Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 20

3048

1439 ശഅ്ബാന്‍ 02

ഒരു മുറിയില്‍ ഞാന്‍ നമസ്‌കരിക്കുമ്പോള്‍ മറ്റൊരു മുറിയില്‍ അമ്മ നാമം ചൊല്ലുന്നു

പ്രസന്നന്‍

വേദമഹത്വം

ഇത്രയേറെ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കു പാത്രമായിട്ടുള്ള ഒരു ഗ്രന്ഥം. ഖുര്‍ആനെ കുറിച്ചാണ് പറയുന്നത്. ആദ്യ വായനയില്‍ എനിക്കും പലതും  പിടികിട്ടിയില്ല എന്ന് സമ്മതിക്കുന്നു. ചിലയിടങ്ങളിലൊക്കെ വിരസത തോന്നുകയും ചെയ്തു. ഇസ്‌ലാമിക സാഹിത്യങ്ങളിലൂടെ ഒരോട്ട പ്രദക്ഷിണം നടത്തിയതിനു ശേഷം ഞാന്‍ വീണ്ടും വായിക്കാനിരുന്നപ്പോള്‍ അനുഭവം വ്യത്യസ്തമായി. അതിനു എന്നെ സഹായിച്ച  ചില സമീപനങ്ങള്‍ മാത്രം പങ്കുവെക്കട്ടെ. 

അതിലൊന്ന് നിങ്ങള്‍ ഖുര്‍ആന് കൊടുക്കുന്ന സ്ഥാനമാണ്. ഇത് ആരുടെ സന്ദേശം എന്ന നിലക്കാണ് നിങ്ങള്‍ പരിഗണിക്കുന്നത്? ഉദാഹരണം പറഞ്ഞാല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ മുഖാമുഖത്തില്‍ നായകന്റെ ഉറക്കം പലര്‍ക്കും പല രീതിയിലാണ് അനുഭവപ്പെട്ടത്. ചിലര്‍ക്ക് അലോസരം, മറ്റു ചിലര്‍ ആ ഉറക്കത്തിലെ മൗനങ്ങളില്‍ ആശയപ്രപഞ്ചം കണ്ടെത്തി. അതേ കാഴ്ച  പി. ചന്ദ്രകുമാറിന്റെ സിനിമയിലാണെങ്കില്‍ മറ്റു പലതുമാവും സംവദിക്കപ്പെടുക. മുട്ടത്ത് വര്‍ക്കിയുടെ വചനവും മാര്‍ക്വേസിന്റെ വചനവും അവരവരുടെ നിലവാരത്തില്‍ വിലയിരുത്തപ്പെടുന്ന ഒരു വായനാ രീതിയുണ്ടെന്നാണ് എന്റെ അനുഭവം. 

അതുകൊണ്ടുതന്നെ ഖുര്‍ആന്‍ വചനങ്ങള്‍ നിങ്ങള്‍ പ്രപഞ്ചസ്രഷ്ടാവിന്റെ ഗാംഭീര്യം ഉള്‍ക്കൊണ്ട് വായിച്ചുനോക്കുക. ദൈവം മനുഷ്യകുലത്തിന്റെ  സന്മാര്‍ഗദര്‍ശനത്തിനു വേണ്ടി   സത്യാസത്യ വിവേചകമായി അയച്ച ഒരു സന്ദേശം ആണെന്ന  ഗൗരവത്തില്‍ മനനം ചെയ്യുക. അതിനൊക്കെ അപ്പുറം എന്നെ സത്യത്തിലേക്ക് നയിക്കേണമേ എന്നുള്ള  ആത്മാര്‍ഥ പ്രാര്‍ഥനയോടെ വായിച്ചപ്പോള്‍ അത് എന്നില്‍ ഉണ്ടാക്കിയത് തീര്‍ത്തും മറ്റൊരു വായനാനുഭവം. 

