Prabodhanm Weekly

Pages

Search

2018 ജൂലൈ 13

3059

1439 ശവ്വാല്‍ 28

പുതിയ കാലത്തിന്റെ കണ്ണടയിലൂടെ ഖുര്‍ആന്‍ വായിക്കപ്പെടണം

ടി.കെ ഉബൈദ്

ഖുര്‍ആന്‍ വായിക്കുന്നതിന് പൂര്‍വകാല പണ്ഡിതന്മാരുടെ തഫ്‌സീറുകളുടെ സഹായം അനുപേക്ഷണീയമാണ്. പൂര്‍വികര്‍ സഞ്ചരിച്ചെത്തിയേടത്തുനിന്നാണ് പില്‍ക്കാലക്കാര്‍ യാത്ര തുടരേണ്ടത്. പൂര്‍വികരോടുള്ള ബഹുമാനം, ഖുര്‍ആന്റെ വെളിച്ചമൊക്കെയും അവര്‍ തെളിച്ചുകഴിഞ്ഞിരിക്കുന്നു, ഇനിയാര്‍ക്കും ഒന്നും തെളിക്കാനില്ല എന്നിടത്തോളമെത്തിയാല്‍ പൂര്‍വിക തഫ്‌സീറുകള്‍ പില്‍ക്കാലക്കാര്‍ക്ക് മാര്‍ഗതടസ്സമായിത്തീരുന്നു. ഏതു വിജ്ഞാനവും വികസിക്കുന്നത് പില്‍ക്കാലക്കാര്‍ പൂര്‍വികരില്‍നിന്ന് മുന്നോട്ടു പോകുമ്പോഴാണ്. വൈദ്യശാസ്ത്രത്തില്‍ ഇബ്‌നു സീനയും റാസിയും കണ്ടെത്തിയതിലധികം ഇനി ആര്‍ക്കും ഒന്നും കണ്ടെത്താനില്ല എന്ന് പില്‍ക്കാലക്കാര്‍ കരുതിയിരുന്നുവെങ്കില്‍ ആ വിജ്ഞാനശാഖയുടെ അവസ്ഥ എന്താകുമായിരുന്നു എന്ന് ഓര്‍ത്തുനോക്കുക. പൂര്‍വികരുടെ വായനയെ ആധാരമാക്കുമ്പോള്‍തന്നെ അവര്‍ കണ്ടതിനപ്പുറം കാണാന്‍ ആധുനികര്‍ ശ്രമിക്കണം. അപ്പോഴേ ഖുര്‍ആനിനെ സമകാലീനമായി വായിക്കാന്‍ കഴിയൂ. പൂര്‍വിക വായനകള്‍ സമകാലീന വായനക്ക് വിഘാതമാകുന്നതിന്റെ വ്യക്തമായ ഒരു ഉദാഹരണമാണ് ഇന്ന് ഇന്ത്യയില്‍ വലിയ വിവാദമായിട്ടുള്ള മുത്ത്വലാഖ് പ്രശ്‌നം. മുത്ത്വലാഖ് എന്ന പ്രയോഗമേ ഖുര്‍ആനിലില്ല. വിവാഹമോചനം രണ്ടു തവണയായി നടത്തണമെന്നും ഈ രണ്ടു തവണയും ദമ്പതികള്‍ക്ക് വീണ്ടും യോജിക്കാമെന്നും പിന്നെ മൂന്നാമതും ആ ഭാര്യയെ വിവാഹമോചനം ചെയ്താല്‍ പുനഃസമാഗമത്തിന് അവസരമില്ലെന്നും ഭര്‍ത്താവ് ഭാര്യയെ ഭംഗിയായി പിരിച്ചയക്കണമെന്നുമാണ് ഖുര്‍ആന്‍ 2:229-ാം സൂക്തം പറയുന്നത്. ഈ മൂന്നു ത്വലാഖുകളും ഒറ്റത്തവണ ചെയ്യാമെന്നും അങ്ങനെ ചെയ്താല്‍ അവരുടെ ദാമ്പത്യബന്ധം എന്നെന്നേക്കുമായി വേര്‍പ്പെട്ടുവെന്നുമാണ് കര്‍മശാസ്ത്രം പറയുന്നത്. വിവാഹമോചനം സംബന്ധിച്ച് ഖുര്‍ആനില്‍ നിരവധി സൂക്തങ്ങളുണ്ട്. 