Prabodhanm Weekly

Pages

Search

2018 ജൂലൈ 13

3059

1439 ശവ്വാല്‍ 28

എടയൂരില്‍നിന്ന് ടൊറണ്ടോയിലേക്ക്എന്റെ വൈജ്ഞാനിക യാത്ര

വി.പി. അഹ്മദ് കുട്ടി

പന്ത്രണ്ടു വയസ്സാണ് അന്ന് പ്രായം. കലണ്ടറിലെ ഓരോ കറുത്ത അക്കവും വെട്ടി വെട്ടി,  അവധി വിരുന്നെത്തുന്ന ചുവന്ന അക്കങ്ങളും കാത്ത്, ബാഗും പെട്ടിയും കൂടെ ഒരു നൂറു കിനാക്കളും ഒരുക്കിവെക്കുന്ന കാലം. ശാന്തപുരം ഇസ്‌ലാമിയ കോളേജിലെ ഒരു മാസത്തെ വാര്‍ഷിക അവധിക്ക്  നാട്ടിലേക്ക് തിരിക്കുകയായിരുന്നു ഞാന്‍. വഴിയില്‍ വെച്ചാണ് മുമ്പ് സ്‌കൂളില്‍ കൂടെ പഠിച്ച ഉറ്റ സുഹൃത്തുക്കളെ കാണാനിടയായത്. തെല്ലു നേരത്തെ കൂടിയിരിക്കലും കുശലാന്വേഷണവും ഞങ്ങളെ കൊണ്ടെത്തിച്ചത് ഒരു സിനിമ കാണുക എന്ന മോഹത്തിലായിരുന്നു. ഞങ്ങള്‍ മൂന്നു പേരും ആ വഴിക്ക് നീങ്ങാന്‍ താമസമുായില്ല. 1958 ആണ് കാലം. സിനിമാ തിയേറ്ററുകള്‍ അപൂര്‍വം. തിയേറ്ററില്‍ പോയി ഞങ്ങളെപ്പോലെയുള്ള കുട്ടികള്‍ സിനിമ കാണുന്നതും അത്യപൂര്‍വം, മഹാപാതകം!  ഇടക്കെപ്പോഴോ കര്‍ക്കശക്കാരനായ ഉപ്പ എന്റെ മനസ്സില്‍ തെളിയാതിരുന്നില്ല. വൈകി എത്തിയാല്‍ വീടിനു മുന്നില്‍ കുപിതനായി കാണപ്പെട്ടേക്കാവുന്ന ഉപ്പയുടെ മുഖം മനസ്സില്‍ ആധിയേറ്റിക്കൊണ്ടിരുന്നു. പക്ഷേ, കൂട്ടുകാരോടൊത്തുള്ള കുട്ടിക്കാല കുസൃതികള്‍ക്കിടയില്‍ ഞാനത് മറക്കുകയും  അവരോടൊപ്പം ഉന്മത്തനാവുകയും ചെയ്തു. എന്റെ ജീവിതത്തിലെ ഒറ്റപ്പെട്ട സംഭവമായിരുന്നു ഇത്. നേരം ഒരു പാട് ഇരുട്ടിത്തുടങ്ങി; പതിയെ എന്റെ മനസ്സും. ഇനി വീട്ടില്‍ പോകാന്‍ നിര്‍വാഹമില്ല. അങ്ങനെ അന്നത്തെ രാത്രി ഞങ്ങള്‍ മൂവരും ഒരു പള്ളിയില്‍ കഴിച്ചുകൂട്ടി. അടുത്ത ദിവസം നേരം പുലര്‍ന്നപ്പോള്‍  പെട്ടെന്ന് വീട്ടിലേക്ക് തിരിക്കുകയും ചെയ്തു.

ഉമ്മറത്ത് അമര്‍ഷം കടിച്ചു നില്‍ക്കുന്ന ഉപ്പയെയാണ് ഞാന്‍ കാണുന്നത്. വൈകിയതിന്റെ കാരണം ചോദിച്ചപ്പോള്‍, കളവ് പറയാന്‍ തോന്നിയില്ല, നടന്ന കാര്യം പറഞ്ഞു. നിയന്ത്രണം വിട്ട ഉപ്പ വടിയെടുത്ത് എന്നെ പൊതിരെ തല്ലി. ഉടനെ എന്നെ കുളിപ്പിച്ച്, വസ്ത്രം ധരിപ്പിച്ച് പള്ളിയിലേക്ക് കൊണ്ടുപോവുകയും, അവിടെ വെച്ച് ഒരിക്കല്‍കൂടി ശഹാദ (അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹ് വ അശ്ഹദു അന്ന മുഹമ്മദുര്‍റസുലുല്ല) ചൊല്ലിക്കുകയും ചെയ്തു!

