Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 20

3048

1439 ശഅ്ബാന്‍ 02

സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ കൃത്യമായ ആസൂത്രണം

കൊല്‍ക്കത്ത കഴിഞ്ഞാല്‍ പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് അസന്‍സോള്‍. 'സാഹോദര്യത്തിന്റെ നഗരം' എന്നൊരു ഓമനപ്പേര് കൂടിയുണ്ടതിന്. ജനസമൂഹങ്ങള്‍ തമ്മില്‍ പൊതുവിലും വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ പ്രത്യേകമായും നിലനില്‍ക്കുന്ന ഈ സാഹോദര്യവും സൗഹൃദവും തകര്‍ക്കാനുള്ള ആസൂത്രിത നീക്കമായി വേണം, കഴിഞ്ഞ മാര്‍ച്ച് 26-ന് രാംനവമി ഘോഷയാത്രയോടനുബന്ധിച്ച് നഗരത്തില്‍ ഉണ്ടായ സംഘര്‍ഷങ്ങളെ കാണാന്‍. മൂന്ന് പേരാണ് സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത്. ഇത്തരം ഘോഷയാത്രകള്‍ എല്ലാ വര്‍ഷവും നടക്കാറുള്ളതാണ്. ഘോഷയാത്രകള്‍ സുഗമമായി കടന്നുപോകുന്നതിന് എല്ലാ മതക്കാരും സഹകരിക്കാറുമുണ്ട്. പക്ഷേ, ഇത്തവണ കലാപമുണ്ടാക്കിയേ അടങ്ങൂ എന്ന വാശിയിലായിരുന്നു ചില തല്‍പര കക്ഷികള്‍. അതിന് വേണ്ടി ഘോഷയാത്ര കടന്നുപോകുന്ന റൂട്ടുകള്‍ മാറ്റി. ഉച്ചഭാഷിണികളോ സൗണ്ട് ബോക്‌സുകളോ ഉപയോഗിക്കരുതെന്ന് പോലീസ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല. മുസ്‌ലിംകള്‍ക്കെതിരെ അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് ഉച്ചഭാഷിണികളില്‍ മുഴങ്ങിക്കൊണ്ടിരുന്നത്. ടരൃീഹഹ.ശി, വേലംശൃല.ശി പോലുള്ള ന്യൂസ്  പോര്‍ട്ടലുകള്‍ ഇതു സംബന്ധമായി വിശദമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. പലേടത്തും ഊരിപ്പിടിച്ച വാളുമായാണ് ചിലര്‍ ഘോഷയാത്രയില്‍ പങ്കെടുത്തതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസും റിപ്പോര്‍ട്ട് ചെയ്യുന്നു.

മഹാനവമി ഘോഷയാത്രയോടനുബന്ധിച്ച് തന്നെയാണ് തൊട്ടടുത്ത സംസ്ഥാനമായ ബിഹാറിലെ ഭഗല്‍പൂര്‍, ഔറംഗാബാദ് ജില്ലകളില്‍ സംഘര്‍ഷങ്ങളുണ്ടായത്. കലാപത്തിന് പ്രേരണ നല്‍കി എന്ന കുറ്റം ചുമത്തി ബിഹാര്‍ പോലീസ്, കേന്ദ്ര സഹമന്ത്രി അശ്വിന്‍ കുമാര്‍ ചൗബിയുടെ മകന്‍ അര്‍ജിത് ഷശ്‌വത്തിനെ അറസ്റ്റ്് ചെയ്യുകയുണ്ടായി. സാമുദായിക സൗഹൃദം തകര്‍ക്കാനുള്ള സകല നീക്കങ്ങളെയും തടുക്കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിക്കുക മാത്രമല്ല സത്വര നടപടികളും സ്വീകരിച്ചു. ഇത് സംസ്ഥാനത്തെ സംഘ് പരിവാര്‍ സംഘടനകളെ അരിശം കൊള്ളിച്ചിട്ടുണ്ട്. ബി.ജെ.പി പിന്തുണയിലാണല്ലോ ലാലു പ്രസാദിനെ കാലുവാരിയ നിതീഷ് നിലനിന്നുപോകുന്നത്. പക്ഷേ നിതീഷിന് കാര്യങ്ങളൊന്നും അത്ര പന്തിയല്ല. ബിഹാറിലെ സാമുദായിക സൗഹൃദവും മതമൈത്രിയും തകര്‍ത്തെറിഞ്ഞാലേ അവിടെ പിടിച്ചുകയറാനാവൂ എന്ന് ഫാഷിസ്റ്റ് ശക്തികള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞതിന്റെ അടയാളമാണ് പൊതുവെ ശാന്തമായിരുന്ന ആ സംസ്ഥാനത്ത് ഈയിടെയായി വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വര്‍ഗീയ സംഘര്‍ഷങ്ങളുടെ കണക്കെടുത്താല്‍ ഇത് ബോധ്യമാകും. 2012-ല്‍ 50 വര്‍ഗീയ സംഘര്‍ഷങ്ങളാണ് സംസ്ഥാനത്തുണ്ടായത്. 2013-ല്‍ അത് 112-ഉം 2014-ല്‍ 110-ഉം ആയിരുന്നു. 2015-ല്‍ 155-ഉം 2016-ല്‍ 230-ഉം 2017-ല്‍ 270-ഉം ആയി അത് ഉയരുന്നതാണ് കാണാന്‍ കഴിയുന്നത്.

നടക്കാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുക എന്നതാണ് പശ്ചിമ ബംഗാളില്‍ ഫാഷിസ്റ്റ് ശക്തികള്‍ ഉന്നം വെക്കുന്നതെങ്കില്‍, നിതീഷ് കുമാറിനെ മറികടന്ന് അധികാരം പിടിക്കുക തന്നെയാണ് ബിഹാറിലെ ലക്ഷ്യം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള റിഹേഴ്‌സലായും ഇതിനെ കാണാവുന്നതാണ്. ജനാധിപത്യ ശക്തികള്‍ കൂടുതല്‍ ജാഗരൂകരാകേണ്ടിയിരിക്കുന്നു.

Comments

Other Post

ഹദീസ്‌

പിരിമുറുക്കത്തിന്റെ അടിവേര് അന്വേഷിച്ചാല്‍
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (33-37)
എ.വൈ.ആര്‍