Prabodhanm Weekly

Pages

Search

2018 ജൂലൈ 13

3059

1439 ശവ്വാല്‍ 28

നഷ്ടനേട്ടങ്ങളുടെ കാലസാക്ഷ്യം

ശൈഖ് മുഹമ്മദ് കാരകുന്ന്

നാം ആരെയാണ് ഭാഗ്യവാന്മാര്‍ എന്ന് വിളിക്കുക? ആരെയാണ് വിജയികള്‍ എന്ന് വിശേഷിപ്പിക്കുക? ധാരാളം സമ്പത്തുള്ളവരെ, അധികാരമുള്ളവരെ, സ്വാധീനമുള്ളവരെ, കൈകരുത്തും മെയ്മിടുക്കുമുള്ളവരെ, പ്രൗഢിയും പ്രതാപവുമുള്ളവരെ, പണം കൊണ്ടും പദവി കൊണ്ടും വിചാരിച്ചതൊക്കെ ചെയ്യാന്‍ കഴിയുന്നവരെ, മറ്റുള്ളവരെ അടിച്ചമര്‍ത്തുകയും ഇടിച്ചൊതുക്കുകയും ചെയ്യുന്നവരെ. ചിലപ്പോഴൊക്കെ ബാഹ്യമായും ഭൗതികമായും അവര്‍ തന്നെയായിരിക്കും ഭാഗ്യവാന്മാര്‍, വിജയികള്‍. എന്നാല്‍ പലപ്പോഴും അത് താല്‍ക്കാലികവും പ്രത്യക്ഷവും മാത്രമായിരിക്കും. ഭൂമിയില്‍ തന്നെ എപ്പോഴും അതങ്ങനെയാകണമെന്നില്ല. പ്രത്യക്ഷത്തില്‍ കാണപ്പെടുന്നതു തന്നെയായിരിക്കണം യാഥാര്‍ഥ്യം എന്നുമില്ല.

ഭൂമിയില്‍ ആദ്യമായുണ്ടായ അക്രമവും കൊലയും തന്നെ ഇതിനു സാക്ഷ്യം വഹിക്കുന്നു. ഹാബീലിനും ഖാബീലിനുമിടയില്‍ പ്രശ്‌നമുണ്ടായപ്പോള്‍ പരിഹാരമായി ബലി നിര്‍ദേശിക്കപ്പെട്ടു. അത് നടത്തിയപ്പോള്‍ സ്വീകരിക്കപ്പെട്ടത് ഹാബീലിന്റേതായിരുന്നു. കോപാകുലനായ ഖാബീല്‍ സഹോദരന്‍ ഹാബീലിന്റെ കഥകഴിച്ച് എല്ലാം തന്റെ താല്‍പര്യത്തിനും ഇഛക്കും അനുസരിച്ച് നടത്താമെന്ന് തീരുമാനിച്ചു. ഹാബീലിന്റെ ശല്യം എന്നന്നേക്കുമായി ഇല്ലാതാക്കാമെന്നും. അങ്ങനെ അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തി. എന്നാല്‍ പിന്നീടുണ്ടായത് ഖാബീലിന്റെ എല്ലാ പ്രതീക്ഷകളെയും തകര്‍ക്കുന്നതായിരുന്നു. അയാള്‍ അത്യന്തം ദുഃഖിതനും നിരാശനും അപമാനിതനുമായി കാണപ്പെട്ടു. ആരിലും കൗതുകമുണര്‍ത്താത്ത ഒരു കാക്കയെപ്പോലെ ആകാന്‍ പോലും തനിക്ക് കഴിഞ്ഞില്ലല്ലോ എന്ന് അയാള്‍ക്ക് വേദനയോടെ വിലപിക്കേണ്ടിവന്നു: ''എന്റെ സഹോദരന്റെ മൃതദേഹം മറമാടുന്ന കാര്യത്തില്‍ ഈ കാക്കയെപ്പോലെ ആകാന്‍ പോലും എനിക്ക് കഴിഞ്ഞില്ലല്ലോ'' (ഖുര്‍ആന്‍ 5:31).

