Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 20

3048

1439 ശഅ്ബാന്‍ 02

അലാവുദ്ദീന്‍ ഖല്‍ജിയും പദ്മാവത് കവിതയും

ശിഹാബുദ്ദീന്‍ ആരാമ്പ്രം

മധ്യകാല ഇന്ത്യാ ചരിത്രത്തിലെ വിവാദമായ അധ്യായമാണ് അലാവുദ്ദീന്‍ ഖല്‍ജിയുടെ ചിത്തോര്‍ ആക്രമണം. രജപുത്താനയിലെ നാട്ടുരാജ്യമായിരുന്ന മേവാറിന്റെ തലസ്ഥാനമായിരുന്നു ചിത്തോര്‍. ക്രി. 1299-ല്‍ അലാവുദ്ദീന്‍ ഖല്‍ജിയുടെ സൈന്യം ഗുജറാത്തിലേക്ക് പുറപ്പെട്ടപ്പോള്‍ മേവാറിന്റെ അതിര്‍ത്തിയിലൂടെ സൈനിക നീക്കത്തിന് അനുവാദം തേടി. എന്നാല്‍ ചിത്തോര്‍ ഭരണാധികാരിയായിരുന്ന റാണാ സമര്‍ സിംഗ് (റാണാ രത്തന്‍ സിംഗിന്റെ പിതാവ്) അനുവാദം നല്‍കിയില്ല. അതില്‍ അലാവുദ്ദീന്‍ ഖല്‍ജിക്കുണ്ടായ പ്രതിഷേധമാണ് പിന്നീട് അതിര്‍ത്തി വികസനമായി മാറിയത്. തുടര്‍ന്ന്   1303 ജനുവരി 28 മുതല്‍ ആഗസ്റ്റ് 26 വരെയുള്ള ഏഴ് മാസക്കാലം അലാവുദ്ദീന്‍ ഖല്‍ജി ചിത്തോറിനെ ഉപരോധിച്ചു. ആ ഉപരോധത്തെപ്പറ്റി കൃത്യമായ വിവരങ്ങള്‍ നല്‍കിയ ആദ്യത്തെ ചരിത്രകാരന്‍ അമീര്‍ ഖുസ്‌റുവാണ്. ഖല്‍ജിയോടൊപ്പം ചിത്തോറിലേക്കുള്ള സംഘത്തില്‍ അദ്ദേഹവും ഉണ്ടായിരുന്നു. രാജസ്ഥാനിലെ ഗുഹില രജപുത്രരുടെ ആധിപത്യത്തിലായിരുന്നു ചിത്തോര്‍. അവരുടെ കോട്ടയെയും രാജവംശത്തെയും മഴക്കാലത്തും ഉപരോധം തുടരേണ്ടി വന്നതിനെയും അദ്ദേഹം വിവരിക്കുന്നുണ്ട്. 1303 ആഗസ്റ്റ് 26-നായിരുന്നു ഖല്‍ജി കോട്ടക്കകത്ത് പ്രവേശിച്ചത്. അപ്പോഴേക്കും റാണാ രത്തന്‍ സിംഗ് അധികാരത്തില്‍ വന്ന് ഒന്നോ രണ്ടോ വര്‍ഷം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. ആ കാലത്തിനിടയില്‍ അയല്‍ നാടുകളിലെ രാജാക്കന്മാരോ സൈന്യമോ ചിത്തോറിന്റെ രക്ഷക്കെത്തിയില്ല. കോട്ട കീഴ്‌പ്പെടുമെന്ന് ഉറപ്പായപ്പോള്‍ റാണാ രത്തന്‍ സിംഗ്, അലാവുദ്ദീന്‍ ഖല്‍ജിയുടെ പടകുടീരത്തിലെത്തി അഭയം തേടിയതായി അമീര്‍ ഖുസ്‌റു 'ഖസാഇനുല്‍ ഫുതൂഹി'ല്‍ പരാമര്‍ശിച്ചിട്ടുണ്ട്.ഖുസ്‌റുവിന്റെ വിവരണത്തെ നിസാമിയും പിന്തുണക്കുന്നു. ക്രി. 1336-ല്‍ രചിക്കപ്പെട്ടതായി കരുതുന്ന ഒരു ജൈന രേഖയിലെ പരാമര്‍ശത്തില്‍ ഖല്‍ജിയുടെ തടവില്‍ ചിത്തോര്‍ ഭരണാധികാരിയും ഉണ്ടായിരുന്നുവെന്നാണ് കിശോരി ശരണ്‍ ലാല്‍ നല്‍കുന്ന സൂചന.1

