Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 02

3041

1439 ജമാദുല്‍ ആഖിര്‍ 13

ഇസ്‌ലാമിനോട് ചേര്‍ന്നപ്പോള്‍ ഞാന്‍ അനുഭവിച്ച സമാധാനം

പ്രസന്നന്‍

കഴിഞ്ഞകാല ജീവിതത്തിലെ പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഞാന്‍ അനുഭവിച്ച, ഇപ്പോഴും ഓര്‍ത്തുവെക്കുന്ന ചില കാഴ്ചകളാണ് ഇവിടെ കുറിച്ചിടുന്നത്. എന്റെ ഇസ്‌ലാം ഓര്‍മകള്‍ എന്നൊക്കെ വേണമെങ്കില്‍ പറയാം. ഒരു ശരാശരി മനുഷ്യന്‍ ജീവിത യാത്രയില്‍ ശ്രദ്ധിച്ചേക്കാവുന്ന ചില കാഴ്ചകള്‍ മാത്രം. ഈ കുറിപ്പിലൂടെ കടന്നുപോവുമ്പോള്‍ ഞാന്‍ കണ്ട ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കും കാണാന്‍ സാധിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കു വേണ്ടി തന്നെയാണ് ഞാനിതു കുറിക്കുന്നത്. എന്തുകൊണ്ടാണ് ഈ ഓര്‍മകളെ ഇസ്‌ലാമിനോട് ചേര്‍ത്തുവെക്കുന്നതെന്നു ചോദിച്ചാല്‍ അതൊക്കെ തന്നെയാണ് ഞാനനുഭവിച്ച സമാധാനം എന്നാണുത്തരം. അതില്‍ പ്രകോപനങ്ങളും പ്രതിഷേധങ്ങളും അനുകമ്പയും പ്രണയവും ഒക്കെ കാണും. എല്ലാ നൈസര്‍ഗിക നന്മകളെയും അതേതു മത/രാഷ്ട്രീയ വിശ്വാസിയുടേതായാലും ഞാനെന്തുകൊണ്ട് ഇസ്‌ലാമിനോട് ചേര്‍ത്തുവെക്കുന്നു എന്ന് നിങ്ങള്‍ക്കു സംശയിക്കുകയും ചെയ്യാം. ആര്‍ക്കെങ്കിലും അതൊക്കെ ആര്‍ഷ ഭാരത സംസ്‌കൃതിയോടോ, സനാതന ധര്‍മത്തോടോ, ക്രൈസ്തവ ആശയങ്ങളോടോ, അന്യന്റെ സ്വരം സംഗീതം പോലെ ആസ്വദിക്കാവുന്ന കമ്യൂണിസത്തോടോ ഒക്കെ ചേര്‍ത്തു വെക്കാനാണ് താല്‍പര്യമെങ്കില്‍ എനിക്ക് ഒരു വിഷമവുമില്ല. പക്ഷേ, ചിലതു മാത്രം തെരഞ്ഞെടുക്കരുത്. ഞാനിതൊക്കെ എന്റെ ഇസ്‌ലാമിനോട് ചേര്‍ത്തുവെക്കുന്നു എന്ന് മാത്രം.

 

ഒന്ന് - അറിവ്

മാടായികാവ് എല്‍.പി സ്‌കൂളിലെ മൂന്നാം ക്ലാസ്. ഇഷ്ടപ്പെട്ട അധ്യാപകന്‍ സയന്‍സ് രസകരമായി പഠിപ്പിക്കുന്നു. നാം ഭക്ഷണം ചവയ്ക്കുമ്പോള്‍ മേല്‍ത്താടിയാണോ കീഴ്ത്താടിയാണോ അനങ്ങുന്നത്? അതോ രണ്ടുമോ? ഒന്നനക്കി നോക്കി ഞാന്‍ ഉത്തരം പറഞ്ഞു, രണ്ടും. ക്ലാസിലെ ഒന്നാമനെ പിന്തുണക്കാന്‍ എല്ലാവരും കൈപൊക്കി, ഒരാളൊഴിച്ച്. എന്നെ അനുകൂലിക്കുന്നവരെയെല്ലാം ഇരുത്തുകയും പ്രതിഷേധ സ്വരം ഉയര്‍ത്തിയ 'താത്ത കുട്ടി'യെ മാത്രം നിര്‍ത്തുകയും ചെയ്തപ്പോള്‍ എല്ലാവരും അവളെ പരിഹാസച്ചിരിയോടെയാവണം നോക്കിയത്. അവള്‍ തന്നെയായിരുന്നു ശരിയെങ്കിലും എല്ലാവരും തെറ്റെന്ന് പറഞ്ഞപ്പോഴും തന്റെ അറിവിന്റെ ബലത്തില്‍ അവളൊറ്റക്ക് നിന്ന ആ നില്‍പ്പുണ്ടല്ലോ, അതെന്റെ ആദ്യ ഇസ്‌ലാം അനുഭവമായി കുറിക്കാന്‍ തെരഞ്ഞെടുക്കുന്നു!

