ആള്‍ക്കൂട്ടക്കൊലകളെ തടയാനാവുമോ?
ആള്‍ക്കൂട്ട അതിക്രമങ്ങള്‍ തടയേണ്ടത് സംസ്ഥാന ഭരണകൂടങ്ങളുടെ ബാധ്യതയാണെന്ന് സുപ്രീം കോടതി. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കരുതെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് നിര്‍ദേശിക്കുന്നുണ്ട്. ആള്‍ക്കൂട്ടക്കൊലകളും അതിക്രമങ്ങളും തടയാന്‍ നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയിലെത്തിയിട്ടുണ്ടെങ്കിലും, അവയെ സംബന്ധിച്ച വാദം കേള്‍ക്കല്‍ മറ്റൊരവസരത്തിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷമുള്ള നാല് വര്‍ഷങ്ങളില്‍ ഇത്തരം അതിക്രമങ്ങള്‍ രാജ്യത്ത് വ്യാപകമായി അരങ്ങേറുകയുണ്ടായി. കുറേക്കാലം അര്‍ഥഗര്‍ഭമായ മൗനത്തിലായിരുന്ന പ്രധാനമന്ത്രി, ഒടുവില്‍ രാഷ്ട്രീയ സമ്മര്‍ദങ്ങളാല്‍ ഗോരക്ഷക ഗുണ്ടായിസത്തിനെതിരെ ശബ്ദിക്കാനും തയാറായി. അതിനിയും അനുവദിക്കാന്‍ പറ്റില്ലെന്നായിരുന്നു പ്രസ്താവന. പക്ഷേ, പ്രസ്താവന മാത്രമേയുള്ളൂ. യാതൊരു നടപടിയുമില്ല. അതിക്രമങ്ങള്‍ അന്വേഷിക്കാത്ത സംസ്ഥാന ഭരണകൂടങ്ങളോട് യാതൊരു അന്വേഷണവുമില്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം അതിക്രമങ്ങള്‍ കൂടുതലായി അരങ്ങേറുന്നതും.
യു.പി.യിലെ ഹാപൂഢില്‍ ജൂണ്‍ 18-നുണ്ടായ ആള്‍ക്കൂട്ട അതിക്രമം എന്തോ കാരണത്താല്‍ വേണ്ടത്ര മാധ്യമശ്രദ്ധ ലഭിക്കാതെ പോയി. ആള്‍ക്കൂട്ടം ഖാസിം എന്ന നാല്‍പ്പത്തിയഞ്ചുകാരനെ കൊല്ലുകയും സമീഉല്ല എന്ന 65-കാരനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ആരോ ആശുപത്രിയിലെത്തിച്ച ഖാസിം തറയില്‍ കിടക്കുന്നതും വെള്ളത്തിന് കെഞ്ചുന്നതും ആരും വെള്ളം കൊടുക്കാതെ അയാള്‍ മരണത്തിന് കീഴടങ്ങുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റോഡിലെ എന്തോ തര്‍ക്കമാണ് മരണത്തിന് കാരണമെന്നായിരുന്നു പോലീസ് വിശദീകരണം. പോലീസിന്റെ സാന്നിധ്യത്തില്‍ ഗോരക്ഷക ഗുണ്ടകള്‍ ഒരാളെ വലിച്ചിഴക്കുന്ന ചിത്രം വൈറലായതോടെ പോലീസ് കള്ളക്കഥ മെനയുന്നത് തല്‍ക്കാലത്തേക്കെങ്കിലും നിര്‍ത്തി. അപ്പോഴൊന്നും എഫ്.ഐ.ആര്‍ പോലും തയാറാക്കിയിരുന്നില്ല. വളരെ വൈകിയാണ് രണ്ടു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലീസ് തയാറായത്.
ഇവിടെ ഒരു ചോദ്യം ഉത്ഭവിക്കുന്നുണ്ട്. അതിക്രമങ്ങള്‍ക്കെതിരെ എഫ്.ഐ.ആര്‍ തയാറാക്കുന്നതും കേസെടുക്കുന്നതും തന്നെ അപൂര്‍വം. കേസെടുത്ത സംഭവങ്ങളില്‍ ഇതു വരെയായി ആരെങ്കിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ? ഇല്ല എന്നതാണ് വാസ്തവം. കേസുകളൊക്കെ തേഞ്ഞുമാഞ്ഞങ്ങു പോകും. ഭരിക്കുന്നവര്‍ ആള്‍ക്കൂട്ട അതിക്രമത്തിനെതിരെ പ്രസ്താവനയിറക്കുന്നുണ്ടെങ്കില്‍ അത് ജനത്തിന്റെ കണ്ണില്‍ പൊടിയിടാനാണെന്ന് അതിക്രമികള്‍ക്കും അറിയാം. എന്ത് അതിക്രമം കാണിച്ചാലും തങ്ങള്‍ പിടിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യില്ലെന്ന് അവര്‍ക്ക് ഉറച്ച ബോധ്യമുണ്ട്. അതുകൊണ്ടാണ് അതിക്രമികളുടെ അഴിഞ്ഞാട്ടം തുടരുന്നത്. കേരളത്തില്‍ പോലും അത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തത് സ്ഥിതിഗതികള്‍ എത്രത്തോളം വഷളായി എന്നതിന്റെ സൂചനയാണ്.
ന്യൂദല്‍ഹിയില്‍ ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ച ഈദുല്‍ ഫിത്വ്ര്‍ സൗഹൃദ സംഗമത്തില്‍ (ഇതില്‍ വിവിധ മതനേതാക്കളും ചില രാഷ്ട്രങ്ങളില്‍നിന്നുള്ള അംബാസഡര്‍മാരും പങ്കെടുത്തിരുന്നു) ജമാഅത്ത് അധ്യക്ഷന്‍ മൗലാനാ ജലാലുദ്ദീന്‍ അന്‍സ്വര്‍ ഉമരി സൂചിപ്പിച്ച ഒരു കാര്യമുണ്ട്. രാഷ്ട്രവും അതിലുള്ളതുമൊക്കെ തങ്ങളുടേതു മാത്രമാണെന്നാണ് ഒരു കൂട്ടരുടെ വിചാരം. അത്തരം ഇടുങ്ങിയ മനസ്സുകളില്‍നിന്ന് പകയും വിദ്വേഷവും മാത്രമേ വമിക്കൂ. പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊലകളുടെ മനശ്ശാസ്ത്രം ഇവിടെത്തുടങ്ങുന്നു. ഈ മനോഭാവത്തെ കൈകാര്യം ചെയ്യുക എളുപ്പമല്ലെന്നര്‍ഥം.
Comments