ലിംഗായത്ത്: ഒരു ദ്രാവിഡ മതത്തിന്റെ രാഷ്ട്രീയ നാള്‍വഴികള്‍
ഇന്ത്യയുടെ ഉത്തരദേശത്ത് ജൈന-ബുദ്ധ മതങ്ങള്‍ രൂപംകൊണ്ടതുപോലെ ദക്ഷിണ പ്രദേശത്ത് പിറവിയെടുത്ത ദ്രാവിഡ മതമാണ് ലിംഗായത്ത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ കര്‍ണാടകയില്‍ ജീവിച്ചിരുന്ന ബാസവണ്ണ (ബാസവ/ബസവേശ്വര്‍) എന്ന ഗുരുവാണ് ഇതിന്റെ സ്ഥാപകനും മുഖ്യ പ്രചാരകനും. ഒരു ബ്രാഹ്മണ കുടുംബത്തില്‍ പിറന്ന ബാസവ, ശിവഭക്തി പ്രസ്ഥാനത്തില്‍ ഉള്‍പ്പെട്ട ആളായിരുന്നു. ആദി തമിഴ് ഗോത്രാചാരങ്ങള്‍ ഉള്‍ച്ചേര്‍ന്ന ആ കാലഘട്ടത്തിലെ ഒരു നാഗരിക മതമാണ് ശൈവമതം. ഇതിന്റെ നവോത്ഥാന ആശയങ്ങള്‍ ബാസവരെ സ്വാധീനിച്ചു. ഹിന്ദുമതത്തില്‍ ബ്രാഹ്മണര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ശാസ്ത്രത്തെയും വേദങ്ങളെയും ബാസവ നിരാകരിച്ചു. അതിനെതിരെ ശബ്ദമുയര്‍ത്തി. ബ്രാഹ്മണര്‍ പൂജ നടത്തുന്ന ക്ഷേത്രങ്ങള്‍ ആരാധനകള്‍ക്കായി വേണ്ട എന്ന് പറയുകയും ക്ഷേത്രപ്രവേശനം തന്നെ വേണ്ടെന്നു വെക്കുകയും ചെയ്തു.
മാതാവ്, പിതാവ് , ഗുരുക്കള്‍ അതുപോലെ പഞ്ചഭൂതങ്ങള്‍ എന്നിവക്ക് മുകളിലുള്ള സര്‍വശക്തനായ ഒരു ഏകദൈവത്തിലാണ് അവര്‍ വിശ്വസിക്കുന്നത്. ലൗകിക പ്രപഞ്ചത്തിന് മുകളിലുള്ള ശക്തിയാണ് 'ശിവം' എന്നതുകൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത് (ഇത് ഹിന്ദുമതത്തിലെ 'ശിവന്‍' എന്ന ദേവനല്ല). ഇതിനെ അടിസ്ഥാനമാക്കിയുള്ള പ്രാചീന ദ്രാവിഡ നാഗരിക മതമാണ് 'ശൈവമതം.' ഇത് ഈജിപ്ഷ്യന്‍-മെസപ്പൊട്ടേമിയന്‍ സംസ്‌കാരങ്ങളില്‍നിന്ന് ആദി ഭാരതത്തിലേക്ക് വന്ന ഒന്നാണ്. പിന്നീടാണ് ഇന്ത്യയില്‍ ആര്യവല്‍ക്കരണം സംഭവിക്കുന്നത്. വൈദിക മതവും സംസ്‌കൃത ഭാഷയും ഉണ്ടാവുന്നതും ശ്രുതി (കേള്‍വി), സ്മൃതി (ഓര്‍മ), വേദ സംസ്‌കാരം എന്നിവയിലധിഷ്ഠിതമായ ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ ജാതിവ്യവസ്ഥകളുമായി ഹിന്ദുമതം സ്ഥാപിക്കപ്പെടുന്നതും അതിനു ശേഷമാണ്.