ആറാം നൂറ്റാണ്ടിലെ കാട്ടറബിയുടെ വേദം എന്ന നിലക്ക് സമീപിച്ചവര്‍ക്കൊക്കെ ചില ചിപ്പികള്‍ കിട്ടിയിട്ടുണ്ടാവുമെന്നല്ലാതെ മുത്തുകള്‍  കിട്ടിക്കാണില്ല. വിമര്‍ശിക്കാനായി പഠിച്ച ചിലരൊക്കെ പില്‍ക്കാലത്ത് അനുധാവനം ചെയ്യുന്നവരായി മാറിയ ചരിത്രവും ഉണ്ട്. ഭൗതികമായ തിരനോട്ടങ്ങള്‍ക്കൊടുവില്‍ ആത്മീയമായ അനുഭവങ്ങള്‍ നിങ്ങളിലേക്ക് നിറക്കാനും സാധിക്കുന്ന ഒരു റബ്ബിനെയാണല്ലോ നിങ്ങള്‍ തേടുന്നത്. 

ഒരുപാട്  വ്യക്തമായ  സന്മാര്‍ഗനിര്‍ദേശങ്ങള്‍ ഖുര്‍ആനില്‍ കാണാം. എന്നിട്ടു പോലും ചില പ്രത്യേക ഖുര്‍ആനിക സൂക്തങ്ങള്‍ക്ക് ചുറ്റും എന്നും ചര്‍ച്ച കറങ്ങുന്നതു കാണാം. അതേസമയം, അവതരണ പശ്ചാത്തലം മനസ്സിലാക്കി  പഠന മനനങ്ങള്‍ക്കു വിധേയമാക്കേണ്ട ആയത്തുകളും ഉണ്ടു താനും. എന്തായാലും ദൈവത്തെക്കുറിച്ചും ജീവിതത്തെ കുറിച്ചും മരണാനന്തര ജീവിതത്തെ കുറിച്ചും അറിയാനും അങ്ങനെ മനുഷ്യജീവിതം അഭിമുഖീകരിച്ചേക്കാവുന്ന സര്‍വ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരത്തിന് ഒരു വഴികാട്ടിയാവാനും ഖുര്‍ആന്‍ ഒപ്പമുണ്ടെന്നാണ് സ്വാനുഭവം. ആ സന്മാര്‍ഗനിര്‍ദേശങ്ങള്‍  വേണ്ട രൂപത്തില്‍ ജീവിതത്തിലൂടെ സമര്‍പ്പിക്കാനാവുന്നില്ലല്ലോ എന്ന സങ്കടം മാത്രം. 

Struggling to surrender  അമേരിക്കന്‍ മുസ്‌ലിം സഹോദരന്‍ ജെഫ്റി ലാങിന്റെ ആത്മകഥയുടെ പേര് എനിക്ക് അത്രമേല്‍ മധുരോദാരമാവുന്നതും അതുകൊണ്ടുതന്നെ. ജീവിതത്തിന്റെ ശ്വാസനിശ്വാസങ്ങളില്‍ ദൈവാഭീഷ്ടം പൂര്‍ത്തീകരിക്കുന്നതിനാണല്ലോ ഇസ്‌ലാമില്‍ തഖ്വ (സൂക്ഷ്മത) എന്നു പറയുന്നത്. അങ്ങനെ ശ്രദ്ധയോടെ ജീവിതം നയിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരുപാട് പോരാട്ടങ്ങള്‍ നടത്തേണ്ടതായി വരും. ആ പോരാട്ടങ്ങള്‍  വ്യക്തിതലത്തിലും സാമൂഹികതലത്തിലും ഒക്കെ സംഭവിക്കുമ്പോള്‍ വിപ്ലവത്തിന്റെ മാധുര്യം നിങ്ങള്‍ക്ക് അനുഭവപ്പെടും.