2:227,229, 230, 231,236, 4:23,35, 65:1 സൂക്തങ്ങള്‍ അക്കൂട്ടത്തില്‍ ഏറെ പ്രധാനങ്ങളാണ്. ഈ സൂക്തങ്ങളെ യുക്തിപൂര്‍വം കൂട്ടിയിണക്കി നൈതികമായി ചിന്തിച്ചാല്‍, സ്ത്രീയുടെയും പുരുഷന്റെയും അവകാശതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന, ഇന്നത്തെ സാഹചര്യത്തിന് ആവശ്യവും യുക്തവുമായ വിവാഹമോചനവ്യവസ്ഥ ആവിഷ്‌കരിക്കാന്‍ കഴിയും. ഇന്ത്യയില്‍ മുസ്‌ലിം വ്യക്തിനിയമം നടപ്പിലാക്കാന്‍ തുടങ്ങുന്ന കാലത്തു തന്നെ മുസ്‌ലിം പണ്ഡിതന്മാര്‍ അതു ചെയ്യേണ്ടതായിരുന്നു. അന്നോ അതിനുശേഷം മുത്ത്വലാഖ് വിവാദമുായപ്പോഴോ അവര്‍ക്കതിനു സാധിച്ചില്ല. മുത്ത്വലാഖിന്റെ പ്രാമാണികതയില്‍ കടിച്ചുതൂങ്ങുകയാണ് അധിക പണ്ഡിതന്മാരും ചെയ്തത്. മദ്ഹബീ ഫിഖ്ഹുകളെല്ലാം പറയുന്നതങ്ങനെയാകുന്നു എന്നതാണ് കാരണം. ഇവിടെ ഹദീസ് പോലുമല്ല, പില്‍ക്കാല പണ്ഡിതന്മാര്‍ ആവിഷ്‌കരിച്ച കര്‍മശാസ്ത്ര വ്യവസ്ഥയാണ് ഖുര്‍ആനെ മറികടക്കുന്നത്. രണ്ടാം ഖലീഫ ഉമറി(റ) ന്റെ ഭരണകാലത്ത് ഒറ്റയടിക്കുള്ള മൂന്നു ത്വലാഖിനെ മൂന്നു ത്വലാഖായി പരിഗണിക്കുമെന്ന് നിയമം നിലവില്‍ വരികയുണ്ടായി. ത്വലാഖ് കൊണ്ട് കളിക്കുന്ന പുരുഷന്മാരെ നിലക്കു നിര്‍ത്താന്‍ സ്വീകരിക്കപ്പെട്ട, ശരീഅത്തിന്റെ കാലികമായ ഒരു പ്രയോഗ രൂപമാണതെന്ന് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ട്. അക്കാലത്ത് മുത്ത്വലാഖിന്റെ നിയമപ്രാബല്യം സ്ത്രീകളേക്കാള്‍ പ്രയാസപ്പെടുത്തിയിരുന്നത് പുരുഷന്മാരെയാണ് എന്നതും ഒരു വസ്തുതയാണ്. വാസ്തവത്തില്‍, സാഹചര്യത്തിന്റെ താല്‍പര്യം പരിഗണിച്ച് ശരീഅത്തിന്റെ പ്രയോഗ രൂപത്തില്‍ സമൂഹ നേതൃത്വം മാറ്റം വരുത്തുന്നതിന്റെ വ്യക്തമായ ഒരു മാതൃകയാണത്. വിചിത്രമെന്നു പറയട്ടെ, മാറ്റത്തിന്റെ മാതൃകയായ ആ സംഭവത്തെ, ഒരു സാഹചര്യത്തില്‍ സ്വീകരിക്കപ്പെട്ട പ്രയോഗരൂപം പിന്നീട് ഒരു സാഹചര്യത്തിലും മാറ്റാന്‍ പാടില്ല എന്നതിന്റെ പ്രമാണമായിട്ടാണ് ഇന്നു കൊണ്ടുനടക്കുന്നത്. അതുമൂലം നമ്മുടേതു പോലുള്ള സാമൂഹിക സാഹചര്യത്തില്‍ നിരവധി സ്ത്രീകള്‍ കഷ്ടപ്പെടുന്നു. ചിലപ്പോള്‍ പുരുഷന്മാരും ബുദ്ധിമുട്ടുന്നുണ്ട്. അതിനു പുറമെ ഇസ്‌ലാമിക ശരീഅത്തിനെ പഴിക്കാനും പരിഹസിക്കാനും മറ്റുള്ളവര്‍ക്ക് അവസരം നല്‍കുന്നു. മുസ്‌ലിം വ്യക്തി നിയമങ്ങള്‍ രാജ്യത്തുനിന്ന് നിഷ്‌കാസനം ചെയ്യുന്നതിനുള്ള നിയമനിര്‍മാണത്തിന് സര്‍ക്കാറിന് ധൈര്യം പകരുകയും ചെയ്യുന്നു.