കാലം മുന്നോട്ടു നീങ്ങിയപ്പോള്‍ ദേശങ്ങള്‍ക്കനുസരിച്ച് ശൈവ മതത്തിന് പ്രാദേശിക രൂപങ്ങള്‍ ഉടലെടുത്തു. കശ്മീര്‍ ശൈവം, തമിഴ്‌നാട് ശൈവം, കര്‍ണാടക വീരശൈവം എന്നിവയാണ് ആധുനിക കാലത്തും നിലനില്‍ക്കുന്ന വിഭാഗങ്ങള്‍. തമിഴ്‌നാട്ടില്‍ 'പാണ്ടിപ്പറയന്‍' എന്ന് അധിക്ഷേപിക്കപ്പെട്ടിരുന്ന തൈക്കാട് അയ്യാ സ്വാമികള്‍ ആണ് ശൈവ രാജയോഗത്തിന്റെ ആചാര്യന്‍.
വീരശൈവ മതത്തിന് ശൈവ മതത്തില്‍നിന്ന് അടിസ്ഥാന വ്യത്യാസങ്ങള്‍ കാര്യമായൊന്നുമില്ല. ഇവര്‍ ഒരു ചെറിയ ശിവലിംഗത്തെ ഒരു കൊച്ചു ചതുര പെട്ടിയിലാക്കി കഴുത്തിലണിയുന്നു. അതുകൊണ്ടാണ് ഇവരെ ലിംഗായത്തുകള്‍ എന്ന് വിളിക്കുന്നത് (ബാസവരെ പൂര്‍ണമായി അനുസരിക്കുന്നവരെ ലിംഗായത്ത് എന്നും ശിവനെ അരാധിക്കുന്നവരെ ആദി ശൈവര്‍ എന്നും ചിലര്‍ വിശേഷിപ്പിക്കാറുണ്ട്. ചില യാഥാസ്ഥിതിക പക്ഷങ്ങള്‍ ഇവര്‍ രണ്ടു കൂട്ടരെയും വേര്‍തിരിക്കാറുണ്ടെങ്കിലും, ലിംഗായത്ത് എന്ന ഗണത്തില്‍ തന്നെയാണ് എല്ലാവരെയും ഇന്ന് പരിഗണിക്കാറുള്ളത്).
ഏകദൈവത്തില്‍ വിശ്വസിക്കുന്ന ഇവര്‍ വേദങ്ങള്‍, ആഗമ, ഭഗവത്ഗീത, മഹാഭാരതം, രാമായണം, സിദ്ധാന്ത, ശിഖാമണി തുടങ്ങിയവയെ അടിസ്ഥാന പ്രമാണമായി അംഗീകരിക്കുന്നില്ല. വിശ്വത്തിന്റെ ഏക പരബ്രഹ്മത്തെ ആരാധിക്കുന്നു. പുണ്യസ്ഥലങ്ങളും പുണ്യ നദികളും ഈ മതത്തില്‍ ഇല്ലെന്ന് ബാസവ തന്റെ ഗ്രന്ഥത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഏതെങ്കിലും നദിയിലോ കായലിലോ മുങ്ങിയാല്‍ പാപങ്ങള്‍ നശിക്കില്ലെന്നു വ്യക്തമാക്കുന്നു. അഞ്ചു കാര്യങ്ങളെ അവര്‍ നിരാകരിക്കുന്നു. അവക്ക് പ്രത്യേക പരിഗണന നല്‍കരുതെന്നും പറയുന്നുണ്ട്. (1) ജനനം (2) മരണം (3) ജാതി എന്നിവക്ക് യാതൊരു പ്രത്യേകതയുമില്ലെന്നും അതിന്റെ പേരില്‍ വിഭജനം അരുതെന്നും പറയുന്നു. (4) ഋതുമതിത്വത്തിന്റെ അശുദ്ധിയെ നിരാകരിക്കുന്നു. (5) ബ്രാഹ്മണരുടെ എച്ചില്‍ കഴിക്കുക, മലം കോരുന്ന ജാതി (വര്‍ണാശ്രമം) പണി ചെയ്യുക എന്നിവയും ബാസവണ്ണ വിലക്കുന്നു. ലിംഗായത്തുകള്‍ ആസ്‌ട്രോളജി (ജ്യോതിഷം), വാസ്തു, ജാതകം എന്നിവയില്‍ വിശ്വസിക്കുന്നില്ല. 