ഖുസാഅ
(മുഹമ്മദുന്‍ റസൂലുല്ലാഹ്-52)
അറേബ്യയിലെ പ്രബല ഗോത്രങ്ങളില്‍ ഒന്ന് എന്ന നിലക്ക് ഇസ്‌ലാമിന്റെ ആദ്യകാല ചരിത്രത്തില്‍ ഖുസാഅ വഹിച്ച പങ്ക് വളരെ പ്രധാനമാണ്. യമനിലാണ് ഈ ഗോത്രത്തിന്റെ ഉത്ഭവം. അവിടത്തെ മആരിബ് അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്നാണ് അവര്‍ ജന്മദേശം വിട്ടത്. അവര്‍ക്കൊപ്പം ഗസ്സാന്‍, അസ്ദ്-ശനൂഅ പോലുള്ള മറ്റു ഗോത്ര വിഭാഗങ്ങളും ഉണ്ടായിരുന്നു. സ്ഥിരമായി താമസിക്കാന്‍ താവളമന്വേഷിക്കുകയായിരുന്നു അവര്‍. ഇബ്‌നു ഹബീബിന്റെ1 വിവരണപ്രകാരം, ഈ സംഭവം നടക്കുന്നത് റോമിലെ ദസിയസ് ചക്രവര്‍ത്തിയുടെ (അദ്ദേഹം മരിച്ചത് ക്രി. 251-ല്‍) കാലത്താണ്. ഈ ഗോത്രങ്ങളുടെ യാത്ര മക്കയിലെത്തിയപ്പോള്‍ ഗസ്സാന്‍ ഗോത്രക്കാര്‍ വടക്കോട്ടേക്ക് വീണ്ടും യാത്ര തുടര്‍ന്നു. അങ്ങനെയവര്‍ സിറിയ വരെ എത്തി. അസ്ദ്-ശനൂഅക്കാരാകട്ടെ കിഴക്കോട്ടേക്കാണ് യാത്ര തുടര്‍ന്നത്. അവര്‍ എത്തിച്ചേര്‍ന്നത് ഒമാനിലും. ഖുസാഅക്കാര്‍ ഇനിയും യാത്ര ചെയ്യേണ്ടതില്ല എന്നാണ് തീരുമാനിച്ചത്. അങ്ങനെ അവരുടെ നേതാവ് മക്കയിലേക്ക്2 ഒരു ദൂതനെ അയച്ചു. മക്കയിലപ്പോഴത്തെ പ്രധാന നിവാസികള്‍ ജുര്‍ഹുമി ഗോത്രക്കാരായിരുന്നു. മക്കയില്‍ താല്‍ക്കാലികമായി തങ്ങാന്‍ അനുവാദം ചോദിക്കാനാണ് ദൂതനെ അയച്ചത്. വാസയോഗ്യമായ ഒരു പ്രദേശം കിട്ടിക്കഴിഞ്ഞാല്‍ അവര്‍ അങ്ങോട്ട് മാറും. പക്ഷേ, ഖുസാഅക്കാരുടെ ഈ അഭ്യര്‍ഥന ജുര്‍ഹുമികള്‍ ചെവിക്കൊണ്ടില്ല. കാരണം ഖുസാഅക്കാര്‍ എണ്ണത്തില്‍ അത്രയധികം ഉണ്ടായിരുന്നു. അഭ്യര്‍ഥന നിരസിക്കപ്പെട്ടതില്‍ ക്ഷുഭിതരായ ഖുസാഅക്കാര്‍ ജുര്‍ഹുമികളെ ആക്രമിക്കുകയും അവരെ നാമാവശേഷമാക്കുകയും ചെയ്തു. മക്കയുടെ ആധിപത്യം ഖുസാഅക്കാരുടെ കൈകളിലായി. മേഖലയിലെ മുഴുവന്‍ ജുര്‍ഹുമികളെയും അവര്‍ അവിടെ നിന്ന് പുറത്താക്കി; യുദ്ധത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ച ജുര്‍ഹുമി കുടുംബങ്ങളെ വരെ. ഇസ്മാഈല്‍ നബിയുടെ പിന്മുറക്കാരെ മാത്രമാണ് ശല്യം ചെയ്യാതെ അവര്‍ വെറുതെ വിട്ടത്; അവരാണെങ്കില്‍ എണ്ണത്തില്‍ അധികമുണ്ടായിരുന്നില്ല താനും.
