പേര്‍ഷ്യന്‍ കോളനികള്‍ (അബ്ദുല്‍ ഗൈസ് ഗോത്രം)
മുഹമ്മദുന്‍ റസൂലുല്ലാഹ്-46
ഇന്ന് അഹ്‌സാഅ് എന്നറിയപ്പെടുന്ന, മുമ്പ് ബഹ്‌റൈന്‍ എന്നറിയപ്പെട്ടിരുന്ന പ്രദേശത്തിന്റെ തെക്ക് ഭാഗത്താണ് അബ്ദുല്‍ ഖൈസ് ഗോത്രം താമസിച്ചിരുന്നത്. തമീം ഗോത്രത്തിന്റെ ആവാസഭൂമിയും ഇതിനോട് ചേര്‍ന്നാണ്. തഗ്‌ലബി കവിയായ അഹ്‌നസു ബ്‌നു ശിഹാബ്, അബ്ദുല്‍ ഖൈസിന്റെ ശാഖയായ ലുകൈസ് കുടുംബത്തെക്കുറിച്ച് തന്റെ ഒരു കവിതയില്‍ പരാമര്‍ശിക്കുന്നുണ്ട്. 'ബഹ്‌റൈനും തീരദേശങ്ങളും ലുകൈസിന് അവകാശപ്പെട്ടതാണ്; ഇന്ത്യയില്‍നിന്ന് അതിഭീകരമായ ഒരു ആക്രമണം വന്നെങ്കിലും.'1
ഇവരുടെ പഴയ ചരിത്രത്തെക്കുറിച്ച സൂചനകളാണിത്. ഇബ്‌നു ഹമ്പല്‍2 പറയുന്നത്, നബിയായി നിയുക്തനാകുന്നതിനു മുമ്പ് പ്രവാചകന്‍ തന്റെ ചെറുപ്പകാലത്ത് അബ്ദുല്‍ ഖൈസിന്റെ ആവാസ ഭൂമിയിലൂടെ (പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെ പടിഞ്ഞാറേ തീരം) ദീര്‍ഘിച്ച യാത്രകള്‍ നടത്തിയിരുന്നു എന്നാണ്. കച്ചവട സംഘങ്ങള്‍ക്കൊപ്പമായിരിക്കാം ഈ യാത്രകള്‍. ഈ യാത്രകളെക്കുറിച്ച തെളിഞ്ഞ ഓര്‍മകളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇബ്‌നു ഹമ്പല്‍ തന്റെ വിവരണത്തില്‍ അല്‍ഹജര്‍ നഗരത്തെക്കുറിച്ചും അല്‍മുശഖര്‍ കോട്ടയെക്കുറിച്ചും പരാമര്‍ശിക്കുന്നതോടൊപ്പം, പ്രവാചകന്റെ ഈ വചനവും ഉദ്ധരിക്കുന്നുണ്ട്; 'സാറഃ നീരുറവക്ക് മുമ്പില്‍ ഞാന്‍ നിന്നു.' ഹജര്‍ നഗരമാണ് ഇന്നത്തെ ഹുഫൂഫ്. സാറക്കും രിയാദിനുമിടയിലെ ഒരു സമ്പന്ന നഗരം. അല്‍ മുശഖര്‍ മിക്കവാറും പ്രാന്തപ്രദേശത്ത് ഖാറഃ കുന്നിലോ മറ്റോ ആയിരുന്നിരിക്കാം പണിതിട്ടുണ്ടാവുക. സാറഃ നീരുറവ ഇന്നുമുണ്ട്. അതിന്റെ പേരും മാറ്റിയിട്ടില്ല. സഹ്‌റാന്‍(ദഹ്‌റാന്‍) നഗരത്തിന്റെ ഒരു കി.മീറ്റര്‍ വടക്ക് കുവൈത്തിലേക്കുള്ള രാജപാതയോട് ചേര്‍ന്നാണ് അത് നിലകൊള്ളുന്നത്; ഒരു വലിയ മരുപ്പച്ചയില്‍.
