Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 20

3048

1439 ശഅ്ബാന്‍ 02

സകാത്ത് സംരംഭങ്ങള്‍ ക്രിയാത്മകമാക്കാന്‍ അന്താരാഷ്ട്ര സകാത്ത് കോണ്‍ഫറന്‍സ്

സി.പി ഹബീബ് റഹ്മാന്‍

ഇസ്ലാമിക സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണായി വര്‍ത്തിക്കുന്ന സകാത്ത് സംവിധാനത്തിന് സാമൂഹിക പുരോഗതിയില്‍ വഹിക്കാന്‍ കഴിയുന്ന പങ്കിനെ കുറിച്ച ചര്‍ച്ചകളും അക്കാദമിക ഗവേഷണ പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബൈത്തുസ്സകാത്ത് കേരള സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സകാത്ത് കോണ്‍ഫറന്‍സ് 2018 ഏപ്രില്‍ 27 മുതല്‍ 29 വരെ എറണാകുളത്ത് നടക്കുകയാണ്.

സാമൂഹിക ദീനീവ്യവഹാരങ്ങളെ അക്കാദമിക - ഗവേഷണ മനസ്സോടെ സമീപിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്ന  കേരള മുസ്ലിം സമൂഹത്തില്‍ സകാത്തുമായി ബന്ധപ്പെട്ട പഠനങ്ങള്‍ സകാത്ത് സംവിധാനത്തെ ശക്തിപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിക്കും.  സേവന മേഖലയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന പങ്കാളിത്താധിഷ്ഠിത പദ്ധതികളും അക്കാദമിക മികവോടെയുള്ള പ്രവര്‍ത്തനങ്ങളും സകാത്ത് ദായകര്‍ക്കും സംരംഭങ്ങള്‍ക്കും  കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതും സേവന മേഖലയിലെ വിഭവങ്ങളെ ക്രിയാത്മകമായും ശാസ്ത്രീയമായും വിനിയോഗിക്കുന്നതിന് മണ്ണൊരുക്കാന്‍ സഹായിക്കുന്നതുമാണ്. മുന്‍ഗണന നിശ്ചയിച്ചുള്ള കൃത്യമായ പ്ലാനിംഗും, ദേശീയ-അന്തര്‍ദേശീയ തലത്തിലെ വ്യക്തിത്വങ്ങളില്‍നിന്നും സംരംഭങ്ങളില്‍നിന്നുമുള്ള മാര്‍ഗനിര്‍ദേശങ്ങളും ചര്‍ച്ചകളിലെ പങ്കാളിത്തവും സകാത്ത് ദായകരെ സംഘടിത സകാത്ത് സംവിധാനത്തിലേക്ക് ആകര്‍ഷിക്കുന്നതിന് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.

കുവൈത്ത്, ഖത്തര്‍, യു.എ.ഇ,  മലേഷ്യ, ഇന്തോനേഷ്യ, സുഡാന്‍ എന്നിവക്കു പുറമെ അമേരിക്ക, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന സകാത്ത് സംവിധാനങ്ങളുണ്ട്. ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളിലെയും മറ്റു പിന്നാക്ക സമൂഹങ്ങളിലെയും ജനവിഭാഗങ്ങളുടെ അടിസ്ഥാനാവശ്യങ്ങളുടെ പൂര്‍ത്തീകരണവും യുദ്ധം, കലാപം, വംശഹത്യ തുടങ്ങിയ സാമൂഹിക ദുരന്തങ്ങളില്‍പെട്ട് ജീവിതം ദുസ്സഹമായവരുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുമാണ് അന്താരാഷ്ട്ര സകാത്ത് ഏജന്‍സികള്‍ കാര്യമായും നിര്‍വഹിച്ചുവരുന്നത്.

