ഉപ്പിന്റെ ആരോഗ്യശാസ്ത്രം
'സോഡിയം കുറഞ്ഞു...... കാരണവര്‍ ഐ.സി.യുവിലാണ്!?'- നഗരങ്ങളിലും നാട്ടിന്‍പുറത്തും ഈയിടെയായി മിക്കപ്പോഴും കേള്‍ക്കുന്ന സംസാരങ്ങളിലൊന്ന് ഇങ്ങനെയാണ്. രോഗത്തെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും ഉപ്പ് കുറക്കാനായിരിക്കും വൈദ്യോപദേശം. ഡോക്ടറുടെ ഉപദേശം പാലിക്കാന്‍ ഉപ്പില്ലാത്ത കഞ്ഞിയും ചമ്മന്തിയും ചട്ട്ണിയും കറിയും...... അങ്ങനെ പലതും ഉപ്പില്ലാതെ! ഉപ്പില്ലാത്ത കഞ്ഞിപോലെയായി പലര്‍ക്കും ജീവിതം. ഉപ്പ് കുറച്ചാലും വേണ്ടെന്നുവെച്ചാലും ഉപ്പിന്റെ അംശങ്ങള്‍ (സോഡിയവും ക്ലോറൈഡും) സന്തുലിതമായി നിലനിര്‍ത്താനുള്ള സംവിധാനം ശരീരത്തിലുണ്ട്. എന്നാല്‍ പ്രായം മൂലം അവയവങ്ങള്‍ക്ക് തേയ്മാനം സംഭവിക്കുമ്പോള്‍ മേല്‍ സൂചിപ്പിച്ച സംവിധാനങ്ങള്‍ക്കും തേയ്മാനം സംഭവിക്കും. മന്ദീഭവിക്കുന്ന ശാരീരിക സിഗ്നലുകളുടെ കെടുതികള്‍ കൂടുതലും അനുഭവിക്കുന്ന വൃദ്ധജനങ്ങള്‍ ഉപ്പു കുറക്കുകയെന്ന ഡോക്ടറുടെ നിര്‍ദേശം കൂടി പാലിക്കുമ്പോള്‍ ഉപാപചയ പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന പങ്ക് വഹിക്കുന്ന സോഡിയം എന്ന മൂലകത്തിന്റെ അപര്യാപ്തത മൂലം കലശലായ ക്ഷീണം അനുഭവിക്കേണ്ടി വരും; അപസ്മാരവും ബോധക്ഷയവും ചിലപ്പോള്‍ മരണവും സംഭവിക്കാം.
മെഡിക്കല്‍ വാര്‍ഡുകളില്‍ രോഗ -മരണ നിരക്കുകള്‍ ഗണ്യമായി വര്‍ധിപ്പിക്കുന്ന മുഖ്യ കാരണങ്ങളിലൊന്നായി സോഡിയം അപര്യാപ്തത (ഹൈപൊനാട്രീമിയ) മാറിക്കഴിഞ്ഞു. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്ന എകദേശം 14 ശതമാനം രോഗികള്‍ക്ക് സോഡിയം കുറവ് കാണപ്പെടുന്നു. ഇങ്ങനെയുള്ള രോഗികളില്‍ 50 ശതമാനം പേര്‍ക്കും ക്ഷീണമല്ലാതെ മറ്റ് ലക്ഷണങ്ങളൊന്നും കാണണമെന്നില്ല. അതേസമയം ഐ.സി.യുവില്‍ കഴിയുന്ന 40 ശതമാനം രോഗികള്‍ക്ക് സോഡിയം കുറവ് കാണപ്പെടുന്നതായി ആഗോള സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുമ്പോള്‍, പ്രത്യേക സാഹചര്യങ്ങളാല്‍ ഇന്ത്യയില്‍ ഇത് മുന്‍ സൂചിപ്പിച്ചതിനേക്കാള്‍ ഉയര്‍ന്ന തോതിലാണുള്ളത്. വാര്‍ധക്യത്തിനു പുറമെ, വൃക്ക-കരള്‍-ഹൃദ്രോഗങ്ങള്‍, അനിയന്ത്രിതമായ പ്രമേഹ-കൊഴുപ്പ് രോഗങ്ങള്‍, ഔഷധങ്ങളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവയും സോഡിയം അപര്യാപ്തതക്ക് കാരണമാവും.
