ധൂര്‍ത്തിനെതിരെ, ദുര്‍വ്യയത്തിനെതിരെ
ദൈവാനുഗ്രഹങ്ങള്‍ എന്തു തന്നെയായിരുന്നാലും അവ ഉപയോഗിക്കുന്നിടത്ത് മിതവ്യയം പാലിക്കണമെന്നാണ് ഇസ്‌ലാം കര്‍ശനമായി ആവശ്യപ്പെടുന്നത്. സമുദ്രത്തില്‍നിന്ന് അംഗശുദ്ധി വരുത്തുകയാണെങ്കില്‍ പോലും ജലം കരുതിയേ ഉപയോഗിക്കാവൂ എന്നാണ് മുഹമ്മദ് നബി (സ) പഠിപ്പിക്കുന്നത്. തിന്നുക, കുടിക്കുക എന്ന് അനുവദിക്കുന്ന ഖുര്‍ആന്‍ അമിതമാകരുതെന്ന് ഓര്‍മപ്പെടുത്തുന്നുമുണ്ട്.
എന്നാല്‍ ഇന്ന് മുസ്‌ലിം സമുദായത്തില്‍ ധൂര്‍ത്തും ദുര്‍വ്യയവും വ്യാപകമായിത്തീര്‍ന്നിട്ടുണ്ട് എന്ന് പറയേണ്ടിവരും. വീടുനിര്‍മാണ രംഗമായാലും വിവാഹാഘോഷമായാലും ദുര്‍വ്യയത്തിന് ഒട്ടും കുറവില്ല. ആവശ്യമില്ലാത്തിടത്ത് പള്ളി നിര്‍മിക്കുന്നത് ധൂര്‍ത്തിന്റെ ഗണത്തിലേ പെടുത്താനാവൂ. ആവശ്യമുള്ളിടത്ത് നിര്‍മിക്കുന്ന പള്ളികള്‍ തന്നെ അനാവശ്യമായി വലുതാക്കിയും മറ്റും ഒരുപാട് കാശ് ദുര്‍വ്യയം ചെയ്യുന്നത് ഇന്ന് പതിവായിരിക്കുന്നു. ഇതില്‍ സംഘടനാ വ്യത്യാസമില്ല. ഉള്ളത് സംഘടനകള്‍ പരസ്പരമുള്ള മത്സരമാണ്. വിവാഹ രംഗത്ത് കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ പറയാതിരിക്കുകയായിരിക്കും ഭേദം.
ഇന്ത്യ ഉള്‍പ്പെടെ ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഉടുതുണിക്ക് മറുതുണിയില്ലാത്ത, ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ കഴിയാത്ത നിരവധി പേക്കോലങ്ങളുണ്ടെന്നത് നിഷേധിക്കാന്‍ കഴിയാത്ത യാഥാര്‍ഥ്യമാണ്. അവരെ കണ്ടില്ലെന്നു നടിച്ച് നടത്തുന്ന ഈ ധന ദുര്‍വിനിയോഗം ഒരിക്കലും അംഗീകരിക്കാനാവില്ല. റമദാന്‍ ഇതാ അടുത്തെത്തി. ഒപ്പം ധൂര്‍ത്തിനുള്ള അവസരങ്ങളും കൂടും. ഇഫ്ത്വാര്‍ എന്ന ഓമനപ്പേരിലായിരിക്കും അതെന്നു മാത്രം.
കൂട്ടത്തില്‍ പറയട്ടെ, ഹജ്ജും ഉംറയും നിര്‍വഹിക്കുന്നിടത്തും കുറേ നിയന്ത്രണങ്ങള്‍ ആവശ്യമായി വന്നിരിക്കുന്നു. പണ്ഡിതന്മാരുടെ സത്വര ശ്രദ്ധ ഇത്തരം വിഷയങ്ങളില്‍ പതിഞ്ഞുകാണാന്‍ ആഗ്രഹിക്കുന്നു.
