷ്മവുമായ ജീവിതത്തില്‍ ദൈവത്തിന്റെ പരമാധികാരം എങ്ങനെ നടപ്പിലാക്കാം എന്ന പാഠമാണല്ലോ അതെല്ലാം നല്‍കുന്നത്.

അതേസമയം ദൈവത്തിന്റെ പരമാധികാരത്തിനെതിരെ മനുഷ്യന്റെ പരമാധികാരം ഉയര്‍ത്തിപ്പിടിച്ച ആധുനികതക്കാണ് ഇന്ന് ലോകത്തിന്റെ രാഷ്ട്രീയാധികാരം എന്നതിനാല്‍  ഇത്തരമൊരു സാഹചര്യത്തില്‍ ഇസ്‌ലാമിന്റെ അടിസ്ഥാനമായ ദൈവത്തിന്റെ പരമാധികാരം സാമൂഹിക-രാഷ്ട്രീയ മണ്ഡലത്തില്‍ എങ്ങനെ നടപ്പിലാക്കാമെന്നതിനെ കുറിച്ച് പലതരം ആലോചനകളും ചിന്തകളും നടന്നുകൊണ്ടിരിക്കുന്നുണ്ട്; ഇനിയും  നടക്കേണ്ടതുമാണ്. അത് മുസ്‌ലിംകള്‍ ഭൂരിപക്ഷമായ രാജ്യങ്ങളിലും ന്യൂനപക്ഷമായ രാജ്യങ്ങളിലും  ഒരുപോലെയായിരിക്കുകയില്ല. താത്ത്വികമെന്നതിലേറെ സ്ട്രാറ്റജിയുടെ പ്രശ്‌നമാണത്. എന്നാല്‍ ദൈവത്തിന്റെ പരമാധികാരത്തെ ഒരു വിശ്വാസമെന്ന നിലയിലും ഒരു മുസ്‌ലിമിന് ഒരിക്കലും ചോദ്യം ചെയ്യാന്‍ അവകാശമില്ല. അതിനാല്‍തന്നെ ഇസ്‌ലാമിക ചരിത്രത്തില്‍ ഈ പരമാധികാരത്തെ പരിമിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിലും,  അതിനെ പൂര്‍ണമായി ചോദ്യം ചെയ്യുകയും വെല്ലുവിളിക്കുകയും ചെയ്ത അവസരങ്ങള്‍ വളരെ അപൂര്‍വമായിട്ടേ ഉണ്ടായിട്ടുള്ളൂ. അത്തരത്തിലുള്ള ആദ്യത്തെ ശ്രമം നടന്നത് ഇന്ത്യയില്‍ അക്ബറിന്റെ ദീനെ ഇലാഹിയിലൂടെയായിരുന്നു. പക്ഷേ അഹ്മദ് സര്‍ഹിന്ദി എന്ന രണ്ടാം സഹസ്രാബ്ദത്തിലെ പരിഷ്‌കര്‍ത്താവ് അതിനെ ധൈഷണികമായി  നേരിട്ടതോടെ അത് അല്‍പായുസ്സില്‍ ഒടുങ്ങി.  കൊളോണിയല്‍ ഒത്താശയോടെ മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനി രൂപം നല്‍കിയ ഖാദിയാനിസത്തിലൂടെയാണ് അത്തരമൊരു ശ്രമം പിന്നീടുണ്ടായത്. മതത്തെ ഉപാസനയില്‍ മാത്രം പരിമിതപ്പെടുത്തുകയും സാംസ്‌കാരികമായും രാഷ്ട്രീയമായും ഇന്ത്യയിലെ മേല്‍ക്കോയ്മാ സവര്‍ണ സംസ്‌കാരത്തെ പുണരുകയും ചെയ്യുക എന്നതാണ് അക്ബറിന്റെ ദീനെ ഇലാഹിയും മിര്‍സാ ഗുലാമിന്റെ ഖാദിയാനിസവും ഒരുപോലെ  മുന്നോട്ടുവെച്ച ആശയം. ഇന്ത്യയിലെ ലിബറല്‍ ദേശീയവാദികളും ഹിന്ദുത്വ ദേശീയവാദിക

ളും അക്ബറിന്റെ ദീനെ ഇലാഹിയെയും ഖാദിയാനിസത്തെയും തരം പോലെ  പ്രമോട്ട് ചെയ്യാനുള്ള കാരണം  ഇതില്‍നിന്നു  തന്നെ മനസ്സിലാക്കാമല്ലോ. ഇസ്‌ലാമിനെ 'ഇന്ത്യനൈസ്' ചെയ്യുക എന്ന സാംസ്‌കാരിക അജണ്ടയാണ് ഈ പ്രമോഷനിലൂടെ അവര്‍ ഉദ്ദേശിച്ചിരുന്നത്. പക്ഷേ ഇത്തരം  ശ്രമങ്ങളൊന്നും ഇസ്‌ലാമിക സമൂഹത്തില്‍ വേരുപിടിക്കാതെ പോവുകയാണ് ഉണ്ടായത്. അതിന് കാരണം ദൈവത്തിന്റെ  പരമാധികാരം എന്നത് ഇസ്‌ലാമിക ജീവിതത്തിന്റെ അടിസ്ഥാനമായതു കൊണ്ടാണ്. 