ഏതു കുത്തൊഴുക്കിലും നിങ്ങളുടെ അറിവ് അഭിമാനത്തോടെ നിവര്‍ന്നു നില്‍ക്കാന്‍ നിങ്ങളെ സഹായിക്കും എന്ന ഇസ്‌ലാമിക കല്‍പനകള്‍ വായിക്കുന്നതിനും എത്രയോ മുമ്പ് ഇങ്ങനെയും ചില 'ആയത്തുകള്‍' കണ്‍മുന്നില്‍ സംഭവിക്കുമ്പോഴും വായന നടക്കുമല്ലോ. പിന്നീട് സയന്‍സ് പരീക്ഷയിലെ ഒന്നാം സ്ഥാനക്കാരനെ, അവളുടെ വീട്ടിലേക്ക് ക്ഷണിച്ചു, വീട്ടുകാര്‍ പറഞ്ഞതനുസരിച്ച്. അവിടെ വെച്ച് ചില പലഹാരങ്ങള്‍ കഴിച്ചെങ്കിലും അതിലുമപ്പുറം എന്തോ ഒരംഗീകാരം നേടിയപ്പോള്‍ ഒരു മൂന്നാം ക്ലാസ്സുകാരന്‍ എന്തൊക്കെയോ അവരില്‍നിന്ന് വായിച്ചെടുത്തിരുന്നു. ഭൂരിപക്ഷവും ദരിദ്രരായ ഒരു മുസ്‌ലിം പ്രദേശത്ത്, ക്ലാസില്‍ അധ്യാപകരുടെ കളിയാക്കലിന് മാത്രം വിധേയമാക്കപ്പെടുന്ന മാപ്പിള കുട്ടികള്‍ക്കിടയില്‍നിന്ന് ഈ 'താത്ത കുട്ടി' വേറിട്ടു നിന്നത് ഒരു ദൃഷ്ടാന്തമായിരുന്നു എന്നുമാത്രം സൂചിപ്പിക്കുന്നു. പിന്നീടൊരിക്കല്‍ എനിക്ക് കിട്ടിയ സ്വീകരണം വീട്ടില്‍ അറിയിച്ചപ്പോള്‍ അഛന്‍ പറഞ്ഞു: 'അത് പഠിപ്പിന്റെ ഗുണമാണ്. ഡോക്ടറുടെ ബന്ധുക്കാരാവും.'

ഭൂമിയിലും ആകാശത്തും ഒരുപാട് ആയത്തുകള്‍ പടച്ചവന്‍ ഒരുക്കിവെച്ചിട്ടുണ്ടന്നെ് ഖുര്‍ആന്‍ നമ്മോട് പറയുന്നു്. അതില്‍ ഞാന്‍ ക പരിമിതമായ കാഴ്ചകളിലെ സുഗന്ധങ്ങള്‍ മാത്രമാണ് നിങ്ങളോട് പങ്കുവെക്കുന്നത്. ചിലതിന്റെ ഗന്ധം അരോചകമാവുന്നുങ്കെില്‍ ക്ഷമിക്കുക.

 

രണ്ട് - വാക്കുകള്‍

കുറച്ചുകാലമായി ഇസ്‌ലാമിക പരിസരത്താണ് ജീവിതം, സൗഹൃദങ്ങള്‍. അതുകൊുതന്നെ ചില അറബി വാക്കുകള്‍ കുറിപ്പുകളില്‍ കടന്നുവന്നേക്കാം. ഞാന്‍ മനസ്സിലാക്കിയ അതിന്റെ അര്‍ഥങ്ങള്‍ താഴെ കൊടുക്കാന്‍ ശ്രമിക്കുന്നുമു്. കാരണം, ഇത്തരം ലളിതമായ വാക്കുകള്‍ പോലും അജ്ഞാതമായിരുന്ന ബാല്യ കൗമാരങ്ങളിലൂടെയാണ് ഞാന്‍ കടന്നുപോയിരുന്നത്.

അള്ളാവിന്‍ കാരുണ്യമില്ലെങ്കില്‍ ഭൂമിയില്‍ എല്ലാരുമെല്ലാരുമെ(യെ)ത്തീമുകള്‍....