പ്രബോധനം വായിപ്പിച്ചാല്‍ പോരാ, സ്വയം വായിക്കുകയും വേണം
ലക്കം 42-ല്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീറിന്റെ 'മുഖവാക്കി'ല്‍ (പ്രബോധനത്തിന്റെ പ്രചാരണം കാലം ആവശ്യപ്പെടുന്നുണ്ട്) പറയുന്ന കാര്യങ്ങള്‍ എതിരാളികള്‍ക്ക് പോലും നിഷേധിക്കാനാവുകയില്ല. പ്രബോധനം ജമാഅത്തെ ഇസ്‌ലാമിയുടെ ജിഹ്വയാണ്; അതിന്റെ നിലപാടുതറ തീര്‍ത്തും ഇസ്‌ലാമികവുമാണ്. എത്രയോ പൊതു പ്രവര്‍ത്തകരും അഭ്യസ്തവിദ്യരും തങ്ങള്‍ ഇസ്‌ലാമിന്റെ മാധുര്യം അനുഭവിച്ചറിഞ്ഞത്, പ്രബോധനത്തിലൂടെയും അതിന്റെ സ്‌പെഷ്യല്‍ പതിപ്പുകളിലൂടെയുമാണെന്ന് അവര്‍ തന്നെ തുറന്നു സമ്മതിച്ചതാണല്ലോ. മിക്ക മുസ്‌ലിം സംഘടനാ പ്രസിദ്ധീകരണങ്ങളും എതിരാളികളുടെ ന്യൂനതകള്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത്, ഉദ്ധരണികളുടെ തലയും വാലും മുറിച്ച് അര്‍ധസത്യങ്ങളും അസത്യങ്ങളും നിരത്തുമ്പോള്‍ പ്രബോധനം അത്തരം വിഷയങ്ങളെ അവഗണിക്കാറാണ് പതിവ്. ആ നിലപാടു കാരണം എത്രയോ സഹൃദയരെ സൃഷ്ടിക്കാന്‍ പ്രബോധനത്തിനു കഴിഞ്ഞിട്ടുണ്ട്.
അതോടൊപ്പം തന്നെ ഒരു മറുപുറവും സൂചിപ്പിക്കാതെ നിവൃത്തിയില്ല. പ്രസ്ഥാന പ്രവര്‍ത്തകരുടെ പ്രബോധനം വായന എത്രത്തോളമാണ്? പ്രസ്ഥാന പ്രവര്‍ത്തകര്‍ നല്ലൊരു ശതമാനവും പ്രബോധനത്തിന്റെ വരിക്കാരാണെങ്കിലും, അവരത് എത്രത്തോളം പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് സ്വയം വിലയിരുത്തേണ്ടതാണ്. ഈ കുറിപ്പുകാരന്‍ സ്ഥിരമായി പ്രബോധനം വായനക്ക് കൊടുത്തുകൊണ്ടിരുന്ന ഒരു കമ്യൂണിസ്റ്റ് സുഹൃത്തിനു പ്രബോധനവുമായി ചെന്നപ്പോള്‍ കഴിഞ്ഞ ലക്കത്തിലെ ഒരു ലേഖനത്തെക്കുറിച്ച് സംശയം അന്വേഷിച്ചപ്പോള്‍, ആ ലേഖനം ഞാന്‍ വായിക്കാതെ പോയതിന്റെ ജാള്യത എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. ഈ അനുഭവം ഒറ്റപ്പെട്ടതാകാന്‍ വഴിയില്ല. പ്രസ്ഥാനത്തിന് ജനസ്വാധീനമുള്ള ഒരു സ്ഥലത്തെ പ്രബോധനത്തിന്റെ വിതരണക്കാരന്‍ ഉംറ നിര്‍വഹിക്കാന്‍ പോയപ്പോള്‍ മൂന്നാഴ്ചയോളം പ്രബോധനത്തിന്റെ വിതരണം മുടങ്ങിയത് ആരെയും അലോസരപ്പെടുത്തിയതായി തോന്നിയില്ല. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത എത്രയോ സാധാരണ വായനക്കാരെയാണ് പ്രബോധനം പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് ഉയര്‍ത്തിയതെന്ന് മനസ്സിലാക്കി, ഓരോ പ്രവര്‍ത്തകനും മറ്റുള്ളവരെ വായനക്കാരാക്കാന്‍ പരിശ്രമിക്കുന്നതോടൊപ്പം സ്വയം അതിന്റെ വായനക്കാരനാകാനും സമയം കണ്ടെത്തണം.
കെ.എ ജബ്ബാര്‍ അമ്പലപ്പുഴ
Comments