ലോകത്ത് ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുന്ന ഫിലാന്ത്രോപി മേഖലയിലേക്ക് ഏറ്റവും കൂടുതല്‍ പണമൊഴുകുന്നത് മതാനുഷ്ഠാനങ്ങളുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ്. അതില്‍തന്നെ സകാത്ത് വഴിയാണ് ഏറ്റവും കൂടുതല്‍ ഫണ്ട് ലഭ്യമാവുന്നത്. 2012-ലെ ഗ്ലോബല്‍ ഇസ്‌ലാമിക് ഫിനാന്‍സ് റിപ്പോര്‍ട്ട്  പ്രകാരം മുസ്ലിം രാഷ്ട്രങ്ങളില്‍നിന്നു മാത്രം ഭൂതദയാ മേഖലയിലേക്ക് പ്രതിവര്‍ഷം ശരാശരി ഒരു ട്രില്യന്‍ യു.എസ് ഡോളര്‍ എത്തുന്നു്. അറബ് മുസ്ലിം രാജ്യങ്ങള്‍, അമേരിക്ക, ബ്രിട്ടന്‍, ആസ്‌ത്രേലിയ, സൗത്ത് ആഫ്രിക്ക, മലേഷ്യ, തുര്‍ക്കി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനപ്പെട്ട അന്താരാഷ്ട്ര മുസ്‌ലിം ചാരിറ്റി സംഘടനകളും സകാത്ത് സംവിധാനങ്ങളും പ്രവര്‍ത്തിച്ചു വരുന്നത്. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകത്തെ പ്രമുഖ മുസ്ലിം എന്‍.ജി.ഒയായ ഇസ്‌ലാമിക് റിലീഫ് വേള്‍ഡ് വൈഡ് 32 ദരിദ്ര രാജ്യങ്ങളില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ഇസ്‌ലാമിക് റിലീഫ് അമേരിക്ക മാത്രം കഴിഞ്ഞ വര്‍ഷം  സകാത്തായി ശേഖരിച്ചത് 700 കോടി രൂപയാണ്. അമേരിക്കയിലെ മറ്റൊരു സുപ്രധാന സകാത്ത് സംരംഭമായ സകാത്ത് ഫൗണ്ടേഷന്‍ ഓഫ് അമേരിക്ക 56 ദരിദ്ര രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു്. ഇസ്‌ലാമിക് എയ്ഡ്, സണ്‍റൈസ്, മുസ്‌ലിം എയ്ഡ്,  യു.എസ് സുന്ന ഫൗണ്ടേഷന്‍, ഉമ്മ റിലീഫ് ഇന്റര്‍നാഷ്‌നല്‍  തുടങ്ങിയവയെല്ലാം അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്തരാഷ്ട്ര സകാത്ത് എന്‍.ജി.ഒകളാണ്. നാഷ്‌നല്‍ സകാത്ത് ഫൗണ്ടേഷന്‍ യു.കെ, യു.കെ ഇസ്‌ലാമിക് മിഷന്‍, ഇസ്‌ലാമിക് റിലീഫ് ആസ്‌ത്രേലിയ, മുസ്‌ലിം റഫ്യൂജീസ് അസോസിയേഷന്‍ സൗത്ത് ആഫ്രിക്ക, മുസ്‌ലിം ചാരിറ്റി- സിങ്കപ്പൂര്‍, സകാത്ത് ഫ്രാന്‍സ്, ആഫ്രിക്ക മുസ്‌ലിം ഏജന്‍സി, മുസ്‌ലിം ഹാന്‍ഡ്‌സ് (40 രാജ്യങ്ങളില്‍), ഗിഫ്റ്റ് ഓഫ് ഗിവേഴ്‌സ് സൗത്ത് ആഫ്രിക്ക (43 രാജ്യങ്ങളില്‍) എന്നിവയും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നു. ബൈത്തുസ്സകാത്ത് കുവൈത്ത് എഴുപതോളം രാജ്യങ്ങളില്‍ സകാത്ത് ഫണ്ട് വിനിയോഗിക്കുന്നു്. ബഹ്റൈന്‍, ഖത്തര്‍, യു.എ.ഇ, സുഊദി അറേബ്യ, ഒമാന്‍ തുടങ്ങിയ ജി.സി.സി രാജ്യങ്ങളിലെ സകാത്ത് സംരംഭങ്ങളും എന്‍.ജി.ഒകളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. 

മലേഷ്യ, പാകിസ്താന്‍, ലിബിയ, സുഡാന്‍, സുഊദി അറേബ്യ, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെതന്നെ സകാത്ത് ശേഖരിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നുണ്ട്. ബഹ്‌റൈന്‍, ബംഗ്ലാദേശ്, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാന്‍, ജോര്‍ദാന്‍, കുവൈത്ത്, ലബനാന്‍, യു.എ.ഇ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളില്‍ സര്‍ക്കാര്‍  നിയമങ്ങളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സംവിധാനങ്ങളാണുള്ളത്. 

