Prabodhanm Weekly

Pages

Search

2018 ജൂലൈ 13

3059

1439 ശവ്വാല്‍ 28

മറന്നുകൊണ്ട് ഇമാം അഞ്ചാം റക്അത്തിലേക്ക് എഴുന്നേറ്റാല്‍

ഇല്‍യാസ് മൗലവി

ഞങ്ങള്‍ ജമാഅത്തായി അസ്വ്ര്‍ നമസ്‌കരിക്കുകയായിരുന്നു. ഇമാം റക്അത്തുകളുടെ എണ്ണം മറന്ന് അഞ്ചാം റക്അത്തിലേക്ക് എഴുന്നേറ്റു. പിന്നില്‍നിന്ന് ഒരാള്‍ തസ്ബീഹ് ചൊല്ലി ഓര്‍മിപ്പിച്ചെങ്കിലും അദ്ദേഹം തുടരുകയാണുണ്ടായത്. നമസ്‌കാരശേഷം ഇമാമിന് തെറ്റുപറ്റിയതായി പിന്നില്‍നിന്ന് നമസ്‌കരിച്ചവരില്‍ ഭൂരിഭാഗം പേരും പറഞ്ഞു. അപ്പോള്‍ അവരോട് ഇമാം വീണ്ടും നമസ്‌കരിക്കാന്‍ ആവശ്യപ്പെട്ടു. അവരങ്ങനെ ചെയ്തു. എന്നാല്‍ ഇമാമോ, ബാക്കിയുള്ളവരോ നമസ്‌കരിച്ചുമില്ല. ഇത് ശരിയാണോ?

ഒറ്റക്ക് നമസ്‌കരിക്കുന്ന വേളയിലും, ഇമാമായി നമസ്‌കരിക്കുന്ന സന്ദര്‍ഭത്തിലും റക്അത്തുകളുടെ എണ്ണത്തില്‍ സംശയം വന്നാല്‍ ഉറപ്പായ എണ്ണം (കുറഞ്ഞത്) പരിഗണിച്ച് ഒരു റക്അത്ത് കൂടി നമസ്‌കരിച്ച്, സലാം വീട്ടും മുമ്പായി 'സഹ്‌വി'ന്റെ/മറവിയുടെ രണ്ട് സുജൂദുകള്‍ ചെയ്യുകയാണ് വേണ്ടത്. ഇമാമിനെ ഉണര്‍ത്താന്‍ പിന്നില്‍നിന്ന് ആരെങ്കിലും തസ്ബീഹ് ചൊല്ലിയാല്‍, അത് ഗൗനിക്കാതെ തന്റെ ഉറച്ച ബോധ്യമനുസരിച്ച് ഇമാമിന് പ്രവര്‍ത്തിക്കാവുന്നതാണ്. തസ്ബീഹ് ചൊല്ലിയത് പരിഗണിച്ചില്ലെങ്കിലും പ്രശ്‌നമില്ല എന്നര്‍ഥം.

അബ്ദുല്ല (റ) നിവേദനം ചെയ്യുന്നു: നബി (സ) ഒരിക്കല്‍ ളുഹ്ര്‍ നമസ്‌കാരം അഞ്ച് റക്അത്ത് നമസ്‌കരിച്ചു. സലാം വീട്ടിയപ്പോള്‍ നമസ്‌കാരത്തിന്റെ റക്അത്തുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ടോ എന്ന് പ്രവാചകനോട് ആരോ ചോദിച്ചു. എന്തേ അങ്ങനെ പറയാന്‍ എന്ന് നബി (സ) അന്വേഷിച്ചപ്പോള്‍, ഇപ്പോള്‍ അഞ്ച് റക്അത്താണ് നമസ്‌കരിച്ചതെന്ന് അവര്‍ മറുപടി നല്‍കി. ഉടനെ നബി(സ) രണ്ട് സുജൂദ് ചെയ്തു (മുസ്‌ലിം: 1309).

ഇതിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി പറയുന്നു: മാലിക്, ശാഫിഈ, അഹ്മദ് തുടങ്ങി മുന്‍ഗാമികളും പിന്‍ഗാമികളുമായ പണ്ഡിതന്മാരില്‍ ഭൂരിഭാഗത്തിന്റെ വീക്ഷണത്തിന് ഈ ഹദീസില്‍ തെളിവുണ്ട്. അവരുടെ മദ്ഹബ് പ്രകാരം, മറന്നുകൊണ്ട് ആരെങ്കിലും തന്റെ നമസ്‌കാരത്തില്‍ ഒരു റക്അത്ത് അധികമായി നിര്‍വഹിച്ചാല്‍ അയാളുടെ നമസ്‌കാരം ബാത്വിലാവുകയില്ല. മാത്രമല്ല, സലാം വീട്ടിയ ശേഷം ഓര്‍മ വന്നാലും അയാളുടെ നമസ്‌കാരം സാധുവായിട്ടു തന്നെ പരിഗണിക്കപ്പെടും. സലാം വീട്ടിയ ഉടനെയാണ് ഓര്‍മ വരുന്നതെങ്കിലും സഹ്‌വിന്റെ സുജൂദ് ചെയ്യാം. എന്നാല്‍ കുറേകഴിഞ്ഞ ശേഷമാണ് ഓര്‍മ വരുന്നതെങ്കില്‍ സഹ്‌വിന്റെ സുജൂദ് ചെയ്യേണ്ടതില്ല. ശാഫിഈ മദ്ഹബ് പ്രകാരം, മറവി കാരണം നമസ്‌കാരത്തിനിടെ അതില്‍തന്നെ പെടുന്ന കാര്യങ്ങള്‍ അധികമായി സംഭവിച്ചാല്‍ അത് നമസ്‌കാരത്തെ ബാത്വിലാക്കുകയില്ല. അധികം സംഭവിക്കുന്നത് റുകൂഓ സുജൂദോ, ഇനി ഒന്നോ അതിലധികമോ റക്അത്തുകള്‍ തന്നെയോ ആയാലും, മറവി മൂലമാണെങ്കില്‍ അത്തരം സന്ദര്‍ഭങ്ങളിലെല്ലാം തന്നെ നമസ്‌കാരം സാധുവാകുന്നു. എന്നാല്‍ അഭികാമ്യമെന്ന നിലക്ക് സഹ്‌വിന്റെ സുജൂദ് ചെയ്യേണ്ടതാണ്, നിര്‍ബന്ധം എന്ന നിലക്കല്ല (ശറഹു മുസ്ലിം: 890).

എന്നാല്‍ മറവി മൂലം ഇമാമിന് ലഭിക്കുന്ന ഈ ഇളവ് പക്ഷേ, ഇമാം അഞ്ചാമത്തെ റക്അത്തിലേക്ക് നീങ്ങുകയാണ് എന്ന് അറിയാവുന്ന മഅ്മൂമുകള്‍ക്ക് ലഭിക്കില്ല. ഈ ഹദീസ് പ്രകാരം അവര്‍ക്കും ആ ഇളവ് ലഭിക്കില്ലേ എന്ന് ന്യായമായും ഒരാള്‍ക്ക് ചോദിക്കാം. എന്നാല്‍ നബി(സ)യുടെ പിന്നില്‍ നമസ്‌കരിച്ചിരുന്ന സ്വഹാബിമാര്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് കൃത്യമായ ധാരണയുണ്ടായിരുന്നില്ല എന്ന് വ്യക്തമാണ്. കാരണം വഹ്‌യ് അവതരിച്ചുകൊണ്ടിരുന്ന കാലമായിരുന്നതിനാല്‍ നമസ്‌കാരം കൂടാനും കുറയാനുമൊക്കെ സാധ്യതയുമുണ്ട്. അതുകൊണ്ടാണ്, 'അല്ലാഹുവിന്റെ റസൂലേ, നമസ്‌കാരത്തില്‍ വര്‍ധനവുണ്ടായോ?' എന്ന് അവര്‍ ചോദിച്ചത് (നിഹായതുല്‍ മുഹ്താജ്: 5/215 ).

അതുകൊണ്ട് ഇമാമിന്റെ പിന്നില്‍ മഅ്മൂമായി നമസ്‌കരിക്കുന്നവര്‍ ഇമാം ഒരു റക്അത്ത് അധികം നമസ്‌കരിക്കുകയാണ് എന്ന് ഉറച്ച ബോധ്യമുള്ളവരാണെങ്കില്‍ തുടരാന്‍ പാടില്ല. കാരണം, കൃത്യമായി എണ്ണം നിര്‍ണയിക്കപ്പെട്ട നമസ്‌കാരങ്ങളില്‍ റക്അത്തുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് ഒരു നിലക്കും അനുവദനീയമല്ല. മനഃപൂര്‍വം അങ്ങനെ ചെയ്താല്‍ ആ നമസ്‌കാരം ബാത്വിലാണ്. മടക്കി നമസ്‌കരിക്കല്‍ നിര്‍ബന്ധവുമാണ്.