യേശുദാസിന്റെ മികച്ച സിനിമാഗാനം കേട്ട് ആസ്വദിക്കുമ്പോള്‍ ഒരുപാട് കാലം ഞാന്‍ നിരൂപിച്ച അര്‍ഥം, ദൈവത്തിന്റെ കാരുണ്യം ഇല്ലെങ്കില്‍ എല്ലാരും എല്ലാരും മുകളിലെത്തും, അതായത് മരിച്ചുപോവും എന്നായിരുന്നു. 'യതീം' എന്ന അറബി പദത്തിന്റെ അര്‍ഥം 'അനാഥന്‍' ആണെന്ന തിരിച്ചറിവിന് കാലം കുറേ പിന്നെയും പിടിച്ചു. ഇത്തരം അറിവുകേടുകള്‍ ഒരു വലിയ സമൂഹത്തിനു മുമ്പില്‍ ഇപ്പോഴും വന്‍മലകളായി, ശരിയായ അര്‍ഥങ്ങള്‍ക്ക് നേരെ മറപൂണ്ടു നില്‍പ്പുണ്ട്.

അല്ലാഹു അക്ബര്‍ എന്നത് നമ്മുടെ എല്ലാവരുടെയും ദൈവം മഹാനാണെന്നായി ഒരാള്‍ക്ക് കേള്‍ക്കാം. അത് വലിയ അലോസരമൊന്നും ഉണ്ടാക്കില്ല, വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും.

അല്ലാതെയും കുറേ കേള്‍വിക്കാരുണ്ടെന്നതല്ലേ സത്യം?

'ഇപ്പോഴും ഈ മുസ്‌ലിംകള്‍ അക്ബര്‍ ചക്രവര്‍ത്തിയെ അവരുടെ ബാങ്കില്‍ പ്രകീര്‍ത്തിക്കുന്നതെന്തിനെന്നു എനിക്കു മനസ്സിലായിട്ടില്ല' എന്ന് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പ്രസംഗിച്ചതിനെ കുറിച്ചു ഈയിടെ കേട്ടിരുന്നു. അതിനോടൊപ്പം ഇന്ത്യയില്‍ അതിക്രമിച്ചു വന്ന മുഗളന്‍, അറബി നാമധാരി, മുസ്‌ലിം (അക്ബര്‍ ദീനെ ഇലാഹി എന്ന മതമുാക്കിയിരുന്നു എന്നത് വേറൊരു ചരിത്രം) തുടങ്ങിയ ചേരുവകള്‍ ചേരുമ്പോള്‍ അല്ലാഹു അക്ബര്‍ എന്ന് പറയുന്നവനോട് ഒരു കലിപ്പൊക്കെ വരാതിരിക്കാന്‍ എന്തുണ്ട് ന്യായം! അതൊക്കെ കേള്‍ക്കുമ്പോള്‍ എനിക്ക് ഓര്‍മ വരാറുള്ളത് പണ്ട് പൂമ്പാറ്റ അമര്‍ ചിതകഥയില്‍ 'ഹര ഹര മഹാ ദേവ' എന്ന് പറഞ്ഞ് ഒരു സൈന്യം. മറുഭാഗത്ത് താടി വെച്ച, മീശയില്ലാത്ത മറ്റൊരു കൂട്ടര്‍. അവര്‍ പറയുക 'അല്ലാഹു അക്ബര്‍' എന്നാവും! ഇത്തരം പല ബിംബങ്ങളിലൂടെയുമാണല്ലോ നമ്മുടെ ബോധങ്ങള്‍ രൂപപ്പെടുക.

ഇത്തരത്തില്‍ ബോധപൂര്‍വമോ അല്ലാതെയോ സൃഷ്ടിച്ചെടുക്കുന്ന വികലമായ ധാരണകള്‍ തന്നെയാണ് എനിക്കും ഇസ്‌ലാമിനെ കുറിച്ച് ഉണ്ടായിരുന്നത്. നമുക്ക് ചുറ്റുമുള്ള മഹാഭൂരിപക്ഷത്തിന്റെയും അവസ്ഥയും ഇതുതന്നെ.

എന്തൊക്കെ ബിംബങ്ങള്‍ തട്ടിമറിച്ചാലാണ് അല്‍ ഇലാഹ് (അല്ലാഹു) അക്ബര്‍ (മഹാന്‍) ആവുക! എന്താണ് അല്‍ ഇലാഹ് എന്നൊക്കെ വിശദീകരിച്ച എത്രയോ ഗ്രന്ഥങ്ങളുണ്ട്, അന്വേഷണ കുതുകികള്‍ക്കു കണ്ടെത്താവുന്നതാണ് (ടി.കെ ഉബൈദിന്റെ അല്ലാഹു, ഐ.പി.എച്ച്). എന്തായാലും അത് മുസ്‌ലിംകളുടെ മാത്രം ദൈവമല്ലെന്ന് സൂചിപ്പിക്കട്ടെ.

 

മൂന്ന് - നന്മകള്‍

നാലാം ക്ലാസു മുതല്‍ 11 വര്‍ഷം. അതിനിടയില്‍ ഇസ്‌ലാമിക അനുഭവങ്ങള്‍ തുലോം തുഛം. മാപ്പിള കുട്ടികള്‍ മൂത്രമൊഴിച്ചാല്‍ കല്ലെടുത്തു മുട്ടിക്കും എന്ന 'ഫയങ്കര' അറിവ് ഇക്കാലത്തിന്റെ സംഭാവനയാണ്!