ഒരു സിനിമ കണ്ടാല്‍ ഈമാന്‍ നഷ്ടപ്പെട്ടുപോകുമെന്ന സങ്കല്‍പ്പമാണ് അന്ന് ഇങ്ങനെയൊക്കെ ചെയ്യാന്‍ ഉപ്പയെ പ്രേരിപ്പിച്ചത്. സിനിമ കണ്ടതിന്റെ പേരില്‍ എന്നെ പൊതിരെ തല്ലിയ അതേ നാട്ടില്‍നിന്ന് ഇന്നിപ്പോള്‍, അറിയപ്പെടുന്ന സിനിമാ സംവിധായകരായി യുവ മുസ്‌ലിം പ്രതിഭകള്‍ രംഗത്തു വരുന്നുവെന്നത് കൗതുകകരമാകാം! 'സുഡാനി ഫ്രം നൈജീരിയ'യുടെ സംവിധായകന്‍ വളാഞ്ചേരിക്കാരനായ സകരിയ്യയെയാണ് ഞാനുദ്ദേശിച്ചത്. യഥാര്‍ഥത്തില്‍ ഞാന്‍ വല്ലാതെ വേദനിച്ച  സന്ദര്‍ഭമായിരുന്നു അത്. എന്നിരുന്നാലും, പുറകോട്ട് ചിന്തിക്കുമ്പോള്‍ അവരുടെ വിശ്വാസത്തിന്റെയും ആദര്‍ശ ബോധത്തിന്റെയും  കണിശത എത്രമാത്രമായിരുന്നുവെന്നത് എന്നെ  അതിശയപ്പെടുത്തുന്നു. യഥാര്‍ഥത്തില്‍ ഉപ്പ അന്നെനിക്കു പകര്‍ന്നുതന്നത് അവരറിഞ്ഞ മതത്തിന്റെ കര്‍ക്കശമുഖം മാത്രമായിരുന്നില്ല. മറിച്ച്, ഒരു പിതാവിന് തന്റെ മകനോടുള്ള ഉത്തരവാദിത്തത്തെ കുറിച്ച അടിസ്ഥാന പാഠം കൂടിയായിരുന്നു. 

എന്റെ കാഴ്ചപ്പാടുകളും വ്യക്തിത്വവും രൂപപ്പെടുന്നത് എന്റെ ആദ്യ വിദ്യാലയമായ 'വലിയപറമ്പ്' എന്ന തറവാട്ടുവീട്ടില്‍നിന്നും ആദ്യ അധ്യാപകനായ ഉപ്പാപ്പയില്‍നിന്നുമാണ്. മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത പുക്കാട്ടിരിയാണ് എന്റെ നാട്. പ്രദേശത്തെ അറിയപ്പെടുന്ന തറവാട്ടുകാരാണ് ഞങ്ങള്‍ 'വലിയപറമ്പുകാര്‍.' അന്ന് പ്രഭാതത്തിനു മുമ്പ് ഉണരുന്ന വീടിനെയും മനുഷ്യരെയും  അനുഭവിച്ചാണ് ഞാന്‍ ജീവിതം തുടങ്ങിയത്. ഉപ്പാപ്പ തഹജ്ജുദ് നമസ്‌കരിക്കാന്‍ സ്ഥിരമായി എഴുന്നേല്‍ക്കുമായിരുന്നു. ഫജ്‌റിനു മുമ്പ് ചെവിയില്‍ വന്നു പതിക്കുന്ന ഈ മന്ത്രോച്ചാരണങ്ങള്‍ (ദിക്ര്‍, ഔറാദ്), ഫജ്ര്‍ കഴിഞ്ഞുയരുന്ന ഹൃദ്യമായ ഖുര്‍ആന്‍ പാരായണങ്ങള്‍ ഇതൊക്കെ എന്റെ കുരുന്നു മനസ്സിനു നല്‍കിയത് ദിവ്യമായ ചൈതന്യമായിരുന്നു. ഉപ്പാപ്പയുടെയും ഉപ്പയുടെയും നിരീക്ഷണം ഞങ്ങള്‍ പതിനൊന്നു കുട്ടികളെയും സദാ വലയം ചെയ്തുനിന്നു. ഞങ്ങളുടെ ചിന്തകളും ചെയ്തികളും പൊതുവെ വല്യുപ്പയുടെ ആത്മീയ വെളിച്ചത്താല്‍ തെളിഞ്ഞതായി. ദീനീനിഷ്ഠയുള്ള വീടിന്റെ അന്തരീക്ഷം തന്നെയാണ്, ഞങ്ങള്‍ സഹോദരങ്ങളിലേക്ക് ഒരു ആത്മീയ ചൈതന്യം കടത്തിവിട്ടത്. ഇന്നും അതൊരു വെളിച്ചമായി ഞങ്ങളെ വഴിനടത്തുന്നുണ്ടെന്ന് തന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. അനാഥരെയും അഗതികളെയും സഹായിക്കുന്നതില്‍ ഉപ്പാപ്പയും ഉപ്പയും ഉമ്മയും വലിയ താല്‍പര്യം കാണിച്ചിരുന്നു. വീട്ടില്‍ ഉമ്മ മുന്‍കൈയെടുത്ത് അനാഥര്‍ക്കു വേണ്ടി പ്രത്യേക നോമ്പുതുറകള്‍ നടത്തിയിരുന്നത് എനിക്ക് ഓര്‍മയുണ്ട്. അതിനു ശേഷം മാത്രമേ മറ്റുള്ളവര്‍ക്കായി നോമ്പുതുറ നടത്തിയിരുന്നുള്ളു. രക്ഷിതാക്കളില്‍നിന്ന് കിട്ടിയ ഈ അനാഥസംരക്ഷണ താല്‍പര്യമാണ് എന്റെ സഹോദരന്‍ കുഞ്ഞിമൊയ്തീന്‍ കുട്ടിയെ പില്‍ക്കാലത്ത് ഒരു ഓര്‍ഫനേജ് തന്നെ തുടങ്ങാന്‍ പ്രചോദിപ്പിച്ചത്.