മക്ക (അവിടെ കഅ്ബ ഉള്ളതുകൊണ്ട്) നേരത്തേ തന്നെ ഒരു തീര്‍ഥാടന കേന്ദ്രമായിരുന്നു. ജുര്‍ഹുമികള്‍ തീര്‍ഥാടകരുടെ മേല്‍ പത്തിലൊന്ന് നികുതി ചുമത്തിയിരുന്നു. ഇതു കാരണം പൊതുജനത്തിന് അവരോട് വെറുപ്പായിരുന്നു. ഖുസാഅക്കാരാകട്ടെ കഅ്ബയെ ഒരു കള്‍ട്ടായി വികസിപ്പിക്കാനാണ് ശ്രമിച്ചത്. കഅ്ബാ മന്ദിരത്തില്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കാന്‍ തുടങ്ങിയത് ഖുസാഅക്കാരാണെന്നാണ് കരുതപ്പെടുന്നത്. ഖുസാഅ മുഖ്യനായ റബീഅ നിരവധി വിഗ്രഹങ്ങളെ കഅ്ബക്കു ചുറ്റും പ്രതിഷ്ഠിച്ചു. ഫലസ്ത്വീനിലെ മുആബില്‍നിന്ന് അമാല്‍ക്കന്മാരുടെ ഭീമാകാരമായ ഹുബല്‍ വിഗ്രഹം കൊണ്ടുവന്ന് കഅ്ബക്കകത്ത് പ്രതിഷ്ഠിച്ചതും ഇദ്ദേഹമാണ്.3 ഇദ്ദേഹം ഒരുപക്ഷേ കച്ചവട കാര്യങ്ങള്‍ക്കായിരിക്കാം ഫലസ്ത്വീനിലേക്ക് പോയിട്ടുണ്ടാവുക. തീര്‍ഥാടകരെ നന്നായി സല്‍ക്കരിക്കാറുണ്ടായിരുന്നു റബീഅ (ഹുബല്‍ എന്ന കള്‍ട്ടിന് അവരുടെ മനസ്സില്‍ ഇടമുറപ്പിക്കുന്നതിനു വേണ്ടിയാകുമോ ഇത്?). വിലപിടിച്ച വിരികള്‍ തൂക്കി കഅ്ബയുടെ പുറംഭാഗം മോടിപിടിപ്പിക്കുകയും ചെയ്തു അദ്ദേഹം.4
മുഹമ്മദ് നബിയുടെ പൂര്‍വികരിലൊരാളായ ഖുസയ്യ്, ഹുലൈലിന്റെ മകള്‍ ഹുബ്ബയെയാണ് വിവാഹം ചെയ്തിരുന്നത്. ഹുലൈലായിരുന്നു ഖുസാഅക്കാരുടെ പുരോഹിത മുഖ്യന്‍. ഹുലൈല്‍ മരണപ്പെട്ടപ്പോള്‍ കഅ്ബയുടെ താക്കോലുകള്‍ ഖുസയ്യ് പിടിച്ചെടുത്തു. അത് ഖുസാഅക്കാര്‍ക്കും ഖുസയ്യിനുമിടയില്‍ (ഖുളാഅ, അസദ് തുടങ്ങിയ സുഹൃദ് ഗോത്രങ്ങള്‍ ഖുസയ്യിനെ സഹായിച്ചിരുന്നു)5 യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് നിമിത്തമായി. യുദ്ധത്തില്‍ പരാജയം സമ്മതിച്ച ഖുസാഅക്കാര്‍ മക്കാ നഗരം വിട്ട് അതിന്റെ പ്രാന്തങ്ങളില്‍ താമസമുറപ്പിച്ചു. ഖുസയ്യിന്റെ ഏക ഭാര്യ ഒരു ഖുസാഅക്കാരിയായിരുന്നു. മാത്രമല്ല, ഖുസയ്യിന്റെ മകന്‍ അബ്ദുമനാഫ് വിവാഹം കഴിച്ചിരുന്നതും ഒരു ഖുസാഅക്കാരിയെ തന്നെ. ഇതു കാരണം ഇരുപക്ഷവും പെട്ടെന്ന് ഒരു ഒത്തുതീര്‍പ്പിലെത്തുകയാണുണ്ടായത്. പ്രവാചക പത്‌നി ഖദീജയുടെയും പ്രവാചക മാതാവ് ആമിനയുടെയും ഒരു പൂര്‍വിക ഖുസാഅ ഗോത്രക്കാരിയായിരുന്നു. ഉമറിന്റെയും മറ്റു ചില