മഖ്‌രീസി3യുടെ വിവരണപ്രകാരം, ഉഹുദ് യുദ്ധത്തിന്റെ സമയത്ത്, അഥവാ ഹി. 3-ാം വര്‍ഷം അബ്ദുല്‍ഖൈസ് ഗോത്രത്തിലെ ചിലയാളുകള്‍ മദീന സന്ദര്‍ശിക്കുന്നുണ്ട്. ഭക്ഷണ സാധനങ്ങളായിരിക്കാം അവര്‍ കാരവനായി കൊണ്ടുവന്നിട്ടുണ്ടാവുക. ഇതേ ഗ്രന്ഥകാരന്‍4 മറ്റൊരു കാര്യവും നമ്മെ അറിയിക്കുന്നു. ഹി. അഞ്ചാം വര്‍ഷം പ്രവാചകന്‍ ബനൂ മുസ്ത്വലിഖിനെതിരെ പടയോട്ടം നടത്തിക്കൊണ്ടിരുന്നപ്പോള്‍ അബ്ദുല്‍ ഖൈസിലെ ഒരാള്‍ വന്ന് പ്രവാചകനെ കാണുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിനു ശേഷം ഈ ഗോത്രം ഇസ്‌ലാമിലേക്ക് കടന്നുവരാന്‍ തുടങ്ങിയത് പ്രാധാന്യമര്‍ഹിക്കുന്ന വിഷയം തന്നെയാണ്. ഇബ്‌നു സഅ്ദ്5 പറയുന്നത്, ബഹ്‌റൈന്‍ നിവാസികള്‍ വഴി ഈ ഗോത്രത്തില്‍നിന്ന് ഒരു പ്രതിനിധി സംഘത്തെ പ്രവാചകന്‍ മദീനയില്‍ ക്ഷണിച്ചു വരുത്തി എന്നാണ്. പ്രതിനിധി സംഘത്തിലെ മുഴുവനാളുകളും അമുസ്‌ലിംകളായിരുന്നു. അവരില്‍ ക്രൈസ്തവ വിശ്വാസി വരെ ഉണ്ടായിരുന്നു. ബുഖാരി6 നല്‍കുന്ന വിവരണം ഇങ്ങനെ:
(എ) ഒരു ദിവസം അസാധാരണ സമയത്ത് പ്രവാചകന്‍ ഐഛിക നമസ്‌കാരം നിര്‍വഹിക്കുന്നതു കണ്ട് കാര്യമന്വേഷിച്ച പത്‌നി ഉമ്മുസലമയോട് പ്രവാചകന്‍ പറഞ്ഞു: തങ്ങള്‍ ഇസ് ലാം സ്വീകരിച്ചിരിക്കുന്നു എന്ന വാര്‍ത്തയുമായി അബ്ദുല്‍ ഖൈസ് ഗോത്രത്തിന്റെ പ്രതിനിധി സംഘം വന്നിരുന്നു. അതിനാല്‍ ഐഛിക നമസ്‌കാരം പൂര്‍ത്തിയാക്കാനായില്ല. അതാണിപ്പോള്‍ ഞാന്‍ പൂര്‍ത്തിയാക്കുന്നത്.
(ബി) മദീനയില്‍ പ്രവാചകന്റെ പള്ളി കഴിഞ്ഞാല്‍ പിന്നെ ആദ്യമായി ജുമുഅ നമസ്‌കാരം തുടങ്ങിയത് ജുവാഥഃ നഗരത്തിലാണ്. അബ്ദുല്‍ ഖൈസിന്റെ ആവാസ സ്ഥലമാണിത്. ഇന്നത്തെ ഹുഫൂഫ്.