അന്നു മുതല്‍ ഇന്നോളം ചരിത്രത്തില്‍ ആരും ഖാബീലിനെ പ്രശംസിച്ചിട്ടില്ല. കടുത്ത അക്രമികളും കൊലയാളികളും പോലും അദ്ദേഹത്തെ ആദരിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. എന്നല്ല സുമനസ്സുകളൊക്കെയും അയാളെ വെറുക്കുകയും ശപിക്കുകയുമാണുണ്ടായത്. ഇന്നത്തെ അവസ്ഥയും വ്യത്യസ്തമല്ല. ഭാവിയും മറിച്ചായിരിക്കില്ല. മറുഭാഗത്ത് ഹാബീല്‍ ഏവരുടെയും പ്രശംസയും ആദരവും ആര്‍ജിച്ചു. അന്നുതൊട്ടിന്നോളം സമാനമായ അനുഭവങ്ങള്‍ക്കാണ് കാലം സാക്ഷ്യം വഹിച്ചത്.

 

പ്രവാചക സമുദായങ്ങള്‍

മനുഷ്യര്‍ സംഘം ചേര്‍ന്ന് സമൂഹം രൂപപ്പെട്ട ശേഷം നിയോഗിക്കപ്പെടുന്ന ആദ്യ പ്രവാചകനാണ് നൂഹ് നബി. ഏറെക്കാലം അദ്ദേഹം സത്യപ്രബോധനം നടത്തി. എന്നിട്ടും വളരെ ചെറിയ ന്യൂനപക്ഷത്തെ മാത്രമേ അനുയായികളായി ലഭിച്ചുള്ളൂ. അവരോ ഏറെ ദുര്‍ബലരും പിന്നാക്കക്കാരുമായിരുന്നു. അതേസമയം എതിരാളികള്‍ അധികാരവും സ്വാധീനവും സമ്പത്തുമുള്ളവര്‍. പ്രവാചകനെയും അനുയായികളെയും അവര്‍ പരമാവധി ദ്രോഹിച്ചു. ഒടുവില്‍ പ്രവാചകനും അനുയായികളും രക്ഷപ്പെടുകയും എതിരാളികള്‍ വെള്ളത്തില്‍ മുങ്ങി മരിക്കുകയുമാണുണ്ടായത്. ചരിത്രത്തിലോ അന്നു തൊട്ടിന്നോളം സുമനസ്സുകളൊക്കെയും നൂഹ് നബിക്കും അനുയായികള്‍ക്കും വേണ്ടി പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കുന്നു. ലോകാന്ത്യം വരെ ഇതു തുടരും. എന്നാല്‍ എതിരാളികളുടെ പേരോ കുറിയോ പോലും ആര്‍ക്കുമറിയില്ല. എന്നിട്ടും അവര്‍ മുഴുവനാളുകളുടെയും ശാപകോപങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടേയിരിക്കുന്നു.

ഹൂദ്, സ്വാലിഹ്, ശുഐബ്, ലൂത്വ് (അ) പോലുള്ള പ്രവാചകന്മാര്‍ ജീവിതകാലത്ത് കടുത്ത പ്രയോസങ്ങളും പീഡനങ്ങളും അനുഭവിച്ചു. കഠിനമായി അധ്വാനിച്ചും ത്യാഗം സഹിച്ചും സത്യപ്രബോധനം നടത്തിയിട്ടും വിരലിലെണ്ണാവുന്നവരെ മാത്രമേ അനുയായികളായി കിട്ടിയുള്ളൂ. അവരോ പാവങ്ങളായ സാധാരണക്കാര്‍. എതിരാളികള്‍ അധികാരവും സ്വാധീനവുമുള്ളവരും. എന്നിട്ടും ഭൂമിയില്‍ തന്നെ രക്ഷപ്പെടുകയും വിജയം വരിക്കുകയും ചെയ്തത് പ്രവാചകന്മാരും കൂടെയുള്ളവരുമായിരുന്നു. എതിരാളികള്‍ അല്ലാഹുവിന്റെ ശാപകോപങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടേയിരിക്കുന്നു. പ്രവാചകന്മാര്‍ക്കും കൂടെയുണ്ടായിരുന്നവര്‍ക്കും ജനകോടികളുടെ പ്രശംസകളും പ്രാര്‍ഥനകളും ലഭിച്ചുകൊണ്ടേയിരിക്കുന്നു.

