തുര്‍ക്കിയിലെ ജനാധിപത്യ സംവിധാനങ്ങളെ സംരക്ഷിക്കാന്‍
2018 ജൂണ്‍ 24-ന് തുര്‍ക്കിയില്‍ നടന്ന പ്രസിഡന്റ്-പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് എല്ലാ വിഭാഗങ്ങളുടെയും പ്രശംസയും ആദരവും അര്‍ഹിക്കുന്നുണ്ട്. ആദ്യം പ്രശംസിക്കേണ്ടത് തുര്‍ക്കി ജനതയെതന്നെയാണ്. തങ്ങളുടെ പ്രസിഡന്റിനെയും ജനപ്രതിനിധികളെയും തെരഞ്ഞെടുക്കാന്‍ കൂട്ടം കൂട്ടമായാണ് അവര്‍ പോളിംഗ് ബൂത്തുകളിലേക്ക് നീങ്ങിയത്. ജനാധിപത്യ പ്രയോഗത്തിന്റെ വളരെ ക്രിയാത്മകമായ വശമാണിത്. ഭരണകൂടവും അഭിനന്ദനമര്‍ഹിക്കുന്നു. കാരണം തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഒരു ഘട്ടത്തിലും ഭരണകക്ഷിയുടെ സ്ഥാനാര്‍ഥികളെ ഏതെങ്കിലും തരത്തില്‍ സഹായിക്കാനോ അത്തരം ഇടപെടലുകള്‍ നടത്താനോ അത് തയാറാവുകയുണ്ടായില്ല.
പിന്നെ അഭിനന്ദിക്കേണ്ടത് വളരെ ആവേശത്തോടെ തെരഞ്ഞെടുപ്പില്‍ പങ്കാളിത്തം വഹിക്കുകയും പരാജയം ഏറ്റുവാങ്ങിയപ്പോള്‍ അത് ആര്‍ജവത്തോടെ അംഗീകരിക്കുകയും ചെയ്ത എല്ലാ പ്രതിപക്ഷ കക്ഷികളെയുമാണ്. വാശിയേറിയ ഈ മത്സരത്തില്‍ മീഡിയയും അതിന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു. പിന്നെ അഭിനന്ദിക്കേണ്ടത് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ സ്ഥാപനങ്ങളെയും സുരക്ഷാ സംവിധാനങ്ങളെയുമാണ്. വീഴ്ചകള്‍ വരാതെ വളരെ പ്രഫഷണലായി അവര്‍ അക്കാര്യം നിര്‍വഹിച്ചു.
ഇതിനര്‍ഥം തുര്‍ക്കിയിലെ ജനാധിപത്യം കുറ്റമറ്റതാണ് എന്നല്ല. ഘടനാപരമായി അതിന് ചില തകരാറുകളുണ്ട്. അവ പരിഹരിക്കാന്‍ ജനകീയ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ് മുന്‍കൈയെടുക്കേണ്ടത്. അപ്പോഴാണ് ചരിത്രത്തിനും വര്‍ത്തമാന കാലത്തിനും മികച്ച ഒരു ജനാധിപത്യ മാതൃക അവര്‍ക്ക് സമര്‍പ്പിക്കാനാവുക. ഭരണപക്ഷത്തിരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും രാഷ്ട്ര പുനര്‍നിര്‍മാണ പ്രക്രിയയില്‍ എല്ലാതരം കക്ഷികളും കൂട്ടായ്മകളും ക്രിയാത്മകമായി പങ്കുചേരുമ്പോഴേ സ്വതന്ത്രവും സുശക്തവുമായ രാഷ്ട്രം എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുകയുള്ളൂ.
ഭരണാധികാരികളെയും ജനപ്രതിനിധികളെയും തെരഞ്ഞെടുക്കാനും ജുഡീഷ്യറി, ലജിസ്ലേറ്റീവ്, എക്‌സിക്യൂട്ടീവ് എന്നിവ തമ്മിലുള്ള ബന്ധത്തെ ക്രമപ്പെടുത്താനും ജനാധിപത്യത്തില്‍ നിശ്ചിത രീതികളുണ്ട്. അധികാരത്തിലേറാനുള്ള ഒരു താല്‍ക്കാലിക സംവിധാനമായി ജനാധിപത്യത്തെ കാണുകയും ലക്ഷ്യം സാധിച്ചുകഴിഞ്ഞാല്‍ ഏകാധിപത്യ പ്രവണതകള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ഇതിവിടെ സൂചിപ്പിക്കാന്‍ കാരണമുണ്ട്. ഇസ്‌ലാമിസ്റ്റുകള്‍ രാഷ്ട്രീയമായി സജീവമായ നാടുകളില്‍, അവര്‍ ജനാധിപത്യത്തെ മാനിക്കുന്നില്ല എന്ന ആരോപണം ധാരാളമായി ഉയര്‍ത്തപ്പെടാറുണ്ട്. ജനാധിപത്യമൊക്കെ അധികാരം കിട്ടുന്നതുവരെ മാത്രമേ കാണുകയുള്ളൂ; കിട്ടിക്കഴിഞ്ഞാല്‍ ജനാധിപത്യത്തെ ആദ്യം തള്ളിപ്പറയുന്നവര്‍ അവര്‍ തന്നെയായിരിക്കും. ഇതാണ് ആരോപണം. ഈ ആരോപണം സത്യപ്പെടുത്തുന്ന ഒരു ഉദാഹരണം പോലും വിമര്‍ശകര്‍ക്ക് ചൂണ്ടിക്കാട്ടാനുമില്ല. എന്നാല്‍ ഇസ്‌ലാമിസ്റ്റുകള്‍ തെരഞ്ഞെടുപ്പുകളില്‍ പങ്കാളികളാവുന്ന മിക്ക നാടുകളിലും കനത്ത തോതിലുള്ള കൃത്രിമങ്ങളാണ് അത്തരക്കാര്‍ നടത്തുന്നത്. ഇങ്ങനെ അധികാരത്തിലേറുന്നവര്‍ പിടിച്ചിറക്കിയാലല്ലാതെ അവിടെ നിന്ന് ഇറങ്ങുകയുമില്ല.
മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ജനാധിപത്യം എന്നത്, ചില രൂപങ്ങളെ പൂജിക്കലല്ല. ഏതൊരു മികച്ച ജനാധിപത്യ സംവിധാനവും അതിന്റെ സത്തയില്‍നിന്ന് വഴിതെറ്റാം. അത് നമ്മുടെ മാത്രം കാലത്തിന്റെ പ്രശ്‌നവുമല്ല. ബി.സി നാലാം നൂറ്റാണ്ടില്‍ ജീവിച്ച ഗ്രീക്ക് തത്ത്വചിന്തകന്‍ പ്ലാറ്റോ വരെ അതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദുഷ്ട ബുദ്ധികള്‍ അധികാരത്തിലേറിയാല്‍ ഏത് മികച്ച ഭരണസംവിധാനവും പലതരം വക്രീകരണങ്ങള്‍ക്ക് വിധേയമാവും എന്നാണ് അദ്ദേഹം പറഞ്ഞത്. ചില ഭരണസംവിധാനങ്ങള്‍ നീതിയിലോ കൂടിയാലോചനാ സംവിധാനത്തിലോ അധിഷ്ഠിതമായിരിക്കില്ലെങ്കിലും, മറ്റു നിലകളില്‍ അത് ജനങ്ങള്‍ക്ക് പ്രയോജനകരമായിരിക്കും. നിയമം നടപ്പാക്കാനും ജനക്ഷേമം ഉറപ്പു് വരുത്താനും അത്തരം ഭരണകൂടങ്ങള്‍ ശ്രമിക്കുന്നതുകൊണ്ടാണിത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രഞ്ച് പടനായകന്‍ നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ ഭരണമാണ് ഇതിന് ഉദാഹരണമായി പറയാറുള്ളത്. പേരുകൊണ്ട് അതൊരു ഏകാധിപത്യ ഭരണമാണെങ്കിലും, ഫ്രഞ്ച് വിപ്ലവത്തിനു ശേഷമുള്ള അരാജകത്വത്തില്‍നിന്ന് രാജ്യത്തെ രക്ഷപ്പെടുത്തുകയും രാഷ്ട്രീയ സ്ഥിരത തിരികെ കൊണ്ടുവരികയും ചെയ്തത് നെപ്പോളിയനാണെന്നാണ് വിലയിരുത്തല്‍. അക്കാലത്ത് ഒരു ഫ്രഞ്ച് പത്രം എഴുതിയത്, ഇത്തരം ഏകാധിപതികളെ ഈ ഘട്ടത്തില്‍ ആവശ്യമുണ്ട് എന്നാണ്.
ഇതുപോലുള്ള ചാഞ്ചാട്ടമൊക്കെ ഉണ്ടാകാമെങ്കിലും, ഏറക്കുറെ നിഷ്പക്ഷമായി ഭരണാധികാരിയെ തെരഞ്ഞെടുക്കാനും രാഷ്ട്രീയ സ്ഥിരത ഉറപ്പുവരുത്താനുമുള്ള സംവിധാനം ഇന്ന് ജനാധിപത്യം തന്നെയാണ്. പലതരം ഗ്രൂപ്പുകള്‍ക്ക് തുല്യാവകാശങ്ങള്‍ നല്‍കപ്പെടുന്ന പ്രക്രിയയാണത്. ഓരോ വിഭാഗവും തങ്ങളുടെ അജണ്ട പ്രഖ്യാപിക്കുകയും അതിന്റെ സാക്ഷാത്കാരത്തിനു വേണ്ടി തങ്ങളുടെ പ്രതിനിധികള്‍ക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്യുന്നു. ഭരണം രാഷ്ട്രീയ എതിരാളികള്‍ക്ക് മാറി മാറി ലഭിക്കുക എന്നത് ഇതിന്റെ ഒരു സ്വാഭാവിക പരിണാമമാണ്. തുര്‍ക്കിയിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ഈ കീഴ്‌വഴക്കം മാനിക്കാന്‍ തയാറാവേണ്ടതുണ്ട്.
