Prabodhanm Weekly

Pages

Search

2018 ജൂലൈ 13

3059

1439 ശവ്വാല്‍ 28

ഇസ്‌ലാമിക സംസ്‌കാരവും മുസ്‌ലിം ജീവിതവും

സയ്യിദ് സആദത്തുല്ലാ ഹുസൈനി

(ഇസ്‌ലാമിക സംസ്‌കാര നിര്‍മിതിയുടെ അടിത്തറകള്‍, സവിശേഷതകള്‍-2)

ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ആധാരങ്ങളും പ്രത്യേതകളുമാണ് മുമ്പ് വിവരിച്ചത്. അവ ഇസ്‌ലാമിക ചരിത്രത്തില്‍ എങ്ങനെയെല്ലാം പ്രത്യക്ഷമായി എന്നാണ് ഇനി അന്വേഷിക്കുന്നത്.

ഒന്ന്: മുസ്‌ലിംകളാല്‍ സ്ഥാപിതമായ സമൂഹത്തെയോ ഭരണകൂടത്തെയോ പഠിച്ചുനോക്കുക. അന്യാദൃശമായ നീതി-സമത്വ സങ്കല്‍പങ്ങളിലാണ് അവ നിലവില്‍ വന്നതെന്നു കാണാം. മുസ്‌ലിം സമൂഹത്തിന്റെ സുദീര്‍ഘമായ ചരിത്രത്തില്‍ അറബി, തുര്‍ക്കി, ബര്‍ബര്‍, മുഗള്‍, ഇറാനി, ഈജിപ്ഷ്യന്‍, ശാമി, റൂമി, കുര്‍ദി, എത്യോപ്യന്‍ പോലെ അസംഖ്യം ജനവംശങ്ങള്‍ കടന്നുവരുന്നുണ്ട്. ഇസ്‌ലാമിക സമൂഹം എന്നു പറയുമ്പോള്‍ ഇവരെല്ലാം ചേര്‍ന്ന ഒരു ഏകകമാണ്. ബര്‍ബറികള്‍ ഭരിക്കുമ്പോള്‍ അറബികള്‍ അവരെ അനുസരിക്കുന്നു. അടിമവംശങ്ങള്‍ വരെ അധികാരത്തിലേറുന്നു. ചരിത്രത്തില്‍ ജൂത സമൂഹത്തിന്റെ സുവര്‍ണ യുഗമെന്ന് പറയാവുന്നത് ഉസ്മാനിയ ഭരണത്തിനു കീഴില്‍ അവര്‍ ജീവിച്ച കാലമാണ്. സര്‍വ സുരക്ഷയും മുഴുവന്‍ അവകാശങ്ങളും അന്നവര്‍ക്ക് ലഭ്യമായി. നിരവധി നാടുകളിലെ മുസ്‌ലിം ഭരണാധികാരികള്‍ അഭൂതപൂര്‍വമായ ജനക്ഷേമ പരിപാടികളാണ് ആവിഷ്‌കരിച്ചത്. ജനങ്ങളുടെ പ്രയാസങ്ങള്‍ അകറ്റുന്നതിന് അവര്‍ പല നടപടികളും കൈക്കൊണ്ടു. റോഡുകള്‍ ശാസ്ത്രീയമായി സംവിധാനിച്ചു. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കി. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കി. ജലസേചന പദ്ധതികള്‍ കുറ്റമറ്റതാക്കി. ആശുപത്രികള്‍ നിര്‍മിച്ച് രോഗികളുടെ പരിരക്ഷക്ക് വേണ്ടതെല്ലാം ചെയ്തു. കൂടാതെ സത്രങ്ങള്‍, അനാഥകള്‍ക്കും വിധവകള്‍ക്കും കടം വന്ന് മുടിഞ്ഞവര്‍ക്കും അവശര്‍ക്കും സംരക്ഷണ കേന്ദ്രങ്ങള്‍. അവയുടെ നിര്‍മാണത്തിനും നടത്തിപ്പിനുമായി എണ്ണിക്കണക്കാക്കാന്‍ പറ്റാത്തത്ര വഖ്ഫ് സ്വത്തുക്കള്‍. ഈ ഭരണകൂടങ്ങള്‍ കളങ്കമേശാത്ത നീതിബോധത്താല്‍ പ്രചോദിതമായി ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടതിന്റെ ഉദാഹരണങ്ങള്‍ വളരെ വിശദമായി പാശ്ചാത്യരുടെ ഗ്രന്ഥങ്ങളില്‍ തന്നെ നിങ്ങള്‍ക്ക് കണ്ടെത്താം.