സ്വഹാബികളുടെയും (ഇവരും ഖുസയ്യിന്റെ പിന്മുറക്കാരാണ്) പൂര്‍വികരിലും ഖുസാഅക്കാരെ കണ്ടെത്താന്‍ കഴിയും.6 പ്രവാചകന്റെ സമകാലീനനായ ബുദൈലുബ്‌നു വറഖ എന്ന ഖുസാഅക്കാരന്റെ വീടിനെക്കുറിച്ച് ഇബ്‌നു ഹിശാം എഴുതുന്നുണ്ട്.7 ഇബ്‌നു ഹബീബ്8 പറയുന്നത്, മക്കയിലെ തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഖുസയ്യ് കുടുംബത്തിന് സവിശേഷ പദവികള്‍ ഉണ്ടായിരുന്നുവെന്നാണ്. ഈ പദവികളില്‍ ഖുസാഅക്കാര്‍ക്കും പങ്കാളിത്തമുണ്ടായിരുന്നു. അഹ്ബാശ് ഗോത്ര സഖ്യത്തെക്കുറിച്ച് നാം നേരത്തേ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഖുസയ്യ് കുടുംബവും ചില ഖുസാഅ ഉപ ഗോത്രങ്ങളും ആ സഖ്യത്തില്‍ പങ്കാളികളായിരുന്നുവെന്ന് ആനുഷംഗികമായി സൂചിപ്പിക്കട്ടെ. നൂറ്റാണ്ടുകളോളം ഈ ഗോത്ര സൗഹൃദം നിലനിന്നു. പ്രവാചകന്റെ പിതാമഹന്‍ അബ്ദുല്‍ മുത്ത്വലിബിന്റെ കാലം മുതല്‍ക്ക് ആ ബന്ധങ്ങള്‍ കൂടുതല്‍ ഊട്ടിയുറപ്പിക്കപ്പെടുന്നതായി നാം കാണുന്നു. തന്റെ ബന്ധുവായ നൗഫലുമായി കിണര്‍ വെള്ളവുമായി ബന്ധപ്പെട്ട ഒരു തര്‍ക്കത്തില്‍ ചില ഉരസലുകള്‍ ഉണ്ടായപ്പോള്‍ അബ്ദുല്‍ മുത്ത്വലിബ് ഖുസാഅക്കാരുമായി ഒരു സഖ്യമുണ്ടാക്കി. അബ്ദുശ്ശംസ് ഗോത്രവുമായി നൗഫല്‍ ഉണ്ടാക്കിയ സഖ്യത്തെ കൗണ്ടര്‍ ബാലന്‍സ് ചെയ്യിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ആ സഖ്യത്തിന്റെ ലിഖിത രേഖ നമുക്ക് ലഭിച്ചിട്ടുണ്ട്. അതിങ്ങനെ:
''ദൈവമേ, നിന്റെ നാമത്തില്‍! ഇത് അബ്ദുല്‍ മുത്ത്വലിബ്‌നു ഹാശിമും ഖുസാഅ ഗോത്രവും തമ്മില്‍ ഒപ്പുവെക്കുന്ന കരാര്‍. ഗോത്രമുഖ്യരും നല്ല ഉപദേശം നല്‍കാന്‍ കഴിയുന്നവരുമൊക്കെയാണ് ഇത് തയാറാക്കിയിരിക്കുന്നത്. ഇവിടെ ഹാജരുള്ളവര്‍ തയാറാക്കിയ ഈ രേഖ ഇപ്പോള്‍ ഹാജരില്ലാത്തവരും അംഗീകരിക്കും: ഞങ്ങളും നിങ്ങളും കൈമാറിയിരിക്കുന്നത് ദൈവദത്തമായ ഉറപ്പാണ്. കൈ (പ്രവൃത്തി) ഒന്നായിരിക്കണം, വിജയം ഒന്നായിരിക്കണം; സബീര്‍ പര്‍വതം (സൂര്യപ്രകാശത്താല്‍) പ്രകാശിക്കുവോളം, സ്വൂഫ (ചിപ്പി/മുടി)യെ കടല്‍ വെള്ളം നനക്കുവോളം... നമുക്കിടയില്‍ ഇനി, കല്‍പ്പാന്ത കാലത്തോളം ഒന്നും സംഭവിക്കില്ല, ഈ കരാറിന്റെ പുതുക്കലല്ലാതെ.''