ഇബ്‌റാഹീം നബിക്ക് ജന്മനാട്ടില്‍ നിരവധി കാലം നിരന്തരം ഇസ്‌ലാമിക പ്രബോധനം നടത്തിയിട്ടും അനുയായികളെ കിട്ടിയില്ല. അഗ്നികുണ്ഠത്തില്‍ എറിയപ്പെടുക പോലുമുണ്ടായി. ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ ഏകാന്തപഥികനായി നാടായ നാടുകളിലൊക്കെ ചുറ്റിക്കറങ്ങി. മാനവ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുകയും ത്യാഗം സഹിക്കുകയും ചെയ്ത വ്യക്തി ഒരുപക്ഷേ അദ്ദേഹമായിരിക്കും. അതുകൊണ്ടുതന്നെ വിശുദ്ധ വേദഗ്രന്ഥത്തില്‍ ഏറ്റവും കൂടുതല്‍ വാഴ്ത്തപ്പെട്ട വ്യക്തിയും അദ്ദേഹം തന്നെ. ചരിത്രത്തില്‍ അദ്ദേഹത്തെപ്പോലെ ആദരിക്കപ്പെടുന്ന മറ്റൊരാളുമില്ല. ജൂത, ക്രൈസ്തവ, ഇസ്‌ലാമിക സമൂഹങ്ങള്‍ ഒരേപോലെ അദ്ദേഹത്തെ അംഗീകരിക്കുന്നു. മറുഭാഗത്ത് നംറൂദ് അനിഷേധ്യമായ അധികാരമുള്ള മര്‍ദകനായ ഭരണാധികാരിയായിരുന്നു. എന്നാല്‍ ചരിത്രത്തില്‍ അയാളുടെ ഇടം പരമ നിന്ദ്യരുടെയും അഭിശപ്തരുടെയും ഒപ്പവും.

മുഹമ്മദ് നബിയുടെ കടുത്ത പ്രതിയോഗികളില്‍ മുന്‍നിരയിലുണ്ടായിരുന്നത് അബൂലഹബും അബൂജാഹിലും ഉമയ്യത്തുമൊക്കെയായിരുന്നു. മൂന്നു പേരും പ്രവാചകനെയും അനുചരന്മാരെയും കഠിനമായി പീഡിപ്പിച്ചു. അവരെല്ലാവരും അക്കാലത്തെ മക്കയിലെ നേതാക്കളും പ്രമാണിമാരുമായിരുന്നു. ചോദ്യം ചെയ്യപ്പെടാത്ത അധികാര കേന്ദ്രങ്ങളും. എന്നിട്ടും അവരുടെയൊക്കെ അന്ത്യം അത്യന്തം അപമാനകരവും ദുരന്തപൂര്‍ണവുമായിരുന്നു.

ഖുര്‍ആന്‍ പേരെടുത്തു പറഞ്ഞ് ആക്ഷേപിച്ച വ്യക്തിയാണ് അബൂലഹബ്. അബ്ദുല്‍ ഉസ്സാ എന്ന് പേരുണ്ടായിരുന്ന അദ്ദേഹത്തിന് അബൂലഹബ് എന്ന പേരു കിട്ടിയത് അയാളുടെ ശരീരം തങ്കം പോലെ ശോഭിക്കുന്നതായിരുന്നതിനാലാണ്. ബദ്ര്‍ യുദ്ധത്തില്‍ ഖുറൈശികള്‍ പരാജയപ്പെട്ടപ്പോള്‍ കടുത്ത ദുഃഖത്തിലും മോഹഭംഗത്തിലും അയാള്‍ അകപ്പെട്ടു. പിന്നീട് ഏഴു ദിവസത്തിലേറെ ജീവിച്ചില്ല അബൂലഹബ്. അയാളുടെ ശരീരത്തില്‍ ഒരുതരം വൃത്തികെട്ട കുരുക്കള്‍ പ്രത്യക്ഷപ്പെട്ടു. മുറിവുകളായി അവ പൊട്ടിയൊലിച്ചു. ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. അയാള്‍ തൊടുമോ എന്ന് ഭയന്ന് വീട്ടുകാര്‍ മാറിത്താമസിച്ചു. അയാള്‍ മരണപ്പെട്ട ശേഷവും മൂന്ന് ദിവസം ആരും അടുത്തു ചെന്നില്ല.