ഇത് ഞങ്ങളുടെ മാത്രം അനുഭവമല്ല. ഗൃഹാന്തരീക്ഷവും മാതാപിതാക്കളും തന്നെയാണ് കുട്ടികളുടെ സ്വഭാവവും വ്യക്തിത്വവും സ്വപ്‌നങ്ങളുമെല്ലാം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. ഇസ്‌ലാമിക ചരിത്രത്തിലെ മഹാ വ്യക്തിത്വങ്ങളെല്ലാം അവരുടെ മാതാപിതാക്കളുടെ സജീവ ശ്രദ്ധയും ദീനിയായ പ്രോത്സാഹനവും വഴിയാണ് വളര്‍ന്നത്. നല്ല ഗൃഹാന്തരീക്ഷം ഒരുക്കുകയും കുട്ടികളുടെ കൂട്ടുകെട്ടുകള്‍ നിരീക്ഷിക്കുകയും മറ്റും ചെയ്യുകയെന്നത് ഉപ്പാപ്പയില്‍നിന്നും ഉപ്പയില്‍നിന്നും കിട്ടിയ പാഠമാണ്. ഇത് രണ്ടും ഇന്നും വളരെ പ്രധാനമാണ്. സ്‌കൂള്‍ കഴിഞ്ഞ് കളിക്കാന്‍ പോയിരുന്ന കുട്ടികള്‍ പോലും മഗ്‌രിബോടെ വീടണയും. അവരുടെ ഹോം വര്‍ക്കുകളില്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കും. മഗ്‌രിബിനു ശേഷം കുട്ടികളെ കൊണ്ട് ഖുര്‍ആന്‍ ഓതിക്കുന്ന രീതി മുമ്പ് കൃത്യമായി ഉണ്ടായിരുന്നു. തുടര്‍ന്ന്, മദ്റസ - സ്‌കൂള്‍ വിഷയങ്ങള്‍ പഠിപ്പിക്കും. 

ടൊറണ്ടോയില്‍നിന്ന് ഞാന്‍ കേരളത്തില്‍ വരുമ്പോള്‍, ഇന്ന് ഈ രീതി കാണാന്‍ കഴിയുന്നില്ല. വായന തീരെ കുറഞ്ഞു, ടി.വിയുടെയും മൊബൈല്‍- ടാബ് തുടങ്ങിയ ഡിവൈസുകളുടെയും അഡിക്റ്റുകളാണ് ഇന്ന് പൊതുവെ കുട്ടികള്‍. ടെലിവിഷനും ഡിവൈസുകളും അറിവിനെ കൊല്ലുകയാണ്. എന്റെ അനുഭവത്തില്‍ ബുദ്ധിമാന്മാര്‍ തങ്ങളുടെ കുട്ടികളെ ഡിവൈസുകളില്‍നിന്ന് അകറ്റിനിര്‍ത്തുകയാണ് ചെയ്യുന്നത്. ഞാന്‍ പഠിച്ച, മെഗില്‍ യുനിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസിന്റെ സ്ഥാപകന്‍ വില്‍ഫ്രഡ് കാന്റവല്‍ സ്മിത്തിന്റെ വീട്ടില്‍ ഒരു ടി.വി പോലുമുണ്ടായിരുന്നില്ല. പതിമൂന്ന് ഭാഷകള്‍ അറിയുന്ന പ്രഫ. ഹെര്‍മന്‍ ലാന്‍ഡല്‍ടിന്റേത് വളരെ ലളിതമായ വീടായിരുന്നു, ഡിവൈസുകളൊന്നുമില്ല. അങ്ങനെ എത്രയോ പേര്‍... ടി.വിയും ഡിവൈസുകളും കുട്ടികള്‍ക്ക് കൊടുത്തല്ല, അമേരിക്കയിലെയും യൂറോപ്പിലെയും പ്രതിഭകള്‍ മക്കളെ വളര്‍ത്തുന്നത്. അഥവാ, ടി.വി കാണാന്‍ അനുവദിക്കുന്നുണ്ടെങ്കില്‍ തന്നെ ദിവസം ഒരു മണിക്കൂറോ അതില്‍ താഴെയോ ആയിരിക്കും അതിന്റെ സമയം. ടി.വിയും ഇന്റര്‍നെറ്റും ചൈല്‍ഡ് പ്രൂഫായിരിക്കും. നമുക്കിവിടെ അത്തരം നിയന്ത്രണങ്ങളൊന്നുമില്ലല്ലോ. ഇതെല്ലാം, കുട്ടികളുടെ ബുദ്ധിയിലും മാനസികാവസ്ഥയിലും പലതരം പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്. 