ലോക മുസ്ലിം ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയില്‍നിന്ന് പ്രതിവര്‍ഷം ബില്യന്‍ കണക്കിന് രൂപ സകാത്ത് ഇനത്തില്‍ ശേഖരിക്കാന്‍ സാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. എന്നാല്‍, ദേശീയതലത്തിലെയും സംസ്ഥാന തലത്തിലെയും സാമൂഹിക സാഹചര്യവും മുസ്ലിം സമുദായത്തിന്റെ പുരോഗതിയും സംഘടിത സകാത്ത് പ്രവര്‍ത്തനങ്ങളുടെ സജീവതയും വിലയിരുത്തുമ്പോള്‍ യഥാര്‍ഥത്തില്‍ ശേഖരിക്കപ്പെടേണ്ട സകാത്തിന്റെ ചെറിയ വിഹിതം മാത്രമേ സംഘടിതമായോ അല്ലാതെയോ ലഭ്യമാവുന്നുള്ളൂ. സംഘടിത സകാത്ത് മേഖലയില്‍ കേരളം, തെലങ്കാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സാമാന്യം നല്ല നിലയില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കേരളത്തില്‍ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതു സകാത്ത് സംരംഭമാണ് ബൈത്തുസ്സകാത്ത് കേരള. ഇതിനുപുറമെ വ്യത്യസ്ത മുസ്ലിം സംഘടനകളും പൊതു കൂട്ടായ്മകളും എന്‍.ജി.ഒകളും മഹല്ലുകളും നേതൃത്വം നല്‍കുന്ന ആയിരത്തിലധികം പ്രാദേശികതല സകാത്ത് സംരംഭങ്ങളുമുണ്ട്. 

സംഘടിത സകാത്ത് അഡ്മിനിസ്‌ട്രേഷന് കൂടുതല്‍ അനുകൂലമായ സാഹചര്യങ്ങളാണ് കേരളത്തിലുള്ളത്. ഭവനനിര്‍മാണം,  സ്വയംതൊഴില്‍ പദ്ധതികള്‍, ചികിത്സാ സഹായം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, കുടിവെള്ള പദ്ധതികള്‍,  കടബാധ്യത തീര്‍ക്കുന്നതിന് സഹായം, റേഷന്‍, പെന്‍ഷന്‍ തുടങ്ങിയ അടിസ്ഥാന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കാ ണ് ബൈത്തുസ്സകാത്ത് കേരള സഹായം നല്‍കുന്നത്. 590 വീടുകളുടെ നിര്‍മാണത്തിന് പൂര്‍ണ സഹായം, 2393 വീടുകളുടെ നിര്‍മാണ പൂര്‍ത്തീകരണത്തിനു സഹായം, 2871 രോഗികള്‍ക്ക് ചികിത്സാ സഹായം, 1496 വ്യക്തികള്‍ക്ക് കടബാധ്യത തീര്‍ക്കുന്നതിന് സഹായം, 1309 വ്യക്തികള്‍ക്ക് സ്വയം തൊഴില്‍ സഹായം, 1856 വിദ്യാര്‍ഥികള്‍ക്ക്  ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, 1642 നിരാലംബര്‍ക്ക്  പെന്‍ഷന്‍, 157 കുടിവെള്ള പദ്ധതികള്‍ തുടങ്ങിയവയാണ് ബൈത്തുസ്സകാത്ത് കേരള കഴിഞ്ഞ വര്‍ഷങ്ങളില്‍ നിര്‍വഹിച്ചത്. ഓണ്‍ലൈന്‍ അഡ്മിനിസ്‌ട്രേഷന്‍ സിസ്റ്റവും കേരളം മുഴുവന്‍ ശൃംഖലയുള്ള പ്രാദേശിക-ഏരിയാ- ജില്ലാ പ്രവര്‍ത്തന  സംവിധാനവും മാതൃകാ സകാത്ത് അഡ്മിനിസ്‌ട്രേഷന്‍ സംവിധാനം കെട്ടിപ്പടുക്കാന്‍ ബൈത്തുസ്സകാത്ത് കേരളക്ക് സഹായകമായിട്ടുണ്ട്. 1526 പ്രാദേശിക കോഡിനേറ്റര്‍മാരും 142 ഏരിയാ കോഡിനേറ്റര്‍മരും 14 ജില്ലാ കോഡിനേറ്റര്‍മാരും ബൈത്തുസ്സകാത്ത് കേരളക്കുവേണ്ടി സേവനമനുഷ്ഠിക്കുന്നു. 

