Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 20

3048

1439 ശഅ്ബാന്‍ 02

സ്റ്റീഫന്‍ ഹോക്കിംഗിന്റെ ദൈവ സങ്കല്‍പം

ഡോ. ജാവേദ് ജമീല്‍

മറ്റേതൊരു ശാസ്ത്രകാരനും ലഭിച്ചിട്ടില്ലാത്ത അത്രയും പ്രധാന്യവും ശ്രദ്ധയുമാണ് സ്റ്റീഫന്‍ ഹോക്കിംഗിന്റെ മരണവാര്‍ത്തയിലൂടെ അദ്ദേഹത്തിന് ലഭിച്ചത്. ന്യൂട്ടനും ഐന്‍സ്‌റ്റൈനും കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും പ്രതിഭാധനനായ ഭൗതിക ശാസ്ത്രജ്ഞന്‍ അദ്ദേഹം തന്നെയായിരുന്നുവെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഐന്‍സ്‌റ്റൈന്റെ പൊതു ആപേക്ഷികതാ സിദ്ധാന്തത്തിന്റെ തുടര്‍ച്ചയെന്നോണം, പ്രപഞ്ചത്തിലെ അറിയപ്പെട്ട ബലങ്ങളെയെല്ലാം കോര്‍ത്തിണക്കുന്ന ഒരു സാകല്യ സിദ്ധാന്തം (തിയറി ഓഫ് എവരിതിംഗ്) ആവിഷ്‌കരിക്കാനാണ് അദ്ദേഹം ആത്യന്തികമായി ശ്രമിച്ചതെന്നു പറയാം. ആപേക്ഷികതയുടെ തന്നെ തുടര്‍ച്ചയായാണ് അദ്ദേഹം റോജര്‍ പെന്റോസ് എന്ന ശാസ്ത്രജ്ഞനുമായി ചേര്‍ന്ന് ഗ്രാവിറ്റേഷനല്‍ സിംഗുലാരിറ്റിയെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ നടത്തിയതും തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലേക്ക് നയിച്ചതും. തമോഗര്‍ത്തങ്ങളില്‍ അകപ്പെട്ട ഏതു വസ്തുവും പിന്നെ വീണ്ടെടുക്കാനാവാത്ത വിധം അതില്‍ അകപ്പെടുമെന്നായിരുന്നു അദ്ദേഹം ആദ്യം കരുതിയിരുന്നത്. പിന്നീട് അദ്ദേഹം തന്നെ അത് തിരുത്തി. തമോഗര്‍ത്തങ്ങളില്‍നിന്ന് ചില വികിരണങ്ങള്‍ പുറത്തുവരുമെന്ന് അദ്ദേഹം തന്നെ പിന്നീട് കണ്ടെത്തി. അതാണ് ഹോക്കിംഗ് റേഡിയേഷന്‍ എന്ന് അറിയപ്പെടുന്നത്. ചുരുക്കത്തില്‍, പ്രപഞ്ചം അണുമാത്ര വലിപ്പത്തിലേക്ക് ചുരുങ്ങുകയോ അല്ലെങ്കില്‍ അണുമാത്രയില്‍നിന്ന് പ്രപഞ്ചത്തിലേക്ക് വികസിക്കുകയോ ചെയ്യുന്ന ഗ്രാവിറ്റേഷനല്‍ സിംഗുലാരിറ്റി, തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള നിര്‍ണായക പഠനം എന്നിവയാണ് ഒരു ഭൗതികശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ ഹോക്കിംഗിന്റെ സംഭാവന. 

ദൈവത്തെക്കുറിച്ചുള്ള ഹോക്കിംഗിന്റെ കാഴ്ചപ്പാടുകള്‍ ലോകം ഏറെ ചര്‍ച്ച ചെയ്തതാണ്, വിശേഷിച്ചും 1988-ല്‍ അദ്ദേഹത്തിന്റെ 'ദി ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' പുറത്തുവന്നതിനുശേഷം. ദൈവത്തിന്റെ ഇടപെടലില്ലാതെ തന്നെ ഇമ്മട്ടിലൊരു പ്രപഞ്ചം സ്വാഭാവികമായി സൃഷ്ടിക്കപ്പെടുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ദൈവനിഷേധത്തിന്റെ കാര്യത്തില്‍ ഐന്‍സ്‌റ്റൈനേക്കാളും ഒരുപടികൂടി കടന്നായിരുന്നു ഈ വാദം. പ്രപഞ്ചത്തിന്റെ തുടക്കമെന്ന് കരുതപ്പെടുന്ന മഹാവിസ്‌ഫോടനത്തില്‍ (ബിഗ് ബാങ്) ദൈവകരങ്ങള്‍ പതിഞ്ഞുവെന്നെങ്കിലും ഐന്‍സ്‌റ്റൈന്‍ വിശ്വസിച്ചിരുന്നു. പക്ഷേ, അതുപോലും വേണ്ടതില്ലെന്നായിരുന്നു ഹോക്കിംഗിന്റെ വാദം. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിലെ പ്രധാന പ്രത്യയശാസ്ത്രങ്ങളെല്ലാം പരിശോധിച്ചാല്‍ അവയെല്ലാം ദൈവവിരുദ്ധവും മതവിരുദ്ധവുമായിരുന്നുവെന്ന് കാണാനാകും. മതങ്ങള്‍ മുന്നോട്ടുവെക്കുന്ന മൂല്യങ്ങള്‍ ഈ പ്രത്യയശാസ്ത്രങ്ങളുടെ മുന്നോട്ടുപോക്കിന് വിഘാതമാണ് എന്ന് കണ്ടതിനാലാണ് അവ മതത്തിനും ദൈവത്തിനുമെതിരായത്. ഈ സമീപനത്തിന്റെ ഭാഗമായി തന്നെയാണ് ഹോക്കിംഗും ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് കാണാനാകും. ഗുരുതര രോഗബാധക്കിടയിലും മികച്ച നേട്ടങ്ങള്‍ കൈവരിച്ച ഒരു ഭൗതികശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ ഹോക്കിംഗിനെ വിലമതിക്കുമ്പോഴും, അദ്ദേഹത്തിന്റെ ഈ നിലപാടിനെ 'റീഡിസ്‌കവറിംഗ് ദി യൂനിവേഴ്‌സ്' എന്ന പുസ്തകത്തിലും മറ്റു ചില പ്രബന്ധങ്ങളിലും ഞാന്‍ നിശിതമായി വിമര്‍ശനവിധേയമാക്കിയിട്ടുണ്ട്. 

ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ മേധാവിത്വമുള്ള രണ്ട് സാമ്പത്തിക കാര്യ സിദ്ധാന്തങ്ങള്‍ മുതലാളിത്തവും സോഷ്യലിസവുമാണ്. വ്യത്യസ്ത തലങ്ങളിലാണെങ്കിലും ഈ രണ്ട് പ്രത്യയശാസ്ത്രങ്ങളും ദൈവ-മതവിരുദ്ധമാണ്. ശാസ്ത്രവും ശാസ്ത്രീയ തത്ത്വചിന്തകളും കൈകാര്യം ചെയ്യുന്ന ലോകത്തെ പ്രധാന സ്ഥാപനങ്ങളുടെയും ചിന്താ പ്രസ്ഥാനങ്ങളുടെയുമെല്ലാം നിയന്ത്രണം ഇവര്‍ക്കാണ്. ദൈവം, സൃഷ്ടി തുടങ്ങിയ വിഷയങ്ങളില്‍ ഇവര്‍ മുന്‍കൂട്ടിതന്നെ ചില ശാസ്ത്ര സിദ്ധാന്തങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്, അതില്‍ ശാസ്ത്രത്തിന്റെ അംശമൊന്നുമില്ലെങ്കിലും. ഹോക്കിംഗ് എന്ന വ്യക്തി ഇതിനെല്ലാം യോജിച്ച ആളായതിനാല്‍ സ്വാഭാവികമായും അവര്‍ക്ക് അദ്ദേഹം ഒരു വീരപുരുഷനായി.

വിഖ്യാത ശാസ്ത്രജ്ഞനായ ഹൈസന്‍ബര്‍ഗ് ഈ മുന്‍വിധിയെക്കുറിച്ച് പറയുന്നത് കാണുക: ''ദൈവത്തെക്കുറിച്ച് പരാമര്‍ശിക്കാതെ തന്നെ ഈ പ്രപഞ്ചത്തെക്കുറിച്ച് ഒരാള്‍ക്ക് വിശദീകരിക്കാമെന്ന അനുമാനത്തിന്റെ പുറത്താണ് ന്യൂട്ടന്റെ ബലതന്ത്രവും മറ്റു ക്ലാസിക്കല്‍ ഭൗതിക സിദ്ധാന്തങ്ങളുമെല്ലാം ആവിഷ്‌കരിക്കപ്പെട്ടത്. ശാസ്ത്രത്തിന്റെ സ്വാഭാവിക വളര്‍ച്ചക്കുള്ള ഒരു മാനദണ്ഡമായി ഇത് തോന്നി.''

'ഹൗ അണ്‍സയിന്റിഫിക് ദ സയിന്റിഫിക് ഫിലോസഫി ഓഫ് ഗോഡ്' എന്ന പേരില്‍ ഞാന്‍ ഒരു പുസ്തകം ഉടന്‍ പുറത്തിറക്കുന്നുണ്ട്. അതില്‍നിന്ന് ഏതാനും വരികള്‍:

ദൈവം ഇല്ല എന്ന് തെളിയിക്കേണ്ടതിന്റെ യാതൊരു അടിയന്തരാവശ്യവും ഇല്ലാതിരിക്കെ, എന്തിനാണ് 'ദൈവത്തെക്കുറിച്ച് പരാമര്‍ശിക്കാതെ തന്നെ പ്രപഞ്ചത്തെ വിശദീകരിക്കാനാകുമെന്ന നിഗമന'ത്തില്‍ ശാസ്ത്രാന്വേഷണത്തിന് തുടക്കം കുറിക്കുന്നത്? വസ്തുനിഷ്ഠയേക്കാള്‍ ആഖ്യാനപരമാണ് കാര്യങ്ങള്‍ എന്നതിനാല്‍, 'നമ്മെ'ക്കുറിച്ചുള്ള സംസാരം പല തടസ്സങ്ങളും സൃഷ്ടിക്കും. കാരണം, കോടിക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ പ്രപഞ്ചത്തില്‍ 'നാം' പ്രത്യക്ഷപ്പെട്ടിട്ട് കുറച്ച് കാലമേ ആയിട്ടുള്ളൂ. അതിനാല്‍, എന്തിന് ദൈവത്തെ നിഷേധിക്കണം? ദൈവമുണ്ടെങ്കില്‍ അത് ശാസ്ത്രത്തിന് എന്തെങ്കിലും തരത്തിലുള്ള അപകടം ചെയ്യുമോ? 'ദൈവത്തിന്റെ മനസ്സ്' കണ്ടെത്താന്‍ ശാസ്ത്രജഞര്‍ ഇപ്പോഴും ശ്രമിക്കുന്നു, സൃഷ്ടിയുടെ രഹസ്യങ്ങളും പ്രപഞ്ച നിയമങ്ങളും മനസ്സിലാക്കാനും അവര്‍ ശ്രമിക്കുന്നുണ്ട്. അപ്പോള്‍ ഈ മുന്‍വിധിയുടെ യഥാര്‍ഥ കാരണം, ദൈവത്തെ അംഗീകരിക്കല്‍ സാമ്പത്തിക മൗലിക വാദികള്‍ക്ക് മതത്തോടുള്ള നിലപാടിനെ ദുര്‍ബലപ്പെടുത്തും എന്നതു തന്നെയാണ്. സോഷ്യലിസം, മുതലാളിത്തം തുടങ്ങിയ സാമ്പത്തിക മൗലിക വാദികള്‍ മുന്നോട്ടുവെക്കുന്ന സാമ്പത്തിക ക്രമങ്ങളുടെ മുന്നേറ്റത്തിന് മതങ്ങള്‍ ശക്തമായ പ്രതിരോധം തീര്‍ത്തിട്ടുണ്ട്. ധാര്‍മികതയെ ആണ് മതം പ്രോത്സാഹിപ്പിക്കുന്നത്. മദ്യം, ചൂതാട്ടം, വിവാഹേതര ലൈംഗിക ബന്ധം, സ്വവര്‍ഗ ലൈംഗികത എന്നിവയില്‍നിന്നെല്ലാം വിട്ടുനില്‍ക്കാനും അത് ആവശ്യപ്പെടുന്നു. ഈ നിലപാട് 'വികസന'ത്തിന് പ്രതിബന്ധമായിട്ടാണ് ഇവര്‍ കരുതുന്നത്. അതുകൊണ്ടുതന്നെ, മതം അവര്‍ക്ക് സ്വീകാര്യമല്ല.

പരീക്ഷണത്തിലൂടെ തെളിയിക്കപ്പെടാതെ ഒരു കാര്യവും അംഗീകരിക്കപ്പെടുകയില്ലെന്നാണ് ശാസ്ത്രത്തിന്റെ വസ്തുനിഷ്ഠതയുമായി ബന്ധപ്പെട്ട് എപ്പോഴും പറഞ്ഞുകേള്‍ക്കാറുള്ളത്. ഇതുതന്നെ അശാസ്ത്രീയമായ കാഴ്ചപ്പാടാണ്. കാരണം, പദാര്‍ഥത്തിന്റെയോ നിയമത്തിന്റെയോ അല്ലെങ്കില്‍ മറ്റന്തെങ്കിലും കാര്യങ്ങളുടെയോ നിലനില്‍പ് അത്യന്തികമായി പരീക്ഷണത്തിലൂടെയുള്ള തെളിവുകളെ ആശ്രയിച്ചല്ല. പരീക്ഷണം അതിന്റെ സ്വഭാവത്തിലും  അളവിലുമെല്ലാം തുടര്‍ച്ചയായ ഒരു പക്രിയയാണ്. മൂന്ന് നൂറ്റാണ്ട് മുമ്പ്, പരീക്ഷണത്തിലൂടെ അല്ലാതെയുള്ള കാരണം കണ്ടെത്തലിലൂടെ തുടങ്ങിവെച്ച അന്വേഷണങ്ങള്‍ക്ക് വിരാമമാകുന്നത് ഈ അടുത്ത കാലത്തുമാത്രമാണ്. അഥവാ, ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏതാനും നൂറ്റാണ്ടുകള്‍ക്കു മുമ്പ് നമുക്ക് സൂപ്പര്‍ നോവകളെക്കുറിച്ചോ ക്വാസാറുകളെക്കുറിച്ചോ സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെക്കുറിച്ചോ അറിവുണ്ടായിരുന്നില്ല. അതിനര്‍ഥം, അവയൊന്നുമില്ല എന്നല്ലല്ലോ. നാം പ്രപഞ്ച പര്യവേക്ഷണത്തിന്റെ തുടക്കത്തില്‍ മാത്രമാണ് എന്നതാണ് യാഥാര്‍ഥ്യം. ഇവിടെ പരീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ള തെളിവുകളെ മാത്രം ആശ്രയിക്കുന്നത് അയുക്തിപരമത്രെ. മറ്റൊരു പ്രധാന വസ്തുത എന്തെന്നാല്‍, പ്രപഞ്ചത്തില്‍ ഇപ്പോള്‍ എന്ത് സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന് പല പരിമിതികള്‍ കാരണം നമുക്ക് അജ്ഞാതമാണ്, പ്രത്യേകിച്ചും പ്രപഞ്ചത്തിന്റെ വിദൂര കോണുകളില്‍. അതുകൊണ്ടുതന്നെ, പ്രപഞ്ചത്തിന്റെ വര്‍ത്തമാനം പരീക്ഷണത്തിലൂടെ തെളിയിക്കുക സാധ്യമല്ലാത്ത കാര്യമാണ്.