കൈക്കൂലി കൊടുക്കുകയോ വാങ്ങുകയോ അരുത്. ഇതൊരു ലളിതമായ ഇസ്‌ലാമിക കല്‍പനയാണ്. ഒരു ഗവ. ഉദ്യോഗസ്ഥന്‍ ആയിരുന്ന സമയത്തു  പോലും മറ്റൊരാള്‍ എന്നോട്  അത് ചോദിച്ചു വാങ്ങിച്ചിട്ടുണ്ട്. യാചിക്കുന്നവന് കൊടുക്കുന്നു എന്ന മാനസികഭാവത്തില്‍ വെറുപ്പോടെ ഞാനത് നല്‍കിയിട്ടുണ്ട്. കൈക്കൂലി കൊടുക്കാതെയോ വാങ്ങാതെയോ ജീവിക്കുന്ന എത്ര മനുഷ്യരുണ്ടെന്ന് ഒന്ന് കണ്ണോടിച്ചുനോക്കുക. ഇത്തരം സാമൂഹിക പരിസരത്തുനിന്നാണ് ആട് മേയ്ക്കാനും, സന്യാസം എന്നു പറഞ്ഞ് കാശിയിലേക്കും ഒക്കെ പുറപ്പെട്ടുപോവുന്ന ആത്മീയ മനസ്സുകള്‍ രൂപം കൊള്ളുന്നത്. നിങ്ങളുടെ മതം പൂര്‍ത്തീകരിക്കാന്‍ സാമൂഹിക മാറ്റവും അനിവാര്യമാണ് എന്നതിലേക്കുള്ള ഒരു സൂചകം മാത്രമായി ഇത് മുന്നില്‍ വെക്കുന്നു. 

ഇസ്‌ലാം അങ്ങനെ സാമൂഹിക ദൗത്യനിര്‍വഹണം ഉള്ള ഒരു മതമായിട്ടാണ് എനിക്കനുഭവപ്പെട്ടത്. അതിനെ പള്ളിച്ചുമരുകള്‍ക്കുള്ളിലൊതുക്കി ഇരുത്താനാവില്ലതന്നെ. അതുകൊണ്ട് തന്നെയാവണം അത് അധികാരികളുടെ കണ്ണിലെ കരടായി എളുപ്പം മാറുന്നതും.

 

നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മ കൊണ്ട് തടയുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവന്‍ ആത്മമിത്രത്തെപ്പോലെയായിത്തീരും(41: 34).

ക്ഷമ പാലിക്കുന്നവര്‍ക്ക് അല്ലാതെ ഈ നിലവാരത്തിലെത്താനാവില്ല. മഹാഭാഗ്യവാനല്ലാതെ ഈ പദവി ലഭ്യമല്ല (41: 35).

 

വീടകം 

ഞങ്ങളുടെ വീട്ടില്‍ ഞാനും എന്റെ ഇണയും മക്കളും ഒരു റൂമില്‍ വെച്ച് മഗ്രിബ് (സന്ധ്യ) നമസ്‌കരിക്കുമ്പോള്‍ മറ്റൊരു റൂമില്‍ അമ്മ നാമം ചൊല്ലുന്നു. സഹോദരന്റെ മക്കള്‍ അതില്‍ പങ്കെടുക്കുന്നു. ഇതിലൊന്നും പങ്കെടുക്കാതെ പുറത്ത് നാട്ടുപാതയില്‍ ഉലാത്തുന്ന എന്റെ സഹോദരിയും ഉണ്ടാവും.   

ഓരോ കൂട്ടരും അവരുടെ ആരാധനകള്‍ നിര്‍വഹിക്കുന്നു എന്നല്ലേ മനസ്സിലാക്കേണ്ടതുള്ളൂ. ഒരു കുടുംബത്തില്‍ തന്നെ കടുത്ത നിരീശ്വര വാദികളും യാഥാസ്ഥിതികരായ മതവാദികളും, അല്ലെങ്കില്‍ കമ്യൂണിസ്റ്റുകാരും ബി.ജെ.പിക്കാരുമൊക്കെ ഉണ്ടാവുമല്ലോ. ചെറുപ്പത്തില്‍ പിതാവ് കോണ്‍ഗ്രസുകാരനും മകന്‍ കമ്യൂണിസ്റ്റുമായ ഒരു കൂട്ടുകാരന്‍ എനിക്കുണ്ടായിരുന്നു. അവരുടെ സംവാദങ്ങളൊക്കെ ഊഹിക്കാമല്ലോ. എങ്കില്‍ പോലും യുക്തിവാദിയും കമ്യൂണിസ്റ്റും ബി.ജെ.പിക്കാരനും ഒക്കെ ആവുന്ന കുടുംബാംഗങ്ങള്‍ അവരുടെ കുടുംബ ബന്ധങ്ങളില്‍ സ്വീകരിക്കുന്ന സമീപനങ്ങള്‍ വിവിധ മതവിശ്വാസികളും സ്വീകരിക്കുകയാണെങ്കില്‍  ഒരേ കുടുംബത്തില്‍ സഹവര്‍ത്തിക്കുക സംഭവ്യമാണ് എന്നു മാത്രം പറയുന്നു. അല്ലെങ്കിലും ഹിന്ദു മതത്തിലെ ദലിതനും നായരും തമ്മിലുള്ള ദൂരമൊന്നും ഒരു മുസ്‌ലിമും നായരും തമ്മിലില്ലല്ലോ. 