പിന്നെ നിറപുഞ്ചിരിയോടെ ഒന്നോ രണ്ടോ ദിവസം ക്ലാസെടുത്ത ഒരു മാഷ്. അതൊരു പാല്‍പുഞ്ചിരിയായിരുന്നു. 'പുഞ്ചിരി ഒരു ദാനമാണ്' എന്ന പ്രവാചക വചനം ഓര്‍ക്കുമ്പോള്‍ എനിക്ക് കിട്ടിയ ദാനങ്ങളില്‍ ഞാന്‍ ഈ അധ്യാപകന്റെ പേര് ചേര്‍ത്തുവെക്കും. ഇതൊക്കെ ബോധപൂര്‍വം ചെയ്യുന്നത് ഒരു ജിഹാദൊക്കെ ആയി ഗൗരവക്കാരായ അധ്യാപകര്‍ക്കു കണക്കാക്കാവുന്നതാണ്. തനിക്കു ബോധ്യമുള്ള ഒരു കാര്യം ആത്മാര്‍ഥതയോടെ, ത്യാഗപരിശ്രമങ്ങളോടെ നിറവേറ്റാന്‍ ശ്രമിക്കുന്നതിനെയാണ് ഞാന്‍ ജിഹാദ് എന്ന് ഉദ്ദേശിച്ചത്. ഇതര മതക്കാരന്റെ തല വെട്ടി സ്വര്‍ഗത്തില്‍ പോകുന്ന ജനപ്രിയ ജിഹാദ് അല്ലെന്നു ഓര്‍മിപ്പിക്കട്ടെ. അല്‍പം മെനക്കെട്ടു എന്താണ് ജിഹാദെന്നൊക്കെ മനസ്സിലാക്കുന്നത് തന്നെ ഇക്കാലത്തൊരു ജിഹാദാണ്.

വീട്ടിനടുത്ത കോവിലകത്തിന്റെ വിശാലമായ പറമ്പും പാടവും ഒക്കെ തന്നെയായിരുന്നു ഈ കാലഘട്ടത്തിലെ കേളീരംഗം. ഫ്യൂഡലിസത്തിനെതിരായ കമ്യൂണിസ്റ്റ് അവബോധം ആ പറമ്പ് ആധികാരികമായി ഉപയോഗിക്കാനും മാങ്ങയും കശുവണ്ടിയുമൊക്കെ മോഷ്ടിക്കാനും പ്രേരിപ്പിച്ചു എന്ന് പറയുന്നതിനേക്കാള്‍ ബാല്യകൗമാരങ്ങളുടെ ഒരു രസം എന്നു പറയാനാണിഷ്ടം. എന്തായാലും 'ഹറാം ഹലാലുകള്‍' ഒട്ടുമേ ശല്യപ്പെടുത്താത്ത ഒരു കാലമായിരുന്നു അത്. മൂല്യബോധമൊക്കെ തരം പോല മാറ്റാവുന്ന സ്വതന്ത്ര ലോകം! അതുതന്നെയാണ് സ്വതന്ത്ര ചിന്തകര്‍ എന്നവകാശപ്പെടുന്നവരുടെ എക്കാലത്തെയും താല്‍പര്യമെന്നത് ഇപ്പോഴത്തെ നിരീക്ഷണം കൂടിയാണ്. ദേഹേഛയെ ദൈവമാക്കിയ വിശ്വാസികള്‍ തന്നെ അവരും. ചുരുക്കത്തില്‍ വിവിധതരം വിശ്വാസികളുടെ കൂത്തരങ്ങു തന്നെ ലോകം.