ശാസ്ത്രലോകം ഏറ്റവും അധികം ചര്‍ച്ചചെയ്ത സിദ്ധാന്തങ്ങളായ പ്രപഞ്ചസൃഷ്ടിയും ജൈവപരിണാമവും ദൈവവിരുദ്ധമായ ഈ മുന്‍വിധിയുടെ ഭാഗം തന്നെയാണ്. പ്രപഞ്ചവും അതിലെ ജീവനും യാദൃഛികതയുടെയും സ്വാഭാവികതയുടെയും ഉല്‍പന്നങ്ങള്‍ മാത്രമാണെന്നും ദൈവകരങ്ങള്‍ അവയില്‍ പതിഞ്ഞിട്ടില്ലെന്നും തെളിയിക്കുന്നതിനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമാണത്. കാര്യകാരണ ബന്ധങ്ങളെ ഈ സിദ്ധാന്തങ്ങള്‍ പൂര്‍ണമായും തള്ളിക്കളയുന്നുണ്ട്. വളരെ മുമ്പ് തന്നെ മനസ്സിലാക്കപ്പെട്ടിട്ടുള്ളതും ആധുനിക ഭൗതികം സ്ഥിരീകരിച്ചതുമായ പല നിയമങ്ങളെയും  അത് നിരാകരിക്കുന്നുണ്ട്. ഈ സിദ്ധാന്തത്തിനു പിന്നിലുള്ള ശക്തികള്‍ ദൈവത്തെയോ അതീന്ദ്രിയ ശക്തികളെയോ കാണാതെ ഈ തത്ത്വങ്ങളെല്ലാം വലിയ ശാസ്ത്ര വിപ്ലവമായി കൊണ്ടാടുകയാണ്. ഡാര്‍വിനും ഐന്‍സ്‌റ്റൈനുമൊക്കെ ശാസ്ത്രത്തിലെ ദൈവങ്ങളായി മാറിയത് ഇങ്ങനെയാണ്. 

ശാസ്ത്ര സമൂഹത്തില്‍ പൊതുവായി ദൈവത്തോടും മതത്തോടും വിരോധമുണ്ടെങ്കിലും, ശാസ്ത്രത്തിന് പൂര്‍ണമായി ദൈവത്തെ മാറ്റിനിര്‍ത്താനാവില്ല. വിശ്വോത്തര ശാസ്ത്രകാരന്മാരെല്ലാം ദൈവത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. പ്രപഞ്ചത്തിന്റെ രൂപീകരണത്തിലും പ്രവര്‍ത്തനത്തിലും ദൈവത്തിന്റെ പങ്കിനെക്കുറിച്ച് ഐന്‍സ്‌റ്റൈനും നീല്‍സ് ബോറും തുടര്‍ച്ചയായി സംവാദത്തിലേര്‍പ്പെട്ടതായി കാണാം. ക്വാണ്ടം ബലതന്ത്രത്തിന്റെ പിറവിക്കുതന്നെ കാരണമായ ഹൈസന്‍ബര്‍ഗിന്റെ അനിശ്ചിതത്വ സിദ്ധാന്തവുമായി ബന്ധപ്പെട്ട സംവാദത്തില്‍ ഐന്‍സ്‌റ്റൈന്‍ പറഞ്ഞത്, 'ദൈവം പകിട കളിക്കാറില്ല' എന്നായിരുന്നു. അതിന് ബോറിന്റെ മറുപടി 'ദൈവം എന്തുചെയ്യുന്നുവെന്ന് പറയാന്‍ ശ്രമിക്കരുത്' എന്നുമായിരുന്നു. പ്രപഞ്ചത്തിന്റെ ഉല്‍പത്തി സ്വാഭാവികമായും ഇത്തരം സംവാദങ്ങളെ സാധൂകരിക്കുന്നുണ്ട്. പക്ഷേ, ഇപ്പോഴും പ്രപഞ്ചത്തിന്റെ സൃഷ്ടിയിലോ ജൈവപരിണാമത്തിലോ ദൈവം ആവശ്യമില്ലെന്ന് തെളിയിക്കാനുള്ള വ്യഗ്രതകളാണ് ശാസ്ത്രലോകത്തുനിന്ന് കേട്ടുകൊണ്ടിരിക്കുന്നത്.