ചിന്താശേഷിയെ ഡിവൈസുകള്‍, പ്രത്യേകിച്ചും ഗെയ്മുകള്‍ നശിപ്പിക്കും. വായനാ ശീലം തന്നെ ഇല്ലാതാക്കും. വിദേശത്തു വെച്ച് മൂന്നാം ക്ലാസില്‍ പഠിക്കുന്ന ഒരു മലയാളി മുസ്‌ലിം കുട്ടി എന്നോട് ചോദിച്ചത്, 'ജസ്റ്റിന്‍ ബീബറെ അറിയുമോ' എന്നാണ്! ആരാണ് ജസ്റ്റിന്‍ ബീബര്‍ എന്ന് നമുക്കറിയാം. ആ 8/9 വയസ്സുകാരന്‍ അദ്ദേഹത്തിലേക്ക് എത്തിയത് എങ്ങനെയാണ്! ഇങ്ങനെ പോയാല്‍ നമ്മുടെ ഭാവി തലമുറയുടെ അവസ്ഥ എന്തായിരിക്കും! ഇവിടെയാണ്, ഉപ്പാപ്പയും ഉപ്പയുമൊക്കെ പ്രായോഗികമായി പകര്‍ന്നു തന്ന ആ നല്ല പാഠങ്ങളുടെ വില ഞാന്‍ തിരിച്ചറിയുന്നത്. എന്റെ മൂത്ത പേരക്കുട്ടികള്‍; ഹംസ, ബില്‍ക്കീസ്, സാകിന, സഹാറ, ഖലീല്‍, ഖാലിദ്, സാനു, മുഹമ്മദ് എന്നിവരെല്ലാം നന്നായി വായിക്കും, മാസം തോറും എത്രയോ പുസ്തകങ്ങള്‍ ലൈബ്രറിയില്‍നിന്ന് എടുക്കും. മകള്‍ സാജിദ നോവലിസ്റ്റാണ്, അവളുടെ പുസ്തകങ്ങള്‍ ആദ്യം വായിക്കുന്നതും മക്കളാണ്. അതേ കുറിച്ച് അവര്‍ അഭിപ്രായവും പറയും. നമ്മുടെ വീടും മാതാപിതാക്കളും കുട്ടികള്‍ക്ക് റോള്‍ മോഡലാവുകയെന്നതാണ് പ്രധാനം. മുഹമ്മദ് നബി, ഒരു പാട് പ്രസംഗിക്കുകയല്ല, പ്രവര്‍ത്തിച്ച് മാതൃക കാണിക്കുകയാണ് ചെയ്തത്. അദ്ദേഹം നല്ല റോള്‍ മോഡലായിരുന്നു. എന്റെ ജീവിതത്തിലും കുട്ടിക്കാലത്ത് അനുഭവിച്ചറിയാന്‍ കഴിഞ്ഞ ചില കര്‍മ മാതൃകകള്‍ ഉണ്ടായിരുന്നു; ഉപ്പാപ്പയും ഉപ്പയും, പിന്നെ ഹാജി സാഹിബും അബ്ദുല്‍ അഹദ് തങ്ങളും.....

എന്റെ ഉപ്പാപ്പ അഹ്മദ് കുട്ടിക്ക് ഒരുപാട് മക്കളുണ്ടായിരുന്നു. പക്ഷേ, എനിക്ക് ഓര്‍മ വെക്കും മുമ്പേ അവരില്‍ മിക്കവരും ഈ  ദുന്‍യാവില്‍നിന്നും യാത്രയായിരുന്നു. എന്റെ ഓര്‍മയില്‍ അന്നവശേഷിച്ചത് എന്റെ ഉപ്പയും ഉപ്പയുടെ പെങ്ങള്‍ ഫാത്വിമയും മാത്രമായിരുന്നു. ഉപ്പയുടെ സഹോദരിയെ വിവാഹം കഴിച്ചത് ഹാജി സാഹിബിന്റെ ജ്യേഷ്ഠ സഹോദരനാണ്. എന്റെ ഉപ്പ അലവിക്കുട്ടി. ഉമ്മ ഫാത്വിമ വളാഞ്ചേരിക്കടുത്ത കറയക്കാട് സ്വദേശിനിയാണ്. ഞങ്ങള്‍ പന്ത്രണ്ട് പേരാണ് ഉപ്പയുടെയും ഉമ്മയുടെയും ദുന്‍യാവിലെയും ആഖിറത്തിലെയും സമ്പാദ്യം. ആണ്‍കുട്ടികളില്‍ മുതിര്‍ന്നവനാണ് ഞാന്‍. എന്റെ മുകളില്‍ ഒരു സഹോദരിയുണ്ട്. രണ്ടു പേര്‍ നേരത്തേ മരിച്ചു; ആഇശ, ഫാത്വിമ, കുഞ്ഞിമൊയ്തീന്‍ കുട്ടി, ആമിന, യൂനുസ് സലീം, മുഹമ്മദലി, സുബൈദ, ശുകൂര്‍, സ്വഫിയ്യ എന്നിവരാണ് എനിക്ക് പുറമെ ജീവിച്ചിരിക്കുന്നവര്‍.