അക്കാലത്തു കളികളൊക്കെ സീസണനുസരിച്ച് മാറും. ഉപ്പ്, തലമ(തലപ്പന്ത്) തുടങ്ങിയ നാടന്‍ കളികള്‍, ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, ഇടക്ക് ഹോക്കിയും ഒക്കെ പരീക്ഷിക്കും. അങ്ങനെ പലതും സീസണനുസരിച്ച് മാറുന്ന കളിയില്‍ ഹോക്കി സ്റ്റിക് വെട്ടാനായി കോവിലകത്തിന്റെ പറമ്പില്‍നിന്നും കൂട്ടുകാര്‍ കുറച്ച് കാഞ്ഞിരത്തിന്റെ കൊമ്പുകള്‍ മുറിച്ചെടുത്തു. ആ കൂട്ടത്തില്‍ ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാനുമതില്‍പെടാനുള്ള സാധ്യതയുണ്ട്. പക്ഷേ, എന്തോ അന്ന് ഞാനുണ്ടായിരുന്നില്ല. അങ്ങനെയുള്ള പല തെറ്റിലും അവസരം കിട്ടാത്തതുകൊണ്ടുമാത്രം രക്ഷപ്പെട്ട ഒരു ദുര്‍ബലനായിട്ടെ ഞാനെന്നെ ഇന്നും കരുതുന്നുമുള്ളൂ. 'തെറ്റിന്റെ വാതില്‍ എനിക്കു മുന്നില്‍ തുറന്നു വന്നാല്‍ ഞാന്‍ അതില്‍ പ്രവേശിച്ചുപോകും അതുകൊണ്ടെന്നെ അത്തരം വാതിലുകളിലെത്തിക്കരുതേ' എന്ന പ്രപഞ്ചസ്രഷ്ടാവിനോടുള്ള പ്രാര്‍ഥന പില്‍ക്കാലത്ത് എനിക്കു പ്രിയങ്കരമായത് ഇതൊക്കെ കൊണ്ടാവണം. കൊമ്പുകള്‍ വെട്ടിയ സംഭവം എങ്ങനെയോ കോവിലകത്ത് അറിഞ്ഞു. ഉടമ നേരിട്ട് സ്ഥലത്തെത്തി കുട്ടി ചോരന്മാരെ കൈയോടെ പിടികൂടുകയും ചെയ്തു. സംഭവം അറിഞ്ഞ് വിചാരണ കാണാനാണ് അവിടെയെത്തിയത് (അല്ലെങ്കില്‍ മറ്റുള്ളവരെ ചോദ്യം ചെയ്യുന്നതൊക്കെ കാണാന്‍ നമ്മള്‍ മിടുക്കരല്ലേ, സ്വന്തമായി ഒരു വിചാരണ നേരിടേണ്ടി വരും, ജീവിതത്തില്‍ അല്ലെങ്കില്‍ മരണശേഷം എന്ന ബോധ്യം മാത്രമേ ഒരു മനുഷ്യനെ വിമലീകരിക്കൂ എന്നാണു എന്റെ കാഴ്ചകളിലൂടെ ചെന്നെത്തിയ മതം എന്നുമാത്രം ഇവിടെ സൂചിപ്പിക്കുന്നു). പക്ഷേ, അപ്രിയമായത് സംഭവിച്ചു. ആരാണ് വെട്ടിയത് എന്ന പതിവ് 'പോലീസ്' ചോദ്യത്തിന് ഉത്തരം പറയാതെ നിന്ന കുട്ടികളില്‍നിന്ന് ആരെ തെരഞ്ഞെടുക്കും? കാഴ്ചക്കാരനായി നിന്ന എന്റെ കൈയിലാണ് ഉടമയുടെ ബലിഷ്ഠമായ പിടി വീണത്. ഞാനല്ല എന്ന എന്റെ പ്രതിഷേധം ദുര്‍ബലമായിരുന്നു. വെട്ടിയ കൊമ്പ് വലിച്ചു കൊട്ടാരത്തിന്റെ മുമ്പില്‍ കൊണ്ടുവെക്കാനാണ് ശിക്ഷ വിധിച്ചത്. എന്റെ അപമാനം വര്‍ധിച്ചത്, ചെയ്യാത്ത കുറ്റത്തിന്റെ ശിക്ഷയായതു കൂടി കൊണ്ടാണെന്ന് പറയേണ്ടതില്ലല്ലോ. പിന്നെ കുറ്റം ചെയ്ത കൂട്ടുകാര്‍ രക്ഷപ്പെട്ടതിലും സങ്കടം കാണും. പക്ഷേ, എന്റെ മനസ്സിലേക്കു നന്മയുടെ പെരുമഴയായി ഒരാള്‍ മുന്നോട്ടു വന്നു, 'ഞാനാണിത് ചെയ്തത്' എന്നു പറഞ്ഞ്. എങ്കിലും ഉടമയുടെ പിടി എന്റെ കൈയില്‍നിന്നയഞ്ഞിരുന്നില്ല. സ്വയം മുന്നോട്ടു വന്ന് എന്റെ കൂടെ കമ്പെടുത്തു നടന്ന ആ കൂട്ടുകാരന്റെ നല്ല മനസ്സുണ്ടല്ലോ, അതിലപ്പുറം വലിയ ഇസ്‌ലാമൊന്നും ഞാന്‍ ആ കാലഘട്ടത്തില്‍ അനുഭവിച്ചിരുന്നില്ല. ഹൈന്ദവ കുടുംബത്തിലാണ് ഈ കൂട്ടുകാരന്‍ അന്നും ഇന്നും ജീവിക്കുന്നത് എന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു. ചെയ്യാത്ത കുറ്റത്തിന് അപമാനം പേറേണ്ടിവന്നപ്പോള്‍ കിട്ടുന്ന ഒരു കൈത്താങ്ങ്. മനുഷ്യാവകാശ വിഷയങ്ങളിലൊക്കെ ജാതി, കുലം, മതം എന്നിവ നോക്കാതെ തന്നെ നീതിയുടെ പക്ഷത്തു നില്‍ക്കണം എന്ന ഇസ്‌ലാമിക ബോധത്തിന്റെ വിത്ത് എന്നില്‍ നിക്ഷേപിക്കാന്‍ ഈ സംഭവം സഹായിച്ചു എന്ന് നിസ്സംശയം പറയുന്നു. ആ കൂട്ടുകാരനെ ഇന്നും എന്നും സ്‌നേഹത്തോടെ ഓര്‍ക്കുന്നു. അല്ലെങ്കില്‍ ഇതിനപ്പുറം ഇസ്‌ലാമൊന്നു എനിക്കൊട്ടും മനസ്സിലായിട്ടുമില്ല.