ഈ പ്രപഞ്ചത്തിന്റെ സൗന്ദര്യത്തില്‍ ശാസ്ത്രജ്ഞര്‍ എല്ലായ്‌പ്പോഴും അത്ഭുതം കൂറിയിട്ടുണ്ട്; വിശേഷിച്ചും, നമ്മെപ്പോലുള്ള ബുദ്ധിയുള്ള ജീവികള്‍ ഇവിടെ എങ്ങനെ ജന്മംകൊണ്ടു എന്ന കാര്യത്തില്‍. തീര്‍ച്ചയായും ഈ പ്രകൃതിയില്‍ ഒരു സൗന്ദര്യം അന്തര്‍ഭവിച്ചിട്ടുണ്ട്. വിഖ്യാത ഭൗതിക ശാസ്ത്രജ്ഞനും കേംബ്രിഡ്ജ് സര്‍വകലാശാലാ പ്രഫസറുമായിരുന്ന ജോണ്‍ പോകിങ്ഹണിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: ഈ പ്രപഞ്ചത്തിന്റെ സൗന്ദര്യവും സുതാര്യതയും പ്രവര്‍ത്തന യുക്തിയുമെല്ലാം ഒരു മനസ്സിന്റെ കാഴ്ചയാണ് നമുക്ക് പകരുന്നത്. ദൈവത്തിന്റെ മനസ്സാണ് അവിടെ നാം കാണുന്നത്. നമുക്കുള്ളില്‍ അന്തര്‍ലീനമായ യുക്തിയും പ്രകൃതിയുടെ യുക്തിയും തമ്മില്‍ അഗാധമായ ഒരു ബന്ധമുണ്ടെന്ന് ഇത് നമ്മെ തോന്നിപ്പിക്കും. അവ രണ്ടും ഒരു കൈയുറ പോലെ പരസ്പരം ചേരുകയും ചെയ്യും.

ഇനി ഹോക്കിംഗിന്റെ വാക്കുകളിലേക്ക്: ''ജൈവാവിര്‍ഭാവം സാധ്യമാകുന്നതിനായി ഈ സംഖ്യകളെല്ലാം യഥാവിധം ക്രമപ്പെടുത്തിയിരിക്കുന്നുവെന്നാണ് ശ്രദ്ധേയമായ വസ്തുത' (എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം). ഒരു വശത്ത് യാദൃഛികതയെക്കുറിച്ചും മറുവശത്ത് ശ്രദ്ധേയമായ വസ്തുതകളെക്കുറിച്ചും പറയുന്നത് വിഷയത്തെ യഥാര്‍ഥത്തില്‍ സങ്കീര്‍ണമാക്കുന്നില്ലേ? വീണ്ടും ഹോക്കിംഗിലേക്ക്: 'മഹാവിസ്‌ഫോടനത്തിനുശേഷം ഒരു സെക്കന്റ് കഴിഞ്ഞ് പ്രപഞ്ച വികാസ നിരക്ക് ഒന്ന് കുറഞ്ഞിരുന്നുവെങ്കില്‍ (അത് കോടാനുകോടിയുടെ ഒരംശമായാലും) പ്രപഞ്ചം അതിന്റെ ഇന്നത്തെ സ്ഥിതിയിലെത്തുന്നതിനും മുമ്പെ തകര്‍ന്നുപോയേനെ.'

ഹോക്കിംഗ് പറയുന്ന 'യാദൃഛികത'യും 'യഥാവിധമുള്ള ക്രമപ്പെടുത്തലും' ഒന്നിച്ചു മുന്നോട്ടു പോവുക സാധ്യമല്ലെന്നതല്ലേ വസ്തുത? എന്നല്ല, ഈ രണ്ട് പ്രയോഗങ്ങളും പരസ്പരവിരുദ്ധ ധ്രുവങ്ങളിലാണു താനും. പരസ്പരം അറിയാത്ത കുറേ ആളുകള്‍ കുറേ കല്ലുകള്‍ എടുത്ത് വാരിയെറിയുകയും ആ കല്ലുകള്‍ കൃത്യമായി പ്രത്യേക ക്രമത്തില്‍ ഒരിടത്ത് പതിഞ്ഞ് ഒരു റോഡ് ഉണ്ടാവുകയും ചെയയ്തു  എന്ന് പറയുന്നതുപോലെയാണ് ഇത്. ഈ ഉദാഹരണത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, റോഡിനേക്കാള്‍ എത്രയോ വികസിതവും സങ്കീര്‍ണവുമാണ് ജീവിവര്‍ഗങ്ങള്‍ എന്നതാണ്.

യാദൃഛികതകളുടെ അസാധാരണമായ കൂട്ടുകളെക്കുറിച്ച് ഹോക്കിംഗ് പറയുന്നത് നോക്കൂ: ''...ഉദാഹരണത്തിന്, ഇലക്‌ട്രോണിലെ ഇലക്ട്രിക് ചാര്‍ജ് അണുവിട വ്യത്യാസപ്പെടുകയാണെങ്കില്‍, ഒരു നക്ഷത്രത്തിന് അതിലെ ഹൈഡ്രജനെയും ഹീലിയത്തെയും കത്തിക്കാനോ നക്ഷത്ര വിസ്‌ഫോടനം നടത്താനോ സാധിക്കുകയില്ല. ശാസ്ത്രകഥാകാരന്മാര്‍ സ്വപ്നം കണ്ടതിനുമപ്പുറമുള്ള ജൈവബുദ്ധിയുടെ വേറെയും രൂപങ്ങളുണ്ട്.  ഇത്തരത്തില്‍ ജൈവബുദ്ധിയെ സാധ്യമാക്കുന്ന ഏതാനും സംഖ്യകള്‍ നിലവിലുണ്ടെന്നത് വ്യക്തമാണ്. ആ സംഖ്യകള്‍ തന്നെയാണ് യഥാര്‍ഥത്തില്‍ ഈ പ്രപഞ്ചത്തെ തന്നെ സാധ്യമാക്കിയതും. സൃഷ്ടിയില്‍ ദൈവത്തിന്റെ ഇടപെടലായിട്ടോ അല്ലെങ്കില്‍ ആന്ത്രോപിക് തത്ത്വങ്ങളുടെ (മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ നിലനില്‍പിന് അനുസൃതമായിട്ടാണ് ഈ പ്രപഞ്ചം രൂപംകൊണ്ടതെന്ന സിദ്ധാന്തം) നിദര്‍ശകമായിട്ടോ ഇതിനെയൊക്കെ ഒരാള്‍ക്ക് വേണമെങ്കില്‍ കാണാം.''