പിന്നെ രണ്ടു കൂട്ടര്‍ക്കും പിരിയാനും  അകലാനും ഒക്കെയാണ് താല്‍പര്യമെങ്കില്‍ പറഞ്ഞിട്ടു കാര്യമില്ല. പരസ്പരം കൊന്നു കൊലവിളിക്കാനാണ് അവരുടെ മതപഠനം സഹായിച്ചിട്ടുള്ളതെങ്കില്‍ എന്തു പറയാനാണ്! കേരളീയ സാഹചര്യങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ പുതുമ അല്ലാതാവുന്ന വര്‍ത്തമാനകാലത്ത് തിരിച്ചറിവുകള്‍  ഉണ്ടാവുന്നത് എല്ലാവര്‍ക്കും നല്ലതാണ്. കാലഘട്ടത്തിന്റെ  കാലുഷ്യം തന്നെയാണ് എന്നെ ഈ  കുറിപ്പുകള്‍ക്കു പ്രേരിപ്പിച്ചതും. പരസ്പരം സ്‌നേഹിക്കാനും കരുതാനും ഉള്ള മനസ്സാണ് മുഖ്യം. മതം അതല്ലേ പരിശീലിപ്പിക്കേണ്ടത്? 

എന്നിരുന്നാലും സാംസ്‌കാരികമായി ഒരുപാട് കൊടുക്കല്‍ വാങ്ങലുകള്‍ സംഭവിക്കാനും ഇരുകൂട്ടരും അല്‍പം സൂക്ഷ്മതയൊക്കെ കാണിച്ചാല്‍ ബന്ധം മധുരതരമായി തുടരും എന്നു തന്നെയാണ് തോന്നുന്നത്. അതിനു വേണ്ട മുന്നൊരുക്കങ്ങള്‍ക്ക് ഒരാള്‍ തയാറാവണം എന്നു മാത്രം.

ഞാനും എന്റെ കുടുംബവും പെരുമ്പിലാവില്‍ താമസിച്ച വാടക വീട്ടിലേക്ക് എന്റെ സഹോദരനും ഭാര്യയും ആദ്യമായി വന്നപ്പോള്‍ ഞങ്ങള്‍ക്കു കൊണ്ടുവന്ന സമ്മാനങ്ങളുടെ  കൂട്ടത്തില്‍ ഒരു മിറിണ്ട (കൂള്‍ ഡ്രിങ്ക്‌സ്) ഉണ്ടായിരുന്നു. പ്ലാച്ചിമട കോളവിരുദ്ധ സമരവുമായി ബന്ധപ്പെട്ടും, സാമ്രാജ്യത്വ അധിനിവിശേങ്ങള്‍ പല രൂപത്തിലും നമ്മളിലേക്ക് പകരും എന്നൊക്കെ ചിന്തിച്ചും അത്തരം ഉല്‍പന്നങ്ങള്‍ ഒഴിവാക്കിയിരുന്ന കാലം.

ഇന്നും അതൊക്കെ കളത്തിനു പുറത്തു തന്നെ. വേന്നെ് വെക്കുന്നതെന്തോ അത് കിട്ടുമ്പോള്‍ മക്കള്‍ക്കു ഒരാവേശം ഉണ്ടാവുമല്ലോ. അതു കണ്ട ഏട്ടത്തിയമ്മ പറഞ്ഞത്; 'എനിക്കറിയാമായിരുന്നു പ്രസന്നന്‍ ഇതൊക്കെ വാങ്ങിക്കൊടുക്കുന്നത് കുറവായിരിക്കും' എന്ന്.