ചിത്തോര്‍ ജയിച്ചടക്കിയ ശേഷം അലാവുദ്ദീന്‍ ഖല്‍ജി അവിടെ ഗവര്‍ണറായി നിയമിച്ചിരുന്നത് പുത്രന്‍ ഖിസ്ര്‍ ഖാനെയായിരുന്നു. കുറഞ്ഞ കാലത്തേക്കായിരുന്നു നിയമനം. പിന്നീട് നിയമിക്കപ്പെട്ടത് റാണാ രത്തന്‍ സിംഗിന്റെ സഹോദരീപുത്രന്‍ മാല്‍ദേവ് (Maldeo) ആണ്.2 അലാവുദ്ദീന്‍ ഖല്‍ജിയുടെ സാമന്ത ഭരണാധികാരിയോ ഗവര്‍ണറോ ആയി ഭരണം നടത്തിയിരുന്നിട്ടും മറ്റെല്ലാ രജപുത്രരുടെയും പിന്തുണ  അദ്ദേഹം നേടി. ആ ഭരണകാലത്ത് ചിത്തോറിനോ രജപുത്രര്‍ക്കോ ഏതെങ്കിലും അര്‍ഥത്തിലുള്ള മാനഹാനി വന്നതായി ഒരു ചരിത്രകാരനും പരാമര്‍ശിച്ചിട്ടുമില്ല. അലാവുദ്ദീന്‍ ഖല്‍ജിയുമായി രമ്യതയില്‍ വര്‍ത്തിക്കാനും സമ്മാനങ്ങള്‍ കൈമാറാനും പടയോട്ടങ്ങളില്‍ സഹായിക്കാനും റാണാ രത്തന്‍ സിംഗിന്റെ സഹോദരീപുത്രനും ചിത്തോറിലെ പില്‍ക്കാല ഭരണാധികാരിയുമായ മാല്‍ദേവിന് കഴിഞ്ഞു. ഗവര്‍ണര്‍ പദവിയിലിരുന്ന പുത്രന് പകരം അലാവുദ്ദീന്‍ ഖല്‍ജി കണ്ടെത്തിയ മാല്‍ദേവിനെ രജപുത്ര സമൂഹം ഒന്നടങ്കം പിന്തുണക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങളില്‍ നിന്ന്, അലാവുദ്ദീന്‍ ഖല്‍ജിക്ക് റാണാ രത്തന്‍ സിംഗിന്റെ പിന്മുറക്കാരോടോ രജപുത്രരോടോ അവര്‍ക്ക് തിരിച്ചോ പ്രചരിപ്പിക്കപ്പെടുന്നതുപോലുള്ള പകയോ പ്രതികാരമോ ഉണ്ടായിരുന്നില്ലെന്ന് വ്യക്തം. അഭയംതേടി എത്തിയ രത്തന്‍ സിംഗിന്, അലാവുദ്ദീന്‍ ഖല്‍ജി മാപ്പുനല്‍കിയിരുന്നു എന്നും വധശിക്ഷ നല്‍കിയിരുന്നില്ല എന്നുമാണ്, ഇത്തരം സംഭവങ്ങള്‍ ഒരു ചരിത്ര വിദ്യാര്‍ഥിയോട് പറയുന്നത്.