വലിയപറമ്പുകാര്‍ ഒരു വലിയ കര്‍ഷക കുടുംബമാണ്. പൂക്കാട്ടിരിയില്‍ അന്ന് കൃഷി തന്നെയാണ് പ്രധാന വരുമാന മാര്‍ഗം. പൂക്കാട്ടിരിയിലെ പ്രമുഖ ഭൂവുടമകളായിരുന്നു ഉപ്പാപ്പയും, ആ പാരമ്പര്യത്തില്‍  ഉപ്പയും. ഉപ്പാപ്പയുടെ പറമ്പില്‍ പണിയെടുക്കുന്ന ഒട്ടേറെ  കര്‍ഷകരുണ്ടായിരുന്നു.  പറമ്പിലെ കൂരകളില്‍ തന്നെ അന്തിയുറങ്ങുന്ന, സ്വന്തക്കാരെന്നു വിളിക്കാവുന്നവരായിരുന്നു അവരില്‍ പലരും. നെല്ലും വാഴയും വെറ്റിലയും അടക്കയും കുരുമുളകും തുടങ്ങി ഒട്ടുമിക്ക വിളകളും  പറമ്പിലെ നിറക്കാഴ്ചകളായിരുന്നു. സമൃദ്ധിയുടെ നാളുകളായിരുന്നു അവ. 

പ്രഭാത പ്രാര്‍ഥന കഴിഞ്ഞാല്‍ ഒരു പ്രത്യേക ശബ്ദത്തോടെ ഉപ്പാപ്പ കര്‍ഷക തൊഴിലാളികളെ വിളിക്കും. ബാങ്ക് പോലുള്ള ആ 'ധ്വനി'യോടു കൂടി പട്ടാള ചിട്ടയില്‍ എന്ന വിധത്തില്‍ അവര്‍ ഉപ്പാപ്പയുടെ മുന്നില്‍ അണിനിരക്കും. തുടര്‍ന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് അവര്‍ താന്താങ്ങളുടെ ജോലിയില്‍ മുഴുകും. കര്‍ഷകരില്‍ കൂടുതലും അമുസ്‌ലിംകളായിരുന്നു. അവരുടെ ആവശ്യങ്ങള്‍ ഉപ്പാപ്പ നിറഞ്ഞ മനസ്സോടെ അംഗീകരിച്ചുപോന്നു. അവരുടെ  ആഘോഷ വേളകളില്‍  വസ്ത്രവും മറ്റു ആനുകൂല്യങ്ങളും കൊടുത്തു. ജീവിത മര്യാദകളില്‍ ഏറ്റവും കണിശക്കാരനും എന്നാല്‍ അങ്ങേയറ്റം വിനയമുള്ളവനുമായിരുന്നു ഉപ്പാപ്പ. കാര്‍ക്കശ്യവും ദയയും ഉപ്പാപ്പയില്‍ മേളിച്ചിരുന്നു. കുഞ്ഞിലേ ഉപ്പാപ്പയുമായി വല്ലാത്തൊരു അടുപ്പമായിരുന്നു എനിക്ക്. ഉപ്പാപ്പയോടൊപ്പം തന്നെയായിരുന്നു മിക്കപ്പോഴും എന്റെ ഊണും ഉറക്കവും. എന്റെ ഉപ്പയുടെ ഉമ്മ അല്‍പം മാനസിക പ്രയാസമുളള ആളായിരുന്നു. അതുകൊണ്ട് കൂടുതലും കറയക്കാടുള്ള സ്വന്തം വീട്ടിലാണ് അവര്‍ താമസിച്ചിരുന്നത്. 