സന്മാര്‍ഗം സ്വീകരിച്ചതിന്റെ പേരില്‍ ബിലാലുബ്‌നു റബാഹിനെ ഭീകരമായി മര്‍ദിച്ചിരുന്നു ഉമയ്യത്ത്. നട്ടുച്ച നേരത്ത് നെഞ്ചില്‍ കല്ല് കയറ്റി വെച്ച് ചുട്ടുപഴുത്ത മണലില്‍ വലിച്ചിഴച്ചു. പീഡനമേറ്റ് ശരീരം വേദനകൊണ്ട് പുളയുമ്പോഴും ബിലാലിന്റെ മനസ്സ് ശാന്തമായിരുന്നു. ഈ മര്‍ദന പീഡനങ്ങള്‍ നടത്തിക്കൊണ്ടിരുന്ന ഉമയ്യത്തിന്റെ അകമാകട്ടെ അങ്ങേയറ്റം അശാന്തവും. ആള്‍ക്കൂട്ടത്തില്‍ വെച്ച് തന്റെ അടിമ തന്നെ ധിക്കരിക്കുന്നത് അയാള്‍ക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു. അപമാനഭാരം സഹിക്കാനാവാതെ അയാള്‍ നബിതിരുമേനിയെ ഒരിക്കലെങ്കിലും ഒരുവാക്ക് പറഞ്ഞെങ്കിലും തള്ളിപ്പറയാന്‍ ബിലാലിനോട് കെഞ്ചി. ബിലാല്‍ അതിനു തയാറായില്ല. അദ്ദേഹം തികഞ്ഞ സംതൃപ്തിയോടെ എല്ലാം സഹിക്കുകയായിരുന്നു. അങ്ങനെ ബിലാല്‍ ചരിത്രത്തില്‍ ഏറ്റവും ഉയരത്തില്‍ ഇടം പിടിച്ചു. മക്കാ വിജയവേളില്‍ വിജയപ്രഖ്യാപനം നടത്താന്‍ നബിതിരുമേനി തെരഞ്ഞെടുത്തത് ബിലാലിനെയാണല്ലോ. ഉമയ്യത്താകട്ടെ ബദ്ര്‍ യുദ്ധത്തില്‍ ബിലാലിന്റെ കൈകളാല്‍ തന്നെ അപമാനിതനായി വധിക്കപ്പെട്ടു. അയാള്‍ അവസാനം കേട്ട വാക്കുകള്‍ ബിലാലിന്റേതായിരുന്നു: ''സത്യനിഷേധികളുടെ നായകാ, ഇത് ഞാനാണ്, ബിലാല്‍ എന്ന അടിമ. അല്ലാഹു എന്നെ ഇസ്‌ലാമിലൂടെ ശ്രേഷ്ഠനാക്കി. നിന്നെ അതിക്രമവും സത്യനിഷേധവും കാരണമായി നിന്ദ്യനാക്കി. അതിനാല്‍ നീ പോകൂ; നിത്യ നാശത്തിലേക്ക്, നരകത്തിലേക്ക്! അവിശ്വാസത്തിന്റെ കാളിമയും പേറി.'' അബൂജഹ്‌ലിന്റെ അന്ത്യവും ഇവ്വിധം അത്യന്തം അപമാനകരമായിരുന്നു.

സച്ചരിതരായ നാല് ഖലീഫമാരുടെ കാലശേഷം അധികാരത്തില്‍ വന്ന ഉമവികളുടെ ഗവര്‍ണറായിരുന്ന ഹജ്ജാജ് അതിക്രൂരനും കടുത്ത ഏകാധിപതിയും മര്‍ദകനായ ഭരണാധികാരിയുമായിരുന്നു. അധികാരമേറ്റ ഉടനെ പ്രസംഗപീഠത്തില്‍ കയറി അയാള്‍ ചൊല്ലിയ കവിത തന്നെ ആ ദുഷ്ട മനസ്സ് അനാവരണം ചെയ്യുന്നു. അയാള്‍ പാടി: 'ഞാന്‍ ചില തലകള്‍ കാണുന്നു. അവ പഴുത്ത് പാകമായിരിക്കുന്നു. അവ പറിച്ചെടുക്കാറായിരിക്കുന്നു. ഞാനാണത് ചെയ്യുക.'

