Prabodhanm Weekly

Pages

Search

2018 ജൂലൈ 13

3059

1439 ശവ്വാല്‍ 28

ഫുട്‌ബോളിന് ചുറ്റും കൂട്ടം കൂടിയ അദൃശ്യ വേലികള്‍

മെഹദ് മഖ്ബൂല്‍

മതിലുകള്‍ കെട്ടാന്‍ മാത്രം കൊതി കാട്ടുന്ന ഡൊണാള്‍ഡ് ട്രംപിന്റെ കാലമാണിത്. ആരെയെല്ലാം നാടു കടത്താം, ആര്‍ക്കെല്ലാം പ്രവേശനം തടയാം എന്നൊക്കെയുള്ള തീവ്രദേശീയതയുടെ ഭരണഘടന നിര്‍മിച്ചുകൂട്ടുകയാണ് അമേരിക്കന്‍ പ്രസിഡന്റ്.

ദേശീയതയെന്നത് മനുഷ്യവികാരത്തേക്കാള്‍ മൃഗവികാരമാണെന്നെഴുതിയത് എം.എന്‍ വിജയനാണ്. മനുഷ്യര്‍ക്കുള്ളതിനേക്കാള്‍ ദേശീയബോധം പല മൃഗങ്ങള്‍ക്കുമുണ്ടെന്ന് തെളിഞ്ഞതാണത്രെ!  ടെറിറ്റോറിയല്‍ സെന്‍സ് എന്നാണതിനെ പറയാറ്. നമ്മുടെ നാട്ടില്‍ വളര്‍ത്തുന്ന ഒരു നായ വീടിന്റെ നാലതിരുകള്‍ക്കുള്ളില്‍ ഓടി നടക്കുകയും അതിനപ്പുറം പോകാതിരിക്കുകയും ആരെങ്കിലും കാലെടുത്തു വെച്ചാല്‍ കുരക്കുകയും ചെയ്യുന്നു എന്നദ്ദേഹം തുടര്‍ന്നെഴുതുന്നു. 

അഭയം തേടി, ജീവിതം യാചിച്ചെത്തുന്നവര്‍ക്കെതിരിലുള്ള നിയമങ്ങള്‍ക്കെല്ലാം കടുപ്പം കൂട്ടാന്‍ യത്‌നിച്ചുകൊണ്ടിരിക്കുന്ന ട്രംപിന്റെ കാലത്താണ് ഫുട്‌ബോള്‍ വേള്‍ഡ് കപ്പ് നടക്കുന്നത്. അതിരുകള്‍ മായ്ക്കുന്നു എന്നതാണ് ഫുട്‌ബോളിന്റെ നന്മയും ഭംഗിയുമെന്നാണ് പറയാറ്. സ്വന്തം രാജ്യത്തെ കാലുഷ്യങ്ങളില്‍നിന്ന് ഓടി രക്ഷപ്പെട്ട് കുടിയേറിയ എത്രയെത്ര പേരാണ് മറ്റു രാജ്യങ്ങള്‍ക്കു വേണ്ടി പന്തു തട്ടുന്നത്. ഫുട്‌ബോള്‍ കൊണ്ട് മാത്രം ജീവിതം തിരിച്ചുപിടിച്ചവര്‍!

സര്‍വവും നഷ്ടപ്പെട്ട് നെറികേടുകള്‍ മുളക്കാത്ത മണ്ണും തേടിയിറങ്ങിയവര്‍..

 അവര്‍ ലോകത്തിനു മുന്നില്‍ ഇങ്ങനെ നിവര്‍ന്നു നില്‍ക്കുന്നതിന് കാരണം ഫുട്‌ബോള്‍ ആണെന്ന് വരുമ്പോള്‍ കാല്‍പ്പന്തുകളിക്ക് വല്ലാതെ ചന്തമേറുന്നുണ്ടെന്നത് തീര്‍ച്ച. ആ കളിക്കാരുടെ ആഹ്ലാദങ്ങളില്‍ അതുകൊണ്ടൊക്കെത്തന്നെ രാഷ്ട്രീയവും കലരുന്നുണ്ട്.