പുഴയിലൂടെ ഒഴുകി വന്ന പഴം മകന്‍ തിന്നുപോയതറിഞ്ഞു പഴത്തിന്റെ ഉറവിടം തേടി യാത്ര പോയി ആ തോട്ടമുടമസ്ഥനെ കണ്ട് പ്രതിഫലം കൊടുക്കുന്ന മനുഷ്യന്‍! സകാത്ത് മുതലില്‍നിന്ന് ഒരു ഈത്തപ്പഴം എടുത്തു വായിലിട്ടുപോയ കൊച്ചുമോന്റെ വായ പിളര്‍ത്തി അവനെ ആ അരുതായ്മയില്‍(ഹറാമില്‍)നിന്ന് രക്ഷിക്കുന്ന പ്രവാചകന്‍... ഇങ്ങനെ ഒരുപാടൊരുപാട് അരുതുകളുടെ സുഗന്ധം മനസ്സിലാക്കാന്‍ ഞാന്‍ കാലം പിന്നെയും കുറേ എടുത്തു. അരുതുകള്‍ നിശ്ചയിക്കുകയും അതിന്റെ അതിരുകള്‍ ലംഘിക്കാതെയുമുള്ള സമാധാന ജീവിതം ഒക്കെ കൊതിക്കുന്നവര്‍ക്ക് ഇതിലൊക്കെ ദൃഷ്ടാന്തങ്ങള്‍ കണ്ടെത്താവുന്നതാണ്. സാമൂഹിക ജീവിതത്തില്‍ അത്തരം സൂക്ഷ്മത പാലിക്കാനുള്ള പ്രചോദനം തേടി ആയിരുന്നു എന്റെ യാത്രയും.

 

നാല് - ശുദ്ധി

ബഷീര്‍ ഇസ്‌ലാമിനെ രോമമതം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. താടിയുടെ നീളത്തിലും വടിക്കലിലും ഒക്കെ സംഘടനകള്‍ തമ്മിലുള്ള വാദപ്രതിവാദങ്ങളും കോലാഹലങ്ങളുമൊക്കെയായിരിക്കാം അന്നങ്ങനെ അദ്ദേഹത്തെക്കൊണ്ട് പറയിപ്പിച്ചത്. അല്ലെങ്കിലും ഇത്തരം കോലാഹലങ്ങളിലൂടെയാണ് പൊതുസമൂഹം പലപ്പോഴും ഇസ്‌ലാമിനെ  വായിക്കുന്നത്. പ്രവാചക കേശത്തിന്റെ വിപണനമൂല്യം നമ്മള്‍ കണ്ടറിഞ്ഞതാണല്ലോ.

ഞാനിപ്പോള്‍ രോമമല്ല, മൂത്രമാണ് വിഷയമാക്കുന്നത്. സ്‌കൂളില്‍ മൂത്രപ്പുരകളോ വെള്ളമോ ഇല്ലാത്ത അക്കാലത്ത് മുസ്‌ലിം കുട്ടികള്‍ മൂത്രമൊഴിച്ചാല്‍ കല്ലെടുത്ത് മുട്ടിക്കുന്നത് ലിംഗാഗ്രത്ത് ബാക്കി നില്‍ക്കുന്നത് ഒപ്പിയെടുക്കലാണോ, അതോ മണ്ണ് ശുദ്ധീകരിക്കാന്‍ ഉപയോഗിക്കാം എന്നതിനാലാണോ എന്നൊന്നും തീര്‍പ്പില്ല. എങ്കിലും ശുദ്ധിയെ ഇത്രമേല്‍ ശ്രദ്ധിക്കുന്ന ഇസ്‌ലാമിക സ്വഭാവം പില്‍ക്കാലത്ത് ഇസ്‌ലാമിന്റെ തണലില്‍ ജീവിക്കുമ്പോള്‍ ഒട്ടൊന്നുമല്ല വലച്ചത്. ഏകദേശം 22 വയസ്സുവരെ മൂത്രമൊഴിച്ചാല്‍ കഴുകാതിരിക്കുക, പിന്നീടത് തുടങ്ങുക! കഴുകിക്കഴിഞ്ഞാലും ഒരു തോന്നല്‍, ശരിയായോ? മൂത്രത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാതിരുന്നതിനാല്‍ നരകാവകാശിയായ ഒരാളെ കുറിച്ചുള്ള ഹദീസ് (പ്രവാചക വചനം) സൂക്ഷ്മതയേക്കാളേറെ, ഭീതി സമ്മാനിച്ചു എന്നതാണ് വാസ്തവം. അതിലൊക്കെ അപ്പുറം ശുദ്ധി അകത്തും പുറത്തും പാലിക്കേണ്ടുന്ന ഇസ്‌ലാമിക ബാധ്യതയാണെന്നുള്ളത് എങ്ങനെയാണാവോ എന്നിലെത്തിയത്. മുസ്‌ലിംകള്‍ വീടിനകത്ത് തുപ്പുന്നവവരാണെന്ന കേള്‍വിയും ഓര്‍മയിലു്. 