ആധുനിക ലോകത്ത് ഇസ്‌ലാം പഴിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളൊന്നും യഥാര്‍ഥത്തില്‍ ഖുര്‍ആന്‍ അനുശാസിച്ചിട്ടുള്ളതല്ല. അനുശാസിച്ചിട്ടുള്ള ജിഹാദ് പോലുള്ള കാര്യങ്ങളാകട്ടെ തെറ്റായി മനസ്സിലാക്കപ്പെട്ടതുമാണ്.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അധര്‍മങ്ങളും അന്യായമായ നിയമങ്ങളും ഖുര്‍ആന്‍ ഒട്ടും പ്രബോധനം ചെയ്യുന്നില്ല. ഖുര്‍ആന്‍ അവതരിച്ചത് മുഹമ്മദ് നബിക്കും ശിഷ്യന്മാര്‍ക്കും മാത്രമായിട്ടല്ല, ഇന്നു ജീവിക്കുന്ന നമുക്കും നാളെ പിറക്കാനിരിക്കുന്ന നമ്മുടെ പിന്‍ഗാമികള്‍ക്കും കൂടിയായിട്ടാണ്. ഈ കാഴ്ചപ്പാടോടെ വേണം അതു വായിക്കാന്‍. എങ്കിലേ ഈ കാലഘട്ടത്തിലെ അനുവാചകര്‍ക്ക് അതെന്താണ് പറയുന്നതെന്ന് നന്നായി ഗ്രഹിക്കാനാകൂ. അങ്ങനെ വായിച്ചാല്‍ ആധുനിക ലോകം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യാവകാശം, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, സാമൂഹിക നീതി, ജനാധിപത്യം, ലിംഗനീതി, സമാധാനം തുടങ്ങിയ ആഖ്യാനങ്ങളെല്ലാം ഖുര്‍ആന്‍ കൈകാര്യം ചെയ്യുകയും ന്യായമായ പ്രയോഗരീതികള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു എന്നു കാണാം.

പൂര്‍വസൂരികള്‍ കെട്ടിപ്പടുത്തുവെച്ച വൈജ്ഞാനികസൗധം അതിനു മുകളിലേക്ക് പടുത്തുയര്‍ത്തേണ്ടവരാണ് പില്‍ക്കാലക്കാര്‍. പൂര്‍വകാലത്തു ജീവിച്ച പണ്ഡിതന്മാര്‍ക്ക് ഖുര്‍ആന്‍ പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞിരിക്കുന്നുവെന്നും അവര്‍ മനസ്സിലാക്കിയതിനപ്പുറം ഒന്നും മനസ്സിലാക്കാനില്ലെന്നും കരുതുന്നത് ഖുര്‍ആന്റെ സാര്‍വജനീനതയെ നിഷേധിക്കലാണ്. മനുഷ്യന്റെ ബുദ്ധിയും വിജ്ഞാനവും എല്ലാ മേഖലകളിലും നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണ്. പൂര്‍വ നൂറ്റാണ്ടുകളിലെ പണ്ഡിതന്മാര്‍ ഖുര്‍ആന്‍ വായിച്ചത് ആ നൂറ്റാണ്ടുകളിലെ ബൗദ്ധിക വൈജ്ഞാനിക വികാസത്തിന്റെയും സാംസ്‌കാരിക ജീവിതത്തിന്റെയും പശ്ചാത്തലത്തിലാണ്. അവരുടെ ജീവിതത്തിനുവേണ്ടി അവതരിച്ച ഖുര്‍ആനാണ് അവര്‍ വായിച്ചത്. ആധുനിക വായനക്കാരും ഖുര്‍ആനില്‍നിന്ന് മനസ്സിലാക്കുന്നത് പൂര്‍വ നൂറ്റാണ്ടുകാര്‍ മനസ്സിലാക്കിയതു മാത്രമാണെങ്കില്‍ അവര്‍ വായിക്കുന്നത് അവരുടെ ജീവിതത്തിനു വേണ്ടി അവതരിച്ച ഖുര്‍ആന്‍ അല്ല; പൂര്‍വ നൂറ്റാണ്ടുകാര്‍ക്കുവേണ്ടി അവതരിച്ച ഖുര്‍ആന്‍ ആണ്. ഖുര്‍ആന്‍ ലോകാവസാനം വരെയുള്ള മനുഷ്യര്‍ക്കുവേണ്ടി അവതരിച്ചതാണ്. ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു: ''ലോകര്‍ക്കൊക്കെയും മുന്നറിയിപ്പായിരിക്കുന്നതിനുവേണ്ടി സത്യാസത്യ വിവേചകമായ ഈ ഖുര്‍ആന്‍ തന്റെ ദാസന് അവതരിപ്പിച്ചുകൊടുത്തവന്‍ അത്യന്തം അനുഗൃഹീതനത്രെ'' (25:1).