'ഇഷ്ട ലിംഗ പൂജ'യാണ് പ്രധാന ആരാധന. ബ്രാഹ്മണര്‍ അനുഷ്ഠിച്ചിരുന്ന മിക്ക പൂജകള്‍ക്കും ഈ മതത്തില്‍ നിരോധമുണ്ട്. മുന്‍കാലങ്ങളില്‍ ബ്രാഹ്മണരുടെ അടുക്കളയില്‍ ഉള്ളി, വെളുത്തുള്ളി തുടങ്ങിയവ ഉപയോഗിക്കുന്നതിനു വിലക്കുണ്ടായിരുന്നു. എന്നാല്‍ ലിംഗായത്ത് മതം അന്നു പറഞ്ഞത്, ഇവ യഥേഷ്ടം ഉപയോഗിക്കുക, ആവശ്യമെങ്കില്‍ അവയെ പൂജിക്കുക തന്നെ ചെയ്യുക എന്നായിരുന്നു. ജോലിയുടെ അടിസ്ഥാനത്തിലുള്ള ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ ഇവര്‍ പൂര്‍ണമായും നിരാകരിച്ചു. പകരം 'ജോലിയാണ് ആരാധന' (ണീൃസ ശ െംീൃവെശു) എന്ന തത്ത്വം തങ്ങളുടെ ഗ്രന്ഥങ്ങളില്‍ എഴുതിച്ചേര്‍ത്തു. ജാതിവ്യവസ്ഥയുടെ നിഷ്ഠുരതകളില്‍നിന്ന് രക്ഷതേടി ധാരാളം പേര്‍ അക്കാലത്ത് ലിംഗായത്ത് മതത്തില്‍ ചേര്‍ന്നു.
ബ്രാഹ്മണ ആചാരപ്രകാരം എട്ടാം വയസ്സില്‍ പിതാവ്, ബാസവക്ക് ഉപനയനം നടത്താന്‍ തീരുമാനിച്ചപ്പോള്‍, തന്റെ മൂത്ത സഹോദരിക്ക് എന്തുകൊണ്ട് ഉപനയനം നടത്തുന്നില്ല എന്ന് പിതാവിനോട് അദ്ദേഹം ചോദിച്ചുവത്രെ. സ്ത്രീ തുല്യതക്കു വേണ്ടി അന്നുമുതലേ അദ്ദേഹം ശബ്ദിച്ചു. പതിനാറാമത്തെ വയസ്സില്‍ പൂണൂല്‍ ഉപേക്ഷിച്ചു. തന്റെ അമ്മാവനും ബീദറിലെ (അന്നത്തെ കല്യാണ്‍ രാജ്യം) രാജാവുമായ ബലദേവന്‍, ബാസവയെ ഖജനാവു സൂക്ഷിപ്പുകാരനാക്കി. തുടര്‍ന്ന് അദ്ദേഹം പ്രധാനമന്ത്രി പദവും അലങ്കരിച്ചു. അദ്ദേഹം ജാതി-മത-ലിംഗ ഭേദങ്ങള്‍ക്കെതിരെ ശക്തമായി നിലകൊണ്ടു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവക്ക് ഊന്നല്‍ നല്‍കുന്ന സാമൂഹിക സംഹിതയ്ക്ക് രൂപം കൊടുത്തു. ഭക്തരെ ചൂഷണം ചെയ്യുന്ന പൗരോഹിത്യത്തെ എതിര്‍ത്തു. പൗരോഹിത്യമുക്തമായ ആരാധനാക്രമങ്ങള്‍ പ്രോത്സാഹിപ്പിച്ചു. മത നവീകരണ സംരംഭങ്ങള്‍ ശക്തിപ്പെടുത്തി. കല്യാണിലെ 'അനുഭവ മണ്ഡപം' വീര ശൈവരുടെ അഥവാ ലിംഗായത്തുകളുടെ ആസ്ഥാന മന്ദിരമായി മാറി. ഇന്ത്യയുടെ പല ദിക്കുകളില്‍നിന്നും ആളുകള്‍ അങ്ങോട്ട് പ്രവഹിച്ചു. ബാസവ നേതൃത്വം നല്‍കിയ മിശ്രവിവാഹങ്ങള്‍ ശക്തമായ ആത്മീയ-ഭൗതിക വാഗ്വാദങ്ങള്‍ക്ക് ഇടയാക്കി. ഇത് ബാസവയെ വല്ലാതെ വേദനിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം താന്‍ പൂണൂല്‍ ഉപേക്ഷിച്ച സ്ഥലമായ കുടലസംഗമ എന്ന അഴിമുഖത്ത് പോവുകയും, അവിടെ വെച്ച് മുപ്പത്തിയാറാം വയസ്സില്‍ മരണം വരിക്കുകയും ചെയ്തു.