രണ്ട്: ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മറ്റൊരു പ്രകട ഭാവം വ്യാപാര ധാര്‍മികതയാണ്. കച്ചവടത്തില്‍ ലോകത്തെങ്ങുമുള്ള മുസ്‌ലിംകള്‍ കാണിച്ച സത്യസന്ധത. ഇതു കാരണമായാണ് തെക്കേ ഇന്ത്യയിലെയും തെക്കു കിഴക്കന്‍ ഏഷ്യയിലെയും ചൈനയിലെയും വലിയൊരു വിഭാഗം ജനങ്ങള്‍ ഇസ്‌ലാമിലേക്ക് ആകൃഷ്ടരായത്. ഇന്ന് ലോക മുസ്‌ലിംകളിലെ ഏതാണ്ട് മൂന്നിലൊന്നും ഈ ഭൂപ്രദേശങ്ങളിലാണ് താമസിക്കുന്നത് എന്നോര്‍ക്കുക.

മൂന്ന്: ഗ്രീക്കുകാരില്‍നിന്നും പേര്‍ഷ്യക്കാരില്‍നിന്നും ഇന്ത്യക്കാരില്‍നിന്നും പലതരം അറിവുകള്‍ മുസ്‌ലിംകള്‍ സ്വായത്തമാക്കിയെന്നതാണ് ഇസ്‌ലാമിക സംസ്‌കാരത്തിന്റെ പ്രത്യക്ഷങ്ങളില്‍ മറ്റൊന്ന്. എന്നിട്ട് ആ അറിവുകളെ ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളുടെയും ജനക്ഷേമ ലക്ഷ്യങ്ങളുടെയും മൂശകളില്‍ പുതുക്കിവാര്‍ത്തു. ജനക്ഷേമകരമെന്ന് തെളിഞ്ഞ അറിവുകളെ സ്വാംശീകരിക്കുക മാത്രമല്ല, ആ ജ്ഞാനമേഖലകളെ പരമാവധി വികസിപ്പിക്കുകയും ചെയ്തു. ഗ്രീസില്‍നിന്നും ഇന്ത്യയില്‍നിന്നും ലഭിച്ച അറിവുകളെ തത്ത്വചിന്താ വ്യവഹാരങ്ങളില്‍ തളച്ചിടുകയല്ല അവര്‍ ചെയ്തത്. മറിച്ച്, ആ അറിവുകളെ അനുഭവാധിഷ്ഠിത ശാസ്ത്രം (ഋഃുലൃശാലിമേഹ ടരശലിരല)െ ആയി വികസിപ്പിക്കുകയും പൊതു തത്ത്വങ്ങള്‍ നിര്‍ധാരണം ചെയ്‌തെടുക്കുന്ന രീതികള്‍ (കിറൗരശേ്‌ല ങലവേീറ)െ അവലംബിച്ചുകൊണ്ട് ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും ജനക്ഷേമ താല്‍പര്യങ്ങള്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് കാണിച്ചുതരികയും ചെയ്തു.

നാല്: മുസ്‌ലിംകളുടെ സാഹിത്യ രചനകള്‍ പരിശോധിച്ചാല്‍ അവയില്‍ ദൈവസ്തുതിയും പ്രവാചക കീര്‍ത്തനങ്ങളും മാത്രമല്ല കാണാനാവുക. ധാര്‍മിക മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതോടൊപ്പം, ജീവിതാവസ്ഥകള്‍ പ്രതിഫലിപ്പിക്കുന്ന കണ്ണാടികളാവാനും അവക്ക് സാധിക്കുന്നുണ്ട്. കല കലക്കു വേണ്ടി എന്ന വാദമുയര്‍ത്തി അലക്ഷ്യമായി കഥയും കവിതയും രചിക്കുന്നവരെയും മദ്യപാനത്തെയും മറ്റും മഹത്വവത്കരിക്കുന്നവരെയും മുസ്‌ലിം എഴുത്തുകാരില്‍ കണ്ടേക്കാം. പക്ഷേ, അവര്‍ ഇസ്‌ലാമിക സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നവരല്ല. മുസ്‌ലിം പൊതുസമൂഹത്തില്‍ ഒരിക്കലും ഇത്തരം നിലപാടുകള്‍ക്ക് പൊതു സ്വീകാര്യത ലഭിക്കുകയുമില്ല.