''ഖുര്‍ആനിന്റെ വാഹകനായ അന്ത്യ പ്രവാചകന്‍ നിയുക്തനായതും മര്‍ത്യകുലത്തിനാകമാനമായിട്ടാണ്'' (21:107). നവയുഗത്തിലെ മനുഷ്യന്‍ ഈ അനുഗ്രഹം നേടിയെടുക്കാന്‍ ഈ യുഗത്തിന്റെ വൈജ്ഞാനിക-ബൗദ്ധിക പുരോഗതിയുടെയും നാഗരിക വികാസത്തിന്റെയും ജീവിത സമ്പ്രദായങ്ങളുടെയും സാഹചര്യത്തില്‍ ഖുര്‍ആന്‍ വായിക്കേണ്ടതുണ്ട്.

കര്‍മശാസ്ത്രത്തെ ഗ്രസിച്ച അനുകരണഭ്രമം ഖുര്‍ആന്‍-സുന്നത്ത് വിജ്ഞാനീയങ്ങളിലേക്കും പകര്‍ന്നതിനാല്‍ ഇപ്പറഞ്ഞ രീതിയിലുള്ള ഖുര്‍ആന്‍ വായന ഏറെക്കാലം സ്തംഭനാവസ്ഥയിലായിരുന്നു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ നവയുഗത്തിന്റെ കണ്ണടയിലൂടെ ഖുര്‍ആന്‍ വായിക്കപ്പെട്ടുതുടങ്ങിയിരിക്കുന്നു. അതുവഴി മുസ്‌ലിം സമൂഹത്തിലേക്കു മാത്രമല്ല, പാശ്ചാത്യ ലോകത്തേക്കും പൗരസ്ത്യ ലോകത്തേക്കും ഖുര്‍ആന്‍ അതിന്റെ വെളിച്ചം പ്രസരിച്ചുകൊണ്ടിരിക്കുകയാണ്. അല്ലാമാ റശീദ് രിദായുടെ തഫ്‌സീറുല്‍ മനാര്‍, സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍, ശൈഖ് മുഹമ്മദുത്ത്വാഹിര്‍ ബിന്‍ ആശൂറിന്റെ അത്തഹ്‌രീറു വത്തന്‍വീര്‍ തുടങ്ങിയ തഫ്‌സീറുകള്‍ ഇക്കൂട്ടത്തില്‍ വിഖ്യാതങ്ങളാണ്. ശേഷം വരുന്നവര്‍ അവര്‍ വെട്ടിത്തെളിച്ച വഴിയിലൂടെ കൂടുതല്‍ മുന്നോട്ടു പോകുമെന്ന് പ്രതീക്ഷിക്കാം.

 

