Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 20

3048

1439 ശഅ്ബാന്‍ 02

തുല്യനീതിക്കു വേണ്ടിയുള്ള ദലിതരുടെ കാത്തിരിപ്പ് ഇനിയെത്ര കാലം?

എ.ആര്‍

2018 ഏപ്രില്‍ രണ്ടിന് ദലിത് സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഉത്തരേന്ത്യയെ ഇളക്കിമറിച്ചു. വീടുകളും കടകളും പൊതുസ്ഥാപനങ്ങളും വാഹനങ്ങളും പ്രക്ഷോഭകാരികള്‍ തീയിട്ടു. ക്രമസമാധാന പാലനത്തിന് നിയുക്തരായ പോലീസ് സേനാ വ്യൂഹങ്ങളും ബന്ദനുകൂലികളും തമ്മിലെ ഏറ്റുമുട്ടലില്‍ 12 പേര്‍ കൊല്ലപ്പെട്ടു. പഞ്ചാബ്, ദല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, യു.പി, ഗുജറാത്ത് സംസ്ഥാനങ്ങള്‍ ദലിത് കൊപാഗ്നിയില്‍ വെന്തുരുകി. പട്ടിക ജാതി-പട്ടിക വര്‍ഗങ്ങള്‍ക്കെതിരെയുള്ള അത്യാചാരങ്ങള്‍ തടയാനുള്ള 1989-ലെ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്ന 2018 മാര്‍ച്ച് 20-ലെ സുപ്രീം കോടതി വിധിയാണ് രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ 30 കോടി വരുന്ന അധഃസ്ഥിത വിഭാഗങ്ങളെ ആശങ്കയിലേക്കും കടുത്ത പ്രതിഷേധത്തിലേക്കും തള്ളിവിട്ടത്. ദലിതുകളുടെ നേരെയുള്ള പീഡനത്തിന് കര്‍ക്കശ ശിക്ഷ ഉറപ്പുവരുത്തുന്ന നിയമം നടപ്പാകുമ്പോള്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ നിഷ്‌കര്‍ഷിക്കണമെന്ന സുപ്രീം കോടതി ഉത്തരവാണ് പ്രകോപനപരമായിത്തീര്‍ന്നത്. നിയമത്തിന്റെ ദുരുപയോഗം മൂലം അത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെട്ടതായി വിലയിരുത്തിയ കോടതി, ദലിത് പീഡനകേസുകളില്‍ പ്രാഥമികാന്വേഷണത്തില്‍ പരാതിക്കടിസ്ഥാനമുണ്ടെങ്കിലേ സംശയിക്കപ്പെടുന്നവരെ അറസ്റ്റ് ചെയ്യാവൂ എന്നും ഉദ്യോഗസ്ഥരാണ് പ്രതിചേര്‍ക്കപ്പെടുന്നതെങ്കില്‍ നിയമനാധികാരികളുടെ മുന്‍കൂര്‍ അനുമതി വേണമെന്നും പ്രഥമദൃഷ്ട്യാ കേസ്സൊന്നും നിലവിലില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കരുതെന്നും ഉത്തരവില്‍ നിഷ്‌കര്‍ഷിക്കുകയുണ്ടായി. 1989-ലെ ദലിത് പീഡനവിരുദ്ധ നിയമത്തെ ഫലത്തില്‍ ദുര്‍ബലമാക്കുന്ന ഈ ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നിശ്ശബ്ദതയും നിസ്സംഗതയും പാലിച്ചതാണ് ദലിത് സംഘടനകളെ പ്രകോപിപ്പിച്ചത്. നിയമത്തിന്റെ ദുര്‍വിനിയോഗവും തന്മൂലം നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്ന സംഭവങ്ങളും രാജ്യത്ത് നടക്കുന്നുണ്ടെന്ന സത്യം നിഷേധിക്കാനാവില്ല. സ്ത്രീ പീഡന നിരോധ നിയമത്തിന്റെ പേരില്‍ നിരപരാധികളായ പുരുഷന്മാര്‍ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ ഉദാഹരണം. എന്നു വെച്ച് വര്‍ധിച്ചുവരുന്ന ദലിത്, സ്ത്രീ പീഡന സംഭവങ്ങള്‍ക്ക് തടയിടാന്‍ കടുത്ത ശിക്ഷാ നിയമങ്ങള്‍ വേണ്ടതില്ലെന്നോ ലഘൂകരിക്കണമെന്നോ പരമോന്നത കോടതി ചൂണ്ടിക്കാട്ടുന്നത്, അഥവാ അത്തരം നിയമങ്ങളുടെ നടത്തിപ്പില്‍ വെള്ളം ചേര്‍ക്കണമെന്ന് നിര്‍ദേശിക്കുന്നത് എത്രത്തോളം യുക്തിസഹമാവും? ദലിത് പ്രക്ഷോഭത്തെ തുടര്‍ന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ സമര്‍പ്പിച്ച റിവ്യൂ ഹരജിയില്‍ തന്നെ ചിത്രത്തിന്റെ മറുവശം ചൂണ്ടിക്കാട്ടാതിരുന്നിട്ടില്ല:

'നിയമത്തിലെ വ്യവസ്ഥാപിത തത്ത്വങ്ങളും ചില സാഹചര്യങ്ങളും സുപ്രീം കോടതി വിധി കണക്കിലെടുക്കാതെ പോയി. കര്‍ക്കശ വ്യവസ്ഥകള്‍ ഉണ്ടായിട്ടുപോലും പട്ടിക ജാതി-പട്ടിക വര്‍ഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ തുടരുന്നത് ഉത്കണ്ഠാജനകമാണ്. ദലിത് നിയമപ്രകാരം ശിക്ഷിക്കപ്പെടുന്നവരേക്കാള്‍ വളരെ കൂടുതലാണ് വിട്ടയക്കപ്പെടുന്നവരുടെ തോത്. ദലിത് വിരുദ്ധ അതിക്രമ നിയമം ദുര്‍ബലമാക്കപ്പെടുമ്പോള്‍ അതിനോടുള്ള പേടി കുറയും. നിയമലംഘനങ്ങള്‍ കൂടും. ദലിതുകള്‍ കൂടുതല്‍ പീഡിപ്പിക്കപ്പെടും. എഫ്.ഐ.ആര്‍ സമര്‍പ്പിക്കുന്നതിലെ കാലതാമസം, സാക്ഷിയുടെയും പരാതിക്കാരുടെയും കൂറുമാറ്റം, കേസുകള്‍ സര്‍ക്കാര്‍ ഭാഗം അഭിഭാഷകര്‍ നേരെ ചൊവ്വെ പരിശോധിക്കാതിരിക്കല്‍, കേസുകള്‍ ശരിയായി കോടതിയില്‍ അവതരിപ്പിക്കാതിരിക്കല്‍ എന്നിവയൊക്കെയുണ്ട്. ദുരുപയോഗം ചെയ്യാനുള്ള സാധ്യതയല്ല ഒരു നിയമവ്യവസ്ഥ ഇല്ലാതാക്കുന്നതിന് അടിസ്ഥാനമാക്കേണ്ടത്. അങ്ങനെ ചെയ്യാന്‍ തുടങ്ങിയാല്‍ ക്രിമിനല്‍ നിയമത്തിന് പല്ലും നഖവും ഉണ്ടാവില്ല. ഭരണഘടനയുടെ 21-ാം അനുഛേദപ്രകാരം കുറ്റാരോപിതന് അവകാശങ്ങളുണ്ട്. അതേ അവകാശങ്ങള്‍ പട്ടിക  ജാതി - പട്ടിക വര്‍ഗങ്ങള്‍ക്കും കിട്ടണം. നിയമം ദുര്‍ബലപ്പെടുത്തുന്നത് അവകാശനിഷേധമായി മാറും. മാര്‍ച്ച് 20-ലെ കോടതിവിധി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതാണ്.