പക്ഷേ, ഒരു ഇന്റലിജന്റ് ഡിസൈനറുടെ ആവശ്യമില്ലെന്ന് വാദിക്കുന്നവര്‍ ഈ ആന്ത്രോപിക് തത്ത്വങ്ങളെ നിരസിക്കുകയാണ് ചെയ്യാറുള്ളത്. ഇതിനെ വിശദീകരിക്കാന്‍ ക്രമമില്ലാത്തതോ ആകസ്മികമോ ആയ നിര്‍ധാരണങ്ങളെയാണ് അവര്‍ ഉപയോഗിക്കാറുള്ളത്. ഒരു ഉദാഹരണം ശ്രദ്ധിക്കുക: ജോണ്‍ ലെസ്‌ലിയുടേതാണ് ഈ ഉപമ. നിങ്ങളെ കണ്ണ് കെട്ടി വെടിയുതിര്‍ത്ത് വധിക്കാന്‍ തീരുമാനിക്കുന്നുവെന്ന് കരുതുക. ഷൂട്ടര്‍മാരായി അതിവിദഗ്ധരായ പത്ത് പേരെങ്കിലുമുണ്ട്. പക്ഷേ, അവരെല്ലാം വെടിവെച്ച് കഴിഞ്ഞിട്ടും ഒരുപോറല്‍ പോലും ഏല്‍ക്കാതെ നിങ്ങള്‍ പിന്നെയും ജീവിച്ചിരിക്കുന്നുവെങ്കില്‍ അതിനെ എങ്ങനെയാണ് വിശദീകരിക്കുക? ഈ അതിജീവനത്തിന് ലെസ്‌ലിക്ക് രണ്ട് കാരണങ്ങളാണ് പറയാനുള്ളത്. ഒരുപക്ഷേ, അന്നേ ദിവസം ഒരുപാട് വധശിക്ഷകള്‍ നടപ്പിലാക്കാനുണ്ടായേക്കാം. അതുകൊണ്ട് ഏറ്റവും വലിയ ഷൂട്ടിംഗ് വിദഗ്ധന്‍ നിങ്ങളുടെ ശിക്ഷാനടപടികളില്‍ പങ്കെടുത്തിട്ടുണ്ടാകില്ല. അതുമല്ലെങ്കില്‍, നിങ്ങളുടെ ഈ രക്ഷപ്പെടല്‍ മനഃപൂര്‍വമുള്ള ഒന്നാണ്. 

ദൈവസാന്നിധ്യം സ്ഥിരീകരിച്ചുകൊണ്ട് പ്രപഞ്ചവിജ്ഞാനീയത്തിലെ സമസ്യകളുടെ ചുരുളഴിക്കല്‍ ഏളുപ്പമാണെന്നിരിക്കെ, ദൈവത്തെ പൂര്‍ണമായും ഉപേക്ഷിച്ചുകൊണ്ടുള്ള അന്വേഷണം തന്നെ വേണമെന്ന നിര്‍ബന്ധ ബുദ്ധി എന്തിനാണെന്ന് എനിക്ക് ഇനിയും മനസ്സിലായിട്ടില്ല. ഒരു ഉദാഹരണം നോക്കുക. ജൈവ ബുദ്ധിയും ജൈവപരിണാമവുമെല്ലാം യാദൃഛികതയിലൂടെയും സംഭവിക്കുമെന്നാണല്ലോ ഇവരുടെ വാദം. ആവര്‍ത്തിച്ചുള്ള റാന്‍ഡം സെലക്ഷനിലൂടെയാണ് ഇത് സാധ്യമാകുന്നതെന്നാണ് ഈ വാദത്തിന് അടിസ്ഥാനം. പക്ഷേ, ഈ ചിന്തയേക്കാള്‍ എത്രയോ ലളിതമാണ് ജൈവപരിണാമത്തിന് ഏറ്റവും അനുകൂലമായ നിര്‍ധാരണത്തിന് അനുയോജ്യമായ സംഖ്യ തെരഞ്ഞെടുക്കുക എന്നത്. അതിന് ഇന്റലിജന്റ് ഡിസൈനറുടെ സഹായം വേണമെന്നു മാത്രം. ആ സാധ്യതയെ സ്വീകരിക്കാന്‍ അവര്‍ തയാറാക്കുന്നില്ല. നൂറുകണക്കിന് കോമ്പിനേഷന്‍ അലക്ഷ്യമായി പരീക്ഷിച്ച് ഒരു കാറ് നിര്‍മിക്കുന്നതിനേക്കാള്‍ എളുപ്പം ഒരു കാര്‍ ഡിസൈനിംഗ് കമ്പനിയെ സങ്കല്‍പിക്കുന്നതല്ലേ?