ഇത്രയും ഇവിടെ പറയാന്‍ കാരണം 'രാഷ്ട്രീയ ഇസ്‌ലാമി'നെ കുറിച്ച് കേരളത്തിലെ എ.പി ഗ്രൂപ്പ് 'സമസ്ത'യുടെ നേതാവ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ ചില 'വെളിപ്പെടുത്തലുകളാ'ണ്. അവരുടെ മുഖപത്രമായ രിസാല വാരികക്ക്  നല്‍കിയ ഒരഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്, ഇന്നത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം രാഷ്ട്രീയ ഇസ്‌ലാം ആണെന്നും അതവസാനിച്ചുകിട്ടലാണ് ഇന്നത്തെ അടിയന്തര ആവശ്യമെന്നുമാണ്. ഒരു രാജ്യവും ഇസ്‌ലാമിക രാജ്യമാക്കാന്‍ ഇസ്‌ലാം കല്‍പിച്ചിട്ടില്ല എന്നും ഇസ്‌ലാമിക ഭരണം വന്നാല്‍ മറ്റു മതക്കാര്‍ക്ക് അവിടെ ജീവിച്ചുപോകാന്‍ സാധ്യമല്ല എന്നും കൂടി മുസ്‌ലിയാര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഇസ്‌ലാമിക രാഷ്ട്രീയത്തെക്കുറിച്ച ഗുരുതരമായ ഈ ആരോപണം ആര്‍ക്കു വേിയാണ് അദ്ദേഹം നടത്തുന്നത് എന്നത് ചിന്തനീയമാണ്.  സംഘടനാപരമായി  ഇടതുപക്ഷ ഭ്രമവും ആശയപരമായി  ഉത്തരാധുനികതയും ബാധിച്ച കാന്തപുരം വിഭാഗത്തിലെ ചില യുവ എഴുത്തുകാര്‍ നേരത്തേ തന്നെ 'രാഷ്ട്രീയ ഇസ്‌ലാമി'നെ കുറിച്ച് പ്രബന്ധങ്ങള്‍ രചിക്കുകയും ഇസ്‌ലാമിന്റെ തദ്ദേശീയവല്‍ക്കരണത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. അത് പറയാന്‍ പലപ്പോഴും ഹമീദ് ചേന്ദമംഗല്ലൂരായിരുന്നു അവരുടെ പ്രധാന റഫറന്‍സ്. പക്ഷേ ഇപ്പോള്‍ എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്ന മതപണ്ഡിതന്‍ തന്നെ ഇസ്‌ലാമിനെ ആത്മീയ ഇസ്‌ലാം, രാഷ്ട്രീയ ഇസ്‌ലാം എന്നിങ്ങനെ വിഭജിക്കുന്നതിനെ പിന്തുണക്കുന്നത്  അല്‍പം ഗുരുതരം തന്നെയാണ്.

