പുഴപോലെ ദീപ്തവും കടല്‍പോലെ പ്രക്ഷുബ്ധവും
പ്രവാചക ജീവിതവും ആ വ്യക്തിവിശേഷത്തിന്റെ ആലക്തിക ഭാവങ്ങളും സര്‍ഗാത്മക വ്യവഹാരങ്ങള്‍ക്ക് എന്നേ വിഷയമായിട്ടുണ്ട്. ഉമ്മുല്‍ ഖുറായിലെ പീഡാനുഭവപര്‍വം വകഞ്ഞ് മുഹമ്മദ് നബി യസ്‌രിബിന്റെ വിദൂര പ്രാന്തത്തിലെത്തിയപ്പോള്‍ ദേശവാസികള്‍ ആനയിച്ചത് മനോജ്ഞമായ കാവ്യസമ്മാനങ്ങള്‍ നല്‍കിയാണ്. ഒരുപക്ഷേ അതാകാം ചരിത്രത്തിലെ ആദ്യത്തെ പ്രവാചകഗീതകം. പിന്നീട് സാബിത്തിന്റെ പുത്രന്‍ ഹസ്സാനും സുഹൈറിന്റെ മകന്‍ കഅ്ബും സാന്ദ്രമധുരമായ പദതല്ലജങ്ങള്‍കൊണ്ട് അന്‍പ് വഴിയുന്ന ആ കാമ്യജീവിതത്തെ നിരന്തരം തഴുകുന്നതാണ് നാം കാണുന്നത്. അതങ്ങനെ മാത്രമേ സംഭവിക്കൂ. കാല്‍ നൂറ്റാണ്ടിനു താഴെ മാത്രം വരുന്ന ആ നിയോഗജീവിതം ചരിത്രത്തിന്റെ കേവലതയില്‍ അളക്കാവതല്ല. ദൈവപ്രോക്തമായ മഹത്തായൊരു ദൗത്യവുമായി പിന്നിട്ട ഏകാന്തവിഹ്വലവും സംഘര്‍ഷനിബിഡവുമായ ജീവിതകാലം. അപ്പോള്‍ ഏറ്റുവാങ്ങിയ മുള്‍മുടിക്കെട്ടുകള്‍ ചാടിക്കടന്ന രുദിര പ്രതലങ്ങള്‍. കുടിച്ചു വറ്റിച്ച തിക്ത ചഷകങ്ങള്‍. അപ്പോഴും ഉറന്നൊഴുകിയ അന്‍പും കരുണയും ആര്‍ദ്ര വിഭാതങ്ങളും. തീര്‍ച്ചയായുമിത് സര്‍ഗാത്മക ഭാവുകത്വത്തെ നനച്ചു പോറ്റുക തന്നെ ചെയ്യും. അതുകൊണ്ടാണ് ദൈവിക സന്ദേശം പ്രസരമായ ഏതു സൂക്ഷ്മ ജനപദങ്ങളിലും ആ പ്രസാദ ജീവിതം ലാവണ്യ അന്വേഷണങ്ങള്‍ വഴിയുന്ന കാവ്യസപര്യക്ക് ഹേതുവായത്.