ഈ കരാറിന്റെ ഒടുവിലത്തെ ഖണ്ഡികയുടെ മറ്റൊരു ഭാഷ്യം ഇങ്ങനെയാണ്:
''ഈ കരാര്‍ ഒന്നിപ്പിക്കാനുള്ളതാണ്, ഭിന്നിപ്പിക്കാനുള്ളതല്ല. പ്രായമായവര്‍ പ്രായമായവര്‍ക്കൊപ്പം, ചെറുപ്പക്കാര്‍ ചെറുപ്പക്കാര്‍ക്കൊപ്പം, ഹാജരുള്ളവര്‍ ഹാജരില്ലാത്തവര്‍ക്കൊപ്പം. അതിനാല്‍ അവര്‍ തമ്മിലെ ഈ കരാര്‍, ഒരു ഭഗ്നവും കൂടാതെ, സബീര്‍ പര്‍വതമുകളില്‍ സൂര്യന്‍ ഉദിക്കുന്ന കാലത്തോളം, മരുഭൂമിയില്‍ ഒട്ടകം ചിനക്കുന്ന കാലത്തോളം, രണ്ട് അഖ്ശബാന്‍ മലകള്‍ തലയുയര്‍ത്തി നില്‍ക്കുന്ന കാലത്തോളം, മക്കയിലേക്ക് തീര്‍ഥാടനം (ഉംറ) തുടരുവോളം നിലനില്‍ക്കും. എല്ലാ കാലത്തേക്കുമുള്ള ഈ കരാറിനെ ഓരോ സൂര്യോദയവും ശക്തിപ്പെടുത്തും, ഓരോ രാത്രിയും അതിന്റെ ആയുസ്സ് വര്‍ധിപ്പിക്കും! ആയതിനാല്‍ അബ്ദുല്‍ മുത്ത്വലിബും അദ്ദേഹത്തിന്റെ സന്താന പരമ്പരകളും അദ്ദേഹത്തിനൊപ്പമുള്ളവരും ഖുസാഅ ഗോത്രക്കാരുമായി ഉടമ്പടിയുണ്ടാക്കി സഹകരിച്ചു നീങ്ങും; അവരെ സഹായിക്കും. ഏതൊരു പ്രതിയോഗിക്കെതിരെയും ഖുസാഅക്കാര്‍ക്ക് ഒരു കൈ സഹായം അബ്ദുല്‍ മുത്ത്വലിബില്‍നിന്നും അദ്ദേഹത്തോടൊപ്പമുള്ളവരില്‍നിന്നുമുണ്ടാവും. അതോടൊപ്പം, അബ്ദുല്‍ മുത്ത്വലിബിനെയും ഒപ്പമുള്ളവരെയും സഹായിക്കേണ്ടത് ഖുസാഅക്കാരുടെയും ബാധ്യതയാണ്. (പ്രതിയോഗികളായ) അറബികള്‍ കിഴക്കു നിന്നോ പടിഞ്ഞാറു നിന്നോ, മലമ്പ്രദേശത്തു നിന്നോ സമനില പ്രദേശത്തു നിന്നോ, എവിടെ നിന്നുള്ളവരാണെങ്കിലും ശരി. ഈ ഉറപ്പ് ദൈവത്തില്‍നിന്നുള്ളത്-അതിനേക്കാള്‍ വലിയ ഉറപ്പ് എവിടന്ന് ലഭിക്കാനാണ്''9
മുഹമ്മദ് നബി മക്കയില്‍ തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ തദ്ദേശവാസികളില്‍നിന്ന് എല്ലാ തരത്തിലുമുള്ള എതിര്‍പ്പുകള്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്നു; പ്രത്യേകിച്ച് ഖുസാഅക്കാരായ ചിലരില്‍നിന്ന്. ഇബ്‌നു സുലാസില (അദ്ദേഹത്തിന്റെ ശരിക്കുള്ള പേര് മാലിക്.10 അംറ്11 എന്നോ അല്‍ഹാരിസ്12 എന്നോ ചിലര്‍ പറയുന്നത് ശരിയല്ല), 'ഖുറൈശികളിലെ പിശാചുക്കളില്‍ ഒരാളായ'13 അബൂബുര്‍ദ അല്‍ അസ്‌ലമി, അദിയ്യുബ്‌നു ഹംറ14 എന്നിവരാണ് ആ പ്രതിയോഗികളില്‍ പ്രമുഖര്‍. ഒരുപക്ഷേ ഇവര്‍ കേവലം വ്യക്തികള്‍ മാത്രമാവാം. അവരുടെ കുടുംബത്തിന് പ്രവാചകന്റെ കുടുംബവുമായി ഉടമ്പടി ഉണ്ടാവണമെന്നില്ല. മറ്റൊരു കാര്യവും കൂടി ഇവിടെ ഓര്‍ക്കാം. പ്രവാചകന്‍ ത്വാഇഫില്‍നിന്ന് തിരിച്ചുവരുമ്പോള്‍ തനിക്കു വേണ്ടി ഒരു മക്കക്കാരന്റെ സംരക്ഷണം ആവശ്യപ്പെടാനായി പ്രവാചകന്‍ പറഞ്ഞയച്ചത് ഒരു ഖുസാഅക്കാരനെ ആയിരുന്നു.15 മദീനയിലേക്കുള്ള പലായനത്തിനിടക്ക് പ്രവാചകന്‍ ഉമ്മു മഅ്ബദ് എന്നൊരു സ്ത്രീയുടെ വീട്ടിലിറങ്ങുകയും, പാല്‍ വറ്റിയ രോഗിയായ ഒരാടിനെ കറന്ന് പാലെടുക്കുകയും ചെയ്ത സംഭവവും നാം പരാമര്‍ശിച്ചതാണ്. ആ സ്ത്രീയും ഖുസാഅക്കാരിയായിരുന്നു. പ്രവാചകനും സംഘവും പോയിക്കഴിഞ്ഞ ശേഷമാണ് അവരുടെ ഭര്‍ത്താവ് വീട്ടിലെത്തുന്നത്. ഇരുവരും ഉടനെ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.16 ഹി. 3-ാം വര്‍ഷം ഉഹുദ് യുദ്ധം കഴിഞ്ഞ ഉടനെ പ്രവാചകനും ഒരു സംഘം അനുചരന്മാരും ഖുറൈശികളെ പിന്തുടര്‍ന്ന് യാത്ര തിരിച്ചിരുന്നുവല്ലോ. ഹംറതുല്‍ അസദ് വരെ അവരെ പിന്തുടരുകയുണ്ടായി. അവിടെ വെച്ച് പ്രവാചകന്‍, 'അബൂ മഅ്ബദിന്റെ മകന്‍ മഅ്ബദുല്‍ ഖുസാഇയോട് (അപ്പോഴും അദ്ദേഹം ബഹുദൈവ വിശ്വാസിയാണ്) പറഞ്ഞു: ഖുറൈശികളെ വഴിക്കു വെച്ച് കണ്ടാല്‍ ശക്തമായ ഒരു സൈന്യവുമായി മുഹമ്മദ് അങ്ങോട്ടു വരുന്നെന്ന് പറഞ്ഞേക്കണം.'17 ഇതില്‍ പറയുന്ന മഅ്ബദ് ഈ ദമ്പതികളുടെ മകനായിരിക്കണം.
യുദ്ധമുണ്ടായാല്‍ പതിനായിരം പടയാളികളെ വരെ അണിനിരത്താന്‍ ഖുസാഅ ഗോത്രത്തിന് കഴിഞ്ഞിരുന്നു.18 മക്കയുടെ തെക്കേ അറ്റം മുതല്‍ റാബിഗ് വരെ അവരുടെ അധിവാസ മേഖലയായിരുന്നു. റാബിഗ് തുറമുഖത്തിന് സമീപമായിരുന്നു ഖുസാഅയുടെ രണ്ട് ശാഖകളായ അസ്‌ലമും മുസ്തലിഖും താമസിച്ചിരുന്നത്. പ്രവാചക ചരിത്രത്തില്‍ സുപ്രധാന റോളുകളില്‍ അവരെ കാണാനാവും. മക്കക്കാരനായ കുര്‍സുബ്‌നു ജാബിര്‍ എന്നൊരാള്‍ മക്കയില്‍ കൊള്ളയും കൊള്ളിവെപ്പും നടത്തിയ കാര്യം നേരത്തേ സൂചിപ്പിച്ചിട്ടുണ്ട്. അയാളെ പ്രവാചകന്‍ സ്വഫ്‌വാന്‍ എന്ന സ്ഥലം വരെ പിന്തുടര്‍ന്നു. ഇബ്‌നു ഹബീബിന്റെ അഭിപ്രായത്തില്‍,19 അവിടെ വെച്ച് പ്രവാചകന്‍ ഗിഫാറുമായി മാത്രമല്ല, അസ്‌ലം ഉപഗോത്രവുമായും കരാര്‍ ഒപ്പുവെച്ചു. ബദ്ര്‍ യുദ്ധത്തിന്റെ ഒരു മാസം മുമ്പായിരുന്നു ഇത്. ഇതേ ചരിത്രകാരന്‍20 പറയുന്ന