എന്നാല്‍ ഈ ചരിത്ര വസ്തുതകളുമായി ഒട്ടും പൊരുത്തപ്പെടാത്ത മറ്റൊരു കഥയാണ്, പദ്മാവത് എന്ന കവിതയുടെ മറവില്‍ പ്രചരിച്ചത്. ഹിന്ദി കവിതയിലെ പ്രാദേശിക ഭേദമായ അവധി ഭാഷയില്‍ ആ കാവ്യം രചിച്ചത്, പ്രമുഖ കവികളില്‍ ഒരാളായ മാലിക് മുഹമ്മദ് ജായസിയാണ്. റാണാ രത്തന്‍ സിംഗിന്റെ ഭാര്യയും സിംഹള രാജകുമാരിയുമായ പദ്മാവതിയെ സ്വന്തമാക്കാനായിരുന്നു ഖല്‍ജിയുടെ ചിത്തോര്‍ അധിനിവേശം എന്നാണ് ആ കഥ. പദ്മാവത് കവിതയുടെ ഉള്ളടക്കം ഈ കഥയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ അലാവുദ്ദീന്‍ ഖല്‍ജി ചിത്തോര്‍ ജയിച്ചടക്കി 237 വര്‍ഷങ്ങള്‍ക്കു ശേഷം ക്രി. 1540-41 കാലത്താണ് പദ്മാവത് കവിതയുടെ രചന. മാത്രവുമല്ല, മാലിക് മുഹമ്മദ് ജായസിയുടെ ജന്മനാട് ചിത്തോറില്‍നിന്ന് ആയിരത്തോളം കി.മീ അകലെയുള്ള ഉത്തര്‍പ്രദേശിലെ അമേഠിയിലും. അതില്‍നിന്നുതന്നെ ചിത്തോറുമായി പദ്മാവത് കാവ്യത്തിന് വിദൂര ബന്ധം മാത്രമേയുള്ളൂ എന്ന് മനസ്സിലാക്കാം.

 

ആഖ്യാനത്തിലെ സൂഫിതലങ്ങള്‍

ജായസിയുടെ പദ്മാവതില്‍ മികവുള്ള ഒട്ടേറെ കാവ്യരസങ്ങളുണ്ട്. അവയെല്ലാം ആവിഷ്‌കരിച്ചത് പദ്മാവതി എന്ന സാങ്കല്‍പിക കഥാപാത്രത്തെ അവലംബിച്ചാണ്. റാണാ രത്തന്‍ സിംഗ്, അലാവുദ്ദീന്‍ ഖല്‍ജി എന്നീ രണ്ടു കഥാപാത്രങ്ങളും ചിത്തോര്‍ എന്ന പ്രദേശവും മാറ്റിനിര്‍ത്താനാവാത്ത വിധം കവിതയെ കേന്ദ്രീകരിച്ചു നില്‍ക്കുന്നു. അവയും കവിയുടെ ഭാഷയില്‍ സാങ്കല്‍പികം തന്നെ. എന്നാല്‍ രത്തന്‍ സിംഗിനെയും അലാവുദ്ദീന്‍ ഖല്‍ജിയെയും ചിത്തോറിനെയും മറ്റു സാങ്കല്‍പിക മുദ്രകളില്‍നിന്ന് ഭിന്നമായി, ചരിത്രത്തിന്റെ ഛായയിലാണ് കവി പ്രതിഷ്ഠിച്ചത്. അതുകൊണ്ട് കവിതയിലെ മറ്റു പ്രമേയങ്ങള്‍ക്കും ചരിത്രത്തിന്റെ ഛായം പുരണ്ടതായി സമൂഹം ധരിച്ചു. ആ ധാരണ തെറ്റാണെന്ന് കവിതയുടെ ഉപസംഹാരത്തില്‍ കവി തന്നെ ഓര്‍മിപ്പിക്കുന്നു:

''തന്‍ ചിത്ഉര്‍ മന്‍ രാജ കിന്‍ഹാ

ഹിയ സിംഗള്‍, ബുധി പദ്മിനി ചിന്‍ഹാ

ഗുരു സുആ ജേഹു പന്ത് ദേഖാവാ

ബിനു ഗുരു ജഗത് കോ നിര്‍ഗുണ്‍ പാവാ

നാഗമതി യഹ് ദുനിയാ ദന്താ

ബാഞ്ച സോഇ ന എഹി ചിത് ബന്താ

രാഘവ് ദൂത് സോഇ സൈതാനൂ

മായ അലാവുദ്ദീന്‍ സുല്‍ത്താനൂ

പ്രേം കഥാ എഹി ഭാംന്തി ബിചാരഹു

ബുജീ ലേഹു ജൗ ബുജൈ പാരഹു''3 

(ഈ കവിതയിലെ ചിത്തോര്‍ എന്ന പ്രദേശം മനുഷ്യ ശരീരത്തിന്റെയും, രാജാവ് -രത്തന്‍ സിംഗ്- മനസ്സിന്റെയും പ്രതീകമാണ്. സിംഹള ദ്വീപ് ഹൃദയത്തിന്റെയും പദ്മിനി ബുദ്ധിയുടെയും സ്ഥാനത്തും. (ഈ രീതിയില്‍) ഗുരു കാണിച്ചുതരുന്ന വഴിയിലൂടെ സഞ്ചരിച്ചാലാണ് ഈ ലോകത്തെ മനസ്സിലാവുക. ഗുരു ഇല്ലെങ്കില്‍ ഈ ലോകം തന്നെയാണ് ഈശ്വരന്‍ എന്ന് തോന്നും. രാജപത്‌നിയായ നാഗമതി ഐഹിക പ്രശ്‌നങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. അവയില്‍ മാത്രം ശ്രദ്ധിക്കുന്നവര്‍ക്ക് പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയുകയില്ല. രാഘന്‍ എന്ന ദൂതന്‍ പിശാചിന്റെയും സുല്‍ത്താന്‍ അലാവുദ്ദീന്‍ ദുഷ്ടത, ആര്‍ത്തി, അവിദ്യ പോലുള്ളതിന്റെയും സൂചകമാണ്. (അതിനാല്‍ വായനക്കാരേ), ഈ പ്രേമ കാവ്യത്തിന്റെ സത്ത ഉള്‍ക്കൊള്ളേണ്ടത് മേല്‍പ്പറഞ്ഞ സൂചകങ്ങളുടെ അടിസ്ഥാനത്തിലാവണം).

കവിതയിലെ കഥാഗതിയെ നിയന്ത്രിക്കുന്ന കഥാപാത്രങ്ങളെയും സ്ഥലനാമങ്ങളെയും പരാമര്‍ശിച്ച് ജായസി നല്‍കിയ സൂചനകളാണിവ.ആധുനിക ഹിന്ദിയുടെ പൂര്‍വരൂപമായഅവധി ഭാഷയിലാണ് ഈ കാവ്യം രചിച്ചത്. കാല്‍പനിക തലങ്ങളുള്ള ചിഹ്നവിജ്ഞാനീയ (ടലാശീശേര)െ ത്തിന് ഊന്നല്‍ നല്‍കുന്നതാണ് പദ്മാവത് കാവ്യം. അതിലൂടെ ദൈവിക പാന്ഥാവ് പുല്‍കാനുള്ള ആഹ്വാനമാണ് കവി നടത്തുന്നത്. അതിനാല്‍ കവിത പ്രതിനിധീകരിക്കുന്നത് ചരിത്രത്തെ അല്ലെന്നും സൂഫികളുടെ ആത്യന്തിക ലക്ഷ്യമായ ആത്മസംസ്‌കരണ(തസ്‌കിയത്ത്)ത്തെയാണെന്നും വ്യക്തം. പദ്മാവത് കാവ്യത്തിലെ സ്തുതി ഖണ്ഡില്‍ അല്ലാഹുവിന്റെ വിശേഷണമായി കവി പാടിയത് (പദ്മാവത് -1:7) ഖുര്‍ആനിലെ എണ്‍പത്തിമൂന്നാം അധ്യായത്തിന്റെ സാരാംശമാണ്. മുഹമ്മദ് നബിയെപ്പറ്റിയുള്ള ലോകാനുഗ്രഹി, കത്തുന്ന വിളക്ക് തുടങ്ങിയ ഖുര്‍ആന്‍ വിശേഷണങ്ങളിലൂടെയാണ് കവിയും സഞ്ചരിക്കുന്നത് (പദ്മാവത്-1:11). നബിയുടെ അടുത്ത അനുചരന്മാരായ നാല് ഖലീഫമാരുടെയും പേരെടുത്തുതന്നെ പരാമര്‍ശിക്കുന്നു (പദ്മാവത് -1:12). എന്നാല്‍ രത്തന്‍ സിംഗിന്റെ, പദ്മാവതി ദര്‍ശനവും തുടര്‍ന്നുണ്ടാവുന്ന ബോധ രാഹിത്യവും ഐഹികജീവിതത്തിലെ ഏതെങ്കിലും ഒരു സാക്ഷാല്‍ക്കാരത്തെ അല്ലപ്രതിനിധീകരിക്കുന്നത്; ഈശ്വരസ്‌നേഹത്തിന്റെ പൂര്‍ണതയെയാണ്. മൂസാ നബി അല്ലാഹുവിനെ ദര്‍ശിച്ചപ്പോഴും ഈ ബോധരാഹിത്യം അനുഭവപ്പെട്ടതായി ഖുര്‍ആനില്‍ കാണാം (അല്‍അഅ്‌റാഫ് 143). ഇഷ്ടഭാജനത്തോടുള്ള അനുരാഗ(ദൈവിക സ്‌നേഹം)ത്തിന്റെ പാരമ്യം ധ്വനിപ്പിക്കുന്ന സൂഫിരചനകളിലും ഈ ബോധരാഹിത്യത്തെപ്പറ്റിയുള്ള പാഠങ്ങളുണ്ട്. ജീവാത്മാവിന് പരമാത്മാവില്‍ എത്താനുള്ള ഉല്‍ക്കര്‍ഷമാണ്, രത്‌നസേനന് പദ്മാവതിയോടുള്ള അനുരാഗ വര്‍ണനയിലൂടെ കവി ചിത്രീകരിച്ചത്. ഒരു സാധകന്റെ ഭക്തിയാണ് അതിലൂടെ പ്രതിഫലിക്കുന്നതെന്ന് ഹിന്ദി സാഹിത്യ ചരിത്രകാരനും ഗവേഷകനുമായ ആചാര്യ രാമചന്ദ്ര ശുക്ല രേഖപ്പെടുത്തിയിരിക്കുന്നു.4 