പ്രവാചക പത്‌നി ആഇശ ബീവിയുടെ ജ്യേഷ്ഠ സഹോദരിയും പ്രവാചകന് ഏറെ പ്രിയപ്പെട്ടവരുമായിരുന്ന അസ്മാ ബീവിയുടെയും സുബൈറിന്റെയും മകന്‍ അബ്ദുല്ലാഹിബ്‌നു സുബൈറിനെ ഹജ്ജാജ് ഹറമില്‍ വെച്ച് അതിക്രൂരമായി കൊലപ്പെടുത്തി. മൃതദേഹത്തോട് പോലും അനാദരവ് കാണിച്ചു. പ്രഗത്ഭ പണ്ഡിതനായിരുന്ന സഈദുബ്‌നു ജുബൈറിന് ഹജ്ജാജ് വധശിക്ഷ വിധിച്ചു. വധിക്കാന്‍ വാള്‍ തലക്കു മുകളില്‍ ഉയര്‍ത്തിയപ്പോള്‍ ഇബ്‌നു ജുബൈര്‍ പുഞ്ചിരിച്ചു. കോപാകുലനായ ഹജ്ജാജ് ഗര്‍ജിച്ചു: 'നീ എന്തിനാണ് ചിരിക്കുന്നത്?' സഈദ് പറഞ്ഞു: 'ഞാന്‍ ആഴത്തില്‍ ആലോചിച്ചപ്പോള്‍ താങ്കള്‍ അല്ലാഹുവോട് കാണിക്കുന്ന ധിക്കാരത്തെയും അല്ലാഹു താങ്കളോട് കാണിക്കുന്ന കാരുണ്യത്തെയും കുറിച്ചോര്‍ത്തു. അതെന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. അതിനാലാണ് ചിരിച്ചത്.'

കൊല്ലപ്പെടുമെന്നുറപ്പുള്ളപ്പോഴും ചിരിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയിലായിരുന്നു സഈദുബ്‌നു ജുബൈര്‍. എന്നാല്‍ ഹജ്ജാജോ; അയാളുടെ കൈക്ക് കുരു ബാധിച്ചു. അതിവേഗം അത് ശരീരമാകെ പടര്‍ന്നു. അയാള്‍ കാളയെപ്പോലെ അലറുകയായിരുന്നു. അത്യന്തം അപമാനകരവും ദുരിതപൂര്‍ണവുമായിരുന്നു അയാളുടെ അന്ത്യം. അധികാരത്തിന്റെ അഹന്ത തലക്കു പിടിച്ച അയാളെ ആദരിക്കുന്ന ആരെയും എവിടെയും കാണാനാവില്ല. എന്നാല്‍ അബ്ദുല്ലാഹിബ്‌നു സുബൈറും സഈദുബ്‌നു ജുബൈറും ഉള്‍പ്പെടെ അയാളുടെ പീഡനങ്ങള്‍ക്കിരയായവര്‍ നൂറ്റാണ്ടുകളിലൂടെ ജനകോടികളുടെ പ്രശംസയും പ്രാര്‍ഥനയും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. ലോകാന്ത്യം വരെ ഇത് തുടരും.

ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റം വലിയ ദുരന്തമായിരുന്നു പ്രവാചക കാലം തൊട്ട് നീണ്ട പതിമൂന്നര നൂറ്റാണ്ടുകാലം നിലനിന്നുപോന്ന ഇസ്‌ലാമിക ഖിലാഫത്തിന്റെ പതനം. അതിന്റെ ചരമ പ്രഖ്യാപനം നടത്തിയ മുസ്തഫാ കമാലിനെ തുര്‍ക്കിയുടെ പിതാവ് എന്നര്‍ഥം വരുന്ന 'അത്താതുര്‍ക്ക്' എന്ന് വിളിച്ചു ആദരിച്ചു. അയാള്‍ തന്റെ ക്രൂരകൃത്യങ്ങളെ എതിര്‍ത്തവരെയൊക്കെ കൊന്നൊടുക്കുകയോ ജയിലിലടക്കുകയോ ചെയ്തു.  എന്നാല്‍ ആധുനിക തുര്‍ക്കി മുസ്തഫാ കമാല്‍ തള്ളിപ്പറഞ്ഞ ഇസ്‌ലാമിനെ വാരിപ്പുണര്‍ന്നിരിക്കുന്നു. അയാള്‍ ഇസ്‌ലാമിന്റെ ചിഹ്നങ്ങള്‍ തുടച്ചുമാറ്റിയ പോലെ അയാളുടെ അവസാനത്തെ അടയാളവും തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ് തുര്‍ക്കിയിലെ ജനവും ഭരണകൂടവും. 