ഇൗ വേള്‍ഡ് കപ്പില്‍ ചര്‍ച്ചയായതാണ് ഷാക്കയുടേയും ഷക്കീരിയുടെയും ആഹ്ലാദം കാട്ടലുകള്‍. ഒരു ഗോളിന് പിറകില്‍ നിന്ന സ്വിറ്റ്‌സര്‍ലാന്റിനെ രണ്ടാം പകുതിയില്‍ ജയത്തിലെത്തിച്ചത് അവരുടെ ഗോളുകളായിരുന്നു. രണ്ടു പേരുടെയും ആഹ്ലാദപ്രകടനത്തിലെ സാമ്യമാണ് ലോകം ശ്രദ്ധിച്ചത്. കൈകള്‍ കുറുകെ വെച്ച് ഷക്കീരിയും ഷാക്കയും തീര്‍ത്തത് അല്‍ബേനിയന്‍ പതാകയിലുള്ള  ഈഗിളിനെയായിരുന്നു. സെര്‍ബിയയായിരുന്നു അഭയാര്‍ഥികളായി അവര്‍ സ്വിറ്റ്‌സര്‍ലാന്റില്‍ എത്താന്‍ കാരണം. സെര്‍ബിയക്കെതിരായ ജയത്തില്‍ അവര്‍ക്ക് അത്യാഹ്ലാദിക്കാതിരിക്കാന്‍ വയ്യ. കൊസോവയില്‍ ജനിച്ച ഷക്കീരി സ്വിറ്റ്‌സര്‍ലാന്റിലേക്ക് പലായനം ചെയ്യുകയായിരുന്നു. പഴയ യുഗോസ്ലാവിയയില്‍ രാഷ്ട്രീയത്തടവുകാരനായിരുന്നു ഷാക്കയുടെ പിതാവ്. യുദ്ധങ്ങളും അധിനിവേശങ്ങളും കൊണ്ട്  ജീവിതം നാശമായവര്‍ ഫുട്‌ബോള്‍ കൊണ്ടെങ്കിലും ദേഷ്യം തീര്‍ക്കുകയായിരുന്നു.

അഭയം തേടി മറുനാടുകളിലെത്തി വലിയ ഫുട്‌ബോള്‍ താരങ്ങളായ ഒട്ടേറെ പേരുണ്ട്. ഫ്രാന്‍സിന്റെ സിനദിന്‍ സിദാനും സ്വീഡന്റെ ഇബ്‌റാഹീമോവിച്ചും ബെല്‍ജിയത്തിന്റെ അദ്‌നാന്‍ ജനുസാജുമെല്ലാം അങ്ങനെ രാജ്യം മാറിയവരാണ്. ഈ കാഴ്ചകള്‍ കാണുമ്പോള്‍ ഫുട്‌ബോള്‍ അന്ധമായ ദേശീയതയുടെ വേലികള്‍ തകര്‍ക്കുന്ന ഒന്നാണല്ലോ എന്ന് കരുതാന്‍ തോന്നും. അത്ര ആശ്വാസകരമല്ല കാര്യങ്ങളെന്ന് ബോധ്യമാകും കമല്‍റാം സജീവിന്റെ 'ന്യൂസ് ഡസ്‌കിലെ കാവിയും ചുവപ്പും' എന്ന പുസ്തകം വായിക്കുമ്പോള്‍.

ഫുട്‌ബോള്‍ ചര്‍ച്ചയാവുന്ന 'ബെക്കാമിനും ബാറ്റിസ്റ്റ്യൂട്ടക്കും പൊതുവായുള്ളത്' എന്ന ലേഖനത്തില്‍ മായാത്ത വിവേചനങ്ങളെ പറ്റിയെഴുതുന്നു കമല്‍ റാം.

 '96- ല്‍ നടന്ന യൂറോ കപ്പില്‍ ഫ്രാന്‍സ് പുറത്തായപ്പോള്‍ ഫ്രാന്‍സ് വിരുദ്ധരേക്കാള്‍ സന്തോഷം കൊണ്ടത് ഫ്രാന്‍സിലെ തീവ്ര വലതുപക്ഷ നേതാവ് ഴാങ് മേരി ലീപെന്നായിരുന്നുവത്രെ! ഘാനക്കാരന്‍ ക്യാപ്റ്റന്‍ മാഴ്‌സെ ദെസെലിയും അള്‍ജീരിയക്കാരനായ വാച്ച്മാന്റെ മകന്‍ സിദാനും അടങ്ങുന്ന ഫ്രഞ്ച് ടീം കപ്പ് നേടില്ലെന്ന് പ്രവചിച്ചിരുന്നവരില്‍ ഒരാളായിരുന്നു ലീപെന്‍.

ഫ്രഞ്ച് ദേശീയ ഗാനം തെറ്റുകൂടാതെ ചൊല്ലാന്‍ പറ്റാത്ത ഇവരാണോ രാഷ്ട്രത്തിനു വേണ്ടി ഫുട്‌േബാള്‍ ജയിക്കാന്‍ പോകുന്നത് എന്നായിരുന്നു ലീപെന്‍ ചോദിച്ചത്. 

