'ഞാന്‍ ധാന്യമണിയല്ലെന്ന് കോഴിയെ ആര് ബോധ്യപ്പെടുത്തും?'
രസകരമായ ഒരു കഥ. മനോരോഗിയായ ഒരു വ്യക്തി. അയാള്‍ തന്നെ ഒരു മനുഷ്യനായല്ല കാണുന്നത്. താന്‍ ഒരു ധാന്യമണിയാണെന്നാണ് അയാളുടെ വിചാരം. ധാന്യമണിയായ തന്നെ കോഴികള്‍ കൊത്തിത്തിന്നുമെന്ന ഭയത്താല്‍, കോഴികളെ കണ്ടാല്‍ അയാള്‍ അരണ്ടോടും. അയാളുടെ അകാരണമായ ഭയവും അയഥാര്‍ഥ ചിന്തകളും മാറ്റിയെടുക്കാന്‍ വീട്ടുകാര്‍ മനഃശാസ്ത്രജ്ഞന്റെ അടുത്തു കൊണ്ടുപോയി. കുറേ സിറ്റിംഗുകള്‍ കഴിഞ്ഞതോടെ താന്‍ ഒരു മനുഷ്യനാണെന്ന് അയാള്‍ക്ക് തോന്നിത്തുടങ്ങി. അങ്ങനെ ഒരു ദിവസം പുറത്തിറങ്ങി നടക്കവെ, തന്റെ പിന്നില്‍ കോഴിയെ കണ്ട അയാള്‍ പേടിച്ചോടി. വീട്ടുകാര്‍ അയാളോട്: 'കോഴിയെ കണ്ടപ്പോള്‍ നിങ്ങള്‍ എന്തിനാണ് പേടിച്ചോടിയത്? ചികിത്സിച്ച് നിങ്ങളുടെ രോഗമൊക്കെ ഭേദമായതല്ലേ?''
അയാളുടെ മറുപടി: ''ശരിയാണ്, ഞാന്‍ എന്നെ ഒരു മനുഷ്യനായിത്തന്നെയാണിപ്പോള്‍ കാണുന്നത്. ചികിത്സയൊക്കെ ഫലിച്ചിട്ടുമുണ്ട്. പക്ഷേ, ഞാന്‍ ഒരു മനുഷ്യനാണെന്നും ഞാനൊരു ധാന്യമണിയല്ലെന്നും കോഴിയെ ആര് ബോധ്യപ്പെടുത്തും? അതല്ലേ പ്രശ്‌നം?''
ഈ മനുഷ്യന് തന്നെക്കുറിച്ചുള്ള തോന്നലും ധാരണയും ചികിത്സിച്ചു ഭേദമായെങ്കിലും മറ്റുള്ളവരെക്കുറിച്ചുള്ള അയാളുടെ തോന്നലും ധാരണയും അതേപടി നിലനില്‍ക്കുന്നു എന്നതാണ് നേര്. അതുകൊണ്ടാണ് കോഴി ഇപ്പോഴും തന്നെ ധാന്യമണിയായി കാണുന്നതായി അയാള്‍ക്ക് തോന്നുന്നത്. കുഞ്ഞായിരുന്നപ്പോള്‍ വീട്ടില്‍ കഴിഞ്ഞ ശൈശവഘട്ടത്തിലെ അനുഭവങ്ങളാവും ഇത്തരം ഒരവസ്ഥയിലേക്ക് അയാളെ നയിച്ചിട്ടുണ്ടാവുക. അവഹേളനം, അവഗണന, ശകാരം, പ്രഹരം, പരിഹാസം, ശാരീരിക വൈകല്യങ്ങളോ നിറമോ രൂപമോ ആകൃതിയോ ചൂണ്ടിക്കാട്ടി അപമാനിക്കല്‍ തുടങ്ങി വേദനാജനകമായ അനുഭവങ്ങളിലൂടെയാവും ശൈശവഘട്ടം കടന്നുപോന്നത്. ആത്മവിശ്വാസം നഷ്ടപ്പെട്ട് ദുര്‍ബല മാനസനായി വളര്‍ന്ന അയാള്‍ക്ക് തന്നോടുതന്നെ പുഛം തോന്നും. മറ്റുള്ളവര്‍ തന്നേക്കാള്‍ മികച്ചവരാണെന്ന് വിചാരിക്കും.
ഒരു സുഹൃത്ത് എന്നോടു പറഞ്ഞ മറ്റൊരു കഥ. ഒരു യുവതി എന്നെ സമീപിച്ചു പറഞ്ഞു: 'എനിക്ക് ആത്മഹത്യ ചെയ്യണം. ഈ ജീവിതത്തില്‍ ഒരു വിലയും ഇല്ലാത്തവളാണ് ഞാന്‍.' അവളുടെ മാതാപിതാക്കളില്‍നിന്നും സഹോദരങ്ങളില്‍നിന്നും നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങളും നിന്ദയുമാണ് ഇത്തരം ഒരു തീരുമാനത്തില്‍ അവളെയെത്തിച്ചതെന്നും ജീവിതത്തെ അവള്‍ വെറുത്തു കഴിഞ്ഞെന്നും കൂടുതല്‍ സംസാരിച്ചപ്പോള്‍ എനിക്ക് ബോധ്യമായി. ബുദ്ധിമതിയായ അവളോട് ഞാന്‍ ചോദിച്ചു: 'ഒരു സ്‌പെയര്‍പാര്‍ട്ട് എന്ന നിലക്ക് നിന്നെ ഞാന്‍ വിറ്റാല്‍ എന്ത് വില കിട്ടും?' അവള്‍: 'എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്?' ഞാന്‍: 'നിങ്ങളുടെ രണ്ട് കണ്ണുകളും രണ്ട് കൈകളും കാലും മുടിയും ഹൃദയവുമൊക്കെ വിറ്റാല്‍ എന്ത് വില കിട്ടും?'