പാരമ്പര്യ സുന്നി ആദര്‍ശത്തിലൂന്നിയതായിരുന്നു  ഉപ്പാപ്പയുടെ ജീവിതം. മുജാഹിദ് - ജമാഅത്ത്  വിരോധി കൂടിയായിരുന്നു അദ്ദേഹം. ഇതര മുസ്‌ലിം സംഘടനക്കാര്‍ കാഫിറാണെന്നു തന്നെ  അടിയുറച്ചു വിശ്വസിക്കുന്നവരായിരുന്നല്ലോ അന്ന് ഇത്തരം പാരമ്പര്യ മതക്കാര്‍. അന്ന് വീട്ടില്‍ ആഴ്ച തോറും മൗലൂദും മൊല്ലാക്കയുടെ ഖുര്‍ആന്‍ ഓത്തും മറ്റും നടക്കുമായിരുന്നു. അതെല്ലാം കണ്ടും കേട്ടുമാണ് ഞാന്‍ വളര്‍ന്നതെങ്കിലും  അതൊന്നും എന്നെ സ്വാധീനിച്ചിരുന്നില്ല. എന്റെ കുട്ടിക്കാലം പൂക്കാട്ടിരിയിലെ വയലേലകളിലും പാടത്തും പറമ്പിലുമായിരുന്നു.  സ്‌കൂള്‍ കഴിഞ്ഞു വന്നാല്‍ പുസ്തകസഞ്ചി വലിച്ചെറിഞ്ഞ്, ദാഹം പോലും അകറ്റാന്‍ നില്‍ക്കാതെ തൊട്ടടുത്ത കുളക്കടവിലേക്കൊരു ഓട്ടമാണ്. ആ തണുത്ത, കലര്‍പ്പില്ലാത്ത വെള്ളത്തില്‍ മുങ്ങാംകുഴിയിട്ടങ്ങനെ നീന്തും. സമയം പോകുന്നതറിയുകയേ ഇല്ല. ഒഴിവു ദിവസം പുലര്‍ന്നു തുടങ്ങിയാല്‍ ചൂണ്ടയുമായി തോടും കുളവും താണ്ടിയിറങ്ങും. ആകാശം ചുവന്നു തുടുക്കും വരെ വയലേലകളില്‍ ഓടിക്കളിച്ച കുട്ടിക്കാലം. അന്ന് കീശ നിറക്കാന്‍ ഇടക്ക് ഉപ്പ കാണാതെ ശേഖരിച്ച് വില്‍ക്കുന്ന വെറ്റിലയും അടക്കയുമാണ് പോക്കറ്റ് മണിക്ക് വഴിയായിരുന്നത്. വളാഞ്ചേരിയിലെ ചൊവ്വാഴ്ച മാര്‍ക്കറ്റുകളില്‍ വില്‍ക്കാനുള്ള കാര്‍ഷികവിളകളുമായി ജോലിക്കാരോടൊപ്പം ഞാനും പോകുമായിരുന്നു. പൂക്കാട്ടിരിയില്‍നിന്നും വളാഞ്ചേരിയിലേക്ക് നടക്കാറായിരുന്നു പതിവ്. ചരക്കുകളുമായി അര മണിക്കൂറിലേറെ നടന്നിട്ടാണ് ഞങ്ങള്‍ വളാഞ്ചേരിയിലെത്തുക. ഈ യാത്രകള്‍ ഞങ്ങള്‍ക്കു നല്‍കിയത് ശാരീരികവും മാനസികവുമായ പുത്തനുണര്‍വായിരുന്നു. അന്ന് കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍ മാത്രമായിരുന്നു വളാഞ്ചേരിയിലുണ്ടായിരുന്നത്. പിന്നീടാണ് മറ്റു കച്ചവടങ്ങള്‍  തുടങ്ങുന്നത്.   

മത സാമൂഹിക വൈരുധ്യങ്ങള്‍ക്കിടയിലും സാംസ്‌കാരിക പാരസ്പര്യവും സാമുദായിക സൗഹാര്‍ദവും നിലനിര്‍ത്തിപ്പോന്നുവെന്നതാണ് വളാഞ്ചേരിയുടെ, വിശേഷിച്ചും  പൂക്കാട്ടിരിയുടെ പാരമ്പര്യം. വിവിധ മതസമുദായക്കാര്‍ തോളില്‍ കൈയിട്ടു നടക്കുന്ന ഉറ്റ സൗഹൃദത്തിന്റെ എത്രയെങ്കിലും അനുഭവങ്ങള്‍  എന്റെ ഓര്‍മകളിലുണ്ട്. വേര്‍തിരിവിന്റെ രാഷ്ട്രീയമൊന്നും നമ്മുടെ നാട്ടിന്‍പുറങ്ങളെ അസ്വസ്ഥപ്പെടുത്തിയിരുന്നതേ ഇല്ല. വിവാഹങ്ങളിലും ആഘോഷങ്ങളിലും പരസ്പരം പങ്കെടുക്കും. കൃഷിയും കച്ചവടവുമെല്ലാം ഒന്നിച്ചു തന്നെ. തമ്മില്‍ കാണുമ്പോള്‍ ചിരിക്കാന്‍ മടിക്കുന്ന ഇന്നത്തെ അവസ്ഥ, വിഭാഗീയ പ്രചാരണങ്ങളിലൂടെ ഉണ്ടാക്കിയെടുത്തതാണ്!

ദീനീചിട്ടയുടെയും സ്‌നേഹ വാത്സല്യങ്ങളുടെയും കാര്യത്തില്‍ ഉപ്പാപ്പയെ ഉപ്പ പിന്തുടര്‍ന്നു. ഉപ്പ ദിവസവും മൂന്ന് ജുസ്അ് വരെയൊക്കെ ഖുര്‍ആന്‍ ഓതുമായിരുന്നു. ഉപ്പാപ്പ, ഉപ്പയെ പളളി ദര്‍സില്‍ ഓതാന്‍ അയച്ചിരുന്നു. കുറച്ചു നാള്‍ പോയെങ്കിലും പിന്നെ അവിടെ നിന്ന് രക്ഷപ്പെട്ടുപോന്നു. പള്ളിദര്‍സുകളുടെ ഭക്ഷണ രീതിയായിരുന്നു കാരണം. പ്രദേശത്തെ വീടുകളില്‍ പോയി ഭക്ഷണം കഴിക്കുന്നതാണല്ലോ അന്നത്തെ സമ്പ്രദായം. ഇതൊരു തരം അഭിമാനം കളഞ്ഞുകുളിച്ചുള്ള, യാചനാ സ്വഭാവമുള്ള രീതിയായി ഉപ്പക്ക് തോന്നി. അദ്ദേഹം അതൊട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് പള്ളിദര്‍സ് പഠനം നിര്‍ത്തിയത്.