വിധി വന്ന രണ്ടാഴ്ചക്കാലം ഉദാസീനമായിരുന്ന കേന്ദ്ര സര്‍ക്കാര്‍ ദലിത് പ്രക്ഷോഭം 2019-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍  ബി.ജെ.പി പക്ഷത്തെ തിരിഞ്ഞുകുത്തുമെന്ന് ബോധ്യപ്പെട്ടപ്പോഴാണ് റിവ്യൂ ഹരജി സമര്‍പ്പിച്ചതെന്നോര്‍ക്കണം. അപ്പോഴേക്ക് 150-ഓളം ദലിത് കൂട്ടായ്മകളുടെ കോണ്‍ഫെഡറേഷനും കോടതിയെ സമീപിച്ചുകഴിഞ്ഞിരുന്നു. കോടതിയാവട്ടെ, റിവ്യൂ ഹരജി പരിഗണിക്കാന്‍ ധൃതിയൊന്നും കാണിച്ചില്ല. '89-ലെ നിയമത്തെ ദുര്‍ബലപ്പെടുത്തുകയോ അതില്‍ വെള്ളം ചേര്‍ക്കുകയോ ചെയ്തിട്ടില്ലെന്നും നിരപരാധികള്‍ പിടികൂടപ്പെടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന ഉദ്ദേശ്യമേ മാര്‍ച്ച് 20-ലെ ഉത്തരവിലുള്ളൂ എന്നുമാണ് സുപ്രീം കോടതിയുടെ നിലപാട്. അതേസമയം, ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2017-ലെ റിപ്പോര്‍ട്ടനുസരിച്ച് പട്ടിക വിഭാഗക്കാര്‍ക്കെതിരെയുള്ള പീഡന കേസുകളില്‍ 90.5 ശതമാനവും വിചാരണ കാത്തുകഴിയുകയാണ്. കുറ്റവാളികളെ ശിക്ഷിച്ചതാവട്ടെ വെറും 15.4 ശതമാനവും! 2150 കേസുകള്‍ മതിയായ തെളിവില്ലെന്നു പറഞ്ഞ് അവസാനിപ്പിച്ചു. 5347 കേസുകള്‍ തെറ്റാണെന്നും 869 കേസുകളിലെ വസ്തുതകള്‍ തെറ്റായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2016-ല്‍ 4546 കേസുകളില്‍ മാത്രമാണ് വിചാരണ പൂര്‍ത്തിയായത്. ഇതില്‍ ശിക്ഷിച്ചതോ കേവലം 701-ലും. 3845 കേസുകളിലെ പ്രതികളെ വെറുതെ വിടുകയോ കുറ്റമുക്തരാക്കുകയോ ചെയ്തു. മറുവശത്ത് ഗോക്കളെ കടത്തി, പശുക്കളെ കൊന്നു, തോലുരിഞ്ഞു തുടങ്ങിയ ആരോപണങ്ങളുടെ പേരില്‍ ദലിതരെ തല്ലിക്കൊന്ന സംഭവങ്ങള്‍ ഭയാനകമായി വര്‍ധിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന ജാതിക്കാരെ കല്യാണം ചെയ്തതിന്റെ പേരില്‍ ദുരഭിമാനക്കൊലകളും വേണ്ടത്ര. യഥാസമയം മുഖം നോക്കാതെ കേസ്സെടുക്കുകയും തെളിവുകള്‍ നശിപ്പിക്കപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയും സാക്ഷികള്‍ക്ക് സംരക്ഷണം ഉറപ്പു വരുത്തുകയും പണവും സ്വാധീനവുമുള്ള പ്രതികള്‍ക്ക് പെട്ടെന്ന് ജാമ്യം അനുവദിക്കാതിരിക്കുകയും കേസ് വിചാരണ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവാതിരിക്കുകയും സത്യസന്ധരായ അഭിഭാഷകരെ പ്രോസിക്യൂട്ടര്‍മാരായി നിയമിക്കുകയുമൊക്കെ ചെയ്താല്‍ സ്ഥിതി തികച്ചും ഭിന്നമായേനെ. പക്ഷേ ആര്‍ക്കുണ്ട് അതിനുള്ള സന്മനസ്സ്?