(സി) അബ്ദുല്‍ ഖൈസുകാര്‍ പ്രവാചകനെ കാണാനായി മദീനയിലെത്തിയപ്പോള്‍ അദ്ദേഹം അവരോട് പറഞ്ഞു: 'നിങ്ങള്‍ക്ക് സ്വാഗതം. നിങ്ങള്‍ അപമാനിക്കപ്പെടുകയില്ല. ദുഃഖിക്കേണ്ടി വരികയുമില്ല.' അപ്പോള്‍ അവര്‍ പറഞ്ഞു: 'ദൈവദൂതരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയിലുള്ള ഭൂഭാഗത്ത് ബഹുദൈവാരാധകരായ മുളര്‍ ഗോത്രക്കാരാണ് താമസിക്കുന്നത്. അവര്‍ ഞങ്ങളെ തടയുന്നു. അതിനാല്‍ യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസങ്ങളില്‍ മാത്രമേ താങ്കളെ വന്നുകാണാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുള്ളൂ. അതിനാല്‍ ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങള്‍ ഞങ്ങളെ പഠിപ്പിക്കുക. അവ ഞങ്ങള്‍ക്ക് സ്വര്‍ഗം ഉറപ്പു വരുത്തണം. മുസ്‌ലിംകളല്ലാത്തവരോട് ഞങ്ങള്‍ക്ക് പ്രബോധനം നടത്തുകയും ചെയ്യാമല്ലോ.' പ്രവാചകന്‍ പറഞ്ഞു: 'ഞാന്‍ നിങ്ങളോട് നാല് കാര്യങ്ങള്‍ ഉപദേശിക്കുന്നു. നാല് കാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയും വേണം. ഏകദൈവത്തില്‍ വിശ്വസിക്കുന്നതോടൊപ്പം അഞ്ചുനേരം നമസ്‌കരിക്കുക, സകാത്ത് കൊടുക്കുക, റമദാന്‍ മാസത്തില്‍ നോമ്പനുഷ്ഠിക്കുക, യുദ്ധമുതലുകളില്‍ അഞ്ചിലൊന്ന് പൊതുഖജനാവിലേക്ക് നല്‍കുക, നിരോധിക്കുന്ന കാര്യങ്ങള്‍ മദ്യം.....'
ബുഖാരിയുടെ ഈ റിപ്പോര്‍ട്ടില്‍ ഈ ഗോത്രത്തിന്റെ റബീഅ ശാഖയും അയല്‍ക്കാരായ മുളര്‍ ഗോത്രക്കാരും തമ്മിലുള്ള സംഘര്‍ഷങ്ങളിലേക്ക് മാത്രമല്ല സൂചനയുള്ളത്. ഇസ്‌ലാം സ്വീകരിക്കുന്നതിനു മുമ്പ് മദ്യത്തിന് അവരുടെ സാമ്പത്തിക-സാമൂഹിക ജീവിതത്തില്‍ ഉണ്ടായിരുന്ന പ്രാധാന്യത്തിലേക്കും ഇതില്‍ സൂചനയുണ്ട്.
ജുവാഥയില്‍ ഒരു കോട്ടയുണ്ടായിരുന്നെന്നും പ്രവാചകന്റെ മരണശേഷം പൊട്ടിപ്പുറപ്പെട്ട മതപരിത്യാഗ കലാപങ്ങളില്‍ അവിടത്തെ മുസ്‌ലിം ഗവര്‍ണര്‍ക്ക് സ്വയം പ്രതിരോധിക്കാനായി ഈ കോട്ട ഉപകാരപ്പെട്ടുവെന്നും ഇബ്‌നു സഅ്ദ്6 എഴുതുന്നു. അതേ സ്രോതസ്സില്‍7നിന്ന് മറ്റൊരു വിവരവും നമുക്ക് ലഭിക്കുന്നുണ്ട്. അവിടത്തെ മുസ്‌ലിം ഗവര്‍ണര്‍ അല്‍ അലാഉബ്‌നു ഹള്‌റമി, നേരത്തേ പറഞ്ഞ 20 അംഗ പ്രതിനിധി സംഘത്തോടൊപ്പം പ്രവാചകനെ കാണാനായി മദീനയിലേക്ക് പോയപ്പോള്‍, അദ്ദേഹത്തിന്റെ അഭാവത്തില്‍ ഭരണച്ചുമതലകള്‍ അല്‍മുന്‍ദിറു ബ്‌നു സാവായെയാണ് ഏല്‍പിച്ചിരുന്നത്. അബ്ദുല്‍ ഖൈസിനെ അഭിസംബോധന ചെയ്തുള്ള പ്രവാചകന്റെ8 ഒരു കത്തും നമുക്ക് ലഭിച്ചിട്ടുണ്ട്.
