Prabodhanm Weekly

Pages

Search

2018 ജൂലൈ 13

3059

1439 ശവ്വാല്‍ 28

അസ്ദ് ഗോത്രം, ജുറശ് നഗരം

ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദുന്‍ റസൂലുല്ലാഹ്-61

ത്വാഇഫുകാരുടെ അയല്‍ക്കാരെ കുറിച്ചും ചിലതു പറയണമല്ലോ. ത്വാഇഫിന്റെ തെക്കു ഭാഗത്ത് നിരവധി താഴ്‌വരകളില്‍നിന്നുള്ള വെള്ളം ഒഴുകിപ്പോയിരുന്നത് ജുറശ് മേഖലയിലൂടെയായിരുന്നു. 'കോട്ടകളുടെയും കൃഷിഭൂമികളുടെയും നാട്' എന്നോ 'മുന്തിരിത്തോപ്പുകളുടെയും കിണറുകളുടെയും നാട്' എന്നോ ആണ് ഹമദാനി1 അതിനെ വിശേഷിപ്പിക്കുന്നത്. കോട്ടകെട്ടി സംരക്ഷിച്ചിരുന്ന നഗരം (മദീന മുഗ്‌ലഖ) ആയിരുന്നു ജുറശ്. അലഞ്ഞുതിരിയുന്ന പല ഗോത്രങ്ങളില്‍നിന്നുള്ളവര്‍ അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു.2 മദ്ഹിജ് ഗോത്രക്കാരുടെ ആരാധനാ വിഗ്രഹമായ യഗൂസിനു വേണ്ടി വലിയൊരു ക്ഷേത്രം ഇവിടെ പണികഴിപ്പിച്ചിരുന്നു.3 ചെവികളോ വാലോ രോമമോ ഇല്ലാത്ത ചെറിയ തരം പെണ്ണാടുകളെ ഇവിടെനിന്ന് കയറ്റുമതി ചെയ്തിരുന്നുവത്രെ.4 ഹദഫ് എന്നാണ് ആ പെണ്ണാടിന് പേരു പറഞ്ഞിരുന്നത്. ലബീദ് തന്റെ കവിതയില്‍ ജുറശിലെ പെണ്ണൊട്ടകങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.5 തെറ്റാലി, തുകല്‍കവചിത വാഹനം പോലുള്ള, അറേബ്യയിലെ അവിശ്വാസികളും മുസ്‌ലിംകളും ഒരുപോലെ ത്വാഇഫ് ഉപരോധവേളയില്‍ ഉപയോഗിച്ചിരുന്ന യുദ്ധസാമഗ്രികള്‍6 നിര്‍മിച്ചിരുന്നത് ജുറശിലായിരുന്നു.

വളരെ നേരത്തേ ഈ മേഖലയില്‍ ഇസ്‌ലാം എത്തിയിട്ടുണ്ട്. ഇവിടത്തെ ദൗസ് ഗോത്രക്കാരനായ ത്വുഫൈലുബ്‌നു അംറ് ഹിജ്‌റക്കു മുമ്പ് തന്നെ മക്കയിലെത്തി ഇസ്‌ലാം സ്വീകരിക്കുകയും തന്റെ നാട്ടില്‍ തിരിച്ചുവന്ന് പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ് അബൂഹുറയ്‌റ, അബൂമൂസല്‍ അശ്അരി പോലെ വളരെ പേര്‍ ഇസ്‌ലാം സ്വീകരിച്ചത്.7 ഈ നഗരത്തിലെ നിവാസികളെല്ലാം ഒരേ വീക്ഷണക്കാരായിരുന്നു എന്ന് ഇതിന് അര്‍ഥമില്ല. ചിലര്‍ വിഗ്രഹാരാധകരായി തന്നെ തുടര്‍ന്നു.

ഹിജ്‌റ പത്തിനോടടുപ്പിച്ച് ഒരു പതിനഞ്ചംഗ അസ്ദ് ഗോത്ര പ്രതിനിധിസംഘം, തങ്ങളുടെ ഗോത്രം ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിക്കാനായി മദീനയില്‍ വന്നു. അവരുടെ നേതാവ് സ്വുറദിനെ ജുറശ് മേഖലയില്‍ പോരാടാനായി പ്രവാചകന്‍ നിയോഗിച്ചു. സ്വുറദ് സ്വന്തം ഗോത്രത്തിലേക്ക് തിരിച്ചു ചെന്ന് ജുറശിനെതിരെ പടയുമായി നീങ്ങി. ഈ സന്ദര്‍ഭത്തിലാണ് ജുറശുകാര്‍ തങ്ങള്‍ ഇസ്‌ലാം സ്വീകരിക്കാന്‍ തയാറാണെന്ന് അറിയിച്ച് രണ്ടാളുകളെ മദീനയിലേക്ക് അയച്ചത്. അവര്‍ തിരിച്ചു വരാനിരിക്കുകയായിരുന്നു. സ്വുറദിന്റെ പടയോട്ടത്തില്‍ ജുറശ് നഗരത്തില്‍ രക്തച്ചൊരിച്ചിലുണ്ടായി. ഇത് അവിടത്തുകാരുടെ ശത്രുതാ മനോഭാവത്തെ മാറ്റുകയാണുണ്ടായതെന്നും അവര്‍ ഇസ്‌ലാം സ്വീകരിക്കാന്‍ അത് നിമിത്തമായെന്നും ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം. അവര്‍ മദീനയിലേക്ക് അയച്ച പ്രതിനിധിസംഘം താഴെ പറയുന്ന എഴുത്തുമായാണ് തിരിച്ചുവന്നത്:

ജുറശ് നിവാസികള്‍ക്ക് ദൈവദൂതന്‍ മുഹമ്മദ് എഴുതി നല്‍കുന്നത്-

ഇസ്‌ലാം സ്വീകരിക്കുന്ന സമയത്ത് ജുറശ് നിവാസികള്‍ക്കുണ്ടായിരുന്ന മേച്ചില്‍സ്ഥലങ്ങളൊക്കെ അവര്‍ക്കു തന്നെ ഉള്ളതായിരിക്കും. അവിടെ അനുവാദമില്ലാതെ ആരൊക്കെ കാലികളെ തീറ്റിയാലും ആ കാലികളെ ഉടമസ്ഥരില്ലാത്ത സ്വത്തായി പ്രഖ്യാപിക്കും.

സാക്ഷികള്‍: ഉമറുബ്‌നുല്‍ ഖത്ത്വാബും ഇതെഴുതിയ മുആവിയത്തുബ്‌നു അബീസുഫ്‌യാനും.8

ഇബ്‌നു ഹിശാം9 പറയുന്നത്, ഖസ്അം ഗോത്രക്കാര്‍ അവരുടെ അയല്‍വാസികളായ അസ്ദ് ഗോത്രക്കാര്‍ക്കെതിരെ പടയോട്ടങ്ങള്‍ നടത്തിയിരുന്നു എന്നാണ്. ഏറെ വൈകാതെ ഖസ്അമികളും മദീനയിലേക്ക് പ്രതിനിധിസംഘത്തെ അയക്കുകയും മേഖലയില്‍ സമാധാനം തിരിച്ചെത്തുകയും ചെയ്തു. അവര്‍ക്ക് നബി നല്‍കിയ കരാര്‍ പത്രം ഇങ്ങനെ:

ദൈവപ്രവാചകനായ മുഹമ്മദ് ഖസ്അം ഗോത്രജനങ്ങള്‍ക്ക് നല്‍കുന്ന കരാര്‍ പത്രിക. ഇത് നാടോടികള്‍ക്കും സ്ഥിരതാമസക്കാര്‍ക്കും ഒരുപോലെ ബാധകം. ഇസ്‌ലാമിനു മുമ്പ് നിങ്ങള്‍ നടത്തിയ രക്തച്ചൊരിച്ചിലുകളുടെ കുറ്റത്തില്‍നിന്ന് നിങ്ങളെ വിമുക്തരാക്കിയിരിക്കുന്നു. നിങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്‍ മാര്‍ദവമുള്ളതോ ഉറപ്പുള്ളതോ ആയ ഭൂമിയുടെ ഉടമസ്ഥരാണെങ്കില്‍, അതിനെ നനക്കുന്നത് മഴയോ മഞ്ഞോ ആണെങ്കില്‍, അത് കൃഷിയാവശ്യത്തിന് ഉപയോഗപ്പെടുത്തുന്നുണ്ടെങ്കില്‍ അതിലെ പുല്‍മേടുകളുടെയും പഴങ്ങളുടെയും അവകാശികള്‍ നിങ്ങള്‍ തന്നെയാണ്. കൃഷി നടക്കുന്നത് അരുവികളിലെ വെള്ളം കൊണ്ടാണെങ്കില്‍ ഉല്‍പന്നത്തിന്റെ പത്തിലൊന്ന് നിങ്ങള്‍ നല്‍കണം. തേവി നനക്കുന്നതാണെങ്കില്‍ അതിന്റെ പകുതി (ഇരുപതില്‍ ഒന്ന്) നല്‍കിയാല്‍ മതി.

സാക്ഷികള്‍: ജരീറുബ്‌നു അബ്

ദില്ലയും അവിടെ ഹാജരുള്ളവരും.10

കരാര്‍ പത്രികയിലൂടെ കണ്ണോടിച്ചാല്‍ ഭൂനികുതിയുടെ കാര്യത്തില്‍ എത്ര വിവേകപൂര്‍ണമായ നിലപാടാണ് പ്രവാചകന്‍ സ്വീകരിച്ചത് എന്ന് കാണാനാവും. അബൂസുഫ്‌യാനെ ജുറശ് ഗവര്‍ണറായി11 നിയമിച്ചതില്‍നിന്നുതന്നെ, ഈ മേഖലക്ക് എത്രമാത്രം പ്രാധാന്യമുണ്ടായിരുന്നുവെന്ന് വ്യക്തമാണ്.