അഞ്ച്: ഏകദൈവത്വത്തിന് മങ്ങലേല്‍പ്പിക്കുന്നതൊന്നും ഇസ്‌ലാമില്‍ പൊറുപ്പിക്കപ്പെടാത്തതിനാല്‍, ബഹുദൈവത്വത്തിലേക്കോ ബിംബാരാധനയിലേക്കോ നയിക്കുന്ന വാതിലുകളൊക്കെയും കൊട്ടിയടക്കപ്പെട്ടിരിക്കും. അതിനാല്‍ ശരീരകേന്ദ്രീകൃതമായ ശില്‍പങ്ങളും വരകളും ഇസ്‌ലാമിക സംസ്‌കാരത്തില്‍ കാണാനാവുകയില്ല. അതേസമയം മനോഹരമായ കൊത്തുപണികളാലും ആലേഖനങ്ങളാലും കൈയെഴുത്തു കലകളാലും അത് സമ്പന്നവുമാണ്. ഖുര്‍ആനിക സൂക്തങ്ങളുടെ കാലിഗ്രഫികള്‍ ആരെയും ഹഠാദാകര്‍ഷിക്കും.

ആറ്: ഭക്ഷണത്തിനും വസ്ത്രത്തിനും ഇസ്‌ലാമിക സംസ്‌കൃതിയില്‍ നിശ്ചിത മാനദണ്ഡങ്ങളുണ്ട്. ഹലാല്‍-ഹറാം പരിധികള്‍ പാലിക്കുമ്പോഴും ഓരോ നാട്ടിലെയും തദ്ദേശീയ ഭക്ഷണരീതികളെ പരിപോഷിപ്പിക്കാനാണ് അത് ശ്രമിച്ചുപോന്നിട്ടുള്ളത്. ഇതിന്റെ ഫലമായി തുര്‍ക്കി, ഇറാനി, ലുബ്‌നാനി, അറബി, മുഗള്‍, ഹൈദരാബാദി, പഞ്ചാബി തുടങ്ങി പലതരം തദ്ദേശീയ പാചകകലകള്‍ (Cuisines) രൂപപ്പെട്ടുവരുന്നത് കാണാന്‍ കഴിയും. വസ്ത്രധാരണത്തിലും ഇതേ നിലപാട് തന്നെയാണുള്ളത്. നഗ്നത വെളിപ്പെടുത്തുന്നതും മാന്യതക്ക് നിരക്കാത്തതുമായ വസ്ത്രധാരണങ്ങള്‍ വിലക്കപ്പെട്ടിരിക്കുന്നു. അതേസമയം മനുഷ്യന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന വൈവിധ്യമാര്‍ന്ന വസ്ത്രധാരണ രീതികള്‍ ഇസ്‌ലാമിക ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വികസിച്ചുവരുന്നതായി കാണാം.

ഏഴ്: സംഗീതത്തെ സംബന്ധിച്ചാണെങ്കില്‍, മതപരമായി അത് അനുവദനീയമാണോ അല്ലേ എന്ന കാര്യത്തില്‍ രണ്ട് അഭിപ്രായമുണ്ട്. മദ്ഹബിന്റെ നാല് ഇമാമുകളും വലിയൊരു വിഭാഗം പണ്ഡിതന്മാരും ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള സംഗീതത്തെ നിഷിദ്ധമായി കാണുമ്പോള്‍, ഇബ്‌നു ഹസമിനെയും ഇമാം ഗസാലിയെയും പോലുള്ള പണ്ഡിതന്മാര്‍ ഉപാധികളോടെ ഉപകരണ സംഗീതം അനുവദനീയമാണെന്ന് വാദിക്കുന്നു. സംഗീതത്തിന് സര്‍വതന്ത്ര സ്വതന്ത്രമായി വളരാന്‍ പറ്റിയ സാഹചര്യമായിരുന്നില്ല ഉണ്ടായിരുന്നത് എന്ന് പൊതുവായി പറയാം. എന്നിരുന്നാലും ചില ഉപാധികള്‍ പൂര്‍ത്തീകരിച്ചുകൊണ്ട് സൂഫി ഉപകരണ സംഗീതം, വിവാഹം പോലുള്ള വേദികളില്‍ അവതരിപ്പിക്കപ്പെടാറുണ്ടായിരുന്നു. അതേസമയം ഉപകരണമില്ലാത്ത സംഗീതം, പ്രവാചക സ്തുതികള്‍ ആലപിക്കാനും ഇസ്‌ലാമിക മൂല്യങ്ങള്‍ പ്രസരിപ്പിക്കാനും അധര്‍മത്തിന്റെ ശക്തികള്‍ക്കെതിരെ പോരാട്ടവീര്യം ഉത്തേജിപ്പിക്കാനും പ്രയോജനപ്പെടുകയും ചെയ്തിരുന്നു. സ്ത്രീകള്‍ പങ്കാളികളാവുന്ന നൃത്ത-ആലാപന മഹ്ഫിലുകള്‍ ഇസ്‌ലാമിക സംസ്‌കൃതിയുടെ അഭിരുചിക്ക് ഇണങ്ങുന്നതായിരുന്നില്ല.

