ഉണ്ണീന്‍ സാഹിബ്
നന്മയുടെ വാക്കുകള്‍ക്ക് ജീവിതസാക്ഷ്യം നിര്‍വഹിച്ചാണ് മഞ്ചേരി കോഴിക്കാട്ടുകുന്ന് സ്വദേശിയും ജമാഅത്തെ ഇസ്‌ലാമി കാര്‍കുനുമായ പൂഴിക്കുത്ത് ഉണ്ണീന്‍ സാഹിബ് (57) അല്ലാഹുവിങ്കലേക്ക് യാത്രയായത്.
മമ്പാട് എം.ഇ.എസ് കോളജില്‍ പഠിക്കുന്ന കാലത്താണ് ഉണ്ണീന്‍ സാഹിബ് ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധം സ്ഥാപിക്കുന്നത്. ചെറുപ്രായത്തില്‍ മാതാപിതാക്കള്‍ മരണപ്പെട്ടതിനാല്‍ വിദ്യാര്‍ഥിയായിരിക്കെ തന്നെ കഠിനാധ്വാനത്തിലൂടെയാണ് അദ്ദേഹം വളര്‍ന്നുവന്നത്. പഠനകാലത്ത് പരന്ന വായന ശീലമാക്കിയ ഉണ്ണീന്‍ സാഹിബ് പ്രസ്ഥാന സാഹിത്യങ്ങളിലൂടെയും ക്ലാസുകളിലൂടെയും ജമാഅത്തെ ഇസ്‌ലാമിയെ മനസ്സിലാക്കി ഇസ്‌ലാമിക പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നു. തുടര്‍ന്ന് മഞ്ചേരിയിലെ ചെരണി മുത്തഫിഖ് ഹല്‍ഖയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ഹല്‍ഖാ നാസിം, സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ നിര്‍വഹിച്ചു. ശേഷം ജോലിയാവശ്യാര്‍ഥം വിദേശത്തേക്കു പോയി. അവിടെയും പ്രസ്ഥാന രംഗത്തും സാമൂഹിക പ്രവര്‍ത്തനങ്ങളിലും നിറഞ്ഞുനിന്നു. മരിക്കുമ്പോള്‍ ജീസാനിലെ ശൈയ്ബ ഹല്‍ഖാ നാസിം ആയിരുന്നു.
കുടുംബത്തെ പ്രസ്ഥാനവുമായി ചേര്‍ത്തുനിര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചു. ആ മാര്‍ഗത്തില്‍ സഹധര്‍മിണിയും മക്കളും അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചു. ജീവിതത്തിലുടനീളം പ്രസ്ഥാനം പകര്‍ന്നു നല്‍കിയ മൂല്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ പ്രയത്‌നിച്ച ഉണ്ണീന്‍ സാഹിബിന്റെ മരണത്തെ കുടുംബം സ്വീകരിച്ചതും ഉയര്‍ന്ന ഇസ്‌ലാമിക ബോധത്തോടെയായിരുന്നു. ആകസ്മികമായ മരണം നല്‍കിയ കടുത്ത ആഘാതത്തിലും മയ്യിത്ത് കുളിപ്പിക്കുന്നതിന് പതറാതെ നേതൃത്വം നല്‍കിയത് അദ്ദേഹത്തിന്റെ സഹധര്‍മിണിയായിരുന്നു. പെരുമാറ്റത്തിലും കുടുംബ ബന്ധങ്ങളും സൗഹൃദങ്ങളും കാത്തുസൂക്ഷിക്കുന്നതിലും ഉണ്ണീന്‍ സാഹിബ് മാതൃകയായിരുന്നു. ആകര്‍ഷകമായ പെരുമാറ്റത്തിലൂടെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി മാറാന്‍ അദ്ദേഹത്തിനു സാധിച്ചു. സാമ്പത്തിക ഇടപാടിലെ സൂക്ഷ്മത, സമയനിഷ്ഠ, സമര്‍പ്പണ സന്നദ്ധത, കഠിനാധ്വാനം തുടങ്ങിയ കാര്യങ്ങളില്‍ സഹപ്രവര്‍ത്തകര്‍ക്കും കുടുംബത്തിനും അദ്ദേഹം മികച്ച മാതൃകയായിരുന്നു.
പ്രവാസ ജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും പ്രസ്ഥാന ഉത്തരവാദിത്തങ്ങള്‍ ശ്രദ്ധയോടെ നിര്‍വഹിച്ചു. പ്രസ്ഥാന സാഹിത്യങ്ങള്‍ മുടങ്ങാതെ വായിക്കാനും പോയിന്റുകള്‍ കുറിച്ചുവെക്കാനും സമയം കണ്ടെത്തിയിരുന്ന അദ്ദേഹം ഖുര്‍ആന്‍ പഠനത്തിലും പ്രവര്‍ത്തകര്‍ക്ക് മാതൃകയായി. മരണപ്പെടുന്നതിനു മുമ്പുള്ള ഹല്‍ഖാ യോഗങ്ങളില്‍ ഖുര്‍ആന്‍ പഠനത്തിന് സൂറത്തുല്‍ മുല്‍ക് നിര്‍ദേശിച്ചുകൊണ്ട് സഹപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു: 'ഈ സൂറത്ത് നമുക്ക് ഖബ്‌റില്‍ പ്രയോജനപ്പെടുന്നതും ശിപാര്‍ശ ലഭിക്കുന്നതുമാണ്.' പ്രസ്തുത സൂറത്ത് പഠിച്ച് പൂര്‍ത്തിയാക്കുകയും ചെയ്തു. ജമാഅത്ത് അംഗത്വത്തിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുകയും അതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ജീവിതവഴിയില്‍ കാത്തുസൂക്ഷിച്ച മൂല്യങ്ങള്‍ക്കും തെളിമയാര്‍ന്ന വ്യക്തിത്വത്തിനും ലഭിച്ച അംഗീകാരമായിരുന്നു ജനാസ നമസ്‌കാരത്തിന് തടിച്ചുകൂടിയ ജനക്കൂട്ടവും അവരുടെ പ്രാര്‍ഥനയും.
22 വര്‍ഷത്തോളമായി സുഊദി അറേബ്യയിലെ ജീസാനില്‍ ജോലി ചെയ്യുകയായിരുന്ന അദ്ദേഹം ചികിത്സക്കായി നാട്ടിലെത്തിയതായിരുന്നു. പരിശോധനക്കു വേണ്ടി ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ പെട്ടെന്ന് മസ്തിഷ്‌കാഘാതം ഉണ്ടായി. ഹൃദയാഘാതം മൂലം മൂന്നാം ദിവസം മരണപ്പെട്ടു.
ഭാര്യ സാബിറ കോഴിക്കാട്ടുകുന്ന് വനിതാ ഹല്‍ഖാ നാസിമത്താണ്. മകള്‍ സമീഹ സോളിഡാരിറ്റി സംസ്ഥാന പ്രതിനിധിസഭാംഗം എ.ടി ശറഫുദ്ദീന്റെ ഭാര്യയാണ്. ആണ്‍മക്കള്‍: ഫസ്‌ലുര്‍റഹ്മാന്‍, മുന്‍സിഫ് റഹ്മാന്‍. സഹോദരങ്ങള്‍: അബ്ദുല്‍ മജീദ്, ഫാത്വിമ.
Comments