പ്രപഞ്ച സൃഷ്ടിയില്‍ ദൈവത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇക്കൂട്ടര്‍ ഒക്കാമിന്റെ കത്തിയെ മറക്കുന്നതും വൈരുധ്യമാണ് (13, 14 നൂറ്റാണ്ടുകളില്‍ ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന തര്‍ക്കശാസ്ത്രജ്ഞനായിരുന്നു ഒക്കാമിലെ വില്യം. ഒരു പ്രതിഭാസത്തിന്റെ വിശദീകരണം നല്‍കുന്നത് സാധ്യമായതില്‍ ഏറ്റവും കുറച്ച് സങ്കല്‍പങ്ങളുടെ അടിസ്ഥാനത്തില്‍ വേണമെന്നും സിദ്ധാന്തത്തിന്റെ ഭാഗമായുള്ള നിരീക്ഷണ വിധേയമായ പ്രവചനങ്ങള്‍ക്ക് ബാധകമാകാത്ത സങ്കല്‍പങ്ങള്‍ തള്ളിക്കളയണമെന്നുമാണ് ഒക്കാമിന്റെ കത്തി സിദ്ധാന്തം കൊണ്ട് വിവക്ഷിക്കുന്നത്. മിതവ്യയ തത്ത്വം എന്നും ഇതറിയപ്പെടുന്നു). ആവശ്യമില്ലാത്ത ഘടകങ്ങളെ പെരുപ്പിക്കരുതെന്നും ബഹുത്വം സൃഷ്ടിച്ച് വിഷയത്തെ സങ്കീര്‍ണമാക്കരുതെന്നും ഈ തത്ത്വത്തിന്റെ ഭാഗമായി വിശദീകരിക്കാറുണ്ട്. ഒരു കാര്യത്തെ പല രീതിയില്‍ വിശദീകരിക്കാമെങ്കില്‍, അതില്‍ ഏറ്റവും ലഘുവായ മാര്‍ഗത്തിലൂടെ വേണം അത് ചെയ്യാന്‍ എന്നര്‍ഥം. ഒരു സ്ഥലത്തെത്താന്‍ പല വഴികളുണ്ടെന്ന് വിചാരിക്കുക. ഏറ്റവും ഋജുവായ പാതയാണ് അപ്പോള്‍ നാം സ്വീകരിക്കുക. 13-ാം നൂറ്റാണ്ടു മുതല്‍ ശാസ്ത്രലോകത്ത് പ്രചാരത്തിലുള്ള ഈ സിദ്ധാന്തത്തെ പ്രപഞ്ചോല്‍പത്തിയുടെയും ജൈവപരിണാമത്തിന്റെയും കാര്യത്തില്‍ ഇക്കൂട്ടര്‍ മുഖവിലക്കെടുക്കാത്തത് എന്തുകൊണ്ടാണ്?