സംഘ് പരിവാറിനെ സംബന്ധിച്ചേടത്തോളം ദലിതര്‍ വോട്ട്ബാങ്ക് മാത്രമാണ്. സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ട് പിന്നിട്ട ശേഷവും രാജ്യത്തെ പട്ടിക ജാതി - പട്ടിക വര്‍ഗങ്ങളെ പുനരുദ്ധരിക്കുകയും പുനരധിവസിപ്പിക്കുകയും മുഖ്യധാരയിലേക്കാനയിക്കുകയും ചെയ്യാനുള്ള ആത്മാര്‍ഥമായ ഒരു ശ്രമവും മോദി ഭരണത്തില്‍ നടക്കുന്നില്ല. ദലിതനെ രാഷ്ട്രപതിയാക്കി, സംവരണ സീറ്റുകളില്‍ ബഹുഭൂരിഭാഗത്തിലും ജയിച്ചത് ബി.ജെ.പിക്കാരാണ്, അംബേദ്കറുടെ ഛായാപടം പാര്‍ലമെന്റ് ഹൗസില്‍ സ്ഥാപിച്ചത് മോദി സര്‍ക്കാറാണ് എന്നു തുടങ്ങിയ ദലിതരുടെ കണ്ണില്‍ പൊടിയിടുന്ന അവകാശവാദമല്ലാതെ പ്രായോഗിക ജീവിതത്തില്‍ ദലിതരുടെ പതിതാവസ്ഥ പരിവര്‍ത്തിപ്പിക്കാനുള്ള ഒരു ശ്രമവും നടക്കുന്നില്ല. ഗത്യന്തരമില്ലാതെ ബി.ജെ.പിക്കകത്ത് തന്നെയുള്ള പാര്‍ലമെന്റംഗങ്ങള്‍, ദലിത് പ്രശ്‌നങ്ങളുടെ പരിഹാരത്തിനും അവരുടെ ക്ഷേമത്തിനുമുള്ള പാര്‍ട്ടിയുടെ വിമുഖതയില്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയിരിക്കുന്നു. യു.പിയിലെ വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന സാവിത്രി ബായ് ഫൂലെ, ഛോട്ടെ ലാല്‍ ഖാര്‍വാന്‍, അശോക് കുമാര്‍ ദേഹ്‌റെ, യശ്വന്ത് സിംഗ് എന്നീ എം.പിമാരാണ് തങ്ങളുടെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരിക്കുന്നത്. 'രാജ്യത്തെ 30 കോടി ദലിതര്‍ക്കു വേണ്ടി കഴിഞ്ഞ നാലു വര്‍ഷക്കാലത്ത് ഒന്നും ചെയ്തിട്ടില്ല' എന്നാണ് യശ്വന്ത് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തില്‍ തുറന്നടിച്ചിരിക്കുന്നത്. തന്റെ കഴിവുകള്‍ പാര്‍ട്ടി ഉപയോഗിച്ചില്ലെന്ന് കുറ്റപ്പെടുത്തുന്ന യശ്വന്ത് സിംഗ്, വെറും റിസര്‍വേഷന്‍ കാരണമായാണ് താന്‍ പാര്‍ലമെന്റംഗമായതെന്നും തുറന്നു പറയുന്നു. വിവിധ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദില്‍ യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ കൊടും ക്രൂരതകളാണ് ദലിത് യുവാക്കളോട് കാട്ടിയതെന്നും യശ്വന്ത് സിംഗ് ആരോപിക്കുന്നു (ദ ഹിന്ദു, ഏപ്രില്‍ 8, 2018). എന്‍.