എട്ട്: ഇസ്‌ലാമിക സംസ്‌കൃതിയുടെ പ്രധാനപ്പെട്ട ഒരു ബാഹ്യമുദ്ര അതിന്റെ മതകീയമായ അനുഷ്ഠാനങ്ങളും ആരാധനകളും ചിഹ്നങ്ങളുമാണ്. വിവിധ ഭൂപ്രദേശങ്ങളിലും പല വംശങ്ങളിലും പെടുന്ന വിശ്വാസികളെ അനുഷ്ഠാനങ്ങളുടെ ഏകത ഒരേ അച്ചില്‍ ക്രമീകരിക്കുന്നു. ഇസ്‌ലാമിക സംസ്‌കൃതിയുടെ മനോഹരമായ പ്രകാശനവുമായിരുന്നു അത്. ഈ അനുഷ്ഠാന ആരാധനാ രൂപങ്ങള്‍ എല്ലാ ദിക്കിലുമുണ്ട്, എല്ലാ കാലത്തുമുണ്ട്; ഒരേ പോലെ. കാലപ്രവാഹത്തില്‍ ഈ ചിഹ്നങ്ങള്‍ക്ക് കുറച്ചൊക്കെ മങ്ങലേറ്റിരിക്കാമെങ്കിലും, ഇപ്പോഴുമവ ചൈതന്യത്തോടെ തുടിച്ചുകൊണ്ടിരിക്കുന്നു. പള്ളികളിലെ ഉയര്‍ന്ന മിനാരങ്ങള്‍, പ്രഭാതം പൊട്ടിവിടരുന്നതു മുതല്‍ നിശ്ചിത ഇടവേളകളിലായി അവയില്‍നിന്നുയരുന്ന ബാങ്കുവിളികള്‍, പ്രഭുക്കളും പതിതരും ഒരുപോലെ ഒരൊറ്റ അണിയില്‍ തോളോടു തോള്‍ ചേര്‍ന്ന് ദൈവത്തിന്റെ മുന്നില്‍ ശിരസ്സ് നമിക്കുന്ന മനോഹര ദൃശ്യം, റമദാന്‍ മാസത്തിലെ അത്താഴവും ഇഫ്ത്വാറും തറാവീഹും ഖുര്‍ആന്‍ പാരായണവും, സകാത്തും ഫിത്വ്ര്‍ സകാത്തും നല്‍കാന്‍ കാണിക്കുന്ന ആവേശം, സമൂഹം ഒന്നടങ്കം സംഗമിക്കുന്ന പെരുന്നാള്‍ ആഘോഷങ്ങള്‍, പതിനാലു നൂറ്റാണ്ട് കാലമായി ഒരു മുടക്കവുമില്ലാതെ ഇസ്‌ലാമിക സമത്വ ഭാവനയും സാഹോദര്യവും വിളംബരം ചെയ്തുകൊണ്ട് മക്കയില്‍ സംഗമിക്കുന്ന ലക്ഷങ്ങള്‍ ഇവയെല്ലാം തന്നെ സമുന്നതമായ ഇസ്‌ലാമിക മൂല്യങ്ങളുടെ ചേതോഹരമായ പ്രകാശനങ്ങളാണ്.