ഇവിടെ സംഭവിച്ചതുപോലെ നാലു റക്അത്ത് കഴിഞ്ഞ് നമസ്‌കാരം അവസാനിപ്പിക്കാതെ ഇമാം അഞ്ചാമത്തെ റക്അത്തിലേക്ക് എഴുന്നേറ്റപ്പോള്‍ അത് ശരിക്കും അഞ്ചാമത്തെ റക്അത്ത് തന്നെയാണ് എന്ന് ഉറപ്പുളളവരും എഴുന്നേറ്റു നില്‍ക്കുകയാണ് ചെയ്തത്. അതിനാല്‍ അവരുടെ നമസ്‌കാരം ബാത്വിലാണ്. കൂടാതെ സംശയത്തിന്റെയും മറവിയുടെയും ആനുകൂല്യം അവര്‍ക്കില്ലാത്തതിനാല്‍ അവര്‍ അത് വീണ്ടും മടക്കി നമസ്‌കരിക്കേണ്ടതാണ്. എന്നാല്‍ ഇമാമോ, ഇമാമിനെപ്പോലെ, റക്അത്തുകളുടെ എണ്ണത്തില്‍ ഉറച്ച ബോധ്യമില്ലാത്ത മഅ്മൂമുകളോ ഇങ്ങനെ നമസ്‌ക്കരിക്കേണ്ടതില്ല. അവരും സംശയത്തിന്റെയും മറവിയുടെയും ആനുകൂല്യത്തിന് അര്‍ഹരാണ് എന്നതാണ് അതിന്റെ ന്യായം. അതോടൊപ്പംതന്നെ അങ്ങനെ ഒരു റക്അത്ത് അധികം നമസ്‌കരിച്ചവര്‍ സലാം വീട്ടുംമുമ്പായി സഹ്‌വിന്റെ രണ്ട് സുജൂദുകള്‍ ചെയ്യേണ്ടതാണ്. സഹ്‌വിന്റെ സുജൂദ് നിര്‍ബന്ധമല്ലാത്തതിനാല്‍ വിട്ടുപോയാലും പ്രശ്‌നമില്ല.

ഇമാം സകരിയ്യല്‍ അന്‍സാരി പറയുന്നു: ഇമാം മറന്നുകൊണ്ട് അഞ്ചാമത്തെ റക്അത്തിലേക്ക് എഴുന്നേറ്റാല്‍ അദ്ദേഹത്തെ തുടരുന്നത് മഅ്മൂമിന് അനുവദനീയമല്ല (അസ്‌നല്‍ മത്വാലിബ്: 1/194). ഇമാമിനെ സംബന്ധിച്ചേടത്തോളം അദ്ദേഹത്തിന് അനുകൂലമായി പരിഗണിക്കപ്പെടാത്തതും, അദ്ദേഹത്തിന് അബദ്ധം പിണഞ്ഞതുമായ റക്അത്താണത് എന്നതിനാലാണിതെന്ന് ഇമാം നവവി വിശദീകരിച്ചിട്ടുണ്ട് (ശറഹുല്‍ മുഹദ്ദബ്: 4/145).

സമാനമായ ഒരു ചോദ്യത്തിന് ഇമാം ഇബ്‌നുഹജര്‍ അല്‍ഹൈതമി കൊടുത്ത ഫത്‌വയില്‍ ഇങ്ങനെ കാണാം: 