കാലക്രമേണ എല്ലാ മതത്തിലും സംഭവിക്കുന്നത് ലിംഗായത്തിലും സംഭവിച്ചു. ബാസവയുടെ മരണശേഷം പന്ത്രണ്ടു-പതിനാലു നൂറ്റാണ്ടുകളില്‍ ശൈവിസത്തിന്റെ ശക്തി ദക്ഷിണേന്ത്യയില്‍ മാത്രമായി ഒതുങ്ങി. അതിന്റെ വളര്‍ച്ച മുരടിച്ചു. ഹിന്ദു പൗരാണികതയോട് അത് കൂടുതല്‍ അടുത്തു. ബാസവയുടെ പേരക്കുട്ടിയായിരുന്ന ചന്നബാസവ മതഗ്രന്ഥങ്ങള്‍ പുനഃക്രമീകരിച്ചു. മുഖ്യധാരാ ഹിന്ദു സംസ്‌കാരം കൂടിയ അളവില്‍ അദ്ദേഹം സ്വാംശീകരിക്കുകയുണ്ടായി. ഈ ഹിന്ദു ആശ്ലേഷണം മത പുനരുദ്ധാരണമായി പലരും നിര്‍വചിച്ചു. പണ്ട് ശിവപൂജ ഇന്നത്തേതുപോലെ നേര്‍ക്കുനേര്‍ കൂടിയ അളവില്‍ ഇല്ലായിരുന്നു. യഥാര്‍ഥ ലിംഗായത്തുകള്‍ ശിവനെ പൂജിക്കില്ല എന്നു തന്നെയാണ് ഇപ്പോഴുള്ള ബാസവ പക്ഷം വാദിക്കുന്നത്.
ലിംഗായത്തിന്റെ പുതിയ സാന്മാര്‍ഗിക നിയമപ്രകാരം ലിംഗാരാധന, സദാചാരം (കളവ്, കൊല, മോഷണം എന്നിവ ഉപേക്ഷിക്കുക, മനുഷ്യത്വം, സ്‌നേഹം, കോപ നിയന്ത്രണം, സഹിഷ്ണുത), ശിവാചാരം, ഭൃത്യാചാരം (സമസൃഷ്ടി സ്‌നേഹം), ഗണാചാരം (സാമുദായിക പ്രതിരോധം) എന്നിവയാണ് പഞ്ച തത്ത്വങ്ങള്‍. മോക്ഷപ്രാപ്തിക്കു വേണ്ടി അഷ്ട വര്‍ണങ്ങളും നിലവിലുണ്ട്. സസ്യാഹാരവും ഇപ്പോള്‍ നിഷ്‌കര്‍ഷിക്കുന്നു. ബീഫ്, മീന്‍ എന്നിവ കഴിക്കുന്നത് നിരോധിച്ചിരിക്കുന്നു. ദീപാവലി ചന്നബാസ ജയന്തിയായി ആഘോഷിക്കുന്നു. ശങ്കരാന്തിയും ഉഗാദിയും സിദ്ധ രാമേശ്വര ജയന്തി, അല്ലമപ്രഭു എന്നീ പേരുകളില്‍ യഥാക്രമം ആഘോഷിക്കുന്നു. വചന സാഹിത്യവും ബാസവ പുരാണവുമാണ് ഇന്ന് ഈ മതത്തിന്റെ മുഖ്യ ഗ്രന്ഥങ്ങള്‍.