ഉര്‍ദുഗാനും അദ്ദേഹത്തിന്റെ അക് പാര്‍ട്ടിയും നല്‍കുന്ന ഒരു സന്ദേശമുണ്ട്. ഏതുതരം വൈദേശിക സമ്മര്‍ദങ്ങളെയും ചെറുക്കാനാവുമെന്നതാണത്; വിദേശ രാഷ്ട്രങ്ങള്‍ക്ക് തുര്‍ക്കിയുമായി സൈനികവും സാമ്പത്തികവും മറ്റുമായ എന്തൊക്കെ ഉടമ്പടി ബാധ്യതകള്‍ ഉണ്ടെങ്കിലും. എല്ലാവരും കൂട്ടായാണ് ഇത്തരം സമ്മര്‍ദങ്ങളെ ചെറുക്കേണ്ടത്. പ്രതിപക്ഷത്തിന്റെ നിലപാടുകളും ഇതോട് ചേര്‍ത്തു വായിക്കണം. 2016 ജൂലൈ 15-ന് തുര്‍ക്കിയില്‍ അട്ടിമറി ശ്രമമുണ്ടായപ്പോള്‍, ഒട്ടും വൈകാതെ തന്നെ പ്രതിപക്ഷം അതിന്റെ നിലപാട് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു; ഒരു നിലക്കും അട്ടിമറിയെ അനുകൂലിക്കില്ലെന്ന്. ഭരണകക്ഷിയായ അക് പാര്‍ട്ടിക്ക് അവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. തുര്‍ക്കിയിലെ ജനാധിപത്യം വലിയൊരു ഭീഷണിയില്‍നിന്ന് രക്ഷപ്പെടാന്‍ ഈ പ്രതിപക്ഷ നിലപാടും കാരണമായി. ഈയൊരു പശ്ചാത്തലത്തില്‍, അധികാരം ഒരു കക്ഷിയില്‍നിന്ന് മറ്റൊരു കക്ഷിയിലേക്ക് പോകുമ്പോള്‍ ഏതെങ്കിലും വിഭാഗം പീഡിപ്പിക്കപ്പെടുന്നു എന്ന ആരോപണം ഉയരുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയല്ല ചെയ്യുക. ഉര്‍ദുഗാന്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ മുഖ്യ എതിരാളി മുഹര്‍റം ഇന്‍സെ തന്റെ പരാജയം സമ്മതിക്കാന്‍ ആര്‍ജവം കാണിച്ചത് ശുഭലക്ഷണമാണ്. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു എന്ന മറ്റു കേന്ദ്രങ്ങളുടെ ആരോപണങ്ങളും അതോടെ ചീറ്റിപ്പോയി. രാഷ്ട്രീയ, സാമ്പത്തിക അസ്ഥിരത സൃഷ്ടിക്കാനുള്ള ഗൂഢശ്രമങ്ങള്‍ക്ക് തടയിടാനും സാധിച്ചു. പൊതു വിഷയങ്ങളില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ഇത്തരമൊരു നിലപാട് തുടരേണ്ടതുമുണ്ട്.
ഇതിന്റെ പേരില്‍ തുര്‍ക്കിയിലെ പ്രതിപക്ഷം ഭരണകക്ഷിയോടുള്ള നിലപാട് മയപ്പെടുത്തേണ്ട ആവശ്യമൊന്നുമില്ല. നിലപാട് കടുപ്പിച്ചുതന്നെ മുന്നോട്ടു പോകാം. പക്ഷേ, അത് വിദേശ ശക്തികള്‍ക്ക് ഇടപെടാനും അങ്ങനെ സ്വതന്ത്രമായ നിലപാടെടുക്കാനുള്ള തുര്‍ക്കിയുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനും ഉതകുന്ന വിധത്തിലാകരുതെന്നു മാത്രം. ഭരണകൂടത്തിനും വലിയ ഉത്തരവാദിത്തങ്ങളുണ്ട്. പ്രതിപക്ഷത്തെ കടുത്ത ഭാഷയില്‍ അധിക്ഷേപിക്കുന്നത് ഒഴിവാക്കണം. പൊതു വിഷയങ്ങളില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള മഞ്ഞുരുക്കമാണ് ആവശ്യം.
വിദേശ ശക്തികളുടെ ഇടപെടല്‍ അംഗീകരിക്കില്ല എന്ന ശക്തമായ നിലപാട് തുടരുന്നതോടൊപ്പം തന്നെ പുറമെയുള്ള എല്ലാവരെയും ശത്രു പാളയത്തിലെത്തിക്കുന്ന കാര്‍ക്കശ്യം ഉപേക്ഷിക്കുകയും വേണം. വിദേശ രാജ്യങ്ങളിലും കഴിയുന്നത്ര സുഹൃത്തുക്കളെ സമ്പാദിക്കാനാണ് ഉര്‍ദുഗാനും അക് പാര്‍ട്ടിയും ശ്രമിക്കേണ്ടത്.
(അല്‍ജസീറ നെറ്റിലെ ഈജിപ്ഷ്യന്‍ കോളമിസ്റ്റാണ് ലേഖകന്‍)
Comments