ആദ്യമായി ഇവിടെ പരിശോധിക്കേണ്ടത് ആരാണ് രാഷ്ട്രീയ ഇസ്‌ലാം, ആത്മീയ  ഇസ്‌ലാം, സാംസ്‌കാരിക ഇസ്‌ലാം അല്ലെങ്കില്‍ സൂഫി ഇസ്‌ലാം എന്നിങ്ങനെ ഇസ്‌ലാമിനെ വിഭജിക്കുന്ന  പുതിയ വ്യവഹാരങ്ങളുടെ  ഉപജ്ഞാതാക്കള്‍ എന്നും അവരെന്തിനു വേണ്ടിയാണ്  അത് രൂപപ്പെടുത്തിയത് എന്നുമാണ്. അല്ലാഹുവും  പ്രവാചകനും പഠിപ്പിച്ച ഇസ്‌ലാം ഒന്നേയുള്ളൂ. അത് മനുഷ്യന്റെ ആത്മീയ ജീവിതത്തിലും സാമൂഹിക ജീവിതത്തിലും സാംസ്‌കാരിക-രാഷ്ട്രീയ ജീവിതത്തിലും ദൈവത്തിന്റെ പരമാധികാരം സ്ഥാപിക്കലാണ്. 'വിശ്വസിച്ചവരേ, നിങ്ങള്‍  ഇസ്‌ലാമില്‍ പൂര്‍ണമായി പ്രവേശിക്കൂ' (1/49), 'അവനാണ് ആകാശത്തിലെ ദൈവം, ഭൂമിയിലെ ദൈവവും അവന്‍ തന്നെ' (43/84) എന്നെല്ലാം ഖുര്‍ആന്‍ പറയുന്നത് വിഭജിക്കാനാവാത്ത മനുഷ്യ ജീവിതത്തിലെ ദൈവത്തിന്റെ  പരമാധികാരത്തെ കുറിച്ചാണ്. ആ പരമാധികാരം അംഗീകരിക്കണമെന്ന് വിശ്വാസികളോടുള്ള ആഹ്വാനവുമാണത്. അതിനാല്‍ ആത്മീയ ഇസ്‌ലാം, രാഷ്ട്രീയ ഇസ്‌ലാം, സാംസ്‌കാരിക ഇസ്‌ലാം തുടങ്ങിയ വിഭജനങ്ങളൊന്നും  ഇസ്‌ലാമിലില്ല. അങ്ങനെ ഇസ്‌ലാമിനെ ആദ്യമായി വിഭജിച്ചത് സാമ്രാജ്യത്വത്തിനു വേണ്ടി ജ്ഞാനോല്‍പാദനം നടത്തുന്ന കൊളോണിയല്‍ തിങ്ക്ടാങ്കുകളാണ്. അവര്‍ക്ക് വേണ്ടിയിരുന്നത് മുസ്‌ലിംകള്‍ ദൈവത്തിന്റെ പരമാധികാരത്തെ  പരിമിതപ്പെടുത്തുകയും സാമൂഹിക ജീവിതത്തിലേക്ക് അതിന്റെ പ്രവേശനം തടയുകയുമായിരുന്നു. എങ്കില്‍ മാത്രമേ ഇസ്‌ലാമിക സമൂഹങ്ങളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താനും അവരിലെ വിമോചന സ്വപ്‌നങ്ങളെ കരിയിച്ചു കളയാനും കഴിയൂ എന്നവര്‍ കണക്കുകൂട്ടി. ഇപ്പോള്‍ അതേറ്റുപിടിക്കുന്നത് ഇസ്‌ലാമിനെ ഇന്ത്യനൈസ് ചെയ്യണമെന്ന് വാദിക്കുന്ന  ഹിന്ദുത്വവാദികളും കേരളത്തിന്റെ സവിശേഷ പശ്ചാത്തലത്തില്‍ ഇടതുപക്ഷവുമാണ്. 'രാഷ്ടീയ ഇസ്‌ലാമി'നെതിരെ ഇടതുപക്ഷത്തെ ഏറ്റവും പ്രമുഖ പാര്‍ട്ടിയായ  സി.പി.എം ഒരു കാമ്പയില്‍ തന്നെ ആരംഭിച്ചിരിക്കുകയാണ.് സാമ്രാജ്യത്വം ഉല്‍പാദിപ്പിച്ച ഒരു ജ്ഞാന വ്യവഹാരം ഹിന്ദുത്വവാദികളും ഇടതുപക്ഷവും  ഒരുപോലെ ഏറ്റെടുക്കുന്നതാണ് ഇവിടെ നാം കാണുന്നത്. അതിലൊട്ടും അത്ഭുതമില്ല. കാരണം തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ ദൈവകേന്ദ്രീകൃതമായ പ്രപഞ്ച വ്യവസ്ഥക്കെതിരെ മനുഷ്യ കേന്ദ്രീകൃതമായ പ്രപഞ്ച വ്യവസ്ഥ മുന്നോട്ടു വെച്ച ആധുനികതയാണ് ഈ മൂന്നു കൂട്ടരുടെയും  അടിത്തറയും ജ്ഞാന പദ്ധതിയും. സത്യനിഷേധികള്‍ പരസ്പരം ആത്മമിത്രങ്ങളാണെന്ന്  ഖുര്‍ആന്‍ പറഞ്ഞത് വെറുതെയാവില്ലല്ലോ. നിഷേധം ഒരൊറ്റ സമുദായമാണെന്നും പറഞ്ഞിട്ടുണ്ടല്ലോ. 

