Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 17

3064

1439 ദുല്‍ഹജ്ജ് 05

ചെരിപ്പ്

സഈദ് ഹമദാനി വടുതല

ഉപേക്ഷിക്കാന്‍ ഉള്ളില്‍ തോന്നാത്തത് 

ഓരോ ചുവടിലും ഒപ്പമുണ്ടായിരുന്നതിനാലാണ് 

ഇഷ്ടമുള്ളത് ഓരോന്നും നഷ്ടപ്പെടുമ്പോഴും 

എന്നെയും ചുമന്ന് നീ ഒപ്പമുണ്ടായതിനാലാണ്.

 

ഉച്ചരിച്ച ഭാഷയുടെ പേരില്‍ 

ഉറഞ്ഞു തുള്ളിയപ്പോഴും 

കഴിച്ച ഭക്ഷണത്തിന്റെ പേരില്‍ 

തല്ലി തള്ളിയപ്പോഴും 

ധരിച്ച വസ്ത്രത്തിന്റെ പേരില്‍ 

വെറുപ്പിന്റെ അസ്ത്രം തൊടുത്തപ്പോഴും 

ചെയ്ത തൊഴിലിന്റെ പേരില്‍ 

തൊഴിച്ച് വീഴ്ത്തിയപ്പോഴും 

ഉപേക്ഷിക്കാത്തത്,

നീ ഒപ്പമുണ്ടായിരുന്നതു കൊണ്ടാണ്.

 

പൗരനാണെന്ന് അധികാരികള്‍ക്ക് മുമ്പില്‍ 

ആണയിട്ട് തെളിയിക്കാന്‍ 

എന്നിട്ടും നമ്മളിപ്പോഴും ഓട്ടത്തിലാണ് 

 

തെരുവില്‍ ഉപേക്ഷിക്കപ്പെട്ട ഓരോ ചെരിപ്പുകള്‍ക്കും 

ഒരുപാടുണ്ടാകും പറയാന്‍..!

തങ്ങള്‍ താങ്ങി നടന്നവരുടെ 

ഉള്ളിന്റെ കാളലുകളെക്കുറിച്ചും,

അക്രമത്തിന്റെ ആഴങ്ങളെക്കുറിച്ചും.

 

വിശ്വാസാചാരങ്ങളുടെ പേരില്‍  

കൊല്ലപ്പെട്ട  നിരപരാധികളുടെ  മക്കള്‍ 

വിറയലോടു കൂടിയാണെങ്കിലും 

സ്‌കൂള്‍ മുറ്റങ്ങളില്‍നിന്ന് പ്രതിജ്ഞകള്‍ 

ഇപ്പോഴും ഏറ്റു ചൊല്ലുന്നുണ്ടാകും; 

ഇത് എന്റെ രാജ്യമാണെന്നും 

രാജ്യക്കാര്‍ എല്ലാവരും 

എന്റെ സഹോദരീ സഹോദരന്മാരാണെന്നും..!

എന്നിട്ടും അവരെ കോര്‍ക്കാന്‍  

ചില  ഭീകര മൗനങ്ങള്‍..!

ആയുധങ്ങള്‍ക്കും നാക്കുകള്‍ക്കും മൂര്‍ച്ച കൂട്ടുകയാണ്, 

അതുകൊണ്ട് കൂടിയാണ്.

 

തേഞ്ഞ് ഉടല്‍ വറ്റി ഉരുകിയതായിട്ടും 

ചെരിപ്പേ, നിന്നെ ഞാന്‍ ഉപേക്ഷിക്കാത്തത് 

അക്രമികളായ അധികാരികളേക്കാള്‍

എനിക്ക് നീയാണ് യോഗ്യന്‍ എന്നതിനാലാണ്..

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (8 - 11)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസിയുടെ സുരക്ഷിതത്വം
പി.എ സെനുദ്ദീന്‍