സെനഗലില്‍നിന്നുള്ള മിഡ്ഫീല്‍ഡറും വെസ്റ്റ് ഇന്റീസിലും അര്‍മീനിയയിലും അര്‍ജന്റീനയിലും വംശബന്ധമുള്ള സ്‌ട്രൈക്കര്‍മാരും സിദാനും ദെസെലിക്കുമൊപ്പം ചേരുമ്പോള്‍ 'രാഷ്ട്ര'ത്തിന് എങ്ങനെ ജയിക്കാന്‍ കഴിയും എന്ന ലീപെന്റെ ചോദ്യം ഫ്രഞ്ച്  തെരഞ്ഞെടുപ്പിലെ മുദ്രാവാക്യമായതിനെ പറ്റിയും കമല്‍ റാം വിശകലനം ചെയ്യുന്നുണ്ട്. 

യൂറോ-96-ല്‍നിന്ന് ഫ്രാന്‍സ് പുറത്തായപ്പോള്‍ മാഴ്‌സെയില്‍ പ്രകടനം നടത്തിയ ലീപെന്‍ അനുകൂലികള്‍ മുസ്‌ലിം വീടുകള്‍ തെരഞ്ഞു പിടിച്ച് ആക്രമിക്കുകയും ചെയ്തു. 

'ഗോള്‍ അടിക്കുമ്പോള്‍ ഞാനവര്‍ക്ക് റൊമേലു ലുക്കാക്കുവാണ്. അല്ലാത്തപ്പോള്‍ കോംഗോ വംശജനായ ലുക്കാക്കുവും' എന്ന് ഈയിടെ തുറന്നു പറഞ്ഞത് ബെല്‍ജിയം താരം ലുക്കാക്കുവാണ്.

 കെ.ആര്‍ നാരായണനെ രാഷ്ട്രപതിയാക്കുമ്പോള്‍  ഇന്ത്യയിലെ ദലിതരുടെ പ്രശ്‌നങ്ങളെ ഭരണകൂടം  പോസിറ്റീവായി അഭിസംബോധന ചെയ്യുകയാണെന്ന് ധരിച്ചതുപോലെ, അബ്ദുല്‍ കലാമിനെ പ്രസിഡന്റാക്കുമ്പോള്‍ ഇന്ത്യന്‍ മുസ്‌ലിമിന്റെ നിലനില്‍പ്പിനെ ക്രിയാത്മകമായി അഭിമുഖീകരിക്കുകയാണെന്ന് തെറ്റിദ്ധരിക്കുന്നതുപോലെ ഒന്നാണ് ഗ്ലോബല്‍ ഫുട്‌ബോളിന്റെ കാലഘട്ടത്തില്‍ അള്‍ജീരിയന്‍  വംശജനായ സിനദിന്‍ സിദാന്റെ താരപദവിയും ഫ്രാന്‍സിലെ മുസ്‌ലിംകളുടെ അവസ്ഥയും തമ്മിലുള്ള വൈജാത്യം എന്നുകൂടി പറഞ്ഞുവെക്കുന്നുണ്ട് കമല്‍ റാം.

1998 വേള്‍ഡ് കപ്പ് ഫൈനലില്‍ നൈക്കി കമ്പനിക്കു വേണ്ടി മാത്രം, ഒട്ടും വയ്യാതിരുന്ന റൊണാള്‍ഡോ ബ്രസീലിനു വേണ്ടി കളിക്കാനിറങ്ങിയ കഥകള്‍ വായിക്കുമ്പോള്‍ കളിക്ക് പിന്നില്‍ നടക്കുന്ന കളികളുടെ ആഴം വ്യക്തമാകും. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും കച്ചവടത്തിന്റെയുമൊക്കെ ബ്രാന്റ് അംബാസഡറായി  ഫുട്‌ബോള്‍ മാറുന്ന മറ്റു ചില ദൃശ്യങ്ങള്‍ക്കു കൂടി ഗ്രന്ഥകാരന്‍ അക്ഷരം നല്‍കുന്നുണ്ട് ഈ പുസ്തകത്തില്‍. 

ഒരുപാട് മതിലുകള്‍ തകര്‍ക്കുമ്പോഴും അദൃശ്യങ്ങളായ ഒട്ടേറെ അതിര്‍ത്തികള്‍ ഫുട്‌ബോളിന് ചുറ്റും സ്ഥിതി ചെയ്യുന്നുണ്ടെന്ന് സാരം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (78-80)
എ.വൈ.ആര്‍

ഹദീസ്‌

മൂന്ന് വസ്വിയ്യത്തുകള്‍
പി.എ ശറഫുദ്ദീന്‍