കരാര്‍ പത്രികയില്‍ ബീശ പ്രദേശത്തെ പരാമര്‍ശിക്കുന്നുണ്ട്; ആ ഫലപുഷ്ടിയുള്ള പ്രദേശത്തെ താമസക്കാരായ ബാഹില പോലെയുള്ള ഗോത്രങ്ങളെയും. നബി നല്‍കിയ കരാര്‍ പത്രികയില്‍ എഴുതിയത് ഇങ്ങനെ:

ബാഹില ഗോത്രക്കാരനായ മുത്വര്‍റിഫു ബ്‌നു കാഹിനിന്; ബീശയില്‍ താമസിക്കുന്ന മറ്റു ബാഹില നിവാസികള്‍ക്കും-

മരങ്ങളില്ലാത്ത പാഴ്‌നിലങ്ങള്‍ ആര്‍ കൃഷി യോഗ്യമാക്കിയോ, മൃഗങ്ങള്‍ക്ക് വിശ്രമിക്കാന്‍ തൊഴുത്തുകള്‍ ഉണ്ടാക്കിയോ അവര്‍ക്കുള്ളതാണ് ആ ഭൂമിയുടെ ഉടമസ്ഥത. നാല്‍പത് പശുക്കളുണ്ടെങ്കില്‍ അവര്‍ നികുതിയായി മൂന്ന് വയസ്സോ അതില്‍ കൂടുതലോ ഉള്ള ഒരു പശുക്കുട്ടിയെ നല്‍കണം. നാല്‍പ്പത് ആടുകള്‍ക്ക് ഒരു മുട്ടനാടിനെയാണ് നല്‍കേണ്ടത്. അഞ്ച് ഒട്ടകങ്ങള്‍ ഉണ്ടെങ്കില്‍ ഒരു പെണ്ണാടിനെയും. നികുതി പിരിവുകാരന് പുല്‍മേടുകളില്‍നിന്നല്ലാതെ നികുതി പിരിക്കാന്‍ അവകാശമില്ല.12

തരിശായി കിടക്കുന്ന പ്രദേശങ്ങളുടെ വികസനത്തിന് പ്രവാചകന്‍ നല്‍കുന്ന ഊന്നല്‍ ഈ വരികള്‍ക്കിടയില്‍ നമുക്ക് വായിച്ചെടുക്കാവുന്നതാണ്.

ഇതുപോലൊരു രേഖ ബാഹില ഗോത്രത്തിന്റെ ശാഖയായ ബനൂവാഇലിനും കൈമാറിയിട്ടുണ്ട്. ആ കത്തില്‍ പ്രവാചകന്‍ അവരോട് നമസ്‌കാരം നിര്‍വഹിക്കാനും സകാത്ത് കൊടുക്കാനും ഒപ്പം, വിഗ്രഹാരാധകരുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കാനും ആവശ്യപ്പെടുന്നുണ്ട്.13 അദ്ദേഹം തന്റെ സംരക്ഷണം അവര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. അവരെ സൈനിക സേവനത്തില്‍നിന്നും കാര്‍ഷിക നികുതികളില്‍നിന്നും ഒഴിവാക്കുന്നു. തങ്ങളുടെ ഗവര്‍ണര്‍ ആരായിരിക്കണമെന്ന് നിശ്ചയിക്കാനുള്ള അവകാശം അവര്‍ക്കുതന്നെ നല്‍കുന്നു. ഈ കത്ത് എഴുതിയത് പ്രവാചകന്റെ മരുമകന്‍ ഉസ്മാന്‍ ആണെന്നാണ് അതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 

(തുടരും)

കുറിപ്പുകള്‍

1. ഹമദാനി, പേജ് 117,118

2. ഇബ്‌നു ഹിശാം, പേജ് 954

3. അതേ പുസ്തകം, പേജ് 52. മറ്റു വിഗ്രഹങ്ങളെക്കുറിച്ച (ദുല്‍കഫൈ്ഫന്‍, ദുല്‍ഖലസ എന്നിവ) വിവരണത്തിന് ഇബ്‌നു ഹിശാം, പേജ് 54-56, 254 എന്നിവ കാണുക.

4. ലിസാനുല്‍ അറബ്

5. അതേ കൃതി

6. ഇബ്‌നു ഹിശാം, പേജ് 869

7. ഇബ്‌നു ഹിശാം, പേജ് 252-255

8. വസാഇഖ്, നമ്പര്‍ 185

9. ഇബ്‌നു ഹിശാം, പേജ് 954,955

10. വസാഇഖ്, നമ്പര്‍ 186

11. ഖുദാമബ്‌നു ജഅ്ഫര്‍-ഖറാജ്, അധ്യായം 19

12. വസാഇഖ്, നമ്പര്‍ 188

13. അതേ പുസ്തകം, നമ്പര്‍ 189

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (78-80)
എ.വൈ.ആര്‍

ഹദീസ്‌

മൂന്ന് വസ്വിയ്യത്തുകള്‍
പി.എ ശറഫുദ്ദീന്‍