മിറിണ്ട ഹറാമാക്കാത്തതിനാല്‍ ഞങ്ങള്‍ക്കും അതാസ്വദിക്കാനായി. അവിടെ ഒരു കടും പിടിത്തതിന്റെ ആവശ്യം ഇല്ലല്ലോ. കുടുംബവീട്ടില്‍ ഒന്നിച്ചാവുമ്പോള്‍ ഇറച്ചി വെക്കാന്‍ തീരുമാനിച്ചാല്‍ ഞാന്‍ തന്നെ പോയി വാങ്ങാന്‍ തിടുക്കം കൂട്ടുന്നതിന്റെ ഗുട്ടന്‍സൊക്കെ എളുപ്പം മനസ്സിലാക്കാനും അത് വകവെച്ചുതരാനുള്ള ബുദ്ധിയുമൊക്കെ ഉള്ള കൂട്ടര്‍ തന്നെയാണ് നമ്മുടെ കുടുംബക്കാര്‍. ഇതൊക്കെയും അന്യന്റെ വിശ്വാസത്തെ ബഹുമാനിക്കാനുള്ള മതേതര മനസ്സിന്റെ നന്മയായി അടയാളപ്പെടുത്തുകയും ചെയ്യുന്നു.

എന്റെ പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ മൂത്ത സഹോദരന് വരാന്‍ സാധിച്ചിരുന്നില്ല. മകന്‍ എന്ന നിലയില്‍ ഞാനായിരുന്നു മാതാവിനും പെങ്ങളോടുമൊപ്പം ഉണ്ടായിരുന്നത്. ഹിന്ദു മതാചാരപ്രകാരം മൃതദേഹത്തിനെ അമ്മ നമസ്‌കരിച്ചു, കാര്‍മികന്‍ മകനെ വിളിച്ചു. പെങ്ങള്‍ തന്ത്രപൂര്‍വം എന്നെ ഒഴിവാക്കിത്തന്നു. എന്റെ നന്മയേക്കാള്‍ ഏറെ എന്റെ വിശ്വാസത്തോടുള്ള അവരുടെ കരുതലായിട്ടേ എനിക്ക് ഇന്നും എന്നും അതനുഭവപ്പെട്ടിട്ടുള്ളൂ. ഒരുപക്ഷേ മുസ്‌ലിംകളുടെ മയ്യിത്ത് നമസ്‌കാരത്തില്‍ അവര്‍ സുജൂദ് ഒഴിവാക്കുന്നതിന്റെ മര്‍മം എന്നെ പോലെ അവളും മനസ്സിലാക്കിയിട്ടുണ്ടാവാം.  

 

ഹിജാബ് 

നിങ്ങളുടെ വിശ്വാസത്തിന്റെ തീരുമാനങ്ങള്‍ എല്ലായിടത്തും എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാനാവും എന്നര്‍ഥമാക്കേണ്ടതില്ല. ഒരു പുരുഷന്‍ എന്ന നിലയില്‍ എനിക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. 24 വയസ്സു വരെ ക്ലീന്‍ ഷേവുമായി നടന്ന ഞാന്‍ എന്റെ ഇസ്‌ലാമിക പരീക്ഷണങ്ങളില്‍ താടിയും ഉള്‍പ്പെടുത്തി എന്നതൊഴിച്ചാല്‍ പ്രത്യക്ഷത്തില്‍ എന്താണ് മാറ്റം?

പക്ഷേ പെണ്‍കുട്ടികള്‍ക്കതൊരു  വലിയ പ്രശ്‌നമായി അനുഭവപ്പെട്ടേക്കാം. അതിനേക്കാളേറെ കറുത്ത പര്‍ദയോട് എന്തോ ഒരകല്‍ച്ച പലയിടത്തുനിന്നും അനുഭവപ്പെട്ടിട്ടുണ്ട്. ഹിജാബ് എന്നത് ഒരു സംസ്‌കാരമാണെങ്കിലും, അതില്‍ മര്യാദയും ആഭിജാത്യവുമൊക്കെ മുഖ്യ ഘടകമാണെങ്കിലും വസ്ത്രത്തിന്റെ പങ്ക് വലുതാണല്ലോ. അത് മാത്രമായി പോവുന്നിടത്തു കാര്യമില്ല എന്നംഗീകരിച്ചുകൊണ്ടുതന്നെ ഒരാള്‍ എന്ത് ധരിക്കണം എന്ന സ്വാതന്ത്ര്യം അയാള്‍ക്ക് വിട്ടു കൊടുക്കുന്നതോടെ ഇതര വേഷങ്ങളെ നമുക്ക് അംഗീകരിക്കാം എന്നു തോന്നുന്നു. പക്ഷേ ഒരു  മുസ്‌ലിം വനിത അവളുടെ നിലപാട് പരസ്യമായി പ്രദര്‍ശിപ്പിച്ചുകൊണ്ട് നടക്കുന്നു എന്ന രാഷ്ട്രീയ വായനകൂടി അതിനുണ്ട്. അതുകൊണ്ട് തന്നെ അത് പലര്‍ക്കും കൂടുതല്‍ അലോസരം ഉണ്ടാക്കുന്നു. 