പ്രപഞ്ചോല്‍പത്തി സംബന്ധിച്ച ഇപ്പോഴത്തെ സിദ്ധാന്തങ്ങള്‍ നാം വിശ്വസിച്ചുകഴിഞ്ഞാല്‍ എന്തായിരിക്കും സംഭവിക്കുക എന്നാലോചിച്ചിട്ടുണ്ടോ? ഏതാണ്ട് അതിപ്രകാരമായിരിക്കും: മഹാവിസ്‌ഫോടനത്തിനുശേഷം ചില പ്രകൃതി നിയമങ്ങള്‍ ഉടലെടുക്കുന്നു. ആ നിയമങ്ങളുടെ ഗുണദോഷങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ, ഒരു 'നിയമ വിദഗ്ധന്റെ'യും സഹായമില്ലാതെയാണ് ഇതെന്ന് ഓര്‍ക്കുക. ഈ നിയമമാണ് ഭൗതിക പ്രപഞ്ചത്തിന് ജന്മം നല്‍കുന്നത്. ഒരു 'ഭൗതിക ശാസ്ത്രജ്ഞന്റെ' സാന്നിധ്യമോ ഏതെങ്കിലും തരത്തിലുള്ള നിരീക്ഷണമോ അവിടെ ഇല്ല. ഈ നിയമങ്ങളെ നിര്‍വചിക്കുന്നത് സ്വാഭാവികമായും ഗണിത തത്ത്വങ്ങളാണ്, പക്ഷേ ഒരു ഗണിതജ്ഞന്‍ അവിടെയില്ല. ശേഷം, രസതന്ത്രത്തിന്റെ പിറവിയാണ്. ഒരു മികച്ച കെമിസ്റ്റിന്റെ അഭാവത്തിലാണ് ഭൗതിക പ്രപഞ്ചത്തില്‍ തന്മാത്രകള്‍ രൂപം കൊള്ളുന്നത്. അതിനുശേഷം, ദശലക്ഷക്കണക്കിനു വര്‍ഷം കഴിഞ്ഞാണ് ബയോളജി ജനിക്കുന്നത്. കെമിക്കല്‍ റിയാക്ഷനുകളുടെ ഫലമായി ഉണ്ടായ ബയോളജിയെ നിയന്ത്രിക്കുന്നതിനോ മറ്റോ അവിടെ ബയോളജിസ്റ്റ് ഉണ്ടായിരുന്നില്ല. അങ്ങനെയാണ് പ്രപഞ്ചത്തില്‍ സസ്യ ജൈവ ലോകം രൂപപ്പെടുന്നത്. ഇതെല്ലാം കഴിഞ്ഞ് 1500 കോടി വര്‍ഷമെങ്കിലും കഴിഞ്ഞാണ് 'ഇന്റലിജന്‍സ്' ഉള്ള ഒരു ജീവി പ്രപഞ്ചത്തില്‍ പ്രത്യക്ഷപ്പെടുന്നത്; മനുഷ്യന്‍. ഈ പ്രതിഭാസങ്ങളെയെല്ലാം മനസ്സിലാക്കുന്നത് ആ ബുദ്ധി ഉപയോഗിച്ചാണ്. അതിനുമുമ്പ്, ഈ പ്രപഞ്ചത്തെ നിരീക്ഷിക്കുന്നതിനോ ഭാവി ആസൂത്രണം ചെയ്യുന്നതിനോ കഴിവുള്ള ഒരു ജൈവലോകം അന്യമായിരുന്നുവെന്നര്‍ഥം. ഈ ബുദ്ധികൊണ്ട് എങ്ങനെ അതിജീവിക്കാനാകുമെന്ന് മാത്രം പഠിക്കാനേ സാധിക്കൂ. കാലങ്ങളായി മനുഷ്യന്‍ വികസിപ്പിച്ചെടുത്ത തത്ത്വചിന്തയും സാമൂഹിക നിയമങ്ങളുമൊക്കെയാണ് അത് സാധ്യമാക്കിയത്. കഴിഞ്ഞ 200 വര്‍ഷത്തിനിടെ മനുഷ്യന്‍ അവന്റെ ബുദ്ധി ഉപയോഗിച്ച് ചില ഉപകരണങ്ങള്‍ നിര്‍മിക്കുകയും പ്രപഞ്ചത്തിന്റെ ചില ഭാഗങ്ങള്‍ കണ്ടെത്തുകയും ചെയ്തു. പക്ഷേ, ഈ ബുദ്ധിക്കും പരിമിതികളുണ്ട്. ഈ ബുദ്ധി ഉപയോഗിച്ച് ചില കാര്യങ്ങള്‍ കണ്ടെത്തുകയോ നിരീക്ഷിക്കുകയോ ചെയ്യാം. പക്ഷേ, സ്വന്തം നിലയില്‍ മറ്റൊന്ന് സൃഷ്ടിക്കാനാകില്ല. സെക്കന്റില്‍ മൂന്ന് ലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പ്രകാശത്തെ അവന് ആശ്രയിക്കുന്നതിനു പോലും പരിമിതിയുണ്ട്. സൂര്യപ്രകാശം കാണണമെങ്കില്‍ അത് പുറപ്പെട്ട് എട്ട് മിനിറ്റെങ്കിലും കഴിയണം. അഥവാ, പ്രപഞ്ചത്തിന്റെ വര്‍ത്തമാന കാലം അവന് ഇപ്പോഴും അപ്രാപ്യമാണ്. അവന്‍ കണ്ടുകൊണ്ടിരിക്കുന്നതെല്ലാം ഭൂതകാലമാണ്. ഏറ്റവും അടുത്തുള്ള ഒരു വസ്തുവാണെങ്കിലും അവന് അതിന്റെ വര്‍ത്തമാന കാലം കാണുക സാധ്യമല്ല. സെക്കന്റിന്റെ ആയിരത്തിലൊരംശത്തില്‍ അവന്‍ ഭൂതമാണ് കാണുന്നത്. ഈ ബുദ്ധിരാക്ഷസരാണ് അതിവിദഗ്ധരായ ഭൗതികജ്ഞരും ജൈവശാസ്ത്രജ്ഞരുമൊക്കെയെന്ന് സ്വയം അവകാശപ്പെടുന്നത്! 

ലോകം കണ്ട മഹാനായ ശാസ്ത്രജ്ഞന് വിട നല്‍കുമ്പോഴാണ് ഈ എഴുത്ത്. ഒരു കാര്യം നാം മറക്കാതിരിക്കുക: മഹാന്മാരായ പല ശാസ്ത്രജ്ഞരുടെയും സിദ്ധാന്തങ്ങള്‍ പില്‍ക്കാലത്ത് കാലഹരണപ്പെട്ടുപോവുകയോ തെറ്റെന്ന് തെളിയിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. 

(മംഗളൂരു Yenepoya സര്‍വകലാശാലയില്‍ ഇസ്‌ലാമിക് സ്റ്റഡീസ് ചെയര്‍ മേധാവിയാണ് ഡോ. ജാവേദ് ജമീല്‍. നിരവധി പുസ്തകങ്ങളുടെ കര്‍ത്താവാണ്)

വിവര്‍ത്തനം: അബൂ ഫിദല്‍

Comments

Other Post

ഹദീസ്‌

പിരിമുറുക്കത്തിന്റെ അടിവേര് അന്വേഷിച്ചാല്‍
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (33-37)
എ.വൈ.ആര്‍