അപ്പോള്‍ ഇസ്‌ലാമിനെ  ആത്മീയ ഇസ്‌ലാം, രാഷ്ട്രീയ ഇസ്‌ലാം, സാംസ്‌കാരിക ഇസ്‌ലാം എന്നിങ്ങനെ ദൈവത്തിന്റെ പരമാധികാരത്തെ പരിമിതപ്പെടുത്താന്‍ അധീശ ശക്തികള്‍ നടത്തുന്ന ശ്രമത്തിന് ഒരു മതപണ്ഡിതന്‍ കൂട്ടുനില്‍ക്കുന്നത് ഗുരുതരമായി തന്നെ കാണേണ്ടിവരും. കാരണം ഇത് ഇസ്‌ലാമിലെ മുഖ്യധാരയായ  അഹ്‌ലുസ്സുന്നത്തിന്റെ പാരമ്പര്യത്തിന് വിരുദ്ധവും ഭരണകൂടത്തിനു വേണ്ടി ഇസ്‌ലാമിക ശരീഅത്തിന്റെ പരമാധികാരത്തെ പരിമിതപ്പെടുത്തലുമാണ്. രാഷ്ട്രീയ ഇസ്‌ലാമാണ് പ്രശ്‌നം എന്ന് പറയുന്നതോടൊപ്പം എവിടെയും  ഇസ്‌ലാമിക ഭരണം സ്ഥാപിക്കല്‍ ഇസ്‌ലാമിന്റെ കല്‍പനയല്ല എന്ന് കൂടി പറയുക വഴി  കാന്തപുരം മുസ്‌ലിയാര്‍ ചെയ്യുന്നത് ദൈവത്തിന്റെ പരമാധികാരം  ആത്മീയതയില്‍ മാത്രം പരിമിതപ്പെടുത്തുകയാണ്. രാഷ്ട്രീയ ഇസ്‌ലാമിനെതിരെ ആത്മീയ ഇസ്‌ലാം എന്ന ബൈനറിയെ കൃത്യമായി  സ്ഥാപിച്ച ഒരു ചോദ്യത്തിനാണ് ഇദ്ദേഹം രാഷ്ട്രീയ ഇസ്‌ലാമാണ് പ്രശ്‌നം എന്ന് മറുപടി പറയുന്നത് എന്നോര്‍ക്കണം. ഇവിടെ അറിഞ്ഞോ അറിയാതെയോ കാന്തപുരം വീഴുന്നത് മനുഷ്യന്നാണ് പരമാധികാരം എന്ന ആധുനികതയുടെ സാമൂഹിക കാഴ്ചപ്പാടില്‍ തന്നെയാണ്. ദൈവത്തിന്റെ പരമാധികാരം മനുഷ്യ ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ എങ്ങനെ നടപ്പിലാക്കാം എന്നതിന്  സ്ഥലകാല വ്യത്യാസങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള മുന്‍ഗണനാക്രമങ്ങളും നീക്കുപോക്കുകളും ഇസ്‌ലാമിക ശരീഅത്ത് അനുവദിക്കുന്നുണ്ട്. എന്നാല്‍ ഈ പരമാധികാരത്തെ താത്ത്വിക തലത്തിലും  പരിമിതപ്പെടുത്താനുള്ള അനുവാദം  ഭരണകൂടത്തിന്, അത് മുസ്‌ലിംകളുടേതാകട്ടെ അല്ലാത്തവരുടേതാകട്ടെ, ഇസ്‌ലാം നല്‍കുന്നില്ല. കാന്തപുരം ആത്മീയ ഇസ്‌ലാമിന്റെ വക്താവാവുകയും അതാണ് ഇസ്‌ലാം എന്ന് പറയുകയും ചെയ്യുന്നതിലൂടെ അദ്ദേഹം യഥാര്‍ഥത്തില്‍ ചെയ്യുന്നത് അഹ്‌ലുസ്സുന്നയിലെ പണ്ഡിത പാരമ്പര്യത്തിന് വിരുദ്ധമായി ദൈവത്തിന്റെ പരമാധികാരത്തെ പരിമിതപ്പെടുത്താനുള്ള