കവിതയുടെ ഉപസംഹാരത്തില്‍ കവി നല്‍കിയ സൂചനകളുടെയും ചിഹ്നങ്ങളുടെയും അടിസ്ഥാനത്തിലാവണം പദ്മാവത് കവിതയെ നാം വിലയിരുത്തേണ്ടത്. അത്തരം സാഹിത്യ സമ്പ്രദായങ്ങളും രചനാ രീതികളും ഹിന്ദി സാഹിത്യത്തിന്റെ ഭാഗമായിരുന്നു. ആധുനിക സാഹിത്യ ചരിത്രകാരന്മാരും ഗവേഷകന്മാരും അത് വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും ഒരു കല്‍പിത കഥയെ അധികരിച്ച് രചിക്കപ്പെട്ട കവിതകള്‍ പൂര്‍വകാല ഹിന്ദി കവിതയില്‍ കാണാം. പേര്‍ഷ്യന്‍ കവിതയുടെ ഭാഗമായ മസ്‌നവി ശൈലി ഹിന്ദി കവിതയില്‍ അവതരിപ്പിക്കുന്നവയായിരുന്നു അവ. ഒരു പ്രമേയം അവതരിപ്പിക്കാന്‍ അവയുമായി പ്രത്യക്ഷത്തില്‍ ബന്ധമുണ്ടെന്ന് തോന്നാത്ത മറ്റൊന്ന് ആവിഷ്‌കരിക്കുന്ന അന്യാപദേശപരവും ദാര്‍ശനികവുമായ രചനകളാണ് അതുവഴി ഭാഷക്കും സാഹിത്യത്തിനും ലഭിച്ചത്. ഓരോ ഉപമേയവും പറയാത്തവ ആയിരിക്കും കവി അതില്‍ സന്നിവേശിപ്പിച്ചിട്ടുണ്ടാവുക. കഥാനായകന്‍ ഭക്തനും കഥാനായിക ഭക്തി സാധന(ഈശ്വരനില്‍ തോന്നുന്ന അനുരാഗം)യുമായിരിക്കും. എല്ലാ നായികമാരുടെയും പേര് പദ്മാവതി, മൃഗാവതി എന്നിവയിലേതു പോലെ 'വതി'യില്‍ അവസാനിക്കുന്നു. നായികയുടെ ജനനം സാധാരണയായി മലയ, സിംഹളം, രത്‌ന ദീപം മുതലായ ഏതെങ്കിലും ദ്വീപിലും.നായകന്‍ പണ്ഡിറ്റിന്റെയോ ഭിക്ഷുവിന്റെയോ അവധൂതന്റെയോ വേഷത്തില്‍ നായികയെ അന്വേഷിച്ചിറങ്ങും. ക്ഷേത്രപരിസരത്തോപൂന്തോട്ടത്തിലോ ആയിരിക്കും ആദ്യദര്‍ശനം. ഏതെങ്കിലും അലൗകിക ശക്തിയുടെ സഹായത്തോടെ വിജയവും കൈവരിക്കും. ഈ രീതിയിലുള്ള കാവ്യരചനാ സമ്പ്രദായത്തെ സാഹിത്യ ചരിത്രകാരന്മാര്‍ പ്രേമാശ്രയി (പ്രേമാഖ്യാനക) കവിത എന്നാണ് പറയുന്നത്.5