'കാരുണ്യവാനായ ദൈവത്തിന്റെ നാമത്തില്‍. അബ്ദുല്‍ ഖൈസിനും ബഹ്‌റൈന്റെ ചുറ്റുവട്ടത്തു താമസിക്കുന്നവര്‍ക്കുമായി ദൈവദൂതന്‍ മുഹമ്മദ് എഴുതുന്നത്. ഇസ്‌ലാമിന് സമര്‍പ്പിക്കാനായാണ് നിങ്ങള്‍ എന്റെയടുത്ത് വന്നതെന്നും ദൈവത്തിലും അവന്റെ ദൂതനിലും നിങ്ങള്‍ വിശ്വസിക്കുന്നുവെന്നും ഞാന്‍ മനസ്സിലാക്കുന്നു. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ദൈവത്തിന്റെയും അവന്റെ ദൂതന്റെയും കല്‍പനകള്‍ അനുസരിക്കുക അഞ്ചു നേരം നമസ്‌കാരത്തിനുള്ള സംവിധാനമൊരുക്കുക, സകാത്ത് നല്‍കുക, ദൈവ ഭവനത്തിലേക്ക് തീര്‍ഥാടനം നടത്തുക, റമദാന്‍ മാസം നോമ്പെടുക്കുക എന്നീ വ്യവസ്ഥകള്‍ പാലിക്കുമെങ്കില്‍ നിങ്ങളുമായി ഞാന്‍ യോജിക്കുന്നു. പിന്നെ, നിങ്ങള്‍ നീതിക്കു സാക്ഷികളായി നിലകൊള്ളണം; അത് നിങ്ങള്‍ക്കു തന്നെ എതിരായിരുന്നാലും ശരി. ധനികരില്‍നിന്ന് പിരിച്ചെടുക്കുന്ന പണം പവപ്പെട്ടവര്‍ക്കിടയില്‍ വിതരണം ചെയ്യുന്നുണ്ടെന്ന് നിങ്ങള്‍ ഉറപ്പു വരുത്തുകയും വേണം.'
ഈ ഗോത്രവുമായി ബന്ധപ്പെട്ട് മറ്റൊരു രേഖയും നമുക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ ഏതാണ് ആദ്യം എഴുതപ്പെട്ടത് എന്ന് പറയുക പ്രയാസം. ഈ രണ്ടാമത്തെ എഴുത്തുരേഖയില്‍ അഭിസംബോധന ചെയ്യപ്പെട്ട വ്യക്തി ആരെന്ന ചോദ്യം പല പ്രശ്‌നങ്ങള്‍ക്കും കാരണമായിട്ടുണ്ട്. നമ്മള്‍ ഉദ്ധരിച്ച് വരുന്ന ഇബ്‌നു സഅ്ദ്9 പറയുന്നത്, ആ കത്തയച്ചിട്ടുള്ളത് 'അക്ബര്‍ മിന്‍ അബ്ദുല്‍ ഖൈസ്' എന്നയാള്‍ക്കാണ് (ഭാഷാപരമായി വലിയവന്‍, നേതാവ് എന്നൊക്കെ അര്‍ഥമാവാം). പക്ഷേ, മറ്റൊരു കൈയെഴുത്തു പ്രതിയില്‍ കാണുന്നത്, അക്ബറു ബ്‌നു അബ്ദില്‍ ഖൈസ് (അബ്ദില്‍ ഖൈസിന്റെ മകന്‍) എന്നാണ്. പക്ഷേ, വംശവൃക്ഷത്തെക്കുറിച്ച് ആഴത്തില്‍ പഠനം നടത്തിയവര്‍ പറയുന്നത്, ഈ പേരിലൊരാള്‍ അബ്ദുല്‍ ഖൈസ് ഗോത്രത്തില്‍ ഇല്ലെന്നാണ്. ആധികാരികമായ ഒരു അറബിപ്പേരുമല്ല അത്. ഞാനിതിനെ വ്യക്തിപരമായി വായിക്കാന്‍ ഇഷ്ടപ്പെടുന്നത്, ലുകൈസു ബ്‌നു അബ്ദില്‍ ഖൈസ് എന്നാണ്. അപ്പോഴേ ചരിത്ര സംഭവങ്ങളുമായി അത് ഒത്തുവരികയുള്ളൂ. അബ്ദുല്‍ ഖൈസ് പ്രതിനിധി സംഘത്തില്‍ അബ്ദുല്‍ ഖൈസ് ഗോത്രത്തിലെ എല്ലാ ശാഖകളില്‍നിന്നും പ്രതിനിധികള്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവും ശക്തമായ ശാഖയാണ് ലുകൈസു ബ്‌നു അബ്ദില്‍ ഖൈസിന്റേത്.10 രേഖ ഇങ്ങനെ:
ദൈവദൂതന്‍ മുഹമ്മദില്‍ നിന്ന് അല്‍ അക്ബര്‍(ലുകൈസ്?) ബ്‌നു അബ്ദില്‍ ഖൈസിന്-
ഈ ഗോത്രത്തിന് ദൈവത്തിന്റെ സംരക്ഷണമുണ്ട്, ദൈവദൂതന്റെ സംരക്ഷണമുണ്ട്; അജ്ഞാന (ജാഹിലിയ്യ) കാലത്ത് അവര്‍ ചെയ്തുപോയ ഗുരുതരമായ കാര്യങ്ങളില്‍ (കൊലപാതകം പോലുള്ളവ). തമ്മിലുണ്ടാക്കിയ വ്യവസ്ഥകള്‍ അവര്‍ പാലിച്ചിരിക്കണം. ധാന്യങ്ങളുടെ വിനിമയം(ഇറക്കുമതി, കയറ്റുമതി) നടക്കുന്ന വഴി അവര്‍ക്ക് തടയപ്പെടാവതല്ല. മഴപ്പുല്ലുകളില്‍ മേയ്ക്കാനുള്ള അവകാശം അവര്‍ക്ക് നിഷേധിക്കപ്പെട്ടുകൂടാ. പഴങ്ങള്‍ കൊയ്‌തെടുക്കാനുള്ള അവകാശവും അവര്‍ക്ക് ഉണ്ടായിരിക്കും. കരയിലും കടലിലും, നാട്ടില്‍ താമസിക്കുന്നവരുടെ കാര്യത്തിലും യാത്രയിലായിരിക്കുന്നവരുടെ കാര്യത്തിലും (സറായ എന്നാണ് കാണുന്നത്. അത് നാടോടികളെ കുറിക്കാനാവുമോ?) പ്രവാചകന്റെ വിശ്വാസമാര്‍ജിച്ച അവരുടെ പ്രതിനിധി അലാഉ ബ്‌നു ഹള്‌റമി ആയിരിക്കും. എല്ലാ അപകടങ്ങളില്‍നിന്നും അദ്ദേഹത്തിന് സംരക്ഷണം നല്‍കുന്നതും യുദ്ധത്തില്‍ സഹായം നല്‍കുന്നതും ബഹ്‌റൈന്‍ നിവാസികളായിരിക്കും. ഈ കരാര്‍ പ്രകാരം ഇതൊക്കെയും അവരുടെ മേല്‍ നിര്‍ബന്ധമായിത്തീരുന്നതാണ്. അദ്ദേഹത്തിന് (പ്രവാചകന്?) നല്‍കിയ വാക്ക് മാറ്റുകയോ അതില്‍നിന്ന് വിടുതല്‍ നേടാന്‍ ശ്രമിക്കുകയോ അരുത്. മുസ്‌ലിം സൈന്യം അവര്‍ക്ക് യുദ്ധമുതലിന്റെ ന്യായമായ വിഹിതം നല്‍കും. അവരോട് ന്യായത്തോടെ, നല്ല നിലയില്‍ പെരുമാറും. ഇരു കക്ഷികളും ഇതില്‍ മാറ്റം വരുത്താവതല്ല. ഇതിന് ദൈവവും ദൈവദൂതനും സാക്ഷി.'11
വിശദീകരണം ആവശ്യമുള്ള നിരവധി അവ്യക്ത പരാമര്‍ശങ്ങളുണ്ട് മേല്‍കൊടുത്ത കത്തില്‍. ഞാന്‍ നല്‍കുന്ന ഒരു വിശദീകരണം ഇങ്ങനെയാണ്: 'അജ്ഞാന കാലത്തെ ഗുരുതരമായ കാര്യങ്ങള്‍' മുസ്‌ലിംകള്‍ക്കെതിരെ അവര്‍ നടത്തിയിട്ടുള്ള അതിക്രമങ്ങളാണ്. ഇസ്‌ലാം സ്വീകരിച്ച അവര്‍ക്ക് പ്രവാചകന്‍ അതെല്ലാം മാപ്പു കൊടുക്കുകയായിരുന്നു. അല്‍മുന്‍ദിറു ബ്‌നു സാവാക്കെതിരെ അവര്‍ നടത്തിയ കലാപവും (ഇതേക്കുറിച്ച് മുമ്പ് നാം വിശദീകരിച്ചിട്ടുണ്ട്) ആകാം ഉദ്ദേശ്യം. 