ഖുര്‍ആനും ശാസ്ത്രവും

പദാര്‍ഥങ്ങള്‍ രൂപപ്പെടുന്നതിന്റെയും പ്രവര്‍ത്തിക്കുന്നതിന്റെയും നിയമങ്ങളുടെ പഠനമാണല്ലോ ഭൗതികശാസ്ത്രം. മനുഷ്യന്‍ നേടിയ നാഗരിക വികാസത്തില്‍ ശാസ്ത്രത്തിന്റെ പങ്ക് അനിഷേധ്യമാണ്. ഖുര്‍ആനിന്റെ ദൃഷ്ടിയില്‍ ഇതിനുപുറമെ മറ്റൊരു പ്രാധാന്യവും കൂടി ശാസ്ത്രപഠനത്തിനുണ്ട്. സൃഷ്ടിയെ പഠിക്കുന്നതിലൂടെ സ്രഷ്ടാവിനെ അറിയുക എന്നതാണത്. പ്രപഞ്ചത്തിലെ ഓരോ പ്രതിഭാസവും ഒരു ആയത്ത്- ദൈവിക ദൃഷ്ടാന്തം- ആണ്. പ്രതിഭാസങ്ങളുടെ ഉത്ഭവവും പരിണാമവും നാശവും നിരീക്ഷിച്ചു പഠിച്ചാല്‍ സ്രഷ്ടാവിന്റെ സൃഷ്ടിവൈഭവവും ഏകത്വവും സൃഷ്ടിയുടെ ധര്‍മവും മരണാനന്തര അവസ്ഥയും ബോധ്യപ്പെടുമെന്നു ഖുര്‍ആന്‍ അടിക്കടി ഉണര്‍ത്തുന്നു:

''അവര്‍ ഒട്ടകങ്ങളെ നിരീക്ഷിക്കുന്നില്ലയോ, അതെങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന്. വിണ്ഡലം നിരീക്ഷിക്കുന്നില്ലയോ, അത് എവ്വിധം ഉയര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന്? പര്‍വതങ്ങള്‍ നിരീക്ഷിക്കുന്നില്ലയോ, അവ എങ്ങനെ സ്ഥാപിക്കപ്പെട്ടിരിക്കുന്നുവെന്ന്? ഭൂതലം നിരീക്ഷിക്കുന്നില്ലയോ, അതെപ്രകാരം വിസ്തൃതമാക്കപ്പെട്ടിരിക്കുന്നുവെന്ന്'' (88:17-20). ''ആകാശഭൂമികളുടെ സൃഷ്ടിയിലും രാപ്പകല്‍ഭേദത്തിലുമെല്ലാം സദ്ബുദ്ധിയുള്ളവര്‍ക്ക് തീര്‍ച്ചയായും മഹാദൃഷ്ടാന്തങ്ങളുണ്ട്. നിന്നും ഇരുന്നും കിടന്നും അല്ലാഹുവിനെ സ്മരിക്കുകയും ആകാശഭൂമികളുടെ സൃഷ്ടിയെക്കുറിച്ച് ചിന്തിക്കുകയും 'വിധാതാവേ, ഇതൊക്കെയും നീ വൃഥാ സൃഷ്ടിച്ചിട്ടുള്ളതല്ല, പാഴ്‌വേലകള്‍ക്കതീതനായ പരമപരിശുദ്ധനാണ് നീ, ആകയാല്‍ ഞങ്ങളെ നീ നരകശിക്ഷയില്‍നിന്ന് കാക്കേണമേ!' എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നവരാണവര്‍''(3:190.191). 

വൈവിധ്യമാര്‍ന്ന കാര്‍ഷിക വിളകളെ പരാമര്‍ശിച്ചുകൊണ്ട് ആഹ്വാനം ചെയ്യുന്നു: ''ചെടി കായ്ക്കുമ്പോള്‍ കനികളുണ്ടാവുകയും അതു പാകമാവുകയും ചെയ്യുന്ന പ്രക്രിയ നിരീക്ഷിക്കുവിന്‍. സത്യം വിശ്വസിക്കണമെന്നുള്ളവര്‍ക്ക് തീര്‍ച്ചയായും അതില്‍ വലിയ ദൃഷ്ടാന്തങ്ങള്‍ തന്നെയുണ്ട്'' (6:99). ഇങ്ങനെ ആകാശം, ഭൂമി, ജീവജാലങ്ങള്‍, സസ്യങ്ങള്‍, മഞ്ഞ്, മഴ തുടങ്ങിയ സകല പ്രാപഞ്ചിക പ്രതിഭാസങ്ങളും പഠിക്കാന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. ആദ്യകാല മുസ്‌ലിം പണ്ഡിതന്മാര്‍ ഈ ആഹ്വാനങ്ങള്‍ മുഖവിലക്കെടുത്തുകൊണ്ട് ശാസ്ത്ര ഗവേഷണങ്ങളിലേര്‍പ്പെട്ടതിന്റെ ഫലമായി ലോകത്തിന് മഹത്തായ ശാസ്ത്ര-സാങ്കേതിക വിജ്ഞാനങ്ങള്‍ സംഭാവന ചെയ്യുകയുണ്ടായി. അക്കാലത്ത് ഇസ്‌ലാമിക പണ്ഡിതന്മാര്‍ കര്‍മശാസ്ത്ര നിയമങ്ങള്‍ മാത്രം ഉരുക്കഴിച്ചു കഴിഞ്ഞുകൂടുന്നവരായിരുന്നില്ല. കര്‍മശാസ്ത്രമെന്ന പോലെതന്നെ ഗോളശാസ്ത്രവും ആരോഗ്യ ശാസ്ത്രവും തത്ത്വശാസ്ത്രവുമെല്ലാം പഠിക്കുന്നവരും പരീക്ഷിക്കുന്നവരുമായിരുന്നു. ഇബ്‌നുസീന, അര്‍റാസി, ഇബ്‌നുല്‍ അറബി തുടങ്ങിയ പണ്ഡിതന്മാരുടെ ചരിത്രം പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകും. ആധുനിക കാലത്ത് ഖുര്‍ആന്‍ വായിക്കുന്നവര്‍ ഖുര്‍ആനിന്റെ ശാസ്ത്ര പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കുകയും പൂര്‍വ പണ്ഡിതന്മാരുടെ പാരമ്പര്യം വീണ്ടെടുക്കാന്‍ പരിശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്.