ഇവിടെ മലയാളത്തിന്റെ ഈ കുഞ്ഞുദേശത്തും ഇങ്ങനെത്തന്നെ സംഭവിച്ചു. പ്രവാചകജീവിതം ഈ ദേശത്തെയും എന്നേ ഉര്‍വരമാക്കിയതാണല്ലോ. മലയാളത്തിലെ പ്രവാചകഗാഥകളില്‍ ഏറ്റവും ആദിയായത് കുഞ്ഞായിന്‍ മുസ്‌ലിയാരുടെ നൂല്‍മദ്ഹ് ആയിരിക്കും. ഇതു പക്ഷേ അറബി മലയാളത്തിലായതാകാം പൊതുമണ്ഡലം ഇത്രയേറെ ജാഗ്രതയില്‍ ശ്രദ്ധിക്കാതെ പോയത്. ജീവിതത്തെ ഉയര്‍ന്ന ദാര്‍ശനിക പ്രതലത്തില്‍ എന്നും അഭിവാദ്യം ചെയ്തിരുന്ന കുഞ്ഞായിന്‍ മുസ്‌ലിയാര്‍ പ്രവാചക പ്രവരനെയും ആ ഒരു ഭാവസാന്ദ്രിമയില്‍ തന്നെയാണ് നിരീക്ഷിച്ചത്. തുടര്‍ന്ന് നിരവധി കാവ്യകാരന്മാര്‍ പ്രവാചക ജീവിതത്തെ വൈവിധ്യം ഇരമ്പുന്ന സാധ്യതകളില്‍ കാവ്യാവിഷ്‌കാരത്തിന് വിധേയമാക്കിയിട്ടുണ്ട്. അറിയപ്പെട്ടവരും അല്ലാത്തവരുമായി. ഇതില്‍ മലയാളത്തിലെ ഒട്ടേറെ മഹാകവികളുമുണ്ട്. ഉള്ളൂരും വള്ളത്തോളും കുഞ്ഞിരാമന്‍ നായരും ശങ്കരക്കുറുപ്പും. ഇങ്ങനെ പ്രവാചക ജീവിതത്തെ ശുദ്ധകവിതയില്‍ സൂക്ഷ്മമായി പുരസ്‌കരിച്ച ഒരു സമാഹാരമാണ് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച 'മുഹമ്മദ് നബി മലയാള കവിതകളില്‍.'
സാഹിത്യമഞ്ജരിയില്‍നിന്ന് മൂന്നെണ്ണമാണ് സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയ വള്ളത്തോള്‍ കവിത. അല്ലാഹ്, പാംസുസ്‌നാനം, ജാതകം തിരുത്തി എന്നീ മൂന്ന് കവിതകളും കാവ്യമേഖലയില്‍ നിലവാരം പുലര്‍ത്തുന്നതു തന്നെയാണ്. ഏതോ സഞ്ചാര സന്ദര്‍ഭത്തില്‍ മരച്ചുവട്ടില്‍ വിശ്രമിച്ച പ്രവാചകനു നേരെ ഉടവാളുമായി ചീറിയെത്തിയ ശത്രു ആ മഹാ തേജസ്വിക്കു മുന്നില്‍ നിഷ്പ്രഭനും സ്തബ്ധനുമായി നില്‍ക്കുന്ന രംഗം. തുടര്‍ന്നയാള്‍ താന്‍ കൊല്ലാന്‍ വന്നവന്റെ അനുഗാമിയാകുന്ന ഉദ്വേഗസന്ദര്‍ഭം. ഇതാണ് അല്ലാഹു എന്ന കവിതയില്‍ ആവിഷ്‌കരിക്കുന്നത്. ഉള്ളൂരിന്റേതാകട്ടെ ദാഹാര്‍ത്തിയായി പരവേശപ്പെടുന്ന ഒരു കുഞ്ഞു ശുനകന് കുടിനീര് നേദിച്ച വെറും നാട്ടുപെണ്ണിന് പ്രവാചകന്‍ മോക്ഷവാഗ്ദാനം നല്‍കിയ സംഭവമാണ് കാവ്യപാഠം. ഉള്ളൂരിന്റെയും വള്ളത്തോളിന്റെയും കവിതകള്‍ ശ്രദ്ധേയമാകുന്നത് പാഠസന്ദര്‍ഭത്തിന്റെ സ്ഥൂലതകള്‍ വകഞ്ഞ് കവികള്‍ മനോധര്‍മത്തിന്റെ ലാവണ്യത്തിലേക്ക് പറക്കുന്നതുകൊണ്ടാണ്. നിരവധി പ്രതലങ്ങളിലേക്ക് ഒരേസമയം പാരായണം വികസിക്കുന്നതാവണം മൗലികമായ രചനകള്‍. ഇവിടെ പദങ്ങളെ അവയുടെ കേവലാര്‍ഥങ്ങളില്‍നിന്നും വിമോചിപ്പിച്ച് ഭാവനയുടെ അപാരതയിലേക്ക് നീന്താന്‍ വിടുമ്പോള്‍ പ്രവാചകനും അദ്ദേഹത്തിന്റെ നിയോഗ പരിവൃത്തവും നിറന്ന വനജ്യോത്സ്‌നയില്‍ കുളിച്ചുനില്‍ക്കുന്നു. ഇത് കവിപ്രതിഭയുടെ സ്‌നിഗ്ധതയാണ്. അപ്പോള്‍ പ്രവാചകന്‍ സാമ്പ്രദായിക ചരിത്ര പുസ്തകത്തിലെ ഒരു സാന്നിധ്യമല്ല, മറിച്ച് അനുഭൂതിയുടെ പത്മപരാഗത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന അനുപമ വ്യക്തിവിശേഷമാണ്. അതില്‍ അനുഭവപ്പെടുന്ന അനുഭൂതിയും സ്ഫുരിക്കുന്ന ഭാവസാന്ദ്രിമയും കേവല ചരിത്രാവതരണത്തില്‍ ലഭിക്കുന്നില്ല. അപ്പോഴും പക്ഷേ ഈ കവികള്‍ ആഖ്യാന സ്വാതന്ത്ര്യത്തിന്റെ ആരം മുറിഞ്ഞ് അപകേന്ദ്രത്തിലേക്ക് വഴുതുന്നുമില്ല. മനോരഥ സാക്ഷാല്‍ക്കാരത്തിന് പുതിയ ഉപാഖ്യാനങ്ങള്‍ ചേര്‍ക്കുകയോ പൂര്‍വോക്തമായവയെ രൂപഭേദം വരുത്തുകയോ ചെയ്യുന്നുമില്ല.
ജി. ശങ്കരക്കുറുപ്പിന്റെയും കുഞ്ഞിരാമന്‍ നായരുടെയും കവിതകള്‍ ഭാഷയുടെ അപാരസാധ്യതകള്‍ കൊണ്ട് പ്രവാചകന്റെ ധന്യജീവിതത്തെ മറ്റൊരു തരത്തിലാണ് പുരസ്‌കരിക്കുന്നത്. ദൃശ്യചിത്രങ്ങള്‍ പണിയാന്‍ കവി ഉപയോഗിക്കുന്ന ചില രൂപകങ്ങള്‍ തനി കേരളീയമാവുന്നത് തീര്‍ത്തും സ്വാഭാവികം.
ഉലകിന്നൈശ്വര്യമാ വെളിച്ചമരുളുവാ -
നുയരത്തു ദ്യോതിക്കും ശക്തികേന്ദ്രത്തില്‍ നിന്നും
തള്ളിയ ചിദാനന്ദ ധാരയില്‍ നിന്നാറാടി
പുല്ലുമാടവും പുത്തന്‍ പള്ളിമേടയുമൊപ്പം
(മരുഭൂമിയിലെ ചന്ദ്രോദയം).
പണ്ഡിറ്റ് കറുപ്പന്‍, പാലാ, പന്മന രാമചന്ദ്രന്‍, പി.കെ ഗോപി ഇവരൊക്കെയും അന്ത്യപ്രവാചകനെ വിസ്തരിക്കുന്നത് ഏതാണ്ടൊരേ പ്രതലത്തില്‍ നിന്നുകൊണ്ടാണ്. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന അന്‍പും കരുണയും അപരനോടുള്ള തീക്ഷ്ണമായ കരുതലും. അത് തന്റെ തല പറിക്കാന്‍ വരുന്ന രൂക്ഷവൈരിയോട്, ദൈന്യം തുളുമ്പുന്ന അനാഥ ബാല്യങ്ങളോട്, ദാഹാര്‍ത്തനായ ശുനകനോട്, ബന്ധനത്തില്‍ പെട്ടുപോയ കുഞ്ഞു മാര്‍ജാരനോട്. അങ്ങനെ നിയോഗജീവിതം ഏറ്റുവാങ്ങിയ ഇത്തരം ആര്‍ദ്രതകളെയാണ് ഇവരൊക്കെയും കാവ്യവിഷയമാക്കിയത് എന്നു കാണുമ്പോള്‍ വര്‍ത്തമാനകാലത്തെ ഘനാന്ധകാരത്തെ ഈ കവികള്‍ ദീര്‍ഘദര്‍ശനം ചെയ്തതായി നമുക്ക് തോന്നുന്നു. പ്രതിഭാധനരായ കവികള്‍ക്ക് ഇങ്ങനെ ഭാവിയെ നീട്ടിക്കാണാന്‍ പറ്റുമല്ലോ. യൂസുഫലി കേച്ചേരി, ടി. ഉബൈദ്, പി.ടി അബ്ദുര്‍റഹ്മാന്‍ തുടങ്ങി ഇസ്‌ലാമിക പരിസ്ഥിതിയില്‍ തന്നെയുള്ള കവികളുടെ പ്രവാചക കവിതകളും സമാഹാരത്തിലുണ്ട്. മനോഹരമാണ് ഈ കവിതകളൊക്കെയും. അനവധി ധാരകളിലേക്കും വിതാനങ്ങളിലേക്കുമത് അനുക്രമമായി വികസിക്കുന്നു.