 

ബഹുസ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍

ഈ ഹ്രസ്വ വിശകലനത്തില്‍നിന്ന് സംസ്‌കാരത്തെ സംബന്ധിച്ച് ഇസ്‌ലാമിന്റെ കാഴ്ചപ്പാട് എന്താണെന്നും ഏതൊക്കെ അടിസ്ഥാനങ്ങളിലാണ് നാളിതുവരെയുള്ള മുസ്‌ലിം സമൂഹം സാംസ്‌കാരിക സൗധങ്ങള്‍ കെട്ടിപ്പൊക്കിയതെന്നും വ്യക്തമായി. ബഹുമതങ്ങളും സംസ്‌കാരങ്ങളും നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ജീവിക്കുമ്പോള്‍ അവയില്‍നിന്ന് എന്തൊക്കെ സ്വീകരിക്കാം, സ്വീകരിക്കരുത് എന്നതിനെ സംബന്ധിച്ചും കൃത്യമായ ധാരണ അതില്‍നിന്ന് ലഭിക്കും. ഈ സാംസ്‌കാരിക വിനിമയത്തില്‍ സ്വീകരിക്കേണ്ട ചില തത്ത്വാധിഷ്ഠിത നിലപാടുകള്‍ ഇവിടെ ചുരുക്കിപ്പറയാം:

* ഇസ്‌ലാമിന് ചില സുസ്ഥിര അടിത്തറകളുണ്ട്. ബഹുദൈവത്വത്തിന്റെ കലര്‍പ്പുകളില്‍നിന്ന് പൂര്‍ണമായും മുക്തമായ ഇസ്‌ലാമിന്റെ വിശ്വാസസംഹിത, ഖുര്‍ആന്റെയും പ്രവാചക ചര്യയുടെയും അധ്യാപനങ്ങളെ അടിസ്ഥാനപ്പെടുത്തിയ ധാര്‍മികത, തിന്മകളോടുള്ള എതിരിടല്‍, ആരാധനാനുഷ്ഠാനങ്ങള്‍, ജീവിത ശൈലി, ഹലാല്‍-ഹറാം പരിധികള്‍ പാലിച്ചുള്ള ഉപജീവനം ഇതുപോലുള്ള കാര്യങ്ങളിലൊന്നും യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ തനിമയും അന്യാദൃശതയും ഈ മൂല്യങ്ങളിലധിഷ്ഠിതമാണ്. ഈ അടിസ്ഥാന തത്ത്വങ്ങളെ ഒരു നിലക്കും പരിക്കേല്‍പിക്കുന്നതാകരുത് മറ്റു സംസ്‌കാരങ്ങളുമായുള്ള ഇടപഴക്കങ്ങള്‍. അതിനാല്‍ ബഹുദൈവത്വ സൂചനകളുള്ളവയും (ബഹുദൈവത്വപരായ ആചാരങ്ങള്‍, വന്ദേമാതരം, സരസ്വതി വന്ദനം പോലുള്ളവ) തിന്മകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നവയും (നിര്‍ലജ്ജതയുടെ വസ്ത്രധാരണ സംസ്‌കാരം, പലിശയിടപാട് ഉദാഹരണം) തദ്ദേശീയമായിരുന്നാലും പാശ്ചാത്യമായിരുന്നാലും അത്തരം ഘടകങ്ങള്‍ സ്വീകരിക്കാന്‍ നിവൃത്തിയില്ല.

* ഇസ്‌ലാമിക സംസ്‌കൃതിക്ക് നിര്‍ണിത ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഉള്ളതിനാല്‍ തീര്‍ത്തും ലക്ഷ്യരഹിതമായ കളിവിനോദങ്ങള്‍ (ഉദാഹരണത്തിന് ഒരു പ്രയോജനവുമില്ലാത്ത വീഡിയോ ഗെയിമുകള്‍) സ്വീകാര്യമല്ല. ധൂര്‍ത്തിനും ദുര്‍വ്യയത്തിനും ആഡംബര ജീവിതത്തിനും ആ സംസ്‌കാരത്തില്‍ സ്ഥാനമുണ്ടാവുകയില്ല. ഉപഭോഗ സംസ്‌കാരവും കളത്തിന് പുറത്തായിരിക്കും.

* ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മര്‍മം ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധാനം (ഖിലാഫത്ത്) നിര്‍വഹിക്കലും അതുവഴി മനുഷ്യര്‍ക്കാകമാനം സേവനം ചെയ്യലുമാണ്. അതിനാല്‍ ശാസ്ത്രവും സാങ്കേതിക വിദ്യയും കലയും സാഹിത്യവും അതുപോലുള്ള സംസ്‌കാരത്തിന്റെ മുഴുവന്‍ ഉപകരണങ്ങളും സലക്ഷ്യമായി മാത്രമേ ഉപയോഗിക്കുകയുള്ളൂ. സാങ്കേതിക  വിദ്യകള്‍ മനുഷ്യരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവണം പ്രയോഗിക്കേണ്ടത്. കലാ സാഹിത്യ സൃഷ്ടികള്‍ മനുഷ്യമനസ്സില്‍ നിര്‍മല വികാരങ്ങള്‍ ഉദ്ദീപിപ്പിക്കുന്നവയാവണം.

* ആരാധനാനുഷ്ഠാനങ്ങള്‍ ഏതെന്നും എങ്ങനെയെന്നും നിര്‍ണയിക്കുക ഖുര്‍ആനും നബിചര്യയും മാത്രമായിരിക്കും. പുതിയ അനുഷ്ഠാന - ആരാധനാ രീതികള്‍ കടത്തിക്കൂട്ടാന്‍ പാടില്ല. അത്തരം പുതു നിര്‍മിതികള്‍ക്കാണ് ബിദ്അത്ത് എന്നു പറയുന്നത്. പുതുനിര്‍മിതികള്‍ രണ്ട് തരമുണ്ട്. സ്വന്തമായി ഉണ്ടാക്കുന്നവയും അന്യസംസ്‌കാരങ്ങളില്‍നിന്ന് കടം കൊള്ളുന്നവയും. രണ്ടും സ്വീകാര്യമല്ല.

* അതേസമയം ഈ അടിസ്ഥാനങ്ങളുടെ പരിധിയില്‍നിന്നുകൊണ്ടു തന്നെ ഇതര സംസ്‌കാരങ്ങളുടെ നല്ല വശങ്ങളെ സ്വാംശീകരിക്കാന്‍ കഴിയും. ഇത്തരം അറിവുകളും കലാ സാഹിത്യ സൃഷ്ടികളും പൊതു സ്വത്തായാണ് കാണേണ്ടത്. അവയെ മനുഷ്യപുരോഗതിക്കായി പ്രയോജനപ്പെടുത്തുകയും വേണം.

* പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകളുള്ള ധാരാളം വിഷയങ്ങളുണ്ട് (സംഗീതം, സ്ത്രീകള്‍ മുഖം മൂടല്‍, അഭിനയം തുടങ്ങി). ഇതിലൊക്കെ ഓരോരുത്തര്‍ക്കും അവരുടേതായ അഭിപ്രായവുമുണ്ടാവും. അതവര്‍ക്ക് സ്വീകരിക്കാം. പക്ഷേ, എതിരഭിപ്രായമുള്ളവരെ തള്ളിപ്പറയുകയോ അവര്‍ വഴികേടിലാണെന്ന് ആക്ഷേപിക്കുകയോ ചെയ്യരുത്. ഗവേഷണപരവും ശാഖാപരവുമായ (ഇജ്തിഹാദി, ജുസ്ഈ) കാര്യങ്ങളില്‍ സംയമനവും സഹിഷ്ണുതയും പുലര്‍ത്തുക എന്നതും ഈ സംസ്‌കാരത്തിന്റെ സവിശേഷതയത്രെ.

* ഇതര സംസ്‌കാരങ്ങളില്‍നിന്ന് നല്ല വശങ്ങള്‍ സ്വീകരിക്കുന്നതോടൊപ്പം തന്നെ ലക്ഷ്യസാധ്യത്തിനായി പുതിയ വഴികള്‍ കണ്ടെത്തേണ്ടതും അനിവാര്യമായിവരും. ടി.വി, സിനിമ, സംഗീതം (അത് അനുവദനീയമായി കരുതുന്നുണ്ടെങ്കില്‍) തുടങ്ങിയ വിവിധ മേഖലകളില്‍ മുസ്‌ലിംകള്‍ അവരുടേതായ വഴികള്‍ വെട്ടിത്തെളിക്കേണ്ടതുണ്ട്. കാരണം ഈ മേഖലകളിലൊക്കെ ലക്ഷ്യബോധമില്ലാത്ത കലയും സാഹിത്യവുമൊക്കെയാണ് അധീശത്വം പുലര്‍ത്തുന്നത്. 

(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (78-80)
എ.വൈ.ആര്‍

ഹദീസ്‌

മൂന്ന് വസ്വിയ്യത്തുകള്‍
പി.എ ശറഫുദ്ദീന്‍