മറ്റൊരു സംഭവമുണ്ട്. അസ്‌ലം ഗോത്രക്കാരിയായ കുഐബ ബിന്‍ത് സഅ്ദ് രോഗികളെ ശുശ്രൂഷിച്ച് മദീനാ പള്ളിയില്‍ തന്നെയായിരുന്നുവത്രെ താമസം. അസ്‌ലമിക്കാരായ ഏതാനും പേര്‍ ആദ്യകാലത്തു തന്നെ ഇസ്‌ലാം സ്വീകരിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. അല്‍ ഹുസൈ്വനു ബ്‌നു ഔസുല്‍ അസ്‌ലമി എന്നയാള്‍ക്ക് പ്രവാചകന്‍, അല്‍ ഫുര്‍ഗൈന്‍-ദാത്തു അശാശ് മേഖലകളില്‍ ഭൂമി പതിച്ചുകൊടുത്തതിന്റെ രേഖ നമുക്ക് ലഭിച്ചിട്ടുണ്ട്. അസ്‌ലമികളുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന രേഖ ഇങ്ങനെയാണ്:
''ഖുസാഅക്കാരായ അസ്‌ലമികള്‍ക്ക്, അവരില്‍നിന്ന് അല്ലാഹുവില്‍ വിശ്വസിക്കുകയും നമസ്‌കാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ദൈവമാര്‍ഗത്തില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക്-അവരെ ആര്‍ അന്യായമായി ആക്രമിച്ചാലും അവര്‍ക്കു വേണ്ട എല്ലാ സഹായവും നല്‍കും. ആവശ്യമാകുന്ന പക്ഷം പ്രവാചകനെ സഹായിക്കേണ്ടത് അവരുടെയും ബാധ്യതയാണ്. അവരില്‍ സ്ഥിരതാമസക്കാര്‍ക്കുള്ള അവകാശം അവരിലെ നാടോടികള്‍ക്കുമുണ്ടാകും. അവര്‍ എവിടെയായിരുന്നാലും മുസ്‌ലിം പ്രദേശങ്ങളില്‍ കുടിയേറിപ്പാര്‍ത്തവര്‍ എന്ന പരിഗണന അവര്‍ക്ക് ഉണ്ടാവും. ഇതെഴുന്നത് കരാറിന് സാക്ഷി കൂടിയായ അല്‍ അലാഅ് ബ്‌നുല്‍ ഹള്‌റമി.''22
മേല്‍പ്പറഞ്ഞ രേഖ എഴുതിയ അല്‍അലാഅ് എന്ന വ്യക്തിയുടെ പേരില്‍നിന്ന് ആ രേഖ എന്നാണ് എഴുതിയത് എന്നതിനെക്കുറിച്ച് സൂചനകളൊന്നും ലഭിക്കുന്നില്ല. ബനൂഉമയ്യയുടെ സംരക്ഷണത്തില്‍ മക്കയില്‍ സ്ഥിരതാമസമാക്കിയ അദ്ദേഹം ഹിജ്‌റക്കും മുമ്പേ വളരെ തുടക്കത്തില്‍ തന്നെ ഇസ്‌ലാം ആശ്ലേഷിച്ചിട്ടുണ്ട്. ഈ രേഖയില്‍ സകാത്ത് പരാമര്‍ശമുള്ളതുകൊണ്ട് അത് എഴുതിയത് ഹി. ഒമ്പതാം വര്‍ഷമാണെന്ന നിഗമനത്തില്‍ നാം എത്താന്‍ സാധ്യതയുണ്ട്. കാരണം സകാത്ത് ശേഖരിക്കാന്‍ ഉദ്യോഗസ്ഥരെ നിയമിച്ചത് ആ വര്‍ഷമാണ്. അതേസമയം, മദീനയില്‍ വന്ന് കുടിയേറിപ്പാര്‍ക്കുന്ന കാര്യത്തില്‍ ഇളവുണ്ടെന്ന സൂചനയും രേഖ നല്‍കുന്നുണ്ട്. മദീനാ ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍, ഇസ്‌ലാം സ്വീകരിക്കുന്ന മറ്റു ദേശക്കാര്‍ മദീനയില്‍ കുടിയേറിത്താമസിക്കണമെന്ന ഒരു നിലപാട് പ്രവാചകന്‍ സ്വീകരിച്ചിരുന്നു. അത് ഒഴിവാക്കുന്നത് ഹി. 