ദക്കാന്‍ സുല്‍ത്താന്മാരെ തോല്‍പിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച ലിംഗായത്തുകള്‍, പതിനഞ്ചു മുതല്‍ പതിനേഴു വരെയുള്ള നൂറ്റാണ്ടുകളില്‍ വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായിത്തീര്‍ന്നു. പത്തൊമ്പത്-ഇരുപതു നൂറ്റാണ്ടുകളില്‍ ലിംഗായത്തുകള്‍ തങ്ങള്‍ക്ക് ദലിതര്‍ക്കു മുകളിലുള്ള 'ശൂദ്രര്‍' എന്ന ഹിന്ദുമതത്തിലെ ജാതിപദവി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാരമ്പര്യമായി ഇവരെ എതിര്‍ത്തുപോന്നിരുന്ന ബ്രാഹ്മണര്‍ ആ നീക്കം പരാജയപ്പെടുത്തി. പ്രതികാരമെന്നോണം ബ്രാഹ്മണരുടെ കൂടി കുത്തകയായിരുന്ന വിജ്ഞാനം, സാഹിത്യം, ജുഡീഷ്യറി എന്നീ മേഖലകളില്‍ ലിംഗായത്ത് സമുദായം വന്‍കുതിപ്പ് തന്നെ നടത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധി അതിനു സഹായകമായി. സമുദായം എന്ന നിലക്ക് വന്‍ ശാക്തീകരണ സംരംഭങ്ങളാണ് അവര്‍ വിജയിപ്പിച്ചെടുത്തത്. കല, സംസ്‌കാരം, നീതിന്യായം, മീഡിയ, ഭരണം എന്നീ രംഗകളില്‍ ലിംഗായത്ത് സമൂഹത്തിന് ഇന്ന് കര്‍ണാടകയില്‍ വ്യക്തമായ സ്വാധീനമുണ്ട്.
1950-ല്‍ ഭരണഘടനപ്രകാരം ഹിന്ദുമതത്തില്‍നിന്ന് ഭിന്നമായ പ്രത്യേക പരിരക്ഷ ലിംഗായത്ത് സമൂഹത്തിനു ലഭിച്ചു. 2000-ല്‍ 'അഖില ഭാരത വീരശൈവ മഹാസഭ', ലിംഗായത്തുകള്‍ക്ക് 'അഹിന്ദു' മതം എന്ന പരിഗണന വേണമെന്ന കാമ്പയിന്‍ ആരംഭിച്ചു. ജനസംഖ്യാ കണക്കെടുപ്പില്‍ അവരെ പ്രത്യേക ലിസ്റ്റില്‍ പരിഗണിക്കണമെന്നും ആവശ്യമുയര്‍ന്നു. നവ ജനാധിപത്യ പ്രസ്ഥാനങ്ങളും 'ഇവര്‍ ഹിന്ദുക്കളല്ല' എന്ന വാദത്തെ പിന്തുണച്ചു. എന്നാല്‍ പൗരാണികതയിലേക്കും ബ്രാഹ്മണ്യത്തിലേക്കും മടങ്ങണമെന്ന് ആഹ്വാനംചെയ്യുന്ന ആര്‍.എസ്.എസ്സുകാര്‍ ഇതിനെതിരായിരുന്നു. ലിംഗായത്തുകള്‍ക്ക് പ്രത്യേക പദവി വേണമെന്ന ആവശ്യമുന്നയിക്കുന്ന സമരത്തില്‍ നിന്ന് പിന്തിരിയണമെന്ന് ആര്‍.എസ്.എസ്.മേധാവി മോഹന്‍ ഭഗവത് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാമൂഹിക-സാംസ്‌കാരിക നായകര്‍ ലിംഗായത്തുകള്‍ക്കൊപ്പമായിരുന്നു. കൊല്ലപ്പെട്ട എം.എം കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷും ലിംഗായത്തുകളുടെ മതന്യൂനപക്ഷ പദവിക്കു വേിയുള്ള ആവശ്യം ന്യായമാണെന്ന് സമര്‍ഥിച്ചു. 'ലിംഗായത്തുകള്‍ ഹിന്ദുക്കളല്ല' - അവര്‍ രണ്ടു പേരും നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെ ഫാഷിസ്റ്റുകളില്‍നിന്ന് ഇവര്‍ക്ക് നിരന്തര ഭീഷണിയും ഉണ്ടായിരുന്നു. ഒരു സാമൂഹിക ജനാധിപത്യ മുന്നേറ്റം എന്ന നിലയിലാണ് ഇവര്‍ രണ്ടു പേരും ഈ കാമ്പയിനെ അനുകൂലിച്ചത്. ഗൗരി ലങ്കേഷ് പറഞ്ഞത്, പണ്ട് അംബേദ്കര്‍ ഉയര്‍ത്തിയതിനു സമാനമായ മുദ്രാവാക്യമാണിത് എന്നായിരുന്നു. ഇവര്‍ രണ്ടു പേരെയും വധിച്ചത് തീവ്ര വലതുപക്ഷമാണെന്നു തന്നെയാണ് പൊതുസമൂഹവും കര്‍ണാടകയിലെ ആക്ടിവിസ്റ്റുകളും ഇപ്പോഴും വിശ്വസിക്കുന്നത് - അതിനു ഒരുപക്ഷേ തെളിവുകള്‍ ഇല്ലെങ്കില്‍ പോലും. 'ഞങ്ങള്‍ ഹിന്ദുക്കളല്ല' എന്ന ബാനര്‍ ഉയര്‍ത്തി രണ്ട് ലക്ഷത്തിലധികം പേര്‍ അണിനിരന്ന പ്രകടനം 2017 ആഗസ്റ്റില്‍ നടക്കുകയുണ്ടായി. ആ മുദ്രാവാക്യം കര്‍ണാടക രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കി.