രൂപരഹിതനായ ഈശ്വര സാക്ഷാത്കാരത്തെപ്പറ്റിയുള്ള നിര്‍ഗുണോപാസനാ ദര്‍ശനത്തില്‍നിന്നാണ് ഹിന്ദി സാഹിത്യത്തിലെ പ്രേമാശ്രയി കാവ്യശാഖ രൂപപ്പെട്ടത് . അതിലെ പ്രമുഖ കവികളില്‍ ഒരാളാണ് മാലിക് മുഹമ്മദ് ജായസി. സൂഫിദര്‍ശനമാണ് അദ്ദേഹത്തിന്റെ കവിതകളുടെ അടിത്തറ. അത് ജീവാത്മാവിനെ കാമുകനായും പരമാത്മാവിനെ കാമുകിയായും കാണുന്നു. ദൈവത്തിന്റെ സമീപസ്ഥ പദവിയില്‍ വിലയിക്കാന്‍, അകളങ്കമായ സ്‌നേഹത്തിന്റെ ഉടമയാകാനാണ് ജായസി കവിതയിലൂടെ ആഹ്വാനം ചെയ്യുന്നത്. അതിന്റെ മകുടോദാഹരണമാണ് പദ്മാവത് കാവ്യം. ലൗകിക പ്രേമത്തിന്റെ കഥ പറഞ്ഞ് അലൗകിക പ്രേമത്തിന്റെ 

പൊരുള്‍ അന്വേഷിക്കുകയാണ് അദ്ദേഹം. ഹിന്ദി സാഹിത്യത്തിലെ പ്രേമാശ്രയി ശാഖയില്‍പെട്ട മികച്ച രചനയാണ് പദ്മാവത് കാവ്യമെന്ന് ഹിന്ദി സാഹിത്യ നിരൂപകനും ഗവേഷകനുമായ പ്രഭാകര്‍ മച് വെ വിലയിരുത്തിയിട്ടുണ്ട്. പദ്മാവത് കാവ്യം പുറത്തുവന്ന കാലം മുതല്‍ക്കേ പൊതുസമൂഹത്തെ ആകര്‍ഷിച്ചിരുന്നു. അവധിലെ പലഭാഗത്തും എല്ലാ വിഭാഗക്കാരുടെയും കൈവശം അതിന്റെ കൈയെഴുത്തുപ്രതി ലഭ്യമായിരുന്നു എന്ന് ആചാര്യ രാമചന്ദ്ര ശുക്ല സൂചിപ്പിച്ചിട്ടുണ്ട്. ദേവനാഗരി ലിപിയിലും പേര്‍ഷ്യന്‍ ലിപിയിലുമുള്ള കൈയെഴുത്ത് പ്രതികള്‍ അദ്ദേഹത്തിന് ലഭിച്ചു. അവയെല്ലാം സൂക്ഷ്മമായി ഒത്തുനോക്കിയാണ് കാശിയിലെ നാഗരി പ്രചാരിണി സഭയില്‍നിന്ന് പ്രസിദ്ധീകരിച്ചത്.