അവള്‍: 'നല്ല വില കിട്ടും.'
ഞാന്‍: 'അപ്പോള്‍ നിങ്ങള്‍ക്ക് നല്ല മൂല്യവും വിലയുമുണ്ട്. ജീവിതത്തില്‍ വിലയില്ലെന്ന് പിന്നെ നിങ്ങള്‍ എങ്ങനെ പറയും?'
ദീര്‍ഘമായ സംസാരം അവളുടെ മനസ്സ് മാറ്റി. തന്നെക്കുറിച്ചുള്ള ധാരണ തിരുത്താന്‍ സഹായകമായി. ശുഭവിശ്വാസം കൈവന്നു. ജീവിതത്തെക്കുറിച്ച് രചനാത്മക സമീപനം സ്വീകരിക്കാന്‍ അവള്‍ തയാറായി.
നമ്മുടെ മക്കളെ വളര്‍ത്തുമ്പോഴും സുഹൃത്തുക്കളുമായി ഇടപഴകുമ്പോഴും 'ധാന്യമണിയല്ലെന്ന് കോഴിയെ ആര് ബോധ്യപ്പെടുത്തും' എന്ന സമീപനമല്ല വേണ്ടത്. മറിച്ച് നാം നമ്മിലേക്ക് തിരിഞ്ഞ് നമ്മുടെ കഴിവുകളും സിദ്ധികളും നൈപുണിയും കണ്ടെത്തി ഉപയോഗപ്പെടുത്തണം. ഒരു കൂട്ടര്‍ എന്നാലും ബാക്കി കാണും. മറ്റുള്ളവര്‍ മാറിയെന്നിരുന്നാലും ആ മാറ്റം അവര്‍ അംഗീകരിച്ചുകൊടുക്കില്ല. പണ്ട് കണ്ട അതേ വിധത്തിലും രൂപത്തിലും തന്നെ അവരെ കാണാനാണ് അവര്‍ക്ക് ആഗ്രഹം. അത്തരക്കാരെ സത്യം ബോധ്യപ്പെടുത്തി സമയം കളയാതിരിക്കുന്നതാണ് നല്ലത്. അവരെ കാലത്തിന് വിട്ടുകൊടുക്കുക. മാറിയ വ്യക്തികളുടെ പുതിയ വ്യക്തിത്വം അനുഭവിച്ചറിയുമ്പോള്‍ അവരെ സംബന്ധിച്ചുള്ള ധാരണകളും മാറിക്കൊള്ളും.
നമുക്ക് ആദ്യം പറഞ്ഞ കഥയിലേക്ക് തിരിച്ചുവരാം. കുട്ടികള്‍ ചെറുപ്പത്തില്‍ കേള്‍ക്കുന്ന വാക്കുകള്‍ക്കും വചനങ്ങള്‍ക്കും അവരുടെ വ്യക്തിത്വ രൂപവത്കരണത്തില്‍ വലിയ പങ്കുണ്ട്. കുട്ടി ഒരു ധാന്യമണിയാണെന്ന ചിന്തയോടെ വളര്‍ത്തപ്പെട്ടാല്‍ വ്യക്തിത്വം നഷ്ടപ്പെട്ട് ആത്മവീര്യം തകര്‍ന്നവനായിത്തീരും അവന്‍. നമ്മുടെ വാക്കുകളും വചനങ്ങളും കരുതലോടെ സൂക്ഷിച്ചുവേണം. നമ്മുടെ പ്രിയപ്പെട്ട നബി(സ) ഈ വസ്തുത നന്നായി മനസ്സിലാക്കിയിരുന്നു. അബ്ദുല്ലാഹിബ്‌നു ആമിര്‍ ഓര്‍ക്കുകയാണ്: എന്നെ ഒരു ദിവസം എന്റെ ഉമ്മ തന്റെ അടുത്തേക്ക് വിളിച്ചു. റസൂലും ഞങ്ങളുടെ വീട്ടില്‍ ഇരിക്കുന്നുണ്ട്. ഉമ്മ: 'വാ, ഞാന്‍ നിനക്കൊരു സാധനം തരാം.'
അപ്പോള്‍ റസൂല്‍: 'നിങ്ങള്‍ ആ കുഞ്ഞിന് എന്ത് കൊടുക്കാനാണ് ഉദ്ദേശിച്ചത്?'
അവര്‍: 'ഒരു കാരക്ക.'
റസൂല്‍: 'നിങ്ങള്‍ അവന് ഒന്നും നല്‍കിയില്ലെങ്കില്‍ അത് നിങ്ങളുടെ പേരില്‍ ഒരു കളവായി രേഖപ്പെടുത്തിയേനെ!'
സത്യസന്ധമായ നല്ല വാക്കുകളാണ് വ്യക്തികളെ നിര്‍മിക്കുന്നത്.
വിവ: പി.കെ ജമാല്‍
Comments