8-ാം വര്‍ഷം മക്കാ വിജയത്തോടു കൂടിയാണ് (നാം കണ്ടതുപോലെ ആ ഇളവ് ഹിജ്‌റ അഞ്ചാം വര്‍ഷം മുസൈന ഗോത്രക്കാര്‍ക്കും ലഭിച്ചിരുന്നു). അല്‍ വാഖിദി23 യുടെ വിവരണ പ്രകാരം, ബുറൈദതു ബ്‌നുല്‍ ഹുസൈ്വബ് ആയിരുന്നു അസ്‌ലമി ഗോത്രപ്രതിനിധി സംഘത്തിന്റെ തലവന്‍. അവര്‍ പ്രവാചകനുമായി സന്ധിച്ചത് ഗദീറുല്‍ അശ്ത്വാത്വ് എന്ന സ്ഥലത്തു വെച്ചും. ഈ സ്ഥലത്തേക്ക് മക്കയില്‍നിന്ന് മൂന്ന് ദിവസം വഴിദൂരമുണ്ട്. അത് ഉസ്ഫാന്റെയും, ജിദ്ദയിലേക്കും മദീനയില്‍നിന്ന് മക്കയിലേക്കുമുള്ള റോഡുകള്‍ സംഗമിക്കുന്ന കവലയുടെയും മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ്.24 വാഖിദിയുടെ ഈ വിവരണത്തില്‍ പക്ഷേ, നമസ്‌കാരമോ സകാത്തോ പരാമര്‍ശിക്കപ്പെടുന്നില്ല. രേഖ തയാറാക്കിയവരുടെ പേരുകളിലും മാറ്റമില്ല. വാക്കുകളും പ്രയോഗങ്ങളും ഏതാണ്ട് പഴയ രേഖയില്‍ ഉള്ളതുപോലെത്തന്നെ. അതിങ്ങനെ വായിക്കാം:
''അല്ലാഹുവിനു വേണ്ടി പലായനം ചെയ്യുകയും കുടിയേറിപ്പാര്‍ക്കുകയും ചെയ്തവര്‍ക്ക്, അല്ലാഹു ഏകനെന്നും മുഹമ്മദ് അവന്റെ ദൂതനെന്നും സാക്ഷ്യപ്പെടുത്തിയവര്‍ക്ക്- ആ യഥാര്‍ഥ വിശ്വാസിക്ക് അല്ലാഹുവിന്റെ സംരക്ഷണമുണ്ട്, അവന്റെ ദൂതന്റെ സംരക്ഷണമുണ്ട്. നമ്മെ ആരെങ്കിലും അന്യായമായി ആക്രമിച്ചാല്‍ നിങ്ങളുടെയും ഞങ്ങളുടെയും ലക്ഷ്യം ഒന്നുതന്നെയായിരിക്കും. സഹായ(കൈ)വും പൊതുവായിരിക്കും, വിജയവും പൊതുവായിരിക്കും. സ്ഥിരതാമസക്കാര്‍ക്കും നാടോടികള്‍ക്കും ഒരേ അവകാശമായിരിക്കും. അവര്‍ എവിടെയായിരുന്നാലും അവരെ പലായകരായി കണക്കാക്കും.'
ഈ രണ്ട് രേഖകളും മുമ്പില്‍ വെച്ചാല്‍ (അവ എഴുതിയത് വ്യത്യസ്ത ഗോത്രവിഭാഗങ്ങള്‍ക്കു വേണ്ടിയല്ലെങ്കില്‍), ആദ്യം കൊടുത്ത രേഖ രണ്ട് വ്യത്യസ്ത ഡോക്യുമെന്റുകള്‍ ചേര്‍ത്തുവെച്ചതാണെന്ന് അനുമാനിക്കാനാണ് ന്യായം; രണ്ടും വ്യത്യസ്ത കാലങ്ങളില്‍ എഴുതപ്പെട്ടത്. നമസ്‌കാരം, സകാത്ത് പോലുള്ള കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന ഭാഗം പില്‍ക്കാലത്ത് എഴുതപ്പെട്ടതാവാം. പരസ്പര സഹായത്തെക്കുറിച്ച് പറയുന്ന ഭാഗം ഹി. 5-ാം വര്‍ഷത്തിനു മുമ്പ് എഴുതപ്പെട്ടിട്ടുണ്ടാവും.