ചികിത്സാ സഹായം, പെന്‍ഷന്‍, വീടു നിര്‍മാണ സഹായം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് കേരളത്തിലെ പ്രാദേശിക സകാത്ത് സംരംഭങ്ങള്‍ ഭൂരിഭാഗം സകാത്ത് വിഹിതവും നീക്കിവെക്കുന്നത്. സകാത്തിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്ന രീതിയില്‍ വ്യക്തികളെ സുസ്ഥിര വികസനത്തിലേക്ക് നയിക്കുന്ന തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ സകാത്ത് വലിയ രീതിയില്‍ വിനിയോഗിക്കാന്‍ കഴിയുന്നില്ല എന്നത് കേരളത്തിലെ പ്രാദേശിക സകാത്ത് സംരംഭങ്ങളുടെ വലിയ പോരായ്മയാണ്. എന്നാല്‍ ബൈത്തുസ്സകാത്ത് കേരള അതിന്റെ 75 ശതമാനം ഫണ്ടും വിനിയോഗിക്കുന്നത് ഭവന നിര്‍മാണം, സ്വയംതൊഴില്‍, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് തുടങ്ങിയ മേഖലകളിലാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 157 പേര്‍ക്ക് ഓട്ടോറിക്ഷ, നൂറിലധികം റീട്ടയില്‍ ഷോപ്പുകള്‍, സ്‌മോള്‍ സ്‌കെയില്‍ സംരംഭങ്ങള്‍, അമ്പതിലധികം മത്സ്യബന്ധന യൂനിറ്റുകള്‍, സിവില്‍ സര്‍വീസ് അടക്കമുള്ള മത്സര പരീക്ഷാ പരിശീലന സ്‌കോളര്‍ഷിപ്പുകള്‍, ലോ, മാനേജ്‌മെന്റ്, മീഡിയ പഠന മേഖലകള്‍ക്ക്  സ്‌കോളര്‍ഷിപ്പുകള്‍, കേരളത്തിലെ 1500 ദരിദ്ര കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്ന പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ പീപ്പ്ള്‍സ് ഹോം പദ്ധതിയില്‍ പങ്കാളിത്തം തുടങ്ങിയ നിരവധി പദ്ധതികള്‍ക്ക്  സകാത്ത് വിനിയോഗിക്കാന്‍ ബൈത്തുസ്സകാത്ത് കേരളക്ക് സാധിക്കുന്നുണ്ട്. സകാത്ത് വാങ്ങുന്നവര്‍ പോലും വരുംവര്‍ഷങ്ങളില്‍ സകാത്ത്  നല്‍കുന്ന സാമൂഹിക-സാമ്പത്തിക നിലവാരത്തിലേക്ക് ഉയരുന്ന രീതിയില്‍ ഗുണഭോക്താവിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയെന്ന തത്ത്വമാണ് ബൈത്തുസ്സകാത്ത് കേരള മുന്നോട്ടുവെക്കുന്നത്. പ്രാദേശിക സകാത്ത് സംരംഭങ്ങളുടെയും എന്‍.ജി.ഒകളുടെയും സഹകരണത്തോടെയുള്ള പങ്കാളിത്ത പദ്ധതികളാണ് ബൈത്തുസ്സകാത്ത് കേരള നിര്‍ഹിക്കുന്നത്. ജാതിമതഭേദമന്യേ അര്‍ഹതയുടെയും ആവശ്യത്തിന്റെയും അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് സകാത്ത് നല്‍കുന്നുവെന്നതാണ് ബൈത്തുസ്സകാത്ത് കേരളയുടെ പ്രവര്‍ത്തനങ്ങളെ മാതൃകാപരമാക്കുന്നത്.