ഹോസ്റ്റല്‍ പഠനകാലത്തെ ഒരനുഭവം. ലക്ഷദ്വീപില്‍നിന്ന് വന്ന കുട്ടികളുടെ റൂമില്‍ ചെരിപ്പഴിച്ചാണ് പ്രവേശിക്കേണ്ടിയിരുന്നത്. അവരതില്‍ നമസ്‌കാരം നിര്‍വഹിക്കാറുണ്ട് എന്നതായിരുന്നു ഞാന്‍ കണ്ടെത്തിയ കാരണം. ഇത്തരം കാഴ്ചകള്‍ക്കു പിന്നിലെ കാരണം തേടി നടന്നതുകൊണ്ടു തന്നെയാവും വൃത്തി/ശുദ്ധി എന്നതൊക്കെ മതപരമായ ബാധ്യതയാക്കി ജീവിതത്തില്‍ പ്രതിഷ്ഠിക്കുന്ന ഇസ്‌ലാമിനെ എനിക്ക് മനസ്സിലാകാന്‍ തുടങ്ങിയത്.

പോളിടെക്‌നിക് കമ്പ്യൂട്ടര്‍ ഡിപ്ലോമ പഠനം കഴിഞ്ഞ് ജോലിയായി ജീവിതം മടുത്ത (അതെന്തുകൊണ്ടെന്നു പിന്നീട് വിശദമാക്കാം) കാലഘട്ടം. 1988 ഒക്കെ കമ്പ്യൂട്ടര്‍ ഡിപ്ലോമ രാജാവായി വിലസുന്ന സമയമായിരുന്നു. അതുകൊണ്ടുതന്നെ ഡിഗ്രി കഴിഞ്ഞ് പോളിടെക്‌നിക്കില്‍ വന്ന എന്റെ ഒരു ജൂനിയര്‍, കോഴ്‌സ് കഴിഞ്ഞതിനു ശേഷം സൗഹൃദ സന്ദര്‍ശനത്തിനു വീട്ടിലെത്തി. എനിക്കാണെങ്കില്‍ ഇസ്‌ലാമിന്റെ അസ്‌ക്യത തുടങ്ങി തലങ്ങും വിലങ്ങും വായിച്ച് തല കിറുങ്ങി നില്‍ക്കുന്ന സമയം. തിരിച്ചുപോകാനായി അവന്റെ കൂടെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ ആവശ്യമില്ലാതെ തന്നെ സുഹൃത്ത് മതേതരത്വം വെളിപ്പെടുത്തി. സ്റ്റോപ്പിലുണ്ടായിരുന്ന ഒരു പര്‍ദാധാരിണിയാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത് എന്നാണോര്‍മ. 'നാലു കെട്ടാനായി മാത്രം ഉണ്ടാക്കിയ ഒരു മതമാണ് ഞമ്മളുടേത്. ഈ മുഹമ്മദ് നബിയൊക്കെ അതിന്റെ ആളായിരുന്നു.' അവന്റെ വാക്കുകള്‍ കേട്ട് അന്ന് ഞാനൊന്നു മിഴിച്ചുപോയിക്കാണണം. എന്തായാലും എന്റെ അംഗീകാരം നേടിയെടുത്ത സന്തോഷത്തില്‍ മൂപ്പര് നാടുപിടിച്ചു.

മുഹമ്മദ് നബിയുടെ വിവാഹങ്ങള്‍ എങ്ങനെയായിരുന്നെന്ന് നിഷ്പക്ഷമായി വായന നടത്തിക്കഴിഞ്ഞ സമയമായതിനാല്‍ എന്നില്‍ പ്രത്യേകിച്ചൊരു ചലനവും സംഭവിക്കാതെ ആ വാക്കുകള്‍ മാഞ്ഞുപോയി.