ശാസ്ത്രാഭിമുഖ്യത്തോടെ ഖുര്‍ആന്‍ വായിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട സുപ്രധാനമായ ഒരു യാഥാര്‍ഥ്യമുണ്ട്. ശാസ്ത്രം പഠിപ്പിക്കുകയല്ല, ശാസ്ത്രം പഠിക്കണമെന്ന് പഠിപ്പിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. ഭൗതിക ശാസ്ത്രത്തിന്റെ പഠനവും പരീക്ഷണവും പ്രയോഗവുമെല്ലാം ഖുര്‍ആന്‍ ഏല്‍പിച്ചിരിക്കുന്നത് മനുഷ്യന്റെ ബുദ്ധിയെയും വിവേചന ശക്തിയെയും തന്നെയാണ്. പഥാര്‍ഥ നിയമങ്ങളല്ല; മനുഷ്യാസ്തിക്യത്തിന്റെ ലക്ഷ്യവും അതിഭൗതിക സത്യങ്ങളും ആത്മീയ-ധാര്‍മിക മൂല്യങ്ങളുമാണ് ഖുര്‍ആന്റെ പ്രമേയങ്ങള്‍. പദാര്‍ഥ സംവിധാനവും അതിഭൗതിക-ആത്മീയ-ധാര്‍മിക നിയമങ്ങളും ഒരേ സ്രോതസ്സില്‍നിന്നുള്ളതാകയാല്‍ യഥാര്‍ഥ ശാസ്ത്രവും ഖുര്‍ആനും തമ്മില്‍ വൈരുധ്യത്തിന്റെ പ്രശ്‌നമേയില്ല. ഉപരിസൂചിത യാഥാര്‍ഥ്യം ഗ്രഹിക്കാതെ പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ സംബന്ധിച്ച ഖുര്‍ആനിക പരാമര്‍ശങ്ങള്‍ വായിക്കുന്ന ചിലര്‍ക്ക് ഖുര്‍ആനും ശാസ്ത്രവും തമ്മില്‍ വൈരുധ്യമുള്ളതായി തോന്നുന്നു. ചിലരാകട്ടെ, ഭൗതിക ശാസ്ത്രജ്ഞന്മാര്‍ പറയുന്ന കാര്യങ്ങളെല്ലാം ഖുര്‍ആന്‍ പണ്ടേ പറഞ്ഞുവെച്ചിട്ടുള്ളതാണെന്ന് സ്ഥാപിക്കാന്‍ തിടുക്കപ്പെടുന്നു. ഖുര്‍ആന്‍ പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ പരാമര്‍ശിക്കുന്നത് മുഖ്യമായും സ്രഷ്ടാവിന്റെ ഏകത്വവും സൃഷ്ടിവൈഭവവും ആസൂത്രണ പാടവവും സാക്ഷ്യപ്പെടുത്തുന്നതിനു വേണ്ടിയാണ്. ചില പ്രതിഭാസങ്ങളെ അതിന്റെ ഭൗതികശാസ്ത്രപരമായ ഘടനയില്‍ തന്നെ അവതരിപ്പിക്കുന്നു. ഉദാഹരണം മനുഷ്യപ്രജനനം സംബന്ധിച്ച സൂക്തങ്ങള്‍. ഖുര്‍ആന്‍ വിവരിക്കുന്ന പ്രജനനപ്രക്രിയ യഥാര്‍ഥവും കൃത്യവുമാണെന്ന് ആധുനിക ശാസ്ത്രം തെളിയിച്ചിരിക്കുന്നു. ചില പ്രതിഭാസങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് മനുഷ്യന്‍ അനുഭവിക്കുന്ന രൂപത്തിലാണ്. ഉദാഹരണം: ഭൂമിയുടെ വിശാലതയെക്കുറിച്ച് ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നു. ഇത്തരം പരാമര്‍ശങ്ങളെ ആധാരമാക്കി ഭൂമിയുടെ ഗോളാകൃതിയെ നിഷേധിക്കുന്ന പണ്ഡിതന്മാര്‍ ഇന്നുമുണ്ട്. യഥാര്‍ഥത്തില്‍ ഖുര്‍ആന്‍ ചെയ്യുന്നത് ഭൂമിയുടെ ഭൗമശാസ്ത്രപരമായ ആകൃതി പഠിപ്പിക്കുകയല്ല; മറിച്ച് ഭൂമിയുടെ പ്രതലത്തെ ജന്തുജാലങ്ങളുടെ ആവാസത്തിനു യോഗ്യമായ വിധത്തില്‍ അല്ലാഹു വിസ്തൃതവും വിഭവസമൃദ്ധവുമാക്കിത്തന്നിരിക്കുന്നു എന്ന് ചൂണ്ടിക്കാണിക്കുകയാണ്.