അഞ്ചാമത്തെ റക്അത്ത് പോലെ, ഇമാം അശ്രദ്ധ കാരണം ഒരു റക്അത്ത് അധികം നമസ്‌കരിക്കാനായി എഴുന്നേറ്റാല്‍, അദ്ദേഹത്തെ തുടരുക എന്നത് മഅ്മൂമിന് അനുവദനീയമല്ല. അത് തന്റെ നമസ്‌കാരത്തിലെ ഒരു റക്അത്തില്‍ സംശയം ഉള്ളവനാകട്ടെ, അല്ലെങ്കില്‍ റക്അത്ത് നഷ്ടപ്പെട്ട് മസ്ബൂകായവനാകട്ടെ, ഇമാം ചെയ്യുന്നത് അധികമാണെന്ന് അറിഞ്ഞാലും, അങ്ങനെയാണെന്ന് ധരിച്ചാലും തുടരാന്‍ പാടില്ല. അഥവാ, അറിഞ്ഞിട്ടും ബോധപൂര്‍വം തുടര്‍ന്നാല്‍ അയാളുടെ നമസ്‌കാരം ബാത്വിലായി.... (അല്‍ഫതാവല്‍ ഫിഖ്ഹിയ്യല്‍ കുബ്‌റാ: 1/241)

ഇമാം അഞ്ചാമത്തെ റക്അത്തിലേക്ക് എഴുന്നേല്‍ക്കുകയും, പിന്നിലുള്ളവര്‍ തസ്ബീഹ് ചൊല്ലി അക്കാര്യം ഉണര്‍ത്തിയിട്ടും ഇമാം അത് ഗൗനിക്കാതെ, തനിക്ക് മറവി സംഭവിച്ചിട്ടില്ലെന്ന് ധരിച്ച് തുടരുകയും ചെയ്താല്‍ പിന്നിലുള്ളവര്‍ ആ ഇമാമിനെ തുടരണോ വേണ്ടേ എന്ന് ചോദിച്ചപ്പോള്‍ ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ ഇങ്ങനെ പറഞ്ഞു:

അറിവില്ലാത്ത നിലയിലാണ് പിന്നിലുള്ളവര്‍ തുടര്‍ന്നതെങ്കില്‍ നമസ്‌കാരം ബാത്വിലാവുകയില്ല. എന്നാല്‍ അറിഞ്ഞുകൊണ്ട് ഒരിക്കലും ആ ഇമാമിനെ തുടരാവതല്ല. മറിച്ച് അദ്ദേഹം തിരിച്ചു വന്ന് സലാം വീട്ടുവോളം കാത്തിരിക്കുകയോ, അദ്ദേഹത്തിനു മുമ്പ് സലാം വീട്ടുകയോ ചെയ്യേണ്ടതാണ്, കാത്തിരിക്കലാണ് ഉത്തമം (മജ്മൂഉല്‍ ഫതാവാ: 23/53).

 

മറവിയുടെ സുജൂദിനുള്ള കാരണങ്ങള്‍

1) ശാഫിഈ മദ്ഹബ് പ്രകാരം ഏതെങ്കിലും അബ്ആള് സുന്നത്ത് ബോധപൂര്‍വമോ അല്ലാതെയോ ഉപേക്ഷിക്കുക (ഉദാ: ഖുനൂത്ത്, ഒന്നാമത്തെ അത്തഹിയ്യാത്ത്). ഇവയില്‍നിന്ന് ഒരു അക്ഷരം ഉപേക്ഷിച്ചാലും സുജൂദ് സുന്നത്താണ്.

ഖുനൂത്ത് ഓതാത്ത ഇമാമിനെ തുടര്‍ന്ന ശാഫിഇയ്യായ മഅ്മൂം, ഇമാം ഖുനൂത്ത് ഉപേക്ഷിച്ചാല്‍ സഹ്വിന്റെ സുജൂദ് ചെയ്യണം. മഅ്മൂം ഖുനൂത്ത് ഓതിയാലും ഇത് സുന്നത്താണ്. അവന്റെ ഇമാം അത് ഓതിയിട്ടില്ലെന്നതുകൊണ്ടാണിത്.

അബ്ആളില്‍ പെടാത്ത ഏതെങ്കിലും സുന്നത്ത് ഉപേക്ഷിച്ചാല്‍ (ഉദാ: റുകൂഇലെ ദിക്റുകള്‍) സുജൂദ് സുന്നത്തില്ല. അതറിഞ്ഞിട്ടും ബോധപൂര്‍വം സഹ്വിന്റെ സുജൂദ് ചെയ്താല്‍ നമസ്‌കാരം ബാത്വിലാകും.

2) നിര്‍ണിതമായ ഒരു അബ്ആള് സുന്നത്ത് ചെയ്‌തോ ഇല്ലയോ എന്ന് സംശയിക്കുക (ഉദാ: ഖുനൂത്ത് ഓതിയോ ഇല്ലയോ എന്ന സംശയം).