എന്റെ മകളുടെ പ്ലസ് ഒന്ന് അഡ്മിഷന്‍ ഇന്റര്‍വ്യൂ. ടീച്ചര്‍ യൂണിഫോം ഒക്കെ കാണിച്ചുകൊടുത്തു. അപ്പോള്‍ മകള്‍ ചോദിച്ചു: 'സ്ലിറ്റില്ലാതെ  അടിക്കാമല്ലോ?'

ചുരിദാര്‍ കേരളത്തില്‍ അവതരിച്ച കാലത്ത് സൈഡ് സ്ലിറ്റ് ഉണ്ടായിരുന്നില്ലല്ലോ. ഫാഷനോ സഞ്ചാര സൗകര്യമോ എന്തുമാവട്ടെ ഒരു യാത്രയില്‍ അത്തരം വേഷം ധരിച്ച കുട്ടി ബസ്സില്‍ മുമ്പിലുണ്ടായിരുന്നു. കാറ്റടിക്കുമ്പോള്‍ ചിലപ്പോള്‍ പിറകില്‍നിന്ന് വസ്ത്രം ഉയര്‍ന്നു പൊങ്ങുന്നു. കുട്ടിയുടെ ഒരു കൈ കമ്പിയിലാണ്,  മറ്റേ കൈ കൊണ്ടത് കഷ്ടപ്പെട്ട് പിടിച്ചു താഴ്ത്തുമ്പോള്‍ മുന്നില്‍ നിന്നായി  വസ്ത്രം പൊങ്ങുന്നു. അവളുടെ നിയന്ത്രണത്തിലല്ലാതെ നടന്ന ആ  പ്രദര്‍ശനത്തില്‍ ഖിന്നയായി നിന്ന അവളുടെ നിസ്സഹായാവസ്ഥ വീട്ടില്‍ പങ്കുവെച്ചപ്പോള്‍ മോളും കൂടി എടുത്ത തീരുമാനം ആയിരുന്നു അവളുടെ ചുരിദാറിനു  അത്തരം പുരോഗമനം വേണ്ട എന്ന്.

ടീച്ചര്‍ മറുപടി പറഞ്ഞതോ; 'എന്റെ മോളേ നീയെങ്ങനെയാണ് ഇതിട്ടു നടക്കുക? സ്ലിറ്റൊക്കെ ഒരു സൗകര്യത്തിനു വേണ്ടിയല്ലേ?'

മോളുടെ നോട്ടത്തിലെ നിസ്സഹായത മനസ്സിലായപ്പോള്‍ എനിക്കവളെ തുണക്കേണ്ടി വന്നു 

'ടീച്ചര്‍, അവള്‍ അങ്ങനെ ശീലിച്ചിട്ടുണ്ട്. നോക്കൂ, ഇപ്പോഴും അതേ രീതിയിലുള്ള ചുരിദാര്‍ ആണ് അവള്‍ ധരിച്ചിരിക്കുന്നത്. സാരിയൊക്കെ ഉടുത്തു നിങ്ങള്‍ ജോലിയും യാത്രയും നിര്‍വഹിക്കുന്ന ബുദ്ധിമുട്ടുപോലും ഇതിനുണ്ടാവില്ല.' പിന്നെ ബസ്സിലെ എന്റെ കാഴ്ചയും എനിക്കു വിവരിക്കേണ്ടിവന്നു. അത്രയുമായപ്പോള്‍ ടീച്ചര്‍ പറഞ്ഞു: 'അവള്‍ക്കു കുഴപ്പമില്ലെങ്കില്‍ അങ്ങനെയായിക്കോട്ടെ.' ഒരാള്‍ക്ക് അയാളുടെ വസ്ത്രത്തില്‍ ഇത്തരം ചെറിയ തിരുത്തെങ്കിലും നടത്താനുള്ള സ്വാതന്ത്ര്യം അനുവദിക്കാമല്ലോ. 