സൂര്യചന്ദ്രന്മാരെ മനുഷ്യര്‍ക്ക് വിധേയമാക്കിത്തന്നിരിക്കുന്നു എന്നും ഖുര്‍ആന്‍ പലവട്ടം പറയുന്നുണ്ട്. മനുഷ്യന്‍ ഒരു കാലത്ത് സൂര്യനിലും ചന്ദ്രനിലും ചെന്നിറങ്ങി അവയെ കീഴടക്കി ഭരിക്കുമെന്നൊക്കെയുള്ള പ്രവചനമായി അതിനെ മനസ്സിലാക്കുന്നത് അതിവായനയായിരിക്കും. സൂര്യചന്ദ്രന്മാരുള്‍പ്പെടെയുള്ള വാനഗോളങ്ങള്‍ ഭൂമിയിലെ മനുഷ്യജീവിതത്തിന്റെ താല്‍പര്യങ്ങള്‍ക്കു വിധേയമായി സ്ഥാപിച്ചിരിക്കുന്നു എന്നത് എല്ലാ കാലത്തെ ജനങ്ങളുടെയും അനുഭവ യാഥാര്‍ഥ്യമാണ്.

 

പുതിയ പ്രത്യയശാസ്ത്രങ്ങള്‍

തന്നെയും താനുള്‍ക്കൊള്ളുന്ന പ്രപഞ്ചത്തെയും കുറിച്ചു ചിന്തിക്കാനുള്ള ഖുര്‍ആനികാഹ്വാനങ്ങളുടെ പരിധിയില്‍ തത്ത്വചിന്തയും പ്രത്യയശാസ്ത്ര പഠനവുമെല്ലാം ഉള്‍പ്പെടുന്നുവെന്നതില്‍ തര്‍ക്കമില്ല. പ്രസ്തുത ആഹ്വാനങ്ങളെ ആ നിലയില്‍ പരിഗണിച്ച പണ്ഡിതന്മാരിലൂടെയാണ് ഇസ്‌ലാമിക തത്ത്വചിന്ത വളര്‍ന്നു വികസിച്ചത്. അശ്അരി, മാതുരീദി, ഖദ്‌രി, ഖവാരിജി, മുഅ്തസിലി, ഇബാളി, സ്വൂഫി തുടങ്ങിയ നിരവധി ചിന്താ പ്രസ്ഥാനങ്ങളുണ്ടായതും അങ്ങനെയാണ്. ഈ പ്രസ്ഥാനങ്ങളില്‍ പലതും വളര്‍ന്നത് ഗ്രീക്ക്-പേര്‍ഷ്യന്‍-ഭാരതീയ തത്ത്വചിന്തകളുമായും ക്രൈസ്തവ ദൈവശാസ്ത്രവുമായും താരതമ്യപ്പെട്ടുകൊണ്ടായിരുന്നു. അതിനാല്‍ പൂര്‍വിക ചിന്തകരില്‍ ചിലരെങ്കിലും ഖുര്‍ആനിന്റെ പരിധിക്കു പുറത്തുപോകാനിടയായിട്ടുണ്ട്. ഈ പ്രവണത ഇന്നുമുണ്ട്. ചിലര്‍ പറയുന്നു, ഖുര്‍ആന്‍ സോഷ്യലിസ്റ്റ് വേദമാണെന്ന്. ചിലര്‍ മുതലാളിത്ത വേദമാണെന്നും. ഖുര്‍ആനില്‍ പുരുഷാധിപത്യവും സ്ത്രീവിരുദ്ധതയും ദര്‍ശിക്കുന്നവരാണ് ചിലര്‍. സ്ത്രീസ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും വേദമായാണ് ചിലര്‍ ഖുര്‍ആനിനെ കാണുന്നത്. ചിലര്‍ ഖുര്‍ആനില്‍ ഡെമോക്രസി കാണുമ്പോള്‍ മറ്റു ചിലര്‍ തിയോക്രസി കാണുന്നു. അദ്വൈതവാദം മുതല്‍ അസ്തിത്വവാദം വരെ സകല തത്ത്വശാസ്ത്രങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും അവയുടെ വക്താക്കള്‍ ഖുര്‍ആനില്‍ പ്രമാണം കണ്ടെത്തുന്നു.