3) നിര്‍ബന്ധമായിട്ടോ, സുന്നത്തായിട്ടോ ചൊല്ലാന്‍ നിര്‍ദേശമുള്ള വാചകം മറന്നുകൊണ്ടോ ബോധപൂര്‍വമോ സ്ഥലം മാറ്റി ചൊല്ലുക. ഉദാഹരണം: ഓതല്‍ നിര്‍ബന്ധമായ ഫാത്തിഹ നിറുത്തത്തിലല്ലാത്ത സമയത്തോ, ഓതല്‍ സുന്നത്തായ ഖുനൂത്ത് അവസാനത്തെ ഇഅ്ത്തിദാലിനു മുമ്പോ ശേഷമോ, ഹൈആത്ത് സുന്നത്തില്‍പെട്ട സൂറത്ത് ഓതല്‍ നിറുത്തത്തില്‍ അല്ലാത്ത സമയത്തോ ഓതുന്നത് പോലെ.

അതേസമയം, ചൊല്ലണമെന്ന നിര്‍ദേശമുള്ള നമസ്‌കാരത്തിന്റെ തുടക്കത്തില്‍ ചൊല്ലുന്ന തക്ബീറത്തുല്‍ ഇഹ്റാമോ അവസാനം ചൊല്ലേണ്ട സലാമോ, അതുപോലെ ചെയ്യണമെന്ന നിര്‍ദേശമുള്ള സുജൂദ് പോലുള്ള കര്‍മങ്ങളോ ബോധപൂര്‍വം മറ്റൊരു സ്ഥലത്തേക്ക് മാറ്റിയാല്‍ നമസ്‌കാരം തന്നെ അസാധുവാകും.

4) മനപ്പൂര്‍വം ചെയ്താല്‍ നമസ്‌കാരം ബാത്വിലാകുന്ന കാര്യം മറന്നുകൊണ്ട് ചെയ്യുക. ഉദാ: ഇഅ്തിദാല്‍ പോലെയുള്ള ഹ്രസ്വ ഫര്‍ദുകളെ, അവയില്‍ ചൊല്ലേണ്ട ദിക്റുകള്‍ക്കാവശ്യമായ സമയത്തേക്കാള്‍ ദീര്‍ഘിപ്പിക്കുക. ഇത് മനപ്പൂര്‍വം ചെയ്താല്‍ നമസ്‌കാരം ബാത്വിലാകും. അത്തരം കാര്യങ്ങള്‍ മറന്നു ചെയ്താല്‍ സഹ്വിന്റെ സുജൂദ് ചെയ്താല്‍ മതി.

5) വര്‍ധിച്ചിരിക്കാന്‍ ഇടയുണ്ടെന്ന് നമസ്‌കരിച്ചതിനെക്കുറിച്ച് സംശയമുണ്ടാവുക. ഉദാ: അസ്വ്ര്‍ നമസ്‌കാരം, നാലാം റക്അത്താണോ അതോ മൂന്നാം റക്അത്താണോ നമസ്‌കരിച്ചത് എന്ന് സംശയിക്കുക. ഇങ്ങനെ സംശയിക്കുമ്പോള്‍ നമസ്‌കരിച്ചത് മൂന്നാണെന്ന് കരുതി ഒരു റക്അത്ത് കൂടി നമസ്‌കരിക്കുകയാണ് വേണ്ടത്. അത് അഞ്ചാമത്തേതാവാനും സാധ്യതയുള്ളതിനാല്‍ മറവിയുടെ സുജൂദ് ചെയ്യണം.

6) മേല്‍ വിവരിച്ച കാരണങ്ങളില്‍ ഒന്ന് ഇമാമില്‍നിന്നുണ്ടായാല്‍ മഅ്മൂം സുജൂദ് ചെയ്യണം. അതുണ്ടായത് ഇമാമിനോട് തുടരുന്നതിനു മുമ്പാണെങ്കിലും, ഇമാം സുജൂദ് ചെയ്തില്ലെങ്കിലും മഅ്മൂം സുജൂദ് ചെയ്യണം. ഇമാം സുജൂദ് ചെയ്താല്‍ അതിന്റെ കാരണം അറിയില്ലെങ്കിലും മഅ്മൂം സുജൂദ് ചെയ്യണം. ഇല്ലെങ്കില്‍ മഅ്മൂമിന്റെ നമസ്‌കാരം അസാധുവാകും. വൈകി തുടര്‍ന്നയാള്‍ തന്റെ ഇമാമിനോടു കൂടി സുജൂദ് ചെയ്താലും തന്റെ നമസ്‌കാരത്തിനൊടുവില്‍ സുജൂദ് മടക്കണം.