ഉപ്പാപ്പയെപ്പോലെ കൃഷിയില്‍ മിക്ക സമയവും ചെലവഴിച്ചുപോന്ന ഉപ്പയെക്കുറിച്ചും കര്‍ഷകര്‍ക്ക്  നല്ലതേ പറയാനുായിരുന്നുള്ളൂ. ഉപ്പയുടെ മരണ ദിവസം  തന്റെ കര്‍ഷകരെ അരികെ വിളിച്ചിട്ട് ഉപ്പ ചോദിച്ചു; 'നിങ്ങള്‍ക്കിനിയെന്തെങ്കിലും ആവശ്യങ്ങളുണ്ടോ? ഞാനെന്തെങ്കിലും നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചുതരാനുണ്ടോ?' വല്ലാത്തൊരു ചോദ്യമായിരുന്നു അത്. 'ഇല്ല, നിങ്ങള്‍ ഞങ്ങള്‍ക്കെല്ലാം നല്‍കിക്കഴിഞ്ഞല്ലോ' എന്നായിരുന്നു അവരുടെ മറുപടി. തൊഴിലാളികളുടെ ഒരു അവകാശവും ഉപ്പ തടഞ്ഞുവെച്ചില്ല. അന്നത്തെ ജന്മിമാരുടെ ചൂഷണമനസ്സൊന്നും ഉപ്പയെ ഒട്ടും ആവേശിച്ചിരുന്നില്ല. അല്ലെങ്കിലും, ആത്മീയതയുടെ തെളിമയില്‍ സാത്വികരായി ജീവിച്ച ഉപ്പയും ഉപ്പാപ്പയുമൊക്കെ, ആ ആത്മീയതയെ നനവോടു കൂടി ജീവിത മേഖലകളിലെല്ലാം പൊതുവെ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. ആ ആത്മീയത അവര്‍ കൃഷിഭൂമിയിലേക്കും കൊണ്ടുവന്നിരുന്നുവെന്നതാണ് എന്റെ കുട്ടിക്കാല അനുഭവങ്ങളെ മുന്‍നിര്‍ത്തി പറയാന്‍ കഴിയുക.

സ്വന്തം ജീവിതത്തിലും മക്കളുടെ കാര്യത്തിലും ആത്മീയതയുടെ നനവുള്ള വഴികള്‍ ഉപ്പ മുറുകെ പിടിച്ചു. പരലോക വിജയം ലക്ഷ്യമിട്ട് ഉപ്പ ഞങ്ങളെ വളര്‍ത്തി. എന്നാല്‍, ആദര്‍ശപരമായ ചില മാറ്റങ്ങള്‍  ഉപ്പയെ നവോത്ഥാന ആശയങ്ങളില്‍  തല്‍പ്പരനാക്കുകയുണ്ടായി. അന്ന് പൂക്കാട്ടിരിയിലെ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനങ്ങളാണ് പ്രഥമമായും ഉപ്പയെ നമ്മുടെ നാട്ടിലെ സുന്നി പാരമ്പര്യത്തില്‍നിന്നും ജമാഅത്തെ ഇസ്ലാമിയിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ഇടയാക്കിയത്. അതിന്റെ പേരില്‍ ഉപ്പാപ്പ, ഉപ്പയുമായി അകന്നു. അവരുടെ ബന്ധത്തില്‍ വലിയ തോതില്‍ വിള്ളല്‍ വീണു. ജമാഅത്തെ ഇസ്‌ലാമി ആശയക്കാരനായതോടെ ഉപ്പ ദീനില്‍നിന്ന് പിഴച്ചുപോയി എന്നായിരുന്നു ഉപ്പാപ്പയുടെ ഉറച്ച വിശ്വാസം. ഉപ്പക്ക്, ഉപ്പാപ്പയോടൊപ്പം തന്റെ തറവാട്ടു വീട്ടില്‍ ജീവിക്കുക തന്നെ പ്രയാസകരമായിരുന്നു അന്ന്. ആ ഘട്ടത്തില്‍ മിക്കപ്പോഴും ഉപ്പ, ഉമ്മയുടെ  കറയക്കാട് തറവാട്ടില്‍ അഭയം തേടുകയായിരുന്നു.

വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും, വ്യക്തിത്വ വികസനത്തിലും ഉപ്പാപ്പയോളം, ഒരുപക്ഷേ ഉപ്പാപ്പയിലേറെ നിര്‍ബന്ധബുദ്ധിയാണ് ഉപ്പ സ്വീകരിച്ചത്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തന്റെ കഴിവിലുപരി ഉപ്പ പഠിപ്പിച്ചു. പക്ഷേ, പലപ്പോഴും ഉപ്പയുടെ ചില നിലപാടുകള്‍ ഞങ്ങള്‍ക്കു മേല്‍ ഒരു കടിഞ്ഞാണ്‍ ഇട്ടിരുന്നു. സൈക്കിളോടിക്കുന്നതില്‍ തുടങ്ങി ചില വിഷയങ്ങളില്‍  ഉപ്പ ഞങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയിരുന്നു. ശരീരത്തിന്റെ ആകാരം ദൃശ്യമാകുമെന്നതായിരുന്നു സൈക്കിളോടിക്കുന്നത് വിലക്കാന്‍ അന്ന് ഉപ്പ പറഞ്ഞ കാരണം! മക്കള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍  ഉപ്പ വലിയ കണിശത പാലിച്ചിരുന്നുവെന്നര്‍ഥം. ഇന്നത്തെ 'പാരന്റിംഗ് മനശ്ശാസ്ത്ര' സമീപനത്തില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു അന്നത്തെ ഉപ്പയുടെ നിലപാട്. ഉപ്പയുടെ ഇത്തരം സമീപനങ്ങളിലെ ചില അതിവാദങ്ങള്‍ മാറ്റിവെച്ചാല്‍, ഇന്ന് കാണുംവിധം 'പാരന്റിംഗ് സൈക്കോളജി'യുടെ പേരില്‍ കുട്ടികള്‍ ആഗ്രഹിക്കുന്ന എന്തിനും സ്വാതന്ത്ര്യം നല്‍കുന്ന രീതി ശരിയാണോ  എന്നത് പ്രധാനപ്പെട്ട ചോദ്യമാണെന്ന് ഞാന്‍ കരുതുന്നു. 

പല വിഷയങ്ങളിലും ഇങ്ങനെയൊക്കെ കണിശക്കാരനായിരിക്കിലും ഉപ്പ ഞങ്ങള്‍ക്കായി കരുതി വെച്ച ആത്മീയ സാരാംശങ്ങള്‍ മഹത്തരം തന്നെയായിരുന്നു.  അത്തരം ആത്മീയ പകര്‍ച്ചകള്‍ പില്‍ക്കാലത്തെ, വിശേഷിച്ചും ഇന്നത്തെ രക്ഷിതാക്കളില്‍ വളരെ കുറച്ചു മാത്രമേ എനിക്കു കാണാനായിട്ടുള്ളൂ. ഉപ്പയുടെ മരണത്തോളം എന്നെ ദുര്‍ബലനാക്കിയ, അതേസമയം കരുത്തുള്ളവനാക്കിയ ഒന്നും തന്നെയില്ല എന്നു പറയാം. മരണസമയത്ത് ഉപ്പ പ്രാര്‍ഥനക്കായി എന്നെ വിളിച്ചു. മിടിപ്പ് നിലക്കാനായ, ഞരമ്പുകള്‍ തളര്‍ന്ന ഉപ്പയുടെ കൈ പിടിച്ച്, കണ്ണടച്ച് ഞാന്‍ പ്രാര്‍ഥനകള്‍ ഉരുവിട്ടുകൊണ്ടിരുന്നു. അതിങ്ങനെ അവസാനിപ്പിച്ചു; അല്ലാഹുമ്മ ഹബ്‌ലഹു തൗബതന്‍ സ്വാദിഖതന്‍ ഇന്‍ദല്‍ മൗത്ത്... പ്രാര്‍ഥന അവസാനിക്കവെ, ഞാന്‍ അല്‍ഹംദു ലില്ലാഹ്... പറഞ്ഞു, ഉപ്പ ആമീന്‍ ഉരുവിട്ടു. പതിയെ ഉപ്പയുടെ കൈ എന്നില്‍നിന്ന് ഊര്‍ന്നുവീണു. ചുറ്റും നിന്ന സഹോദരിമാരുടെ വിളറിയ മുഖങ്ങളില്‍നിന്ന് വിങ്ങിപ്പൊട്ടലുകള്‍  ഉയര്‍ന്നുതുടങ്ങി. 'എന്റെ മരണവും ഇങ്ങനെയാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു' എന്ന് ചുറ്റുമുള്ളവരോട് ഞാന്‍ പറയുകയുണ്ടായി. അത്രമാത്രം ഇസ്സത്ത് നിറഞ്ഞതായിരുന്നു ഉപ്പയുടെ ജീവിതവും മരണവും, അല്‍ഹംദു ലില്ലാഹ്! തന്റെ സന്താനങ്ങളില്‍ ആത്മീയവും ഭൗതികവുമായ വിദ്യാഭ്യാസം കരുപ്പിടിപ്പിച്ച് കണ്‍കുളിര്‍മയോടെയാണ് ഉപ്പ നാഥനിലേക്ക് മടങ്ങിയത്. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (78-80)
എ.വൈ.ആര്‍

ഹദീസ്‌

മൂന്ന് വസ്വിയ്യത്തുകള്‍
പി.എ ശറഫുദ്ദീന്‍