നബി മാഹാത്മ്യം പാടി പാടി പോകുമ്പോള്‍ പക്ഷേ കവി ഉബൈദ് അറിയാതെ അസംബന്ധ യുക്തിയിലേക്ക് ചിലപ്പോള്‍ വഴുതിപ്പോകുന്നതും കാണാം. കവിതക്ക് ഇത്തിരി സ്വാതന്ത്ര്യ സൗകര്യങ്ങള്‍ ആകാമെന്ന ആനുകൂല്യത്തിലേക്ക് ഇത് വരവാക്കാവുന്നതേയുള്ളൂ.
അങ്ങയെ വലംവെപ്പൂ ഗോളങ്ങള്‍ മുറ്റും ഭക്ത്യാ;
അങ്ങുതന്‍ പ്രഭ കൊണ്ടേ സൂര്യനും പ്രകാശിപ്പൂ
ശ്രീനാരായണ ഗുരുവിന്റെ അനുകമ്പാദശകം എടുത്തു ചേര്‍ത്തിട്ടുണ്ട് സമാഹാരത്തില്‍ സകരിയ്യ. അത് അത്രക്ക് യുക്തിസഹമായെന്ന് തോന്നുന്നില്ല. പ്രവാചകനെ സംബന്ധിച്ച് ശ്രീനാരായണനും കവിതയെഴുതി എന്ന് ഒരു മേനി പറയേണ്ടതില്ലല്ലോ.
ഇതുപോലൊരു സമാഹാരം കെ.കെ മുഹമ്മദ് അബ്ദുല്‍ കരീമിന്റെ ഉത്സാഹത്തില്‍ അരീക്കോട് ഇസ്‌ലാമിക് ഫൗണ്ടേഷന്‍ നേരത്തേ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലുള്ള കവിതകള്‍ സമ്പൂര്‍ണമായും പുതിയ സമാഹാരത്തില്‍ കാണുന്നില്ല. എന്നാല്‍ എണ്‍പതുകള്‍ക്കു ശേഷം രചിക്കപ്പെട്ട ഏതാനും പുതുകവിതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ സമാഹാരമാവുമ്പോള്‍ പഴയതും പുതിയതും ചേര്‍ത്ത് സമഗ്രമാക്കുകയായിരുന്നു വേണ്ടിയിരുന്നത്. കാവ്യഗുണം കമ്മിയായതുകൊണ്ടാകാം ഒഴിവാക്കിയത്. ഉള്‍പ്പെടുത്തുകയല്ലാതെ തിരസ്‌കരിക്കുകയല്ല വേണ്ടിയിരുന്നത്. സകരിയ്യ ഇത്തിരികൂടി ഗഹനമായ ഗവേഷണം ചെയ്തിരുന്നുവെങ്കില്‍ ഒരുപാട് മനോഹര കവിതകളുടെ തേനറകള്‍ കണ്ടെത്താമായിരുന്നു. മുഹമ്മദ് അബ്ദുര്‍റഹ്മാന്റെ അല്‍ അമീന്‍, കൊല്ലം തങ്ങള്‍ കുഞ്ഞിന്റെ പ്രഭാതം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ പ്രവാചകനെ സംബന്ധിച്ച് അക്കാലങ്ങളില്‍ നിരവധി കവിതകള്‍ വന്നിരുന്നതായി അബ്ദുര്‍റഹ്മാന്‍ മങ്ങാടിനെപ്പോലുള്ള ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. നബി ജീവിതത്തിലെ വ്യത്യസ്തങ്ങളായ അടരുകളാണ് ഇതിലൊക്കെയും നിറഞ്ഞുനില്‍ക്കുന്നത്. ആ വഴിക്കൊരു അന്വേഷണത്തിന് ഇനിയും സാധ്യതയുണ്ട്.
Comments