വര്‍ഷങ്ങള്‍ക്കു ശേഷം പയ്യന്നൂരിലെ പള്ളിയില്‍ ഞാന്‍ നമസ്‌കാരത്തിനുള്ള വുദൂ (അംഗശുദ്ധി) എടുക്കുമ്പോള്‍, ദാ കക്ഷി കടന്നുവരുന്നു. പള്ളിയിലേക്കല്ലായിരുന്നു, മൂത്രപ്പുരയിലേക്ക്! എന്റെ ഇസ്‌ലാമാശ്ലേഷം നാട്ടുകാര്‍ ആഘോഷിച്ചു തീര്‍ന്നതിനാലാണോ എന്തോ, കണ്ണ് പരസ്പരം ഉടക്കിയെങ്കിലും രണ്ടു പേരും അപരിചിതത്വം നടിച്ചു. മൂത്രമൊഴിച്ച് അദ്ദേഹം ഇറങ്ങിപ്പോയി. ഞാന്‍ പള്ളിയില്‍ നമസ്‌കാരത്തിന് പ്രവേശിക്കുകയും ചെയ്തു. മൂത്രമൊഴിക്കാന്‍ മാത്രം ഇസ്‌ലാമുമായി ബന്ധം സൂക്ഷിക്കുന്ന ആളുകള്‍ പോലും പ്രമാണങ്ങളെ വ്യാഖ്യാനിച്ച് നടക്കുന്നു എന്നാണ് സൂചിപ്പിച്ചത്. വിശ്വാസങ്ങള്‍ ഉപേക്ഷിക്കുമ്പോഴും വൃത്തിയൊന്നും അവര്‍ ഉപേക്ഷിക്കുന്നുണ്ടാവില്ല എന്നും ആശ്വസിക്കുന്നു. പലപ്പോഴും ഇത്തരം ആളുകളില്‍നിന്നാണ് സമൂഹം ഇസ്‌ലാമിനെ അനുഭവിക്കുകയും പഠിക്കുകയും ചെയ്യുന്നത്. അത് എത്ര മാത്രം അബദ്ധമായിരിക്കാന്‍ സാധ്യതയുന്നെ് പറയേണ്ടതില്ലല്ലോ.

ഒരാള്‍ സമൂഹത്തില്‍ പ്രസരിപ്പിക്കുന്ന / സൃഷ്ടിക്കുന്ന ആയത്തുകള്‍ തന്നെയാണ് അയാള്‍ നടത്തുന്ന മത/രാഷ്ട്രീയ/യുക്തിവാദ പ്രബോധനങ്ങള്‍. ഒരാള്‍ ഉദ്ദേശിച്ചാലും ഇല്ലെങ്കിലും അതൊക്കെ സംഭവിക്കുന്നുണ്ട്. മികച്ച നന്മ ഏത് എന്നതല്ലാത്ത മറ്റൊരു മാനദണ്ഡവും അത് തെരഞ്ഞെടുക്കണമോ വേണ്ടയോ എന്ന് ചിന്തിക്കുന്ന കാഴ്ചക്കാരനെ സംബന്ധിച്ചേടത്തോളം അതിനൊട്ടില്ലതാനും. അപ്പോള്‍ പിന്നെ നന്മയില്‍ മത്സരിക്കുക എന്നതു മാത്രമാണ് ഇത്തരം എല്ലാ മത-രാഷ്ട്രീയ പ്രബോധക സംഘങ്ങള്‍ക്കും ചെയ്യാനുള്ളത്. മികച്ച നന്മ തെരഞ്ഞെടുക്കാം എന്ന പ്രകൃതത്തില്‍ തന്നെയല്ലേ ഇപ്പോഴും മനുഷ്യന്‍ ജീവിക്കുന്നത്? നിഷ്‌കളങ്കമായി അതിനു ശ്രമിക്കുന്നവര്‍ക്ക് ഹിദായത്ത് (ദൈവിക സന്മാര്‍ഗദര്‍ശനം) ലഭിക്കുമെന്നാണ് വേദഗ്രന്ഥം ഓര്‍മിപ്പിക്കുന്നത്.

നന്മ എന്തെന്ന് തിരിച്ചറിയാന്‍ ശ്രമിച്ചപ്പോഴായിരുന്നു ദൈവവും വേദവുമൊക്കെ എന്നില്‍ നിറഞ്ഞത്. 

(തുടരും)

ഹറാം - വിലക്കപ്പെട്ടത് (മദ്യം, പലിശ, കൈക്കൂലി, അഴിമതി തുടങ്ങിയവ ഉദാഹരണം)

ഹലാല്‍ - അനുവദനീയമായത്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (4-6)
എ.വൈ.ആര്‍