എന്നാല്‍ മറ്റു പല ഭാഗത്തും നാടോടി ഗായകരിലൂടെയാണ് അത് പ്രചരിച്ചത്. കവിതയെ ജനകീയവല്‍ക്കരിക്കുന്നതില്‍ നാടോടി ഗായകര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എങ്കിലും വാമൊഴിയായി കൈമാറിയ കാവ്യം, കവിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍നിന്ന് ഏറെ വഴിമാറിയാണ് സഞ്ചരിച്ചത്.സൂഫിവീക്ഷണത്തില്‍ അധിഷ്ഠിതമായ ആത്മസംസ്‌കരണ തത്ത്വങ്ങള്‍ക്കാണ് കവിതയിലെഊന്നല്‍. നിസാമുദ്ദീന്‍ ഔലിയയുടെ ശിഷ്യസരണിയില്‍പെട്ട ശൈഖ് മുഹ്‌യിദ്ദീനായിരുന്നു, ജായസിയുടെ പ്രധാന ഗുരു. മറ്റൊരാള്‍ ജായസി നിവാസിയായ സമദ് അശ്‌റഫും. അവരില്‍നിന്ന് ലഭിച്ച ആത്മസംസ്‌കരണപരമായ പാഠങ്ങളെ അന്യാപദേശ രീതിയില്‍ പുനരവതരിപ്പിക്കുകയാണ് ഈ കവിതയില്‍. കവിതയുടെ അവസാനത്തില്‍ കവിതന്നെ അതിനെപ്പറ്റി വ്യക്തമായ സൂചന നല്‍കിയത് നാം കണ്ടു. എന്നാല്‍ ചിത്തോറില്‍നിന്ന് ആയിരത്തോളം കിലോമീറ്റര്‍ അകലെയുള്ള അവധിലെ ഒരു കവിയുടെ രചനയായതിനാല്‍ പതിറ്റാണ്ടുകള്‍ക്കു ശേഷമാണ്അത് രജപുത്താനയില്‍പ്രചരിച്ചത്. ഇന്നത്തേതുപോലുള്ള യാത്രാ സൗകര്യമോ വിദ്യാഭ്യാസപരമായ അഭ്യുന്നതിയോ മുദ്രണ സമ്പ്രദായമോ നിലവിലില്ലാതിരുന്നതാവാം അതിന്റെ പ്രധാന കാരണം. അത്തരം സാധ്യതകളുടെ അഭാവത്തില്‍ നാടോടി ഗായകരിലൂടെയാണ് അതവിടെ  പ്രചരിച്ചത്. അവര്‍ കവിതയുടെ ലക്ഷ്യത്തെയോ പശ്ചാത്തലത്തെയോ പൂര്‍ണമായി ഉള്‍ക്കൊണ്ടിരുന്നില്ല. ജനഹൃദയങ്ങളെ ആവേശം കൊള്ളിക്കാന്‍ സഹായകമായ കവിതയിലെ വീരനായക-പ്രതിനായക സംഘര്‍ഷങ്ങളെയും പ്രണയത്തെയും വര്‍ധിച്ച പ്രാധാന്യത്തോടെ പാടി പ്രചരിപ്പിച്ചു.

സൂഫിസിദ്ധാന്തങ്ങളില്‍നിന്ന് മുക്തമായി പദ്മാവത് കാവ്യം രജപുത്താനയില്‍ പ്രചരിച്ചപ്പോള്‍, ചരിത്ര സംഭവം എന്ന നിലയിലാണ് പൊതുസമൂഹം ആ കവിതയിലെ പ്രതിപാദ്യത്തെ പരിഗണിച്ചത്. അതോടെ പദ്മാവത് കാവ്യം തികച്ചും ഭിന്നമായ മറ്റൊരു രാഷ്ട്രീയ പരിസരത്തേക്ക് പരാവര്‍ത്തനം ചെയ്യപ്പെടുകയായിരുന്നു. ഗൗരീശങ്കര്‍ ഹീരാചന്ദ് ഓജയും ഈശ്വരിപ്രസാദും നിരീക്ഷിച്ചതുപോലെ ഉദയ്പൂര്‍ കൊട്ടാരത്തിലെയും രജപുത്തനായിലെയും ജ്ഞാനികളോ പില്‍ക്കാലക്കാരോ ഒന്നും തന്നെ അത് തിരുത്തുന്നതിന് ശ്രമിച്ചില്ല. പകരം പദ്മാവതി തങ്ങളുടെ പാരമ്പര്യത്തിന്റെ ഭാഗമായിരുന്നുവെന്ന് വിശ്വസിക്കാനാണ് ശ്രമിച്ചത്.

 (തുടരും)


അവലംബം

1. Kishori Saran Lal- History of the Khalj, page 102 New Delhi 1980 (1950)

2. Muhammed Habib, Khaliq Ahamed Nizami- A Comprehensive History of India - The Delhi Sulthanat- page 371- New Delhi 1980 (1970)

3. ആചാര്യ രാമചന്ദ്ര ശുക്ല- ജായസി ഗ്രന്ഥാവലി-പദ്മാവത് (ഹിന്ദി) പേജ് 282, ഇലാഹാബാദ് 2005-'19

4. അതേ ഗ്രന്ഥം, പേജ് 51

5. പ്രഭാകര്‍ മച്‌വെ- വിവ: എന്‍.കെ ദാമോദരന്‍, ഭാരതീയ സാഹിത്യ ചരിത്രം. വാള്യം ഒന്ന്, പേജ് 309. തൃശൂര്‍ 1982


Comments

Other Post

ഹദീസ്‌

പിരിമുറുക്കത്തിന്റെ അടിവേര് അന്വേഷിച്ചാല്‍
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (33-37)
എ.വൈ.ആര്‍