ഉപ്പ് നീക്കം ചെയ്യുന്ന മരുന്ന് കഴിക്കുന്നവര്‍ ഭക്ഷണത്തില്‍ ഉപ്പ് കുറക്കുക കൂടി ചെയ്താല്‍ സോഡിയം ക്രമാതീതമായി കുറയാന്‍ ഏറെ സാധ്യതയുണ്ട്. ചിലര്‍ക്ക് മൂത്രത്തിലൂടെ ഉപ്പ് ധാരാളമായി നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഇത്തരം അസന്തുലിതാവസ്ഥയെ ശരീരം തുടക്കത്തില്‍ സ്വയം പ്രതിരോധിക്കുമെങ്കിലും അതിനുള്ള ശാരീരിക സംവിധാനങ്ങളുടെയും സിഗ്നലുകളുടെയും തീക്ഷ്ണത 50 വയസ്സ് കഴിഞ്ഞവരില്‍ മാന്ദ്യം നേരിടും. തന്മൂലം സോഡിയം അപര്യാപ്തത, പ്രായമുള്ളവരില്‍ വിശേഷിച്ചും, അസുഖ ലക്ഷണങ്ങള്‍ കാണിക്കും. പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടാനില്ലാത്ത ക്ഷീണം മാത്രമായിരിക്കും സോഡിയം അപര്യാപ്തത അനുഭവിക്കുന്നവരുടെ മുഖ്യ പരാതി. പിന്നീട് ഛര്‍ദി, അപസ്മാരം, ബോധക്ഷയം തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാവും; ചിലരില്‍ ഓര്‍മത്തെറ്റ്, സംസാരശേഷിക്കുറവ്, മാനസികാസ്വാസ്ഥ്യം, സമനിലതെറ്റിയ നടത്തം, വീഴ്ച എന്നിവയായിരിക്കും അസുഖ ലക്ഷണങ്ങള്‍. ഐ.സി.യുവില്‍ എത്തിപ്പെട്ടാല്‍ സോഡിയം അളവ് വര്‍ധിപ്പിക്കാന്‍ രോഗി വെള്ളം കഴിക്കുന്നത് നിയന്ത്രിക്കണമെന്നായിരിക്കും ഉപദേശം. ദാഹിച്ചു വലഞ്ഞാലും വെള്ളം കിട്ടാതെ ഐ.സി.യു രോഗികളില്‍ പലരും കഷ്ടപ്പെടാറുണ്ട്. എന്നാല്‍ ദാഹം എന്ന പ്രകൃതിദത്തമായ ശാരീരിക പ്രതികരണം അവഗണിക്കപ്പെടുന്നത് രോഗിയെ കൂടുതല്‍ കഷ്ടത്തിലാക്കും. ആയുരാരോഗ്യത്തിന് ഉപ്പ് (സോഡിയം) കുറക്കുക; ഉപ്പ് കുറക്കാന്‍ മരുന്ന് കഴിക്കുക; സോഡിയം കുറഞ്ഞ് വീഴുമ്പോള്‍ ദിവസങ്ങളോളം ഐ.സി.യു.വില്‍ കിടന്ന് രാപ്പകലുകള്‍ തള്ളിനീക്കുക. നമ്മില്‍ പലരുടെയും പ്രത്യേകിച്ച് വൃദ്ധജനങ്ങളുടെ ജീവിതശൈലി ഇങ്ങനെ മാറിവന്ന് ഐ.സി.യു രണ്ടാം വീടായി മാറുന്ന സ്ഥിതിവിശേഷമാണുള്ളത്.