 

ജനകോടികളുടെ പ്രാര്‍ഥന ഏറ്റുവാങ്ങുന്നവര്‍

വിശ്വാസികളുടെ അനുഭവം അത്ഭുതകരം തന്നെ. അവര്‍ എത്ര സാധാരണക്കാരായാലും എണ്ണിയാലൊടുങ്ങാത്ത ജനകോടികളുടെ പ്രാര്‍ഥനകള്‍ എപ്പോഴും ഏറ്റുവാങ്ങിക്കൊണ്ടേയിരിക്കുന്നു. ഓരോ വിശ്വാസിയും ലോകമെങ്ങുമുള്ള നൂറ്റി എഴുപത് കോടി വിശ്വാസികളുടെയും അഞ്ചു നേരത്തെ നമസ്‌കാരങ്ങളിലെ 'സച്ചരിതരായ അല്ലാഹുവിന്റെ എല്ലാ അടിമകള്‍ക്കും സമാധാനമുണ്ടാകട്ടെ' എന്ന പ്രാര്‍ഥനയില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ പതിനാല് നൂറ്റാണ്ടിലേറെക്കാലം ലോകമെങ്ങുമുള്ള വിശ്വാസികള്‍ നിര്‍വഹിച്ച ഈ പ്രാര്‍ഥനക്ക് നിസ്സാരരായ നാമും അര്‍ഹരായിരിക്കുന്നു. ലോകാവസാനം വരെയുള്ള എല്ലാ നാടുകളിലെയും സച്ചരിതരായ മുഴുവന്‍ ജനകോടികളുടെയും പ്രാര്‍ഥനകളില്‍ നാമും ഉള്‍പ്പെടും. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ജനകോടികളുടെ പ്രാര്‍ഥന നമുക്കു വേണ്ടി ഉണ്ടാവുന്നു. പിന്നാലെ വരുന്നവരൊക്കെയും നമുക്കു വേണ്ടി ഇങ്ങനെ പ്രാര്‍ഥിക്കും: ''ഞങ്ങളുടെ നാഥാ, നീ ഞങ്ങള്‍ക്കും ഞങ്ങളുടെ മുമ്പേ സത്യവിശ്വാസം സ്വീകരിച്ച ഞങ്ങളുടെ സഹോദരങ്ങള്‍ക്കും പൊറുത്തുതരേണമേ. ഞങ്ങളുടെ മനസ്സില്‍ വിശ്വാസികളോട് ഒട്ടും വെറുപ്പ് ഉണ്ടാക്കരുതേ. ഞങ്ങളുടെ നാഥാ, ഉറപ്പായും നീ ദയാപരനും പരമകാരുണികനുമല്ലോ'' (69:10).

ഈ ലോകത്ത് പോലും നഷ്ടനേട്ടങ്ങള്‍ക്കും ജയാപചയങ്ങള്‍ക്കും ആരാണ് അര്‍ഹരെന്ന് കാലം സാക്ഷ്യപ്പെടുത്തിയതിന്റെ ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണ് മുകളില്‍ ചേര്‍ത്തത്. മരണശേഷമുള്ള മറുലോകത്തെ ദൈവപ്രീതിയും അവന്റെ പ്രതിഫലവും ആ ദൈവത്തിന്റെ പാത പിന്തുടര്‍ന്ന് ജീവിക്കുന്നവര്‍ക്ക് മാത്രമാണ്. നരകമുക്തിയും സ്വര്‍ഗലബ്ധിയും അതിനു നിശ്ചയിക്കപ്പെട്ട ദൈവിക സന്മാര്‍ഗം സ്വീകരിച്ച വിശ്വാസികള്‍ക്കു മാത്രം. 

''കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരെല്ലാം നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരം ഉപദേശിക്കുകയും ചെയ്യുന്നവരൊഴികെ'' (103:13). 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (78-80)
എ.വൈ.ആര്‍

ഹദീസ്‌

മൂന്ന് വസ്വിയ്യത്തുകള്‍
പി.എ ശറഫുദ്ദീന്‍