'ധാന്യപ്പാത', 'മഴപ്പുല്ല്', 'പഴങ്ങള്‍ കൊയ്‌തെടുക്കുക' പോലുള്ള പ്രയോഗങ്ങള്‍, വേനല്‍ക്കാലത്ത് പേര്‍ഷ്യന്‍ ഭരണകൂടത്തിന്റെ അനുവാദത്തോടെ യൂഫ്രട്ടീസ് താഴ്‌വരയില്‍ അവര്‍ കാലികളെ മേയ്ച്ചിരുന്നതിനെ സൂചിപ്പിക്കുന്നുണ്ടെന്ന് കറ്റാനി12 എഴുതുന്നു. ശൈത്യകാലത്ത് നാടോടികള്‍ കാലികളെ മേയ്ച്ചിരുന്ന അറേബ്യയിലെ ഉള്‍പ്രദേശങ്ങളാകാം 'മഴപ്പുല്ല്' നല്‍കുന്ന സൂചന. കത്തിലെ ഇത്തരം പ്രയോഗങ്ങളെക്കുറിച്ച് പലരും പഠിച്ചിട്ടുണ്ടെങ്കിലും കൃത്യമായ വിശദീകരണം നല്‍കാന്‍ പലപ്പോഴും കഴിയുന്നില്ല. പഴങ്ങളുടെ വിളവെടുപ്പിന് 'ഹരീം' എന്നാണ് പ്രയോഗിച്ചു കാണുന്നത്. അത് 'ജരീം' എന്നായിരിക്കണം. സസ്യശാസ്ത്രജ്ഞനായ ദീനവാരിയുടെ അഭിപ്രായത്തില്‍ 'ജരീം' എന്നാല്‍ കൊയ് ത്ത് എന്നും അര്‍ഥമുണ്ട്. അറബിയില്‍ എഴുതുമ്പോള്‍ ഈ രണ്ട് വാക്കുകളും തമ്മില്‍ ഒരു പുള്ളിയുടെ വ്യത്യാസം മാത്രമാണല്ലോ ഉള്ളത്. ബലാദുരി13 നല്‍കുന്ന വിശദീകരണവും ഇവിടെ പ്രസക്തമാണ്. 'ആവശ്യത്തിന് തൊഴിലാളികളെ നല്‍കാനും അങ്ങനെ പഴം പറിക്കുന്നതില്‍ പങ്കാളികളാകാനും മദീന ഭരണകൂടം ബഹ്‌റൈന്‍ നിവാസികളുമായി ചില ധാരണകള്‍ ഉണ്ടാക്കി.' മദീന ഭരണകൂടത്തിന്റെ കീഴിലുള്ള ഈത്തപ്പനത്തോട്ടങ്ങളെക്കുറിച്ചും മറ്റുമായിരിക്കാം ഈ പരാമര്‍ശം. ഇതില്‍നിന്നൊക്കെ വ്യക്തമാവുന്ന ഒരു കാര്യമുണ്ട്. അബ്ദുല്‍ ഖൈസിന് പരമാവധി കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുക്കുന്ന നിലപാടാണ് പ്രവാചകന്‍ സ്വീകരിച്ചിരുന്നത്. പഴങ്ങള്‍ പാകമായാല്‍ അവര്‍ക്കത് കൊയ്‌തെടുക്കാം. സകാത്ത് ഉദ്യോഗസ്ഥരെ കാത്തുനില്‍ക്കേണ്ട കാര്യമില്ല. 'മഴപ്പുല്ല്' എന്നത് കാലിസമ്പത്തിലുള്ള സകാത്തിനെക്കുറിച്ച സൂചനയാവാം. മഴ പെയ്ത് കഴിഞ്ഞ ശേഷം മേച്ചില്‍പുറങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള അനുവാദമാണ് പ്രവാചകന്‍ നല്‍കുന്നത്. അതിനും സകാത്ത് പിരിക്കേണ്ടവരെ കാത്തിരിക്കേണ്ടതില്ല. ഈ അനുവാദം മറ്റു പല ഗോത്രങ്ങള്‍ക്കും പ്രവാചകന്‍ നല്‍കിയിരുന്നു. 'ധാന്യപ്പാത' എന്നത്, എന്റെ വീക്ഷണത്തില്‍, ധാന്യക്കയറ്റുമതിയെ സൂചിപ്പിക്കുന്ന പ്രയോഗമാണ്. അതിനും സകാത്ത് കൊടുക്കേണ്ടതുണ്ടല്ലോ. പക്ഷേ, സകാത്ത് ഉദ്യോഗസ്ഥര്‍ വരുന്നതു വരെ കാത്തിരിക്കാതെ അവര്‍ ക്ക് അവരുടെ കച്ചവട ഇടപാടുകള്‍ തുടരാം. സകാത്ത് കൊടുക്കേണ്ട തുക ഇടപാടുകള്‍ നടന്നുകഴിഞ്ഞാലും ഈ ഗോത്രം അടച്ചുകൊള്ളും എന്ന പ്രവാചകന്റെ ആത്മവിശ്വാസമാണ് ഇവിടെ പ്രകടമാകുന്നത്.