മറവിയുടെ സുജൂദിന്റെ ഏതെങ്കിലും കാരണം മഅ്മൂമില്‍നിന്ന് അയാള്‍ മഅ്മൂമായിരിക്കെ ഉണ്ടായാല്‍ അയാള്‍ സുജൂദ് ചെയ്യരുത്.

ഒന്നിലധികം കാരണങ്ങളുണ്ടായാലും രണ്ട് സുജൂദുകള്‍ മാത്രം മതി. സുജൂദ് ചെയ്യാതെ ബോധപൂര്‍വം സലാം വീട്ടിയാല്‍ സുജൂദിനുള്ള അവസരം പൂര്‍ണമായി നഷ്ടപ്പെടും. മറന്നുകൊണ്ടാണ് സലാം വീട്ടിയതെങ്കില്‍ പെട്ടെന്ന് (നമസ്‌കാരം ബാത്വിലാകുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനു മുമ്പായി) നമസ്‌കാരത്തിലേക്ക് മടങ്ങി സുജൂദ് ചെയ്യാവുന്നതാണ്. ശേഷം വീണ്ടും സലാം വീട്ടണം.

നമസ്‌കാരത്തില്‍ മറവി കൊണ്ടോ മറ്റോ സംഭവിക്കുന്ന ചില കുറവുകള്‍ പരിഹരിക്കുന്നതിനു വേണ്ടി സലാം വീട്ടുന്നതിനു മുമ്പായി ചെയ്യുന്ന രണ്ട് സുജൂദുകള്‍ക്കാണ് സഹ്‌വിന്റെ സുജൂദ് എന്ന് പറയുന്നത്.  എല്ലാ കുറവുകളും ഈ സുജൂദ് കൊണ്ട് പരിഹരിക്കപ്പെടുകയില്ല.  ശാഫിഈ മദ്ഹബ് പ്രകാരം പ്രധാനമായും മൂന്ന് കാരണങ്ങള്‍ കൊണ്ടാണ് സഹ്‌വിന്റെ സുജൂദ് സുന്നത്താകുന്നത്:

ഒന്ന്, ആദ്യത്തെ അത്തഹിയ്യാത്ത് പൂര്‍ണമായോ ഭാഗികമായോ ഒഴിവാക്കുക, അല്ലെങ്കില്‍ ആദ്യത്തെ അത്തഹിയ്യാത്തില്‍ നബിയുടെ പേരിലുള്ള സ്വലാത്ത് ഒഴിവാക്കുക, അല്ലെങ്കില്‍ നമസ്‌കാരത്തിന്റെ ഭാഗമായി വരുന്ന ഖുനൂത്ത് (സ്വുബ്ഹ് നമസ്‌കാരത്തിലും റമദാനിലെ അവസാനത്തെ പകുതിയിലെ വിത്‌റിലുമുള്ള ഖുനൂത്ത്) പൂര്‍ണമായോ ഭാഗികമായോ ഒഴിവാക്കുക, അല്ലെങ്കില്‍ പ്രസ്തുത ഖുനൂത്തില്‍ നബിയുടെ പേരിലുള്ള സ്വലാത്ത് ഒഴിവാക്കുക. ഇങ്ങനെ സംഭവിച്ചാല്‍ സഹ്‌വിന്റെ സുജൂദ് പ്രത്യേകം സുന്നത്തുണ്ട്. ഒഴിവാക്കിയത് മറന്നുകൊണ്ടാണെങ്കിലും മനപ്പൂര്‍വമാണെങ്കിലും സുജൂദ് ചെയ്യല്‍ സുന്നത്താണ്. നമസ്‌കാരത്തിന്റെ ഭാഗമല്ലാത്ത നാസിലത്തിന്റെ ഖുനൂത്ത് ഒഴിവാക്കിയാല്‍ സുജൂദ് ചെയ്യേണ്ടതില്ല; ചെയ്താല്‍ നമസ്‌കാരം ബാത്വിലാകുന്നതുമാണ്.