കേരളത്തില്‍ ഒരു ലക്ഷം മുതല്‍ ഒന്നരക്കോടിയോളം രൂപ വരെ പ്രതിവര്‍ഷം സകാത്തായി ശേഖരിക്കുന്നവരാണ് പ്രാദേശിക സകാത്ത് സംരംഭങ്ങള്‍. കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, കാസര്‍കോട്, കാഞ്ഞങ്ങാട്, മഞ്ചേരി, തിരൂര്‍, പാലക്കാട്, പെരുമ്പിലാവ്, എറണാകുളം, അരൂര്‍, കൊല്ലം തുടങ്ങിയ പ്രദേശങ്ങളിലാണ് വലിയ രീതിയില്‍ സകാത്ത് ശേഖരിച്ച് ഫലപ്രദമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന പ്രാദേശിക സകാത്ത് സംരംഭങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നത്. വലിയ ഫണ്ട് ശേഖരിക്കുന്ന സകാത്ത് സംരംഭങ്ങള്‍ ബൈത്തുസ്സകാത്ത് കേരളയുടെ മാതൃകയില്‍ ഗുണഭോക്താക്കളുടെ ആവശ്യം പൂര്‍ത്തീകരിക്കുന്ന രീതിയില്‍ സകാത്ത് ചെവഴിക്കുന്നുണ്ട്. 

കേരളത്തില്‍ പ്രതിവര്‍ഷം ശരാശരി 40 കോടി രൂപയാണ് സകാത്തായി ശേഖരിച്ച് വിതരണം ചെയ്യുന്നത്. ശരാശരി രണ്ട് ശതമാനം മാത്രമേ സകാത്ത് സംരംഭങ്ങളുടെ അഡ്മിനിസ്‌ട്രേഷന്‍ ചെലവിലേക്ക് വിനിയോഗിക്കുന്നുള്ളൂ. പൊതു എന്‍.ജി.ഒകള്‍ സര്‍ക്കാര്‍ ഫണ്ടും സി.എസ്.ആറും മറ്റു ഫണ്ടുകളും വിനിയോഗിച്ച് നിര്‍വഹിക്കുന്ന സോഷ്യല്‍ സര്‍വീസ് പദ്ധതികള്‍ക്ക് 15 മുതല്‍ 30 ശതമാനം വരെ അഡ്മിനിസ്‌ട്രേഷന്‍ ചെലവ് വരുന്നുന്നെ് മനസ്സിലാക്കണം.

കേരളത്തില്‍ സകാത്ത് ഫണ്ട് വിനിയോഗിച്ച് പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ നിരവധിയാണ്. സമുദായ സംഘടനകള്‍ പടുത്തുയര്‍ത്തിയ ആയിരക്കണക്കിന് സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലും അവയുടെ നടത്തിപ്പിലും സകാത്താണ് വലിയ വിഹിതമായി ഉപയോഗപ്പെടുത്തുന്നത്. കേരളത്തിന്റെ പോപ്പുലര്‍ കള്‍ച്ചര്‍ എന്ന നിലയില്‍ യുവാക്കളും പൊതുസമൂഹവും ഏറ്റെടുക്കുന്ന പെയിന്‍ ആന്റ്് പാലിയേറ്റീവ് അടക്കമുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളുടെയും  മുഖ്യ സാമ്പത്തിക പിന്‍ബലം സകാത്ത് ആണെന്നതും ശ്രദ്ധേയം.

വ്യവസ്ഥാപിത സകാത്ത് സംവിധാനങ്ങള്‍ മുഖേനയല്ലാതെ മറ്റു പല രീതികളിലൂടെയുമാണ് കേരളത്തില്‍ വലിയൊരു ഭാഗം സകാത്ത് ഫണ്ട് വിനിയോഗിക്കപ്പെടുന്നത്. തങ്ങളുടെ പരിമിതമായ വൃത്തത്തില്‍ സ്ഥിരം ഗുണഭോക്താക്കള്‍ക്കും  ബന്ധുക്കള്‍ക്കും  അയല്‍ക്കാര്‍ക്കും സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ചില പ്രത്യേക പ്രദേശങ്ങളിലേക്കും എല്ലാ വര്‍ഷവും മാമൂല്‍ പോലെ സകാത്ത് എത്തിച്ച് അതില്‍ സംതൃപ്തിയടയുന്നവരാണ് കേരളത്തിലെ  വലിയൊരു വിഭാഗം സമ്പന്നരും. കേരളത്തില്‍നിന്ന് ശരാശരി 1500 കോടിയിലധികം രൂപ ശരാശരി പ്രതിവര്‍ഷം സകാത്തായി ശേഖരിക്കാന്‍ സാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. എന്നാല്‍ അത് ശരിയായ രീതിയില്‍ ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും മുസ്‌ലിം പണ്ഡിതന്മാരുടെയും സംഘടനകളുടെയും അഭിപ്രായ സമന്വയം അനിവാര്യമാണ്. 