ഡി.എ ഘടകവും കേന്ദ്ര മന്ത്രിസഭയില്‍ അംഗവുമായ ലോക് ജനശക്തി നേതാവ് രാംവിലാസ് പാസ്വാന്‍ ദലിത് പ്രശ്‌നത്തെ ബി.ജെ.പി സര്‍ക്കാറുകള്‍ കൈകാര്യം ചെയ്ത രീതിയെ നിശിതമായി വിമര്‍ശിച്ചതും സ്മരണീയമാണ്. അതേസമയം ഏറ്റവുമൊടുവില്‍ സുപ്രീം കോടതി വിധി പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഹരജി സമര്‍പ്പിച്ചതിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത് ഹിന്ദുത്വ സംഘടനയായ അഖില ഭാരതീയ ഹിന്ദു മഹാ സഭയാണ്. ഹരജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദു മഹാസഭയിലെ യുവാക്കള്‍ രക്തം കൊണ്ടെഴുതിയ കത്താണ് പ്രധാനമന്ത്രി മോദിക്കയച്ചിരിക്കുന്നത്. എന്നുവെച്ചാല്‍ പട്ടിക  ജാതി-പട്ടിക വര്‍ഗങ്ങള്‍ക്കെതിരെ നൂറ്റാണ്ടുകളോ സഹസ്രാബ്ദങ്ങളോ ആയി തുടരുന്ന സവര്‍ണാതിക്രമങ്ങള്‍ക്ക് തടയിടാന്‍ ഏറെ വൈകിയെങ്കിലും കൊണ്ടുവന്ന നിയമം, കണിശവും കൃത്യവുമായി നടപ്പാക്കുന്നില്ലെങ്കില്‍ പോലും നിര്‍വീര്യമാക്കാനുള്ള നടപടികളുമായി പരമോന്നത കോടതിയും കേന്ദ്ര സര്‍ക്കാറും മുന്നോട്ടുപോവണമെന്ന് തീവ്ര ഹിന്ദുത്വ ലോബി ആഗ്രഹിക്കുന്നു, പരസ്യമായി ആവശ്യപ്പെടുന്നു. പിന്നാക്കക്കാരനാണെന്ന് സ്വയം ഉദ്‌ഘോഷിക്കുന്ന സാക്ഷാല്‍ നരേന്ദ്ര മോദിയോ? 2002 ഫെബ്രുവരിയില്‍ ഗുജറാത്തില്‍ അരങ്ങേറിയ മുസ്‌ലിം ഉന്മൂലന കലാപത്തിന് ദലിതുകളെ ഉപയോഗിച്ച സംഘ് പരിവാര്‍ തന്ത്രത്തിന്റെ ഉപജ്ഞാതാവാണ് അദ്ദേഹം. പക്ഷേ, തങ്ങള്‍ ക്രൂരമായി വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് ഏറെ വൈകിയാണ് ദലിത് സമൂഹം തിരിച്ചറിഞ്ഞത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആ തിരിച്ചറിവ് വലിയ അളവില്‍ പ്രതിഫലിക്കുകയും ചെയ്തു. ദലിത് നേതാവ് ജിഗ്നേഷ് മേവാനിയുടെ സവര്‍ണവിരുദ്ധ കാമ്പയിന്‍ ബി.ജെ.പിയെ ശരിക്കും വെള്ളം കുടിപ്പിച്ചു. ഇപ്പോള്‍ കര്‍ണാടകയിലും മേവാനിയും പ്രകാശ് രാജും ചേര്‍ന്ന് ബി.ജെ.പിക്കെതിരെ ഊര്‍ജസ്വലമായ പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