പക്ഷേ വസ്ത്രത്തിലും മര്യാദകളിലും  പോലും ഒരു ജീവിത ദര്‍ശനം ഇടപെടുന്നത് ചിലര്‍ക്ക് അടിമത്തം എന്ന് തോന്നും പോലെ തന്നെ മറ്റു പലര്‍ക്കുമത് സംസ്‌കാരത്തിന്റെ അളവുകോലായും മാര്‍ഗദര്‍ശനവുമൊക്കെയായി   മനസ്സിലാക്കാവുന്നതുമാണല്ലോ. 

ഒരിക്കല്‍ അമ്മ കാസര്‍കോട്ട് വന്നപ്പോള്‍ പര്‍ദയിട്ട ഉമ്മയും മുണ്ടും നേര്യതുമിട്ട അമ്മയും എന്റെ വീടെടുക്കാനുള്ള സ്ഥലമൊക്കെ ഒരുമിച്ചു സന്ദര്‍ശിച്ച് അയല്‍പക്കക്കാരെയൊക്കെ പരിചയപ്പെട്ടപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചത് ഉമ്മക്കതിലൊന്നും ഒരു ജാള്യവും ഇല്ലായിരുന്നു എന്നാണ്. പക്ഷേ അത് തിരിച്ച് എന്റെ നാട്ടില്‍ നടക്കുക അസംഭവ്യം. ഇനി നടന്നാല്‍ തന്നെ അമ്മയുടെ ബുദ്ധിമുട്ട് എനിക്കൂഹിക്കാവുന്നതേയുള്ളൂ. 

എന്റെ മകള്‍ പോലും ചെറുപ്പത്തിലേ തട്ടമൊക്കെ ചുറ്റി വരുമ്പോള്‍ അമ്മ പറയും; 'എത്രയെത്ര മുസ്‌ലിം കുട്ടികളാ ഇപ്പോള്‍ ടീവിയില്‍ പാട്ടിനും ഡാന്‍സിനുമൊക്കെ. അവരൊന്നും ഇങ്ങനെ തന്നെ തട്ടം ചുറ്റുന്നില്ലല്ലോ?' അവളെ പുരോഗമിപ്പിക്കാനുള്ള എന്റെ അമ്മയുടെ എളിയ ശ്രമം. 

ഹിജാബ് എന്ന നിലപാടിന്റെ സൗന്ദര്യം ഉള്‍ക്കൊള്ളുന്നവര്‍ക്ക് അതുപേക്ഷിക്കാന്‍ പ്രയാസമാണെന്ന് അമ്മയെ എങ്ങനെ ബോധ്യപ്പെടുത്താന്‍! ദൈവിക നിര്‍ദേശങ്ങള്‍ക്കു കീഴൊതുങ്ങി ജീവിക്കുമ്പോഴുള്ള സമാധാനം അതനുഭവിക്കുന്നവര്‍ക്കല്ലേ ആസ്വദിക്കാനാവൂ. ചിലര്‍  പര്‍ദയും തട്ടവുമൊക്കെ ധരിക്കുമ്പോള്‍ അവര്‍ക്കില്ലാത്ത ചൂടില്‍  മറ്റുള്ളവര്‍ വെന്തുരുകുന്നതെന്തുകൊണ്ടാവും? അത് ഹിജാബ് കൊണ്ട് എന്താണ് ഇസ്‌ലാം ഉദ്ദേശിക്കുന്നത് എന്ന് തിരിച്ചറിയാത്തതുകൊണ്ടുതന്നെയാണ്. 

(അവസാനിച്ചു)

Comments

Other Post

ഹദീസ്‌

പിരിമുറുക്കത്തിന്റെ അടിവേര് അന്വേഷിച്ചാല്‍
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (33-37)
എ.വൈ.ആര്‍