രണ്ട്, നമസ്‌കാരത്തില്‍ മനപ്പൂര്‍വം ചെയ്താല്‍ ബാത്വിലാകുന്ന കാര്യം മറന്ന് ചെയ്യുക. ചെറിയ രീതിയിലുള്ള സംസാരം മറന്ന് ഉണ്ടാകും പോലെ, അല്ലെങ്കില്‍ ഫിഅ്‌ലിയ്യായ ഒരു ഫര്‍ദിനെ മറന്ന് അധികരിപ്പിക്കും പോലെ. ചെറിയ രീതിയിലുള്ള സംസാരം മനപ്പൂര്‍വം ചെയ്താല്‍ നമസ്‌കാരം ബാത്വിലാകും. എന്നാല്‍ മറന്ന് ചെയ്താല്‍ ബാത്വിലാകില്ല. പക്ഷേ അവന് സഹ്‌വിന്റെ സുജൂദ് സുന്നത്തുണ്ട്. അതു പോലെ തന്നെ ഒരാള്‍ റുകൂഓ, സുജൂദോ അനുവദിക്കപ്പെട്ടതിലുമപ്പുറം അധികരിപ്പിച്ചാല്‍ മനപ്പൂര്‍വമാണെങ്കില്‍ നമസ്‌കാരം ബാത്വിലാകും, മറന്നുകൊണ്ടാണെങ്കില്‍ ബാത്വിലാകില്ല, എങ്കിലും സഹ്‌വിന്റെ സുജൂദ് ചെയ്യല്‍ സുന്നത്താണ്. എന്നാല്‍ നമസ്‌കാരത്തില്‍ തിരിഞ്ഞുനോക്കല്‍ പോലെയുള്ള, മനപ്പൂര്‍വം ചെയ്താലും മറന്നു ചെയ്താലും ബാത്വിലാകാത്ത കാര്യങ്ങള്‍ ചെയ്താല്‍ സുജൂദ് സുന്നത്തില്ല. പക്ഷേ നമസ്‌കാരത്തില്‍ ചൊല്ലേണ്ട,  നിര്‍ബന്ധമോ സുന്നത്തോ ആയ സൂറത്തുകളും ദിക്‌റുകളും മറ്റും അതിന്റെ സ്ഥാനം തെറ്റി ചൊല്ലിയാല്‍, മനപ്പൂര്‍വം ആണെങ്കില്‍ പോലും നമസ്‌കാരം ബാത്വിലാകുന്നില്ലെങ്കിലും സഹ്‌വിന്റെ സുജൂദ് ചെയ്യല്‍ സുന്നത്തുണ്ട്. തക്ബീറതുല്‍ ഇഹ്‌റാമും സലാം വീട്ടലും ഇതില്‍നിന്ന് വ്യത്യസ്തമാണ്. അവ മനപ്പൂര്‍വം സ്ഥാനം തെറ്റിച്ച് ചൊല്ലിയാല്‍ നമസ്‌കാരം ബാത്വിലാകുന്നതും മറന്നു ചെയ്താല്‍ നമസ്‌കാരത്തിന് കുഴപ്പമില്ലെങ്കിലും സഹ്‌വിന്റെ സുജൂദ് ചെയ്യേണ്ടതുമാണ്.