ഭരണകൂട താല്‍പര്യങ്ങള്‍ക്ക് മതപ്രമാണം ചമയ്ക്കുകയാണ്. വാഇല്‍ ഹല്ലാഖ് സൂചിപ്പിച്ചതു പോലെ, ഇസ്‌ലാമിക ശരീഅത്ത് ക്രോഡീകരിച്ചതിലൂടെ മുസ്‌ലിം ഭരണാധികാരികളെ പോലും  ഇടപെടാന്‍ അനുവദിക്കാതെ ആദ്യ നൂറ്റാണ്ടുകളിലെ ഫുഖഹാക്കള്‍ ആവിഷ്‌കരിച്ചതാണ് മുസ്‌ലിം ജീവിതത്തിലെ  ദൈവത്തിന്റെ പരമാധികാരം എന്നോര്‍ക്കണം.

ഇപ്പോള്‍  കാന്തപുരം ഇവിടെ ചെയ്യുന്നതുപോലെ മുമ്പ് ദൈവത്തിന്റെ  പരമാധികാരം പരിമിതപ്പെടുത്താനുള്ള ആധുനികതയുടെ സൈദ്ധാന്തിക ശ്രമങ്ങള്‍ക്ക് മതപ്രമാണം ചമച്ച മറ്റൊരു കൂട്ടരായിരുന്നു  കേരളത്തിലെ സലഫികള്‍. അതിന് ഇന്ന് കാന്തപുരത്തിന്റെ കൈയിലെ ആയുധം ശത്രുക്കള്‍ ഇട്ടുകൊടുത്ത 'രാഷ്ട്രീയ ഇസ്‌ലാമാ'ണെങ്കില്‍ കേരള സലഫികളുടെ കൈയിലെ ആയുധം 'മതരാഷ്ട്രവാദം' ആയിരുന്നുവെന്ന വ്യത്യാസമേയുള്ളൂ. അതിന്റെയും  ലബോറട്ടറി 'രാഷ്ട്രീയ ഇസ്‌ലാം' വിരിയിച്ച ലബോറട്ടറി തന്നെ. അതിന്റെയും  പ്രചാരകര്‍ ഇടതുപക്ഷവും ഹിന്ദുത്വവാദികളും തന്നെ. പരിശീലകരാകട്ടെ ഹമീദ്- കാരശ്ശേരിമാരും. ദൈവത്തിന്റെ പരമാധികാരം സാധ്യമാകുന്നത്ര മുസ്‌ലിംകളുടെ പൊതു ജീവിതത്തിലും വേണം എന്ന് പറയുന്നവരെ ആക്ഷേപിക്കാനും വേട്ടയാടാനും വേണ്ടിയാണ്  'രാഷ്ട്രീയ ഇസ്‌ലാമി'നെ പോലെ 'മതരാഷ്ട്രവാദം' എന്ന സംജ്ഞയും  തല്‍പര  കക്ഷികള്‍ ഉപയോഗിച്ചത്. പക്ഷേ, അതിന്റെ ഫലം ഇന്ന് കേരള സലഫികള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കാരണം തീവ്രവാദത്തിന്റെ പേരിലും  രാഷ്ട്രീയ ഇസ്‌ലാമിന്റെ പേരിലും ഇന്ന് ഏറ്റവുമധികം വേട്ടയാടപ്പെടുന്നത് സലഫികളാണ്. ലോകത്തെ  സലഫികളെല്ലാം  തീവ്രവാദികളായതുകൊണ്ടല്ല അത്. മറിച്ച് കേരളത്തിലൊഴികെ  ഇസ്‌ലാമിക ലോകത്തുടനീളം  ദൈവത്തിന്റെ പരമാധികാരം ഉയര്‍ത്തിപ്പിടിച്ചത്, സ്ഥലകാല സാഹചര്യം പരിഗണിക്കാതെയുള്ള ചില കടുംപിടിത്തങ്ങള്‍ ഉണ്ടെങ്കിലും, സലഫികളാണ്. മുസ്‌ലിമിന്റെ വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും ദൈവത്തിന്റെ പരമാധികാരമാണ് നടക്കേണ്ടത് എന്ന