രാഷ്ട്രീയ നേട്ടം മുന്നില്‍കണ്ടുകൊണ്ടുതന്നെയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് ഭരണകൂടം ലിംഗായത്തിന് സ്വന്തം മതത്തിന് അര്‍ഹതയുണ്ടെന്നും അതില്‍ കേന്ദ്രം തീരുമാനമെടുക്കണമെന്നും പറഞ്ഞ് പന്ത് കേന്ദ്രത്തിന്റെ കോര്‍ട്ടിലേക്ക് തട്ടിക്കൊടുത്തത്. ഇത് ബുദ്ധിപൂര്‍വകമായ ഒരു രാഷ്ട്രീയ നീക്കമാണ്. ഇലക്കും മുള്ളിനും കേടുവരുത്താതെ ഫലം കൊയ്യാനുള്ള സിദ്ധരാമയ്യയുടെ രാഷ്ട്രീയ കൗശലം. മുന്‍ മന്ത്രി ശിവശങ്കരപ്പയടക്കമുളള വീരശൈവ നേതാക്കള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായി രംഗത്തുണ്ട്. എന്നാല്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം തുടരുന്ന രാഹുല്‍ ഗാന്ധി ലിംഗായത്ത് വിഷയത്തില്‍ മൗനം പാലിച്ചു. തീരുമാനത്തെ ലിംഗായത്ത് മഠാധിപതികള്‍ സ്വാഗതം ചെയ്‌തെങ്കിലും വീരശൈവ നേതാക്കള്‍ക്കിടയില്‍ അതൃപ്തിയുണ്ട്. ഇതില്‍ പലരും രണ്ടു തട്ടിലാകാന്‍ കാരണം ലിംഗായത്ത് സമൂഹത്തില്‍തന്നെ അതിനെ എതിര്‍ക്കുന്നവരും ഉണ്ട് എന്നതാണ്.
ബി.ജെ.പിയും അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ് യദിയൂരപ്പയും എന്തെങ്കിലുമൊരു തീരുമാനം എടുക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ്. യദിയൂരപ്പയും ഈ സമുദായാംഗമാണ്. ജനതാദളും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ആരെയും പിണക്കാന്‍ വയ്യല്ലോ. ലിംഗായത്തുകളാണെങ്കില്‍ വലിയൊരു വോട്ട് ബാങ്കും. അതുകൊണ്ടാണ് ദേവഗൗഡയും മൗനത്തിലാണ്ടുപോകുന്നത്.