ഇക്കാര്യത്തില്‍ മനസ്സിലാക്കേണ്ട അടിസ്ഥാന സത്യം ഇതാണ്: എല്ലാ സത്യങ്ങളുടെയും നന്മകളുടെയും മൗലികമായ ഖനിയാണ് വിശുദ്ധ ഖുര്‍ആന്‍. മനുഷ്യന്‍ ആവിഷ്‌കരിക്കുന്ന എല്ലാ തത്ത്വശാസ്ത്രങ്ങളിലും അസത്യങ്ങളോടും തിന്മകളോടുമൊപ്പം ചില സത്യങ്ങളും നന്മകളും ഉണ്ടായിരിക്കും. ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്ന നന്മയുടെ സാകല്യത്തില്‍ ഇതര പ്രത്യയശാസ്ത്രങ്ങളില്‍ വല്ല നന്മയുടെ അംശങ്ങളും ഉണ്ടെങ്കില്‍ അതും ഉണ്ടായിരിക്കുക എന്നത് സ്വാഭാവികമാണ്. അതിന്റെ പേരില്‍ കമ്യൂണിസം, സോഷ്യലിസം, കാപിറ്റലിസം, ജനാധിപത്യം തുടങ്ങിയ കേലവ ഭൗതിക പ്രത്യയശാസ്ത്രങ്ങളെ അതേപടി ഖുര്‍ആന്‍ അംഗീകരിക്കുന്നു എന്നു കരുതുന്നത് വലിയ അബദ്ധമാകും. ഖുര്‍ആന്‍ സ്വയം സമ്പൂര്‍ണവും സമഗ്രവുമാണ്. ഭൗതികമായ ഒരു പ്രത്യയശാസ്ത്രത്തെയും മൊത്തമായി അത് അംഗീകരിക്കുന്നില്ല. ഖുര്‍ആന്റെ തത്ത്വശാസ്ത്രവും പ്രത്യയശാസ്ത്രവും ഖുര്‍ആന്‍ തന്നെയാണ്. ഖുര്‍ആനില്‍ സോഷ്യലിസമുണ്ടെങ്കില്‍, ജനാധിപത്യമുണ്ടെങ്കില്‍ സോഷ്യലിസവും ജനാധിപത്യവും സ്ഥാപിക്കാനല്ല ഖുര്‍ആന്റെ അനുയായികള്‍ ശ്രമിക്കേണ്ടത്. മറിച്ച്, ഖുര്‍ആന്‍ സ്ഥാപിക്കാനാണ്. അതുവഴി സോഷ്യലിസവും ജനാധിപത്യവും സ്ഥാപിതമായിക്കൊള്ളുമല്ലോ. ഈ പരിപ്രേക്ഷ്യത്തിലുള്ള ഖുര്‍ആന്‍ വായനയാണ് ആധുനിക ലോകം ആവശ്യപ്പെടുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (78-80)
എ.വൈ.ആര്‍

ഹദീസ്‌

മൂന്ന് വസ്വിയ്യത്തുകള്‍
പി.എ ശറഫുദ്ദീന്‍