ഈ കലാലയങ്ങള് എന്താണ് തിരിച്ചുതരുന്നത്?
ഇസ്ലാമിക കലാലയങ്ങളെക്കുറിച്ച ഡോ. കുഞ്ഞുമുഹമ്മദ് പുലവത്തിന്റെ ലേഖനം ഒരു മാറ്റത്തിന്റെ തുടക്കമാവട്ടെ എന്ന് ആഗ്രഹിക്കുന്നു. ഇസ്ലാമിക കലാലയങ്ങള് ഇന്ന് 'നടത്തിപ്പ്' മാത്രമാണ്. ജനങ്ങളില്നിന്ന് ഫണ്ട് സ്വീകരിച്ച് സ്ഥാപനങ്ങള് നടത്തുമ്പോള് സമൂഹത്തോട് വലിയ ഉത്തരവാദിത്തമു്. എന്നാല്, വേണ്ടത്ര റിസള്ട്ട് ഈ കലാലയങ്ങള് നല്കുന്നില്ലെങ്കില് അതിന്റെ ഉത്തരവാദികള് ആരാണ്?
പഴയ ശിക്ഷണ രീതികളില്നിന്നും ഇനിയും മാറാത്ത കലാലയങ്ങളുണ്ട് എന്നത് പരിതാപകരമാണ്. അത്യാധുനിക സംവിധാനങ്ങള് ഉപയോഗപ്പെടുത്തി എങ്ങനെ പുതിയകാല പണ്ഡിതന്മാരെ വാര്ത്തെടുക്കാം എന്ന് നാം ഗൗരവത്തില് ചിന്തിക്കേണ്ടിയിരിക്കുന്നു. കഴിവും പ്രാപ്തിയും ചുറുചുറുക്കുമുള്ള യുവ അധ്യാപകരെ നിയമിക്കാന് കോളേജ് അധികൃതര് സന്നദ്ധമാവേണ്ടതുണ്ട്.
ഓരോ വര്ഷവും ഇസ്ലാമിക കലാലയങ്ങളില്നിന്നും പുറത്തിറങ്ങുന്ന കുട്ടികളില് പലരെയും പ്രതീക്ഷിച്ചവിധം ദീനിനും പ്രസ്ഥാനത്തിനും ലഭിക്കുന്നില്ല എന്ന പരാതി ഇവയുടെ ലക്ഷ്യം എത്രത്തോളം സാക്ഷാല്കൃതമാകുന്നുണ്ട് എന്ന ചിന്തയിലേക്ക് നമ്മെ നയിക്കേണ്ടതുണ്ട്.
രണ്ട് സംഘടനകളും സഹകരിച്ച് പ്രവര്ത്തിക്കണം
ഇന്ത്യയിലെ ഉന്മൂലന സിദ്ധാന്തക്കാര്ക്കെതിരെ മാനവിക മൂല്യമുള്ളവരെ അണിനിരത്തി പോരാടുന്ന 'യുനൈറ്റഡ് എഗന്സ്റ്റ് ഹെയിറ്റ്' അഭിനന്ദനമര്ഹിക്കുന്നു. ആള്ക്കൂട്ട ഉന്മാദത്തിലൂടെ കാണാതാവുകയോ കൊല്ലപ്പെടുകയോ ചെയ്തവര്ക്കു വേണ്ടിയും ഏറ്റുമുട്ടല് കൊലപാതകങ്ങളെക്കുറിച്ചും നിരന്തരം സംസാരിക്കാനും വസ്തുതാന്വേഷണ റിപ്പോര്ട്ടുകള് പുറത്തുവിടാനുമൊക്കെ ശ്രമിക്കുന്ന കൂട്ടായ്മ നമ്മുടെ വലിയ പിന്തുണ ആവശ്യപ്പെടുന്നുണ്ട്. ഇരകള്ക്ക് വേണ്ടി സംസാരിക്കാനും ഭയം കൂടാതെ നിയമനടപടികളിലേക്ക് പോകാനും ധൈര്യം നല്കുന്നു എന്നത് വലിയ കാര്യമാണ്.
കേരളക്കരയില് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്ത്തനങ്ങള്ക്ക് ഒരു ദേശീയമുഖം നല്കാന് ഇരു പ്രസ്ഥാനങ്ങളും സഹകരിച്ച് ശ്രമിക്കേണ്ടതുണ്ട്. മുഹമ്മദ് വാസിഖ് നദീം ഖാനെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും പരിചയപ്പെടുത്തിയ പ്രബോധനത്തിന് നന്ദി.
അബ്ദുര്റസ്സാഖ് മുന്നിയൂര്
'ഋണാത്മകത' ഒഴിവാക്കിക്കൂടേ?
പ്രബോധനം വാരിക സ്ഥിരമായി വായിക്കുന്ന ഒരു എഞ്ചിനീയറിംഗ് വിദ്യാര്ഥിയാണ് ഞാന്. ഖുര്ആനും ഹദീസുമാണ് എന്റെ പ്രധാന വായനാ മേഖല. ഇസ്ലാമിക വിദ്യാഭ്യാസത്തിന്റെ പ്രശ്നങ്ങള് വിവരിക്കുന്ന ലേഖനം വായിക്കാന് ശ്രമിച്ചു. മലയാള സാഹിത്യത്തിലെ തന്റെ പ്രാവീണ്യം പ്രകടിപ്പിക്കാന് ശ്രമിക്കുന്ന വിധത്തിലുള്ള ഭാഷയാണ് ലേഖകന് ഉപയോഗിച്ചിരിക്കുന്നത്. എന്നെപ്പോലെ ഒരു സാധാരണ വിദ്യാര്ഥിക്ക് ആ ഭാഷ പിന്തുടരുക വളരെ പ്രയാസകരമായാണ് അനുഭവപ്പെട്ടത്. ഉദാഹരണമായി, 'ഋണാത്മകത' എന്നെ സംബന്ധിച്ച് തികച്ചും പുതിയ പദമാണ്. കവര് സ്റ്റോറി പോലുള്ള പ്രധാന ലേഖനത്തില് ഞങ്ങളെ പോലുള്ള സാധാരണ വിദ്യാര്ഥികളെ കൂടി പ്രബോധനം പരിഗണിക്കണം. എന്നിരിക്കലും, പുതിയ കാലത്തെ അറിയാത്ത അധ്യാപകരും പാഠ്യക്രമങ്ങളും മറ്റും ഇസ്ലാമിക വിദ്യാഭ്യാസ മേഖലയില് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ കുറിച്ച ലേഖകന്റെ നിരീക്ഷണങ്ങള് അഭിനന്ദനാര്ഹമാണ്.
എന്. ഹനാന് -രാജധാനി എഞ്ചിനീയറിംഗ് കോളേജ്, തിരുവനന്തപുരം
ഗുണം ചെയ്യുന്ന ലേഖനം
എം.എസ്.എ റസാഖ് എഴുതിയ 'നമസ്കാരത്തിലെ അപഹര്ത്താക്കള്' (2018 ജൂണ് 01)എന്ന ഹദീസ് പഠനം വളരെയധികം പ്രയോജനകരമായി. ഖത്തറില് വെച്ചും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളും മൊഴിമാറ്റങ്ങളും പ്രബോധനത്തിലെ പഠനാര്ഹമായ രചനകളും വായിച്ചിട്ടുണ്ട്. നമസ്കാരത്തില് ഭക്തിയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവര്ക്ക് എന്തുകൊണ്ടും ഈ ലേഖനം ഗുണം ചെയ്യും.
പി.എം.എ റഹ്മാന് - മെക്കാനിക്ക്, തൃശൂര്
Comments