വാഖിദി പരാമര്‍ശിക്കുന്ന അസ്‌ലമി ഗോത്രത്തലവന്‍ ബുറൈദ നമ്മുടെ പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. മക്കയില്‍നിന്ന് മദീനയിലേക്ക് ഹിജ്‌റ നടത്തിക്കൊണ്ടിരുന്നപ്പോഴാണ് പ്രവാചകനെ ബുറൈദ സന്ധിക്കുന്നത്. ബുറൈദയും കുടുംബവും അപ്പോള്‍ തന്നെ ഇസ്‌ലാം സ്വീകരിക്കുകയും പ്രവാചകന് സദ്യ ഏര്‍പ്പാടാക്കുകയും ചെയ്തു. ഇതേ ഹിജ്‌റ യാത്രയിലാണ് മറ്റൊരു അസ്‌ലമി പ്രമുഖനായ ഔസുബ്‌നു ഹുജ്ര്‍ പ്രവാചകന് ഒരു ഒട്ടകത്തെ സമ്മാനിക്കുന്നത്. മസ്ഊദു ബ്‌നു ഹുനൈദ എന്നൊരു അടിമയായിരുന്നു അതിനെ തെളിച്ചിരുന്നത്. ഇങ്ങനെ സമ്മാനിക്കാന്‍ കാരണം, പ്രവാചകന്‍ യാത്ര ചെയ്ത ഒട്ടകം അപ്പോഴേക്കും തളര്‍ന്നിരുന്നു.25
ഗിഫാറുമായും അസ്‌ലമുമായും ഒരേസമയം ഉടമ്പടിയുണ്ടാക്കി എന്നതില്‍നിന്ന് ഇരു ഗോത്രങ്ങളും അയല്‍ക്കാരായിരുന്നു എന്ന് അനുമാനിക്കാം. അസ്‌ലമില്‍നിന്നും ഗിഫാറില്‍നിന്നും നികുതി പിരിക്കാനായി പ്രവാചകന്‍ പറഞ്ഞയച്ചത് വളരെ വിശ്വസ്തനായ ബുറൈദ അല്‍ അസ്‌ലമിയെയായിരുന്നു എന്നത് ഈ അനുമാനത്തെ ശക്തിപ്പെടുത്തുന്നുണ്ട്.26 രണ്ട് പ്രവാചക വചനങ്ങള്‍ കൂടി നമുക്കിവിടെ ഓര്‍മിക്കാം. ഒന്ന്: 'എനിക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ മുഹാജിറുകളാണ് (മക്കക്കാര്‍), അന്‍സാറുകളാണ് (മദീനക്കാര്‍), പിന്നെ ഗിഫാറും അസ്‌ലമും.' രണ്ട്: 'അസ്‌ലം സലമഹല്ലാഹ്, ഗിഫാര്‍ ഗഫറഹല്ലാഹ്' (അസ്‌ലമിനെ അല്ലാഹു രക്ഷിക്കട്ടെ, ഗിഫാറിന് അല്ലാഹു പൊറുത്തു കൊടുക്കട്ടെ). ഈ വാക്യത്തിലെ 'വാക്കുകൊണ്ടുള്ള കളി' (ുൗി) ശ്രദ്ധിക്കുക.27
(തുടരും)
കുറിപ്പുകള്‍
1. മുഹബ്ബര്‍. പേ: 372
2. അഗാനി, XII, 110
3. ഇബ്‌നു ഹിശാം, പേ: 51
4. സുഹൈലി I, 62
5. മുഹമ്മഖ്, പേ: 278, ഇബ്‌നു ഹിശാം പേ: 79 ഇബ്‌നു സഅ്ദി, I/i, പേ: 38
6. മുഹബ്ബര്‍, പേ: 48, 18, 47, 52, 402, 403
7. ഇബ്‌നു ഹിശാം പേ: 803. ഖുസാഅയുടെ ആശ്രിതര്‍ ബദ്‌റില്‍ പോലും ഖുറൈശി പക്ഷത്തായിരുന്നു.
8. മുഹബ്ബര്‍. പേ: 178-9
9. വസാഇഖ്, No: 171
10. ബലാദുരി ക, No. 333
11. കയശറ, മുഹബ്ബര്‍ No: 24
12. ഇബ്‌നു ഹിശാം, No: 272
13. മുഹബ്ബര്‍, പേ: 390. മറ്റൊരു പിശാച്, നൗഫലു ബ്‌നു ഖുവൈലിദെന്ന് ഇബ്‌നു ഹിശാം, പേ: 177
14. ബലാദുരിയുടെ അഭിപ്രായത്തില്‍, അദ്ദേഹം ഖുസാഅക്കാരനാണ് (I, No. 248). ഇബ്‌നു ഹിശാം (പേ: 276) പറയുന്നത്, സഖീഫ ഗോത്രക്കാരനാണെന്നും. എന്തായാലും അദ്ദേഹം പ്രവാചകന്റെ അയല്‍ക്കാരിലൊളായിരുന്നു.
15. ഇബ്‌നു സഅ്ദ് I/i, പേ: 142; മഖ്‌രീസി I, 28
16. ഇബ്‌നു ഹിശാം പേ: 330, ഇബ്‌നു സഅ്ദ് I/i, പേ: 155/6
17. മഖ്‌രീസി I, 169
18. ഇബ്‌നു ഹിശാം, പേ: 812
19. മുഹബ്ബര്‍, പേ: 111
20. കയശറ, പേ: 410-411
21. വസാഇഖ്, No. 167
22. കയശറ, No. 165
23. കയശറ, No. 166
24. മഖ്‌രീസി I, 42
25. ഇബ്‌നു ഹിശാം, പേ: 333, സുഹൈലി II, 910, മഖ്‌രീസി I, 43
26. മഖ്‌രീസി I, 433
27. കയശറ, I, 173 (മറ്റൊരു സംഭവം പേ: 511-ല്‍) ബുഖാരി, 15/2/1.
Comments