കാര്യത്തില്‍ ഒരു കാലത്തും സലഫികള്‍ക്ക്  സംശയമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ലോകത്തുടനീളം  കൊളോണിയല്‍വിരുദ്ധ ചെറുത്തുനില്‍പുകളില്‍ സലഫിസം പ്രധാന പങ്കു വഹിച്ചുവെന്നത് നിഷേധിക്കാനാകാത്ത സത്യമാണ്. ഇന്ത്യയിലടക്കം കൊളോണിയല്‍വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ 'വഹാബികള്‍' എന്നാണ് കൊളോണിയല്‍  രാഷ്ട്രീയക്കാരും എഴുത്തുകാരും ആക്ഷേപിച്ചിരുന്നത്. അവരുടെ വിമോചന സമരങ്ങളെ  പൈശാചികവല്‍ക്കരിക്കാന്‍ വേണ്ടിയായിരുന്നു അത്. പേക്ഷ ഇന്ന് സലഫിസത്തെ തെറ്റായി വായിച്ച ചിലര്‍ പലവിധ തീവ്രവാദത്തിലേക്കും പോയതിന്റെ  പേരില്‍ സലഫിസം മൊത്തമായി ആക്ഷേപത്തിന് ഇരയാകുമ്പോള്‍ 'ഒരേയൊരു ഇന്ത്യ ഒരൊറ്റ ജനത' എന്ന  സംഘ് പരിവാര്‍ മുദ്രാവാക്യം പോസ്റ്ററാക്കി മാപ്പുസാക്ഷികളാകാനല്ലാതെ, ഇസ്‌ലാമിസ്റ്റുകള്‍  തീവ്രവാദത്തെ ഇസ്‌ലാമിസത്തില്‍നിന്ന് വേര്‍പ്പെടുത്തി കാണിക്കുന്നതുപോലെ യഥാര്‍ഥ സലഫിസത്തെ തീവ്രവാദ സലഫിസത്തില്‍നിന്ന് വേര്‍പ്പെടുത്തി അവതരിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. സ്വന്തം പാരമ്പര്യത്തെ പോലും ഏറ്റെടുക്കാന്‍ കഴിയാത്ത നിസ്സഹായതയാണ് അല്ലാഹുവിന്റെ പരമാധികാരത്തെ  വെല്ലുവിളിക്കാന്‍ സെക്യുലരിസ്റ്റുകള്‍ക്ക് മതപ്രമാണം ഉണ്ടാക്കിയതിലൂടെ കേരള സലഫികള്‍ക്കുണ്ടായത്. അതിന്റെ ആത്യന്തിക ഫലമെന്തായി എന്ന് ചോദിച്ചാല്‍, കേരള സലഫികളില്‍ ഒരു വിഭാഗം അനുഷ്ഠാന തീവ്രതയിലേക്ക്  പോയപ്പോള്‍ മറ്റൊരു വിഭാഗം ലിബറലിസത്തിലേക്ക് ചാഞ്ഞു എന്നതാണ്. സാംസ്‌കാരിക ഇസ്‌ലാം വാദമുയര്‍ത്തി ഇസ്‌ലാമിനെ ഇന്ത്യനൈസ് ചെയ്യുക എന്ന ഹിന്ദുത്വ അജണ്ടക്ക് കൂട്ടുനില്‍ക്കുന്ന കാന്തപുരം സുന്നി വിഭാഗത്തിലെ ബുദ്ധിജീവികള്‍ പഠിക്കേണ്ട പാഠമാണിത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (8 - 11)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസിയുടെ സുരക്ഷിതത്വം
പി.എ സെനുദ്ദീന്‍