കേരളത്തിനു പുറത്ത് ഹൈദരാബാദിലും സകാത്ത് സംവിധാനങ്ങള്‍ വളരെ സജീവമാണ്. ഗിയാസുദ്ദീന്‍ ബാബുഖാന്‍ നേതൃത്വം നല്‍കുന്ന ഹൈദരാബാദ് സകാത്ത് ആന്റ് ചാരിറ്റബ്ള്‍ ട്രസ്റ്റ് ശരാശരി 20 കോടി രൂപയാണ് പ്രതിവര്‍ഷം സകാത്തായി ശേഖരിച്ച് വിതരണം ചെയ്യുന്നത്. വിദ്യാഭ്യാസ മേഖലയിലാണ് ഹൈദരാബാദ് സകാത്ത് ട്രസ്റ്റിന്റെ 78 ശതമാനം ഫണ്ടും വിനിയോഗിക്കുന്നത്. ഹൈദരാബാദ്  ജമാഅത്തെ ഇസ്ലാമിക്കു കീഴിലുള്ള അല്‍ഖൈര്‍ ട്രസ്റ്റ്, ഗയാസുദ്ദീന്‍ റശാദി നേതൃത്വം നല്‍കുന്ന സ്വഫാ ബൈത്തുല്‍ മാല്‍, മന്‍സൂര്‍ ഗോറിയുടെ നേതൃത്വത്തില്‍ അമേരിക്കയിലെ ഹൈദരാബാദ് മുസ്‌ലിംകളുടെ സകാത്ത് ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന 'സഹായത' തുടങ്ങിയവ ഹൈദരാബാദിലെ പ്രമുഖ സകാത്ത് സംരംഭങ്ങളാണ്. സകാത്ത് ഫണ്ട് ക്രിയാത്മകമായി ഉപയോഗപ്പെടുത്തി സുസ്ഥിര പദ്ധതികള്‍ കൊുവരുന്നതില്‍ ഹൈദരാബാദിലെ സകാത്ത് സംരംഭങ്ങള്‍ മാതൃകയാണ്. തമിഴ്‌നാട്ടിലും സകാത്ത് സംരംഭങ്ങളും പദ്ധതികളും സജീവമാണ്. മഹല്ലുകള്‍ കേന്ദ്രീകരിച്ച് ബൈത്തുല്‍ മാല്‍ സ്ഥാപിച്ച് സകാത്ത് സംവിധാനം ശക്തിപ്പെടുത്തുന്നതില്‍ വ്യക്തികളും സംഘടനകളും പ്രത്യേകം താല്‍പര്യമെടുക്കുന്നു. ചെന്നൈ, കോയമ്പത്തൂര്‍, വാണിയമ്പാടി, ട്രിച്ചി തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാന സകാത്ത് സംരംഭങ്ങള്‍.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മതകലാലയങ്ങളുടെ നടത്തിപ്പിലേക്കാണ് മുംബൈ, ബംഗളൂരു, കൊല്‍ക്കത്ത, ചെന്നൈ, ദല്‍ഹി തുടങ്ങിയ മഹാ നഗരങ്ങളിലെ സകാത്ത് ദായകരുടെ ഭൂരിഭാഗം സകാത്തും എത്തിച്ചേരുന്നത്. ഇതില്‍തന്നെ സ്ഥാപനങ്ങളുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ നിരവധി ദായകര്‍ ഉന്നയിക്കുകയുണ്ടായി. മതകലാലയങ്ങളുടെ ആവശ്യത്തിനു വേണ്ടി ശേഖരിക്കുന്ന സകാത്തിന്റെ വലിയൊരു ഭാഗം പിരിക്കുന്നവര്‍ക്കുള്ള കമീഷനായി പോകുന്നുവെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. സകാത്ത് ശേഖരണത്തിലെയും വിതരണത്തിലെയും സുതാര്യതയില്ലായ്മയും വിശ്വാസക്കുറവുമാണ് രാജ്യത്ത് സകാത്ത് മാനേജ്‌മെന്റ് നേരിടുന്ന വലിയൊരു പ്രതിസന്ധി.