യുദ്ധം, യുദ്ധമുതല്‍ പോലുള്ള പരാമര്‍ശങ്ങള്‍ ഇതിനേക്കാള്‍ സങ്കീര്‍ണമാണ്. ശത്രുവിനെതിരെ പടനയിക്കാന്‍ ഇവിടത്തെ മുസ്‌ലിം ഗവണ്‍മെന്റിന് നിര്‍ദേശം ലഭിച്ചിട്ടുണ്ടാവാം. ആര്‍ക്കെതിരെയാണ് പടയൊരുക്കം? പേര്‍ഷ്യക്കാര്‍ക്കെതിരെയോ അതോ അറബികളിലെ തന്നെ ശത്രുക്കള്‍ക്കെതിരെയോ? ജാഹിലിയ്യാ കാലത്ത് യുദ്ധമുതലുകളൊക്കെ അബ്ദുല്‍ ഖൈസ് ഗോത്രക്കാര്‍ സ്വന്തമായി എടുക്കുകയായിരുന്നു പതിവ്. ഈ കത്തില്‍ അവരോട് പറയുകയാണ്; യുദ്ധമുതലുകളുടെ അഞ്ചിലൊന്ന് പൊതുഖജനാവിന് നല്‍കണം. ബാക്കിയുള്ളത് പടയോട്ടത്തില്‍ പങ്കെടുക്കുന്നവര്‍ക്കിടയില്‍ ഖുര്‍ആനിക കല്‍പ്പന14 പ്രകാരം വീതിക്കപ്പെടണം.
ചില ചരിത്ര വിവരണങ്ങളില്‍, പ്രവാചകന്‍ മുശ്മരിജു ബ്‌നു ഖാലിദ് എന്നൊരാള്‍ക്ക് ഒരു ജലസ്രോതസ്സ് ദാനം നല്‍കിയതായി പറയുന്നുണ്ട്. അബ്ദുല്‍ ഖൈസ് ഗോത്രത്തിന്റെ ശാഖയായ സഅ്ദിയുടെ പ്രതിനിധി സംഘാംഗമായിരുന്നു ഇദ്ദേഹം. അതു സംബന്ധമായ എഴുത്തുകുത്തുകളൊന്നും നമുക്ക് ലഭ്യമായിട്ടില്ല. അതുപോലെ തന്നെ അബ്ദുല്‍ ഖൈസ് ഗോത്രത്തിലെ മറ്റു രണ്ട് പ്രമുഖരായ ശുബൈബു ബ്‌നു ഖുര്‍റഃ, സുഹാറു ബ്‌നു അബ്ബാസ് എന്നിവര്‍ക്കയച്ച കത്തുകളും നമുക്ക് ലഭിച്ചിട്ടില്ല. അതിനാല്‍ അവയുടെ ഉള്ളടക്കം അറിയാനും നിവൃത്തിയില്ല.
(തുടരും)
കുറിപ്പുകള്‍
1. അറബോം കി ജഹ്‌സറാനി എന്ന ഗ്രന്ഥത്തില്‍ സുലൈമാന്‍ നദ്‌വി ഉദ്ധരിച്ച സംഭവം.
2. മുസ്‌നദ്, IV, 206
3. അല്‍ ഇംതാഅ് I, 169
4. അതേ പുസ്തകം p. 196
5. ത്വബഖാത്ത് ക/ശശ, p. 54
6. സ്വഹീഹ് ബുഖാരി 64/49/14
7. ത്വബഖാത്ത് IV/ii, p. 78
8. അതേ പുസ്തകം p. 77
9. വസാഇഖ്, No: 72/a
10. ത്വബഖാത്ത് I/ii, p. 32
11. സുഹൈലി II, 334
12. വസാഇഖ്, No: 72
13. ഫുതൂഹുല്‍ ബുല്‍ദാന്‍ 78
14. ഖുര്‍ആന്‍ 8/41
Comments