'ആദ്യം ഉപ്പ് കുറക്കാന്‍ പറഞ്ഞു, പിന്നെ ഉപ്പ് കുറക്കാന്‍ മരുന്ന് തന്നു, വീണു തുടങ്ങിയപ്പോള്‍ ഉപ്പ് വര്‍ധിപ്പിക്കാന്‍ നൂറ് രൂപയോളം വിലയുള്ള ഗുളിക പതിവായി കഴിക്കാന്‍ കുറിച്ചു തന്നു' - എന്നെ സമീപിച്ച ഒരു രോഗി തന്റെ മുന്‍ചികിത്സയെക്കുറിച്ച് പരാതിപ്പെട്ടത് ഇങ്ങനെയായിരുന്നു. കുറഞ്ഞു പോയ സോഡിയം അളവ് വര്‍ധിപ്പിക്കാന്‍ പ്രകൃതിയില്‍ തന്നെ ലഭ്യമായ ഒരു നുള്ള് കറിയുപ്പേ ആവശ്യമുള്ളു എന്നിരിക്കെ സോഡിയം നിലനിര്‍ത്താന്‍ ദിവസവും നൂറ് രൂപയോളം ചെലവാക്കേണ്ട അവസ്ഥയാണ് സൃഷ്ടിക്കപ്പെടുന്നത്. രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ ഉപ്പ് കുറക്കണമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഉപ്പ് തീര്‍ത്തും ഉപേക്ഷിച്ചാലും രക്തസമ്മര്‍ദം വെറും രണ്ട് മില്ലീമീറ്റര്‍ മാത്രമേ ചിലപ്പോള്‍ കുറയൂ. ഉപ്പ് നിരോധം പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടാക്കുന്നില്ലെങ്കില്‍ ശേഷിക്കുന്ന ആയുഷ്‌കാലം ഉപ്പില്ലാത്ത കഞ്ഞിപോലെ ആക്കേണ്ടതുണ്ടോ? അനുഗുണമല്ലാത്ത ഉപ്പ് നിയന്ത്രണത്തിന് പകരം വര്‍ധിതമായ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ ഫലപ്രദമായ ചികിത്സാ മാര്‍ഗങ്ങള്‍ അവലംബിക്കുകയാണ് വേണ്ടത്.
ഉപ്പ് കുറക്കൂ എന്ന് പൊതുവായി പറയുന്നുവെന്നല്ലാതെ ഇങ്ങനെ പറയുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ഗുണകരവും പ്രായോഗികവുമായ ഒരു രീതി നിര്‍ദേശിക്കാന്‍ കഴിയുന്നില്ല. ഉപ്പിന്റെ ഗുണകരമായ അളവ് ഓരോ സമയത്തും കണക്കാക്കാന്‍ തുലാസ് കൈയിലേന്തുന്നത് പ്രായോഗികമല്ല. ഒരു കുടുംബത്തിനോ കുറേ ആളുകള്‍ക്കോ ഭക്ഷണം ഒരുക്കുന്ന അടുക്കളയില്‍ പൊതുവായി തയാറാക്കുന്ന ഭക്ഷണത്തില്‍ ഉപ്പ് കുറഞ്ഞാലും കൂടിയാലും അക്കാര്യം പൊതു അഭിപ്രായമായി ഉയര്‍ന്നു വന്ന് പരിഹരിക്കപ്പെടും. അതേസമയം ഇപ്രകാരം പൊതു അടുക്കളയില്‍ തയാര്‍ ചെയ്ത ഭക്ഷണത്തിലേക്ക് ആഹാര സമയത്ത് ആരെങ്കിലും പ്രത്യേകമായി ഉപ്പ് സ്വന്തം നിലയില്‍ പിന്നീട് ചേര്‍ക്കുന്നുവെങ്കില്‍ ഈ നടപടി ഉപ്പിന്റെ അമിത ഉപഭോഗമായി കണക്കാക്കാം. സ്ഥലം, സന്ദര്‍ഭം, സമൂഹം, ഭക്ഷ്യസംസ്‌കാരം എന്നിവക്കനുസരിച്ച് ഉപ്പിന്റെ ഉപഭോഗത്തില്‍ വ്യത്യാസം വരാം. നമ്മുടെ സാഹചര്യത്തില്‍ ആഹാര വേളയില്‍ ഒരാള്‍ തന്റെ ഭക്ഷണത്തില്‍ അധികമായി ചേര്‍ക്കുന്ന ഉപ്പ് (Added Salt) ഉപ്പിന്റെ അമിതഭോജനമാവാന്‍ ഇടയുള്ളതുകൊണ്ട് ഈ നടപടി ഉപേക്ഷിക്കണമെന്നാണ് നമ്മെ സംബന്ധിച്ചേടത്തോളം ഉപ്പ് കുറക്കുകയെന്ന നിര്‍ദേശം യഥാര്‍ഥത്തില്‍ അര്‍ഥമാക്കുന്നത്. ഒരു വ്യക്തി മറ്റുള്ളവരെ അപേക്ഷിച്ച് ആഹാര സമയത്ത് അധികം ഉപ്പ് ചേര്‍ക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ടതിനു പകരം അയാളോട് പൊതുവെ സ്വീകാര്യമായ ഉപ്പിന്റെ സാമാന്യ അളവ് കുറക്കാന്‍ ആവശ്യപ്പെടുന്നത് സോഡിയം അഭാവം മൂലമുള്ള അസുഖങ്ങള്‍ അയാള്‍ക്ക് പിടിപെടാനും പൊതു അടുക്കളയില്‍ അനാവശ്യ പ്രശ്‌നങ്ങളുണ്ടാവാനും ഇടവരുത്തും.
വ്യത്യസ്ത നാടുകളില്‍ കണ്ടുവരുന്ന വിഭിന്നങ്ങളായ ഭക്ഷ്യരീതികളെ കൂട്ടിക്കുഴച്ച് ആഗോള ഭക്ഷ്യരീതികളെ സാമാന്യവല്‍ക്കരിച്ച് ഒരൊറ്റ ആഹാര രീതിയായി വിലയിരുത്തി ഉപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ സോഡിയം അപര്യാപ്തത (ഹൈപോനാട്രീമിയ) മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കാന്‍ ഇടവരും. അതിനാല്‍ ഈയിടെയായി കണ്ടുവരുന്ന അനാരോഗ്യകരമായ ഉപ്പ് നിയന്ത്രണം തിരുത്തപ്പെടേണ്ടതാണ്. ഉപ്പ് രസം ആസ്വദിക്കാന്‍ വേണ്ടി ഉപ്പ് അമിതമായി ചേര്‍ത്തുണ്ടാക്കുന്ന ഉപ്പുമാങ്ങ, അച്ചാര്‍, ഉണക്ക മത്സ്യം, ബ്രോസ്റ്റഡ് ഭക്ഷണം, ഉപ്പുവെള്ളം ചേര്‍ത്ത് സൂക്ഷിക്കുന്ന മറ്റു ഭക്ഷ്യവസ്തുക്കള്‍ എന്നിവ ശരീരത്തില്‍ ക്രമാതീതമായി വെള്ളവും ഉപ്പും കെട്ടിനില്‍ക്കുന്ന രോഗമുള്ളവര്‍ക്ക് ഒഴിവാക്കാവുന്നതാണ്. ചുരുക്കത്തില്‍ ആര്‍, എന്തിന്, എങ്ങനെ ഉപ്പ് കുറക്കണമെന്ന കാര്യത്തില്‍ കൃത്യത വരുത്താതെ 'ഉപ്പ് കുറക്കൂ ആരോഗ്യം നേടൂ' എന്ന പ്രഖ്യാപനം ആരോഗ്യകരമല്ല.
സാള്‍ട്ട് (ഉപ്പ് ) ഫോബിയ ബാധിക്കാതെ ഭക്ഷണത്തില്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ക്കേണ്ടിടത്ത് ചേര്‍ത്ത് ആരോഗ്യം നിലനിര്‍ത്തി അനാവശ്യമായ ആശുപത്രി അഡ്മിഷനും ഐ.സി.യുവിലെ രാപ്പകലുകള്‍ അറിയാത്ത വാസവും ഒഴിവാക്കാം.
(ലേഖകന്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഡോക്ടറാണ്)
Comments