ഇന്ത്യയിലെ വന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് വ്യവസ്ഥാപിതമായ പ്രഫഷണല്‍ സകാത്ത് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂഷനുകള്‍ ആരംഭിക്കുകയും കൃത്യമായ പദ്ധതികളിലൂടെ അത് വിനിയോഗിക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയും ചെയ്താല്‍ രാജ്യത്തെ സകാത്ത് മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് അത് വലിയ മുതല്‍ക്കൂട്ടാവും. സകാത്ത് സംഭരണം, വിതരണം, പദ്ധതികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പോളിസി സ്റ്റഡി, റിസര്‍ച്ച്, കണ്‍സള്‍ട്ടന്‍സി തുടങ്ങിയവ ലക്ഷ്യമാക്കി  ന്യൂദല്‍ഹി കേന്ദ്രീകരിച്ച് ഒരു സകാത്ത് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിനും സാധ്യത ഏറെയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സകാത്ത് സംരംഭങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഏകീകരിക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും അക്കാദമിക് റിസര്‍ച്ച് പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സകാത്ത് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് സഹായകമാകും. അന്താരാഷ്ട്ര സകാത്ത് കോണ്‍ഫറന്‍സ് അത്തരം ചര്‍ച്ചകള്‍ക്ക് വേദിയാകുമെന്ന് പ്രതീക്ഷിക്കുന്നു. 

കോടിക്കണക്കിന് രൂപ ഓരോ വര്‍ഷവും സാമൂഹിക സേവനമേഖലയില്‍ ചെലവഴിക്കുന്ന സംവിധാനമായിട്ടും, സകാത്ത് ഒരു സാമൂഹിക സുരക്ഷാ ടൂള്‍ എന്ന രീതിയിലോ സാമൂഹിക വികസനം ത്വരിതപ്പെടുത്തുന്ന ഘടകമെന്ന നിലയിലോ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. മതപരമായ വ്യവഹാരങ്ങളെ പൊതുമണ്ഡലത്തില്‍നിന്ന് ബോധപൂര്‍വം മാറ്റിനിര്‍ത്തുകയെന്ന നയം മുഖ്യധാര സ്വീകരിക്കുമ്പോള്‍ ഇത്തരം സംവിധാനങ്ങളെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്നതിന് ഡോക്യുമെന്റേഷന്‍ പ്രവര്‍ത്തനങ്ങളോ മറ്റോ ആരും നിര്‍വഹിക്കുന്നില്ല. ഇതും ഗൗരവപൂര്‍വം ആലോചിക്കേണ്ടതുണ്ട്. സകാത്ത് കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ യൂനിവേഴ്‌സിറ്റികളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദര്‍ശിച്ചപ്പോള്‍ സകാത്തുമായി ബന്ധപ്പെട്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ തീരെയില്ല എന്നു തന്നെയാണ് അനുഭവപ്പെട്ടത്. 

ഇസ്ലാമിക സമൂഹവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന സുപ്രധാന ആരാധന എന്ന നിലയില്‍ സകാത്തിനെ സജീവമാക്കുന്നതിന് വിപുലമായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. പണ്ഡിതന്മാര്‍, ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍, സംരംഭകര്‍, സാമ്പത്തിക വിദഗ്ധര്‍, സകാത്ത് മാനേജ്‌മെന്റ് സംരംഭങ്ങള്‍, ഗവേഷകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മീഡിയ, മാനേജ്‌മെന്റ്  വിദഗ്ധര്‍ തുടങ്ങിയ വിവിധ സംവിധാനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളുങ്കെിലേ അത് സാധ്യമാവൂ. വിശ്വാസികളുടെ നിര്‍ബന്ധ ബാധ്യത എന്നതോടൊപ്പം സാമൂഹിക പുരോഗതിയില്‍ ക്രിയാത്മകവും സുസ്ഥിരവുമായ പങ്കാളിത്തം വഹിക്കുന്ന സംവിധാനമാണ് സകാത്ത് എന്ന സന്ദേശമാണ് അന്താരാഷ്ട്ര സകാത്ത് കോണ്‍ഫറന്‍സ് മുന്നോട്ടുവെക്കുന്നത്. ദേശീയ- അന്തര്‍ദേശീയ തലത്തില്‍ സമൂഹങ്ങളനുഭവിക്കുന്ന പ്രശ്‌നങ്ങളെയും പിന്നാക്കാവസ്ഥയെയും മുന്‍നിര്‍ത്തി സകാത്ത് വ്യവസ്ഥാപിതമായി ശേഖരിക്കേതിന്റെയും വിതരണം ചെയ്യേണ്ടതിന്റെയും ആവശ്യകതയും പ്രായോഗിക രീതികളും സെമിനാറില്‍ ചര്‍ച്ച ചെയ്യും. വിവിധ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന നിയമ സംവിധാനങ്ങള്‍ക്കനുസൃതമായും അന്താരാഷ്ട്ര നിയമങ്ങളുപയോഗപ്പെടുത്തിയും സകാത്ത് സംരംഭങ്ങള്‍ എങ്ങനെ മുന്നോട്ടു കൊുപോകാം എന്നതും ചര്‍ച്ചയാവും.