മൂന്ന്, ഫിഅ്‌ലിയ്യായ ഒരു റുക്‌ന് (റുകൂഅ്, ഇഅ്തിദാല്‍, സുജൂദ്, ഇടയിലുള്ള ഇരുത്തം, അവസാനത്തെ അത്തഹിയ്യാതിനുള്ള ഇരുത്തം പോലുള്ളവ) ചെയ്തിട്ടുണ്ടോ ഇല്ലേ എന്ന സംശയത്തോടു കൂടി ചെയ്യുക. ഇങ്ങനെ സംഭവിച്ചാല്‍ സഹ്‌വിന്റെ സുജൂദ് സുന്നത്തുണ്ട്. ഒരാള്‍ സുജൂദ് ചെയ്‌തോ ഇല്ലയോ എന്ന് സംശയിച്ചാല്‍ അത് ഒന്നുകൂടി ചെയ്യുകയും സഹ്‌വിന്റെ സുജൂദ് നടത്തുകയും വേണം. ഒരാള്‍ നമസ്‌കാരത്തിന്റെ റക്അത്തുകളുടെ എണ്ണത്തില്‍ സംശയിച്ചാല്‍ കുറഞ്ഞ എണ്ണം സ്വീകരിക്കുകയും സുജൂദ് ചെയ്യുകയും വേണം. അതായത്, നാല് റക്അത്തുകളുള്ള നമസ്‌കാരത്തില്‍ മൂന്നാമത്തേതാണോ നാലാമത്തേതാണോ എന്ന് സംശയിച്ചാല്‍ മൂന്നാമത്തേതാണെന്ന് കരുതുക. അങ്ങനെ നാല് റക്അത്തുകള്‍ പൂര്‍ത്തിയാക്കി സഹ്‌വിന്റെ സുജൂദ് ചെയ്യുക. നാലാമത്തേതാണോ അഞ്ചാമത്തേതാണോ എന്ന് സംശയിച്ചാല്‍ അവിടെ നാലാമത്തേതാണെന്ന് പരിഗണിച്ച് നമസ്‌കാരം പൂര്‍ത്തിയാക്കി സുജൂദ് ചെയ്യുകയാണ് വേണ്ടത്.

ഇമാമിന്റെ പിന്നില്‍ നിന്ന് നമസ്‌കരിക്കുന്ന മഅ്മൂം തന്റെ സ്വന്തം മറവിയുടെ പേരില്‍ സഹ്‌വിന്റെ സുജൂദ് ചെയ്യേണ്ടതില്ല. എന്നാല്‍ സഹ്‌വിന്റെ സുജൂദ് സുന്നത്താകുന്ന കാര്യം വല്ലതും ഇമാമിന്റെ പക്കല്‍നിന്നും ഉണ്ടായത് ശ്രദ്ധയില്‍പെട്ടാല്‍, ഇമാം സുജൂദ് ചെയ്തില്ലെങ്കിലും മഅ്മൂമിന് സുജൂദ് സുന്നത്തുണ്ട്.

ഹനഫീ മദ്ഹബുകാരനായ ഇമാമിന്റെ പിന്നില്‍ നിന്ന് സ്വുബ്ഹ് നമസ്‌കരിക്കുന്ന ശാഫിഈ മദ്ഹബുകാരനായ മഅ്മൂം ഖുനൂത്ത് ഓതിയാലും ഇല്ലെങ്കിലും, ആ ഇമാം ഖുനൂത്ത് ഓതിയില്ലെങ്കില്‍ മഅ്മൂമിന് സഹ്‌വിന്റെ സുജൂദ് സുന്നത്തുണ്ട്.

സാധാരണ നമസ്‌കാരത്തിലുള്ളതു പോലെ, ഇടയില്‍ ഇരുത്തത്തോടു കൂടെയുള്ള രണ്ട് സുജൂദുകളാണ് സഹ്‌വിന്റെ സുജൂദുകളുടെയും രൂപം. സാധാരണ സുജൂദുകളില്‍ ചൊല്ലുന്ന ദിക്‌റ് തന്നെയാണ് ചൊല്ലേണ്ടത്. എന്നാല്‍ 'സുബ്ഹാന മന്‍ ലാ യനാമു വലാ യസ്ഹൂ' എന്നും ചൊല്ലാവുന്നതാണ്.

സഹ്‌വിന്റെ സുജൂദിനുള്ള സമയം നമസ്‌കാരത്തില്‍നിന്നും സലാം വീട്ടുന്നതിന്റെ തൊട്ട് മുമ്പാണ്. ആരെങ്കിലും സുജൂദ് ചെയ്യാതെ മനപ്പൂര്‍വം സലാം വീട്ടിയാല്‍ അവന് ആ അവസരം നഷ്ടപ്പെടും. എന്നാല്‍ മറന്ന് സലാം വീട്ടിയാല്‍ കൂടുതല്‍ സമയം ആയിട്ടില്ലെങ്കില്‍ അയാള്‍ക്ക് സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടാവുന്നതാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (78-80)
എ.വൈ.ആര്‍

ഹദീസ്‌

മൂന്ന് വസ്വിയ്യത്തുകള്‍
പി.എ ശറഫുദ്ദീന്‍