224 മണ്ഡലങ്ങളുള്ള കര്‍ണാടകയില്‍ 100 മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയാണ് ഈ വിഭാഗം. കര്‍ണാടകയില്‍ ഭൂരിപക്ഷവും ദലിതരാണ്. ഒരു കോടിയിലേറെ എന്നാണ് കണക്ക്. രണ്ടാം സ്ഥാനം 75 ലക്ഷം വരുന്ന മുസ്‌ലിംകളാണ്. സാമൂഹികമായും സാമ്പത്തികമായും മുസ്‌ലിംകളും ദലിതരും വളരെ പിന്നാക്കമാണ്. ഇവര്‍ക്ക് രാഷ്ട്രീയ പിന്‍ബലമോ ലോബികളോ ഇല്ല. പാര്‍ട്ടികള്‍ക്ക് മാറിമാറി വോട്ടുകള്‍ പകുത്തുനല്‍കുന്നു. മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള എഴുപതോളം മണ്ഡലങ്ങളുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയം എന്ന ഏക അജണ്ടയില്‍ മുസ്‌ലിംകള്‍ ഒരുമിക്കുന്നു. ജമാഅത്തെ ഇസ്ലാമിയും ജംഇയ്യത്തുല്‍ ഉലമായുമെല്ലാം മുഖ്യ പങ്ക് വഹിക്കുന്ന മുസ്‌ലിം മുത്തഹിദെ മഹാസ് ആണ് അതിനു നേതൃത്വം നല്‍കാറുള്ളത്. മുസ്‌ലിംകളും ദലിതരും ഒരുമിച്ചുനിന്നാല്‍ അവരാകും കന്നഡ നാട്ടിലെ ഏറ്റവും വലിയ ശക്തി. പക്ഷേ രാഷ്ട്രീയക്കാര്‍ അതിനു സമ്മതിക്കില്ല. ഇഛാശക്തിയുള്ള മുസ്‌ലിം-ദലിത് നേതാക്കളും ഇല്ല. അംബേദ്കറിസ്റ്റുകള്‍ ആണെങ്കില്‍ സംവരണ സീറ്റുകളില്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും നല്‍കുന്ന ആനുകൂല്യങ്ങളില്‍ തൃപ്തിപ്പെടുന്നു. ഇടതുപക്ഷം പേരിനു പോലും ഇല്ലെങ്കിലും, അവര്‍ ജനതാദളിന്റെ കൂടെയായിരുന്നു പലപ്പോഴും. ജനതാദള്‍ പല കഷ്ണങ്ങളായി. അവര്‍ കോണ്‍ഗ്രസ് പക്ഷമാണോ ബി.ജെ.പി പക്ഷമാണോ എന്ന് തെരഞ്ഞെടുപ്പു ഫലം വന്നതിനു ശേഷമേ വ്യക്തമാവൂ.
2010-ലെ സെന്‍സസ് പ്രകാരം ലിംഗായത്തുകള്‍ വെറും 55 ലക്ഷം മാത്രമാണ്. ഒരുപക്ഷേ കൂടിയിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ ഈ വിഭാഗത്തിന്റെ ജനസംഖ്യ 60 ലക്ഷം ആകാം. ഏത് കണക്കുകള്‍ പ്രകാരവും 15 ശതമാനത്തിനു താഴെ മാത്രമേ ഇവര്‍ വരൂ. എന്നാല്‍ 17 മുതല്‍ 22 ശതമാനംവരെ ലിംഗായത്തുകളുണ്ടെന്നാണ് പല മാധ്യമങ്ങളും എഴുതുന്നത്. കര്‍ണാടകയില്‍ ഏത് സര്‍ക്കാര്‍ ഭരിച്ചാലും എം.എല്‍.എമാരില്‍ 50 ശതമാനം ലിംഗായത്തുകളില്‍നിന്നാണ്. പണവും അധികാരവും സാമൂഹിക പദവിയും ലിംഗായത്തുകള്‍ക്കു ഭദ്രം. അവര്‍ കോണ്‍ഗ്രസ്സിനോട് കൂടുതല്‍ അടുപ്പം കാണിക്കുന്നുണ്ടെങ്കിലും അത്രതന്നെ സ്വാധീനം അവര്‍ക്ക് ബി.ജെ.പിയിലുമുണ്ട്. മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യദിയൂരപ്പയാണ് ലിംഗായത്തുകളെ ഒപ്പം കൂട്ടാന്‍ ശ്രമിക്കുന്നത്. കേന്ദ്രമന്ത്രിസഭയില്‍ എല്ലായിപ്പോഴും ലിംഗായത്ത് പ്രാതിനിധ്യം ഉണ്ടാകാറുണ്ട്. ഇതുവരെ കര്‍ണാടക ഭരിച്ച മന്ത്രിമാരുടെ എണ്ണമെടുത്താലും ലിംഗായത്തുകള്‍ തന്നെയാണ് കൂടുതല്‍. കല, സംസ്‌കാരം, സാഹിത്യം, രാഷ്ട്രീയം, നീതിന്യായം, മീഡിയ എന്നിവയില്‍ ഒരു സമൂഹത്തിന് എങ്ങനെ മുന്നില്‍ നടക്കാം എന്നതിന് ഇന്ത്യയിലെ ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നാണ് ലിംഗായത്ത് സമുദായവും അവരുടെ ലോബിയിംഗും.
Comments