സകാത്തിന്റെ വികസനോന്മുഖതയും സാമൂഹിക പ്രസക്തിയും ഉയര്‍ത്തിക്കാണിക്കുക, വിവിധ രാഷ്ട്രങ്ങളിലെ സകാത്ത് സംരംഭങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുക, ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ സകാത്തുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുക, സകാത്തുമായി ബന്ധപ്പെട്ട അക്കാദമിക ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുക, രാജ്യത്തിന്റെ പുരോഗതിയില്‍ സകാത്ത് പദ്ധതികളുടെ പങ്കിനെക്കുറിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിടുക തുടങ്ങിയവയാണ് അന്താരാഷ്ട്ര സകാത്ത് കോണ്‍ഫറന്‍സിന്റെ  ലക്ഷ്യങ്ങള്‍. കൂടാതെ പുതിയ സാമ്പത്തിക-തൊഴില്‍ മേഖലകളെ മുന്‍നിര്‍ത്തി സകാത്ത് ബാധകമാകുന്ന പുതിയ മേഖലകളെക്കുറിച്ചും നിസാബ് പുനര്‍നിര്‍ണയത്തിനുള്ള സാധ്യതകളെക്കുറിച്ചും സെമിനാര്‍ ചര്‍ച്ച ചെയ്യും.

ഇന്ത്യന്‍ സാമൂഹിക-രാഷ്ട്രീയ സാഹചര്യം, അഭയാര്‍ഥികള്‍, മനസ്സിണക്കപ്പെടേണ്ടവര്‍, സാമുദായിക ഐക്യം, സാമ്പത്തിക പുരോഗതി, പട്ടിണി, തൊഴിലില്ലായ്മ, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം, അടിസ്ഥാന മേഖലയിലെ വികസനം, സുസ്ഥിര വികസനം തുടങ്ങിയ വിഷയങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സകാത്ത് വിനിയോഗത്തിലെ മുന്‍ഗണനാക്രമങ്ങളും സെമിനാര്‍  ചര്‍ച്ച ചെയ്യും. മന്ത്രിമാര്‍, എം.പിമാര്‍, പണ്ഡിതന്മാര്‍, സകാത്ത് ഗവേഷകര്‍, സംരംഭകര്‍, സകാത്ത് മാനേജ്‌മെന്റ് വിദഗ്ധര്‍, ഇസ്‌ലാമിക സാമ്പത്തിക മേഖലയിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും. 2018 ഏപ്രില്‍ 27-ന് എറണാകുളം ടൗണ്‍ഹാളിലും 28, 29 തീയതികളില്‍ ഹോട്ടല്‍ ലെമെറിഡിയനിലുമാണ് കോണ്‍ഫറന്‍സ് നടക്കുക. 

(അന്താരാഷ്ട്ര സകാത്ത് കോണ്‍ഫറന്‍സ് ഓര്‍ഗനൈസിംഗ് കണ്‍വീനറാണ് ലേഖകന്‍)

Comments

Other Post

ഹദീസ്‌

പിരിമുറുക്കത്തിന്റെ അടിവേര് അന്വേഷിച്ചാല്‍
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (33-37)
എ.വൈ.ആര്‍