പട്ടിക ജാതി - പട്ടിക വര്‍ഗക്കാര്‍ ചാതുര്‍വര്‍ണ്യ ശൃംഖലയുടെ അടിത്തട്ടില്‍ കിടക്കുന്ന ശൂദ്രരേക്കാള്‍ താഴെ മനുഷ്യര്‍ പോലുമല്ലാതെ നരകിക്കേണ്ടിവരുന്നത് മുജ്ജന്മ കര്‍മഫലം കൊണ്ടാണെന്നും ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കും പാദസേവയും ദാസ്യവൃത്തിയും ചെയ്യാന്‍ വിധിക്കപ്പെട്ട അക്കൂട്ടര്‍ക്ക് തങ്ങളുടെ ദുര്‍വിധിയില്‍ മനം നൊന്ത് കഴിയുക മാത്രമാണ് വിധിയെന്നും വിശ്വസിപ്പിക്കുന്ന ഒരു വംശീയ സംസ്‌കാരത്തിന് വിശ്വോത്തര മാഹാത്മ്യം കല്‍പിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ പ്രണേതാക്കള്‍ക്കും പ്രചാരകര്‍ക്കും ഇന്ത്യന്‍ ജനതയുടെ നാലിലൊന്ന് വരുന്ന ദലിതുകളെ ഒരര്‍ഥത്തിലും കരകയറ്റാന്‍ കഴിയുകയില്ല. അതവരുടെ അജണ്ടയുമല്ല. ദലിതര്‍ക്ക് നീതി നിഷേധിച്ചതായി അവര്‍ കരുതുന്ന പരമോന്നത കോടതിയില്‍ ഒരു ന്യായാധിപന്‍ പോലും ദലിതനല്ലെന്നത് യാദൃഛികമല്ല. ജുഡീഷ്യറിയുടെയോ എക്‌സിക്യൂട്ടീവിന്റെയോ സിരാ കേന്ദ്രങ്ങളിലൊരിടത്തും അവരുടെ സാന്നിധ്യം പ്രകടമല്ല. ഈ ദുരവസ്ഥ നേരിട്ടനുഭവിച്ചും അതില്‍ വേദനിച്ചുമാണ് ഭരണഘടനാ ശില്‍പിയായ ബി.ആര്‍ അംബേദ്കര്‍ അനുയായികളോടൊപ്പം ബുദ്ധമതത്തില്‍ ചേര്‍ന്നത്. ആ ബുദ്ധമതത്തെയാകട്ടെ ഇന്ത്യയിലെ ബ്രാഹ്മണ മേധാവിത്വം ആദ്യമേ നാടുകടത്തിയിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ നിരന്തര പോരാട്ടത്തിലേര്‍പ്പെട്ടിരിക്കെത്തന്നെ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒരു രക്ഷയുമില്ലെന്ന് അംബേദ്കര്‍ ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. അതിനാലാണ് തന്റെ ഉറ്റ സുഹൃത്തായ മുഹമ്മദലി ജിന്നയുമായി ദലിത്, മുസ്‌ലിം ഭൂരിപക്ഷ പ്രവിശ്യകള്‍ക്ക് സ്വയംഭരണത്തോടു കൂടിയുള്ള ഒരു വിശാല ഫെഡറല്‍ സ്റ്റേറ്റായി സ്വതന്ത്ര ഇന്ത്യയെ പരിവര്‍ത്തിപ്പിക്കുക എന്ന ആശയം അദ്ദേഹം പങ്കുവെച്ചതും ദ്വിരാഷ്ട്രവാദത്തിനു പകരം അംബേദ്കറുടെ നിര്‍ദേശം പരിഗണിക്കാമെന്ന് ജിന്ന സമ്മതിച്ചതും. പക്ഷേ, രാജ്യവിഭജനം ബ്രിട്ടീഷുകാരും നാഷ്‌നല്‍ കോണ്‍ഗ്രസ്സും അംഗീകരിക്കുമെന്ന ഉറപ്പു ലഭിച്ചപ്പോള്‍ അംബേദ്കറുടെ പദ്ധതിയില്‍നിന്ന് ജിന്ന മുഖംതിരിച്ചു. അവര്‍ തമ്മിലെ ബന്ധം മോശമാവുന്നതിലാണ് ഈ സംഭവം കലാശിച്ചത്. പിന്നീട് മതന്യൂനപക്ഷങ്ങള്‍ക്കും പട്ടിക ജാതി - പട്ടിക വര്‍ഗങ്ങള്‍ക്കുമെല്ലാം തുല്യ പൗരത്വവും സമാവകാശങ്ങളും ഉറപ്പു വരുത്തുന്ന മതനിരപേക്ഷ ജനാധിപത്യത്തില്‍ അധിഷ്ഠിതമായ ഒരു ഭരണഘടന അദ്ദേഹം മുന്‍കൈയെടുത്ത് സ്വതന്ത്ര ഇന്ത്യക്ക് സമര്‍പ്പിച്ചു. അത് നിലവില്‍ വന്നിട്ട് ഏഴു പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കെ ജീവിതത്തിന്റെ പുറമ്പോക്കില്‍ കഴിയുന്ന ദലിതുകളും പിന്നാക്ക സമുദായങ്ങളും മതന്യൂനപക്ഷങ്ങളുമടങ്ങുന്ന ഭൂരിപക്ഷം തുല്യനീതിക്കു വേണ്ടി തെരുവിലിറങ്ങേണ്ട ദുരവസ്ഥക്ക് ആരാണ് ഉത്തരവാദി? മോചനം എങ്ങനെ, എപ്പോള്‍ സാധ്യമാവും? വസ്തുനിഷ്ഠവും സത്യസന്ധവുമായ ഉത്തരം തേടുന്ന സമസ്യകളാണിവ. 

Comments

Other Post

ഹദീസ്‌

പിരിമുറുക്കത്തിന്റെ അടിവേര് അന്വേഷിച്ചാല്‍
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (33-37)
എ.വൈ.ആര്‍